P3 yt cover

https://dailynewslive.in/ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. അടുത്ത പത്തു ദിവസത്തില്‍ ഇക്കാര്യം നല്‍കാന്‍ ആലോചിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നല്‍കുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയില്‍ ഉള്‍പ്പെടുത്താമെന്നും, ആലോചിച്ച് നാളെ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് 5000 കോടി ഏപ്രില്‍ ഒന്നിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ഇന്ത്യയിലുള്ളവര്‍ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്കും, ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനും സമര്‍പ്പിക്കണം. വ്യക്തിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. യുഡിഎഫും കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും. സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചു. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹര്‍ജി നല്‍കും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും രൂപപ്പെടുത്തുന്നതിന് പകരം ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രപുരോഗതിക്ക് തടസ്സമാകുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ബഹിരാകാശത്ത് സ്വന്തമായ നിലയം നിര്‍മിക്കാന്‍ നമ്മുടെ രാജ്യം ആലോചിക്കുന്ന കാലത്ത് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും പേരില്‍ ആളുകളെ തമ്മിലകറ്റുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വലുപ്പം കുറയ്ക്കാനേ ഇടയാക്കൂ. അതുകൊണ്ടുതന്നെ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ പൗരത്വനിയമഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ നിയമവിദഗ്ധരുടെ സഹായം തേടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹിം. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ചട്ടം തയ്യാറാക്കി, നിയമം പ്രാബല്യത്തിലാക്കിയത് ഭരണഘടനതത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നും, പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്നും റഹിം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരളത്തിലും പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണെന്നും, രാജ്യത്തെ ആദ്യത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കൊല്ലത്ത് തുടങ്ങിയത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്നും കെ സുരേന്ദ്രന്‍ ആക്ഷേപിച്ചു.

https://dailynewslive.in/ കെഎസ്ഐഡിസിയില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. മാസപ്പടി അന്വേഷണത്തില്‍ ഒന്നും ഒളിച്ചു വയ്ക്കരുതെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി. അറിയിച്ചു. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കുറ്റവാളികളെ മതം തിരിച്ച് ആക്ഷേപിച്ച സമീപനം മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണെന്ന് ഇകെ വിഭാഗം സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. ഈരാറ്റുപേട്ട വിഷയം സംബന്ധിച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും, വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടും ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയത് സമ്മതമില്ലാതെയല്ലേ എന്നും, രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ലേ പ്രതിഷേധം സംഘടിപ്പിച്ചതെന്നും കോടതി ചോദിച്ചു. ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

https://dailynewslive.in/ മുഹമ്മദ് ഷിയാസിനെതിരായ കേസ് നിയമ പരമായി നേരിടുമെന്നും, ഇന്ദിരയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും എടുത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വന്യജീവി ആക്രമണത്തില്‍ മരിച്ച നിരവിധി പേരുടെ കുടംബങ്ങള്‍ക്ക് ഇപ്പോഴും നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കോണ്‍ഗ്രസിന്റെ സമരം മൂലമാണ് ഇന്ദിരയുടെ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കോടതി വിമര്‍ശിച്ചതില്‍ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

https://dailynewslive.in/ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ആവശ്യപ്പെട്ടതുപ്രകാരം കെ. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെ എല്‍.ഡി.എഫിലെത്തിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ചര്‍ച്ചയെന്നും എന്നാല്‍, പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തിക വേണമെന്ന ആവശ്യത്തിലാണ് അവര്‍ എല്‍.ഡി.എഫിന്റെ ഭാഗമാകാതെ പോയതെന്നും നന്ദകുമാര്‍ പറഞ്ഞു.

https://dailynewslive.in/ ഇടുക്കി പന്നിയാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. പന്നിയാറിലെ റേഷന്‍കട കാട്ടാന ആക്രമിച്ച് തകര്‍ത്തു. ചക്കക്കൊമ്പനാണ് ഇത്തവണ റേഷന്‍കട പൊളിച്ചത്. ഫെന്‍സിങ് തകര്‍ത്ത് അകത്തു കയറിയ ആന റേഷന്‍ കടയുടെ ചുമരുകള്‍ ഇടിച്ചുതകര്‍ത്തു.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. എഴുപത്തഞ്ച് ലക്ഷത്തോളം രൂപ കുടിശ്ശിക ഉണ്ടെന്നും അത് തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും.

https://dailynewslive.in/ കേരള ഹൗസിലെ എന്‍ജിഒ യൂണിയന്‍ നേതാവും ഫ്രണ്ട് ഓഫീസ് മാനേജറുമായ കെ എം പ്രകാശന് ഇരട്ട സ്ഥാനകയറ്റം നല്‍കി കണ്‍ട്രോളറായി നിയമിച്ച് മുഖ്യമന്ത്രി ഉത്തരവിറക്കി. നാളെ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള ഉത്തരവ്.

https://dailynewslive.in/ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലുള്ള അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല മനോഹരി കപ്പേള, കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളി, കമ്പംമെട്ട് മൂങ്കിപ്പള്ളം, ഇരുപതേക്കര്‍, കൊച്ചറ ഓര്‍ത്തഡോക്‌സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ കേരള സര്‍വകലാശാല കലോത്സവത്തില്‍ അഴിമതി ആരോപണവും. ഒട്ടേറെ പരാതികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെക്കാന്‍ വിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതികള്‍ തീര്‍ക്കാതെ മത്സരങ്ങള്‍ നടത്തേണ്ടെന്ന് തീരുമാനിച്ചതോടെ സമാപനസമ്മേളനവും ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അഴിമതി ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

https://dailynewslive.in/ പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീന്‍കുട്ടിയാണ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണത്. യുവാവിന് പൊലീസിന്റെ മര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

https://dailynewslive.in/ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്ന പൊലീസ് നായ കല്യാണിയുടെ മരണത്തിലെ ദുരൂഹത നീക്കി കെമിക്കല്‍ റിപ്പോര്‍ട്ട്. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നിട്ടല്ലെന്നും മരണ കാരണം സെപ്റ്റിക് ഹെമറേജെന്നുമാണ് കെമിക്കല്‍ റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരത്തെ ശുപാര്‍ശ ചെയ്ത വകുപ്പ് തല നടപടി പിന്‍വലിച്ചേക്കും.

https://dailynewslive.in/ പാലക്കാട് തച്ചമ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. തച്ചമ്പാറ മുള്ളത്തുപാറയില്‍ കാപ്പുമുഖത്ത് മുഹമ്മദ് റിയാസിന്റെ വാടക വീടിലേക്കാണ് ലോറി പാഞ്ഞ് കയറിയത്. വീട്ടുകാര്‍ കിടന്നുറങ്ങുന്ന സമയമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു.

https://dailynewslive.in/ ആലപ്പുഴ ചന്തിരൂരില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ പട്ടാമ്പി സ്വദേശി ഇസ്മയില്‍ മരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ ചന്തിരൂര്‍ ഗവ. ഹൈസ്‌കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്ന ലോറി ചന്തിരൂരില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

https://dailynewslive.in/ ബിജെപിയുടെ കപ്പല്‍ മുങ്ങാനായതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നതെന്നും, ഇന്ത്യ ബിജെപിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കേന്ദ്രത്തിന്റെ വിഭജന അജന്‍ഡ സിഎഎയെ ആയുധവല്‍ക്കരിച്ചുവെന്നും, ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന മനുഷ്യത്വത്തിന്റെ പ്രതീകമാകുന്നതിന് പകരം നിയമം മുസ്ലിങ്ങളോടും ശ്രീലങ്കന്‍ തമിഴരോടും വിവേചനം കാട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തമിഴ്നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടില്‍ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://dailynewslive.in/ ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

https://dailynewslive.in/ തമിഴ്നാട്ടില്‍ നടന്‍ ശരത് കുമാറിന്റെ ‘സമത്വ മക്കള്‍ കക്ഷി’ പാര്‍ട്ടി ബിജെപിക്കൊപ്പം എന്‍ഡിഎയില്‍ ലയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് ശരത് കുമാര്‍. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചീഫ് ജസ്റ്റിസിനെ നിയമന സമിതിയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. സമവായത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് ഇല്ലാതായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ ഗുജറാത്ത് വിദ്യാപീഠത്തിന്റെ സംരക്ഷണയിലുള്ള മഹാത്മാ ഗാന്ധി ആദ്യമായി സ്ഥാപിച്ച കൊച്ച്രബ് ആശ്രമത്തിലെ പുനര്‍ വികസന പ്രവര്‍ത്തനങ്ങളും, ഗാന്ധി ആശ്രമം സ്മാരകത്തിനായുള്ള മാസ്റ്റര്‍ പ്ലാനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്ത്യയിലെ വരും തലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലാവും സ്മാരകത്തിന്റെ പ്രവര്‍ത്തനമെന്നും പ്രധാനമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

https://dailynewslive.in/ തമിഴ്നാട്ടില്‍ ബസില്‍ നിന്ന് തെറിച്ചുവീണ നാല് വിദ്യാര്‍ത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ബസിന്റെ പടിയില്‍ നിന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

https://dailynewslive.in/ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജി വെച്ചു. ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും എന്ന് സൂചനയുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെയുണ്ടായേക്കും.

https://dailynewslive.in/ ഹരിയാനയില്‍ നായബ് സിങ് സെയ്‌നി മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സെയ്‌നി, ഇന്നു വൈകിട്ട് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. പത്ത് എംഎല്‍എമാരുള്ള ജെജെപി സഖ്യത്തില്‍നിന്നു പിന്മാറിയതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതോടെയാണ് ഖട്ടര്‍ രാജിസമര്‍പ്പിച്ചത്. ഏഴു സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന. അതേസമയം, ജെജെപിയിലെ പത്ത് എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

https://dailynewslive.in/ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് രാജ്യമെമ്പാടുമുള്ള ഓഫീസുകള്‍ ഒഴിഞ്ഞു. ബംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിര്‍ത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. 300ഓളം ബൈജൂസ് ട്യൂഷന്‍ സെന്ററുകളാണ് രാജ്യത്തുണ്ടായിരുന്നത്. സമീപഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം ഉറപ്പാക്കാനാണ് അടിയന്തരമായ തീരുമാനം. കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരി വില്‍പ്പന വഴി 20 കോടി ഡോളര്‍ ബൈജൂസ് സമാഹരിച്ചിരുന്നെങ്കിലും നിക്ഷേപകര്‍ എന്‍.സി.എല്‍.ടിയെ സമീപിച്ച് ആ തുക വിനിയോഗിക്കുന്നതില്‍ നിന്ന് ബൈജൂസിനെ വിലക്കിയിരുന്നു. ഇതോടെ ദൈനംദിന ചെലവുകള്‍ക്കും ശമ്പളം നല്‍കാനും പോലുമാകാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തി. ബൈജൂസിന്റെ ഇന്ത്യയിലെ സി.ഇ.ഒ ആയ അര്‍ജുന്‍ മോഹന്‍ നടപ്പാക്കി വരുന്ന പുനഃസംഘടനാ പദ്ധതിയുടെ ഭാഗമാണ് ഓഫീസുകള്‍ ഒഴിയല്‍. കഴിഞ്ഞ ആറുമാസമായി ലീസ് കഴിയുന്ന മുറയ്ക്ക് ഓഫീസുകള്‍ ഓരോന്നായി ഒഴിഞ്ഞു വരികയായിരുന്നു. നിലവില്‍ ബൈജൂസിന് ഇന്ത്യയില്‍ 14,000 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്‍ നിന്നാണ് പണം സമാഹരിച്ചത്. ഇനിയും പലര്‍ക്കും ശമ്പളം മുഴുവനായും നല്‍കിയിട്ടില്ല. ബൈജൂസ് അവകാശ ഓഹരി വഴി സമാഹരിച്ച പണം കേസ് തീര്‍പ്പാകുന്നതു വരെ പ്രത്യേക അക്കൗണ്ടിലേക്ക് നീക്കാനാണ് എന്‍.സി.എല്‍.ടിയുടെ ഉത്തരവ്. നാളെയാണ് (മാര്‍ച്ച് 13) വീണ്ടും കോടതി ഇതില്‍ വാദം കേള്‍ക്കുക.

https://dailynewslive.in/ ഫോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താവിന് വാട്‌സ്ആപ്പ് കോള്‍ ഹിസ്റ്ററി കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. സാധാരണ കോളുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. കോള്‍ ലോഗില്‍ വാട്‌സ്ആപ്പ് കോള്‍ കാണിച്ചുതരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത് ഏകീകൃതമായ ഒരു കോള്‍ ലോഗ് എല്ലാവരിലേക്കുമായി അവതരിപ്പിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. എന്നാല്‍ ടെലിഗ്രാം, സിഗ്നല്‍ കോളുകളുമായി ബന്ധപ്പെട്ട് ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ ഷോട്ട്കട്ട് ഫീച്ചറാണ് മറ്റൊന്ന്. കോളുകളെ ഗൂഗിള്‍ മീറ്റിലേക്ക് റീഡയറക്ട് ചെയ്ത് വിടുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഫോണ്‍ കോളിനിടെ വീഡിയോ കോള്‍ ചിപ്പ് തെളിയിച്ച് കൊണ്ടാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ചിപ്പ് ടാപ്പ് ചെയ്യുമ്പോള്‍ ഒരു പേജ് തുറന്നുവരും. ഇതില്‍ നിന്ന് ഉപഭോക്താവ് ആരെയാണോ വിളിക്കുന്നത് അയാളെ ഗൂഗിള്‍ മീറ്റ് കോളിലേക്ക് എളുപ്പത്തില്‍ ക്ഷണിക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

https://dailynewslive.in/ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്‍’ എന്ന ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ നായികാതാരം അനുഷ്‌ക ഷെട്ടി ജോയിന്‍ ചെയ്തു. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. അരുന്ധതി, ബാഹുബലി, രുദ്രമാദേവി, ഭാഗമതി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച അനുഷ്‌ക ഷെട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ് പ്രേക്ഷകര്‍ക്കായി കത്തനാരിലൂടെ ഒരുക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്സ് ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. മുപ്പതില്‍ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്‌മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.

https://dailynewslive.in/ മലയാളത്തില്‍ 2023ല്‍ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം ‘ആട്ടം’ ഇനി ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാം. പ്രമേയത്തിലെ വൈവിധ്യത്താലും ആഖ്യാനത്തിലെ കരുത്താലും ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയടക്കം അഭിനന്ദനവുമായി എത്തുകയും ചെയ്തിരുന്നു. ചലച്ചിത്ര മേളകളിലും ചര്‍ച്ചയായ ചിത്രമാണിത്. വിനയ് ഫോര്‍ട്ടും സെറിന്‍ ഷിഹാബുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. നാടക പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ആട്ടത്തില്‍ കലാഭവന്‍ ഷാജോണ്‍, അജി തിരുവാങ്കുളം, ജോളി ആന്റണി, മദന്‍ ബാബു, നന്ദന്‍ ഉണ്ണി, പ്രശാന്ത് മാധവന്‍, സന്തോഷ് പിറവം, സെല്‍വരാജ് രാഘവന്‍, സിജിന്‍ സിജീഷ്, സുധീര്‍ ബാബു എന്നിവരും നിര്‍ണായകമായ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു. അഭിപ്രായമുണ്ടാക്കിയ ആട്ടം ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒരു നാടക സംഘത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാടകം വന്‍ വിജയമായതിനെ തുടര്‍ന്ന് ആഘോഷം നടക്കുന്നതിനിടയിലുണ്ടായ അനിഷ്ട സംഭവവും പിന്നീട് നടക്കുന്ന ചര്‍ച്ചയും നിലപാടുകളുമാണ് ആട്ടത്തില്‍ പ്രതിപാദിക്കുന്നത്.

https://dailynewslive.in/ 16.82 ലക്ഷം എന്ന പ്രാരംഭ വിലയില്‍ ക്രേറ്റ എന്‍ലൈന്‍ അവതരിപ്പിച്ചു. എന്‍ലൈനിന്റെ ബുക്കിങ് കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ചിരുന്നു. മിഡ് സൈസ് എസ്യുവികളിലെ സ്പെഷല്‍ എഡിഷന്‍ സെഗ്മെന്റില്‍ എത്തുന്ന എന്‍ലൈന്‍വേള്‍ഡ് റാലി കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍8, എന്‍10 എന്നീ രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ക്രേറ്റയുടെ എന്‍ജിന്‍ തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റ എന്‍ ലൈനിനും നല്‍കിയിരിക്കുന്നത്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനു പുറമേ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും ഉണ്ട്. കൂടുതല്‍ സ്‌പോര്‍ടിയായ രൂപമാണ് എന്‍ ലൈനിന് നല്‍കിയിരിക്കുന്നത്. ഇരട്ട പുകക്കുഴലുള്ള ക്രേറ്റ എന്‍ ലൈന്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. നീലയും തവിട്ടു നിറവും. മിഡ് സൈസ് എസ്യുവികളിലുള്ള വാഹനങ്ങള്‍ ക്രേറ്റ എന്‍ ലൈനോട് നേരിട്ട് മത്സരിക്കുന്നില്ല. മറിച്ച് മറ്റു കാര്‍ നിര്‍മാതാക്കളുടെ സ്‌പെഷല്‍ എഡിഷനുകളായിരിക്കും എന്‍ ലൈനിന്റെ എതിരാളികള്‍. കിയ സെല്‍റ്റോസ് എക്‌സ് ലൈന്‍, സ്‌കോഡ കുഷാക് മോണ്ടി കാര്‍ലോ എന്നിവരാണ് എതിരാളികളില്‍ മുന്നിലുള്ളത്.

https://dailynewslive.in/ ഒളിച്ചുവെക്കപ്പെട്ട ചരിത്രവും അതില്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന കുടുംബവും- സിറിന്‍ സാക്ക തന്റെ നൂറാം പിറന്നാള്‍ വരെയും ആ രഹസ്യം ഉളളില്‍ കൊണ്ടു നടന്നു. എന്നാല്‍ തനിക്കറിയുന്ന വഴികളിലൂടെ സിറിന്‍ സാക്ക തന്റെ കുടുംബത്തിന്റെ രഹസ്യം വരയ്ക്കുന്നു. ഈ രഹസ്യങ്ങള്‍ അവധിക്കാലദ്വീപിന്റെ നാല് ചുവരുകളും കടന്ന് പല ജീവിതങ്ങളെയും പിടിച്ചുലയ്ക്കും. തുര്‍ക്കി സാഹിത്യത്തിലെ യുവ എഴുത്തുകാരിയുടെ മികച്ച നോവല്‍. ‘ബ്രേക് ഫാസ്റ്റ് ടേബിള്‍’. ഡെഫ്നെ സുമന്‍. വിവര്‍ത്തനം: തെല്‍ഹത്ത് കെ.വി. ഡിസി ബുക്സ്. വില 450 രൂപ.

https://dailynewslive.in/ ശരീരത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. എല്ലുകളെ കരുത്തുറ്റതാക്കാനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുമൊക്കെ ഈ പോഷണം സഹായിക്കുമെന്നതും നേര്. എന്നുകരുതി ആവശ്യമില്ലാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ വാരി കഴിക്കുന്നത് എട്ടിന്റെ പണി തരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അടുത്തിടെ യുകെയില്‍ സംഭവിച്ച ഒരു മരണവും വൈറ്റമിന്‍ ഡിയുടെ അമിത ഉപയോഗത്തെ പറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഡേവിഡ് മിച്‌നര്‍ എന്ന 89കാരനാണ് ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചത്. വൈറ്റമിന്‍ ഡിയുടെ തോത് ഉയരുന്നതിനെ തുടര്‍ന്ന് ശരീരത്തിലെ കാല്‍സ്യം വര്‍ധിക്കുന്ന ഹൈപ്പര്‍കാല്‍സീമിയ ആണ് ഡേവിഡിന്റെ മരണത്തിന് ഇടയാക്കിയത്. 380 ആയിരുന്നു ഡേവിഡിന്റെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത്. മരണത്തിന് ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ രോഗി സ്ഥിരമായി വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കാന്‍ തുടങ്ങിയത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെയുള്ള സപ്ലിമെന്റുകളുടെ ഉപയോഗം, ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങളുടെയും കോഡ് ലിവര്‍ ഓയിലിന്റെയും അമിത ഉപയോഗം, വൈറ്റമിന്‍ ഡിയുടെ ചയാപചയത്തെ ബാധിക്കുന്ന ചിലതരം രോഗങ്ങള്‍ എന്നിവയും വൈറ്റമിന്‍ ഡിയുടെ തോത് ക്രമാതീതമായി ഉയരുന്ന ഹൈപ്പര്‍ വൈറ്റമിനോസിസിലേക്ക് നയിക്കാം. ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, മലബന്ധം, ക്ഷീണം, ഭാരനഷ്ടം എന്നിവയെല്ലാം ഹൈപ്പര്‍ വൈറ്റമിനോസിസിന്റെ ലക്ഷണങ്ങളാണ്. കാല്‍സ്യത്തിന്റെ തോത് ശരീരത്തില്‍ ഉയരുന്നത് ആശയക്കുഴപ്പം, ശ്രദ്ധക്കുറവ്, അമിത ദാഹം, അമിതമായ തോതില്‍ മൂത്രമൊഴിക്കാന്‍ തോന്നല്‍, വൃക്ക നാശം എന്നീ പ്രശ്‌നങ്ങളിലേക്കും നയിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.76, പൗണ്ട് – 105.85, യൂറോ – 90.44, സ്വിസ് ഫ്രാങ്ക് – 94.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.73, ബഹറിന്‍ ദിനാര്‍ – 219.54, കുവൈത്ത് ദിനാര്‍ -269.46, ഒമാനി റിയാല്‍ – 214.99, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.42.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *