P3 yt cover

https://dailynewslive.in/ എസ്എഫ്ഐ വിഷയത്തില്‍ നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷവും. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കെഎസ് യു ക്കാര്‍ക്ക് ഒപ്പം എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകക്കെതിരെയും, ഇരുപതോളം കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ വിവേചനം ഇല്ലാതെയാണ് പൊലീസ് നടപടികള്‍ എടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എം വിന്‍സെന്റിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ എസ്എഫ്ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ എം വിന്‍സന്റ്. എസ്എഫ്ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നല്‍കുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ റിസള്‍ട്ട്. സിദ്ധാര്‍ഥന്റെ മരണത്തിലെ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ വരെ സൗകര്യം ചെയ്തു കൊടുത്തുവെന്നും എം വിന്‍സന്റ് പറഞ്ഞു. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകരായതു കൊണ്ട് മാത്രം 35 എസ്എഫ്ഐക്കാര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇത്തരത്തില്‍ ഏതെങ്കിലും ഒരു അനുഭവം കെഎസ് യുവിന് പറയാനുണ്ടോയെന്നും, പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നെറികെട്ട രാഷ്ട്രീയത്തിന്റെ ഇങ്കുബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടാപട നിങ്ങളെയും കൊണ്ടേ പോകുവെന്ന് എസ്എഫ്ഐയെ കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ് യു ധര്‍ണയിരുന്നതെന്ന് പറഞ്ഞ സതീശന്‍ ശ്രീകാര്യം സ്റ്റേഷനില്‍ എന്തിനാണ് എസ്എഫ്ഐക്കാര്‍ വന്നതെന്നും ചോദിച്ചു. സ്ഥാനത്തിന് ചേരാത്ത പ്രസംഗമാണ് മുഖ്യമന്ത്രി സഭയില്‍ നടത്തിയതെന്നും മുഖ്യമന്ത്രി നിങ്ങള്‍ മഹാരാജാവല്ല നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് മറക്കരുതെന്നും വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും എല്ലാകാലത്തും ജനങ്ങള്‍ക്കൊപ്പമാണെന്നും ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നല്‍കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ രക്ഷാപ്രവര്‍ത്തന പരാമര്‍ശം നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനത്തിനു മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നും ഞാന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറയുന്നു, നാളെയും പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ട വസ്തുത പറയാന്‍ ബാധ്യസ്ഥനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാണാത്ത കാര്യം എങ്ങനെ പറയുമെന്നും ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ ന്യായീകരണത്തില്‍ സന്തോഷമുണ്ടെന്നും നിങ്ങള്‍ ഒരിക്കലും തിരുത്തില്ലെന്നു തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

https://dailynewslive.in/ എസ് എഫ് ഐ ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എസ് എഫ് ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണെന്നും പുതിയ എസ് എഫ് ഐ ക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും ആശയത്തിന്റെ ആഴം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ശരിയായി പഠിപ്പിക്കണം, നേര്‍വഴിക്ക് നയിക്കണം. തിരുത്തിയില്ലെങ്കില്‍ എസ് എഫ് ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ് എഫ് ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനെ അടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

https://dailynewslive.in/ എസ്.എഫ്.ക്കെതിരെ വിമര്‍ശനം ഉന്നയിച്ച അധ്യാപികയ്ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നതായി പരാതി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം. രമയാണ് പരാതി ഉന്നയിച്ചത്. ഹൈക്കോടതി വിധിയുണ്ടായിട്ടും രാഷ്ടീയ ഇടപെടല്‍ കാരണമാണ് പെന്‍ഷന്‍ നിഷേധിക്കുന്നതെന്നും കോളേജില്‍ ഇപ്പോഴും ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും രമ ആരോപിച്ചു. എസ്.എഫ്.ഐയും ഇടത് അധ്യാപക സംഘടനകളുമാണ് തന്നെ വേട്ടയാടുന്നതെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ പോരായ്മകളും കുറവുകളും പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതിന് മുന്‍പും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്മകള്‍ പരിഹരിച്ച് പാര്‍ട്ടി തിരിച്ചു വന്നിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാനത്ത് സിപിഎം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. ഉചിതമായ തീരുമാനവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹം ആദ്യം ആറ്റില്‍ കളയാനാണ് പ്രതികള്‍ തീരുമാനിച്ചതെന്ന് സൂചന. ഇതിനാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് മൃതദേഹം കാറില്‍ എത്തിച്ചതെന്നും എന്നാല്‍ സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം ആറ്റിലുപേക്ഷിച്ചില്ലെന്നും പിന്നീട് മൃതദേഹം വീട്ടിലെത്തിച്ച് സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് നിഗമനം. എന്നാല്‍ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് മാറ്റിയതായും പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. 15 വര്‍ഷത്തിനിടെ രണ്ട് തവണ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച വസ്തുക്കള്‍ കോടതിക്ക് കൈമാറി. ചെങ്ങന്നൂര്‍ ഡിവൈഎസ്പി നേതൃത്വം നല്‍കുന്ന പ്രത്യേക അന്വേഷണ സംഘം പോലിസ് കസ്റ്റഡിയില്‍ ഉള്ള മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

