◾സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഒക്ടോബര്‍ മാസം വരെ ചെലവാക്കിയത് 51 കോടി രൂപ. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ സിസ്ട്രയ്ക്കാണ് ഇത്രയും തുക നല്‍കിയത്. വിവരാവകാശ അപേക്ഷയ്ക്ക് റവന്യൂ വകുപ്പു നല്‍കിയ മറുപടിയിലാണ് ഈ വിവരം. പദ്ധതി റിപ്പോര്‍ട്ടു തയാറാക്കാന്‍ 29.29 കോടി രൂപയാണ് നല്‍കിയത്.
◾ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയതിനാല്‍ ദര്‍ശന സമയം കൂട്ടാമോയെന്ന് ഹൈക്കോടതി. ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായി ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു. നിലവില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം. മരക്കൂട്ടത്ത് തിരക്കില്‍പെട്ട് പോലീസുകാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റ സാഹചര്യത്തിലാണ് ഹൈക്കോടതി സ്പെഷ്യല്‍ സിറ്റിംഗ് നടത്തിയത്.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ ‘അമ്മാവന്‍ സിന്‍ട്രോം’ അവസാനിപ്പിക്കണമെന്ന് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം. ശശി തരൂര്‍ അടക്കമുള്ളവര്‍ക്കെതിരേ അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും തന്‍ പോരിമയുമാണ്. ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
◾അട്ടപ്പാടിയിലെ ഗര്‍ഭിണിയെ തുണി മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. കടുകമണ്ണ ഊരിലെ സുമതി മുരുകന്‍ എന്ന യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മൂന്നര കിലോമീറ്ററോളം ദൂരം ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിനു പിറകേ യുവതി പ്രസവിച്ചു. റോഡില്ലാത്തതിനാല്‍ ആംബുലന്‍സിന് എത്താന്‍ കഴിയാതിരുന്നതിനാലാണ് അര്‍ധരാത്രിയില്‍ ചുമന്ന് വാഹനത്തിനരികില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയില്‍നിന്ന് ഫാന്‍, ജനറേറ്റര്‍ എന്നിവ മോഷ്ടിച്ച പ്രതിക്കു രണ്ടു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടയം വെടിയന്നൂര്‍ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വീട്ടില്‍ വേലായുധനെ (അമ്പി 48) യാണ് മൂവാറ്റുപുഴ ജൂഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് ശിക്ഷിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾കോക്ക്പിറ്റില്‍ കയറാന്‍ ഷൈന്‍ ടോം ചാക്കോ ശ്രമിച്ചിട്ടില്ലെന്നു സംവിധായകന്‍ സോഹന്‍ സീനുലാല്‍. വളരെ ക്ഷീണിതനായിരുന്ന ഷൈന്‍ ഫ്ളൈറ്റില്‍ കയറിയ ഉടനെ സീറ്റില്‍ കിടന്നു മയങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്തി. പെട്ടെന്ന് എണീറ്റ് മുന്നോട്ടു പോയപ്പോള്‍ ഷൈന്‍ കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചെന്നാണു കാബിന്‍ ക്രൂ തെറ്റിദ്ധരിച്ചതെന്നു സോഹന്‍ സീനുലാല്‍ പറഞ്ഞു.
◾ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെങ്കിലും വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങല്‍ നടത്തിയിട്ടുണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. എന്നാല്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവ പോലെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇപ്പോള്‍ ലീഗിനെ മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണ്.
◾മാന്‍ഡസ് ചുഴലിക്കാറ്റുമൂലം അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക മഴ. തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്.
◾കെപിസിസി രാഷ്ട്രീയകാര്യ സമിതി കൊച്ചിയില്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യല്‍, സിപിഎമ്മിന്റെ ലീഗ് പ്രീണനം, ശശി തരൂരിന്റെ പരിപാടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നുണ്ട്.
◾കൊല്ലം അഞ്ചലില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. കുളത്തുപ്പുഴ സ്വദേശി മണിയന്‍, പത്തടി സ്വദേശി ഷാജഹാന്‍ എന്നിവരാണ് മരിച്ചത്. രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
◾കാസര്‍കോട് വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശികളായ ഷൗക്കത്ത് മുഹമ്മദ്, മുഹമ്മദ് യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസമാണ് 32 വയസുകാരനായ പ്രിജേഷിനെ വീടിനടുത്തുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ആലപ്പുഴ കടപ്പുറത്ത് പൊലീസ് എഎസ്ഐയുടെ മൃതദേഹം. എആര്‍ ക്യാമ്പിലെ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോണ്‍സാലസ്.
◾അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ ഡോക്ടര്‍ മരിച്ചു. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. മിനി ഓടിച്ചിരുന്ന കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
◾മലമ്പുഴയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം. മലമ്പുഴ ചേമ്പന ഭാഗത്താണ് ആനക്കൂട്ടമെത്തിയത്. കൊമ്പനാനയും പിടിയാനയും കുട്ടികളും ഉള്‍പ്പെടെ പതിനഞ്ചിലധികം ആനകളാണ് കൂട്ടത്തിലുള്ളത്.
◾വര്‍ക്കല അയിരൂരില്‍ പതിനഞ്ചുകാരനെ കഞ്ചാവ് മാഫിയ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍. കേസ് പിന്‍വലിക്കാന്‍ നിരന്തര സമ്മര്‍ദ്ദമുണ്ട്. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പുതിയ പരാതി. കേസില്‍ ഇതുവരേയും ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല. പതിനഞ്ചുകാരനെ നാലംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതി ഒമ്പതു ദിവസംമുമ്പാണ് പോലീസിനു നല്‍കിയത്.
◾കാറില്‍ 15 കിലോ കഞ്ചാവ് കടത്തുന്നതിനിടയില്‍ യുവാവ് പിടിയില്‍. പെരുനെല്ലി ചന്തയ്ക്ക് സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (23) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്.
◾തൃശൂര്‍ പാമ്പൂരില്‍ മലപ്പുറം സ്വദേശി പ്രണവിനെ ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നയാളെ വിയ്യൂര്‍ പൊലീസ് പിടികൂടി. കല്ലംപാറ സ്വദേശി അനുരാഗ് ആണ് അറസ്റ്റിലായത്.
◾ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് സുഖ്വിന്ദര്‍ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ, രാജസ്ഥാനില്‍ ഭാരത് ജോഡോയാത്ര നയിക്കുന്ന രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, പിസിസി പ്രസിഡന്റുകൂടിയായ പ്രതിഭാ സിംഗ് എംപി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍ തുടങ്ങിയവരും പങ്കെടുത്തു. ഷിംലയില്‍ നടന്ന ചടങ്ങില്‍ പതിനായിരങ്ങളാണു പങ്കെടുത്തത്.
◾ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഫലമുണ്ടാകുമെന്നതിനു തെളിവാണു ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വിജയമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. ഹിമാചല്‍ പ്രദേശിലേത് ജനങ്ങളുടെ വിജയമാണ്. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും മുമ്പ് സുഖ്വിന്ദര്‍ സിംഖ് സുഖു മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചിരുന്ന പ്രതിഭാ സിംഗിനെ വീട്ടിലെത്തി കണ്ടു. പ്രതിഭയുടെ മകന്‍ വിക്രമാദിത്യ സിംഗ് മന്ത്രി സഭയില്‍ ഉണ്ടാകുമെന്നു പ്രതിഭ പറഞ്ഞു.
◾നാഗ്പൂര്‍ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിച്ചു. സ്റ്റേഷനിലെ കൗണ്ടറില്‍നിന്ന് ടിക്കറ്റ് എടുത്താണ് മോദി മെട്രോയില്‍ കയറിയത്.
◾ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തില്‍ വോട്ടു ചെയ്യാതെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപരോധ വ്യവസ്ഥകളിലും മാനുഷിക ഇളവു നല്‍കണമെന്ന ആവശ്യപ്പെട്ട് യുഎസും അയര്‍ലന്‍ഡും അവതരിപ്പിച്ച പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇത്തരം ഇളവുകള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ മുതലെടുക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ വിട്ടുനിന്നത്.
◾ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 15 വര്‍ഷത്തെ ഭരണം നഷ്ടപ്പെട്ടതിനു പിറകേ ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. 2020 ലാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷനായത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിവച്ചത്.
◾മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനു നേരെ മഷിയാക്രമണം. മന്ത്രിയുടെ മുഖത്ത് മഷി എറിഞ്ഞ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരെ അധിക്ഷേപിച്ചെന്നാരോപിച്ച് ചിഞ്ച്വാഡിലാണ് മഷിയാക്രമണം ഉണ്ടായത്.
◾നോബല്‍ സമ്മാനജേതാവായ മനുഷ്യാവകാശപ്രവര്‍ത്തകന്‍ യാന്‍ രാഷിന്‍സ്‌കിനോട് പുരസ്‌കാരം തിരിച്ചു നല്‍കണമെന്ന് റഷ്യ. ബെലറൂസിലെ ‘മെമ്മോറിയല്‍’ എന്ന പൗരാവകാശ സംഘടനയുടെ മേധാവിയാണ് യാന്‍ രാഷിന്‍സ്‌കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്‌കാരം നിരസിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
◾ഖത്തറിലേക്കു സ്വന്തം വാഹനങ്ങളില്‍ പോകുന്നവര്‍ മുന്‍കൂര്‍ പെര്‍മിറ്റ് എടുക്കണമെന്നു മുന്നറിയിപ്പ്. പെര്‍മിറ്റില്ലാതെ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
◾ഖത്തര്‍ ലോകകപ്പില്‍ ഇനി രണ്ട് ദിവസം മത്സരങ്ങളില്ല. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ്, ഇന്ത്യന്‍ സമയം ബുധനാഴ്ച വെളുപ്പിന് 12.30ന്, ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍. ആദ്യ സെമി ഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. 2018 ലോകകപ്പിലെ റണ്ണേഴ്സ് അപ്പാണ് ക്രൊയേഷ്യ. 2018 ലെ ലോകകപ്പില്‍ ഗ്രൂപ്പ്തല മത്സരത്തില്‍ അര്‍ജന്റീനയെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യ തോല്‍പിച്ചിരുന്നു. 2018 ലെ ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാതെ അര്‍ജന്റീന അന്ന് പുറത്താകുകയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിക്കാണ്, ഇന്ത്യന്‍ സമയം ബുധനാഴ്ച വെളുപ്പിന് 12.30ന്, ലോകകപ്പിലെ രണ്ടാമത്തെ സെമി ഫൈനല്‍.രണ്ടാമത്തെ സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മൊറോക്കോയുമായി ഏറ്റുമുട്ടും. ലോകകപ്പിന്റെ ചരിത്രത്തിലെ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ സാന്നിദ്ധ്യമാണ് മൊറോക്കോ.
◾രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ (എല്‍.ഐ.സി) നാല് പൊതുമേഖലാ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളെ ലയിപ്പിക്കുന്നു. ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവയെയാണ് എല്‍.ഐ.സിയില്‍ ലയിപ്പിച്ചേക്കുക. ഇവയിലെ ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണിത്. ലയന തീരുമാനം അടുത്ത ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ ഉണ്ടായേക്കും. ഇതിനായി ഇന്‍ഷ്വറന്‍സ് ആക്ട് 1938, ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ട് 1999 എന്നിവ ഭേദഗതി ചെയ്‌തേക്കും. ജനറല്‍ ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, ഇ.സി.ജി.സി ലിമിറ്റഡ്, അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവയും കേന്ദ്രത്തിന് കീഴിലുണ്ട്. ഇവയെ തത്കാലം സ്വതന്ത്രമായി നിലനിറുത്തും.
◾ടെക്സ്റ്റ് മെസ്സേജുകള്‍ക്കും ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ‘വ്യൂ വണ്‍സ്’ ഫീച്ചറില്‍ ചിത്രങ്ങളും വിഡിയോകളും സ്വകാര്യമായോ, ഗ്രൂപ്പുകളിലോ അയച്ചുകഴിഞ്ഞാല്‍ അവ ഒരു തവണ മാത്രമേ, സ്വീകര്‍ത്താവിന് കാണാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ അയക്കപ്പെട്ട ചിത്രങ്ങള്‍ പങ്കുവെക്കാനോ, സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ കഴിയുകയുമില്ല. അത്തരത്തില്‍ അയച്ച ടെക്സ്റ്റുകള്‍ സ്വീകര്‍ത്താവ് ഒരിക്കല്‍ കണ്ടതിന് ശേഷം ചാറ്റില്‍ നിന്ന് അപ്രത്യക്ഷമാകും. ചില ബീറ്റ ടെസ്റ്ററുകള്‍ക്കായി പ്രസ്തുത ഫീച്ചര്‍ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആന്‍ഡ്രോയിഡ് 2.22.25.20 അപ്‌ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിലാണ് പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. ഉപയോക്താക്കള്‍ക്ക് സ്വകാര്യവും രഹസ്യാത്മകവുമായ വിവരങ്ങള്‍ അയയ്ക്കാന്‍ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. അയച്ചുകഴിഞ്ഞാല്‍, ഡിലീറ്റ് ചെയ്ത് കളയേണ്ട ആവശ്യവും വരില്ല.
◾മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷേ രജനീകാന്ത് ഇല്ല. മറിച്ച് രാഘവ ലോറന്‍സ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണൌത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. ചിത്രത്തിലേക്ക് കങ്കണയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററില്‍ ചിത്രത്തിലെ അവരുടെ ഗെറ്റപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടിവേലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി.
◾ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
◾എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.”നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.’ ‘ചീങ്കണ്ണ്യാ സ്റ്റോ’. വിനോദ് നെട്ടിയത്ത്. ഗ്രീന്‍ ബുക്സ്. വില 270 രൂപ.
◾ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ പുതിയ മുന്‍നിര എസ്യുവിയായ എക്സ് എം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.60 കോടി രൂപയാണ് എക്‌സ് ഷോറൂം വില. 2022 സെപ്റ്റംബറില്‍ ആഗോളതലത്തില്‍ ആദ്യമായി അനാച്ഛാദനം ചെയ്ത മോഡലാണിത്. 1978-ല്‍ പുറത്തിറക്കിയ ഐതിഹാസികമായ എം1ന് ശേഷം എം ബ്രാന്‍ഡിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ് എക്സ് എം. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ എം ബ്രാന്‍ഡില്‍ നിന്ന് വരുന്ന ആദ്യത്തെ എസ്യുവി കൂടിയാണ് എക്സ് എം. ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എക്‌സ്എമ്മിന് കരുത്തേകുന്നത്. ഇത് 644 ബിഎച്ച്പി പരമാവധി കരുത്തും 800 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
◾ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവന്‍ കുതിര്‍ത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മൂന്നു ഗ്രാം ജീരകം പൊടിച്ചത് തൈരിനൊപ്പം ദിവസത്തില്‍ രണ്ടുതവണ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കോംപ്ലിമെന്ററി തെറാപ്പിസ് ഇന്‍ ക്ലിനിക്കല്‍ പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജീരക വെള്ളം ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിലൂടെ ജീരക വെള്ളം ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ദഹനം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീര ഭാരം കുറയ്ക്കാനായി ദിവസത്തില്‍ മൂന്നു തവണ ജീരക വെള്ളം കുടിക്കണം. ആദ്യ ഗ്ലാസ്- രാവിലെ വെറും വയറ്റില്‍, രണ്ടാമത്തെ ഗ്ലാസ്- ഉച്ചഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പ്, മൂന്നാമത്തെ ഗ്ലാസ്-അത്താഴം കഴിഞ്ഞ് 20 മിനിറ്റിനുശേഷം. ഒരു മാസത്തിനുള്ളില്‍ 2-4 കിലോ കുറയ്ക്കാം. ഇതിനൊപ്പം സമീകൃതാഹാരം കഴിക്കുകയും ആഴ്ചയില്‍ 3-4 തവണ വ്യായാമം ചെയ്യുകയും വേണം. വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിര്‍ത്താന്‍ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കില്‍ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് വളരെ എളുപ്പത്തില്‍ ഉരുക്കി കളയാന്‍ സാധിക്കും. ജീരക വിത്തുകളില്‍ ഫൈറ്റോസ്റ്റെറോളുകള്‍, സാപ്പോണിനുകള്‍ തുടങ്ങിയ ബയോ ആക്റ്റീവ് ധാതു ഘടകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിനെ പിത്തരസം ആക്കി മാറ്റുവാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് ഉരുകി പോകുമ്പോള്‍ ശരീരഭാരം അതേ അളവില്‍ കുറയുന്നു.