night news 2

പാല്‍വില ലിറ്ററിന് ഒമ്പതു രൂപയോളം വര്‍ധിപ്പിക്കണമെന്നു മില്‍മ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തോട വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഇപ്പോള്‍ ലിറ്ററിന് അമ്പതു രൂപയാണു വില. പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കി.

രാജ്ഭവനിലേക്ക് എല്‍ഡിഎഫിന്റെ ലക്ഷം പേരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ സ്ഥലത്തില്ലാത്ത ദിവസമാണു സമരം. ഇന്നുതന്നെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോഗസ്ഥരെ രാജ്ഭവന്‍ മാര്‍ച്ചിന് ഇറക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഹൈക്കോടതിയില്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹര്‍ജിക്കാരന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു. സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റു ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. പോലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. കൊടി ചുറ്റിയ മുളവടികള്‍ പൊലീസിനുനേരെ എറിഞ്ഞു. കല്ലേറുമുണ്ടായി. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഒടുവിലാണ് കൂട്ട അറസ്റ്റുണ്ടായത്.

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ നിയമം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ നിമയനം നടത്തിയ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണ്. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലക്ഷന്‍ കമ്മിറ്റി നടപടിയും നിയമവവിരുദ്ധമാണ്. സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയമേയുള്ളൂ. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതംഗ ചുരുക്ക പട്ടികയിലുണ്ടായിരുന്ന  ഡോ. കെ.കെ വിജയന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ പ്രധാന പദവികളില്‍ നിയമിച്ചതെന്നും സുധാകരന്‍.

ഗവര്‍ണറെ പന പോലെ വളര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചട്ട വിരുദ്ധമായി വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ പട്ടിക നല്‍കിയ സംസ്ഥാന സര്‍ക്കാരിനൊപ്പം ഒത്തുകളിച്ച് നിയമനം നടത്തിയ ഗവര്‍ണര്‍ ഒത്തുകളിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍നിന്നു ഓടിരക്ഷപ്പെടുകയാണ്. കേരളത്തില്‍ ‘ബ്രയിന്‍ ഡ്രയിനാണ് ‘ നടക്കുന്നത്. സതീശന്‍ പറഞ്ഞു.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ അറസ്റ്റു ചെയ്യാന്‍ വേണ്ടത്ര തെളിവുകള്‍ കിട്ടിയിട്ടില്ലെന്നു പൊലീസ്. കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇങ്ങനെ പ്രതികരിച്ചത്. ഒളിവില്‍ പോകാതിരിക്കാനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ ആളുകളെ തെരയുന്നുണ്ട്.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗ കേസിന്റെ ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നു ഹൈക്കോടതി. പരാതിക്കാരിയുടെ ആദ്യ മൊഴിയില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് മനസിലാകുമെന്നും കോടതി. മാനസികമായും അല്ലാതെയും അടുപ്പത്തിലായിരുന്നെന്ന് മൊഴിയില്‍ ഉണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ബലാത്സംഗം പോലെ ക്രൂരമാണ് സിനിമാക്കഥ പോലുള്ള വ്യാജ ആരോപണം. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പൊലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്‌സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

ചിലരുടെ തെറ്റിന് കേരളത്തിലെ മുഴുവന്‍ പൊലീസും ചീത്ത കേള്‍ക്കേണ്ടി വരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന്‍ യോഗത്തിനിടെ സ്പീക്കര്‍ പറഞ്ഞു.

എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ സമരം തുടരും. സ്വിഗ്ഗി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാലു കിലോമീറ്ററിനുള്ളിലെ വിതരണ നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.

സിപിഎം പ്രവര്‍ത്തകനായ ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കസില്‍ ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. മൂന്നു പ്രതികള്‍ ഒരു ലക്ഷം രൂപ വീതവും രണ്ടുപ്രതികള്‍ അമ്പതിനായിരം രൂപ വീതവും പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനില്‍, നാലാം പ്രതി ഗിരീഷ് കുമാര്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര കോടതി ഒരു ലക്ഷം പിഴ വിധിച്ചത്.

