കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തും ചെയ്യാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സര്‍ക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കിയ ഗവര്‍ണര്‍ തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ലെന്നും പറഞ്ഞു.
യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ലെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും മാറ്റങ്ങള്‍ വരാനുണ്ടെന്നും രാജീവ് പറഞ്ഞു. ഭരണഘടനാ ചുമതലയുള്ള ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായും മന്ത്രി രാജീവ് പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് അവ്യക്തത ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്നും ഭരണഘടനാപരമായ അധികാരമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.
കൂട്ടബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി.
കണ്ണൂര്‍ ഏരുവേശ്ശിയില്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിയെ ചൊല്ലി സംഘര്‍ഷം. ദീര്‍ഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തിരുന്നു, സംഘര്‍ഷത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമാനുവലിനെ കയ്യേറ്റം ചെയ്തു. സംഘര്‍ഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
മൂന്നാറിലെ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അപകടം നടന്നതിന് ഒരു കിലോമീറ്റര്‍ താഴെ വെച്ച് രൂപേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ആലുവ പറവൂര്‍ കവലയിലെ പെട്രോള്‍ പമ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരെ അക്രമിച്ച് പണം തട്ടിയതായി പരാതി.29,000 രൂപയാണ് നഷ്ടപ്പെട്ടത്. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ബൈക്കില്‍ യാത്രചെയ്ത ദമ്പതികള്‍ക്കുനേരെ ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണം. മാങ്കുളം ആനക്കുളം കുറ്റിപ്പാലായില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവരാണ് ആക്രമണത്തിനിരയായത്. റോഡരികില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടാന ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു.
പ്രണയ ബന്ധത്തിന് ശേഷം അയാളെ വിവാഹം കഴിക്കാത്തത് വഞ്ചനയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. കാമുകനെതിരെ യുവതി നല്‍കിയ വഞ്ചനാ പരാതിയില്‍ എഫ്ഐആര്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഭൂരിപക്ഷം. നൂറ് അംഗങ്ങളുള്ള സെനറ്റില്‍ 50-49 എന്ന നിലയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് മുന്‍തൂക്കം. അതേസമയം 36 സംസ്ഥാനങ്ങളില്‍ നടക്കുന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയത്തുടര്‍ച്ചക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ആറാം മത്സരത്തില്‍ എഫ് സി ഗോവയാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാമതാണ്.
ഫുട്‌ബോള്‍ രംഗത്തെ വമ്പന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമനായ മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ ഉടമകളായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ക്ലബ്ബിനെ വില്‍പനക്ക് വെച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനി താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനിടെ വീണ് കാലൊടിഞ്ഞു. ഇതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് മാക്‌സ്വെല്ലിനെ ഒഴിവാക്കി. ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാക്‌സ്വെല്ലിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.
ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇംഗ്ലണ്ട് ഇന്ന് പാകിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മെല്‍ബണിലാണ് മത്സരം. കളിയ്ക്ക് മഴ ഭീഷണിയുണ്ട്.