◾വിഴിഞ്ഞത്ത് കേന്ദ്രസേന അടുത്തയാഴ്ച അവസാനത്തോടെ എത്തിയേക്കും. ബുധനാഴ്ച ഹൈക്കോടതി ഉത്തരവുണ്ടാകുമെന്നാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പ്രതീക്ഷിക്കുന്നത്. തുറമുഖ നിര്‍മാണത്തിനു സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കേന്ദ്രസേനയുടെകാര്യത്തില്‍ കോടതിയാണു തീരുമാനമെടുക്കുന്നതെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്രസേനയെക്കൊണ്ട് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമര സമിതിയുടെ നിലപാട്. അക്രമസംഭവങ്ങളില്‍ ആയിരത്തോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റു ചെയ്യുന്നത് പോലീസിനു കടുത്ത വെല്ലുവിളിയാകും. (കടല്‍ക്കൊള്ള… https://youtu.be/5M08o8U7Usc )
◾ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതുകൊണ്ടാണ് കേന്ദ്രസേനയെ വിളിച്ചുവരുത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തതാണ് വിഴിഞ്ഞത്തെ പ്രശ്നം വഷളാക്കിയത്. ഗീര്‍വാണത്തിനും മാസ് ഡയലോഗുകള്‍ക്കും ഒരു കുറവുമില്ല. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്നും മുരളീധരന്‍.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
◾ക്രൈംബ്രാഞ്ച് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് മരിച്ചുപോയ സഹോദരനാണെന്നു കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതെന്ന് കേസിലെ മുഖ്യസാക്ഷി പ്രശാന്ത്. കോടതിയില്‍ ഹാജരായപ്പോഴാണ് രഹസ്യമൊഴി മാറ്റിപ്പറഞ്ഞത്. സഹോദരന്‍ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് മൊഴി നല്‍കിയിരുന്നത്.
◾കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ അങ്കക്കലിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. ശശരി തരൂരിന്റെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരിപാടികളെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാര്‍ പറയുന്നത്. കെപിസിസിക്കു പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. കോട്ടയത്തു യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ശശി തരൂര്‍ ഇന്നു പ്രസംഗിക്കുന്നത്. പങ്കെടുക്കില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചുര്‍ രാധാകൃഷ്ണനും പറഞ്ഞു. പരിപാടികള്‍ അറിയിച്ച് അനുമതി നേടണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. പത്തനംതിട്ടയില്‍ നാളെയാണു ശശി തരൂരിന്റെ പരിപാടി. എന്നാല്‍ തന്റെ ഓഫീസില്‍നിന്ന് വിവരം അറിയിച്ചിരുന്നെന്നു ശശി തരൂര്‍ പ്രതികരിച്ചു. (കോണ്‍ഗ്രസ് വേതാളങ്ങള്‍- https://youtu.be/qlnWeLq0qcY)
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ശശി തരൂരിനെ പിന്തുണച്ച മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് നേതാവ് ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഒരേയൊരു മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്നു ഷാജി. ശശി തരൂരിന് മലപ്പുറത്തു സ്വീകരണം നല്‍കാന്‍ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. പൊന്നാനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നു പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് കെപിസിസി അംഗത്വം മരവപ്പിച്ചതെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിശദീകരണം.
◾തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’ കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് നല്‍കിയത്.
◾ഉദ്ഘാടനത്തിനു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സൗകര്യത്തിനായി കാത്തിരുന്ന കഴക്കൂട്ടം എലവേറ്റഡ് ഹൈവേ തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരിപ്പാതയാണിത്. 2.71 കിലോമീറ്ററാണ് നാലുവരിപ്പാതയുടെ നീളം. ദേശീയപാത 66 ന്റെ ഭാഗമായുള്ള ഈ പാത തുറന്നതോടെ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഒഴിവാകും. ദേശീയപാത അതോറിറ്റി 200 കോടി രൂപ മുടക്കിയാണ് നിര്‍മിച്ചത്.
◾നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് വേണമെന്ന് ആവശ്യപ്പെട്ടുള്ള തീര്‍ത്ഥാടകന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍. ഇന്നുതന്നെ റിപ്പോര്‍ട്ടു തരണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറോടും എസ്പിയോടും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.
◾ഫിറ്റ്നസ് ടെസ്റ്റിന്റെ തുക ആയിരം രൂപയില്‍നിന്ന് 13,500 രൂപയാക്കി വര്‍ധിപ്പിച്ചതു തടഞ്ഞ കോടതി ഉത്തരവു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുകയാണെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.
◾ദാര്‍ശനികനും എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. ഡോ. എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് കോഴിക്കോട് ക്രൈസ്റ്റ് ഹാളിനു സമീപത്തെ ക്രിസ്തുരാജ പള്ളിയില്‍.
◾ജയിലുകളില്‍ കാലാനുസരണമായ മാറ്റമുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ജയിലെന്ന സങ്കല്‍പം മാറി. ജയില്‍ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി ജയില്‍ മാറിയെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു.
◾കുമളിക്കു സമീപം മുരുക്കടിയില്‍ ഇരുമ്പു കോണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിവാസികളായ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്.
◾ഇടുക്കി വണ്ടിപ്പെരിയാറില്‍ വൈദ്യുതി പോസ്റ്റില്‍ ചാരിയ കോണിയില്‍ കയറി തെരുവു വിളക്കുകള്‍ ഓഫ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മ്ളാമല ചാത്തനാട്ട് വീട്ടില്‍ സലി മോന്‍ (48) ആണ് മരിച്ചത്. വഴിവിളക്ക് തെളിക്കാന്‍ കരാറെടുത്തയാളുടെ തൊഴിലാളിയാണ് സലിമോന്‍.
◾ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ദോഹയില്‍ മരിച്ചു. അഡ്വ. ജോണി മാത്യൂവിന്റെയും നിഷിയുടേയും മകനാണ്.
◾അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പുലര്‍ച്ചെ നാലരയ്ക്ക് ഷോളയൂര്‍ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനാണു കൊല്ലപ്പെട്ടത്. ശുചിമുറിയില്ലാത്ത വീട്ടില്‍നിന്നു രാത്രി പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് ഒറ്റയാനു മുന്നില്‍ അകപ്പെട്ടത്.
◾കൊച്ചിയില്‍ പട്ടാപ്പകല്‍ കാല്‍നട യാത്രക്കാരിയായ ബംഗാള്‍ സ്വദേശിനിക്കു നടുറോഡില്‍ വെട്ടേറ്റു. അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. കലൂര്‍ ആസാദ് റോഡില്‍ സന്ധ്യ എന്ന യുവതിക്കാണു വെട്ടേറ്റത്. മുന്‍ കാമുകന്‍ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം.
◾മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി കോളജ് ഹോസ്റ്റലുകളില്‍നിന്നു മൊബൈലുകളും ലാപ് ടോപ്പുകളും കവര്‍ന്ന കേസില്‍ രണ്ടു കൗമാരക്കാരെ പൊലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരാളും കഴക്കൂട്ടം കരിയില്‍ സ്വദേശി സുജിത്തും (19) ആണ് പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്.
◾വീട്ടമ്മയെ ബലാത്സംഗംചെയ്ത് 22 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാര്‍ (45) എന്ന പ്രദീപിനെയാണ് വടക്കഞ്ചേരി പൊലീസ് തമിഴ്നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2000 ലായിരുന്നു കേസിനാസ്പദമായ സംഭവം.
◾സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ സ്വന്തമാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്റണിയെ അറസ്റ്റു ചെയ്തു. കുമളി പൊലീസാണ് അറസ്റ്റു ചെയ്തത്.
◾തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ വിലക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്. ഇക്കാര്യം ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
◾ഡല്‍ഹി എയിംസിലെ സര്‍വര്‍ ഹാക്കിംഗ് വിദേശത്തുനിന്നാണെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. നവംബര്‍ 23 ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നത്. അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ രാജസ്ഥാനില്‍. 20 ദിവസം രാജസ്ഥാനിലുടെയാണു യാത്ര. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ശീതസമരം നടക്കുന്നതിനിടെയാണ് യാത്രയുമായി രാഹുല്‍ എത്തുന്നത്.
◾കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന്. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരാനുള്ള തീരുമാനം ഈ യോഗത്തില്‍ സോണിയാ ഗാന്ധി അറിയിക്കും.
◾ഛത്തിസ്ഗഡ് നിയമസഭ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമുള്ള സംവരണം 76 ശതമാനമാക്കി ഉയര്‍ത്തി. ഇതിനായി രണ്ടു ഭേദഗതി ബില്ലുകള്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി.
◾ബംഗാളിലെ കിഴക്കന്‍ മേദിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഭിഷേക് ബാനര്‍ജിയുടെ റാലി നടക്കാനിരിക്കുന്ന വേദിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കര്‍ണാടക ഹൈക്കോടതിയുടെ നോട്ടീസ്. കന്നട ചിത്രമായ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നേതാക്കളായ ജയറാം രമേശ്, സുപ്രിയ ശ്രീനേത് എന്നിവര്‍ക്കും കോടതി നോട്ടീസുണ്ട്.
◾സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു തിരുവനന്തപുരത്തു തുടക്കം. ആദ്യ സ്വര്‍ണം പാലക്കാട് ജില്ലയിലെ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദ് സ്വന്തമാക്കി. 3000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തിലാണു സ്വര്‍ണം നേടിയത്. നാട്ടിലെ ക്ലബ് സ്പോണ്‍സര്‍ ചെയ്ത സ്പൈക്കു ധരിച്ച് ഓടിയാണ് സ്വര്‍ണം നേടിയത്.
◾ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലണ്ട്സ് യുഎസ്എയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന ആസ്ട്രേലിയയുമായി ഏറ്റുമുട്ടും. അട്ടിമറികള്‍ സംഭവിക്കാതെ നെതര്‍ലണ്ട്സും അര്‍ജന്റീനയും ക്വാര്‍ട്ടറിലേക്ക് മുന്നേറുമെന്നാണ് ആരാധകപക്ഷം.
◾സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4945 രൂപയായി. 39,560 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 400 രൂപയാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1800 ഡോളര്‍ കടന്നിരുന്നു. യു.എസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകാനുള്ള സാധ്യത കൂടുതല്‍ സുരക്ഷിതമായ നിക്ഷേപത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ തോത് കുറക്കുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്.
◾ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട് ടിവികള്‍ക്ക് റെക്കോര്‍ഡ് വില്‍പന. രാജ്യത്തെ സ്മാര്‍ട് ടിവി വില്‍പനയില്‍ മൂന്നാം പാദത്തില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവി വില്‍പന മൊത്തം വില്‍പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. കൗണ്ടര്‍പോയിന്റ് ഐഒടി സര്‍വീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയുടെ സ്മാര്‍ട് ടിവി വിപണിയുടെ 40 ശതമാനം കൈവശപ്പെടുത്തി. ചൈനീസ് ബ്രാന്‍ഡുകള്‍ 38 ശതമാനം വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. 30,000 രൂപയ്ക്ക് താഴെ വില പരിധിയിലുള്ള ഡോള്‍ബി ഓഡിയോ, ഉയര്‍ന്ന റിഫ്രഷ് റേറ്റ്, മികവാര്‍ന്ന വോയിസ് ഔട്ട്പുട്ട് എന്നിവ പോലുള്ള മികച്ച ഫീച്ചറുകളുമായാണ് സ്മാര്‍ട് ടിവികള്‍ വരുന്നത്. മൊത്തത്തിലുള്ള സ്മാര്‍ട് ടിവി വിഭാഗത്തില്‍ 11 ശതമാനം വിഹിതവുമായി ഷഓമിയാണ് ഒന്നാമത്. സാംസങ് ആണ് രണ്ടാം സ്ഥാനത്ത്. റിയല്‍മി, സോണി, ഹെയര്‍ തുടങ്ങി ബ്രാന്‍ഡുകള്‍ ആദ്യത്തെ പത്തില്‍ ഉള്‍പ്പെടുന്നു.
◾സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്സ്. ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഷെയിന്‍ നിഗവും സണ്ണി വെയ്നും കിടിലന്‍ പോലീസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിര്‍വഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്.
◾വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘സാം ബഹദുര്‍’. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയാണ് വിക്കി കൗശല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2023 ല്‍ റിലീസ് ചെയ്യും. ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.
◾വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി. 2023 ജനുവരി മുതല്‍ നടപ്പിലാക്കുന്ന വില വര്‍ധന വേരിയന്റുകളിലും മോഡല്‍ അടിസ്ഥാനത്തിലും വ്യത്യസ്തമായിരിക്കും. 2022 നവംബറില്‍, ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 132,395 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 109,726 യൂണിറ്റുകളില്‍ നിന്ന്. 2021 നവംബറില്‍ 17,473 യൂണിറ്റുകളില്‍ നിന്ന് 18,251 മിനി കാറുകള്‍ (ഓള്‍ട്ടോ, എസ്-പ്രസ്സോ ഉള്‍പ്പെടെ) വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. കോംപാക്റ്റ് വിഭാഗത്തില്‍ സെലെരിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, മാരുതി സുസുക്കി 47 റെക്കോര്‍ഡ് ചെയ്തു. മുന്‍ വര്‍ഷം ഇതേ മാസത്തിലെ 57,019 യൂണിറ്റുകളില്‍ നിന്ന്. ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, എര്‍ട്ടിഗ, എസ്-ക്രോസ് എന്നിവയുടെ 24,574 യൂണിറ്റുകളാണ് കമ്പനി റീട്ടെയില്‍ ചെയ്തത്.
◾എന്‍.എസ് മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണില്‍ നിന്നുദിച്ചുയരുന്ന വാക്കുകള്‍ കൊണ്ട് ഈ കഥാകാരന്‍ നമ്മുടെ ഭാഷയില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണര്‍ത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണത്. ‘ഹിഗ്വിറ്റ’. എന്‍ എസ് മാധവന്‍. ഡിസി ബുക്സ്. വില 108 രൂപ.
◾കാലാവസ്ഥയും ടോണ്‍സിലൈറ്റിസും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ചില പ്രത്യേക ബാക്ടീരിയകളും വൈറസുകളും കൂടുതല്‍ പെരുകുന്നതും അവ ശരീരത്തിലേക്കു കടക്കുന്നതും ചില പ്രത്യേക കാലാവസ്ഥയുണ്ടാകുമ്പോഴാണ്. എന്നാല്‍ ഏതു കാലാവസ്ഥയിലും ടോണ്‍സിലൈറ്റിസ് ഉണ്ടാകാം. ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണു ടോണ്‍സിലൈറ്റിസ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ രോഗാണു ശക്തനാവുമ്പോഴോ ടോണ്‍സിലില്‍ അണുബാധയുണ്ടായി വീക്കവും പഴുപ്പും ഉണ്ടാകും. രണ്ടു മുതല്‍ 15 വയസുവരെയുള്ള കുട്ടികളിലാണു പ്രധാനമായും ഈ രോഗം കാണപ്പെടുന്നത്. മുതിര്‍ന്നവരിലും ഈ രോഗമുണ്ടാകാമെങ്കിലും 50 വയസിനു ശേഷം ഇതു വളരെ അപൂര്‍വമാണ്. ബാഹ്യാന്തരീക്ഷത്തിലും ശരീരത്തിലും രോഗാണു വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടായാല്‍ രോഗം വേഗത്തില്‍ പിടിപെടുന്നു. സാധാരണ ടോണ്‍സില്‍ കാണപ്പെടുന്നതിനേക്കാള്‍ വലുപ്പം കൂടുന്നതായി കാണപ്പെട്ടാല്‍ രോഗാവസ്ഥയുള്ളതായി കണക്കാക്കാം. ചുവന്നനിറം, വീക്കം, ടോണ്‍സിലില്‍ മഞ്ഞ നിറത്തിലുള്ള കുത്തുകള്‍ എന്നിവ ലക്ഷണങ്ങളാണ്. ചിലരില്‍ താടിയുടെ അടിഭാഗത്തായി ലിംഫ്നോഡ് ഗ്രന്ഥികള്‍ വീങ്ങിയിരിക്കുന്നതിന്റെ ഫലമായി ചെറിയ തടിപ്പും കാണപ്പെടും. ടോണ്‍സിലൈറ്റിസ് ഉള്ളപ്പോള്‍ ഈ തടിപ്പില്‍ തൊട്ടാല്‍ വേദന അനുഭവപ്പെടും. ടോണ്‍സിലൈറ്റിസിനു ചികിത്സിക്കാതിരുന്നാല്‍ ടോണ്‍സില്‍ അണുബാധ ശക്തമായി അതു കഴുത്തിലേക്കു ബാധിച്ചു മരണകാരണമായി വരെ തീരും. അതുപോലെ ചികിത്സിക്കാതിരിക്കുന്നതു ഹൃദയത്തെയും വൃക്കയേയും വരെ ദോഷകരമായി ബാധിക്കാം. വീട്ടില്‍ ഒരാള്‍ക്കു ടോണ്‍സിലൈറ്റിസ് ഉണ്ടായാല്‍ ഒരാളില്‍ നിന്നും രോഗം മറ്റൊരാളിലേക്കു പെട്ടെന്നു പകരും. രോഗിയുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ വരുന്ന സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴാണു ടോണ്‍സിലൈറ്റിസ് പകരുന്നത്. ടോണ്‍സിലൈറ്റിസുള്ളവരില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായും ടവ്വല്‍ ഉപയോഗിച്ചു പൊത്തിപ്പിടിക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.42, പൗണ്ട് – 100.15, യൂറോ – 85.80, സ്വിസ് ഫ്രാങ്ക് – 86.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.33, ബഹറിന്‍ ദിനാര്‍ – 215.98, കുവൈത്ത് ദിനാര്‍ -265.63, ഒമാനി റിയാല്‍ – 211.21, സൗദി റിയാല്‍ – 21.66, യു.എ.ഇ ദിര്‍ഹം – 22.17, ഖത്തര്‍ റിയാല്‍ – 22.36, കനേഡിയന്‍ ഡോളര്‍ – 60.33.