ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. സാംസ്‌കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യ പടിയാണിത്.
നിയമനങ്ങളില്‍ സുതാര്യത വേണമെന്നും കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ച് വഴി നടത്തണമെന്നും എല്‍ഡിഎഫ്. സ്ഥിരം നിയമനങ്ങള്‍ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിലെ അനാരോഗ്യ നിയമന രീതികള്‍ മാറ്റണമെന്നും ഇടതുമുന്നണി യോഗത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുള്ള ഗുണഭോക്താക്കളുമായി കാരാര്‍ ഒപ്പിടാന്‍ ഉടന്‍ ഉത്തരവിറക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അതി ദരിദ്രര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും ആദ്യ പരിഗണന നല്‍കുമെന്നും മന്ത്രി.
സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തെ ധനകാര്യ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, വാഹനം, ഫര്‍ണീച്ചര്‍ വാങ്ങല്‍ എന്നിവയ്ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീട്ടിയത്.
സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി. ഇതിനായി 1.99 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകള്‍ക്കുള്ള തുകയനുവദിച്ചത്.
ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പു നടത്താന്‍ കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെ എതിരില്ലാതെ തെരഞ്ഞെടുത്തതു ചോദ്യം ചെയ്ത് ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍.എസ് ശശികുമാറാണ് കോടതിയെ സമീപിച്ചത്.
കരാറുകാരനില്‍നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അസിസ്റ്റന്റ് എന്‍ജിനിയറെ വിജിലന്‍സ് പിടികൂടി. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്‌കോയാണ് പിടിയിലായത്. മൂന്ന് റോഡുകള്‍ നിര്‍മിക്കാനുള്ള കരാറിന് 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
കോര്‍പ്പറേഷന്‍ നിയമനക്കത്ത് തട്ടിപ്പില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയപോയ ആര്‍എസ്എസ് പ്രവര്‍ത്തകനെന്നു പോലീസിനെക്കൊണ്ടു പ്രചരിപ്പിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മരിച്ചവരെ പ്രതിയാക്കാമെങ്കില്‍ ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാളുടെ തലയില്‍ വച്ചുകെട്ടിയാല്‍ മതിയെന്നും സുരേന്ദ്രന്‍.
കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. റോഡ് തങ്ങളുടേതു മാത്രമാണെന്നാണ് ചില ഡ്രൈവര്‍മാരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കണം. ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി.
തിരുവനന്തപുരത്ത് നാളെ (വെള്ളി) ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുന്നാളിനാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും നേരത്തെ നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്‍പ്പെടുന്നതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്നതുമായ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.
കിഴക്കമ്പലത്തെ ട്വന്റി 20യെ മര്യാദ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എംഎല്‍എ പങ്കെടുക്കുന്ന പൊതു പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന ട്വന്റി 20 നിലപാട് അംഗീകരിക്കാനാകില്ല. പഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുകളില്‍ അല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
തിരുവന്തപുരം മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ക്കു സ്ഥലംമാറ്റം. പാറശാല എസ് എച്ച് ഒ ഹേമന്ദ് കുമാറിനെ വിജിലന്‍സിലേക്കും മ്യൂസിയം എസ് എച്ച് ഒ ധര്‍മ്മ ജിത്തിനെ കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. പാറശാല ഷാരോണ്‍ കൊലക്കേസും മ്യൂസിയത്തിനരികിലെ അതിക്രമ കേസും കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ സംഗീത – ഫൈന്‍ ആര്‍ട്‌സ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ കലോല്‍സവം ശനിയാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ടു തടവുപുള്ളികള്‍ക്കു പരിക്ക്. കാപ്പ കേസ് പ്രതികളായ തൃശൂര്‍ മണക്കുളങ്ങര ഷഫീഖ് അങ്കമാലി, പാടിയാട്ടില്‍ സിജോ എന്ന ഊത്തപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുടിവെട്ടുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
മലയാളി ഉംറ തീര്‍ത്ഥാടക ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കല്‍പകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടി നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണു മരിച്ചത്.
തൊടുപുഴ കരിമണ്ണൂരിലെ ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി. പ്രത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയില്‍ കശാപ്പും വില്‍പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ കൊല്ലും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ്.
ആലപ്പുഴയില്‍ ഒമ്പതു ഗ്രാം എംഡിഎം എയുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഹൃദ്യ , കോതമംഗലം സ്വദേശി നിഖില്‍, ഇടുക്കി സ്വദേശി ആല്‍ബിന്‍ മാത്യു എന്നിവരാണ് പൊലീസ് പിടിയിലായത്.
വിലകൂടിയ വിദേശമദ്യ കുപ്പിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യകുപ്പിയോടു ചേര്‍ത്ത് 591 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ എം എ മലയാളം, കന്നഡ കോഴ്‌സകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല. പകുതിയിലേറെ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 14 ന് രാവിലെ പത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് സര്‍വകലാശാല.
പത്തു വര്‍ഷം കൂടുമ്പോള്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍പോലും രേഖകള്‍ നല്‍കണം. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും ആധാര്‍, അക്ഷയ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം.
കോയമ്പത്തൂര്‍ സ്‌ഫോടന കേസന്വേഷണത്തിന്റെ ഭാഗമായി പാലക്കാടും എന്‍ഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. മുതലമടയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഡിജിറ്റല്‍ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തിന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ.
ഗിനിയില്‍ തടവിലുള്ള കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ഇടപെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്ര ഉദ്യോഗസ്ഥര്‍ നാവികരുമായി സംസാരിച്ചു.
ഇന്ത്യയുടെ സ്വകാര്യ പ്രതിരോധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് 1,200 കോടി രൂപയുടെ പീരങ്കികള്‍ക്കുള്ള ഓര്‍ഡറുമായി മിഡില്‍ ഈസ്റ്റിലെ ഒരു രാജ്യം. ഇതാദ്യമായാണ് ഒരു സ്വകാര്യ പ്രതിരോധ സ്ഥാപനത്തിന് ഇത്ര വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്. ഏതു രാജ്യമാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പീരങ്കികളുടെ സവിശേഷതകള്‍ എന്തെല്ലാമെന്നും പുറത്തുവിട്ടിട്ടില്ല.
വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്ന ചട്ടം നിയമത്തില്‍ നിന്നു നീക്കണമെന്നു സുപ്രീം കോടതിയില്‍ ഹര്‍ജി. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഭര്‍ത്താവ്, കൃത്രിമ ഗര്‍ഭധാരണം നടത്തെ എതിര്‍ക്കുന്നെന്നു ചൂണ്ടിക്കാട്ടി 38 വയസുകാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമെന്നു കോടതി.
മദ്യം കഴിച്ച് കാട്ടാനക്കൂട്ടം ഫിറ്റായി കുഴഞ്ഞുവീണു. ഒഡിഷയിലെ ഖെന്‍ജോര്‍ ജില്ലയില്‍ ഷില്ലിപാഡ കശുമാവ് കാട്ടിലാണ് 24 കാട്ടാനകള്‍ മദ്യപിച്ചു ലക്കുകെട്ടു വീണുപോയത്. ഗ്രാമവാസികള്‍ കാട്ടില്‍ വലിയ കലങ്ങളില്‍ തയാറാക്കിയിരുന്ന ചാരായമായ മഹുവ എന്ന മദ്യം അകത്താക്കിയാണ് കാട്ടാനക്കൂട്ടം കിറുങ്ങി വീണത്. ആനകളെ എഴുന്നേല്‍പിച്ചുവിടാന്‍ വനപാലകര്‍ ചെണ്ടകൊട്ടിയും പടക്കംപൊട്ടിച്ചും ഏറെ നേരം പാടുപെടേണ്ടിവന്നു.
ഐസിഐസിഐ ബാങ്കിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനെ വായ്പ അഴിമതികേസില്‍ പിരിച്ചുവിട്ട നടപടി ശരിയെന്ന് മുംബൈ ഹൈക്കോടതി. വിരമിക്കല്‍ കുടിശ്ശിക ആവശ്യപ്പെട്ട് ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതി ചന്ദാ കൊച്ചാറിന് ഇടക്കാലാശ്വാസം നിഷേധിച്ചു.
ബിരിയാണിയില്‍ ഒരു പങ്ക് ചോദിച്ചതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മരണവെപ്രാളത്തില്‍ ഭാര്യ കെട്ടിപ്പിടിച്ചതോടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവും മരിച്ചു. ചെന്നൈയിലെ അയിനാവാരത്ത് 74 വയസുള്ള കരുണാകരന്‍, ഭാര്യ പത്മാവതി (70) എന്നിവരാണ് ബിരിയാണിയെ ചൊല്ലി വഴക്കിട്ട് ഇങ്ങനെ മരിച്ചത്.
യുക്രൈന്റെ കിഴക്കന്‍ നഗരമായ കെഴ്‌സണില്‍നിന്നു പിന്‍വാങ്ങുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു. എന്നാല്‍ റഷ്യന്‍ തീരുമാനം വിശ്വസിക്കാതെ യുക്രൈയിന്‍. റഷ്യയുടെ എന്തെങ്കിലും അടവുനയമാകുമെന്നാണ് യുക്രെയിന്റെ സംശയം.