https://dailynewslive.in/ മാന്നാര്‍ കൊലക്കേസില്‍ ഡിഎന്‍എ സാമ്പിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന പൊലീസ് ഫോറന്‍സിക് സര്‍ജന്‍ വ്യക്തമാക്കി. എന്നാല്‍ വസ്ത്രത്തിന്റെ ഇലാസ്റ്റിക്, അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ ഈ കേസില്‍ അമൂല്യമാകും. മാപ്പു സാക്ഷി, സാഹചര്യതെളിവുകള്‍, ശക്തമായ മൊഴികള്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിയുമെന്നും സര്‍ജന്‍ പറഞ്ഞു.

https://dailynewslive.in/ പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്‍ പ്രസംഗത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി പറഞ്ഞതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചാണ് കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ പാസാകുന്നത്. അതുകൊണ്ടാണ് അവര്‍ക്കെല്ലാം പ്ലസ് ടു പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

https://dailynewslive.in/ പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നാണ് താന്‍ പറഞ്ഞതെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി സജി ചെറിയാന്‍ സഭയില്‍ വ്യക്തമാക്കി. വീടിനടുത്തുള്ള ഒരു കുട്ടി വീട്ടില്‍ വന്ന് തനിക്കൊരു അപേക്ഷ തന്നു. അതില്‍ നിരവധി അക്ഷരത്തെറ്റ് കണ്ടു. അത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും അതാണ് എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ടെന്ന് പ്രസംഗത്തില്‍ പറയാന്‍ കാരണമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

https://dailynewslive.in/ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് റേറ്റിങ് കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്റെ ട്രയല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാരികള്‍ എത്തിചേരുന്ന ഇടങ്ങളില്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അവിടുത്തെ സൗകര്യങ്ങളെ റേറ്റ് ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഈ നിലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം നമുക്ക് വര്‍ധിപ്പിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവി ല്‍ എംഎല്‍എയും സിപിഐയുടെ യുവനേതാവുമായ മുഹമ്മദ് മുഹ്സീനെതിരെ വിമര്‍ശനം. ജില്ലയില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നത് മുഹ്സീനാണെന്നും, സംഘടനയ്ക്ക് അതീതനായി പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടി യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം. സംഘടനാ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കാന്‍ മുഹമ്മദ് മുഹ്സീന്‍ എംഎല്‍എ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ മലപ്പുറം തിരൂരങ്ങാടിയില്‍ വ്യാജ ആര്‍ സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് സംഘം ആര്‍ടി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഓണ്‍ലൈനായാണ് ആര്‍സി ബുക്കിലെ പേര് മാറ്റിയതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെ പഴുത് ഉപയോഗിച്ച് കൃത്രിമം കാണിച്ചുവെന്നുമാണ് ആര്‍ടിഒ ഓഫീസില്‍ നിന്ന് പൊലീസിന് നല്‍കിയ വിവരം.

https://dailynewslive.in/ എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വിയില്‍ നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല. വിജയശതമാനം തീരെ കുറഞ്ഞ കോളേജുകള്‍ അടച്ച് പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയേക്കും. 15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി സര്‍വകലാശാല ഇന്ന് ചര്‍ച്ച നടത്തും. 53 ശതമാനമായിരുന്നു ഇത്തവണ കെടിയു അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം.

https://dailynewslive.in/ തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്. താന്‍ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാല്‍ താന്‍ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും. തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. കൈക്കൂലി നല്‍കാന്‍ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോര്‍ജ്ജ് പ്രതികരിച്ചു.

https://dailynewslive.in/ പാലക്കാട് തച്ചംമ്പാറയില്‍ സിപിഐ പഞ്ചായത്തംഗം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. നാലാം വാര്‍ഡ് കോഴിയോട് പഞ്ചായത്തംഗവും സിപിഐ ലോക്കല്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ജോര്‍ജാണു രാജി വെച്ചത്. പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അംഗത്വം നല്‍കി സ്വീകരിച്ചത്.

https://dailynewslive.in/ എറണാകുളം കളമശ്ശേരിയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളാന്‍ എത്തിയവരെ നാട്ടുകാര്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കളമശേരി നഗരസഭയിലെ 12ാം വാര്‍ഡിലാണ് ഫര്‍ണിച്ചര്‍ കടയില്‍ നിന്നുള്ള മാലിന്യവുമായി എത്തിയത്. പിക്ക് അപ്പ് വാഹനത്തില്‍ എത്തിയവര്‍ സ്ഥലത്ത് വാഹനം നിര്‍ത്തിയ ശേഷം മാലിന്യം തള്ളി. തിരികെ പോകാന്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്തെങ്കിലും പരാജയപ്പെട്ടു. വാഹനം കിടക്കുന്നത് കണ്ട് വന്ന നാട്ടുകാര്‍ ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. പിന്നീട് കൗണ്‍സിലര്‍മാരെ വിളിച്ചുവരുത്തിയ ശേഷം ഇവരെ പൊലീസിന് കൈമാറി.

https://dailynewslive.in/ മലപ്പുറത്ത് വേങ്ങൂരില്‍ മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് 140 കിലോഗ്രാമോളം ചായപ്പൊടി കണ്ടെടുത്തത്. ചായക്ക് കടുപ്പം കിട്ടാന്‍ വേണ്ടിയാണ് ചായപ്പൊടിയില്‍ മായം കലര്‍ത്തിയതെന്നാണ് സംശയം. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് അയച്ചു.

https://dailynewslive.in/ പാലക്കാട് കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്. ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം. പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.

https://dailynewslive.in/ തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലായ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിന്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കരടി കടിച്ച് പരുക്കേല്‍പ്പിച്ചത് നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടി ഓടി രക്ഷപ്പെട്ടു. കടിയേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്‌കൂട്ടര്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍ ജോണിനാണ് പരിക്കേറ്റത്.

https://dailynewslive.in/ കണ്ണൂര്‍ ഇരിട്ടി പുഴയില്‍ കാണാതായ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളുടേയും മൃതദേഹം കണ്ടെത്തി. എടയന്നൂര്‍ സ്വദേശി ഷഹര്‍ബാനയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. അഞ്ചരക്കണ്ടി സ്വദേശി സൂര്യയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് മുന്നൂറ് മീറ്റര്‍ മാറിയാണ് പിന്നീട് കണ്ടെത്തിയത്. രണ്ടു പേരും ഇരിക്കൂര്‍ സിബ്ഗ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു.

https://dailynewslive.in/ ബെംഗളുരുവിലെ കോളേജില്‍ വിദ്യാര്‍ത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശി ജയ് കിഷന്‍ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. അസം സ്വദേശി ഭാര്‍ഗവ് ജ്യോതി ബര്‍മന്‍ എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് കൊല നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്.

https://dailynewslive.in/ ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നാല് പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സത്സംഗം നടത്തിയ ആത്മീയ പ്രഭാഷകന്‍ ഭോലെ ബാബയുടെ അനുയായികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭോലോ ബാബയുടെ ആശ്രമത്തില്‍ വീണ്ടും പൊലീസ് പരിശോധന നടത്തി. ദുരന്തമായി മാറിയ പരിപാടിയില്‍ രണ്ടര ലക്ഷം പേര്‍ പങ്കെടുത്തെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.

https://dailynewslive.in/ സൗദിയില്‍ തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി നല്‍കണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പിലായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്‌കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തിലായത്. ഗാര്‍ഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാര്‍പ്രകാരമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുക, ശമ്പളം നല്‍കുന്ന പ്രക്രിയയില്‍ സുതാര്യത ഉറപ്പുവരുത്തുക, ഗുണഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുക എന്നിവയാണ് ഈ രീതി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

https://dailynewslive.in/ ജെഡിഎസ്സിന്റെ എച്ച്.ഡി.കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. ഇന്ന് ചേരുന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സീറ്റ് ജെഡിഎസ്സിന് നല്‍കുന്നതില്‍ തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെഡിഎസ് സംസ്ഥാന സമിതി ചേര്‍ന്ന് അനസൂയയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കും.

https://dailynewslive.in/ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിശ്ചയിച്ചിരുന്ന ശമ്പള വര്‍ധന തീരുമാനം മാറ്റി കെനിയ. വലിയ രീതിയില്‍ ജനത്തിന് നികുതി ഭാരം വരുന്ന ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ കെനിയയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. രാജ്യ വ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ 23 പേരാണ് കെനിയയില്‍ കൊല്ലപ്പെട്ടത്.

https://dailynewslive.in/ ട്വന്റി 20 ലോകകപ്പ് കിരീടവുമായിമടങ്ങിയെത്തിയ ടീം ഇന്ത്യക്ക് വന്‍ വരവേല്‍പ്പ്. എയര്‍ ഇന്ത്യ ചാമ്പ്യന്‍സ് 2024 വേള്‍ഡ് കപ്പ് എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം, ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. ബിസിസിഐ വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും സംഘടിപ്പിക്കുന്നുണ്ട്.

https://dailynewslive.in/ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ ക്യു.ആര്‍ കോഡ് അടിസ്ഥാനപ്പെടുത്തിയുള്ള യു.പി.ഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) പേമെന്റ് സൗകര്യം യു.എ.ഇയില്‍ ലഭ്യമാക്കി. നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇന്റര്‍നാഷനല്‍ പേമെന്റ്‌സ് ലിമിറ്റഡ്, നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലിന്റെ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കിയത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലകളില്‍ ഡിജിറ്റല്‍ വാണിജ്യ ഇടപാടുകള്‍ക്കുള്ള മുന്‍നിര സ്ഥാപനമാണ് നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍.ഇന്ത്യക്കാരായ ടൂറിസ്റ്റുകള്‍ക്കും പ്രവാസികള്‍ക്കും ഇത് പ്രയോജനപ്പെടും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ മാത്രമുള്ളവര്‍ക്ക് ഈ സൗകര്യം യു.പി.ഐ ഇടപാടിന് ഉപയോഗപ്പെടുത്താം. നെറ്റ്വര്‍ക്കിന് രണ്ടു ലക്ഷത്തില്‍പരം പി.ഒ.എസ് ടെര്‍മിനലുകളുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗതാഗത സംവിധാനങ്ങള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാ രംഗത്തും ഉപയോഗപ്പെടുത്തി വരുന്നു.

https://dailynewslive.in/ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലൂടെയാണ് സ്ഥാപകര്‍ ഇക്കാര്യം അറിയിച്ചത്. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്. ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുമായി പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലം ലഭിച്ചില്ല. പ്ലാറ്റ്ഫോം പൊതുജനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു. ആപ്പ് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും സോഷ്യല്‍ മീഡിയ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിച്ചത് അടക്കമുള്ള കാര്യങ്ങളാണ് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. വളര്‍ച്ചയുടെ പാരമ്യത്തില്‍ ദിവസേന 21 ലക്ഷം സജീവ ഉപയോക്താക്കളും പ്രതിമാസം ഒരു കോടി സജീവ ഉപയോക്താക്കളും വിവിധ മേഖലകളില്‍ നിന്നുള്ള 9000 പ്രമുഖരും ഇടപെടുന്ന തലത്തിലേക്ക് കൂ മുന്നേറിയിരുന്നു. ‘2022ല്‍ ഇന്ത്യയില്‍ ട്വിറ്ററിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ മാസങ്ങള്‍ മാത്രം അകലെയായിരുന്നു. മൂലധനം ഞങ്ങളുടെ പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സാധിക്കുമായിരുന്നു’- ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു. 2021ല്‍ ട്വിറ്ററും (ഇപ്പോള്‍ എക്‌സ്) കേന്ദ്രസര്‍ക്കാരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൂവിന്റെ ജനപ്രീതി ഇന്ത്യയില്‍ വര്‍ധിച്ചത്.

https://dailynewslive.in/ പ്രേക്ഷകരുടെ പ്രിയ താരം ടൊവിനോ തോമസിന്റെ നിര്‍മ്മാണത്തില്‍ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മരണമാസ്സ്’. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തില്‍ വച്ചു നടന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും പൂജാ ചടങ്ങില്‍ സന്നിഹിതരായി. ഒരു കോമഡി എന്റര്‍ടൈനറാണ് ചിത്രം. ബേസില്‍ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം, റാഫേല്‍ പോഴോളിപറമ്പില്‍ എന്നിവരാണ്.

https://dailynewslive.in/ ആക്ഷന്‍ വിസ്മയം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളും ഒപ്പം നര്‍മ്മവും വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമായി ‘ഇടിയന്‍ ചന്തു’ ഈ മാസം 19ന് തിയേറ്ററുകളില്‍. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍റ്റൈനര്‍ ആയാണ് എത്തുന്നത്. ക്രിമിനല്‍ പൊലീസുകാരനായ അച്ഛനെ കണ്ടുവളര്‍ന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയന്‍ ചന്ദ്രന്റെ മകന് നാട്ടുകാര്‍ ആ വട്ടപ്പേര് തന്നെ ചാര്‍ത്തിക്കൊടുത്തു ‘ഇടിയന്‍ ചന്തു’. ചന്തുവിന്റെ ഇടിയന്‍ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തല്‍ക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്‌കൂളില്‍ ചന്തുവിനെ പഠിപ്പിക്കാന്‍ വിടുന്നതിന് ശേഷമുള്ള പ്രശ്നങ്ങളും അതെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നു. അതോടൊപ്പം ലാലു അലക്സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിരയും ഒന്നിക്കുന്നു.

https://dailynewslive.in/ കമല്‍ ഹാസന്റെ മൂത്ത പുത്രി ശ്രുതി ഹാസന്റെ യാത്രകള്‍ ഇനി ബിഎംഡബ്യു വിന്റെ അത്യാഡംബര സെഡാനിലാണ്. 740ഡി എം സ്‌പോര്‍ട് വേരിയന്റ് ആണ് ശ്രുതി സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ള്യു 7 സീരിസില്‍ വരുന്ന ഈ വാഹനത്തിനു എക്സ് ഷോറൂം വിലവരുന്നത് 1.81 കോടി രൂപയാണ്. ബ്ലാക്ക് സഫയര്‍ മെറ്റാലിക് നിറമാണ് താരം വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രുതി ഹാസന്‍ സ്വന്തമാക്കിയ ബി എം ഡബ്ള്യുവിന്റെ 740ഡി എം സ്‌പോര്‍ട് വേരിയന്റില്‍ 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്. 286 ബിഎച്ച്പി കരുത്തും പരമാവധി 650 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 18ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും നല്‍കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും ആറു സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സനൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു 740ഡി എം സ്‌പോര്‍ട് ലഭിക്കും. ബിഎംഡബ്ല്യു ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, അറ്റെന്റ്‌റീവ്‌നെസ് അസിസ്റ്റന്റ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള റിമോട്ട് പാര്‍ക്കിങ്, റിവേഴ്‌സിങ് അസിസ്റ്റന്റ് എന്നിവയും വാഹനത്തിന്റെ സുരക്ഷാ സൗകര്യങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവര്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓര്‍മ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓര്‍മ്മകള്‍ യഥാര്‍ത്ഥമായി മറ്റുള്ളവര്‍ക്കായി പകര്‍ത്തുകയും, അതില്‍ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂല്‍പ്പാവകള്‍. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ നമ്മളോട് പറയുന്നത്. നൂല്‍പ്പാവകള്‍ കഥയെഴുത്തല്ല, മനസ്സ് നിറയ്ക്കുന്ന വിസ്മയിപ്പിക്കുന്ന ഒരു കഥ പറച്ചിലാണ്. ‘നൂല്‍പ്പാവകള്‍’. ആശ അഭിലാഷ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 446 രൂപ.

https://dailynewslive.in/ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാമെന്ന് നിസംശയം പറയാം. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്‌ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരുടെ മരണസാധ്യത 20 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ബദാമില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെന്നതാണ് പലരെയും പേടിപ്പിക്കുന്നത്. ബദാമില്‍ 50 ശതമാനവും കൊഴുപ്പാണെന്നത് ശരിതന്നെ, എന്നാല്‍ ഇതില്‍ ഭാരിഭാഗവും ശരീരത്തിന് ഗുണകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. തണുപ്പുകാലത്ത് വിശപ്പ് അധികമായതിനാല്‍ ഒരു ഇടനേര സ്‌നാക്ക് ആയും ബദാം കഴിക്കാം. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും ബദാം പതിവാക്കുന്നത് നല്ലതാണ്. ഇത് വെള്ളതില്‍ കുതിര്‍ത്തും വറുത്തും സ്മൂത്തി, ഹല്‍വ, തൈര് എന്നിവയ്‌ക്കൊപ്പം ചേര്‍ത്തും കഴിക്കാവുന്നതാണ്. വീഗന്‍ ആളുകള്‍ക്ക് ബദാം മില്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.50, പൗണ്ട് – 106.51, യൂറോ – 90.18, സ്വിസ് ഫ്രാങ്ക് – 92.65, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.11, ബഹറിന്‍ ദിനാര്‍ – 221.55, കുവൈത്ത് ദിനാര്‍ -272.69, ഒമാനി റിയാല്‍ – 216.91, സൗദി റിയാല്‍ – 22.26, യു.എ.ഇ ദിര്‍ഹം – 22.73, ഖത്തര്‍ റിയാല്‍ – 22.97, കനേഡിയന്‍ ഡോളര്‍ – 61.29.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *