◾അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം ആയുധങ്ങളുമായി എത്തി ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടി. ഇരുഭാഗത്തേയും സൈനികര്‍ക്കു പരിക്കേറ്റു. ചൈനീസ് സൈന്യത്തില്‍ 15 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളുമായാണ് ചൈനീസ് പട്ടാളം ഇക്കഴിഞ്ഞ വെള്ളിയാഴ്ച എത്തിയത്. ഇന്ത്യന്‍ സൈന്യത്തിനു നേരെ കല്ലേറോടെയാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ സ്ഥലത്തുനിന്ന് പിന്‍വാങ്ങി. സമാധാനം പുനഃസ്ഥാപിക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടത്തിയിട്ടുണ്ട്.
◾ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ കേരളത്തിനുള്ള ജിഎസ്ടി നഷ്ട പരിഹാര തുകയായ 718.49 കോടി രൂപ തരാമെന്ന് കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍. ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ ദര്‍ശനം ദിവസം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തി. ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. പതിനെട്ടാം പടിയില്‍ പുതുതായി 100 ഐആര്‍ബി ഉദ്യോഗസ്ഥരെ നിയമിച്ചു. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചു. തിരക്കു നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ വിശദീകരിച്ചു.
◾നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്മിംഗ് പരിഹാസവുമായി നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. അമിതാഭ് ബച്ചനേപ്പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെപ്പോലെയായി എന്നാണ് പരിഹസിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ സഭാ രേഖകളില്‍നിന്നു നീക്കണമെന്നു മന്ത്രിതന്നെ ആവശ്യപ്പെട്ടു. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി.
◾അമിതാഭ് ബച്ചന്റെ ഉയരം തനിക്കില്ലെന്നും മന്ത്രി വാസവന്‍ തന്റെ പേരു പരാമര്‍ശിച്ചതിനു വിഷമമില്ലെന്നും നടന്‍ ഇന്ദ്രന്‍സ്. ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എനിക്ക് മന്ത്രിയുടെ വാക്കുകളില്‍ ബോഡി ഷെയ്മിംഗൊന്നും തോന്നുന്നില്ലെന്നും ഇന്ദ്രന്‍സ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെതിരായ ആരോപണം വ്യാജമെന്ന് സിബിഐ. 2012 ല്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സോളാര്‍ പദ്ധതിക്കുവേണ്ടി പ്രൈവറ്റ് സെക്രട്ടറി നസറുള്ള വഴി ഏഴു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനു തെളിവില്ലെന്നും സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നേരത്തെ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി എന്നുവര്‍ക്കെതിരായ പീഡന പരാതികള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്.
◾സോളാര്‍ തട്ടിപ്പു കേസുകളിലെ പ്രതി സരിത എസ് നായരുടെ ശരീരത്തില്‍ ഭക്ഷണത്തിലൂടെ രാസവസ്തുക്കള്‍ എത്തിയിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സാമ്പിളുകള്‍ ശേഖരിക്കാന്‍ സരിതയ്ക്കു നോട്ടീസ് നല്‍കുമെന്നും ക്രൈംബ്രാഞ്ച്. രാസവസ്തുക്കള്‍ തന്ന് മുന്‍ ഡ്രൈവര്‍ കൊല്ലാന്‍ ശ്രമിച്ചെന്നാണു സരിതയുടെ പരാതി.
◾കേരളത്തില്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണു നടക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശീധരന്‍പിള്ള. വിദ്വേഷത്തിന്റെ തീച്ചൂളയില്‍ അറിഞ്ഞോ അറിയാതേയോ ബലിയാടാകുന്നവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. കൊച്ചി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ തന്റെ നാലു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾
◾ലീഗിനെ പുകഴ്ത്തിയ എംവി ഗോവിന്ദന്റെ പ്രസ്താവനയിലൂടെ യുഡിഎഫില്‍ ഐക്യമുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഏതു സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലിം ലീഗ് തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ പോലെ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
◾വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായി രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഹൈക്കോടതി ഉത്തരവു ലംഘിച്ചാണ് സമരം നടത്തിയത്. നിയമാനുസൃതമായാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടി നല്‍കി.
◾ഫിന്‍ലാന്‍ഡ് സഹകരണത്തോടെ സംസ്ഥാനത്തു ടാലന്റ് കോറിഡോറും ഇന്നവേഷന്‍ കോറിഡോറും വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫിന്‍ലന്‍ഡ് അംബാസഡര്‍ റിത്വ കൗക്കു റോണ്ടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ശൈശവകാല വിദ്യാഭ്യാസവും പരിചരണവും, ശാസ്ത്രം, ഗണിതം, ഐടി അധിഷ്ഠിത വിദ്യാഭ്യാസം, മൂല്യനിര്‍ണയം, അധ്യാപക വിദ്യാഭ്യാസം എന്നിവയാണ് ഫിന്‍ലാന്‍ഡുമായി സഹകരണം ഉറപ്പാക്കുന്ന മേഖലകള്‍.
◾കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് എംപി സ്പൈസസ് ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവില്‍ പ്രതിഷേധിച്ചും കേന്ദ്ര സര്‍ക്കാര്‍ സ്പൈസസ് ബോര്‍ഡിനു പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചുമാണ് രാജി.
◾ഓഹരി നിക്ഷേപത്തിന്റെ പേരില്‍ തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ എബിന്‍ വര്‍ഗീസ് 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു റിപ്പോര്‍ട്ട്. പരാതികളുമായി കൂടുതല്‍ പേര്‍ എത്തി. എബിന്‍ കുടുംബസമേതം രാജ്യം വിട്ടെന്നാണു പോലീസ് പറയുന്നത്.
◾കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസില്‍ വിധി ഇന്ന്. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതികള്‍ സുബൈദയെ കഴുത്ത് ഞെരിച്ചു കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നാണ് കേസ്. 2018 ജനവരി 17 നാണ് സംഭവം. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, മാന്യയിലെ അര്‍ഷാദ് എന്നിവരാണു പ്രതികള്‍.
◾സപ്ലൈകോയുടെ മാവേലിക്കര തട്ടാരമ്പലം ഗോഡൗണില്‍നിന്നു 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തില്‍ സപ്ലൈകോ ജീവനക്കാരനടക്കം നാലു പേര്‍ അറസ്റ്റില്‍. ഗോഡൗണ്‍ സീനിയര്‍ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കല്‍ പുതുക്കുളങ്ങര രാജു (52), ചരക്ക് ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടര്‍ ചെറുതന സ്വദേശി സന്തോഷ് വര്‍ഗീസ് (61), ചെറിയനാട് സ്വദേശി സുകു (54), ലോറി ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി വിഖില്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
◾തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കു ചെയ്തിരുന്ന 108 ആംബുലന്‍സുമായി കടന്നുകളഞ്ഞ പതിനഞ്ചുകാരനായ രോഗിയെ പിടികൂടി. തിരക്കുള്ള റോഡില്‍ എട്ടു കിലോമീറ്ററോളം ഓടിയ ആംബുലന്‍സ് ലെവല്‍ ക്രോസില്‍ ഓഫായതോടെയാണു പിടികൂടാനായത്. ആംബുലന്‍സിലെ ജി പി എസ് സംവിധാനംവഴി ആംബുലന്‍സ് ഒല്ലൂര്‍ ഭാഗത്താണെന്നു മനസിലാക്കി പിന്തുടര്‍ന്നാണ് കണ്ടെത്തിയത്.
◾കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. ശമ്പളം വൈകിയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
◾അട്ടപ്പാടി മധു വധക്കേസിലെ സീന്‍ മഹസറില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടുപോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്‌മണ്യന്‍. പ്രതി ഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് വെളിപ്പെടുത്തല്‍.
◾തളിപ്പറമ്പ് എഴാംമൈലില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്‌സലു റഹ്‌മാന്‍ ആണ് മരിച്ചത്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായ മിഫ്‌സാലു റഹ്‌മാന്‍ കോഴിക്കോട് രാവിലെ സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
◾കോഴിക്കോട് കാരപ്പറമ്പ് ജംഗ്ഷനില്‍ പെരുമ്പാമ്പു കൂട്ടം. കനോലി കനാലിന്റെ തീരത്തെ പെരുമ്പാമ്പുകളെ കാണാന്‍ ജനം തിക്കിത്തിരക്കിയതോടെ പ്രദേശത്തു ഏറെ സമയം ഗതാഗതക്കുരുക്കായി. വിവരമറിഞ്ഞ് വനം വകുപ്പ് ആര്‍ആര്‍എഫ് സംഘം സ്ഥലത്തെത്തി. ഒരു പെരുമ്പാമ്പിനെ ഇവര്‍ പിടികൂടി. മറ്റുള്ളവ കനാലിലേക്ക് ഇറങ്ങിപ്പോയി.
◾കൈക്കൂലി വാങ്ങുന്നതിടെ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി പിടിയില്‍. പഞ്ചായത്ത് സെക്രട്ടറി ഹാരീസ് ഖാനെ വിജിലന്‍സ് പോലീസാണ് അറസ്റ്റു ചെയ്തത്. കരാറുകാരിക്കു പണം അനുവദിക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
◾തൂക്കുകയറില്‍നിന്ന് ജീവിതത്തിലേക്കു രക്ഷിച്ച പ്രവാസി വ്യവസായി എം.എ. യൂസഫലിക്കു നന്ദിയുമായി ബെക്സ് കൃഷ്ണ. കേരള വിഷന്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എത്തിയത്. 2012 ല്‍ അബുദാബിയില്‍ കാറപകടത്തില്‍ സുഡാനി കുട്ടി മരിച്ച കേസില്‍ പുത്തന്‍ചിറ ബെക്സ് കൃഷ്ണനെ യു.എ.ഇ. കോടതി വധശിക്ഷക്കു വിധിച്ചിരുന്നു. യൂസഫലിയുടെ ശ്രമത്തിനൊടുവില്‍ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നല്കി ബെക്സിനെ മോചിപ്പിച്ചു. യൂസഫലിയെ കാണാന്‍ കുടുംബസമേതം എത്തിയ ബെക്സിനെ കണ്ടപ്പോള്‍ യൂസഫലി ആശ്ളേഷിച്ചു. കണ്ടുനിന്ന സദസ് കണ്ണീരണിഞ്ഞു.
◾ചിറ്റൂരില്‍ വീട്ടുടമ വീടുപൂട്ടി പ്രഭാത സവാരിക്കു പോയ സമയത്ത് കവര്‍ച്ച. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടില്‍നിന്ന് 31.5 പവന്‍ സ്വര്‍ണമാണ് അപഹരിച്ചത്.
◾നിറുത്തലാക്കിയ മൗലാനാ ആസാദ് ഫെല്ലോഷിപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ എസ്എഫ്ഐ, എംഎസ്എഫ് പ്രവര്‍ത്തകരെ കാണാന്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി പോലീസ് സ്റ്റേഷനിലെത്തി. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയ എംപി പൊലീസ് നടപടിയെയും കേന്ദ്രസര്‍ക്കാര്‍ ഫെല്ലോഷിപ്പ് പിന്‍വലിച്ചതിനേയും വിമര്‍ശിച്ചു.
◾തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധിക്കു യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണ. നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
◾ലോക്സഭയില്‍ ആരുടേയും മതവും ജാതിയും പരാമര്‍ശിച്ചു സംസാരിക്കരുതെന്ന് സ്പീക്കര്‍ ഓം ബിര്‍ല. താന്‍ താഴ്ന്ന ജാതിക്കാരനായതിനാലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ ഹിന്ദിയെ പരിഹസിച്ചതെന്നു കോണ്‍ഗ്രസ് അംഗം എ.ആര്‍. റെഡി ആരോപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
◾രണ്ടായിരം രൂപയുടെ നോട്ട് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിരോധിക്കണമെന്ന് ബിജെപി എംപി സുശീല്‍ മോദി. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി മൂന്നു വര്‍ഷം മുന്‍പ് നിര്‍ത്തിയതാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ പരമാവധി മൂല്യമുള്ള കറന്‍സി നൂറാണെന്നും സുശീല്‍.
◾നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരേ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രിം കോടതി. ക്രൈസ്തവ സംഘടനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയാണ് ഹര്‍ജിയില്‍ മറ്റു മതങ്ങള്‍ക്കെതിരേ അങ്ങേയറ്റം മോശവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയത്. പരാതിക്കാരനായ അശ്വനി ഉപാധ്യായ വിദ്വേഷ പ്രസംഗകേസിലെ പ്രതിയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
◾വളരുന്ന സമ്പദ് വ്യവസ്ഥയില്‍ ചില എംപിമാര്‍ക്ക് അസൂയയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയുടെ കറന്‍സി മൂല്യത്തകര്‍ച്ചയെക്കുറിച്ചു കോണ്‍ഗ്രസ് എംപി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്ന റിപ്പോര്‍ട്ടാണു ലോകം ചര്‍ച്ച ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
◾ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പ്രിയങ്കാ ഗാന്ധിയുടെ മകള്‍. പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും ഒപ്പമുണ്ടായിരുന്നു. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയില്‍ ആയിരക്കണക്കിനു സ്ത്രീകളാണ് യാത്രയില്‍ അണിചേര്‍ന്നത്. സ്ത്രീശാക്തീകരണം മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യാത്ര.
◾സൗദി അറേബ്യയിലെ ജിദ്ദയില്‍ ശക്തമായ മഴമൂലം അണ്ടര്‍പാസുകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചു.
◾ക്രോയേഷ്യക്കെതിരായ മത്സരം കടുത്തതായിരിക്കുമെന്ന് അര്‍ജന്റീനയുടെ കോച്ച് ലിയോണല്‍ സ്‌കലോനി. എങ്കിലും ഞങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള പാതകള്‍ നമുക്ക് അനുകൂലമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 നാണ് അര്‍ജന്റീന ക്രൊയേഷ്യയെ നേരിടുന്നത്. പ്രീക്വാര്‍ട്ടറില്‍ നെതര്‍ലണ്ട്സിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് അര്‍ജന്റീന സെമി ബര്‍ത്ത് ഉറപ്പാക്കിയതെങ്കില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്രൊയേഷ്യയുടെ വരവ്. 2018 ലെ ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ അര്‍ജന്റീന 1990 ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് സെമി ഫൈനലിലെത്തുന്നത്. നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ 2018ലെ ലോകകപ്പിലെ ഗ്രൂപ്പ്തല മത്സരത്തില്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു. അഞ്ച് ലോകകപ്പുകള്‍ കളിച്ച അര്‍ജന്റീനയുടെ ലിയോണല്‍ മെസി ഇതുവരെ 10 ഗോളുകള്‍ ലോകകപ്പുകളില്‍ നേടിയിട്ടുണ്ട്. 4 ഗോളുകളാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഇതുവരെ നേടിയത്. ഖത്തര്‍ ലോകകപ്പ് സൂപ്പര്‍ താരങ്ങളായ മെസിയുടേയും ക്രൊയേഷ്യയുടെ ലൂക്കാമോഡ്രിച്ചിന്റേയും അവസാന ലോകകപ്പാവുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
◾ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം 2022ല്‍ ഇതുവരെ നേരിട്ടത് 2021ലെ സമാനകാലത്തേക്കാള്‍ 35 ശതമാനം ഇടിവ്. 3,720 കോടി ഡോളറില്‍ നിന്ന് 2,470 കോടി ഡോളറിലേക്കാണ് വീഴ്ച. അന്തിമഘട്ട നിക്ഷേപ റൗണ്ടുകളിലാണ് നിക്ഷേപത്തളര്‍ച്ചയെന്ന് ഗവേഷണ സ്ഥാപനമായ ട്രാക്ഷന്‍ വ്യക്തമാക്കി. അന്തിമ റൗണ്ടുകളിലെ നിക്ഷേപം ജനുവരി-നവംബറില്‍ 2,930 കോടി ഡോളറില്‍ നിന്ന് 45 ശതമാനം കൊഴിഞ്ഞ് 1,610 കോടി ഡോളറായി. ഏപ്രില്‍-ജൂണിനെ അപേക്ഷിച്ച് ഇക്കുറി ജൂലായ്-സെപ്തംബറില്‍ നിക്ഷേപ ഇടിവ് 58 ശതമാനമാണ്. 2021 ജൂലായ്-സെപ്തംബറിനേക്കാള്‍ 79 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ബൈജൂസ്, വേഴ്‌സ്, സ്വിഗ്ഗി, ടാറ്റാ പാസഞ്ചര്‍, പോളിഗണ്‍ എന്നിവയാണ് ഈവര്‍ഷം ഇതുവരെ ഏറ്റവുമധികം നിക്ഷേപം സമാഹരിച്ച കമ്പനികള്‍.
◾2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ‘2018’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. യുവ നോവലിസ്റ്റ് അഖില്‍ പി ധര്‍മ്മജനാണ് സഹരചയിതാവ്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, അജുവര്‍ഗീസ്, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം 777 ചാര്‍ലിയിലൂടെ ശ്രദ്ധേയനായ നോബിന്‍ പോള്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്.
◾ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരമായ മാസ് മഹാരാജ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്നു. രവി തേജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത് വിട്ടിരിക്കുകയാണ് ചിരഞ്ജീവി. എസിപി വിക്രം സാഗര്‍ എന്ന കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം സംക്രാന്തിക്ക് ഒരു ദിവസം മുന്നോടിയായി ജനുവരി 13ന് തിയേറ്ററുകളിലെത്തും. ചിരഞ്ജീവി, രവി തേജ എന്നിവരെ കൂടാതെ ശ്രുതി ഹാസന്‍, കാതറിന്‍ ട്രീസ, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, വെണ്ണല കിഷോര്‍ എന്നിവരും ചിത്രത്തിലുണ്ട്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലിയുടേത് തന്നെയാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും.
◾നവംബറിലും നേട്ട്ം കൊയ്ത് ആഭ്യന്തര റീട്ടെയില്‍ വാഹനവിപണി. മലിനീകരണനിയന്ത്രണ ചട്ടമായ ബി.എസ്-4ല്‍ നിന്ന് ബി.എസ്-6ലേക്ക് ചുവടുവച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്പനയാണിത്. 2021 നവംബറിലേതിനേക്കാള്‍ 25.71 ശതമാനം വളര്‍ച്ചയുമായി 23.80 ലക്ഷം പുതിയ വാഹനങ്ങളാണ് കഴിഞ്ഞമാസം എല്ലാശ്രേണികളിലുമായി റോഡിലെത്തിയത്. 18.93 ലക്ഷം വാഹനങ്ങളായിരുന്നു 2021 നവംബറിലെ വില്പന. 2020 നവംബറിലെ 19.66 ലക്ഷം യൂണിറ്റുകളേക്കാള്‍ 21.05 ശതമാനവും 2019 നവംബറിലെ 23.44 ലക്ഷം യൂണിറ്റുകളേക്കാള്‍ 1.52 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ വില്പന. എല്ലാ വാഹനശ്രേണികളും കഴിഞ്ഞമാസം വില്പനനേട്ടം കുറിച്ചുവെന്ന നേട്ടവുമുണ്ട്.
◾കുട്ടികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നൂറ്റൊന്നു നല്ല നാടന്‍ കഥകള്‍. പ്രൊഫ. എസ് ശിവദാസിന്റെ ലളിതസുന്ദരമായ പുനരാഖ്യാനം. കുട്ടികളുടെ ഭാവനയും സാഹിത്യാഭിരുചിയും ഭാഷാശേഷിയും മൂല്യബോധവും വളര്‍ത്താനുതകുന്ന മനോഹരമായ കഥാസമാഹാരം. ‘101 നല്ല നാടന്‍ കഥകള്‍’. പ്രൊഫ എസ് ശിവദാസ്. ചിന്ത പബ്ളിക്കേഷന്‍സ്. വില 342 രൂപ.
◾കൊളസ്ട്രോള്‍ അമിതമായാലും അരക്കെട്ടില്‍ വേദന അനുഭവപ്പെടാമെന്ന് വിദഗ്ധര്‍. അരക്കെട്ടിലെയും പിന്‍ഭാഗത്തെയും പേശികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഈ പ്രദേശങ്ങളില്‍ വേദനയുണ്ടാക്കുന്നത്. ഈ പേശികള്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വേദന കടുത്തതാകും. പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. ചെറിയ ശാരീരിക അധ്വാനമോ എന്തിന് വെറുതെ ഒന്ന് നടക്കാനിറങ്ങിയാല്‍ പോലും വേദനയുണ്ടായേക്കാം. പൃഷ്ഠ ഭാഗത്തേക്കും തുടകളിലേക്കും കാലിന്റെ പിന്‍വശത്തേക്കും ഈ വേദന പടരുന്നതാണ്. വേദനയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ തോത്, ഇവ അടിഞ്ഞുകൂടിയിരിക്കുന്ന ഇടം എന്നിവയെല്ലാം വേദനയെ സ്വാധീനിക്കും. വേദനയ്ക്ക് പുറമേ കാലിലെ ചര്‍മത്തിന്റെയും നഖങ്ങളുടെയും നിറം മാറുന്നതും പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിന്റെ ലക്ഷണമാണ്. കാലിലെ രോമങ്ങള്‍ കൊഴിയുന്നതും കാലിന് മരവിപ്പ് തോന്നുന്നതും നഖങ്ങള്‍ പെട്ടെന്ന് പൊട്ടിപ്പോകുന്നതും കാലിലെ മുറിവുകള്‍ കരിയാതെ ഇരിക്കുന്നതും ലൈംഗിക ഉദ്ധാരണശേഷിക്കുറവും കാലിലെ പേശികള്‍ ചുരുങ്ങുന്നതുമെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്റെ മറ്റ് സൂചനകളാണ്. വറുത്ത ഭക്ഷണം, സംസ്‌കരിച്ച ഭക്ഷണം, കേക്ക്, ബിസ്‌കറ്റ് പോലുള്ള ബേക്കറി പലഹാരങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണം, പാമോയില്‍ അടങ്ങിയ വിഭവങ്ങള്‍, ക്രീം, ബട്ടര്‍ എന്നിവയെല്ലാം കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കും. ഭക്ഷണത്തില്‍ അതാത് കാലത്ത് സമൃദ്ധമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ഉള്‍പ്പെടുത്താന്‍ കൊളസ്ട്രോള്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ഭക്ഷണത്തിന് പുറമേ നിത്യവുമുള്ള വ്യായാമവും കൊളസ്ട്രോള്‍ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഏകദേശം 80 വയസ്സ് പ്രായമുളള അച്ഛനും 35 വയസ്സ് പ്രായമുള്ള മകനും തങ്ങളുടെ വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ്. അപ്പോഴാണ് കുറച്ചകലെയുള്ള ഊഞ്ഞാലില്‍ ഒരു കാക്ക വന്നിരുന്നത്. അച്ഛന്‍ മകനോട് അതെന്താണ് എന്ന് ചോദിച്ചു. മകന്‍ പറഞ്ഞു: അതൊരു കാക്കയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു. മകന്‍ വീണ്ടും പറഞ്ഞു: അച്ഛാ, അതൊരു കാക്കയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ ചോദ്യം ചോദിച്ചു: ഇത്തവണ അവന് ചെറുതായി ദേഷ്യം വന്നു. എങ്കിലും അവന്‍ പറഞ്ഞു: അതൊരു കാക്കയാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ… സമയം കടന്നുപോയി. അച്ഛന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: ഇത്തവണ മകന്റെ നിയന്ത്രണമെല്ലാം പോയി. അവന്‍ നന്നായി ദേഷ്യപ്പെട്ടു. അച്ഛന്‍ ഒന്നും മിണ്ടാതെ തന്റെ റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ അച്ഛന്റെ റൂമിലേക്ക് ചെന്നു. അവിടെ അദ്ദേഹം ഒരു ഡയറി നെഞ്ചില്‍ വെച്ച് കിടന്നു ഉറങ്ങുന്നത് കണ്ടു. മകന്‍ ആ ഡയറിയിലെ തുറന്നുവെച്ച പേജ് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ഇന്ന് ഞങ്ങളുടെ പൂന്തോട്ടത്തില്‍ പുതുതായി ഒരു ഊഞ്ഞാല്‍ കെട്ടിയിരുന്നു. അതില്‍ ഒരു കാക്ക വന്നിരുന്നപ്പോള്‍ എന്റെ മകന്‍ അതെന്താണെന്ന് കൊഞ്ചികൊണ്ട് ചോദിച്ചു. ഞാന്‍ അതൊരു കാക്കയാണെന്ന് പറഞ്ഞെങ്കിലും അവന്റെ സംശയം തീര്‍ന്നതേയില്ല. ഇന്ന് ഏകദേശം ഇരുപത്തിയഞ്ചോളം തവണ അവന്‍ ഈ ചോദ്യം ആവര്‍ത്തിച്ചു. പക്ഷേ, ഓരോ തവണ അവന്റെ ചോദ്യം കേള്‍ക്കുമ്പോഴും ഞാന്‍ കൂടുതല്‍ സന്തോഷിച്ചു, അവന്റെ കൊഞ്ചിയുള്ള ചോദ്യം എന്നെ ഏറെ സന്തോഷവാനാക്കി. മകന്‍ അച്ഛന്റെ അരികിലിരുന്നു. സങ്കടം കൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു… നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ നമ്മെ സ്‌നേഹിക്കുകയും പരിചരിക്കുകയും വളര്‍ച്ചയ്ക്ക് താങ്ങാവുകയും ചെയ്തവരാണ് നമ്മുടെ അച്ഛനമ്മമാര്‍. വാര്‍ദ്ധക്യം രണ്ടാമത്തെ കുട്ടിക്കാലമാണ്. ആ കാലത്ത്, നമുക്ക് അവര്‍ തന്നെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പാതിയെങ്കിലും തിരിച്ചുകൊടുക്കാന്‍ ശ്രമിക്കാം – ശുഭദിനം.