S10 yt cover

https://dailynewslive.in/ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം 15 നുള്ളില്‍ ഉണ്ടാകുമെന്ന് സൂചന. സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രാലയങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തി. ഇതേതുടര്‍ന്ന് സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയില്‍വേ മന്ത്രാലയവുമായും ചര്‍ച്ച നടത്തി. കശ്മീരിലെ സാഹചര്യവും കമ്മീഷന്‍ വിലയിരുത്തി.

https://dailynewslive.in/ തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളില്‍ എട്ട് വയസുകാരനായ അരുണ്‍കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോളനിക്ക് സമീപത്ത് നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. 16 വയസുളള സജിക്കുട്ടനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇവരെ മാര്‍ച്ച് രണ്ടാം തീയതി മുതലാണ് കാണാതായത്.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഉത്തരവ് വന്നിരിക്കുന്നത്.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ്. മകന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിച്ചെന്നും മുഖ്യമന്ത്രി എല്ലാം കേട്ടുവെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കി കോളേജില്‍ ഉണ്ടായ മരണങ്ങളില്‍ എല്ലാം അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ സെക്രട്ടേറിയറ്റിന് മുമ്പില്‍ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും, കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്നും, ഉടനെ ഇവര്‍ ആശുപത്രിയില്‍ പോകണമെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ജയപ്രകാശ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരാഹാരസമരം അവസാനിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.

https://dailynewslive.in/ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ തൃപ്തിയുണ്ടെന്നും, സിബിഐ അന്വേഷണത്തില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛനും അമ്മാവനും വ്യക്തമാക്കി. എന്നാല്‍ സന്തോഷിക്കാനോ ആശ്വസിക്കാനോ തങ്ങള്‍ക്കാകില്ല. മകന്‍ നഷ്ടപ്പെട്ട വേദന തീരില്ല. ഇപ്പോഴും പൊലീസിന്റെ പ്രതിപ്പട്ടികയിലോ ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ടിലോ ഉള്‍പ്പെടാത്ത പ്രതികളുണ്ട്, അവര്‍ക്കെല്ലാം എതിരെ നടപടിയുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് സര്‍വകലാശാലയില്‍ നടന്നത് പരസ്യവിചാരണയാണെന്ന് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. 18 പേര്‍ പലയിടങ്ങളില്‍ വച്ച് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാര്‍ത്ഥനെ നടത്തിച്ചെന്നും പ്രതിയായ സിന്‍ജോ ജോണ്‍സണ്‍ ആണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി പ്രതികളുടെ ഫോണുകള്‍ വിശദമായി പരിശോധിക്കും. സിദ്ധാര്‍ത്ഥനെ മര്‍ദിക്കുന്ന ദൃശ്യം എടുത്തിരുന്നോ എന്നാണ് നോക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉടന്‍ പരിശോധന പൂര്‍ത്തിയാക്കും. മരണ ശേഷം പ്രതികള്‍ നടത്തിയ സന്ദേശ കൈമാറ്റവും നിര്‍ണായകമെന്നാണ് വിവരം.

https://dailynewslive.in/ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായ രണ്ട് പേര്‍ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

https://dailynewslive.in/ പത്മജ വേണുഗോപാലിനെ ബി ജെ പിയിലേക്ക് എത്തിക്കാനായി ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നുള്ളതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ബിജെപിയുമായുള്ള ഇടപാടുകള്‍ക്ക് പിണറായിക്ക് ദില്ലിയില്‍ സ്ഥിരം സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്മജയെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ലോക്നാഥ് ബഹ്റയ്ക്ക് പങ്കുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

https://dailynewslive.in/ ആര് ഇടനിലക്കാരനായി നിന്നാലും കരുണാകരന്റെ മകള്‍ ബിജെപിയില്‍ പോകാന്‍ പാടില്ലായിരുന്നുവെന്ന് എം വി ജയരാജന്‍. ആരെങ്കിലും പറഞ്ഞെന്ന പേരില്‍ പത്മജ ബിജെപിയില്‍ പോകരുതായിരുന്നുവെന്നും ബെഹ്റയെക്കാള്‍ വലിയൊരാള്‍ പറഞ്ഞാല്‍ മുരളി ബിജെപിയില്‍ പോകുമോയെന്നും ജയരാജന്‍ ചോദിച്ചു.

https://dailynewslive.in/ തൃശൂരിലേക്ക് യാത്രതിരിക്കും മുമ്പ് സമസ്ത അധ്യക്ഷനെ കണ്ട് കെ.മുരളീധരന്‍. കൊണ്ടോട്ടിയിലെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്നു മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങുമെന്നും നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. എബ്രഹാമിന്റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ആണ്‍മക്കള്‍ക്കും താല്‍ക്കാലിക ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ സ്ഥിരം ജോലി നല്‍കുന്നതിന് നിയമപരമായി ഒരുപാട് സങ്കീര്‍ണതകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനിഷ്യയുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയും ദേശീയ വിവരാവകാശ കൂട്ടായ്മയും ചേര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. അനീഷ്യയ്ക്ക് മരണാനന്തരമെങ്കിലും നീതി വേണമെന്നാവശ്യപ്പെട്ടാണ് സമരം. അതേസമയം അനീഷ്യയുടെ ആത്മഹത്യയിലെ അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

https://dailynewslive.in/ ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതല ഏറ്റെടുത്തശേഷം ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതിലൂടെ കെഎസ്ആര്‍ടിസി ക്ക് ലഭിച്ചിരിക്കുന്നത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം. ഓര്‍ഡിനറി സര്‍വീസുകളില്‍ നടപ്പിലാക്കി വന്‍ വിജയമായ ഈ പദ്ധതി സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് സൂചന.

https://dailynewslive.in/ ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നിബിന്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രായേലിലെ കാര്‍ഷിക ഫാമിലായിരുന്നു നിബിന്റെ ജോലി.

https://dailynewslive.in/ പാലക്കാട് ആലത്തൂര്‍ മേലാര്‍ക്കോട് പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലില്‍ കനല്‍ചാട്ടത്തിനിടെ പത്ത് വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണു. പൊങ്കല്‍ ഉത്സവത്തിനിടെ പുലര്‍ച്ചെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കനല്‍ച്ചാട്ടം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

https://dailynewslive.in/ ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു കുത്തേറ്റു മരിച്ചു. പ്രതി വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിത്തുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

https://dailynewslive.in/ ചുനക്കരയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ചുനക്കര സരളാലയത്തില്‍ യശോധരന്‍, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.

https://dailynewslive.in/ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍ ഡിഎംകെയ്ക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ താരപ്രചാരകനാകും. അതേസമയം അടുത്ത വര്‍ഷം ഡിഎംകെ കമലിന് രാജ്യസഭ സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ യുഎഇ യിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ തുടങ്ങിയതോടെ അബുദാബിയിലും ഷാര്‍ജയിലും ഉള്‍പ്പെടെ പാര്‍ക്കുകളും, മലയോര പാതകളും അടച്ചു. വിമാന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. സ്വകാര്യ മേഖലയില്‍ ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

https://dailynewslive.in/ 2020 ല്‍ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കനേഡിയന്‍ മാധ്യമമായ സിബിഎസ്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു.

https://dailynewslive.in/ ഗാസയില്‍ ആകാശമാര്‍ഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഏത് രാജ്യം ആഹാര സാധാനങ്ങള്‍ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. വിമാനത്തില്‍ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികള്‍ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ സഹായം കാത്ത് താഴെ നിന്നവര്‍ക്ക് മേലെ അപകടത്തിന് കാരണം.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യന്‍ ജയം. ഇതോടെ ഇന്ത്യ 4-1 ന് പരമ്പര വിജയിച്ചു. ആദ്യ ഇന്നിംഗ്സില്‍ 218 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 477 റണ്‍സ് റണ്‍സടുത്തിരുന്നു. 259 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാമിന്നിംഗ്സില്‍ 195 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനായുള്ളൂ. രണ്ടിന്നിംഗ്സിലുമായി 9 വിക്കറ്റെടുത്ത, തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്ര അശ്വിനാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

https://dailynewslive.in/ തുടര്‍ച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. വിപണി വില 6075 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5040 രൂപയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് ആരംഭിച്ചത്. ചൊവ്വാഴ്ച 47,560 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച 48,000 കടന്നും മുന്നേറിയ സ്വര്‍ണവില അഞ്ചുദിവസത്തിനിടെ 1600 രൂപയാണ് വര്‍ധിച്ചത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് വില വര്‍ദ്ധനവ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. വിപണി വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഡോളര്‍ ശക്തമായതും യു.എസ് കേന്ദ്രബാങ്കായ ഫെഡ് ജൂണില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും ആഗോള ഓഹരി വിപണിയിലെ കുതിപ്പുമൊക്കെയാണ് സ്വര്‍ണ വില ആഗോള, ആഭ്യന്തരതലത്തില്‍ ഉയരാന്‍ കാരണം. ഈ നില തുടര്‍ന്നാല്‍ അടുത്തയാഴ്ചതന്നെ കേരളത്തില്‍ പവന്‍ വില 50,000 പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍.

https://dailynewslive.in/ പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട് അഥവാ ‘പബ്ജി മൊബൈല്‍’ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ അവതരിപ്പിച്ച ഗെയിമായിരുന്നു ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് വികസിപ്പിച്ച പബ്ജി മൊബൈലിന്റെ ഒരു വകഭേദമാണ് ബിജിഎംഐ. എന്നാല്‍, പബ്ജിയുടെ ചൈനീസ് വേരുകള്‍ പിഴുതെറിഞ്ഞ് ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമായി പ്രത്യേകം നിര്‍മിച്ച ഗെയിം എന്നായിരുന്നു അവകാശവാദം. അതേസമയം, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈല്‍ ഗെയിമായ ബിജിഎംഐ-യും നിലവില്‍ നിരോധന ഭീഷണിയിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപയോക്തൃ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ബിജിഎംഐ കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബിജിഎംഐ വഴി പരിചയപ്പെട്ട ഇന്ത്യക്കാരന്‍ കാമുകനെ കാണാന്‍ പാകിസ്ഥാന്‍ സ്വദേശിനിയായ സീമ ഹൈദര്‍ ഇന്ത്യയിലേക്ക് വന്ന സംഭവവും സര്‍ക്കാരിന് വലിയ ആശങ്കയുണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സ്ഥാപനങ്ങള്‍ക്ക് ലൊക്കേഷനും ഉപയോക്തൃ ഡാറ്റയും ചൂഷണം ചെയ്യാന്‍ കഴിയുമെന്ന അഭിപ്രായമുയരുന്നതിനാല്‍ ഇത് സര്‍ക്കാരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകള്‍ ഗെയിം കളിക്കുന്നതിനാല്‍ ഈ ചൂഷണങ്ങള്‍ ഒരു വലിയ സൈബര്‍ ആക്രമണത്തിനും കാരണമായേക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വിഷയം ചര്‍ച്ച ചെയ്യാനായി കേന്ദ്ര സംഘം ഒരു യോഗം വിളിച്ചിട്ടുണ്ട്, ഇന്ത്യയിലെ ബിജിഎംഐയുടെ ഭാവി ആ യോഗത്തിലാകും നിര്‍ണ്ണയിക്കുക.

https://dailynewslive.in/ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മൂന്ന് കാലഘട്ടങ്ങളിലുള്ള മൂന്ന് പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://dailynewslive.in/ തമിഴ്നാട്ടില്‍ വമ്പന്‍ വിജയം നേടിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ ഇപ്പോഴിതാ മറ്റൊരു മാര്‍ക്കറ്റിലും ബോക്സ് ഓഫീസ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. അമേരിക്കയിലാണ് അത്. യുഎസില്‍ നിന്ന് ആദ്യമായി ഒരു മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ (8.3 കോടി) ഇടംപിടിക്കുന്ന മലയാള ചിത്രം ആയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇന്നത്തെ ഷോകള്‍ക്കായുള്ള അഡ്വാന്‍സ് ബുക്കിംഗ് കൂടി ചേര്‍ത്താണ് ചിത്രം ഈ ബോക്സ് ഓഫീസ് നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ കളക്ഷന്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണിത്. 2018 ആണ് നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്. 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു, നേര്, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്‌ക്വാഡ്, കുറുപ്പ് എന്നിവയാണ് മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം മോളിവുഡ് ബോക്സ് ഓഫീസിലെ ഓള്‍ ടൈം ടോപ്പ് 10 ല്‍ ഉള്ളത്. അതേസമയം തമിഴ്നാട്ടില്‍ ഈ വാരാന്ത്യത്തിലും ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്.

https://dailynewslive.in/ പുതിയ എസ്യുവിയുമായി ടൊയോട്ട എത്തുന്നു. ഫോര്‍ച്യൂണറിന്റെ താഴെ വലുപ്പവും വിലയും വരുന്ന വാഹനത്തിന് സ്പോര്‍ട്ടി രൂപമായിരിക്കും. ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനം ഫോര്‍ച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യ തായ്‌ലന്‍ഡില്‍ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് പ്രതീക്ഷ. ഐഎംവി 0 എന്ന പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ടൊയോട്ടയുടെ ഐതിഹാസിക മോഡല്‍ എഫ്ജെ ക്രൂസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഫ്ജെ എന്ന പേരിലായിരിക്കും വാഹനം എത്തുക. ഹൈലക്സ് ചാമ്പിന്റെയും ഉടന്‍ വിപണിയിലെത്തുന്ന ചെറു ഓഫ് റോഡര്‍ ലാന്‍ഡ് ഹൂപ്പറിന്റെയും രൂപഭംഗി പുതിയ വാഹനത്തിന് പ്രതീക്ഷിക്കാം. ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്സ് പുതിയ എസ്യുവിക്കുണ്ടാകും. 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളും 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ടാകും. ഇന്ത്യന്‍ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാല്‍ മിനി ഫോര്‍ച്യൂണര്‍ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ‘ഘാതകന്‍’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍. ‘ഘാതകന്‍’. ്കെ.ആര്‍ മീര. ആറാം പതിപ്പ്. ഡിസി ബുക്സ്. വില 487 രൂപ.

https://dailynewslive.in/ കോവിഡ് കാലഘട്ടത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യ അലര്‍ജി ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. വയറിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയില്‍ കോവിഡ് ലോക്ഡൗണ്‍ ചെലുത്തിയ ഗുണപ്രദമായ സ്വാധീനമാകാം ഇതിന് പിന്നിലെന്ന് അലര്‍ജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. അയര്‍ലന്‍ഡിലെ ആര്‍സിഎസ്‌ഐ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസും എപിസി മൈക്രോബയോം അയര്‍ലന്‍ഡും ചേര്‍ന്നാണ് പഠനം നടത്തിയത്. കോവിഡ് കാലഘട്ടത്തില്‍ ജനിച്ച 351 നവജാതശിശുക്കളിലാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചോദ്യോത്തരത്തിലൂടെ കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം, വീട്ടിലെ അന്തരീക്ഷം, ആരോഗ്യം എന്നിവയെ പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇവരുടെ മലത്തിന്റെ സാംപിളുകള്‍ ആറ് മാസത്തിലും ഒരു വയസ്സിലും രണ്ട് വയസ്സിലും ശേഖരിച്ച് പരിശോധന നടത്തുകയും അലര്‍ജി പരിശോധനകള്‍ ഒന്നും രണ്ടും വയസ്സില്‍ നടത്തുകയും ചെയ്തു. ലോക്ഡൗണ്‍ കാലത്ത് അണുബാധ സാധ്യത കുറവായിരുന്നതും ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞതും അമ്മമാര്‍ ദീര്‍ഘനേരം കുഞ്ഞുങ്ങളെ മുലയൂട്ടിയതും ഗുണകരമായെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് ഉപയോഗപ്രദമായ സൂക്ഷ്മാണുക്കള്‍ ഈ കുഞ്ഞുങ്ങളുടെ വയറില്‍ വളരാനിടയാക്കി. ലോക്ഡൗണിന് മുന്‍പ് പിറന്ന ശിശുക്കളുമായി താരത്യമപ്പെടുത്തുമ്പോള്‍ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍ ലോക്ഡൗണ്‍ കാലത്തെ ശിശുക്കളുടെ വയറിലെ അണുക്കളുടെ സന്തുലനത്തില്‍ ഉണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ മനുഷ്യരുമായുള്ള സഹവാസമില്ലായ്മയും അണുബാധകളില്‍ നിന്നുള്ള സംരക്ഷണവും മൂലം ഒരു വയസ്സ് ആയപ്പോഴേക്കും ഇവരില്‍ 17 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ആന്റിബയോട്ടിക്കുകള്‍ വേണ്ടി വന്നുള്ളൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വയറിലെ സൂക്ഷ്മ ജീവികളിലുള്ള ഈ മാറ്റത്തിന്റെ ദീര്‍ഘകാല സ്വാധീനം കണ്ടെത്താന്‍ ഈ കുട്ടികളെ അഞ്ച് വയസ്സിലും തുടര്‍ പഠനത്തിന് വിധേയരാക്കാനും ഗവേഷകര്‍ പദ്ധതിയിടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.75, പൗണ്ട് – 106.40, യൂറോ – 90.51, സ്വിസ് ഫ്രാങ്ക് – 94.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.83, ബഹറിന്‍ ദിനാര്‍ – 219.62, കുവൈത്ത് ദിനാര്‍ -269.49, ഒമാനി റിയാല്‍ – 214.84, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.17.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *