yt cover 38

https://dailynewslive.in/ ജിഎസ്ടി നിരക്കിലെ മാറ്റം നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറില്‍ എത്തി ചെറുകിട കച്ചവടക്കാരും വ്യാപാരികളുമായി സംവദിച്ചു. വ്യാപാരികള്‍ വലിയ പ്രതീക്ഷയിലാണെന്നും ജിഎസ്ടി നിരക്ക് മാറ്റത്തിലൂടെ ഇരട്ടി ഐശ്വര്യമെത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം നിരക്ക് മാറ്റം ആഴത്തിലുള്ള മുറിവിലൊട്ടിച്ച ബാന്‍ഡ് എയ്ഡ് മാത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇത്രയും കാലം അധിക നികുതി ഈടാക്കിയതിന് ജനത്തോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പ്രതിപക്ഷത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത പ്രഖ്യാപനമെന്ന് മറുപടി നല്‍കിയ അമിത് ഷാ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്നും അവകാശപ്പെട്ടു

https://dailynewslive.in/ പുതിയ ജിഎസ്ടി നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് അഞ്ചു ശതമാനം, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതല്‍ ജിഎസ്ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിപണിയില്‍ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, ഹീമോഫീലിയ, സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂര്‍ണമായി ഇല്ലാതായത്. അതേസമയം പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്.

https://dailynewslive.in/ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. ഒരു സംസ്ഥാനം പോലും ഉത്പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ലെന്നും എന്നാല്‍ നികുതി കുറയ്ക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി കൃത്യമായ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും 50,000 കോടി മുതല്‍ 2,00000 രൂപവരെ നഷ്ടം കേരളത്തിന് സംഭവിക്കാം എന്നുള്ള അഭിപ്രായങ്ങളുണ്ട് എന്നും മന്ത്രി പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ പിണറായി വിജയന്‍ അയ്യപ്പ ഭക്തനായെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം തള്ളി സിപിഎം ജന സെക്രട്ടറി എം.എ.ബേബി രംഗത്ത് . അത് വെള്ളാപ്പള്ളി നടേശന്റെ മാത്രം വ്യക്തിപരമായ അഭിപ്രായവും നിരീക്ഷണവുമാണെന്നും പിണറായി എത്രത്തോളം കമ്മ്യൂണിസ്റ്റ് എന്നത് തനിക്ക് നേരിട്ടറിയാമെന്നും എംഎ ബേബി പറഞ്ഞു. അതേസമയം അയ്യപ്പ സംഗമം വിജയമാണെന്നും വളരെ കാലികമായ ഇടപെടല്‍ ആണ് ദേവസ്വം ബോര്‍ഡ് നടത്തിയതെന്നും ബേബി വ്യക്തമാക്കി. ഹിന്ദു ദിനപത്രത്തില്‍ അതേപ്പറ്റി താന്‍ എഴുതിയ കുറിപ്പിന്റെ പരിഭാഷ കുറെ തെറ്റോട് കൂടി ആണെങ്കിലും ദേശാഭിമാനിയില്‍ വന്നിരുന്നു എന്നും ബേബി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ വ്യക്തത വേണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ആവശ്യമെങ്കില്‍ മാത്രമേ ഈ വിഷയത്തില്‍ ഇടപെടുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് നിര്‍ണ്ണായക പങ്ക് നല്‍കുന്ന ഉത്തരവാണ് സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നത്.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്ലീം ലീഗ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണത്തിന് വീണ്ടും നിയമക്കുരുക്ക്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മാണം നടത്തുന്നുവെന്ന് കാണിച്ചാണ് നോട്ടീസ്. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ മുസ്ലിം ലീഗ് നോട്ടീസിന് മറുപടി നല്‍കിയെന്നും, പത്തു വീടിന് നിര്‍മ്മാണ അനുമതി കിട്ടിയിരുന്നുവെന്നും നിലവില്‍ സാങ്കേതിക പ്രശ്നം മാത്രമെന്നും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ലീഗ് നേതൃത്വം വിശദീകരിച്ചു.

https://dailynewslive.in/ പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാന്‍ മില്‍മ എറണാകുളം യൂണിയനില്‍ ഭരണസമിതിയുടെ നീക്കം. എംഡി നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുളള ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നീക്കത്തിനെതിരെ മില്‍മയിലെ സിഐടിയു യൂണിയനടക്കം സര്‍ക്കാരിനെ സമീപിച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ സിപിഐയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പൊതു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ കൂടിയാലോചന നടത്തും. നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

https://dailynewslive.in/ എഐ, ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ പാര്‍ട്ടി മനസ്സിലാക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ബ്യൂറോക്രാറ്റിക് പ്രവണത പാര്‍ട്ടിയില്‍ വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ പാലിയേക്കരയിലെ ടോള്‍പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജികള്‍ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.

https://dailynewslive.in/ സ്ഥലം മാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വ്യവസ്ഥകള്‍ പാലിക്കണമെന്ന സിഎടി ഉത്തരവ് ചോദ്യം ചെയ്തുള്ള പ്രധാന ഹര്‍ജി ഇന്ന് പരിഗണിക്കുന്നുണ്ടല്ലോ എന്നും പ്രധാന കേസ് നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഹര്‍ജി പരിഗണിക്കുന്നതെന്നും കോടതി ചോദിച്ചു.

https://dailynewslive.in/ കെഎസ്ആര്‍ടിസി അടിമുടി മാറ്റത്തിന്റെ പാതയില്‍. ഡിജിറ്റല്‍ പേയ്മെന്റ്, ട്രാവല്‍ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങിയ നിരവധി നൂതനമായ ആശയങ്ങളാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ വിജയകരമായി നടപ്പിലാക്കി വരുന്നത്. കാലാനുസൃതമായി ബസുകളില്‍ വരുത്തുന്ന മാറ്റങ്ങളും നവീകരണവുമെല്ലാം യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

https://dailynewslive.in/ സികെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി യുഡിഎഫുമായി സഹകരിക്കും. ആദിവാസി പിന്നോക്ക വിഭാഗങ്ങളിലെ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാര്‍ഡുകളില്‍ മല്‍സരിക്കാനും നീക്കമുണ്ട്. എന്‍ഡിഎ വിട്ടപ്പോള്‍ തന്നെ ഒരുപാട് പാര്‍ട്ടികള്‍ സംസാരിച്ചിരുന്നുവെന്നും ജെആര്‍പിക്കൊപ്പം സഹകരിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും സികെ ജാനു പറഞ്ഞു.

https://dailynewslive.in/ പമ്പാ സംഗമത്തിലേത് എഐ അല്ല അത്ഭുത സംഭവമാണ് എന്ന് കെപി ശശികല. സിപിഎമ്മുകാര്‍ നോക്കിയാല്‍ മാത്രമേ കസേരയില്‍ ആളുകളെ കാണുകയുള്ളൂവെന്നും അയ്യപ്പഭക്തര്‍ നോക്കിയാല്‍ കാണില്ല എന്നും ശശികല പറഞ്ഞു. പിണറായി ഭക്തനായി എന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ ഭക്തനായാല്‍ നല്ലതാണ്, ഭക്തനായി അഭിനയിച്ചാല്‍ അതിനുള്ള പണി അയ്യപ്പന്‍ കൊടുത്തുകൊള്ളൂം എന്നും പറഞ്ഞു.

https://dailynewslive.in/ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്. ശബരിമല: വിശ്വാസം, വികസനം എന്ന വിഷയത്തില്‍ രാവിലെ സെമിനാറും ഉച്ചയ്ക്കു ശേഷം ഭക്തജന സംഗമവും നടക്കും. മുന്‍ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പരിപാടി ഉദ്ഘാടനം ചെയ്യും. ശബരിമല കര്‍മ്മസമിതിയാണ് പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത്.

https://dailynewslive.in/ പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന വനിതാ ബറ്റാലിയന്‍ കമാണ്ടന്റിന്റെ സര്‍ക്കുലര്‍ നിലനില്‍ക്കെ വീണ്ടും റീല്‍സ് ചിത്രീകരണം. ഇന്നലെ കളിയിക്കാവിളയില്‍ നവരാത്രി ഡ്യൂട്ടിക്കിടെ എസ്ഐയും മറ്റ് പൊലീസുകാരും ചേര്‍ന്ന് ചിത്രീകരിച്ച റീല്‍സാണ് നവമാധ്യമങ്ങളില്‍ വന്നത്. വാര്‍ത്തക്ക് പിന്നാലെ റീല്‍സുകള്‍ നവമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചു.

https://dailynewslive.in/ പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളും ആണ് പ്രിയങ്ക ഗാന്ധിയെ കണ്ടത്. മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്റെ കുടുംബം അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് മൃഗങ്ങളെ പിടിക്കാന്‍ വെച്ച അനധികൃത വൈദ്യുതിക്കെണിയില്‍ പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മരിച്ചത് 24 പേര്‍. ഇതില്‍ 10 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നാണെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ആറില്‍ സംഘടിപ്പിക്കുന്ന പിറവം വള്ളംകളി മത്സരം ഒക്ടോബര്‍ നാലിന് നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പിറവം കൊള്ളിക്കല്‍ ഇറിഗേഷന്‍ വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നടന്ന യോഗം അനൂപ് ജേക്കബ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

https://dailynewslive.in/ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം പ്രതിയായ കേസില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി മെയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റഹീം നിയമസഹായ സമിതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവര്‍ക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു.

https://dailynewslive.in/ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലയില്‍ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധന. മലപ്പുറം മുണ്ടുപറമ്പിലെ വിദേശ മദ്യവില്പനശാലയിലാണ് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടന്നത്. പരിശോധനയില്‍ ഇവിടെ നിന്നും കണക്കില്‍പ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.

https://dailynewslive.in/ താനൂര്‍ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചന്റെ പുരക്കല്‍ റസലിന്റെ വലയിലാണ് വിഗ്രഹങ്ങള്‍ കുടുങ്ങിയത്. ഏകദേശം അഞ്ച് കിലോഗ്രാമിലധികം തൂക്കം വരുന്ന പിച്ചളയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണ് ലഭിച്ചത്. വിഗ്രഹങ്ങള്‍ ഉടന്‍ തന്നെ റസല്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

https://dailynewslive.in/ സി.പി.എം വനിതാ നേതാവായ കെ.ജെ. ഷൈനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റിട്ട കേസില്‍, കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. സൈബര്‍ അധിക്ഷേപത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു

https://dailynewslive.in/ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോഖിലാണ് സംഭവം. എഡിസണ്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇയാള്‍. ഇയാള്‍ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.

https://dailynewslive.in/ റഷ്യയിലെ സെച്ചിനോവ സര്‍വകലാശാലയില്‍ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് മലപ്പുറം കിഴിശ്ശേരി സ്വദേശി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കിഴിശ്ശേരി സ്വദേശി അഹമ്മദ് അജ്നാസ്, പെണ്‍ സുഹൃത്തും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ ഫിദ ഫാത്തിമ (ഫിദാമി ) എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഹമ്മദ് അജാസിനെതിരെ പൊലീസ് കേസെടുത്തു.

https://dailynewslive.in/ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു, ധനീഷ് എന്നിവര്‍ക്ക് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്തതില്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. ആദ്യ ആത്മഹത്യ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവില്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു എന്നും ഡിഐജി വ്യക്തമാക്കി.

https://dailynewslive.in/ സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചനിലയില്‍. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. 2009 ല്‍ ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.

https://dailynewslive.in/ കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതിയായ ഭര്‍ത്താവ് ഐസക് ഫേസ്ബുക്കില്‍ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം.

https://dailynewslive.in/ രാജ്യത്തെ ഏറ്റവും നീളം കൂടിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നു. വിശാഖപട്ടണത്താണ് ഭീമന്‍ ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങിയിരിക്കുന്നത്. വിശാഖപട്ടണത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും ടൂറിസം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 25നാണ് കാന്റിലിവര്‍ ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക.

https://dailynewslive.in/ ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടര്‍ന്നത്. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. പോര്‍ബന്ദര്‍ സുഭാഷ്നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തീ പിടിച്ചത്. ജാംനഗര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍എം ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.

https://dailynewslive.in/ സൈനികഅട്ടിമറി നീക്കത്തെ തുടര്‍ന്ന് ജയിലിലായ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോയെ മോചിപ്പിക്കാനുള്ള പാര്‍ലമെന്റിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ബ്രസീലില്‍ വന്‍ പ്രക്ഷോഭം. 26 സംസ്ഥാനങ്ങളിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. നിയമ നിര്‍മ്മാണ സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ബില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റ് പാസാക്കിയത്. ഇത് ബോള്‍സനാരോയുടെ ജയില്‍ മോചനം ഉറപ്പാക്കാന്‍ വേണ്ടിയെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.

https://dailynewslive.in/ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടിറാ താഴ്വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ് പാകിസ്താന്‍ സൈന്യം ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആക്രമണം നടത്തിയത്. പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്

https://dailynewslive.in/ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയില്‍ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീന്‍ എന്ന രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടുണ്ട്. യുകെയും ഓസ്ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. യു.എസ് പലിശനിരക്ക് കുറച്ചതിനു പിന്നാലെ നിക്ഷേപകരുടെ ഒഴുക്ക് സ്വര്‍ണത്തിലേക്ക് മാറ്റപ്പെട്ടതോടെ വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി ഉയര്‍ന്നു. പവന്‍ വില 82,560 രൂപയിലെത്തി. 320 രൂപയുടെ വര്‍ധന. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ വില 8,480 രൂപ. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഇന്ന് മാത്രം അഞ്ച് രൂപ ഉയര്‍ന്ന് 140 രൂപയിലെത്തി. കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണവിലയില്‍ മൂന്നുതവണയാണ് റെക്കോഡ് മറികടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയിലെത്തിയ ശേഷം കുറച്ചു താഴ്ന്ന സ്വര്‍ണവില പിന്നീട് വീണ്ടും കൂടി. യു.എസ് ഫെഡ് പലിശനിരക്ക് കുറച്ചതിനു പിന്നാലെ 20നുശേഷം വില വീണ്ടും കൂടി. അന്താരാഷ്ട്ര വില അടിക്കടി വര്‍ധിക്കുന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില 77,640 രൂപ മാത്രമായിരുന്നു. 20 ദിവസത്തിനിടെ 5,000 രൂപയ്ക്കടുത്താണ് പവന് ഉയര്‍ന്നത്.

https://dailynewslive.in/ ഐഫോണ്‍ 17 അടിസ്ഥാന മോഡലിന്റെ ഉത്പാദനം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ആപ്പിള്‍. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രീ ഓര്‍ഡറുകളും വില്‍പ്പനയും ലഭിച്ചതോടെയാണ് ഉത്പാദന കരാറുകാര്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. 82,900 രൂപ മുതല്‍ ആരംഭിക്കുന്ന ആപ്പിള്‍ 17 മോഡലുകളുടെ പ്രതിദിന ഉത്പാദനം 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആപ്പിളിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിച്ച ആപ്പിള്‍ ഐഫോണ്‍ 17 സീരീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ പണം മുടക്കേണ്ട പ്രീമിയം മോഡലുകളായ ഐഫോണ്‍ 17 പ്രോ, പ്രോമാക്‌സ് മോഡലുകളേക്കാള്‍ ബജറ്റ് വിലയില്‍ ലഭ്യമായ ഐഫോണ്‍ 17 ഫോണുകളോടാണ് ആളുകള്‍ക്ക് പ്രിയം. ആകെ ഉത്പാദനത്തിന്റെ 25 ശതമാനം ഐഫോണ്‍ 17 മോഡലുകള്‍ക്കും 65 ശതമാനം പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കും 10 ശതമാനം എയര്‍ മോഡലിനുമാണ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഡിമാന്‍ഡ് കൂടിയതോടെ ചൈനയിലെ ഐഫോണ്‍ നിര്‍മാതാക്കളായ ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍, ഫോക്‌സ്‌കോണ്‍ കമ്പനികള്‍ക്ക് ആപ്പിളിന്റെ പുതുക്കിയ നിര്‍ദ്ദേശമെത്തി.

https://dailynewslive.in/ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാന്താര 2’ ട്രെയിലര്‍ എത്തി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. നിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. തെന്നിന്ത്യന്‍ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളില്‍ ഒരുമിച്ചാകും റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസുമാണ് കേരളത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ ദൈവികാചാരങ്ങളില്‍ നിന്നും ജനിക്കുന്ന ആത്മീയ ഗാഥയാണ് കാന്താര. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, ആത്മീയതയും ഭക്തിയും കലര്‍ത്തിയ ഒരു ലോകമാണ് ഈ സിനിമ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

https://dailynewslive.in/ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേര്‍ഷന്‍ പാടി ഞെട്ടിച്ച് കിലി പോള്‍. പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ശാസ്ത്രീയ സംഗീതത്തില്‍ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും വെടിച്ചില്ല് ഐറ്റമാണ്. തനി ടാന്‍സാനിയന്‍ വേഷത്തിലാണ് ഫാസ്റ്റ് നമ്പറില്‍ കിലി പോളും സംഘവും എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാര്‍ ഈണമിട്ട് ജാസി ഗിഫ്റ്റും അനാര്‍ക്കലി മരിക്കാറും കിലി പോളും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ‘ഇന്നസെന്റ്’.

https://dailynewslive.in/ വില്‍പനയില്‍ അഞ്ചു ലക്ഷവും കടന്ന് ബജാജ് ചേതക്. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ ശേഷം ഇതുവരെ 5,10,000 യൂണിറ്റ് ചേതക്കുകള്‍ വിറ്റു. 2024 നവംബറിനു ശേഷമുള്ള പത്തുമാസക്കാലത്താണ് ബജാജ് ചേതക്കിന്റെ വില്‍പന കുതിച്ചുയര്‍ന്നത്. ഇക്കാലയളവില്‍ മാത്രം ആകെ വില്‍പനയുടെ 40% ചേതക്കുകള്‍ (2,06,366) വില്‍ക്കാനായി. ഒന്നിലേറെ വകഭേദങ്ങള്‍ പുറത്തിറക്കിയതും രാജ്യത്ത് 3,800ലേറെ ടച്ച്‌പോയിന്റുകള്‍ വഴി മികച്ച സര്‍വീസ് നല്‍കിയതും ചേതകിന്റെ വില്‍പനയെ സഹായിച്ചു. 2024 ഏപ്രിലിനു ശേഷമുള്ള 20 മാസങ്ങളില്‍ 3,48,251 ചേതക്കുകള്‍ വില്‍ക്കാനും ബജാജിന് സാധിച്ചു. നിലവില്‍ നാലു മോഡലുകളിലും രണ്ട് ബാറ്ററി ഓപ്ഷനുകളിലുമാണ് ബജാജ് ചേതക് എത്തുന്നത്. ചേതക് 3001ല്‍ 3 കിലോവാട്ടിന്റെ ബാറ്ററിയാണ്. അതേസമയം ചേതക് 3501, ചേതക് 3502, ചേതക് 3503 വകഭേദങ്ങളില്‍ 3.5 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിട്ടുള്ളത്. എക്‌സ് ഷോറൂം വില 99,900 രൂപ മുതല്‍ 1.35 ലക്ഷം രൂപ വരെ.

https://dailynewslive.in/ അവള്‍ ഭക്തിയെ ഗാനമാക്കി മാറ്റിയ സ്വരം ആയിരുന്നു. അവന്‍ ആ പ്രകാശത്തെ വളര്‍ത്തിയ സംരക്ഷകന്‍, അത് ലോകത്തിന് മുന്നില്‍ പ്രകാശിക്കാനായി വഴിതെളിച്ചവന്‍. ഒരുമിച്ചു ചേര്‍ന്നപ്പോള്‍, എം. എസ്. സുബ്ബലക്ഷ്മിയും ടി. സദാശിവവും കലയും ആരാധനയായി, ജീവിതവും ഒരു സമര്‍പ്പണമായി മാറിയ അപൂര്‍വ്വ സംഗമമായി. ഒരു കവിയുടെ സംവേദനത്തോടും ഭക്തന്റെ ഭക്തിയോടും കൂടി, ബി. കെ. ഹരിനാരായണന്‍ അവരുടെ ദൈവികയാത്ര പിന്തുടരുന്നു മധുരയിലെ ക്ഷേത്രവീഥികളില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ വേദികളിലേക്ക്, അവിടെ അമ്മയുടെ സ്വരം പ്രാര്‍ത്ഥനപോലെ ഉയര്‍ന്നു, സദാശിവത്തിന്റെ ഉറച്ച ശക്തിയും ദര്‍ശനവും അതിനെ കൈപിടിച്ചു മുന്നോട്ടു കൊണ്ടുപോയി. ഈ പുസ്തകം ജീവിച്ച ജീവിതങ്ങളുടെ വെറും ചരിത്രരേഖയല്ല; അത് ഒരു സ്മരണാഗീതമാണ്, ആദരവോടെ ചാര്‍ത്തിയ പുഷ്പമാലയാണ്. ‘ശിവം ശുഭം’. ബി കെ ഹരിനാരായണന്‍. കറന്റ് ബുക്സ് തൃശൂര്‍. വില 600 രൂപ.

https://dailynewslive.in/ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത ഇരട്ടിയാണ്. ബയോളജിക്കല്‍, ഹോര്‍മോണ്‍, ജനിതക ഘടകങ്ങള്‍ എന്നിവയുടെ സംയോജനം ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ന്യൂറോഡീജനറേറ്റീവ് വൈകല്യങ്ങള്‍ വരാനുള്ള സാധ്യത നിര്‍ണയിക്കുന്നതില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഈസ്ട്രജന്‍ ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ ഗണ്യമായി കുറയുന്നു. ഈ കുറവ് തലച്ചോറിന്റെ ഘടനയിലും ഊര്‍ജ്ജ ഉപയോഗത്തിലും മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. ഇതിലൂടെ അല്‍ഷിമേഴ്സ് സാധ്യതയും വര്‍ധിപ്പിക്കുന്നു. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി കൃത്യ സമയത്ത് ചെയ്താല്‍ ഈ അവസ്ഥയെ പ്രതിരോധിക്കാമെങ്കിലും വൈകിയാല്‍ പ്രയോജനമുണ്ടാകില്ല താനും. മാത്രമല്ല ദോഷഫലമുണ്ടാക്കാനും സാധ്യതയുണ്ട്. സ്ത്രീകളുടെ രോഗപ്രതിരോധ സംവിധാനം സാധാരണയായി പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ സജീവമായിരിക്കും. ഇത് ഒരേപോലെ ഗുണവും ബലഹീനതയുമാണ്. കൂടുതല്‍ പ്രതിപ്രവര്‍ത്തനാത്മകമായ രോഗപ്രതിരോധ സംവിധാനം അല്‍ഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്ന ന്യൂറോഇന്‍ഫ്ലമേഷന്‍ വര്‍ധിപ്പിക്കും. രോഗപ്രതിരോധ സ്വഭാവത്തിലെ ഈ വ്യത്യാസം സ്ത്രീകളുടെ തലച്ചോറില്‍ അമിലോയിഡ് പ്ലേക്കുകള്‍ വേഗത്തില്‍ അടിഞ്ഞുകൂടുന്നതിന് കാരണമായേക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഏജിങ് പ്രകാരം, അല്‍ഷിമേഴ്‌സ് ആണ് ഏറ്റവും സാധാരണമായ ഡിമെന്‍ഷ്യ രൂപം, ഇത് ഒരു വ്യക്തിയുടെ ഓര്‍മശക്തിയെയും ചിന്താശേഷിയെയും സാവധാനം നശിപ്പിക്കുന്ന ഒരു മസ്തിഷ്‌ക വൈകല്യമാണ്. വൈജ്ഞാനിക പ്രവര്‍ത്തനത്തിന്റെ നഷ്ടം- ചിന്തിക്കല്‍, ഓര്‍മിക്കല്‍, തീരുമാനം എടുക്കല്‍ എന്നിവയില്‍ ബുദ്ധിമുട്ട് നേരിടുന്നു. ചില ആളുകള്‍ക്ക് രണ്ടില്‍ കൂടുതല്‍ തരം ഡിമെന്‍ഷ്യ ഉണ്ടാകുന്നത് സാധാരണമാണ്. ഉദാഹരണത്തിന്, ചില ആളുകള്‍ക്ക് അല്‍ഷിമേഴ്‌സും വാസ്‌കുലര്‍ ഡിമെന്‍ഷ്യയും ഉണ്ട്.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.23, പൗണ്ട് – 119.11, യൂറോ – 103.82, സ്വിസ് ഫ്രാങ്ക് – 111.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.14, ബഹറിന്‍ ദിനാര്‍ – 234.00, കുവൈത്ത് ദിനാര്‍ -288.95, ഒമാനി റിയാല്‍ – 229.48, സൗദി റിയാല്‍ – 23.52, യു.എ.ഇ ദിര്‍ഹം – 24.01, ഖത്തര്‍ റിയാല്‍ – 24.23, കനേഡിയന്‍ ഡോളര്‍ – 63.92.

*കുളു*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -56*

ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയില്‍ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം.ക്ഷേത്രങ്ങള്‍, ദേവദാരു വനങ്ങള്‍, വിശാലമായ ആപ്പിള്‍ തോട്ടങ്ങള്‍ എന്നിവയാല്‍ മൂടപ്പെട്ട ഗാംഭീര്യമുള്ള കുന്നുകള്‍ എന്നിവയ്ക്ക് ഈ താഴ്വര പ്രശസ്തമാണ്. പിര്‍ പഞ്ചല്‍ , ലോവര്‍ ഹിമാലയന്‍ , ഗ്രേറ്റ് ഹിമാലയന്‍ നിറങ്ങള്‍ എന്നിവയ്ക്കിടയിലാണ് കുളു താഴ്വര സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 833 മീറ്റര്‍ മുതല്‍ 3330 മീറ്റര്‍ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബിയാസ് നദിയുടെ വലതുവശത്തായി സ്ഥിതി ചെയ്യുന്ന കുളു പട്ടണം കുളു ജില്ലയുടെ ഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കുളു ജില്ലയില്‍ പാര്‍വതി, സൈഞ്ച്, തീര്‍ത്ഥന്‍ നദികള്‍ ഉള്‍പ്പെടെ ബിയാസ് നദിയുടെ നിരവധി പോഷക നദീതട താഴ്വരകളും കുളു താഴ്വരയില്‍ നിന്ന് കുറച്ച് അകലെയുള്ള ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ജില്ലയുടെ സമ്പദ്വ്യവസ്ഥ പ്രധാനമായും ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി, ടൂറിസം, പരമ്പരാഗത കരകൗശല വസ്തുക്കള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കുളു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു.ഇതിന്റെ കിഴക്കുഭാഗം എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്നു. ഇടതൂര്‍ന്ന മരങ്ങള്‍ നിറഞ്ഞ ഇവിടെ നീല പൈന്‍, ഫിര്‍, സെഡാര്‍ എന്നീ വൃക്ഷങ്ങള്‍ ധാരാളമായി കാണാം. വടക്കന്‍ താഴ്വരകളില്‍ മുളങ്കാടുകളും വളരുന്നു.റീസസ് കുരങ്ങ്, ലംഗൂര്‍, ഹിമാലയന്‍ കരടി, ഹിമാലയന്‍ താര്‍, കസ്തൂരിമാന്‍, ഐബെക്‌സ് തുടങ്ങിയ മൃഗങ്ങളെ ഇവിറ്റെ കാണാം. 152 ഇനങ്ങളില്‌പ്പെട്ട പക്ഷികളും ഇവിടെയുണ്ട്. ഇതില്‍ 49 ഇനങ്ങള്‍ വേനല്‍ക്കാലത്തെത്തുന്ന ദേശാടനപ്പക്ഷികളാണ്.കുളു യാത്രയില്‍ മികച്ച താമസ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ബജറ്റിനും മുന്‍ഗണനകള്‍ക്കും അനുസരിച്ച് നിങ്ങള്‍ക്ക് ശരിയായ സ്ഥലം തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കാന്‍ നിരവധി 3-സ്റ്റാര്‍, 4-സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ട്, കൂടാതെ ആകര്‍ഷകമായ ബജറ്റ് ഹോട്ടലുകളും ഉണ്ട്.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *