S7 yt cover

https://dailynewslive.in/ നീറ്റ് യു.ജി. കൗണ്‍സിലിങ് നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗണ്‍സിലിങ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നായിരുന്നു കൗണ്‍സിലിങ് ആരംഭിക്കേണ്ടിയിരുന്നത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യവുമായി നിരവധിപേര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കൗണ്‍സിലിംഗ് നടക്കട്ടെയെന്നാണ് സര്‍ക്കാറും എന്‍ടിഎയും കോടതിയിലടക്കം നിലപാടെടുത്തത്. പക്ഷേ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് കൗണ്‍സിലിംഗ് തുടരട്ടേയെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. നീറ്റ് യുജി വിഷയം സര്‍ക്കാര്‍ ദിനംപ്രതി വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ സര്‍ക്കാറിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്നും കൗണ്‍സിലിങ് നീട്ടിവെച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

https://dailynewslive.in/

രണ്ടായിരം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പ് . വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താന്‍ ഇനി ആറ് ദിവസം മാത്രം. ചൈനയിലെ ഷിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കും.വ്യാഴാഴ്ച കപ്പല്‍ വിഴിഞ്ഞം തീരത്തെത്തും. ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.

https://dailynewslive.in/ മലപ്പുറത്ത് പ്ലസ് വണ്ണിന് ഏഴായിരം സീറ്റുകള്‍ മാത്രമേ കുറവുള്ളൂവെന്നും 16,000 സീറ്റ് കുറവുണ്ടെന്നത് മാധ്യമങ്ങളുടെ കണക്കാണെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടി. അധിക ബാച്ച് വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ എസ്എഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ ഭീഷണിയില്‍ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍ അറിയിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു പ്രിന്‍സിപ്പലിനെതിരെ എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ഭീഷണി മുഴക്കിയത്.

https://dailynewslive.in/ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌ക്കറിനെതിരെ എസ് എഫ് ഐ നേതാക്കള്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പരാതി നല്‍കി. കോളേജില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങളായ നാല് വിദ്യാര്‍ത്ഥികളാണ് സസ്പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്.

https://dailynewslive.in/ കാര്യവട്ടം കാമ്പസില്‍ കെഎസ്യു നേതാവിനെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചുവെന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിസിക്ക് കൈമാറും. 3 വകുപ്പുകളിലെ പ്രൊഫസര്‍മാര്‍ അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഹോസ്റ്റലില്‍ ഇടിമുറിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ . സാന്‍ ജോസിനെ മെന്‍സ് ഹോസ്റ്റലിലെ ഇടിമുറിയില്‍ മര്‍ദിച്ചെന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം.

https://dailynewslive.in/ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കുവാന്‍ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിര്‍വശത്തുള്ള മതിലും ഗേറ്റിലും ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. റോഡില്‍ മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ സംസ്ഥാനത്തെ പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി, പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ഉപയോഗ പ്രദവുമായ വിധത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് . മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത പാലിയം ഊട്ടുപുര, കൊക്കര്‍ണി, ചേന്ദമംഗലം ഹോളിക്രോസ് പള്ളി എന്നിവ പാലിയം ഊട്ടുപുരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിന്റെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെ.കെ.ഷൈലജ ടീച്ചര്‍. സമൂഹത്തെ പിന്നോട്ടു നയിക്കാന്‍ കാരണമാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ മുന്നോട്ടുവരണം എന്നും കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .

https://dailynewslive.in/ പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി നന്നാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കള്‍ മനസ്സിലാക്കണമെന്നും അബിന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ ദിവസമാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ആര്‍ക്കും തന്നെ അപായപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സംഭവത്തില്‍ സുധാകരന്റെ പ്രതികരണം.

https://dailynewslive.in/ കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്‌കര്‍മ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഹിന്ദുക്കള്‍ക്കിടയില്‍ കൂടോത്രം, ക്രിസ്ത്യാനികള്‍ക്കിടയില്‍ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങള്‍ക്കിടയില്‍ സിഹ്ര് തുടങ്ങിയ ദുരാചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

https://dailynewslive.in/ ബിജെപിയിലേക്ക് പോവുകയെന്ന മോഹം തനിക്കില്ലെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. വരുംകാലങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. സുരേഷ് ഗോപിക്ക് നാടിനായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബോധ്യമുണ്ട്. ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും എം കെ വര്‍ഗീസ് പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിലും അദ്ദേഹത്തെ പ്രശംസിക്കുന്നതിലും പിന്നോട്ടില്ല എന്നു തന്നെയാണ് മേയര്‍ വ്യക്തമാക്കുന്നത്.

https://dailynewslive.in/ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും ഉത്തരവില്‍ പറയുന്നു.

https://dailynewslive.in/ കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ഇതോടെ ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.

https://dailynewslive.in/ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ശരണ്‍ ചന്ദ്രന്‍ നിലവില്‍ കാപ്പാ പ്രതിയല്ല. ശരണിനെ നാടുകടത്തിയിട്ടില്ല, കാപ്പയില്‍ താക്കീത് നല്‍കിയിട്ടെയുള്ളുവെന്നും ആര്‍ എസ് എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു. രാഷ്ട്രീയ കേസുകളില്‍ പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.

https://dailynewslive.in/ കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണം നല്‍കി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ്. ശരണ്‍ ചന്ദ്രന്‍ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.ശരണ്‍ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.

https://dailynewslive.in/ കെഎസ്ഇബി ഓഫീസില്‍ കേറി ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരുവമ്പാടി സ്വദേശി അജ്മല്‍ യു സിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെഎസ്ഇബി ഓഫീസില്‍ കയറി അസിസ്റ്റന്റ് എഞ്ചിനീയറെ കയ്യേറ്റം ചെയ്തു. കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികള്‍ തകര്‍ത്തു. ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.

https://dailynewslive.in/ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജാഗ്രത നിര്‍ദ്ദേശം നല്‍കി . തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 5 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

https://dailynewslive.in/ നടന്‍ എന്ന നിലയില്‍ സുരേഷ് ഗോപി പരിപാടിയില്‍ പങ്കെടുത്ത് പണം വാങ്ങുന്നതില്‍ തെറ്റില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുകേഷും ഗണേഷ് കുമാറും പരിപാടിയില്‍ പങ്കെടുക്കുന്നതിന് പണം വാങ്ങാറില്ലേ എന്നും അദ്ദേഹം ചോദിച്ചു. എസ്.എഫ്.ഐയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും കൊയിലാണ്ടി കോളേജിലെ പ്രിന്‍സിപ്പലിനെതിരേ കേസെടുത്ത് പോലിസ് എസ്.എഫ്.ഐ. നേതാക്കളെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

https://dailynewslive.in/ എകെജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി . എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈല്‍ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത്.

https://dailynewslive.in/ സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകള്‍, 69 എലിപ്പനി കേസുകള്‍, 158 എച്ച്1 എന്‍1 കേസുകള്‍, 6 വെസ്റ്റ് നൈല്‍ കേസുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേര്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി.

https://dailynewslive.in/ മാന്നാര്‍ കല കൊലപാതക കേസില്‍ മുഖ്യപ്രതി അനില്‍കുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാന്‍ പൊലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് അനിലിനെ എത്തിക്കാനാണ് പൊലീസിന്റെ നീക്കം. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുകയാണ്. യുവതിയെ പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

https://dailynewslive.in/ എടപ്പാളില്‍ സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി യുവാവിന്റെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവത്തില്‍ ന്യായീകരണവുമായി സിഐടിയു നേതൃത്വം. ചുമട്ട് തൊഴിലാളികളെ ഒഴിവാക്കി അനധികൃതമായി ലോഡ് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് എടപ്പാളിലേത്. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സിഐടിയു തിരുത്തുമെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ പറഞ്ഞു .

https://dailynewslive.in/ എടപ്പാളില്‍ സിഐടിയുക്കാരുടെ ആക്രമണം ഭയന്നോടി വീണ യുവാവിന് ഗുരുതര പരിക്കേറ്റതായി പിതാവ്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റതായും അടുത്ത ദിവസം കാലിന് ശസ്ത്രക്രിയ നടത്തുമെന്നും പിതാവ് പറഞ്ഞു. ഫയാസിന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്തില്ലെന്നും പിതാവ് ചൂണ്ടിക്കാട്ടി.

https://dailynewslive.in/ തിരഞ്ഞെടുപ്പ് തോല്‍വിയുടെ എല്ലാ പഴിയും എസ്.എന്‍.ഡി.പിക്കും മറ്റ് ഹിന്ദുസംഘടനകള്‍ക്കുമാണ് എന്ന തലതിരിഞ്ഞ വ്യാഖ്യാനമാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെതിരായ ജനവികാരവും അമിതമായ ന്യൂനപക്ഷ വര്‍ഗീയ പ്രീണനവുമാണ് ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് കാരണമായി കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരം പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയുടെ കാന്‍സര്‍ ചികില്‍സയെ തുടര്‍ന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

https://dailynewslive.in/ അഗ്നിവീര്‍ പദ്ധതിയില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വീരമൃത്യുവരിച്ച അഗ്നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഇന്‍ഷുറന്‍സ് തുക മാത്രമാണ് അജയ് കുമാറിന്റെ കുടുംബത്തിന് ലഭിച്ചതെന്നും ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും രണ്ടും രണ്ടാണെന്നും രാഹുല്‍ കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കൂടിയാണ് അഗ്നിവീര്‍ വിഷയത്തില്‍ രാഹുല്‍ വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

https://dailynewslive.in/ ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോ. മസൂദ് പെസെഷ്‌കിയാന് വിജയം. മുഖ്യഎതിരാളി ആയിരുന്ന, അതിയാഥാസ്ഥിതികനും ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവുമായ, സയീദ് ജലീലി പരാജയപ്പെട്ടു. ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി ഇക്കഴിഞ്ഞ മേയ് 19-നുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് ഇടക്കാല തിരഞ്ഞടുപ്പ് നടന്നത്.

https://dailynewslive.in/ കോപ്പ അമേരിക്ക ഫുട്‌ബോളിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വെനസ്വേലയെ പെനാല്‍റ്റിഷൂട്ടൗട്ടില്‍ കീഴടക്കി കാനഡ സെമിയില്‍. 4-3 നാണ് കാനഡയുടെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബുധനാഴ്ച രാവിലെ നടക്കുന്ന സെമിയില്‍ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.

https://dailynewslive.in/ യൂറോ കപ്പില്‍ ഇന്ന് രാത്രി 9.30 നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലാണ്ടുമായി ഏറ്റുമുട്ടും. 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലണ്ട്സ് തുര്‍ക്കിയുമായി മാറ്റുരക്കും.

https://dailynewslive.in/ കേരളത്തില്‍ സ്വര്‍ണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,765 രൂപയായി. പവന്‍ വില 520 രൂപ വര്‍ധിച്ച് 54,120 രൂപയുമായി. ഒന്നര മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വില വീണ്ടും 54,000 രൂപ കടക്കുന്നത്. മേയ് 22ന് സ്വര്‍ണം 54,640 രൂപയിലായിരുന്ന സ്വര്‍ണ വില പിന്നീട് താഴേക്ക് നീങ്ങുകയായിരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും 55 രൂപ വര്‍ധിച്ച് 5,620 രൂപയിലെത്തി. വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 98 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണം രേഖപ്പെടുത്തിയത്. ജൂലൈയില്‍ വെറും ആറ് ദിവസം കൊണ്ട് 1,120 രൂപയാണ് പവന്‍ വിലയില്‍ വര്‍ധിച്ചത്. കേരളത്തില്‍ ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് ഏക്കാലത്തെയും ഉയര്‍ന്ന വില. അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില 54,120 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,584 രൂപ കൊടുത്താലേ ഇന്ന് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകൂ.

https://dailynewslive.in/ വാഹനങ്ങള്‍ വാടകയ്ക്ക് സഞ്ചരിക്കാന്‍ ലഭ്യമാക്കുന്ന ആപ്പ് ആയ ഓല ഗൂഗിള്‍ മാപ്പിന് പകരമായി സ്വന്തമായി വികസിപ്പ ഓല മാപ്പിലേക്ക് പൂര്‍ണ്ണമായും മാറുന്നതായി സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. ഗൂഗിള്‍ മാപ്പ് ഓല സേവനങ്ങളില്‍ വിനിയോഗിക്കുന്നതിന് കമ്പനി പ്രതിവര്‍ഷം 100 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ഓല മാപ്പിലേക്ക് നീങ്ങിക്കൊണ്ട് ഈ ചെലവ് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിച്ചതായും അഗര്‍വാള്‍ പറഞ്ഞു. ഓല ആപ്പ് പരിശോധിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സോളിഡ് സ്റ്റേറ്റ് ബാറ്ററികളുമായി ഓല ഇലക്ടിക്സോളിഡ് സ്റ്റേറ്റ് ബാറ്ററികളുടെ പരീക്ഷണങ്ങളിലാണ് കമ്പനി ഇപ്പോഴുളളത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി നൂതനമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദ്രുത ഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഓല ഇലക്ട്രിക്ക് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനും കൂടിയ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തോടെ കമ്പനി സ്വന്തമായി വികസിപ്പിച്ച സെല്ലുകള്‍ സ്‌കൂട്ടറുകള്‍ക്ക് കരുത്ത് പകരുന്നതിന് അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ തമിഴ്‌നാട്ടിലെ കമ്പനിയുടെ ബാറ്ററി നിര്‍മാണ ഫാക്ടറിയില്‍ ആയിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കുക.

https://dailynewslive.in/ തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള ഹിറ്റ് ഫിലിംമേക്കറാണ് എസ്.എസ് രാജമൗലി. ബാഹുബലി എന്നൊരറ്റ ചിത്രം കൊണ്ട് ലോകം മുഴുവനുമുള്ള സിനിമ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു അദ്ദേഹം. കല്‍ക്കി 2898 എഡി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സംവിധായകനെത്തിയിരുന്നു. അടുത്തിടെ രാജമൗലിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഒരുക്കുന്നതിനേക്കുറിച്ച് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. ‘മോഡേണ്‍ മാസ്റ്റേഴ്സ്: എസ്. എസ് രാജമൗലി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഡോക്യുമെന്ററിയുടെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 2നാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് തുടങ്ങുക. ‘ഒരു മനുഷ്യന്‍. ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകള്‍. അടങ്ങാത്ത ആഗ്രഹം. ഇത്രയധികം വലിയ ഉയരങ്ങളിലേക്കെത്താന്‍ ഈ ഇതിഹാസ ഫിലിംമേക്കറിന് എന്താണ് വേണ്ടി വന്നത് ‘- എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. അനുപമ ചോപ്രയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലും രാജ്യാന്തര സിനിമയിലും രാജമൗലി ചെലുത്തിയിരിക്കുന്ന സ്വാധീനത്തെക്കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ജെയിംസ് കാമറൂണ്‍, ജോ റൂസ്സോ, കരണ്‍ ജോഹര്‍, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, റാം ചരണ്‍, റാണ ദഗ്ഗുബതി എന്നിവര്‍ രാജമൗലിയ്ക്കൊപ്പമുള്ള അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1 മണിക്കൂറും 14 മിനിറ്റുമാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

https://dailynewslive.in/ നിവിന്‍ പോളിയെ നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഏഴ് കടല്‍ ഏഴ് മലൈ’യിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ‘ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍’ എന്ന മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേള്‍ഡ്’ എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിന്‍ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഏകാംബരം. പേരന്‍പ്, തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

https://dailynewslive.in/ ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളായ ഫ്രീഡം 125 പുറത്തിറക്കി. ബജാജ് ഫ്രീഡം 125-ന്റെ അടിസ്ഥാന വേരിയന്റിന് 95,000 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ് എന്‍ഡ് വേരിയന്റിന് 1.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ബജാജ് ഫ്രീഡത്തിന്റെ ബുക്കിംഗുൂം കമ്പനി തുറന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം വില്‍പ്പനയ്‌ക്കെത്തുക. ഈജിപ്ത്, ടാന്‍സാനിയ, പെറു, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഫ്രീഡം കയറ്റുമതി ചെയ്യും. ഈ ബജാജ് സിഎന്‍ജി ബൈക്ക് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി ജോടിയാക്കിയ 125 സിസി പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ബെഞ്ച്-സ്റ്റൈല്‍ സീറ്റ്, ഇടതുവശത്തുള്ള സ്വിച്ച് പാനലില്‍ സ്ഥാപിച്ചിരിക്കുന്ന പെട്രോളിനും സിഎന്‍ജി ഇന്ധനത്തിനും ഇടയില്‍ ടോഗിള്‍ ചെയ്യാനുള്ള സ്വിച്ച് തുടങ്ങിയവ പോലുള്ള ചില പ്രധാന സവിശേഷതകള്‍ ലഭിക്കുന്നു. ഈ ബൈക്കിന് ഒരു കിലോ സി.എന്‍.ജിയില്‍ 102 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. ഒരു കിലോമീറ്റര്‍ ഓടാന്‍ കേവലം ഒരു രൂപ മാത്രമേ ചിലവുള്ളൂ എന്നും കമ്പനി പറയുന്നു. ഈ പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് സിഎന്‍ജി ഘടിപ്പിച്ച കാറുകളെപ്പോലെ സിഎന്‍ജിയിലും പെട്രോളിലും പ്രവര്‍ത്തിക്കാന്‍ കഴിയും.

https://dailynewslive.in/ ദേശഭാവിക്ക് നയരേഖയാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള്‍ മറിച്ച് വരികളും വരികള്‍ക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ഒരു മനുഷ്യന്റെ ശ്രമം. രാഷ്ട്രീയ ജീവിയിലേക്കുള്ള അയാളുടെ പരിണാമം ഈ പാരായണത്തിലൂടെ പൂര്‍ത്തിയാകുന്നു. വിദ്വേഷത്തിന്റെ ലബോറട്ടറിയിലേക്കും ഭയത്തിന്റെ ഫാക്ടറിയിലേക്കും അവന്‍ കാലുകുത്തുന്നു; അന്യന്‍ നരകമാകുന്ന, പൗരത്വം ബാധ്യതയാകുന്ന ‘കാലാ ദിന്‍’ അവന്‍ പ്രവചിക്കുന്നു. കരുത്തുറ്റ ഒരു ‘പൊളിറ്റിക്കല്‍ ഫിക്ഷന്‍’ നിങ്ങളുടെ മേശവിളക്കിനു ചാരെ സമര്‍പ്പിക്കുകയാണ് ഈ രചന. ‘പ്രവചനപുസ്തകം’. എം ബിജു ശങ്കര്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 304 രൂപ.

https://dailynewslive.in/ ദഹനപ്രശ്നങ്ങള്‍ക്കോ, വയറുവേദനയ്ക്കോ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ജീരകം വളരെയധികം ഉപകാരപ്രദമാണ്. നെല്ലിക്ക, തേന്‍, വെളിച്ചെണ്ണ തുടങ്ങി നിരവധി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ സൗന്ദര്യസംരക്ഷണത്തിനായി നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജീരകം സൗന്ദര്യ സംരക്ഷണത്തിന് എത്രത്തോളം പ്രയോജനമാകും എന്ന് നമുക്ക് അറിയില്ല. കൃത്രിമമായ പദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടില്ല എന്നതാണ് ഇവയുടെയെല്ലാം പ്രത്യേകത. അതേ സവിശേഷത തന്നെയാണ് ജീരകത്തെയും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. രക്തം ശുദ്ധിയാക്കാനുള്ള ജീരകത്തിന്റെ കഴിവ് തൊലിക്ക് മാറ്റ് കൂട്ടുന്നതിനും അതോടൊപ്പം മുഖക്കുരു കുറയ്ക്കുന്നതിനും സഹായകമാകുന്നു. ശരീരത്തില്‍ വിഷാംശത്തെ പുറന്തള്ളാന്‍ ജീരകത്തിനാവുന്നു, ഇതും ചര്‍മ്മത്തെ ആരോഗ്യവും തിളക്കമുള്ളതുമാക്കാന്‍ ഉപകരിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനായി ജീരകം കൊണ്ട് ചെയ്യാവുന്ന മൂന്ന് പൊടിക്കൈകള്‍ കൂടി പരീക്ഷിച്ചുനോക്കാം. ഒരു പിടി ജീരകം അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് നാലോ അഞ്ചോ തുള്ളി ‘ഫെണല്‍ എസ്സന്‍ഷ്യല്‍ ഓയില്‍’ ചേര്‍ക്കുക. ശേഷം നന്നായി അരിച്ച്, ഈ മിശ്രിതം പഞ്ഞിയില്‍ മുക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. മുഖം വൃത്തിയാകാനും മുഖത്തെ ചര്‍മ്മത്തിന്റെ സ്വഭാവം മെച്ചപ്പെടാനുമാണ് ഇത് ഉപകരിക്കുക. മുഖത്തെ തൊലിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ നമ്മള്‍ ആവി പിടിക്കാറുണ്ട്. സമാനമായ രീതിയില്‍ ജീരകം ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലും ആവി കൊള്ളാം. ജീരകം ചേര്‍ക്കുമ്പോള്‍ സാധാരണ ആവി പിടിക്കുന്നതിനെക്കാള്‍ ഗുണങ്ങള്‍ ലഭിച്ചേക്കാം. മുടിയുടെ ആരോഗ്യത്തിനായും ജീരകം ഉപയോഗിക്കാം. ഇതിനായി രണ്ട് കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് അല്‍പം ജീരകപ്പൊടി ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം ചൂടാറാന്‍ വയ്ക്കാം. കീടാതെ മുടി ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിച്ച് കഴുകിയതിന് ശേഷം അവസാനവട്ട കഴുകലിനായി ഈ മിശ്രിതം ഉപയോഗിക്കാം. മുടിയുടെ അളവിന് അനുസരിച്ച് എടുക്കുന്ന വെള്ളത്തിന്റെയും ജീരകപ്പൊടിയുടെയും അളവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.48, പൗണ്ട് – 106.93, യൂറോ – 90.58, സ്വിസ് ഫ്രാങ്ക് – 93.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.33, ബഹറിന്‍ ദിനാര്‍ – 221.73, കുവൈത്ത് ദിനാര്‍ -272.96, ഒമാനി റിയാല്‍ – 217.08, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.93, കനേഡിയന്‍ ഡോളര്‍ – 61.10.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *