◾വിഴിഞ്ഞം തുറമുഖ മേഖലയിലെ സുരക്ഷാ ചുമതല കേന്ദ്രസേനയെ ഏല്‍പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു തേടി. കേന്ദ്രസേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടിയെന്നു അദാനി ഗ്രൂപ്പു ചോദിച്ചിരുന്നു. കേസ് ബുധനാഴ്ചത്തേക്കു മാറ്റി. (കടല്‍ക്കൊള്ള… https://youtu.be/5M08o8U7Usc )
◾തിരുവന്തപുരം കോര്‍പറേഷനിലെ നിയമന ശുപാര്‍ശക്കത്ത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. നിയമനം നടത്താത്തതിനാല്‍ സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയും അന്വേഷിക്കുന്നില്ല. മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല, മേയര്‍ കത്തെഴുതിയില്ലെന്നാണ് മൊഴി എന്നീ വാദങ്ങളും വിജിലന്‍സ് നിരത്തിയിട്ടുണ്ട്.
◾കോവളത്ത് വിദേശ വനിതയെ ലഹരിമരുന്നു നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നല്‍കിയ ഹര്‍ജിയും തളളി.
◾വിഴിഞ്ഞം സമരത്തിലെ ആക്രമണ കേസുകളില്‍ പ്രതികളായ ആയിരത്തോളം പേരുടെ വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി പോലീസ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ വേറെ സംഘവുമുണ്ട്.
◾വിഴിഞ്ഞത്തു പോലീസിനെക്കൊണ്ടു കലാപമുണ്ടാക്കിച്ചതിന്റെ രഹസ്യം ഇപ്പോഴാണ് വെളിപ്പെട്ടതെന്ന് സമരസമിതി നേതാവുകൂടിയായ തിരുവനന്തപുരം വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര. വിഴിഞ്ഞത്തു കേന്ദ്രസേനയെ നിയോഗിക്കാമെന്നു കോടതിയെ അറിയിച്ചിരിക്കേയാണ് ഈ പ്രതികരണം. കേന്ദ്രസേനയെ വിളിച്ചുവരുത്താന്‍ സര്‍ക്കാര്‍ കലാപം സൃഷ്ടിക്കേണ്ടിയിരുന്നില്ല. അദ്ദേഹം പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖
◾മോദി സര്‍ക്കാര്‍ കര്‍ഷക സമരത്തോടു ചെയ്തതുതന്നെയാണ് പിണറായി വിജയന്‍ വിഴിഞ്ഞം സമരത്തോടു ചെയ്യുന്നതെന്ന് തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയന്‍. വിഴിഞ്ഞം സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സര്‍ക്കാരിന്റെ ദൗര്‍ബല്യം കൊണ്ടാണ്. വിഴിഞ്ഞം പദ്ധതിക്കു പിറകില്‍ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയന്‍ ഉള്‍പ്പടെ ഒന്‍പതു പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു.
◾വിഴിഞ്ഞം സമരത്തില്‍ തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സഹോദരന്‍തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞതാണ്. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
◾വിഴിഞ്ഞം സമരം ഇപ്പോള്‍ വെജിറ്റേറിയനാണ്; അതിനെ പിണറായി നോണ്‍ വെജിറ്റേറിയനാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. 450 കോടി രൂപയുടെ പാക്കേജിനായി മത്സ്യതൊഴിലാളികള്‍ ആറര വര്‍ഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. സംഘപരിവാറിനെ കൂട്ടുപിടിച്ച് വര്‍ഗീയതയും രാജ്യദ്രോഹവും ആരോപിക്കുകന്നത് അധ:പതനാണ്. മുരളീധരന്‍ പറഞ്ഞു.
◾മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തെ അപലപിച്ച് മുസലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉന്നത സ്ഥാനങ്ങളിലുള്ളവര്‍ വാക്കുകള്‍ ശ്രദ്ധയോടെ പ്രയോഗിക്കണം. അപക്വമായ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നു. എന്നാല്‍ അതിനെതിരെ രാജ്യത്തു കുഴപ്പങ്ങളുണ്ടാക്കാന്‍ ലീഗ് ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
◾ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരമെന്നു വര്‍ഗിയവത്കരിക്കുന്നത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സമരക്കാരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നത് യഥാര്‍ഥ പ്രശ്നം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
◾ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സിബിഐയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്കു നിര്‍ദ്ദേശം നല്‍കിയ സുപ്രീം കോടതി, നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശം നല്‍കി. അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്.
◾കോഴിക്കോട് കോര്‍പറേഷന്റെ കോടിക്കണക്കിനു രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. 20 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടാകാമെന്നാണു കരുതുന്നതെന്നു പോലീസ്.
◾കോഴിക്കോട് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ട കോടികള്‍ ഉടനേ തിരിച്ചു നല്കിയില്ലെങ്കില്‍ കേരളത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോര്‍പ്പറേഷന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും 24 മണിക്കൂറിനകം തിരിച്ചു നല്‍കണം. ബാങ്കിനു മുന്നില്‍ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ലണ്ടനില്‍ ഹോട്ടലില്‍ തങ്ങാനും ഭക്ഷണത്തിനും യാത്രയ്ക്കുമായി ചെലവാക്കിയത് 43.14 ലക്ഷം രൂപ. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സന്ദര്‍ശിച്ചപ്പോള്‍ ചെലവാക്കിയ തുകയുടെ വിവരങ്ങള്‍ ലണ്ടനിലെ ഹൈക്കമ്മീഷനില്‍നിന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തായത്. ഹോട്ടലിലെ താമസത്തിന് 18.54 ലക്ഷം രൂപയാണു ചെലവിട്ടത്.
◾മുഖ്യമന്ത്രിയും സംഘവും വിദേശയാത്രയ്ക്ക് എത്ര രൂപ ചെലവഴിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനം സാമ്പത്തിക ക്ളേശം അനുഭവിക്കുമ്പോള്‍ വിദേശത്ത് ഉല്ലാസയാത്ര നടത്തി ഖജനാവിലെ പണം ധൂര്‍ത്തടിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍.
◾കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കി. കോര്‍പറേഷന്‍ വളഞ്ഞാണ് സമരം. പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്റിനെതിരായി സമരം ചെയ്യുന്നവരും അണിനിരന്നു. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഇടുക്കി കണ്ണംപടിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ അറസ്റ്റു ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക വര്‍ഗ പീഡന നിരോധന നിയമമനുസരിച്ചു കേസെടുക്കാന്‍ ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവിട്ടു. ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിക്കെതിരെയാണ് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.
◾‘ഹിഗ്വിറ്റ’ സിനിമയുടെ പേരു മാറ്റണമെന്ന് ഫിലിം ചേംമ്പര്‍. ഹിഗ്വിറ്റ എന്ന പേരു നിലനിര്‍ത്തണമെങ്കില്‍ എന്‍. എസ് മാധവന്റെ അനുമതിപത്രം വാങ്ങണമെന്നും നിര്‍ദേശം നല്‍കി. സിനിമയുടെ പേരു മാറ്റുകയാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചു. മാധവന്‍ ചെറുകഥയ്ക്ക് ഹിഗ്വിറ്റ എന്നു പേരിട്ടത് ആരോട് അനുമതി വാങ്ങിയിട്ടാണെന്നു സംവിധായകന്‍ വേണു ചോദിച്ചു.
◾‘ഹിഗ്വിറ്റ എന്ന തന്റെ കഥയുടെ പേരില്‍ തനിക്ക് ഇനി സിനിമയുണ്ടാക്കാനാവില്ലെന്നതാണു തന്നെ ദു:ഖിപ്പിച്ചതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല. എന്റെ കഥ സിനിമയാക്കുന്നതിനുമുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതു വിഷമമുള്ള കാര്യമാണ്. ഇക്കാര്യം ഫിലിം ചേംബറിനെ അറിയിച്ചിരുന്നെന്നും മാധവന്‍.
◾ആറ്റിങ്ങല്‍ സൂര്യ കൊലക്കേസില്‍ വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെ പ്രതി വീട്ടില്‍ തൂങ്ങി മരിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ ഷിജു (33) വാണ് മരിച്ചത്.
◾ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് തെറിച്ചു വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ. ബസ് നിര്‍ത്താതെ പോയി.
◾താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിനു തീ പിടിച്ചു. താമരശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് സംഭവം. കോഴിക്കോടുനിന്നു വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. 17 യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.
◾ഒരു ലിറ്റര്‍ കള്ള് കുടിക്കാനാണ് പൊലീസിനെ വെട്ടിച്ച് ഓടിയതെന്ന് പൊലീസ് സംരക്ഷണത്തോടെ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി ജോമോന്‍. വയോധികരായ മാതാപിതാക്കളെ കാണാനാണ് ഒരു ദിവസത്തെ പരോളില്‍ പോലീസ് കാവലോടെ ഇടുക്കി രാജാക്കാട് പൊന്മുടിയില്‍ എത്തിയത്. മാതാപിതാക്കളെ കണ്ടശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു.
◾കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസെവാല വധക്കേസിലെ സൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ കസ്റ്റഡിയില്‍. ഇയാള്‍ കാലിഫോര്‍ണിയയിലാണു പിടിയിലായത്. കനേഡിയന്‍ ഗുണ്ടാ നേതാവാണ് ഇയാള്‍. ഇയാളെ വിട്ടുകിട്ടാന്‍ എന്‍ ഐഎ ഉടനേ നടപടികള്‍ ആരംഭിക്കും.
◾റഷ്യന്‍ ആക്രമണത്തില്‍ 13,000 സൈനികരുടെ ജീവന്‍ നഷ്ടമായെന്നു യുക്രൈന്‍. മരണ വിവരം ഇതാദ്യമായാണ് യുക്രൈന്‍ സ്ഥിരീകരിക്കുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം ഇരു പക്ഷത്തുമായി ലക്ഷം വീതം സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ മാസം മുതിര്‍ന്ന യുഎസ് ജനറല്‍ മാര്‍ക്ക് മില്ലി പറഞ്ഞത്.
◾ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ സൗത്ത് കൊറിയയുമായും ഘാന യുറുഗ്വായുമായും ഇന്ന് രാത്രി 8.30 ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍ കാമറൂണുമായും സ്വിറ്റ്സര്‍ലണ്ട് സെര്‍ബിയയുമായും ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30ന് ഏറ്റുമുട്ടും. ഈ മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നാളെ മുതല്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും.
◾സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 39400 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,925 രൂപയായി. മൂന്ന് ദിവസംകൊണ്ട് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4080 രൂപയാണ്. ഡിസംബര്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപയും വര്‍ധിച്ച്, ഒരു പവന്‍ സ്വര്‍ണ്ണത്തിന് 39,000 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4875 രൂപയുമായിരുന്നു വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 70 രൂപയായി.
◾വാട്സ്ആപ്പില്‍ ‘മെസ്സേജ് യുവര്‍സെല്‍ഫ്’ ഫീച്ചര്‍ എത്തി. നിങ്ങള്‍ക്ക് നിങ്ങളുടെ നമ്പറിലേക്ക് തന്നെ സന്ദേശമയക്കാനുള്ള ഓപ്ഷനാണ് ഇതിലൂടെ ലഭിക്കുന്നത്. ചാറ്റിങ്ങിനും കോളിങ്ങിനും പുറമേ, മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഷോപ്പിങ് ലിസ്റ്റ് അടക്കം മറന്നുപോയേക്കാവുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍, കണക്കുകള്‍ സൂക്ഷിക്കാന്‍, പ്രധാനപ്പെട്ട ചിത്രങ്ങളും വിഡിയോകളും സേവ് ചെയ്ത് വെക്കാന്‍. വാട്സ്ആപ്പ് തുറന്ന്, ഏറ്റവും താഴെ വലതുവശത്തായി കാണുന്ന ‘ന്യൂ ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്താല്‍, കോണ്‍ടാക്ട് ലിസ്റ്റ് പ്രത്യക്ഷപ്പെടും. ലിസ്റ്റിന്റെ ഏറ്റവും മുകളിലായി ‘Me (you)’ എന്ന പേരില്‍ ഒരു ചാറ്റ് കാണാന്‍ സാധിക്കും. അതിന് താഴെ മെസ്സേജ് യുവര്‍സെല്‍ഫ് (‘Message Yourself’) എന്നും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സന്ദേശമയച്ച് തുടങ്ങാം.
◾സംവിധായകന്‍ ഷാഫി ഒരുക്കുന്ന ‘ആനന്ദം പരമാനന്ദം’ എന്ന സിനിമയിലെ രണ്ടാമത് ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയ ‘എന്തിനെന്റെ നെഞ്ചിനുള്ളിലെ കൂടുതാഴിടാന്‍ മറന്ന നാള്‍’ എന്ന ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. ഇന്ദ്രന്‍സ്, ഷറഫുദ്ദിന്‍, അനഘ നാരായണന്‍, അജു വര്‍ഗീസ് എന്നിവരാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍. നര്‍മ്മവും ഫാന്റസിയുമൊക്കെ കൈകോര്‍ത്ത് ഒരുക്കുന്ന ഒരു ക്ലീന്‍ എന്റര്‍ടൈനറാണ് ചിത്രം. പഞ്ചവര്‍ണതത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. എം. സിന്ധു രാജാണ് രചന. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്മസിനു മുന്നോടിയായി ഡിസംബര്‍ 23ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
◾അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ ‘ഗോള്‍ഡ്’ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജ് എത്തുന്ന ‘തന്നെ തന്നെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ഗാനരംഗത്തുണ്ട്. രാജേഷ് മുരുകേശന്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നയന്‍താരയാണ് നായിക. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
◾മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയമായ രണ്ട് എസ്യുവികളായ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍, മഹീന്ദ്ര എക്‌സ്യുവി 700 എന്നിവയുടെ 19,184 യൂണിറ്റുകള്‍ തിരിച്ചുവിളിക്കുന്നു. ക്ലച്ച് ബെല്‍ ഹൗസിനുള്ളില്‍ കണ്ടെത്തിയ റബ്ബര്‍ ബെല്ലോയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം പരിഹരിക്കാനാണ് ഈ നീക്കം. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ 6618 യൂണിറ്റുകളും മാനുവല്‍ ഗിയര്‍ബോക്‌സുള്ള മഹീന്ദ്ര എക്‌സ്യുവി700 മോഡലിന്റെ 12,566 യൂണിറ്റുകളും കമ്പനി തിരിച്ചുവിളിക്കും. 2022 ജൂലൈ 1നും 2022 നവംബര്‍ 11നും ഇടയില്‍ നിര്‍മ്മിച്ച സ്‌കോര്‍പ്പിയോ-എന്‍, എക്‌സ്യുവി700 എന്നിവയുടെ യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്.
◾മനുഷ്യചിന്തകളുടെ ഉത്പത്തിമുതല്‍ ഭയം എന്ന വികാരത്തെ ആഴ്ത്തിക്കെട്ടി, ഭീരുത്വത്തോടൊപ്പം ചേര്‍ത്തുവായിക്കുന്ന ഒരു രീതിയാണ് നമുക്കുള്ളത്. മേല്പറഞ്ഞ വികാരത്തിന്റെ അസ്തിത്വം. നാണക്കേടുണ്ടാക്കുന്ന ഒരു വസ്തുതയായതിനാല്‍ അതിനെ നിഷേധിച്ച് ജീവിക്കുന്നവരാണ് പലരും സ്വാഭാവികമായ ഒരു ചോദനതന്നെയാണ് ഭയം. ഭയത്തെ എങ്ങനെ കൈകാര്യംചെയ്യണം എന്ന അറിവ് എല്ലാവര്‍ക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഭയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പ്രശസ്ത സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ വിശദമാക്കുന്നു. ‘ഭയത്തിന്റെ മനശാസ്ത്രം’. ഡിസി ബുക്സ്. വില 152 രൂപ.
◾ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയയ്ക്ക് അഞ്ചുദിവസും ആശുപത്രിയില്‍ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് എട്ടുദിവസവുമാണ് ആന്റിബയോട്ടിക് നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കടുത്ത രക്തദൂഷ്യം, ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ പകരുന്ന ന്യൂമോണിയ എന്നിവയ്ക്ക് പരിശോധനാഫലം വരുന്നതിന് മുന്‍പ് നല്‍കുന്ന എംപരിക്കല്‍ ആന്റിബയോട്ടിക് ചികിത്സയാണ് അഭികാമ്യം. കൂടുതല്‍ വിശദാംശങ്ങള്‍ ഐസിഎംആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.18, പൗണ്ട് – 99.50, യൂറോ – 85.51, സ്വിസ് ഫ്രാങ്ക് – 86.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.41, ബഹറിന്‍ ദിനാര്‍ – 215.29, കുവൈത്ത് ദിനാര്‍ -264.70, ഒമാനി റിയാല്‍ – 210.84, സൗദി റിയാല്‍ – 21.59, യു.എ.ഇ ദിര്‍ഹം – 22.13, ഖത്തര്‍ റിയാല്‍ – 22.10, കനേഡിയന്‍ ഡോളര്‍ – 60.46.