◾തിരുവനന്തപുരം കോര്‍പറേഷന്‍ പരിസരം യുദ്ധക്കളമായി. കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിക്കു പരിക്കേറ്റു. നഗരസഭാ കവാടം അടച്ചാണു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചുകൂടി എത്തിയതോടെ പ്രദേശം യുദ്ധക്കളമായി.
◾തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ നിയമന കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് നല്‍കും. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും നോട്ടീസ് അയയ്ക്കും. ഹര്‍ജി 25 നു പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ചത് ആത്മഹത്യ ചെയ്ത തന്റെ സഹോദരനും ചങ്ങാതിമാരുമാണെന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും കൂട്ടുകാരുമാണെന്നാണ് സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. നാലു വര്‍ഷമായിട്ടും പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് ക്ഷീണമായിരുന്നു. അക്രമികള്‍ മൂന്നു വാഹനങ്ങള്‍ കത്തിച്ചശേഷം ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തു. ക്രൈംബ്രാഞ്ച് ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
◾തിരുവനന്തപുരം മേയറുടെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം കൗണ്‍സിലറും സിപിഎം നേതാവുമായ ഡി.ആര്‍ അനിലിന്റെ മൊഴി രേഖപ്പെടുത്തും. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാല്‍ മൊഴി രേഖപ്പെടുത്താനുള്ള സമയം അറിയിക്കാമെന്നാണ് ആനാവൂര്‍ നാഗപ്പന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
◾ലൈഫ് ഭവന പദ്ധതി പ്രതിസന്ധിയില്‍. അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച് രണ്ടു മാസമായിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കഴിഞ്ഞിട്ടില്ല.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസിന്റെ തുടരന്വേഷണത്തിനു സിബിഐയുടെ പുതിയ സംഘം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം. റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം.
◾ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന എല്‍ദോസിന്റെ ആവശ്യത്തെ സര്‍ക്കാരും പരാതിക്കാരിയും എതിര്‍ത്തു. ഇതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.
◾ഇക്വറ്റോറിയല്‍ ഗിനിയല്‍ തടവിലായ മലയാളികള്‍ അടക്കമുള്ള 15 ഇന്ത്യക്കാര്‍ ഗിനി നാവികസേനയുടെ യുദ്ധക്കപ്പലില്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഇവരെ യുദ്ധക്കപ്പലിലേക്കു മാറ്റിയത.് ഇവരെ നൈജീരിയയ്ക്കു കൈമാറുമെന്നാണ് ആശങ്ക. എല്ലാവരുടെയും പാസ്പോര്‍ട്ട് സൈന്യം പിടിച്ചെടുത്തു. അതേ സമയം ഹീറോയിക്ക് ഇഡുന്‍ എന്ന ചരക്കു കപ്പലില്‍ മലയാളി ചീഫ് ഓഫീസര്‍ സനു ജോസും മറ്റ് ഒന്‍പത് ഇന്ത്യക്കാരും തുടരുന്നുണ്ട്.
◾കപ്പലിനേയും ജീവനക്കാരെയും തടഞ്ഞുവച്ച സംഭവത്തില്‍ ഇക്വറ്റോറിയല്‍ ഗിനിക്കെതിരെ കപ്പലുടമകള്‍ അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ പരാതി നല്‍കി. രാജ്യം കപ്പല്‍ ജീവനക്കാരെ അനധികൃതമായി തടവില്‍ വച്ചെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
◾മ്യാന്മറില്‍ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ തിരിച്ചെത്തി. രണ്ടു മാസം നീണ്ട അനിശ്വിതത്വത്തിനാണ് മോചനം. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയ മലയാളി. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇനിയും അവിടെ തടവിലുണ്ട്.
◾ഐപിഎസ് ഓഫീസര്‍ തോക്കു ചൂണ്ടിയപ്പോള്‍ മുള്ളിപ്പോയയാളാണ് പിണറായി വിജയനെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആക്ഷേപം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരും വിശ്വസിക്കാത്ത കഥയാണത്. കമിഴ്ന്നു കിടന്ന പിണറായിയെ അനക്കാന്‍ കഴിഞ്ഞില്ലെന്നു തനിക്കറിയാമെന്നും ഗോവിന്ദന്‍. ‘പിണറായി വിജയന്‍ ആരാണെന്ന് എനിക്കറിയാം, പണ്ട് കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ ചെന്നപ്പോള്‍ യുവ ഐപിഎസ് ഓഫീസര്‍ തോക്കെടുത്തു. 15 മിനിറ്റിനകം പിണറായി വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്നു’ എന്നാണ് ഗവര്‍ണര്‍ കൊച്ചിയില്‍ പരിഹസിച്ചത്. താന്‍ ആരാണെന്ന് ഗവര്‍ണര്‍ക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തേടിപ്പിടിച്ചു പുസ്തകങ്ങളും രേഖകളും വായിച്ചപ്പോഴാണ് ഈ വിവരം കിട്ടിയതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
◾നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിലച്ച വിസ്താരം തുടരന്വേഷണ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പുനരാരംഭിക്കുന്നത്. സജിത്, ലിന്റോ എന്നിവരെയാണ് വിസ്തരിക്കുന്നത്. ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ ജയിലില്‍നിന്ന് വീട്ടിലേക്കയച്ച കത്ത് സൂക്ഷിച്ചത് സജിത്തായിരുന്നു.
◾സിപിഐയുടെ നിയന്ത്രണത്തിലുള്ള കെപിഎസി നാടക സമിതിയുടെ പ്രസിഡന്റ് സ്ഥാനം കെ ഇ ഇസ്മയില്‍ രാജി വച്ചു. 15 വര്‍ഷം പ്രസിഡന്റായിരുന്ന ഇസ്മയില്‍ 75 വയസ് പ്രായപരിധി നിശ്ചയിച്ചിരിക്കേ താന്‍ തുടരുന്നില്ലെന്നു പറഞ്ഞാണ് രാജിവച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
◾തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തില്‍ പ്രതിഷേധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മേയര്‍ ആര്യ രാജേന്ദ്രന്‍ രാജി വയ്ക്കണം. അഴിമതിയുടെ രാജാവാണ് പിണറായി വിജയനെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
◾‘മേരെ പ്യാരേ ദേശ് വാസിയോം, ആളെ കിട്ടി’ എന്നു ഫേസ്ബുക്കില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ച പ്രതിയെക്കുറിച്ചു വിവരം ലഭിച്ചതിനു പിറകേയാണു പ്രതികരണം.
◾നടി നിമിഷ സജയന്‍ നികുതി വെട്ടിപ്പു നടത്തിയെന്നു ബിജെപി നേതാവ് സന്ദീപ് വാര്യര്‍. 1.14 കോടി രൂപയുടെ വരുമാനം ഒളിപ്പിച്ചതായി സംസ്ഥാന ജിഎസ്ടി കണ്ടെത്തിയെന്നും 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ ആരോപിച്ചത്.
◾ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലെ രണ്ടു പ്രതികളെ വനംവകുപ്പ് പിടികൂടി. മുത്തങ്ങ കുഴിമൂല കോളനിയിലെ കെ.എം. വിനോദ് (22), പൊന്‍കുഴി കോളനിയിലെ പി.എം. രാജു (24) എന്നിവരാണ് പിടിയിലായത്. സുല്‍ത്താന്‍ബത്തേരി നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കല്ലുമുക്ക് വനത്തില്‍ നിന്നാണ് രണ്ടു ചന്ദനമരങ്ങള്‍ മുറിച്ചത്.
◾മദ്യലഹരിയില്‍ പേരക്കുട്ടികളെ മര്‍ദിക്കുന്നതു തടയുന്നതിനിടെ അച്ഛന്റെ വെട്ടേറ്റു മകന്‍ മരിച്ചു. ഇടുക്കി ചെമ്മണൂരില്‍ മൂക്കനോലില്‍ ജെനീഷ് (38) ആണ് മരിച്ചത്. ജനീഷിന്റെ പിതാവ് തമ്പിയെ അറസ്റ്റു ചെയ്തു. മദ്യപിച്ചു വീട്ടിലെത്തി മര്‍ദ്ദിക്കുന്നത് തമ്പി വെട്ടുകത്തി വീശി തടയാന്‍ ശ്രമിച്ചതിനിടെ ജനീഷനു വെട്ടേറ്റെന്നാണു കേസ്.
◾തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി കൊലക്കേസ് പ്രതികളുടെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹൈക്കോടതി വിധിക്കെതിരേ അഞ്ചാം പ്രതി നിമിത്താണ് ഹര്‍ജി നല്‍കിയത്. തനിക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്നാണ് നിമിത്തിന്റെ വാദം. ഗള്‍ഫ് വ്യവസായിയായിരുന്ന 59 കാരന്‍ അബ്ദുള്‍ ഹാജിയെ 2013 ലാണ് കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെയാണ് ഇരട്ട ജീവപര്യന്ത്യത്തിന് ശക്ഷിച്ചത്.
◾ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ജാംനഗര്‍ നോര്‍ത്തിലാണ് മല്‍സരിക്കുക. ബിജെപി 84 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികപുറത്തിറക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സിറ്റിംഗ് സീറ്റായ ഗാട്ലോഡിയയില്‍ മത്സരിക്കും. കോണ്‍ഗ്രസ് രാജ്യസഭാംഗം അമീ യാഗ്നിക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥി. 138 പേര്‍ മരിച്ച തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലെ എംഎല്‍എയും മന്ത്രിയുമായിരുന്ന ബ്രിജേഷ് മെര്‍ജയ്ക്ക് സീറ്റില്ല. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദ്ദിക് പട്ടേല്‍, ഭഗ്വന്‍ ഭായ് ബരാഡ് എന്നിവരും സ്ഥാനാര്‍ത്ഥികളാണ്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ എന്നിവര്‍ക്കു സീറ്റില്ല.
◾ഗുജറാത്ത് കോണ്‍ഗ്രസില്‍നിന്ന് ഒരു എംഎല്‍എകൂടി രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഭവേശ് കത്താരയാണ് രാജിവച്ചത്.
◾ഭീമാ കൊറേഗാവ് കേസില്‍ വിചാരണ തടവിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗൗതം നാവ്ലാഖയെ ഒരു മാസത്തേക്കു വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. 48 മണിക്കൂറിനകം മാറ്റണം. 73 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ഉത്തരവിട്ടത്.
◾കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്. 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ചെന്നൈയില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.
◾ജ്ഞാന്‍വാപി മസ്ജിദ് കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സീല്‍ ചെയ്ത ഉത്തരവിന്റെ കാലാവധി നാളെ അവസാനിക്കുന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത്. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം കഴിഞ്ഞ മെയ് 16 നാണ് സീല്‍ ചെയ്യാന്‍ ഇടക്കാല ഉത്തരവിട്ടത്.
◾ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനു വൃക്ക ദാനവുമായി മകള്‍. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മകള്‍ രോഹിണി ആചാര്യയാണ് പിതാവിന് വൃക്ക നല്‍കുന്നത്. കഴിഞ്ഞ മാസം സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെയാണ് ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
◾യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്നു മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി ജനുവരി മുതല്‍ തുടങ്ങും. എല്ലാ ജീവനക്കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
◾ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി ക്കൊന്ന 26 കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിക്കാണ് വധശിക്ഷ.
◾ഖത്തര്‍ ലോകകപ്പിനുള്ള 25 അംഗ ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍ എന്നിവര്‍ സ്ഥാനമുറപ്പിച്ച ടീമില്‍ പരിക്കിന്റെ പിടിയിലുള്ള റാഫേല്‍ വരാനെയും ഒളിവര്‍ ജിറൂദുമുണ്ട്. അതേ സമയം പരിക്കിന്റെ പിടിയിലുള്ള പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
◾ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും നിരാശരാക്കിയ മത്സരത്തില്‍ 40 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും 33 പന്തില്‍ 63 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നുന്ന പ്രകടനമാണ് പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ നേടാന്‍ തുണയായത്.
◾കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതിഅടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിങ് മുഖേനയുള്ള ഇപേമെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് കൗണ്ടറിലൂടെ അടക്കുന്ന കാശ്, ചെക്ക്, ഡിഡി, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ജിഎസ്ടി അടയ്ക്കാവുന്നതാണ്. ഇപേമെന്റുകളും ശാഖയില്‍ നേരിട്ടെത്തിയുള്ള പേമെന്റുകളും തത്സമയം തീര്‍പ്പാക്കും. ഇതര ബാങ്കുകളുടെ ചെക്കുകള്‍ മുഖേനയുള്ള പേമെന്റുകള്‍ തീര്‍പ്പാക്കുന്നത് ക്ലിയറിങിനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നിലവിലെ ഇടപാടുകാര്‍ക്കും ഭാവി ഇടപാടുകാര്‍ക്കും രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ സേവനം ലഭിക്കും. ഇതര ബാങ്ക് ഇടപാടുകാര്‍ക്കും ശാഖകളില്‍ നേരിട്ടെത്തി പേമെന്റ് ചെയ്യാവുന്നത്.
◾ധനലക്ഷ്മി ബാങ്ക് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 15.89 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലയളവില്‍ 3.66 കോടിയായിരുന്നു ലാഭം. ഇക്കൊല്ലം ഏപ്രില്‍ജൂണ്‍ ത്രൈമാസത്തില്‍ 26.43 കോടി രൂപ നഷ്ടമാണു രേഖപ്പെടുത്തിയത്. കിട്ടാക്കടത്തിനായുള്ള നീക്കിവയ്പ് കുറഞ്ഞതാണ് ഇക്കുറി ലാഭം ഉയരാന്‍ പ്രധാന കാരണം. പലിശവരുമാനം 262.50 കോടിയും ആകെ വരുമാനം 285.26 കോടിയുമാണ്.
◾ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രം ‘ഹയ’ട്രെയിലര്‍ പുറത്തുവിട്ടു. വാസുദേവ് സനല്‍ ആണ് സംവിധാനം. രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരം അഭിനയിക്കുന്ന ‘ഹയ’യില്‍ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ ഗണത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട് ‘ഹയ’യില്‍.
◾നിവിന്‍ പോളി നായകനാകുന്ന ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റാമിന്റെ സംവിധാനത്തിലാണ് സിനിമ. നിവിന്‍ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. എന്‍ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫി. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉമേഷ് ജെ കുമാര്‍. നിവിന്‍ പോളിയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം ‘സാറ്റര്‍ഡേ നൈറ്റ്’ ആണ്.
◾ഒക്ടോബറില്‍ ഇന്ത്യന്‍ റീട്ടെയില്‍ വാഹനവില്പന രേഖപ്പെടുത്തിയത് മികച്ച നേട്ടം. 2021 ഒക്ടോബറിലെ 14.18 ലക്ഷം യൂണിറ്റുകളേക്കാള്‍ 47.62 ശതമാനം വളര്‍ച്ചയോടെ 20.94 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം നിരത്തിലെത്തിയത്. 2020 ഒക്ടോബറിനേക്കാള്‍ 39.51 ശതമാനവും 2019 ഒക്ടോബറിനേക്കാള്‍ 8.32 ശതമാനവും അധികമാണിത്. മൊത്തം ടൂവീലര്‍ വില്പന 51.10 ശതമാനം ഉയര്‍ന്ന് 15.71 ലക്ഷം യൂണിറ്റുകളിലെത്തി. 66,763 പുതിയ ത്രീവീലറുകളും വിറ്റഴിഞ്ഞു; വര്‍ദ്ധന 65.87 ശതമാനം. പാസഞ്ചര്‍ വില്പന 40.55 ശതമാനം മുന്നേറി 3.28 ലക്ഷം യൂണിറ്റുകളായി. 17.42 ശതമാനം വര്‍ദ്ധനയുമായി 53,362 ട്രാക്ടറുകളും 25.40 ശതമാനം നേട്ടവുമായി 74,443 വാണിജ്യവാഹനങ്ങളും കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി. ടൂവീലറുകളില്‍ ഹീറോയും പാസഞ്ചര്‍ വാഹനശ്രേണിയില്‍ മാരുതിയും ഒന്നാംസ്ഥാനം നിലനിറുത്തി.
◾രഹസ്യങ്ങള്‍ കാഞ്ചിവലിക്കുന്ന ഒരു ഇരട്ടക്കുഴല്‍തോക്കിന്റെയും, നിഗൂഢതകളുടെ നേര്‍ക്കു പായുന്ന അതിലെ ഒറ്റത്തിരയുടെയും കഥയാണിത്. പിടിതരാത്ത മനസ്സുകളെ വരുതിയിലാക്കുന്ന ഒരു ഡോക്ടര്‍, പകയുടെയും പ്രതികാരത്തിന്റെയും ചോര മണക്കുന്ന ലോകത്തിലേക്കു നടത്തുന്ന യാത്രയുടെയും അതില്‍ മറനീക്കി പുറത്തുവരുന്ന അവിശ്വസനീയയാഥാര്‍ഥ്യങ്ങളുടെയും കഥ. പൈശാചികഭാവവും അതീന്ദ്രിയശക്തിയും ഈ മര്‍ഡര്‍ മിസ്റ്ററിയില്‍ ബലാബലം പ്രതിബന്ധം തീര്‍ക്കുന്നു. ബ്ലാക്ക് മാജിക്കും വൈദ്യശാസ്ത്രവും ഇവിടെ മുഖാമുഖം എതിരിടുന്നു. പകലിന്റെയും രാത്രിയുടെയും നിയമങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവാണ്, പഴയ ചില കണക്കുകള്‍ക്കുള്ള തീര്‍പ്പുകല്‍പ്പിക്കല്‍ ചിലപ്പോള്‍ കണിശവും ക്രൂരവുമാകുമെന്ന വെളിപാടാണ് ഈ ക്രൈം നോവലിന്റെ ബാക്കിപത്രം. ‘ഒറ്റത്തിരത്തോക്ക്’. പി. രഘുനാഥ്. എച്ച് ആന്‍ഡ് സി ബുക്സ്. വില 250 രൂപ.
◾പാക്കറ്റ് ഭക്ഷണം പൊണ്ണത്തടി വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഠനം. പ്രോട്ടീന്‍ അമിതമായി വേണമെന്ന ശരീരത്തിന്റെ ആസക്തി, കൊഴുപ്പും കാര്‍ബോഹൈഡ്രോറ്റുകളും അമിതമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലാണ് അവസാനിക്കുന്നത്. തിരക്കിട്ട ജീവിതശൈലി മൂലം ഹോട്ടല്‍ ഭക്ഷണവും പാക്കറ്റിലാക്കി ലഭിക്കുന്ന ഭക്ഷണവും ആളുകള്‍ കൂടുതലായി കഴിക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ അവയില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കുറവായിരിക്കും. ഇതുമൂലം കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഭക്ഷണത്തിന്റെ അളവ് കൂട്ടും. ഇത് സ്വാഭാവികമായും അമിതഭക്ഷണം കഴിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും. എന്നാല്‍ ഇത് പൊണ്ണത്തടി മാത്രമല്ല വിട്ടുമാറാത്ത പല രോഗങ്ങളിലേക്കും നയിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരാള്‍ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അളവ് കുറഞ്ഞാല്‍ സ്വാഭാവികമായും ആ ദിവസം കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം രാവിലെ തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവായിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. 9341 ഓസ്‌ട്രേലിയക്കാരില്‍ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. പഠനത്തിലെ കണ്ടെത്തല്‍ ഒബേസിറ്റി ജേണലിന്റെ പുതിയ പംക്തിയില്‍ പ്രസിദ്ധീകരിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.71, പൗണ്ട് – 93.06, യൂറോ – 81.95, സ്വിസ് ഫ്രാങ്ക് – 83.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.38, ബഹറിന്‍ ദിനാര്‍ – 216.77, കുവൈത്ത് ദിനാര്‍ -264.18, ഒമാനി റിയാല്‍ – 212.32, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.45, കനേഡിയന്‍ ഡോളര്‍ – 60.37.