◾സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. ഇഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തി. കേസിന്റെ വിചാരണ കര്‍ണാടകത്തിലേക്കു മാറ്റാന്‍ സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കി. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ല. സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും അന്വേഷിക്കുന്നുണ്ട്. എന്‍.കെ പ്രേമചന്ദ്രന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലമാണ് മറുപടി നല്‍കിയത്.
◾പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രീം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ മുതലെടുപ്പു നടത്തുന്നതു തെറ്റാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവച്ചാണ് കോടതി ഉത്തരവ്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾പോപുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ േൈഹക്കാടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
◾ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയ്കുത യോഗം തീരുമാനിച്ചു. കെപിസിസി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.
◾ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. തിരുവന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും സംഘര്‍ഷമുണ്ടായി. പോലീസിനെതിരേയും ആക്രമണമുണ്ടായി. കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയം ജംഗ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത പോലീസുകാരെ മര്‍ദിക്കുകയും തള്ളി വീഴ്ത്തി കാലില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയുംചെയ്തു. ലിപിന്‍രാജ്, വിപിന്‍ എന്നീ പോലീസുകാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍. രണ്ടു പേരെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ പള്ളിയാന്‍മൂലയിലെ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു വെട്ടേറ്റു. അര്‍ധരാത്രിയോടെയാണു സംഭവം. അനുരാഗ്, ആദര്‍ശ്, അലക്സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമികളായ ആറു പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൊഴിയൂരിലെ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥനു പരിക്ക്. അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. നാട്ടുകാര്‍ വലിയ സ്‌ക്രീന്‍ സ്ഥാപിച്ചു കളി കണ്ടുകൊണ്ടിരുന്നപ്പോള്‍ മദ്യപിച്ചെത്തിയ രണ്ടു യുവാക്കള്‍ അടിപിടിയുണ്ടാക്കി. ഇടപെട്ട പോലീസുകാരനേയും ആക്രമിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ലോകകപ്പ് ഫുട്ബോള്‍ വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണു മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾അര്‍ജന്റീന ലോകകപ്പു ജേതാക്കളായതിന് ആഹ്ലാദം പ്രകടിപ്പിച്ച് സൗജന്യമായി ചിക്കന്‍ ബിരിയാണി വിളമ്പിയ തൃശൂര്‍ ചേറൂരിലെ ഹോട്ടലിനു മുന്നില്‍ വന്‍ ജനത്തിരക്ക്. തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിനരികിലെ ഹോട്ടല്‍ റോക്ക് ലാന്‍ഡാണ് ആദ്യമെത്തുന്ന ആയിരം പേര്‍ക്കു സൗജന്യ ബിരിയാണി വിളമ്പുമെന്നു നേരത്തെത്തന്നെ പ്രചരിപ്പിച്ചിരുന്നത്.
◾ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറില്‍ പഞ്ഞിക്കെട്ട് മറന്നുവച്ച് തുന്നിക്കെട്ടിയെന്ന് പരാതി. ചമ്പക്കുളം നടുഭാഗം സ്വദേശിനിയായ ലക്ഷ്മിയുടെ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസമായിട്ടും പഴുപ്പും വേദനയും രൂക്ഷമായതോടെ വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് പഞ്ഞിക്കെട്ടു കണ്ടെത്തിയതെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.
◾ടൈറ്റാനിയം ജോലി തട്ടിപ്പു കേസില്‍ ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ച് ഇന്റര്‍വ്യൂ നടത്തിയ ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിക്ക് സസ്പെന്‍ഷന്‍. ഒളിവിലുള്ള ഇയാളെ ഉടനേ അറസ്റ്റു ചെയ്തേക്കും. . 29 പേരില്‍നിന്ന് ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന വിവരമാണു ദിവ്യ നായരുടെ ഡയറിയില്‍നിന്നു പോലീസിനു ലഭിച്ചത്. ശ്യാംലാലും പണം നേരിട്ട് വാങ്ങി. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ എത്തിച്ചിരുന്നത് ശ്യാംലാലാണ്. പൊലീസ് പറഞ്ഞു.
◾തിരുവനന്തപുരം കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാരെ അപമാനിച്ചു സംസാരിച്ച തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മെഡിക്കല്‍ കോളെജിന് സമീപത്തുള്ള ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലേക്കായിരുന്നു ബിജെപി മാര്‍ച്ച്. ഓഫീസ് കെട്ടിട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഓഫീസിന്റെ ചില്ല് തകര്‍ന്നു.
◾കോണ്‍ഗ്രസിന്റെ വാലായി നിന്നിരുന്ന മുസ്ലീലിംഗില്‍ ചിന്താഗതികള്‍ക്കു മാറ്റമുണ്ടെന്ന് ഐഎന്‍എല്‍ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. എല്‍ഡിഎഫിലേക്ക് മുസ്ലിം ലീഗ് വരുന്ന സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ നിലപാട് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതേതര ചന്താഗതിയുള്ളവരുടെ കൂട്ടായ്മ ഉയര്‍ന്നുവരണം. അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
◾ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരോടു ചെയ്തത് കൊലച്ചതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉപഗ്രഹ സര്‍വേ സ്വീകാര്യമല്ല. കര്‍ഷകരെ സംരക്ഷിക്കണം. സീറോ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണം. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളെ കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
◾കാലിക്കട്ട് സര്‍വകലാശാലയുടെ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്.
◾തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു മുത്തച്ഛനും കൊച്ചുമകനും മരിച്ചു. ഒല്ലൂര്‍ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്.
◾കുപ്രസിദ്ധ ഗുണ്ടയെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ ആലംപൊറ്റ മടവന്‍കോട് റോഡരികത്തു വീട്ടില്‍ അപ്പൂസ് എന്നുവിളിക്കുന്ന ബിബിന്‍ (21) ആണ് പിടിയിലായത്.
◾കേരളത്തിനു കൂടുതല്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാംഗമായ വി. ശിവദാസന്‍ റെയില്‍വേ മന്ത്രിക്കു കത്തു നല്‍കി. ഡല്‍ഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണം. വിമാനയാത്രക്കൂലി വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും നിവേദനത്തില്‍ കുറ്റപ്പെടുത്തി.
◾ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാജ്യസഭാംഗം വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും മന്ത്രി പറഞ്ഞു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയായിരുന്നു. ക്രിസ്മസിനോടനുബന്ധിച്ച് ആറിരട്ടിയിലധികമായെന്ന് ശിവദാസന്‍ ചൂണ്ടിക്കാട്ടി.
◾കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ വി.ഡി. സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി. സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം സമരം നടത്തി.
◾ലോകകപ്പ് നേടിയ അര്‍ജന്റീനയെ അഭിനന്ദിച്ചും തോറ്റ ഫ്രഞ്ച് ടീമിനെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററില്‍ അര്‍ജന്റീനയുടെ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിനെ ടാഗ് ചെയ്തു. ഫ്രാന്‍സിനെ ആശ്വസിപ്പിക്കുന്ന ട്വീറ്റും മോദി നടത്തി.
◾ഉടന്‍ വിരമിക്കില്ലെന്ന് അര്‍ജന്റീനയുടെ നായകന്‍ ലിയോണല്‍ മെസി. അടുത്ത ലോകകപ്പിലും മെസിക്ക് ഇടമുണ്ടെന്ന് കോച്ച് ലിയോണല്‍ സ്‌കലോണിയും പറഞ്ഞു. തുടരെ മൂന്നു വര്‍ഷം മൂന്നു ഫൈനലുകളില്‍ അര്‍ജന്റീന വീണപ്പോള്‍ വിരമിക്കുകയാണെന്നു മെസി പൊട്ടിക്കരഞ്ഞു പ്രഖ്യാപിച്ചിരുന്നു.
◾റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്. 26 മത്സരങ്ങളുമായി ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കി. ജര്‍മ്മനിയുടെ ഇതിഹാസതാരം ലോതര്‍ മത്തേയൂസിന്റെ റിക്കാര്‍ഡാണ് തിരുത്തിയത്. ഫൈനലില്‍ 23-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളോടെ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. ഏറ്റവുമധികം സമയം ലോകകപ്പില്‍ കളിച്ച താരവുമായി. 2216 മിനുറ്റുകള്‍ ലോകകപ്പില്‍ കളിച്ച ഇറ്റാലിയന്‍ പ്രതിരോധ താരം പൗളോ മാള്‍ഡീനിയുടെ റെക്കോര്‍ഡാണ് മെസി തിരുത്തിയത്. രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഏകതാരമാണ ഈ മുപ്പത്തഞ്ചുകാരന്‍.
◾മൂന്നാം ലോക കിരീടം നേടിയ അര്‍ജന്റീന ആഘോഷതിമിര്‍പ്പില്‍. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് വിശ്വകിരീടം നേടിയ നേട്ടം ആഘോഷിക്കാന്‍ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയില്‍ എത്തിയത് ലക്ഷക്കണക്കിനാളുകളാണ്. ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിനു തൊട്ടുമുമ്പ് മെസിയെ ബിഷ്ത് ധരിപ്പിച്ച് ഖത്തര്‍ അമീര്‍. സവിശേഷ അവസരങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നത ഖത്തറി ഗൗണാണ് ബിഷ്ത്. ഒട്ടകത്തിന്റെയും ആടിന്റെയും രോമങ്ങള്‍കൊണ്ടു നിര്‍മിച്ചതാണിത്. ഭരണാധികാരികള്‍ക്കു പുറമെ ഉന്നത കുടുംബങ്ങളിലെ ഷെയ്ഖുമാരും വിവാഹം, പെരുന്നാള്‍ നമസ്‌കാരം, ജുമുഅ നമസ്‌കാരം എന്നിവക്കാണ് ഇത് ധരിക്കുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയും ഖത്തര്‍ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചേര്‍ന്നാണ് സമ്മാനവിതരണം നടത്തിയത്.
◾ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീനയുടെ ഗോളി മാര്‍ട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതിനെതിരേ വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമംഗങ്ങള്‍ക്ക് അരികിലേക്കു നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്‌കാരം വച്ച് മാര്‍ട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്.
◾കേരളത്തിന്റെ പേര് എടുത്ത് നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്. നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു എന്നായിരുന്നു അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ട്വീറ്റ്.
◾സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4960 രൂപയാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. സംസ്ഥാനത്ത് ഡിസംബര്‍ 14ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. പവന് 40,240 രൂപയായി കുതിച്ചുയര്‍ന്നതിന് ശേഷമാണ് വില കുറഞ്ഞത്. സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 73 രൂപ രൂപയാണ് വില. 8 ഗ്രാമിന് 584 രൂപയും 10 ഗ്രാമിന് 730 രൂപയും 1 കിലോ വെള്ളിക്ക് 73,000 രൂപയുമാണ് വില.
◾ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ഫീച്ചര്‍ നിലവില്‍ ബീറ്റയിലാണ്. ഗൂഗിള്‍ വര്‍ക്ക്സ്പേസ് എന്റര്‍പ്രൈസ് പ്ലസ്, എജ്യുക്കേഷന്‍ പ്ലസ്, എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്ക്ക് മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ഗൂഗിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. ബീറ്റയ്ക്കായി സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ലഭ്യമാകൂ. ഡൊമെയ്ന്‍, ഓര്‍ഗനൈസേഷണല്‍ യൂണിറ്റ്, ഗ്രൂപ്പ് തലങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍, ഉപയോക്താക്കള്‍ അഡ്മിന്‍ കണ്‍സോള്‍ > സെക്യൂരിറ്റി > ആക്സസ്, ഡാറ്റ കണ്‍ട്രോള്‍ > ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നതിലേക്ക് പോകേണ്ടതുണ്ട്. കൂടാതെ, ഏത് മെയിലിലേക്കും ക്ലയന്റ്-സൈഡ് എന്‍ക്രിപ്ഷന്‍ ചേര്‍ക്കാന്‍, ഉപയോക്താക്കള്‍ക്ക് സന്ദേശ വിന്‍ഡോയുടെ വശത്ത് ലഭ്യമായ ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യാം. അടുത്തതായി, അധിക എന്‍ക്രിപ്ഷന്‍ തിരഞ്ഞെടുത്ത് സന്ദേശം എഴുതി സാധാരണ പോലെ അറ്റാച്ച്‌മെന്റുകള്‍ ചേര്‍ക്കുക.
◾ടെനെറ്റിനു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും. 1945ല്‍ ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്ഫോടന പരീക്ഷണം) ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാകും ഓപ്പണ്‍ഹൈമറെന്ന് നോളന്‍ പറയുന്നു. ഐമാക്സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. ആറ്റംബോംബിന്റെ നിര്‍മാണവും രണ്ടാംലോക മഹായുദ്ധവും ഇതില്‍ പശ്ചാത്തലമാകും.
◾ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘ഡും ഡും ഡും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബിബിന്‍ ജോര്‍ജ് തന്നെ രചിച്ച ഗാനത്തിന് അര്‍ജുന്‍ വി അക്ഷയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അര്‍ജു വി അക്ഷയയും ടെസ ചാവറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിബിനും വിഷ്ണുവും തന്നെയാണ് ചിത്രത്തിന്റെ രചനയും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.
◾രാജ്യത്ത് ലക്ഷ്വറി കാറുകളുടെ വില്‍പ്പന അതിവേഗം കുതിക്കുന്നതായി റിപ്പോര്‍ട്ട്. ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന കാലമായിട്ടും, അത്യാഡംബര കാറുകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറുകയാണ്. ലോക വിപണിയില്‍ ലക്ഷ്വറി കാറുകളുടെ വില്‍പ്പനയില്‍ നേരിയ തോതില്‍ മങ്ങല്‍ ഏല്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ വില്‍പ്പന കുതിക്കുയാണെന്നാണ് കമ്പനികളുടെ അഭിപ്രായം. രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങളെയാണ് ലക്ഷ്വറി വാഹനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 2022- ലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം, ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 50 ശതമാനമാണ് വര്‍ദ്ധിച്ചത്. 2018- ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വര്‍ദ്ധനവിനെ പിന്തള്ളിയാണ് ഇത്തവണ കൈവരിച്ച നേട്ടം. ലക്ഷ്വറി വാഹനങ്ങളുടെ വിപണിയില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. 4 കോടി രൂപയ്ക്ക് മുകളിലാണ് ലംബോര്‍ഗിനിയുടെ വില.
◾സര്‍ ചക്രവര്‍ത്തിയുടെ നിഷ്ഠൂരഭരണത്തിന്‍ കീഴില്‍ ഞെരിഞ്ഞമരുന്ന റഷ്യയിലെ ജനങ്ങള്‍ രക്തരൂക്ഷിതമായ ഒരു വിപ്ലവത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് മോചനമുണ്ടാകൂ എന്ന് കരുതുന്നു. അവര്‍ കവിയും വിപ്ലവസംഘത്തിലെ അംഗവുമായ കാലിയേവ് എന്ന യുവാവിനെ സര്‍ ചക്രവര്‍ത്തിയെ വധിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നു. ഒരു മുള്‍പ്പിടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരിക്കുന്ന കാലിയേവ് വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. ഇതോടെ കാലിയവേിനെ വിപ്ലവസംഘം ശത്രുവായി മുദ്ര കുത്തുന്നു. കാലം കുറേ മുന്നോട്ട് പോയി. അനുഭവങ്ങളുടെ വടുക്കളും പേറി ജന്മനാട്ടിലെത്തിയ കാലിയേവ് എത്തിപ്പെടുന്നത് തന്റെ പേരില്‍ കെട്ടിപ്പൊക്കിയ പ്രതിമയുടെ മുന്നില്‍! അപരന്‍ താനായും താന്‍ അപരനായും പാപം പുണ്യമായും പുണ്യം പാപമായും നിറംപകര്‍ന്നാടുന്ന വൈരുദ്ധ്യം. ഉദാത്തമായ കാവ്യാനുഭവം അനുവാചകരിലെത്തിക്കുന്ന വിശിഷ്ടകൃതി. ‘രൗദ്രസാത്വികം’. പ്രഭാ വര്‍മ്മ. ഡിസി ബുക്സ്. വില 218 രൂപ.
◾തണുപ്പുകാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. പ്രോട്ടീന്‍ അടങ്ങിയതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശൈത്യകാലത്തെ ചര്‍മ സംരക്ഷണത്തിനും അത്യാവശ്യമാണ്. കൂടാതെ ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉറപ്പാക്കേണ്ടത് സീസണല്‍ അണുബാധകള്‍ തടയുന്നതിനും അത്യന്താപേക്ഷിതമാണ്. മുട്ടയില്‍ ഏകദേശം 7 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, മൈക്രോ ന്യൂട്രിയുകള്‍ എന്നിവയുടെ കലവറ കൂടിയാണിത്. മുട്ട ശരീര കോശങ്ങളെ നന്നാക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ നിലക്കടല ഊര്‍ജ്ജത്തിന്റെ മികച്ച ഉറവിടമാണ്. നിലക്കടല നേരിട്ട് കഴിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കുന്നത് നല്ലതാകും. ധാരാളം പോഷകങ്ങള്‍ അടങ്ങിയ കിഴങ്ങുകളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. തണുപ്പുകാലത്ത് മാര്‍ക്കറ്റില്‍ ഇത് സുലഭമായിരിക്കും. നാരുകള്‍, വിറ്റാമിന്‍ എ, പൊട്ടാസ്യം, മറ്റ് പോഷകങ്ങള്‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് കഴിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ സിയും ഇതിലൂടെ ലഭിക്കും. പുല്ലുവര്‍ഗത്തില്‍ പെട്ട ധാന്യവിളകളാണ് ചെറുധാന്യങ്ങള്‍ എന്നറിയപ്പെടുന്ന മില്ലറ്റുകള്‍. ചാമയും തിനയും ചോളവും കൂവരകുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇവയില്‍ വിവിധ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത്, അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥയെ സജീവമാക്കി ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. ബദാം, വാല്‍നട്ട് എന്നിവ ചീത്ത കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, ഔഷധ ഗുണങ്ങള്‍ക്ക് പേരുകേട്ട ഈന്തപ്പഴം വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, നാരുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണത്തില്‍ ഇവ ചേര്‍ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.60, പൗണ്ട് – 100.88, യൂറോ – 87.94, സ്വിസ് ഫ്രാങ്ക് – 88.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.52, ബഹറിന്‍ ദിനാര്‍ – 219.11, കുവൈത്ത് ദിനാര്‍ -269.55, ഒമാനി റിയാല്‍ – 214.82, സൗദി റിയാല്‍ – 21.96, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 60.56.