web cover 35

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിലും ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പ്രശാന്ത് ആരോപിച്ചതിനാലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ സിഐ സുരേഷിനാണ് അന്വേഷണ ചുമതല.

സര്‍വകലാശാലകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫിന്റെ രാജ്ഭാവന്‍ മാര്‍ച്ച് നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലാണ്. ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ ലക്ഷം പേരെ അണിനിരത്താനാണു നീക്കം.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. വൈസ് ചാന്‍സലറായി ഡോ. കെ. റിജി ജോണിനെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്നാണ് വാദം. എറണാകുളം സ്വദേശിയായ ഡോ. കെ കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പ്രിയങ്കാ ഗാന്ധി 2008 ല്‍ തന്നെ കാണാന്‍ ജയിലില്‍ വന്നിരുന്നെന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതയായ നളിനി. തന്നെ അടുത്തിരുത്തിയ പ്രിയങ്ക കൊലപാതകത്തെ കുറിച്ച് ചോദിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. കൊലപാതകത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രിയങ്ക വികാരധീനയായി കരഞ്ഞിരുന്നു. വധഗൂഡാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. കൂടിക്കാഴ്ചയിലെ മറ്റു വിവരങ്ങള്‍ പുറത്തു പറയില്ലെന്നും നളിനി.

തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് അറസ്റ്റു ചെയ്ത സിഐ പി ആര്‍ സുനു മറ്റൊരു ബലാല്‍സംഗക്കേസിലും പ്രതി. മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ തൃക്കാക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിനിയെ പിഡീപ്പിച്ച കേസിലാണ് അറസ്റ്റ്.

വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്‌ഐ ടി ജി ബാബുവിനെതിരെ പോക്‌സോ കേസിനു പുറമെ പട്ടകജാതി പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പും ചുമത്തി. ബാബുവിനെ പിടികൂടിയിട്ടില്ല. പ്രതി ഒളിവിലാണെന്ന് അന്വേഷണ സംഘം.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കെഎസ്ഇബി ബില്‍ കുടിശിക അടയ്ക്കാന്‍ ഓണ്‍ലൈനിലൂടെ സന്ദേശം നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. പ്രതികരിച്ചവരെ വഞ്ചിച്ച് വന്‍തുക തട്ടിയെടുത്ത ജാംതാരയിലെ കിഷോര്‍ മഹതോ (22 ) ആണ് പിടിയിലായത്.

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്കു വിവാഹാലോചനയുമായി എത്തിയ റഫീക്കും അടക്കമുള്ള പത്തു പ്രതികളോടു ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ 12 നു ഹാജരാകരണമെന്നാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്.

മദ്യലഹരിയില്‍ വനിത എസ്.ഐയെ ആക്രമിച്ച മദ്യപസംഘം അറസ്റ്റില്‍. മാള പൊയ്യ ചക്കാട്ടിക്കുന്നിലാണ് വനിത എസ്.ഐയെ ആക്രമിച്ചത്. രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍എസ്എസിനോട് അയിത്തമില്ലെന്നും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളുവെന്നും സതീശന്‍.

ക്രൂഡോയില്‍ മോഷണം അടക്കം നാവികര്‍ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നു മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. നൈജീരിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും നാവികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ നടത്തിയ കൂട്ടായ്മ ആവശ്യപ്പെട്ടു.

അടിക്കാന്‍ അടിച്ചുമാറ്റിയത് 12 കുപ്പി മദ്യം. ആലപ്പുഴ ഹരിപ്പാട് ആര്‍ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട് ലൈറ്റിലാണ് മോഷണം നടന്നത്.

ട്രെയിനിന്റെ ശുചിമുറിയില്‍ കഴുത്തറുത്ത് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈയില്‍നിന്നു മംഗലാപുരത്തേക്കു പോയ ട്രെയിനിലാണ് സംഭവം. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ആര്‍. പ്രവീണാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, കാസര്‍കോട് ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം ബാലരാമപുരത്തു ക്ഷണിക്കാത്തതിനെച്ചൊല്ലി കല്യാണവീട്ടിലുണ്ടായ കൂട്ടത്തല്ലില്‍ പൊലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുല്‍ , വിവേക്, കുട്ടൂസന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ഓഡിറ്റോറിയത്തിലെ വിവാഹ സല്‍ക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്.

അടിമാലിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സുഹൃത്തിനെ പോലീസ് തെരയുന്നു. അടിമാലി സ്വദേശിയായ നിധിന്‍ തങ്കച്ചനെതിരേയാണു കേസ്.

അമൃത ടി വി മുന്‍ റീജിയണല്‍ ഹെഡ് ആയിരുന്ന ജി.എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു. 48 വയസായിരുന്നു.

കോഴിക്കോട് പുതിയങ്ങാടിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥി മരിച്ചു. കാരപറമ്പ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്.

ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. കെ സി വേണുഗോപാലും ദിഗ്വിജയ സിംഗും പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ലെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ജയ്‌റാം രമേശ് അറിയിച്ചു.

തോക്കുകളെയും അക്രമങ്ങളെയും മഹത്വവത്കരിക്കുന്ന പാട്ടുകള്‍ പൂര്‍ണമായും വിലക്കി പഞ്ചാബ് സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു നിരോധിച്ചു. നിയമവാഴ്ച തകര്‍ന്നെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതിനിടെയാണ് നിരോധനം. ആയുധ ലൈസന്‍സുകള്‍ മൂന്നു മാസത്തിനകം പരിശോധിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലറുടെ ആത്മഹത്യ ഭീഷണി. ആംആദ്മിയുടെ മുന്‍ കൗണ്‍സിലര്‍ ഹസീബ് ഉള്‍ ഹസന്‍ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്റ്റേഷന് മുന്നിലുള്ള ഹൈടെന്‍ഷന്‍ വൈദ്യൂതി ടവറില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

പതഞ്ജലിയുടെ അഞ്ച് ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി എന്നാരോപിച്ചുള്ള മലയാളി ഡോ. കെ.വി. ബാബുവിന്റെ പരാതിയിലാണ് ഉത്പന്നങ്ങള്‍ നിരോധിച്ചത്. നിരോധനം തെറ്റാണെന്നും ഉത്പാദനം തുടരാന്‍ പതഞ്ജലിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവരെ ആക്രമിച്ചാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകളില്‍ നിന്ന് 10,000 രൂപ ഈടാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെയാണ് നോയിഡ അതോറിറ്റിയുടെ തീരുമാനം.

സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വേദനിപ്പിക്കാന്‍ ശ്രമിച്ചാല്‍ നോക്കി നില്‍ക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ചൈനയെയും പാക്കിസ്ഥാനെയും ഉന്നമിട്ടാണ് രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍. കേന്ദ്രസര്‍ക്കാരിന് ദേശീയ താല്‍പ്പര്യങ്ങളാണ് പരമപ്രധാനമെന്നും ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍കൊണ്ട് ഇന്ത്യ സജ്ജമാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

മുംബൈയ്ക്കടുത്ത് അമ്പര്‍നാഥില്‍ കാളയോട്ട മത്സര തര്‍ക്കത്തെതുടര്‍ന്ന് വെടിവയ്പ്. രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വെടിവയ്ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്ലാലിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് മരണം. 53 പേര്‍ക്കു പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.

ഇന്ത്യയ്ക്കു റഷ്യയില്‍ നിന്ന്ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്ന് അമേരിക്ക. ജിഎസ് 7 രാജ്യങ്ങള്‍ നിശ്ചയിച്ച വില പരിധിക്കു മുകളിലുള്ള വിലയ്ക്ക് ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍ വ്യക്തമാക്കി.

ഐഎസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് എഫ്സി ഗോവക്കെതിരെ തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഈ ജയത്തോടെ ആറു മത്സരങ്ങളില്‍ മൂന്നു ജയവുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിന് ട്വന്റി 20 ലോകകപ്പ് കിരീടം. ഫൈനലില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ഇംഗ്ലണ്ട് കപ്പില്‍ മുത്തമിട്ടത്. 49 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും മൂന്നു വിക്കറ്റ് നേടിയ സാം കരനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പികള്‍. ട്വന്റി 20 യില്‍ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്.

ഒക്ടോബറില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുതിച്ചുയര്‍ന്നു. സെപ്തംബറിനേക്കാള്‍ 39 ശതമാനം വര്‍ദ്ധനയോടെ 108 കോടി ഡോളറാണ് (ഏകദേശം 8,856 കോടി രൂപ) സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്. അതേസമയം, 2021 ഒക്ടോബറില്‍ ലഭിച്ച നിക്ഷേപത്തേക്കാള്‍ ഇത് 69 ശതമാനം കുറവുമാണ്. എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് സീരീസ്-എഫ് ഫണ്ടിംഗിലൂടെ നിലവിലെ നിക്ഷേപകരില്‍ നിന്ന് 25 കോടി ഡോളറാണ് (2,050 കോടി രൂപ) സമാഹരിച്ചത്. ബി2ബി ഇ-കൊമേഴ്‌സ് സ്ഥാപനമായ ഉഡാന്‍ നിലവിലെ ഓഹരി ഉടമകളില്‍ നിന്ന് 12 കോടി ഡോളറും (985 കോടി രൂപ) സമാഹരിച്ചു. ഓണ്‍ലൈന്‍ ക്ളാസുകളുടെ പിന്‍ബലത്തില്‍ 2021ല്‍ ഒക്ടോബര്‍വരെ 398 കോടി ഡോളര്‍ (32,640 കോടി രൂപ) നേടിയ ഈ വിഭാഗം 2022ല്‍ ഒക്ടോബര്‍വരെ നേടിയത് 243 കോടി ഡോളറാണ് (19,925 കോടി രൂപ). ഇടിവ് 38 ശതമാനം.

പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നതിന് വര്‍ഷംതോറും സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജീവന്‍ പ്രമാണ്‍ വീഡിയോ കോളിലൂടെ സമര്‍പ്പിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സര്‍വീസ് എന്ന പേരിലാണ് എസ്ബിഐ ഫീച്ചര്‍ അവതരിപ്പിച്ചത്. ബാങ്ക് ശാഖയില്‍ പോകാതെ തന്നെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സൗകര്യമാണ് എസ്ബിഐ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് മുഖാന്തരം വീഡിയോ കോള്‍ വഴി ഒരുക്കിയിരിക്കുന്നത്. ഇതിനായി എസ്ബിഐയുടെ പെന്‍ഷന്‍ സേവാ വെബ്‌സൈറ്റ് അല്ലെങ്കില്‍ പെന്‍ഷന്‍ സേവാ ആപ്പ് സന്ദര്‍ശിക്കുക. വീഡിയോഎല്‍സി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കാം. വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്തു എന്ന് കാണിച്ച് സന്ദേശം ലഭിക്കും. എസ്എംഎസ് വഴി വീഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ നിലവിലെ സ്ഥിതി അറിയിക്കും.

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘എങ്കിലും ചന്ദ്രികേ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ നടന്‍ മമ്മൂട്ടി റിലീസ് ചെയ്തു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന്‍ ചന്ദ്രശേഖരനും, അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഇഫ്തി ഈണം പകര്‍ന്നിരിക്കുന്നു. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഒരു സിനിമയാണിത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ തികച്ചും രസകരമായി പറയുന്നു.

പൃഥ്വിരാജും, ആസിഫ് അലിയും, ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം കാപ്പയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. സരിഗമയും തിയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുറഞ്ഞ വിലയുള്ള ഇ-കാറുമായി മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ പിഎംവി ഇലക്ട്രിക് കമ്പനി വിപണിയിലേക്ക്. നവംബര്‍ 16ന് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറായ മൈക്രോ ഇഎഎസ്-ഇ പുറത്തിറക്കും. കാറിന്റെ പ്രീബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. 2000 രൂപ നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. കാറിന്റെ പ്രോട്ടോടൈപ്പ് ആണ് നവംബര്‍ 16ന് പുറത്തുവിടുന്നത്. അടുത്ത വര്‍ഷം പകുതിയോടെ വാഹനം വിപണിയില്‍ എത്തിക്കും. 20എച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 10 കിലോവാട്ട് ശേഷിയുള്ള ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4 മണിക്കൂര്‍ എടുക്കും. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. എന്നാല്‍ ഒരേസമയം രണ്ട് പേര്‍ക്ക് മാത്രമേ കാറില്‍ യാത്ര ചെയ്യാനാകൂ. നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലായിരിക്കും ഈ വാഹനത്തിന്റെ വില.

ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങളുടെ കഥകളാല്‍ സമ്പന്നമാണ് ഈ കൃതി. ഒരു അലൗകിക പ്രണയത്തിന്റെ സുന്ദരമായ ആവിഷ്‌കരണവുമാണ് ഈ നോവല്‍. ‘നരസി’. മെഫിന്‍ മാത്യു. ഗ്രീന്‍ ബുക്സ്. വില 150 രൂപ.

നവംബര്‍ 14 ലോക പ്രമേഹ ദിനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ത്യയില്‍ 96% പ്രമേഹരോഗികളിലും ടൈപ്പ് 2 പ്രമേഹരോഗമാണ്. ജീവിതശൈലികളില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹം നിയന്ത്രിക്കുവാനും ചിലപ്പോള്‍ സുഖപ്പെടുത്തുവാനും സാധിച്ചേക്കും. രോഗത്തെപ്പറ്റിയും രോഗ കാരണങ്ങള്‍, സങ്കീര്‍ണ്ണതകള്‍, രോഗലക്ഷണങ്ങള്‍, ചികിത്സാ നിര്‍ണ്ണയം, ചികിത്സാ രീതികള്‍, ജീവിതശൈലികള്‍ എന്നിവയെപ്പറ്റി നല്ല വിജ്ഞാനം അത്യന്താപേക്ഷിതമാണ്. പ്രഭാതത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് പ്രമേഹരോഗികളില്‍ മികച്ച ആരോഗ്യം ഉറപ്പ് വരുത്തുന്നു. വ്യായാമം പേശികളുടെ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഇതിലൂടെ ഊര്‍ജ്ജത്തിനായി ശരീരത്തിലെ പഞ്ചസാര കൂതുതലായി ഉപയോഗിക്കുകയും ചെയ്യും. കൂടാതെ അമിതഭാരം ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു. പ്രമേഹ രോഗികളുടെ പ്രായത്തിന് അനുയോജ്യമായ വ്യായാമം അതിനാല്‍ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ്. രാവിലെ തന്നെ ചായയും കോഫിയും കുടിക്കുന്നത് പ്രമേഹ രോഗികള്‍ കഴിവതും ഒഴിവാക്കേണ്ട ഒരു ശീലമാണ്. അതിനാല്‍ തന്നെ കോഫിയ്ക്ക് പകരം രാവിലെ ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. മറ്റ് പാനിയങ്ങള്‍ക്ക് പകരമായി ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് ഏറെ സഹായകരമാണ്. തലേദിവസം ഉലുവ വെള്ളത്തിലിട്ട് വെച്ച ശേഷം പിറ്റേ ദിവസം രാവിലെ കുടിക്കാവുന്നതാണ്. ലയിച്ച് പോകുന്ന തരത്തിലെ നാരുകള്‍ ഉലുവയിലുണ്ട് ഇവ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കാന്‍ ഏറെ സഹായകരമാണ് പ്രോട്ടീന്‍. അതിനാല്‍ പ്രോട്ടീന്‍ അധികമായി അടങ്ങിയ വിഭവങ്ങള്‍ പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തേണ്ടതാണ്. ഫൈബര്‍ കൂടുതലടങ്ങിയ ഭക്ഷണവും പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിനും വഴിതെളിയ്ക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ ഒരു ബിസിനസ്സ്‌കാരനായിരുന്നു. അയാള്‍ പലര്‍ക്കും പല സമയത്തായി പണം കടം കൊടുത്തിരുന്നു. അയാള്‍ പണം കടം കൊടുത്തവരില്‍ ഒരാളോട് കാലക്രമേണ അയാള്‍ക്ക് വ്യക്തിവൈരാഗ്യം ഉടലെടുത്തു. ബിസിനസ്സുകാരന്‍ കടം കൊടുത്തയാളെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. പണം തിരികെ ആവശ്യപ്പെട്ടു. കടം വാങ്ങിയ ആള്‍ സമയം ചോദിച്ചെങ്കിലും ബിസിനസ്സുകാരന്‍ അതിന് അനുവദിച്ചില്ല. അവസാനം ബിസിനസ്സുകാരന്‍ തന്നെ ഒരു വഴി കണ്ടെത്തി. അയാളുടെ കാബിനില്‍ അലങ്കരിച്ചിരുന്ന കറുപ്പും വെളുപ്പും നിറഞ്ഞ കല്ലുകള്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് രണ്ടു കല്ലുകള്‍ ഒരു കുടത്തിലിടാമെന്നും അതില്‍ വെളുത്ത കല്ല് കിട്ടുകയാണെങ്കില്‍ താങ്കളുടെ തുക തിരികെ തരേണ്ടെന്നും അല്ലെങ്കില്‍ പിറ്റേ ദിവസം തന്നെ മുഴുവന്‍ തുകയും തിരിച്ച് തരണമെന്നും അതുമല്ലെങ്കില്‍ അയാളുടെ ആകെ സമ്പാദ്യമായിരുന്ന വീട് തന്റെ പേരില്‍ എഴുതി തരണമെന്നും ബിസിനസ്സുകാരന്‍ പറഞ്ഞു. കടം വാങ്ങിയ ആള്‍ക്ക് സമ്മതിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. ബിസിനസ്സുകാരന്‍ തന്ത്രപൂര്‍വ്വം രണ്ടു കറുത്ത കല്ലുകളാണ് കുടത്തില്‍ ഇട്ടത്. അത് കടം വാങ്ങിയ ആള്‍ കാണുകയും ചെയ്തു. പക്ഷേ, കുടത്തില്‍ നിന്നും കല്ലെടുക്കാതെ നിവൃത്തിയില്ലെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ കുടത്തില്‍ നിന്നും കല്ലെടുത്തെങ്കിലും കൈതട്ടി കല്ല് താഴെവീഴുന്നതുപോലെ അഭിനയിച്ച് താഴെ വിരിച്ചിരിക്കുന്ന കറുപ്പും വെളുപ്പും നിറഞ്ഞ കല്ലുകള്‍ക്കുള്ളിലേക്ക് ഇടുകയും ചെയ്തു. അതില്‍ നിന്ന് കുടത്തിലിട്ട കല്ല് തിരഞ്ഞെടുക്കുക അസാധ്യമാണ്. അതുകൊണ്ട് ബിസിനസ്സുകാരനോട് അയാള്‍ ഒരു പോംവഴി പറഞ്ഞു. കുടത്തിലുള്ള കല്ലിന്റെ നിറം നോക്കിയാല്‍ താഴെ പോയ കല്ലിന്റെ നിറം തിരിച്ചറിയാമല്ലോ?… ബിസിനസ്സുകാരന് അയാളുടെ കടം എഴുതി തള്ളേണ്ട അവസ്ഥ വന്നു. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലും ഇതേ അവസ്ഥകള്‍ വന്ന് ചേരും. ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും നമുക്ക് ഒരേ പോലെ ചിന്തിക്കേണ്ട അവസ്ഥയല്ല ഉള്ളത്. നമ്മെ ചതിക്കുവാന്‍ വേണ്ടി തന്ത്രങ്ങളൊരുക്കുന്നവര്‍ക്ക് മുന്നിലും അതേ തന്ത്രങ്ങളിലൂടെ തന്നെ ചിന്തിച്ച് രക്ഷപ്പെടാനുളള വഴി തേടേണ്ടതാണ്. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *