sunset 5

https://dailynewslive.in/ രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. ബോധവല്‍ക്കരണവും നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ 7, 13 വയസ് പ്രായമുളള കുട്ടികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികള്‍ നിലവില്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

https://dailynewslive.in/ നേപ്പാളിലും ടിബറ്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 53 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബിഹാര്‍, കൊല്‍ക്കത്ത അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 6 ലെ വിജയി : ദീപ, ഈസ്റ്റ് കടുങ്ങല്ലൂര്‍, യു.സി കോളേജ് പി.ഒ, ആലുവ, എറണാകുളം*

https://dailynewslive.in/ അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 249 മത്സരങ്ങളില്‍ 179 എണ്ണം പൂര്‍ത്തിയായപ്പോള്‍ 713 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരാണ് മുന്നില്‍. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നാളെ വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ടൊവിനോ തോമസ് മുഖ്യാതിഥിയാകും.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക, മിമിക്രി മത്സരങ്ങളില്‍ ചലച്ചിത്ര സംവിധായകര്‍ വിധികര്‍ത്താക്കളായതു സംബന്ധിച്ചു വിവാദമുയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. കലോത്സവം മികച്ച രീതിയില്‍ മുന്നേറുന്നതിനിടയില്‍ ഇത്തരം കല്ലുകടിയുണ്ടായതില്‍ അതൃപ്തനായ മന്ത്രി ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരില്‍നിന്നു കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണു യോഗം വിളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പി വി അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അന്‍വറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാമെന്നും അപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഒരു കുറ്റവാളി എന്നപോലെ അന്‍വറിനെ വീട് വളഞ്ഞു പിടികൂടിയതില്‍ യു ഡി എഫിന് പ്രതിഷേധമുണ്ട് അത് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. അതേസമയം മത നേതാക്കള്‍ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാന്‍ ഇല്ലെന്നും ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും പ്രതികരിച്ചു വിവാദമുണ്ടാക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണമെന്നും ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ലെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായ ശേഷമാണ് അന്‍വറിന്റെ സന്ദര്‍ശനം. അന്‍വറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

https://dailynewslive.in/ പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് പി വി അന്‍വര്‍. മലയോര മേഖലയുടെ പ്രശ്നങ്ങളില്‍ പിന്തുണ അറിയിച്ചുവെന്നും അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോല്‍പ്പിക്കുക എന്നതിലാണ് കാര്യമെന്നും അന്‍വര്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാന കായികമേളയില്‍ നിന്നും രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിച്ചേക്കും. മാര്‍ ബേസിലിന്റെയും നാവാമുകുന്ദ സ്‌കൂളിന്റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പ്രതികരിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ സ്‌കൂളുകളുടെ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ പി ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആകും. അപുവിനെ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റിയിലും ഉള്‍പ്പെടുത്തും. നേതൃനിരയില്‍ അഞ്ചാമന്‍ ആയാണ് അപു ജോണ്‍ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഹൈപ്പര്‍ കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.

https://dailynewslive.in/ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’ ദിനപത്രം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. യു. പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ കേസെടുത്തതിനെതിരെ മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ‘വിഷപ്പുകയും വിവരക്കേടും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

https://dailynewslive.in/ ആലപ്പുഴയില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. സി പി എം കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. നേതാവുമായ സക്കീര്‍ ഹുസൈനാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബന്ധുക്കള്‍. മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്നും വിഡി സതീശനും കെ സുധാകരനും കത്തുകള്‍ നല്‍കിയിരുന്നുവെന്നും കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണെന്നും എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിക്കുന്നു.

https://dailynewslive.in/ കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2005 ഒക്ടോബര്‍ 3നാണ് റിജിത്തിനെ തച്ചന്‍ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

https://dailynewslive.in/ കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി എന്നീ സ്ഥാപനങ്ങളിലെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നീക്കത്തിനെതിരേ കെ.എസ്.ഇ.ബി.യിലെ സംഘടനകള്‍. ഏകീകരണം പഠിക്കാന്‍ നിയോഗിച്ച സമിതി കെ.എസ്.ഇ.ബി.യിലെ എച്ച്.ആര്‍. വിഭാഗവുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചര്‍ച്ച റദ്ദാക്കിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള പ്രക്ഷോഭത്തിലേക്കു കടക്കുമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങളെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ക്കുമാത്രമേ മേലില്‍ മാലിന്യം കൊണ്ടുപോകാനുള്ള അനുമതി നല്‍കൂ എന്നും എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംവിധാനം ഈമാസംതന്നെ മറ്റിടങ്ങളിലും നടപ്പാക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു.

https://dailynewslive.in/ ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാതിരുന്ന ഓസ്‌കാര്‍ ഇന്റര്‍നാഷണല്‍ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാറിനെ തൃശ്ശൂരില്‍ നിന്ന് പിടികൂടി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി നാടക മത്സരത്തില്‍ അവതരിപ്പിച്ച കയം എന്ന നാടകം കട്ടക്കയം പ്രേമകഥ എന്ന തന്റെ ചെറുകഥയുടെ വികൃതമായ അനുകരണമാണെന്ന് എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്. തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. കലോത്സവങ്ങളില്‍ അവതരിപ്പിക്കുന്ന രചനകളിന്മേല്‍ പകര്‍പ്പവകാശമുള്ള രചയിതാവില്‍ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ കായികസമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനും ഇ-സ്‌പോര്‍ട്സ് പ്രോത്സാഹിപ്പിക്കാനും കേരള കായികനിയമത്തില്‍ മാറ്റംവരുത്തും. ടര്‍ഫുകള്‍, അരീനകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയ്ക്കായി പ്രവര്‍ത്തനമാനദണ്ഡം രൂപവത്കരിക്കാന്‍ സ്‌പോര്‍ട്സ് കൗണ്‍സിലിനെ ചുമതലപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

https://dailynewslive.in/ ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. വിചാരണ ദിവസങ്ങളില്‍ തലശ്ശേരി കോടതിയില്‍ എത്താനാണ് അനുമതി. കോടതിയില്‍ എത്താന്‍ പരോള്‍ വ്യവസ്ഥയില്‍ ഇളവ് തേടി സുനി അപേക്ഷ നല്‍കിയിരുന്നു. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.

https://dailynewslive.in/ പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനുമെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന അബ്ദുല്‍ സലാം, വൈസ് പ്രിന്‍സിപ്പല്‍ സജി ജോസഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് അമ്മു സജീവിന്റെ കുടുംബം ആരോപിച്ചിരുന്നു.

https://dailynewslive.in/ ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്. മഴയോടൊപ്പം എത്തിയ ശീത തരംഗം ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്നെടുക്കുന്ന ട്രെയിനുകള്‍ വൈകിയോടാന്‍ കാരണമായി. ഇന്നലത്തെ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ ഫ്ലൈറ്റുകളും വൈകിയിരുന്നു. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ 400 വിമാനങ്ങള്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കി. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ അഥവാ ഗവര്‍ണര്‍ നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സര്‍വകലാശാലാ വി.സി. നിയമനങ്ങളെച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യു.ജി.സി. ഇറക്കിയത്.

https://dailynewslive.in/ ഗുജറാത്തിലെ സൂറത്തിലെ പൊതുയോഗത്തില്‍ വച്ച് ബെല്‍റ്റൂരി സ്വയം അടിച്ച് എഎപി നേതാവ് ഗോപാല്‍ ഇറ്റാലിയ. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാല്‍ ഇറ്റാലിയ വ്യക്തമാക്കി.

https://dailynewslive.in/ യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസ് നല്‍കിയതിന് പിന്നാലെ തനിക്കും സഹോദരിക്കും ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയെന്ന് അതിജീവിതയുടെ സഹോദരന്‍. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഹോദരന്റെ പ്രതികരണം.കേസില്‍ പ്രതിയായ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ ഇപ്പോള്‍ ജാമ്യത്തിലാണ്.

https://dailynewslive.in/ പുഷ്പ 2 പ്രീമിയര്‍ ഷോയുടെ തിരക്കിനിടെയുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്‍ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് നടന്‍ അല്ലു അര്‍ജുന്‍. ഡിസംബര്‍ 5 മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ശ്രീ തേജ്. ദുരന്തമുണ്ടായി ഒരു മാസത്തിന് ശേഷമാണ് അല്ലുവിന്റെ സന്ദര്‍ശനം.

https://dailynewslive.in/ ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയില്‍ ജസ്പ്രീത് ബുമ്രയ്ക്ക് അമിത ജോലിഭാരം നല്‍കി പരുക്കിനു വിട്ടുകൊടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ബുമ്രയെക്കൊണ്ട് അമിതമായി പന്തെറിയിച്ച് അദ്ദേഹത്തെ കരിമ്പിന്‍ ചണ്ടി പോലെയാക്കിയെന്നാണ് ഹര്‍ഭജന്റെ വിമര്‍ശനം.

https://dailynewslive.in/ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെട്ടതോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യക്ക് 109 റേറ്റിംഗ് പോയിന്റാണുള്ളത്. നിലവില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 112 പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയാണ്.

https://dailynewslive.in/ ഇന്ത്യയില്‍ വില കുറഞ്ഞ ഹൈഡ്രേഷന്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് പുതിയ ഉല്‍പ്പന്നവുമായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്. റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന ഉല്‍പ്പന്നവുമായാണ് റീഹൈഡ്രേഷന്‍ വിഭാഗത്തിലേക്ക് കമ്പനി ചുവടു വെച്ചിരിക്കുന്നത്. കാര്‍ബണേറ്റഡ് പാനീയ വിഭാഗത്തിലുളള കാമ്പ കോള ബ്രാന്‍ഡ് റിലയന്‍സ് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, നാരങ്ങ നീര് എന്നിവയുളള പാനീയമാണ് റാസ്‌കിക്ക്. 10 രൂപയാണ് ഇതിന്റെ വില. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ധാതുക്കള്‍ ലഭിക്കാന്‍ സഹായകരമായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ഗ്ലൂക്കോസും പാനീയത്തില്‍ അടങ്ങിയിരിക്കുന്നു. മാമ്പഴം, ആപ്പിള്‍, പഴ മിശ്രിതം, ഇളനീര്, ചെറുനാരങ്ങ തുടങ്ങിയ രുചിഭേദങ്ങളിലാണ് റാസ്‌കിക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 750 മില്ലിഗ്രാം ഗാര്‍ഹിക ഉപഭോഗ പായ്ക്കും കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.

https://dailynewslive.in/ നിര്‍മിത ബുദ്ധി ഏജന്റ്സ് ഈ വര്‍ഷം മുതല്‍തന്നെ തൊഴിലാളികളായി അണിനിരക്കുമെന്ന് ഓപണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍. സ്വന്തമായി തീരുമാനമെടുക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിവുള്ള സ്വതന്ത്ര പ്രോഗ്രാമുകളോ സിസ്റ്റങ്ങളോ ആണ് എ.ഐ ഏജന്റുമാര്‍. ‘ഈ വര്‍ഷം തന്നെ എ.ഐ ഏജന്റ്സ് കമ്പനിയുടെ തൊഴില്‍ ശക്തിയുടെ ഭാഗമായി മാറും. അതിലൂടെ കമ്പനികളുടെ ഔട്ട്പുട്ട് തന്നെ മാറ്റിമറിക്കും’ – ആള്‍ട്ട്മാന്‍ ബ്ലോഗില്‍ കുറിച്ചു. എ.ഐ ഏജന്റ്സിനു പുറമെ കൂടുതല്‍ സ്മാര്‍ട്ടായ എ.ഐ സിസ്റ്റംസ് ഉടന്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സൂപ്പര്‍ ഇന്റലിജന്‍സ് എന്നാണ് അദ്ദേഹം ഇവയെ വിശേഷിപ്പിക്കുന്നത്. ‘ഏജന്റുകള്‍ക്കപ്പുറം, സൂപ്പര്‍ ഇന്റലിജന്‍സ് എന്ന വാക്കിനെ അന്വര്‍ഥമാക്കുന്ന സംവിധാനങ്ങളിലേക്കാണ് ഞങ്ങള്‍ നോക്കുന്നത്. അവക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തുണ്ട് എന്നാണ് അറിയാനുള്ളത്. ഇതുവഴി ശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നുറപ്പ്’ -അദ്ദേഹം വിശദീകരിക്കുന്നു.

https://dailynewslive.in/ ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയുമായി ‘ആടുജീവിതം’. 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല. അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഓസ്‌കര്‍ ചുരുക്കപട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപത ലേഡീസ്’ പുറത്തായിരുന്നു. എന്നാല്‍ ഗുനീത് മോങ്ക നിര്‍മ്മിച്ച ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഇത് ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്.

https://dailynewslive.in/ ‘ബെസ്റ്റി’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. മഞ്ചാടിക്കടവില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുന്‍പ് ചിത്രത്തിലെ പത്തിരിപ്പാട്ട് പുറത്തുവന്നിരുന്നു. വ്യത്യസ്തവും മനോഹരവുമായ 5 പാട്ടുകളുമായാണ് ബെസ്റ്റി പ്രദര്‍ശനത്തിനെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മിച്ച ബെസ്റ്റി ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്. ജലീല്‍ കെ ബാവയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അന്‍വര്‍ അമന്‍ ആണ്. ഷഹീന്‍ സിദ്ദിഖ്, അഷ്‌കര്‍ സൗദാന്‍, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗര്‍വാള്‍, അബു സലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ഈ മാസം 24ന് ബെന്‍സി റിലീസ് തിയറ്ററില്‍ എത്തിക്കും.

https://dailynewslive.in/ ഡിസംബര്‍ മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പനയില്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഏഥറിന്റെ മുന്നേറ്റം. ഡിസംബറില്‍ 6118 യൂണിറ്റ് വില്‍പനയോടെ ഏഥര്‍ വിപണിയുടെ 25 ശതമാനം സ്വന്തമാക്കി. ആന്ധ്രപ്രദേശി, തമിഴ്നാട്, ഗോവ, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളുടെ വില്‍പന കണക്കുകളിലാണ് ഏഥര്‍ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് ടിവിഎസാണ് 4719 യൂണിറ്റാണ് വില്‍പന. മൂന്നാം സ്ഥാനത്ത് ഒലയാണ് വില്‍പന 4533 യൂണിറ്റാണ്. നാലാം സ്ഥാനത്ത് ബജാജാണ് വില്‍പന 3476 യൂണിറ്റ്. അഞ്ചാം സ്ഥാനം ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറിനാണ് വില്‍പന 1424 യൂണിറ്റ്.

https://dailynewslive.in/ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന. ‘ജീവിച്ചിരിക്കെ മരിച്ച മനുഷ്യര്‍’. ജിസ്മ ഫൈസ്. മാതൃഭൂമി. വില 187 രൂപ.

https://dailynewslive.in/ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും കുടലിലെ വിഷാംശങ്ങളെ പുറംന്തള്ളാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ കുടിക്കുന്നതും ദഹന പ്രശ്നങ്ങളെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പെരുംജീരകത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീര്‍ക്കുന്ന അവസ്ഥയെ തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.70, പൗണ്ട് – 107.48. യൂറോ – 89.24, സ്വിസ് ഫ്രാങ്ക് – 94.79, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.78, ബഹറിന്‍ ദിനാര്‍ – 227.38, കുവൈത്ത് ദിനാര്‍ -278.08, ഒമാനി റിയാല്‍ – 222.63, സൗദി റിയാല്‍ – 22.83, യു.എ.ഇ ദിര്‍ഹം – 23.33, ഖത്തര്‍ റിയാല്‍ – 23.42, കനേഡിയന്‍ ഡോളര്‍ – 59.90.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *