S3 yt cover 1

https://dailynewslive.in/ പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും, തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഐതിഹാസികമായ തീരുമാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുവാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഇടപെടല്‍ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നീറ്റ് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനെതിരെ സുതാര്യമായ അന്വേഷണം നടക്കുമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കി. ഇന്ത്യയെ വിശ്വബന്ധുവായാണ് ലോകം കാണുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തിലും അടിയന്താരവസ്ഥ വിഷയമായി. 1975-ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായ നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായമായിരുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭരണപക്ഷം ആഹ്ലാദാരവം മുഴക്കിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഉപരാഷ്ട്രപതി ജഗ്ദീര്‍ ധന്‍ഖറുടെ പ്രസംഗത്തിലും അടിയന്താരവസ്ഥാ വിരുദ്ധ വിമര്‍ശനങ്ങളുയര്‍ന്നു.

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഒപ്പം മഴക്കെടുതികളും. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മലപ്പുറം ചെമ്പ്രശ്ശേരിയില്‍ നെല്ലേങ്ങര സുരേഷിന്റെ വീട് മഴയില്‍ തകര്‍ന്ന് വീണു. മലപ്പുറം കൊണ്ടോട്ടിയില്‍ ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിന്റെ വീടിന്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണര്‍ കനത്തമഴയില്‍ ഇടിഞ്ഞു താഴ്ന്നു. ചക്കിട്ടപാറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടയം കുമരകത്ത് ഇന്നലെ രാത്രിയില്‍ ഉണ്ടായ കാറ്റില്‍ കൊല്ലകരി സ്വദേശി ഷാജി സി കെയുടെ വീടിന്റെ മേല്‍ക്കൂര പറന്നു പാടത്ത് പതിച്ചു. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് വീണു. ബൈക്കുകളും കാറ്റില്‍പെട്ടു.

https://dailynewslive.in/ മഴയില്‍ വ്യാപകനാശം ഉണ്ടായതോടെ തീരമേഖലകളില്‍ പ്രതിഷേധം ശക്തമാവുകയാണ്. എറണാകുളം എടവനക്കാട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തീരമേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് വൈപ്പിന്‍ ചെറായി സംസ്ഥാന പാത ഉപരോധിക്കുന്നത്.

https://dailynewslive.in/ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നടന്ന നീക്കത്തില്‍ നിയമസഭ പ്രക്ഷുബ്ധമായി. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. കേസില്‍ ശിക്ഷ അനുഭവിക്കുന്ന നാല് പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ ശിക്ഷായിളവിനും ശുപാര്‍ശ ഉണ്ടായെന്നും കൊളവല്ലൂര്‍ പൊലീസ് ഇന്നലെ വൈകീട്ട് കെ.കെ രമയുടെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചുവെന്നും മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ അഭിപ്രായം തേടിയതെന്നും സര്‍ക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.

https://dailynewslive.in/ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ പുതുക്കിയ ശിക്ഷായിളവ് പട്ടിക സര്‍ക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്നും പട്ടിക ലഭ്യമാക്കിയത് ജയില്‍ മേധാവിക്കാണെന്നും അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടുവെന്നും എം.ബി രാജേഷ് പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

https://dailynewslive.in/ ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സബ്മിഷന് മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ വന്നില്ലെന്ന് കെകെ രമ എം.എല്‍എ പറഞ്ഞു. ഇന്നലെ രാത്രി കൊളവല്ലൂര്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോഴാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത സര്‍ക്കാന്‍ ഇപ്പോള്‍ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്നും കെകെ രമ പഞ്ഞു.

https://dailynewslive.in/ ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍പും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാര്‍ലമെന്റില്‍ സമയത്ത് എത്താന്‍ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു.

https://dailynewslive.in/ എറണാകുളം കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ന് രാവിലെ അമ്പതിലധികം പേരെ പരിശോധിച്ചതില്‍ മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ബ്രീത്ത് അനലൈസര്‍ മെഷീന്‍ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥര്‍ പരിശോധന അവസാനിപ്പിച്ചു.

https://dailynewslive.in/ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളം ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി കൊടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അതിനുള്ള ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കംഫര്‍ട് സ്റ്റേഷന്‍ പരിപാലനം സുലഭ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.

https://dailynewslive.in/ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേല്‍പ്പിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കേന്ദ്ര സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും ഇല്ല. അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്. അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്. സാമ്പത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ടെന്നും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് തുക അനുവദിച്ചതെന്നും അതിനാല്‍ ബില്ലുകള്‍ മാറാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ എല്‍ഡിഎഫിന്റെതേന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു വിഭാഗം വോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. മുന്‍ഗണന നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും പാര്‍ട്ടിയിലും മാറ്റങ്ങളുണ്ടാകണമെന്നും തിരുത്തലുകള്‍ ഉറപ്പാക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നാണ് വിശ്വാസമെന്നും തോമസ് ഐസക് പറഞ്ഞു.

https://dailynewslive.in/ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ എഴുതിയത്. റെഡ് ആര്‍മി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിന് താഴെയിട്ട കമന്റിലാണ് പ്രതികരണം.

https://dailynewslive.in/ ടിപി വധവും ഷുഹൈബ് വധവും ഓര്‍മിപ്പിച്ച്, സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ, മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല, വൈകൃതമായിരുന്നുവെന്നും പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘം ഭീഷണിയുമായി വന്നതില്‍ ആശ്ചര്യമില്ലെന്നും മനു തോമസ് പറഞ്ഞു. കൊല്ലാനാവുമെന്നും പക്ഷേ നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ലെന്നും വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ലെന്നും പറഞ്ഞ മനുതോമസ് സംഘടനയെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പില്‍ സിപിഎമ്മില്‍ അതൃപ്തി. അനവസരത്തിലെ പോസ്റ്റ് വിഷയം വഷളാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഔദ്യോഗികമായി വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

https://dailynewslive.in/ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 2,57,839 സംരംഭങ്ങളാണ് എം എസ് എം ഇ മേഖലയില്‍ ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷവും ഒരു ലക്ഷത്തിലധികം എം എസ് എം ഇകള്‍ കേരളത്തില്‍ ആരംഭിച്ചുവെന്നത് ചരിത്ര മുന്നേറ്റമാണെന്നും പ്രതിവര്‍ഷം 10,000 എം എസ് എം ഇകള്‍ മാത്രം ആരംഭിച്ചിരുന്ന നാട്ടിലാണ് ഈ മാറ്റമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ കെ ഫോണിന് സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 5 വര്‍ഷ കാലാവധിയില്‍ 9.2 ശതമാനം വരെ പലിശ നിരക്കില്‍ വായ്പയെടുക്കാനുള്ള ഫയല്‍ ഐടി വകുപ്പ് മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി തന്നെയാണ് മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ചത്. സര്‍ക്കാര്‍ ഗ്യാരണ്ടിയില്ലാതെ വായ്പ നല്‍കാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

https://dailynewslive.in/ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ലക്സ് ഇന്‍ റിസോട്ടിന്റെ മുന്നില്‍ നിന്ന ചന്ദനം മുറിച്ചു കടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചന്ദനമോഷണം. എട്ടടി പൊക്കവും രണ്ടടി വണ്ണവുമുള്ള 20 വര്‍ഷം പഴക്കമുള്ള ചന്ദനമാണ് കളവ് പോയത്. പ്രതികള്‍ തടിയുമായി പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പുല്‍പ്പള്ളി പൊലീസിനും വനംവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കളിയിക്കാവിളയില്‍ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായി വ്യക്തമായി. കൈയില്‍ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിന്റെ പിന്‍സീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. പാറശാല സ്വദേശി സുനിലാണ് സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും അമ്പിളിക്ക് വാങ്ങി നല്‍കിയത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

https://dailynewslive.in/ കേന്ദ്ര – കേരള സര്‍ക്കാറുകള്‍ റേഷന്‍ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷന്‍ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്‌ക്കരിക്കുക, കിറ്റ് കമ്മീഷന്‍ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷന്‍ കട ഉടമകളുടെ സംഘടന. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും സംഘടന അറിയിച്ചു.

https://dailynewslive.in/ ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് വന്ന അന്തര്‍ സംസ്ഥാന ബസ് ബസ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.30 ന് കോയമ്പത്തൂര്‍ വെച്ചാണ് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ചെന്നൈയില്‍ നിന്നും യാത്രക്കാരെ കയറ്റി എന്ന് പറഞ്ഞ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു. പകരം സംവിധാനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്.

https://dailynewslive.in/ കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡില്‍ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന അബ്ദുല്‍ റഷീദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടതായിരുന്നു. വെള്ളത്തില്‍ മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

https://dailynewslive.in/ ചലച്ചിത്ര നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു. മരണം സംഭവിച്ചത് ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാലിന് നടക്കും.

https://dailynewslive.in/ തൊടുപുഴയില്‍ ലോറിയില്‍ തടി കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്നോടെ ഇടവെട്ടി നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം.

https://dailynewslive.in/ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ യൂറോളജി വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹം.

https://dailynewslive.in/ കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃതര്‍ക്കം. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎല്‍എ ബസവരാജു ശിവഗംഗ രംഗത്തെത്തി. ഇതിന് മുമ്പ് കോണ്‍ഗ്രസിന് ഭരണം കിട്ടിയപ്പോള്‍ അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ ഒന്നരവര്‍ഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎല്‍എ ആവശ്യപ്പെടുന്നത്.

https://dailynewslive.in/ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ജന്തര്‍മന്തറില്‍ പ്രതിഷേധ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ്. എന്‍ടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നും പ്രതിഷേധത്തില്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ആണ് സമരം നടത്തുന്നത്.

https://dailynewslive.in/ കോളേജ് കാമ്പസില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളി. മുംബൈയിലെ എന്‍.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജ് മാനേജ്മെന്റിനെതിരെയാണ് ഒന്‍പത് വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയതോടൊപ്പം കോളേജ് മാനേജ്മെന്റിന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

https://dailynewslive.in/ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ കനത്ത ചൂടില്‍ ഉരുകി. പ്രതിമയുടെ തല വേര്‍പെട്ടു. 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണില്‍ രേഖപ്പെടുത്തിയത്. ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്റെ പ്രതിമ നോര്‍ത്ത് വെസ്റ്റ് വാഷിംഗ്ടണിലെ ഒരു സ്‌കൂളിലാണ് സ്ഥാപിച്ചിരുന്നത്.

https://dailynewslive.in/ നികുതി വര്‍ധനയ്ക്ക് എതിരെ പ്രക്ഷോഭം ശക്തമായതിന് പിന്നാലെ വിവാദ തീരുമാനം പിന്‍വലിച്ച് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ. പാര്‍ലെമെന്റിലേക്ക് അടക്കം പ്രതിഷേധക്കാര്‍ എത്തിയതിന് പിന്നാലെയാണ് തീരുമാനം. നികുതി വര്‍ധന സംബന്ധിച്ച ബില്ലില്‍ താന്‍ ഒപ്പിടില്ലെന്ന് വില്യം റൂട്ടോ ബുധനാഴ്ച വിശദമാക്കി. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ യുഎഇയില്‍ താപനില 50 ഡിഗ്രിയും കടന്നു. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്താണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് താപനില 50.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഈ മാസം 21ന് അല്‍ദഫ്ര മേഖലയിലെ മെസൈറയില്‍ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

https://dailynewslive.in/ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ച് ദക്ഷിണാഫ്രിക്ക. സെമിയില്‍ അഫ്ഗാനിസ്താനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ എയ്ഡന്‍ മാര്‍ക്രവും സംഘവും 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ലോകകപ്പില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്. ഇന്ത്യയും ഇംഗ്ലണ്ടുമായും ഇന്ന് നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലിലെ വിജയികളെയാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടുക. ഇന്ന് രാത്രി 8 മണിക്കാണ് രണ്ടാം സെമി ഫൈനല്‍ ആരംഭിക്കുക.

https://dailynewslive.in/ കോപ്പ അമേരിക്കയില്‍ ജമൈക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇക്വഡോര്‍. മറ്റൊരു മത്സരത്തില്‍ വെനസ്വേലക്ക് മെക്സിക്കോക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം.

https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്കിന്റെ 9.7 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരായ ഫെയര്‍ഫാക്‌സ് (എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്) ബ്ലോക്ക് ഡീല്‍ വഴി വിറ്റഴിച്ചു. 595 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഓഹരിയൊന്നിന് 353 രൂപ നിരക്കില്‍ 1.70 കോടി ഓഹരികള്‍ കൈമാറ്റം ചെയ്തു. ഇതോടെ ഇന്ന് സി.എസ്.ബി ബാങ്ക് ഓഹരികള്‍ 7.5 ശതമാനം കുതിച്ചുയര്‍ന്ന് 382.50 രൂപയിലെത്തി. സി.എസ്.ബി ബാങ്കില്‍ 79.72 ശതമാനം ഓഹരികളാണ് ഫെയര്‍ഫാക്‌സിനുള്ളത്. ഓഹരി വിറ്റഴിച്ചതോടെ ഓഹരി പങ്കാളിത്തം 40 ശതമാനമായി കുറയും. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥ പാലിക്കാന്‍ വേണ്ടിയാണ് ഓഹരി വില്‍പ്പന. 15 വര്‍ഷം കൊണ്ട് ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ നവംബറിലാണ് സി.എസ്.ബി ബാങ്കില്‍ 26 ശതമാനം ഓഹരി പങ്കാളിത്തം നിലനിറുത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. നേരത്തെ ബാങ്കുകളിലെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 15 വര്‍ഷത്തിനകം 15 ശതമാനത്തിലേക്ക് താഴ്ത്തണമെന്നായിരുന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. കോട്ടക് ബാങ്ക് പ്രമോട്ടറായ ഉദയ് കോട്ടക്ക് ഇതിനെതിരെ കോടതിയെ സമീപിച്ചതാണ് ബാങ്കിലെ പ്രമോട്ടര്‍ പങ്കാളിത്തം 26 ശതമാനമാക്കി നിറുത്താന്‍ സഹായകമായത്. ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ വി.പ്രേം വത്സ നയിക്കുന്ന ഫെയര്‍ ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സിന്റെ ഉപസ്ഥാപനമാണ് എഫ്.ഐ.എച്ച് മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്. 2018ല്‍ മൂലധനപ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് കാത്തലിക് സിറിയന്‍ ബാങ്കില്‍ ഫെയര്‍ഫാക്‌സ് 51 ശതമാനം പങ്കാളിത്തം സ്വന്തമാക്കിയത്. രാവിലെ കുതിപ്പ് കാണിച്ച സി.എസ്.ബി ബാങ്ക് ഓഹരികള്‍ നിലവില്‍ 3.67 ശതമാനം ഉയര്‍ന്ന് 369 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് 32 ശതമാനമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം. കഴിഞ്ഞ ഒരു മാസക്കാലത്തെ നേട്ടം 11 ശതമാനവും.

https://dailynewslive.in/ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി 14 സിവിയുടെ അടിസ്ഥാനവില 39,999 രൂപയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള മോഡലുകള്‍ക്ക് വില ഉയരും. ചൈനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഷവോമി സിവി 4 പ്രോയുടെ റീബാഡ്ജ്ഡ് വേര്‍ഷനാണിത്. സിനിമാറ്റിക് വിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സിവി. ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന രൂപത്തില്‍ പകര്‍ത്താന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. സിനിമാറ്റിക് വിഷന്‍ ഫീച്ചറിന്റെ സഹായത്തോടെ ദൃശ്യങ്ങളുടെ കഥപറച്ചില്‍ വരെ സാധ്യമാക്കുന്ന തരത്തിലാണ് ഇതിലെ സാങ്കേതികവിദ്യ. 12ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം ഫോണിന് 47,999 രൂപയാണ് വില വരിക. 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഇടത്തരം മോഡലിന് 42,999 രൂപ വേണം. 6.55 ഇഞ്ച് 1.5 അമോലെഡ് സ്‌ക്രീന്‍, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8 െജെന്‍ ത്രീ ചിപ്പ്‌സെറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. ലെയ്ക പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ യൂണിറ്റും ഒപ്പം ഡ്യുവല്‍ 32 മെഗാപിക്സല്‍ ഫ്രണ്ട് കാമറയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

https://dailynewslive.in/ തീയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഗഗനചാരി സിനിമയുടെ ടീം വീണ്ടും എത്തുന്നു. ‘മണിയന്‍ ചിറ്റപ്പന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേര്‍ന്ന് തന്നെയാണ് മണിയന്‍ ചിറ്റപ്പനും എഴുതുന്നത്. സയന്റിഫിക് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഗഗനചാരിയെ പോലെ തന്നെ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതേ സമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അജുവര്‍ഗീസ്, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദര്‍ശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈചിത്രമായിരുന്നു. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വ്വഹിച്ചത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയത്.

https://dailynewslive.in/ ആകാശ് മേനോന്‍, ദില്‍ഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘സത്യത്തില്‍ സംഭവിച്ചത്’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കാവാലം നാരായണ പണിക്കരുടെ രചനയില്‍ കാവാലം ശ്രീകുമാര്‍ ഈണം നല്‍കി ആലപിച്ച കര്‍ക്കിടക കാക്കച്ചിറകില്‍ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. കാവാലത്തിന്റെ എട്ടാം വര്‍ഷത്തിലെ ഓര്‍മ്മ ദിനത്തില്‍ ഈ പാട്ട് എത്തുന്നുയെന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. നാടകം പോലെ തന്നെ ശ്രദ്ധേയമാണ് കാവാലത്തിന്റെ നാടന്‍ പാട്ടുകളും. ഒപ്പം അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്ന ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി സിനിമഗാനങ്ങളും ജനപ്രീതി നേടിയവയാണ്. കാവാലം ശ്രീകുമാറിനോടൊപ്പം കുട്ടികളും പാടിയിട്ടുണ്ട്. ഗായകന്‍ ഉണ്ണിമേനോന്റെ മകന്‍ ആകാശ് മേനോന്‍ കുട്ടികള്‍ക്കൊപ്പം ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നു. മഞ്ജു വാര്യരാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടത്. ദിലീഷ് പോത്തന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ജി സുരേഷ് കുമാര്‍, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്‌മാന്‍, ജയകൃഷ്ണന്‍, വിജിലേഷ്, സിനോജ് വര്‍ഗീസ്, ശിവന്‍ സോപാനം, പുളിയനം പൗലോസ്, ഭാസ്‌കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്‍, പാര്‍വതി രാജന്‍ ശങ്കരാടി, സുഷമ അജയന്‍, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

https://dailynewslive.in/ ബജാജ് ഓട്ടോ അതിന്റെ ഡോമിനാര്‍ 400-നെ അടുത്ത തലമുറ മോഡലിനായി ഒരു പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കൂടുതല്‍ പ്രീമിയം സെഗ്മെന്റിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ഒരുങ്ങുന്നു. 400 സിസി പെര്‍ഫോമന്‍സ് സെഗ്മെന്റില്‍ താങ്ങാനാവുന്ന മോഡലായ പള്‍സര്‍ എന്‍എസ്400 ഇസെഡ് അടുത്തിടെ പുറത്തിറക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം. വരാനിരിക്കുന്ന ഡോമിനാര്‍ 400-നെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പരിമിതമാണ്. നിലവിലുള്ള ഏതെങ്കിലും ബജാജ് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയല്ല, അടുത്ത തലമുറ മോഡലില്‍ കാര്യമായ നവീകരണങ്ങളും പുതുമകളും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍, റോയല്‍ എന്‍ഫീല്‍ഡിനോട് മത്സരിക്കാനാണ് ഡോമിനാര്‍ 400 പുറത്തിറക്കിയത്. എങ്കിലും, ബജാജ് പിന്നീട് ഡൊമിനറിനെ ഒരു ടൂറിംഗ് മോട്ടോര്‍സൈക്കിളായി പുനഃസ്ഥാപിച്ചു, ദീര്‍ഘദൂര റൈഡിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷതകള്‍ ചേര്‍ത്തു. ഒപ്പം ട്രയംഫുമായുള്ള ബജാജിന്റെ പുതിയ സഹകരണം, പ്രത്യേകിച്ച് ട്രയംഫ് 400 മോഡലുകള്‍, ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനെതിരെ മത്സരിക്കാനുള്ള അവരുടെ പ്രധാന തന്ത്രമാണ്. കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന ഓപ്ഷനായി പള്‍സര്‍ ചട400ദ വാഗ്ദാനം ചെയ്യുമ്പോള്‍ പ്രീമിയം വിപണിയില്‍ ഡൊമിനറിനെ പരിഷ്‌ക്കരിക്കുക എന്നതാണ് ബജാജിന്റെ തന്ത്രം.

https://dailynewslive.in/ ടോള്‍സ്റ്റോയിയുടെ നീതിസാര കഥകളില്‍ ഏറെ പ്രശസമാണ് ‘കനലില്‍നിന്നും കാട്ടുതീ’. 1885 ല്‍ പ്രസിദ്ധീകരിച്ച ഈ കഥ നിസ്സാരമായ ഒരു വിഷയത്തിന്റെ പേരില്‍ രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന സ്പര്‍ദ്ധ ക്രമേണ വലിയൊരു സാമൂഹ്യവിപത്തായി മാറുന്നതെങ്ങനെയെന്ന് പറഞ്ഞുതരുന്നു. ജീവിതത്തിലെ ചില ആകസ്മിക സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴും, മുന്‍വിധിയോടെ അവയെ സമീപിക്കുമ്പോഴും അനുചിതമായി അവയെ കൈ കാര്യം ചെയ്യുമ്പോഴും സംഭവിക്കുന്ന വിപത്തുകളെ അയല്‍ക്കാരായ രണ്ടു കര്‍ഷകരുടെ ജീവിതത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ടോള്‍സ്റ്റോയ് ലളിതമായി ആവിഷ്‌കരിക്കുന്നു. ‘കനാലില്‍നിന്നും കാട്ടുതീ’. വിവര്‍ത്തനം : ശരത് മണ്ണൂര്‍. കൈരളി ബുക്സ്. വില 123 രൂപ.

https://dailynewslive.in/ ആമവാതം അഥവാ സന്ധിവാതമുള്ള രോഗികള്‍ ഇനി പറയുന്ന വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധത്തിനു സഹായിക്കും. കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യദായകമാണ്. ആമവാത വേദനയ്ക്കും ഇത് പരിഹാരമാണ്. സൂപ്പായിട്ടോ വേവിച്ചോ ഒക്കെ ബ്രക്കോളി പ്രഭാത ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോറഫേന്‍ ആമവാത ലക്ഷണങ്ങള്‍ ലഘൂകരിക്കും. മറ്റൊരു ഭക്ഷണമാണ് ചീര. സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ ഒക്കെ ചീര കഴിക്കുന്നത് ആമവാത രോഗശമനത്തിന് നല്ലതാണ്. എന്നാല്‍ എന്തെങ്കിലും ദഹനപ്രശ്നം ഇല്ലാത്തപ്പോള്‍ മാത്രമേ ചീര ഉപയോഗിക്കാവൂ. ബ്ലൂബെറി, സ്ട്രോബെറി, മള്‍ബറി തുടങ്ങിയ ബെറി പഴങ്ങളും ആമവാത രോഗമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഓട്മീലിന്റെ ഒപ്പമോ സ്മൂത്തിയായിട്ടോ ഒക്കെ ഇവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ആമവാതത്തിന്റെ ഭാഗമായ വേദന ലഘൂകരിക്കാന്‍ രാവിലെ ഒരു പിടി വാള്‍നട്ട് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മറ്റ് ഗുണങ്ങളും ഉള്ളതിനാല്‍ ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന വിഭവമാണ് വാള്‍നട്ട്. അരിഞ്ഞെടുത്ത പഴങ്ങള്‍ക്കൊപ്പം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നതും ആമവാത രോഗികള്‍ക്ക് ഉത്തമമാണ്. ഇതിനൊപ്പം ബെറിപഴങ്ങളോ നട്സോ ചേര്‍ക്കാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആമവാത രോഗത്തിന് ശമനമുണ്ടാക്കുന്നതാണ്. മറ്റ് രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രമേ രാവിലെ വെളുത്തുള്ളി കഴിച്ച് തുടങ്ങാവൂ.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.48, പൗണ്ട് – 105.48, യൂറോ – 89.25, സ്വിസ് ഫ്രാങ്ക് – 93.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.65, ബഹറിന്‍ ദിനാര്‍ – 221.53, കുവൈത്ത് ദിനാര്‍ -272.20, ഒമാനി റിയാല്‍ – 216.91, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 61.01.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *