◾ബഫര്‍സോണിനെതിരേ പരാതി പ്രളയം. ഇന്നുച്ചവരെ പന്തീരായിരത്തിലേറെ പരാതികളാണ് ഫയല്‍ ചെയ്തത്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍. ജനുവരി 11 നു സുപ്രീം കോടതി കേസ് പരിഗണിക്കും. അതിനു മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം.
◾പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനു സ്വത്തു കണ്ടുകെട്ടാന്‍ വൈകുന്നതില്‍ കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. കണ്ടുകെട്ടാന്‍ ഒരു മാസത്തെ സാവകാശം വേണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. റവന്യു റിക്കവറി നടപടികള്‍ക്കു ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. മനഃപൂര്‍വമായ വീഴ്ച വരുത്തിയില്ല. രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുവകകള്‍ ജനുവരി 15 നകം കണ്ടുകെട്ടുമെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടേയും ആരോഗ്യ വകുപ്പു സെക്രട്ടറിമാരുടേയും യോഗം ഇന്നു മൂന്നിന്. ചൈന അടക്കം വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. മാസ്‌ക്, ആശുപത്രികള്‍ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.
◾നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി പത്തുവയസുകാരി നിദ ഫാത്തിമ മരിച്ച സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. സിപിഎമ്മിന്റെ എ.എം ആരിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചു. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ തന്നില്ലെന്ന് കേരള അസോസിയേഷന്‍ ഹൈക്കോടതിയില്‍ അറിയിക്കും. നിദാ ഫാത്തിമയുടെ പിതാവ് ഷിഹാബ് നാഗ്പൂരിലെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
◾തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 26 തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. തീവ്രന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനകം ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേക്കു നീങ്ങും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെ കേസ്. ഇന്ത്യന്‍ കോഫീ ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ അനില്‍ മണക്കാടിനെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
◾തോരണത്തില്‍ കഴുത്തു കുടുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയ്ക്കു പരിക്കേറ്റ സംഭവത്തില്‍ തോരണം കെട്ടിയ റോഡ് കോര്‍പറേഷന്റേതല്ല, പൊതുമരാമത്തു വകുപ്പിന്റേതാണെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍. തോരണം കെട്ടാന്‍ സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സഭയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും കോര്‍പറേഷന്‍ സെകട്ടറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായി അറിയിക്കും.
◾ഹോംസ്‌റ്റേയിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ ഉടമയായ സിഐടിയു പ്രവര്‍ത്തകനും സഹായിയും മര്‍ദിച്ച. സിപിഎം ആലപ്പുഴ മുല്ലക്കല്‍ ബ്രാഞ്ച് സെക്രട്ടറിയും മുല്ലയ്ക്കല്‍ നന്മ റെസിഡന്‍സ് അസോസിയേഷന്‍ ട്രഷററുമായ സോണി ജോസഫിനാണ് (37) മര്‍ദനമേറ്റത്.
◾
◾ശബരിമല ക്ഷേത്രത്തിലേക്കുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടു. 26 നു ശബരിമലയില്‍ എത്തും.
◾ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയാണു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുത്തെന്നും മറുപടി നല്‍കി.
◾കാസര്‍കോട് മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കുകയും സാധനങ്ങള്‍ അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് എരഞ്ഞിപ്പുഴ സ്വദേശി മുസ്തഫ നശിപ്പിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
◾തൃശൂര്‍ വെള്ളിക്കുളങ്ങര ചൊക്കന വനാതിര്‍ത്തിയിലെ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചത് രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കണ്ടത്. മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക് സംരക്ഷണമൊരുക്കി സ്ഥലത്തു നില്‍പ്പുണ്ട്.
◾കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതുമൂലം മൃതദേഹം ചുമന്ന് ഇറക്കി. കാലടി ശ്രീമൂലനഗരം സ്വദേശി സുകുമാരന്റെ മൃതദേഹമാണ് ബന്ധുക്കള്‍ ചുമന്ന് താഴെയിറക്കേണ്ടിവന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്.
◾നോട്ടുനിരോധനക്കേസില്‍ സുപ്രീം കോടതി ജനുവരി രണ്ടിന് വിധി പറയും. 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി പറയുക. ജനുവരി നാലിനു വിരമിക്കുന്ന ജസ്റ്റിസ് എസ്.എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
◾കോടതികളെയും കേന്ദ്ര സര്‍ക്കാര്‍ വരുതിയിലാക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമര്‍ശത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം. സോണിയയെ വിമര്‍ശിച്ച് രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം രേഖകളില്‍നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പരിഗണിച്ച് ഇരുസഭകളുടേയും ശൈത്യകാല സമ്മേളനം പിരിഞ്ഞു.
◾കഴിഞ്ഞ മാസം ഇന്ത്യയില്‍ 37.16 ലക്ഷം വാട്‌സ്ആപ് അക്കൗണ്ടുകള്‍ നിരോധിച്ചു. രാജ്യത്ത് നിരോധിച്ച വാട്ട്‌സാപ്പ് അക്കൗണ്ടുകളില്‍ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കള്‍ ഫ്‌ളാഗ് ചെയ്യുന്നതിനുമുമ്പുതന്നെ തടഞ്ഞതാണ്. ഒക്ടോബറില്‍ രാജ്യത്ത് 23.24 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്‌സാപ്പ് നിരോധിച്ചിരുന്നു.
◾ചൈനയില്‍ പ്രതിദിന കൊവിഡ് രോഗബാധ പത്തു ലക്ഷമെന്ന് വിലയിരുത്തല്‍. മരണ നിരക്ക് അയ്യായിരമെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരിയിലും മാര്‍ച്ചിലും പുതിയ കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
◾സൗദി അറേബ്യയില്‍ വ്യക്തിഗത വിസയിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യാമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം. മള്‍ട്ടിപ്പിള്‍ വിസയിലെത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെയാണ് വിസാ കാലാവധി. സൗദി പൗരന്‍മാര്‍ക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരാന്‍ അനുവാദിക്കുന്നതാണ് വ്യക്തിഗത വിസ.
◾രാജ്യാന്തര കുറ്റവാളി ചാള്‍സ് ശോഭരാജ് നേപ്പാളിലെ ജയിലില്‍നിന്നു മോചിതനായി. 15 ദിവസത്തിനകം ഇയാളെ നാടുകടത്താനാണ് നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
◾ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയില്‍. ഉച്ചയ്ക്ക് രണ്ടരയ്ക്കു ലേലം തുടങ്ങും. 405 താരങ്ങളെയാണു ലേലം ചെയ്യുക. ഇതില്‍ പത്തു ടീമുകള്‍ക്ക് വേണ്ടത് 87 പേരെ. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്സ്, സാം കറന്‍, ഹാരി ബ്രൂക്ക്, ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് സൂപ്പര്‍ താരങ്ങള്‍. പത്ത് മലയാളി താരങ്ങളില്‍ രോഹന്‍ കുന്നുമ്മലിന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. ലിസ്റ്റില്‍ 54-ാം സ്ഥാനത്തുള്ള പേസര്‍ കെ.എം ആസിഫിന് 30 ലക്ഷമാണ് അടിസ്ഥാന വില.
◾നെടുമ്പാശേരിയില്‍ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരും. ഐപിഎല്‍ താരലേലത്തിനായി കൊച്ചിയിലെത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു. കെസിഎ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിന് അരികിലുള്ള 30 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം സജ്ജമാക്കുക.
◾ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍. 86 റണ്‍സെടുത്ത റിഷഭ് പന്തും 58 റണ്‍സെടുത്ത ശ്രേയസ് അയ്യരും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം കുത്തനെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ രണ്ട് ദിനമായി സ്വര്‍ണവില 520 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി വെള്ളിയുടെ വില വര്‍ദ്ധിച്ചിരുന്നു. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ്. വിപണി വില.
◾ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രദ്ധേയമായ പ്രൊഫൈലുകള്‍ക്ക് വിവിധ നിറത്തിലുള്ള ടിക് മാര്‍ക്കുകളാണ് നല്‍കുക. കൂടാതെ, പ്രൊഫൈല്‍ ചിത്രങ്ങളുടെ ആകൃതി, വലിപ്പം എന്നിവയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്ലൂ ടിക്കിന് പുറമേ, ഗോള്‍ഡന്‍ ടിക്ക്, ഗ്രേ ടിക്ക് എന്നിവയും ഇപ്പോള്‍ നല്‍കുന്നു. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് സാധാരണയായി ബ്ലൂ ടിക്ക് ആണ് ട്വിറ്റര്‍ നല്‍കുന്നത്. പുതിയ അപ്‌ഡേറ്റില്‍ പ്രതിമാസം സബ്‌സ്‌ക്രിപ്ഷന്‍ തുക അടയ്ക്കുന്ന ഏതൊരു വ്യക്തിക്കും അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് ലഭിക്കുന്നതാണ്. ട്വിറ്റര്‍ പുതുതായി അവതരിപ്പിച്ച ഗോള്‍ഡന്‍ ടിക്ക് ഒഫീഷ്യല്‍ ബിസിനസ് അക്കൗണ്ടുകള്‍ക്കാണ് നല്‍കുന്നത്. ഇതോടെ, ബിസിനസ് അക്കൗണ്ടുകളെ പ്രത്യേകം വേര്‍തിരിച്ചറിയാന്‍ സാധിക്കും. ബിസിനസ് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ചതുരാകൃതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ തലവന്മാര്‍, ഔദ്യോഗിക വക്താക്കള്‍, നയതന്ത്ര നേതാക്കള്‍, സര്‍ക്കാര്‍ പ്രൊഫൈലുകള്‍, രാജ്യാന്തര സംഘടനകള്‍, എംബസികള്‍ തുടങ്ങിയ ഔദ്യോഗിക വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ട്വിറ്റര്‍ ഗ്രേ ടിക്ക് നല്‍കുന്നത്.
◾ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘പഠാനി’ലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടു. ‘കുമ്മേസേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം പുറത്തിറക്കി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലി വലിയ വിവാദത്തിലായിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
◾2022ല്‍ ആഗോള തലത്തില്‍ 1000 കോടിയും കടന്ന് ഇന്ത്യന്‍ ബോക്സോഫീസിനെ പിടിച്ചുകുലുക്കിയ രണ്ട് വമ്പന്‍ ഹിറ്റുകള്‍ പിറന്നത് കന്നട, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നാണ്. അതിലൊന്ന് കെജിഎഫ് ചാപ്റ്റര്‍ 2 ആയിരുന്നു. സംവിധായകന്‍ പ്രശാന്ത് നീലും നായകന്‍ യഷും ഒന്നിച്ചപ്പോള്‍ കന്നട സിനിമയില്‍ നിന്നും വീണ്ടുമൊരു ചരിത്രം പിറന്നു. 100 കോടി മുടക്കി നിര്‍മ്മിച്ച സിനിമ 1,250 കോടിയാണ് ആഗോള തലത്തില്‍ നിന്നും വാരിക്കൂട്ടിയത്. ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ആര്‍ആര്‍ആര്‍. 550 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 1,200 കോടി രൂപയാണ് ആഗോള കളക്ഷന്‍ നേടിയത്. മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ 500 കോടിയാണ് ആഗോള തലത്തില്‍ നിന്നും നേടിയത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ കമല്‍ ഹാസന്‍ ചിത്രം വിക്രം ആഗോള ബോക്സോഫീസില്‍ നിന്നും 426 കോടി രൂപയാണ് നേടിയത്. 410 കോടി രൂപ മുടക്കി കരണ്‍ ജോഹറും സംഘവും നിര്‍മ്മിച്ച്, അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ അഞ്ചാമത്. 430 കോടി രൂപ.
◾നാലാം തലമുറ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നു. 2023 ജനുവരിയില്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വാഹനം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ പുതിയ കാര്‍ണിവല്‍ എംപിവിയും സോറന്റോയും ഇറക്കുമതി ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍, പുതിയ കിയ കാര്‍ണിവലിന് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 3.5 എല്‍ വി6 എംപിഐ പെട്രോള്‍, ഒരു പുതിയ 2.2എല്‍ സ്മാര്‍ട്ട്‌സ്ട്രീം, 3.5എല്‍ ജിഡിഐ വി6 സ്മാര്‍ട്ട് സ്ട്രീം. 3.5എല്‍ പെട്രോള്‍ യൂണിറ്റ് 332എന്‍എം 268ബിഎച്പി നല്‍കുന്നു, 2.2എല്‍, 3.5എല്‍ സ്മാര്‍ട് സ്ട്രീം മോട്ടോറുകള്‍ യഥാക്രമം 355എന്‍എം 290ബിഎച്പിയും 440എന്‍എംല്‍ 199ബിഎച്പിയും നല്‍കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍, 200 ബിഎച്ച്പിയും 440 എന്‍എം ടോര്‍ക്കും പര്യാപ്തമായ നിലവിലുള്ള 2.2 എല്‍ ഡീസല്‍ എഞ്ചിനുമായി എംപിവി വരുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണിത്.
◾ഇന്ത്യയിലെ ഒരുപാട് തലമുറകള്‍ക്ക് പ്രചോദനമായിട്ടുണ്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതം. അഗ്‌നിച്ചിറകുകള്‍ എന്ന ആത്മകഥ ഇപ്പോഴും കുട്ടികളെയും യുവാക്കളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു. ദ്രൗപദി മുര്‍മുവിന്റെ ജീവിതവും അത്തരത്തിലുള്ളതു തന്നെയാണ് എന്ന് ഈ ചെറുജീവചരിത്രം നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒഡീഷയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ദ്രൗപദി മുര്‍മുവിന്റെ ഇന്ത്യന്‍ രാഷ്ട്രപതിയിലേക്കുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന പുസ്തകം. ദ്രൗപദി മുര്‍മു കടന്നുപോയ കഷ്ടകാണ്ഡങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കുന്ന ഈ ജീവചരിത്രം, ജീവിതത്തിന്റെ തിരിച്ചടികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ നമുക്ക് ആത്മധൈര്യം പകരുന്നു. ‘ദ്രൗപദി മുര്‍മു’. പി.എസ് രാകേഷ്. മാതൃഭൂമി ബുക്‌സ്. വില 102 രൂപ.
◾എയ്‌റോബിക് വ്യായാമം പതിവാക്കുന്നത് ശാരീരികാരോഗ്യം മാത്രമല്ല ഓര്‍മശക്തിയും മെച്ചപ്പെടുത്തുമെന്നും ഇത് അല്‍ഷിമേഴ്സ് രോഗത്തില്‍നിന്നു സംരക്ഷണമേകുമെന്നും പഠനം. ചടഞ്ഞുകൂടി ഇരിക്കുന്നവരില്‍ പോലും വ്യായാമശീലം ഉണ്ടാക്കിയാല്‍ അല്‍ഷിമേഴ്സില്‍ നിന്ന് തലച്ചോറിന് സംരക്ഷണം നല്‍കാം. യുഎസിലെ വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു ഇവര്‍. ഇവരാരും വ്യായാമം ചെയ്യാത്തവരായിരുന്നു. കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് പരിശോധന, ദിവസവുമുള്ള ശാരീരികപ്രവര്‍ത്തനങ്ങളുടെ അളവ്, ബ്രെയ്ന്‍ ഗ്ലൂക്കോസ് മെറ്റബോളിസം ഇമേജിങ്, ബുദ്ധി പരിശോധനകള്‍ എന്നിവയ്ക്ക് വിധേയരായി. ഇവരില്‍ പകുതി പേര്‍ക്ക് ആക്ടീവ് ആയ ജീവിതശൈലി നിലനിര്‍ത്താനുള്ള വിവരങ്ങള്‍ പകര്‍ന്നു നല്‍കി. ബാക്കിയുള്ളവര്‍ക്ക് ഒരു പേഴ്സണല്‍ ട്രെയ്നറെ വച്ച് ട്രെഡ്മില്‍ പരിശീലനം നല്‍കി. സാധാരണ വ്യായാമം ചെയ്തവരേക്കാള്‍ ട്രെയ്നിങ് പ്രോഗ്രാമില്‍ പങ്കെടുത്തവരുടെ കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്നസ് മെച്ചപ്പെട്ടതായും ബൗദ്ധിക പരീക്ഷകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായും പഠനത്തില്‍ കണ്ടെത്താനായി. കാര്‍ഡിയോ റസ്പിറേറ്ററി ഫിറ്റ്‌നസ് മെച്ചപ്പെട്ടതോടെ അല്‍സ്‌ഹൈമേഴ്‌സുമായി ബന്ധപ്പെട്ട തലച്ചോറിലെ പോസ്റ്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടക്‌സിലെ ബ്രെയ്ന്‍ ഗ്ലൂക്കോസ് മെറ്റബോളിസം വര്‍ധിച്ചു. പതിവായുള്ള എയ്‌റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി പഠനത്തില്‍ തെളിഞ്ഞു. അല്‍സ്‌ഹൈമേഴ്‌സിന്റെ കുടുംബചരിത്രം ഉള്ളവരില്‍ എയ്‌റോബിക് വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ പഠനം ഏറെ പ്രധാനമാണ്. ബ്രെയ്ന്‍ പ്ലാസ്റ്റിസിറ്റി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.85, പൗണ്ട് – 99.98, യൂറോ – 88.00, സ്വിസ് ഫ്രാങ്ക് – 88.99, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.51, ബഹറിന്‍ ദിനാര്‍ – 219.76, കുവൈത്ത് ദിനാര്‍ -270.40, ഒമാനി റിയാല്‍ – 215.20, സൗദി റിയാല്‍ – 22.03, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 60.85.