നെഹ്‌റു വര്‍ഗീയതയോടു സന്ധിചെയ്‌തെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന അപകടകരമാണെന്നു സിപിഎം. സുധാകരന്‍ നെഹ്റുവിനെ പോലും വര്‍ഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ ബിജെപിയാക്കി മാറ്റാനാണു ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

വിഭജനത്തിനു ശേഷം ഇന്ത്യയെ കലാപഭൂമിയാകാതെ സംരക്ഷിച്ചത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണ നൈപുണ്യമാണെന്ന് എ.കെ. ആന്റണി. മതാധിഷ്ഠിത രാഷ്ട്രമാകണമെന്ന വാദമുണ്ടായപ്പോള്‍ ചെറുത്ത് ഇന്ത്യയെ ജനാധിപത്യ രാജ്യമായി ശക്തിപ്പെടുത്തുന്നതില്‍ നെഹ്റു വഹിച്ച പങ്ക് വളരെ വലുതാണെന്നും ആന്റണി ചൂണ്ടികാട്ടി. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു ആന്റണി.

കഠിനധ്വാനത്തിലൂടെയാണു വളര്‍ന്നതെന്ന് സോഷ്യല്‍ മീഡിയാ താരങ്ങള്‍. കൊച്ചിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് സംഗമമായ ‘ട്രെന്‍ഡ് സെറ്റേഴ്‌സി’ല്‍ സംസാരിച്ച നൂറിലേറെ താരങ്ങളും അനുഭവങ്ങള്‍ പങ്കുവച്ചു. കേരള കൗമുദി ദിനപത്രവും പ്രാണ ഇന്‍സൈറ്റും ചേര്‍ന്നു ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ സംഘടിപ്പിച്ച പരിപാടി മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഫ്രാങ്കോ ലൂയിസ്, ജോയ് മണ്ണൂര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. ഹാരിസ് അമീറലി, ജയരാജ് ജി നാഥ്, ഉണ്ണിമായ തുടങ്ങിയവര്‍ക്കു പുരസ്‌കാരം സമ്മാനിച്ചു.

മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തില്‍നിന്ന് ഒക്ടോബറില്‍ 8.39 ശതമാനമായി കുറഞ്ഞു.

ജയിലില്‍ കഴിയുന്ന പിഎഫ്‌ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്കു മാറ്റും. എന്‍ഐഎ ഡല്‍ഹി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അര്‍ബുദ രോഗബാധിതനായ അബൂബക്കര്‍ 54 ദിവസമായി തിഹാര്‍ ജയിലിലാണ്. അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യലൈസന്‍സ് അഴിമതിക്കേസില്‍ മലയാളി ബിസിനസുകാരന്‍ വിജയ് നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. നേരത്തെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്. ആം ആദ്മി പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവിയാണ് വിജയ് നായര്‍.

അമ്പതു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ട ട്വിറ്റര്‍ 4,400 കരാര്‍ തൊഴിലാളികളെകൂടി പിരിച്ചുവിട്ടു. ഇലോണ്‍ മസ്‌ക്  ഏറ്റെടുത്തശേഷം 3,800 ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചു വിട്ടിരുന്നു.

ഒളിംപ്യന്മാരായ എം.സി മേരി കോം, പി.വി സിന്ധു, ശിവ കേശവന്‍ എന്നിവരുള്‍പ്പെടെ 10 പ്രമുഖ കായികതാരങ്ങള്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷന്‍ അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മീരാഭായ് ചാനു, ഗഗന്‍ നാരംഗ്, അചന്ത ശരത് കമാല്‍, റാണി രാംപാല്‍, ഭവാനി ദേവി, ബജ്റംഗ് ലാല്‍, ഓം പ്രകാശ് എന്നിവരാണ്  സമിതിയിലെ മറ്റംഗങ്ങള്‍.

ഖത്തര്‍ ലോകകപ്പിന് എത്തുന്നവര്‍ക്ക് ആഡംബര താമസ സൗകര്യങ്ങളുമായി ക്രൂയ്‌സ് ഷിപ്പുകളും. എംഎസ് സി യൂറോപ്പയുടെ മൂന്നു ആഡംബര കപ്പലുകളാണ് ദോഹ തുറമുഖത്തുള്ളത്. 22 നിലകളുള്ള കപ്പലില്‍ 6,762 യാത്രക്കാര്‍ക്കു താമസിക്കാം. ആറ് നീന്തല്‍ക്കുളങ്ങളും 13 റെസ്റ്റോറന്റുകളും ഗെയിം സ്റ്റേഷനുകളുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ ഭാര്യമാര്‍ ഈ കപ്പലില്‍ റൂമുകള്‍ ബുക്കു ചെയ്തു. 28,000 രൂപയാണ് ഒരുദിവസത്തെ മുറിവാടക. ലക്ഷ്വറി സ്യൂട്ടുകള്‍ക്ക്  എണ്‍പതിനായിരം രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *