night news hd 1

ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിബിഐ, ഇഡി അടക്കം അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കെജ്രിവാളിന്റെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കാനുള്ള ആവശ്യം നിരസിച്ച ദില്ലി ഹൈക്കോടതി ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി

രാഷ്ട്രപതി ഉള്‍പ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്നും ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ പശ്ചാത്തലത്തിലാണ് രാജീവിന്റെ പ്രതികരണം.

നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കില്‍ ദേശീയ പദവി നഷ്ടം ആകുമെന്നും അപ്പോള്‍ ചിഹ്നവും പോകുമെന്നും സിപിഎം കേന്ദ്രകമ്മറ്റിയംഗം എ. കെ ബാലന്‍. പാര്‍ട്ടി ചിഹ്നം പോയാല്‍ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന ഈനാംപേച്ചി, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്നും ആ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എകെ ബാലന്‍ പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമി
ഹെഡ് സര്‍വ്വേയറുടെ നേതൃത്വത്തില്‍ ഉടമകളുടെ സാന്നിധ്യത്തില്‍ വീണ്ടും അളക്കും. മുമ്പ് ഭൂമി അളന്നപ്പോള്‍ മാത്യു കുഴല്‍നാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ പിശകുണ്ടായെന്ന് മാത്യു കുഴല്‍നാടന്റെ പാര്‍ട്ണര്‍മാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഭൂമി വീണ്ടും അളക്കാന്‍ തീരുമാനിച്ചത്.

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിന് ഇനി തടസമില്ലെന്ന് മന്ത്രി പി രാജീവ്. നിര്‍മ്മാണത്തിനായി ആവശ്യമുള്ള എച്ച്.എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആര്‍.ബി.ഡി.സി.കെക്ക് വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ അവസാന കടമ്പയും നീങ്ങിയെന്ന് മന്ത്രി വ്യക്തമാക്കി.

നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷന്‍. തൃശൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിന്റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിച്ചതിന്റ പശ്ചാത്തലത്തിലാണ് നടപടി. വിഷയത്തില്‍ കമ്മീഷന്‍ സി പി ഐക്ക് നോട്ടീസ് നല്‍കി.

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ നിര്‍ദേശം. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരിച്ച ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ട പരിഹാര തുകയായി നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

കൊവിഡ് ക്വാറന്റീന്‍ ലംഘിച്ച് ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പി.കെ.ഇന്ദിര നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സബ് കോടതിയുടേതാണ് ഉത്തരവ്.

തൃശ്ശൂര്‍ വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയില്‍ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ ബീനാകുമാരി ആവശ്യപ്പെട്ടു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ‘കേരള മോഡല്‍ ‘ തമിഴ്നാട്ടിലും വേണമെന്ന ആവശ്യവുമായി പി സി സി അധ്യക്ഷന്‍ കെ സെല്‍വ പെരുന്തഗൈ അടക്കമുള്ള തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍ സിറ്റിംഗ് എം പിമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കുന്നത് നടക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കൂടുതല്‍ പുതിയ മുഖങ്ങള്‍ വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആവശ്യം. ഇതോടെ തമിഴ്നാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണ്.

ഇഡിയുടെ അപേക്ഷയില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ മാര്‍ച്ച് 26 വരെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കഴിഞ്ഞ ദിവസം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ദില്ലി മദ്യനയ അഴിമതി കേസില്‍ കെ കവിതയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നും നൂറ് കോടി രൂപ കെ കവിത നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

മുന്‍ ബിഎസ്പി നേതാവുമായിരുന്ന കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ഡാനിഷ് അലി എം.പിക്ക സീറ്റ് നല്‍കരുതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. അംരോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയില്‍ പരാജയമാണെന്നും അതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് അംരോഹയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച ജര്‍മനിയുടെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഇന്ത്യ ജര്‍മ്മനിയോട് നിര്‍ദ്ദേശിച്ചു. കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ ജര്‍മന്‍ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസിനോട് ഇടഞ്ഞ് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിഹാറിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. മധ്യപ്രദേശിലെ രണ്ട് സീറ്റുകളിലും ഛത്തീസ്ഗഡിലും ബിഹാറിലും ഓരോ സീറ്റിലുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തില്‍ ശനിയാഴ്ച 11ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിയിലായവരില്‍ നാല് പേര്‍ ഭീകരവാദികളെന്നാണ് വിവരം.

ഐപിഎലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് നാല് വിക്കറ്റ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു. 63 റണ്‍സെടുത്ത സാം കറന്റെ ഇന്നിംഗ്സാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *