S6 yt cover 3

https://dailynewslive.in/ അതുല്യമായ ജനാധിപത്യവ്യവസ്ഥയാണ് ഇന്ത്യയ്ക്കുള്ളതെന്നും അക്കാരണത്താല്‍ത്തന്നെ നിയമവ്യവസ്ഥിതിയുടെ പരിപാലനത്തില്‍ മറ്റാരും പാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ജര്‍മനിയും യു.എസും ഐക്യരാഷ്ട്രസഭയും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വിമര്‍ശനാത്മക പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ധന്‍കറിന്റെ പ്രതികരണം. ബലവത്തായ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാജ്യമാണ് ഇന്ത്യ. ഏതെങ്കിലും വ്യക്തിയ്‌ക്കോ സംഘത്തിനോ വേണ്ടി രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ വിട്ടുവീഴ്ചകള്‍ നടപ്പാക്കാനാകില്ല. നിയമപരിപാലനത്തെക്കുറിച്ച് ആരും ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

https://dailynewslive.in/ കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1823 കോടി രൂപ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ആദായ നികുതി വകുപ്പില്‍ നിന്നും ഇന്നലെ രാത്രി രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് ലഭിച്ചു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം. തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല.

https://dailynewslive.in/ ആദായ നികുതിയുമായി ബന്ധപ്പെട്ട് 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ച് സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും, ഒപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തത് ചൂണ്ടിക്കാട്ടുമെന്നും നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കും. കേരളത്തില്‍ ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഇന്ത്യ സഖ്യത്തിന്റെ നാളത്തെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും, ഭരണഘടന സംരക്ഷണവും നാളത്തെ റാലിയിലെ വിഷയങ്ങളാണെന്നും ജയറാം രമേശ് വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി ഏപ്രില്‍ 6 വരെ നീട്ടി. ഇ പോസ് മെഷീന്റെ സര്‍വര്‍ തകരാറിലായതോടെയാണ് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടത്.

https://dailynewslive.in/ ഇടതുമുന്നണിയുടെ പ്രധാന ക്യാംപെയിനറായ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തുടനീളം 60 പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്റേതുള്‍പ്പെടെ മൂന്ന് യോഗങ്ങളില്‍ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് റാലികള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്.

https://dailynewslive.in/ ബിജെപി ഭരണത്തില്‍ കോടാനുകോടി ജനങ്ങള്‍ ഭയത്തിലാണെന്നും, ഇത് രാജ്യത്തിന് ലോകത്തിന് മുന്നില്‍ ദുഷ്‌കീര്‍ത്തിയുണ്ടാക്കിയിരിക്കുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവിടെ ജനാധിപത്യമുണ്ടോയെന്ന സംശയം ലോകത്തുയര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നതെന്നും പിണറായി ആരോപിച്ചു. ബിജെപി ആകാവുന്ന ശ്രമങ്ങള്‍ എല്ലാം നടത്തിയാലും കേരളത്തില്‍ ജയിക്കില്ലെന്നും മതനിരപേക്ഷയുള്ള ഈ നാടിന് ചേരുന്ന നയമല്ല ബിജെപിക്കുള്ളതെന്നും അതുകൊണ്ടാണ് ജനങ്ങള്‍ ബി ജെ പിയെ ഇവിടെ തിരസ്‌കരിച്ചതെന്നും പിണറായി പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി വകുപ്പിന്റെ റെയ്ഡുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിതെന്നും സതീശന്‍ ആരോപിച്ചു. എന്നാല്‍ പാവപ്പെട്ടവന്റെ 50 രൂപയും 100 രൂപയും കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുമെന്നും പണം കൊണ്ട് ഞങ്ങളെ തോല്‍പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു. റഷ്യയില്‍ പ്രതിപക്ഷ നേതാവിനെ ജയിലില്‍ അടച്ച് വിഷം നല്‍കിക്കൊന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.

https://dailynewslive.in/ ഭര്‍ത്താവിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സയീദ. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ നീതി ലഭിച്ചില്ലെന്ന് സയീദ പ്രതികരിച്ചു. വിധിയില്‍ വളരെ ദുഃഖമുണ്ടെന്ന് സഹോദരനും, വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷന്‍ കമ്മിറ്റിയും വ്യക്തമാക്കി.

https://dailynewslive.in/ മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സനോടും അഭ്യര്‍ത്ഥിച്ച് മുസ്ലീം ലീഗ്. ആര്യാടന്‍ ഷൗക്കത്ത് വിഭാഗവും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്ന ഇടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഗ്രൂപ്പ് പോര് ബാധിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തുമ്പോള്‍ മറു വിഭാഗം നിസ്സഹരിക്കുകയാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖം സെപ്റ്റംബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അദാനി പോര്‍ട്സിന്റെ പുതിയ സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. അടുത്തിടെ വിഴിഞ്ഞത്തേക്ക് ടിപ്പറില്‍ കൊണ്ട് വന്ന കല്ല് വീണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അനന്തുവെന്ന ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അനന്തുവിന്റെ കുടുംബത്തിന് ഉടന്‍ അര്‍ഹമായ സഹായം നല്‍കുമെന്നും, ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കി.

https://dailynewslive.in/ രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം, സാമാന്യ ബുദ്ധിയാണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎല്‍എയും എംപിയുമാവണം എന്ന മോഹമാണ് ചിലര്‍ക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎല്‍എയും എംപിയുമൊക്കെ ആവുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് കുഴല്‍മന്ദത്ത് വയോധികയുടെ കാല്‍ കാട്ടുപന്നി കടിച്ചു മുറിച്ച പശ്ചാത്തലത്തില്‍ രണ്ട് പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. ഇന്നലെയാണ് 61കാരിയായ കുഴല്‍മന്ദം സ്വദേശിനിയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകയും കാല്‍ കടിച്ചുമുറിക്കുകയും ചെയ്തത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രണ്ട് പന്നികളെ വനം വകുപ്പ് വെടിവെയ്ക്കുകയായിരുന്നു. കാട്ടുപന്നി ആക്രമിച്ച വയോധികയുടെ ആരോഗ്യ നില ഗുരുതരമാണ്. കാല്‍ മുറിച്ചുമാറ്റേണ്ടിവന്നേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

https://dailynewslive.in/ ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ എന്ന കാട്ടാന പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പശുവിന്റെ നടു ഒടിഞ്ഞു ഇന്നലെ വൈകീട്ടാണ് സംഭവം.

https://dailynewslive.in/ മലപ്പുറം വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി. ജലാറ്റിന്‍ സ്റ്റിക്, ഇലക്ട്രിക് ഡിറ്റേനേറ്റര്‍, സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടികൂടിയത്. ക്വാറിയിലേക്ക് സ്ഫോടകവസ്തുക്കളെത്തിക്കുന്ന സ്വാമിദാസന്‍, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണന്‍, രവി എന്നിവരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

https://dailynewslive.in/ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവാവ് മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ മുങ്ങിമരിച്ചു. ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വൈപ്പിന്‍ ഓച്ചന്‍തുരുത്ത് സ്വദേശി സിജോ ആണ് മരിച്ചത്. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.

https://dailynewslive.in/ തളിക്കുളത്ത് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ തളിക്കുളം ത്രിവേണി ഇത്തിക്കാട്ട് വിശ്വംഭരന്റെ മകന്‍ രതീഷാണ് മരിച്ചത്. കാര്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

https://dailynewslive.in/ മദ്യനയ അഴിമതിക്കേസില്‍ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ടിനെ ചോദ്യംചെയ്യാന്‍ ഇഡി വിളിപ്പിച്ചു. ഗെലോട്ട് ഡല്‍ഹി ഇഡി ആസ്ഥാനത്ത് ഹാജരായി. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുമായുള്ള ബന്ധം, മദ്യനയം രൂപീകരിക്കുന്നതിലെ പങ്ക്, നിരന്തരം മൊബൈല്‍ നമ്പരുകള്‍ മാറ്റിയതെന്തിന് ഇതെല്ലാം ചോദിച്ചറിയാനാണ് ഇഡി വിളിപ്പിച്ചതെന്നാണ് സൂചന. അതേസമയം മുന്‍ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ സിബിഐ പുതിയ കേസ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ദേവ്റിയ ദുമ്രി ഗ്രാമത്തില്‍ ശനിയാഴ്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. അപകടത്തിന് ശേഷം അഗ്നിശമന ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചതെന്ന് ദേവ്റിയ പൊലീസ് സൂപ്രണ്ട് സങ്കല്‍പ് ശര്‍മ്മ വ്യക്തമാക്കി.

https://dailynewslive.in/ കര്‍ണാടകയിലെ ദാവന്‍ഗെരെ പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിയായ ഗായത്രി സിദ്ദേശ്വരയ്ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശിവശങ്കരപ്പയുടെ വിവാദ പരാമര്‍ശം. പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലെന്നും, അടുക്കളയിലെ യോഗ്യത മാത്രമേ അവര്‍ക്കുള്ളൂവെന്നും ശിവശങ്കരപ്പയുടെ പരാമര്‍ശത്തിന് പരമ്പരാഗതമായി പുരുഷന്‍മാര്‍ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകള്‍ അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ തുടങ്ങിയെന്ന് ഗായത്രി മറുപടി നല്‍കി.

https://dailynewslive.in/ വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പെട്ട് റഷ്യയില്‍ കുടുങ്ങിയ മലയാളികളുടെ യാത്രാ രേഖകള്‍ കൈയില്‍ ഇല്ലാത്തതിനാല്‍, മടക്കം വൈകുമെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സര്‍ക്കാര്‍ കണക്കു പ്രകാരം റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത് നാലു പേരാണ്. അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നും പൊഴിയൂര്‍ സ്വദേശിയായ ഒരാളുമാണ് റഷ്യയിലുളളത്. എംബസി തഴയുമ്പോഴും റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്.

https://dailynewslive.in/ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പ്രമോദ് കുമാര്‍ ദണ്ഡോതിയ എന്ന കോളേജ് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലൂടെ 46 കോടി രൂപയുടെ ഇടപാട് നടന്നതായി പരാതി. ആദായനികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും 2021-ല്‍ മുംബൈയിലും ഡല്‍ഹിയിലും തന്റെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാടു നടന്നിട്ടുണ്ടെന്നും വിദ്യാര്‍ഥി പറയുന്നു. മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

https://dailynewslive.in/ പശ്ചിമ ബംഗാളില്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം ബരാനഗര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിനേത്രി സയന്തിക ബാനര്‍ജി തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. മികച്ച നര്‍ത്തകി എന്ന നിലയിലും സയന്തിക ബാനര്‍ജി ശ്രദ്ധേയയാണ്. നടിമാരായ ജൂണ്‍ മാലിയ, രചന ബാനര്‍ജി എന്നിവരെ ലോക്സഭ സ്ഥാനാര്‍ഥികളായി തൃണമൂല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ ഉത്തര്‍ പ്രദേശ് മുന്‍ എം.എല്‍.എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മൃതദേഹം സംസ്‌കരിച്ചു ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് ബുദ്ധിമുട്ടേണ്ടിവന്നു.

https://dailynewslive.in/ യു.എസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ ക്രെയിനാണ് ഇതിനായി എത്തിച്ചിരിക്കുന്നത്. തകര്‍ന്ന പാലത്തിന്റെ ലോഹഭാഗങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കാനാണ് ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ പാലത്തില്‍ ഇടിച്ച ദാലി എന്ന ചരക്കുകപ്പലും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും.

https://dailynewslive.in/ രാജ്യത്തെ മുന്‍നിര പേയ്‌മെന്റ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസിന്റെ വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുടെ എണ്ണം 10,000 പിന്നിട്ടു. ഇവയില്‍ 27 ശതമാനം ദക്ഷിണേന്ത്യയിലാണ്. ഹിറ്റാച്ചി മണി സ്‌പോട്ട് എ.ടി.എം എന്ന ബ്രാന്‍ഡിലുള്ള എ.ടി.എമ്മുകള്‍ പ്രധാനമായും ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ്. 2013ലാണ് ഡബ്ല്യു.എല്‍.എ ലൈസന്‍സുമായി ഹിറ്റാച്ചി വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുടെ രംഗത്ത് എത്തിയത്. നിലവില്‍ ക്യാഷ് ഡെപ്പോസിറ്റ് സൗകര്യം നല്‍കുന്ന ഏക ഡബ്ല്യു.എല്‍.എ ഓപറേറ്റര്‍ ഹിറ്റാച്ചിയാണ്. കാര്‍ഡുകള്‍ ഇല്ലാതെ പണം പിന്‍വലിക്കാനായി ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ യു.പി.ഐ എ.ടി.എമ്മും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

https://dailynewslive.in/ നവി മുംബൈയിലെ ജൂയിനഗറില്‍ 22.5 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ആല്‍ഫബെറ്റിന്റെ കീഴിലുള്ള ഗൂഗിള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനുള്ള പദ്ധതിയിലാണ് ഗൂഗിളെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയ ആസ്ഥാനമായ ഗൂഗിള്‍ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എംഐഡിസി) ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്തായിരിക്കും ഡേറ്റ സെന്റര്‍ ഒരുക്കുക. പദ്ധതി നടപ്പായാല്‍ ഗൂഗിള്‍ സ്വന്തമായി ഇന്ത്യയില്‍ വികസിപ്പിക്കുന്ന ആദ്യ ഡേറ്റ സെന്ററായിരിക്കുമിത്. അതേസമയം ഇത് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം മുമ്പ് ഹെര്‍ഡിലിയ കെമിക്കല്‍സ് എന്ന രാസകമ്പനിക്ക് എം.ഐ. ഡി.സി പാട്ടത്തിനു നല്‍കിയതാണ്. ഗൂഗിളിനു സ്ഥലം കൈമാറാനായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപപ്രദേശങ്ങളിലെ നിലവിലെ പ്രോപ്പര്‍ട്ടി നിരക്കും എംഐഡിസിയുടെ ട്രാന്‍സ്ഫര്‍ ചാര്‍ജുകളും കണക്കിലെടുത്ത് ഏകദേശം 850 കോടി രൂപയോളം വരുന്ന ഇടപാടായിരിക്കുമത്. കമ്പനി സ്വന്തമായി വികസിപ്പിക്കുന്ന ആദ്യത്തെ ഡാറ്റാ സെന്ററാണിത്. 2022-ല്‍ നോയിഡയില്‍ അദാനിയുടെ ഒരു ഡാറ്റാ സെന്റര്‍ ഗൂഗിള്‍ വാടകയ്‌ക്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ‘ജയ് ഗണേഷ്’ ട്രെയിലര്‍ പുറത്തിറങ്ങി. സസ്പെന്‍സ്, സര്‍പ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്‍സുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും ‘ജയ് ഗണേഷ്’ എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നു. രഞ്ജിത്ത് ശങ്കര്‍ തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗണേഷ് എന്ന സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

https://dailynewslive.in/ അനുപമ പരമേശ്വരന്റെ ഗ്ലാമറസ് അവതാര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ‘ടില്ലു സ്‌ക്വയറി’ന് ഗംഭീര കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 23.7 കോടി രൂപ കളക്ഷന്‍ ആണ് ആദ്യ ദിനം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഒരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസിന് മുമ്പേ അനുപമയുടെ ഗ്ലാമര്‍ അവതാര്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു സിനിമയില്‍ അനുപമ ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്നത്. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. അനുപമയുടെ ഗ്ലാമറസ് അവതാര്‍ മാത്രമല്ല, ലിപ്ലോക് അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.

https://dailynewslive.in/ ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവത്തിന് തന്നെ തിരി കൊളുത്തി ഷവോമിയുടെ എസ് യു 7 എന്ന ഇലക്ട്രിക് കാര്‍ ചൈനയില്‍ പുറത്തിറങ്ങി. ഇ വി സെഡാന് 2,15,900 യുവാന്‍ ആണ് ചൈനയിലെ വില (ഏകദേശം25.34 ലക്ഷം രൂപ). ഒമ്പതു നിറങ്ങളില്‍ മൂന്നു വേരിയന്റുകളില്‍ വാഹനം വിപണിയിലിറങ്ങും. യുവത്വം നിറഞ്ഞ സ്‌പോര്‍ട്ടി രൂപമാണ് വാഹനത്തിന്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ റേഞ്ച് നല്‍കും ബേസ് മോഡലിലെ 73.6 കിലോവാട്ട്അവര്‍ ബാറ്ററി. 5.28 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. കൂടിയ വേഗം മണിക്കൂറില്‍ 210 കിലോമീറ്റര്‍. 295 ബിഎച്ച്പി മോട്ടോറാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. എസ്യു 7 പ്രോ വേരിയന്റിന് വലുപ്പം കൂടിയ 94.3 കിലോവാട്ട്അവര്‍ ബാറ്ററിയാണ് കരുത്തേകുന്നത്. 830 കിലോമീറ്ററാണ് പ്രോ വേരിയന്റിന്റെ റേഞ്ച്. എസ് യു 7 മാക്സ് എന്ന വേരിയന്റിന് 101 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. പവര്‍ 663 ബി എച്ച് പിയാണ്. 2.78 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ മോഡലിന് കഴിയും. കൂടിയ വേഗം 265 കിലോമീറ്ററാണ്. 400 വി ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ 15 മിനിറ്റ് ചാര്‍ജിങ്ങില്‍ 350 കിലോമീറ്റര്‍ റേഞ്ച് നല്കാന്‍ കഴിയുമെന്നതാണ് ആദ്യ രണ്ടു വേരിയന്റുകളായ ബേസിക് മോഡലിലും പ്രോ വേരിയന്റിലും എസ് യു 7ന്റെ നെ സംബന്ധിച്ച് ഷവോമി നല്‍കുന്ന ഉറപ്പ്. എന്നാല്‍ എസ് യു 7 മാക്സ് വേരിയന്റിന് 800 വി ആര്‍ക്കിടെക്ചര്‍ ആയതിനാല്‍ 15 മിനിറ്റ് ചാര്‍ജില്‍ 510 കിലോമീറ്റര്‍ റേഞ്ച് ഓടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

https://dailynewslive.in/ നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്. ‘ടാഗോര്‍ കഥകള്‍’. രബീന്ദ്രനാഥ് ടാഗോര്‍. പുനരാഖ്യാനം: കെ.വി. രാമനാഥന്‍. എച്ച് &സി ബുക്സ്. വില 120 രൂപ.

https://dailynewslive.in/ കൈകളില്‍ കഴപ്പും പെട്ടെന്നു തരിപ്പും ചുളുചുളെ സൂചി കുത്തുന്ന വേദനയുമെല്ലാം പലപ്പോഴും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. വേണ്ട ചികിത്സയെടുത്തില്ലെങ്കില്‍ ഗുരുതരമായി മാറാവുന്ന ഒരു രോഗമാണിത്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നാണ് ഈ പ്രത്യേക രോഗം അറിയപ്പെടുന്നത്. 30 മുതല്‍ 60 വയസു വരെ പ്രായമുളളവരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പ്രധാനമായും സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്. കൈനീളത്തില്‍ പോകുന്ന കയ്യിന്റെ മീഡിയന്‍ നെര്‍വില്‍ അഥവാ നാഡിയില്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ് ഇതിനു കാരണമാകുന്നത്. കൈ തിരിച്ചും മറിച്ചും കയ്യിനു കൂടുതല്‍ മര്‍ദം നല്‍കിയും ജോലി ചെയ്യുന്നവരിലാണ് ഇതു പ്രത്യേകിച്ചും കണ്ടു വരുന്നത്. ചില സാഹചര്യത്തില്‍ പ്രമേഹ രോഗബാധിതര്‍ക്ക് ഇതുണ്ടാകാറുണ്ട്. പ്രമേഹം നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിനുള്ള കാരണം. ഇതുപോലെ സന്ധിവാതം, അമിത വണ്ണം, ഹൈപ്പോ തൈറോയ്ഡ് തുടങ്ങിയവയും ഇതിനുള്ള കാരണങ്ങളാണ്. സ്ഥിരം മദ്യപിയ്ക്കുന്നത് ഇതിനുള്ള കാരണമാണ്. കൈ ഉപയോഗിച്ചുള്ള പ്രത്യേക ജോലികള്‍ കൊണ്ട് ടണലിന്റെ വിസ്താരം കുറയുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്നൊരു ടെസ്‌ററാണ് ഇതിന്റെ ആക്കമറിയാന്‍ നല്ലത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ വ്യായാമങ്ങളിലൂടെയും മറ്റും ഇതിനു പരിഹാരം കണ്ടെത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ അല്‍പം കൂടി കഴിഞ്ഞാല്‍ സര്‍ജറിയിലൂടെ ഇതിനു പരിഹാരം കണ്ടെത്താം. എന്നാല്‍ ഇത്തരം പ്രശ്‌നം അവഗണിച്ചാല്‍ പിന്നീട് കൈകളിലെ മസിലുകള്‍ പൂര്‍ണമായും നശിച്ചു പോകും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ബി ടു കൊടുക്കുന്നതും ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിനു പുറമേ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ ട്യൂമറുകള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക്, മള്‍ട്ടിപ്പിള്‍ സിറോസിസ്, പെരിഫെറല്‍ ആര്‍ട്ടെറി തുടങ്ങിയ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് കയ്യിലുണ്ടാകുന്ന മരവിപ്പും മറ്റും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *