ഖത്തര്‍ ലോകകപ്പിനു നാളെ കിക്കോഫ്. ഭൂഗോളം ഫുട്‌ബോളിലേക്കു ചുരുങ്ങുന്ന 29 രാവുകള്‍ക്കായി ആവേശോജ്വലമായ കാത്തിരിപ്പ്. നാളെ രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയാണു നേരിടുക. തിങ്കളാഴ്ച മുതല്‍ നാലു മല്‍സരങ്ങളുണ്ടാകും. ഡിസംബര്‍ 18 നാണു ഫൈനല്‍. ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ കേരളത്തിലുടനീളം വിവിധ ടീമുകളുടെ ഫാന്‍സ് ആവേശപൂര്‍വം രംഗത്തുണ്ട്.
ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ട ളാഹയില്‍ മറിഞ്ഞ് ഇരുുപതിലേറെ പേര്‍ക്കു പരിക്ക്. വിജയവാഡ, വെസ്റ്റ് ഗോദാവിരി പ്രദേശത്തുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 44 പേരാണുണ്ടായിരുന്നത്. അപകടംമൂലം തീര്‍ത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ പുതുക്കടയില്‍നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി വഴി പോകണം. തിരിച്ചു വരുന്ന വാഹനങ്ങള്‍ പ്ലാപ്പള്ളിയില്‍നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട വഴി പോകണം. വിഷയത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് തേടി.
മദ്യപിപ്പിച്ച് മോഡലിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോളിയുടെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്റേതാണ്.
തന്നെ ബാറിലേക്കു കൊണ്ടുപോയ ഡോളി ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയിക്കുന്നതായി ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡനശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു.
കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ഗോപിനാഥ് രവീന്ദ്രനെ വിസിയായി നിയമിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാന്‍ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കൊല്ലം ആര്യങ്കാവ് കടമന്‍പാറ വനംവകുപ്പ് ഓഫീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പുതുശ്ശേരി സ്വദേശി സന്ദീപിന്റെ പരാതി. ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഎഫ്ഒ നല്‍കിയത്. പിസിസിഎഫിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസ്റ്റു ബസ് വ്യവസായത്തെ തകര്‍ക്കാന്‍ വാശിയോടെ മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപന മേധാവി വിനോദയാത്രക്ക് ഒരാഴ്ച മുമ്പ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്‍.ടി.ഒക്കു നല്‍കണം. വിനോദയാത്രയ്ക്ക് ഒരാഴ്ച മുമ്പ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ മുമ്പാകെ പരിശോധിപ്പിച്ച് അനുമതി പത്രം വാങ്ങണമെന്നാണ് പ്രധാന നിര്‍ദേശം.
അട്ടപ്പാടി മധു കൊലക്കേസില്‍ ഒടുവില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം അനുവദിച്ചു. യാത്രാബത്തയായി 47,000 രൂപയാണ് അനുവദിച്ചത്. പ്രതിഫലവും ചെലവും ആവശ്യപ്പെട്ട് അഭിഭാഷകന്‍ രാജേഷ് എം മേനോന്‍ കളക്ടര്‍ക്ക് കത്തയച്ചിരുന്നു.
എറണാകുളം പനമ്പിള്ളി നഗറില്‍ കുട്ടി ഓടയിലേക്കു വീണിടത്തു സ്ലാബിടാതെ കമ്പിവേലികൊണ്ട് അടച്ച് കൊച്ചി നഗരസഭ. സ്ലാബിടണമെന്നു കോടതി ഉത്തരവിട്ടിരിക്കേയാണ് ഉറപ്പില്ലാത്ത ഇരുമ്പുവേലി സ്ഥാപിച്ചത്.
തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എയര്‍ബസ് അപകടത്തില്‍പ്പെട്ട് പതിനഞ്ചു പേര്‍ക്കു പരിക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്കു പോവുകയായിരുന്ന എയര്‍ബസാണ് അപകടത്തില്‍ പെട്ടത്.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങവേ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം സ്വദേശിയായ അധ്യാപകന്‍ കിരണ്‍ ഒളിവിലാണ്. തൃപ്പുണിത്തുറ ഹില്‍ പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി. ഇത് സംബന്ധിച്ച് സെക്യൂരിറ്റി എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പൊലീസിനെതിരെ ഗോഹട്ടി ഹൈക്കോടതി. ക്രിമിനല്‍ നിയമ നടപടികള്‍ കാറ്റില്‍ പറത്തിയാണ് പൊലീസിന്റെ നടപടി.. ഒരു ഓഡറും ഇല്ലാതെ എങ്ങനെയാണ് ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പൊലീസിന് കഴിയുക എന്ന് കോടതി ചോദിച്ചു.
കള്ളപ്പണക്കേസില്‍ ജയിലിലുള്ള ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്ന വീഡിയോ പുറത്ത്. ആരോപണം ഉയര്‍ന്നതിനു പിറകേ, തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീടു ദിവസങ്ങള്‍ക്ക് ശേഷമാണ് സിസിടിവി വീഡിയോ പുറത്തുവന്നത്. ഇപ്പോള്‍ പ്രചരിക്കുന്നതു പഴയ വീഡിയോ ആണെന്നു തിഹാര്‍ ജയില്‍ അധികൃതര്‍.