◾https://dailynewslive.in/ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ബാലബുദ്ധിയെന്നും കോണ്‍ഗ്രസിനെ പരാന്ന ഭോജിയെന്നും പരിഹസിച്ച് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2.15 മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗം. സഖ്യകക്ഷികളുടെ വോട്ടു തിന്നുന്ന പരാന്നഭോജിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ താങ്ങുവിലയെക്കുറിച്ചും അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നുണകള്‍ പറഞ്ഞുവെന്നും വ്യക്തിപരമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മോദി സഭയില്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ഗൗരവമേറിയ കാര്യമാണെന്നും അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പുനല്‍കില്ലെന്നും മോദി പറഞ്ഞു.
◾https://dailynewslive.in/ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനേയും തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നുണകളെ രാഷ്ട്രീയ ആയുധമാക്കിയെന്നും വായില്‍ രക്തംപുരണ്ട മൃഗത്തെപ്പോലെ കോണ്‍ഗ്രസിന്റെ വായില്‍ നുണയുടെ ചോര പുരണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 100-ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് രാഹുലും കോണ്‍ഗ്രസും ആഘോഷിക്കുന്നതെന്നും 543-ലാണ് 99 കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. അംബേദ്കറുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ നെഹ്‌റു തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചുവെന്നും ഗൂഢാലോചനയിലൂടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പിച്ചുവെന്നും മോദി ആരോപിച്ചു.
◾https://dailynewslive.in/ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ആണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല, എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയില്‍ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ രാജ്യത്തെ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പിയില്‍നിന്ന് എന്ത് അവഹേളനം സഹിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാന്നഭോജി പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ ഊട്ടുന്ന കര്‍ഷകരെ പരാന്നഭോജികളെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ ഇന്ന് അതേ വാക്ക് കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവഹേളനമല്ലെന്നും രാജ്യനിര്‍മിതിക്കായി കര്‍ഷകര്‍ക്കൊപ്പം ജീവന്‍ ബലിനല്‍കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണെന്നും ഖാര്‍ഗെ പറഞ്ഞു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 116 മരണം. ഭോലെ ബാബ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ സത്സംഗം പരിപാടിക്കിടെയാണ് അതിദാരുണസംഭവം. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കനത്ത ചൂട് സഹിക്കാനാവാതെ പന്തലില്‍ നിന്ന് പുറത്തുകടക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളും ആണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അനുശോചിച്ചു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദുരന്തത്തിനിടയാക്കിയത് പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയായി ആളുകള്‍ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസം കിട്ടാതെയും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയും വന്നതോടെയാണ് പലരുടെയും ജീവന്‍ പൊലിഞ്ഞതെന്ന് ദുരന്തത്തില്‍ നിന്ന് അതിജീവിച്ചയാള്‍ പ്രതികരിച്ചു.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ഒരു ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇയാളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*
എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾
◾https://dailynewslive.in/ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്നലെ നടക്കാനിരുന്ന പരീക്ഷ മാറ്റി. ചോദ്യങ്ങള്‍ മാറിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്. രണ്ടാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കല്‍ കെമിസ്ട്രി പേപ്പറിന്റെ ചോദ്യത്തിന് പകരം മറ്റൊരു വിഷയത്തിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കായി എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ഉളളടക്കം മാറിയതില്‍ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
◾https://dailynewslive.in/ മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
◾https://dailynewslive.in/ സൗദി അറേബ്യന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യന്‍ രൂപയില്‍ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാല്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുല്‍ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടര്‍. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേല്‍ക്കും. മാനന്തവാടി എംഎല്‍എ ഒആര്‍ കേളു സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ നിയമിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ആലപ്പുഴ മാന്നാറില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടാന്‍ സഹായിച്ച ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല.
◾https://dailynewslive.in/ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതല്‍ നിലവില്‍ വന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.
◾https://dailynewslive.in/ നിയമസഭയില്‍ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്പോര്. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാവ് വിളിച്ചത് ‘അവന്‍’ എന്നാണെന്നും പ്രതിപക്ഷ നേതാവിനെ ഞങ്ങള്‍ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. തന്നെ ആരും അങ്ങിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ മുഖ്യമന്ത്രി ‘പരനാറി’ എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെയാണ് മര്‍ദിച്ചത്. എസ്എഫ്ഐ നേതാവായ അജന്ത് അജയ്യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് സാന്‍ജോസിനെ ആശുപത്രിയില്‍ എത്തിച്ചത്.
◾https://dailynewslive.in/ കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദ്ദിച്ചതിനു പിന്നാലെ ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നില്‍ എസ്എഫ്ഐ കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്എഫ്ഐകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിനെയും ചെമ്പഴന്തി അനിലിനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമായത്.
◾https://dailynewslive.in/ കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ച് അര്‍ധരാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. തിരുവനന്തപുരം ശ്രീകാര്യം പോലീസ് സ്റ്റേഷനാണ് എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, എം. വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറില്‍ വന്നിറങ്ങിയ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തുവെന്നും പോലീസിന് മുന്നില്‍ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പുറക്കാട് കിഴക്കേക്കണ്ടംകുനി ശ്രീജേഷാണ്(41) മരിച്ചത്.
◾https://dailynewslive.in/ ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കണമെന്ന പരാതിയില്‍ മൊഴി രേഖപ്പെടുത്തി. പൊലീസ്. ആര്‍എംപി നേതാവ് കെഎസ് ഹരിഹരനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കോഴിക്കോട് ഡിസിപി ഓഫീസില്‍ വെച്ചാണ് ഹരിഹരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് ബോധപൂര്‍വം ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്റെ വിലയിരുത്തല്‍.
◾https://dailynewslive.in/ ലോക്സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളം നല്‍കി. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് ഹൈബി ഈഡന് പ്രധാനമന്ത്രി വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു.
◾https://dailynewslive.in/ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തന്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള അലവന്‍സുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ടീഷര്‍ട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ കോളേജില്‍ നിരോധിച്ച് മഹാരാഷ്ട്രയിലെ ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡ്രസ് കോഡ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കി. നേരത്തെ ഇതേ കോളേജില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരില്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
◾https://dailynewslive.in/ തമിഴ്നാട്ടിലെ ഫോക്സ്‌കോണിന്റെ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്ന വാര്‍ത്തയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും തമിഴ്നാട് സര്‍ക്കാരിനും ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.ആരോപണം ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ തള്ളി.
◾https://dailynewslive.in/ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ യൂറോപ്പ വിമാനം ശക്തമായ ആകാശച്ചുഴിയില്‍ പെട്ടത്. വിമാനത്തില്‍ 325 യാത്രക്കാരുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ യൂറോ കപ്പ് ഫുട്ബോളിലെ പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ റൊമാനിയയെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ ജയം. ആവേശം അവസാനമിനിറ്റുവരെ നീണ്ട മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയയെ കീഴടക്കി തുര്‍ക്കി ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം.
◾https://dailynewslive.in/ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2024ലെ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. സ്പെയിന്‍ – ജര്‍മനി, പോര്‍ച്ചുഗല്‍ – ഫ്രാന്‍സ്, ഇംഗ്ലണ്ട് – സ്വിറ്റ്സര്‍ലണ്ട്, നെതര്‍ലണ്ട്സ് – തുര്‍ക്കി എന്നിങ്ങനെയാണ് മത്സരങ്ങള്‍. വെള്ളി, ശനി ദിവസങ്ങളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.
◾https://dailynewslive.in/ കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്കും സി.എസ്.ബി ബാങ്കും 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ മാര്‍ച്ചിലെ 74,102 കോടി രൂപയില്‍ നിന്ന് 82,510 കോടി രൂപയായി വര്‍ധിച്ചു. 11.35 ശതമാനമാണ് വര്‍ധന. ഇക്കഴിഞ്ഞ മാര്‍ച്ച് പാദം അവസാനത്തില്‍ 80,426 കോടി രൂപയായിരുന്നു വായ്പകള്‍. ഇക്കാലയളവില്‍ നിക്ഷേപങ്ങളില്‍ 8.41 ശതമാനം വര്‍ധനയുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവിലെ 95,499 കോടി രൂപയില്‍ നിന്ന് 1.03 ലക്ഷം കോടി രൂപയായി. മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ നിക്ഷേപം 1.01 ലക്ഷം കോടി രൂപയായിരുന്നു. കാസാ നിക്ഷേപങ്ങള്‍ 31,166 കോടി രൂപയില്‍ നിന്ന് 32,998 കോടി രൂപയായി ഉയര്‍ന്നു. കാസാ നിക്ഷേപങ്ങളിലെ വളര്‍ച്ച 5.88 ശതമാനമാണ്. അതേസമയം കാസാ നിക്ഷേപ അനുപാതം 77 ബേസിസ് പോയിന്റ് കുറഞ്ഞ് 32.64 ശതമാനമായി. സി.എസ്.ബി ബാങ്കിന്റെ നിക്ഷേപങ്ങള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 22.24 ശതമാനം വര്‍ധിച്ചു. 2023 ജൂണ്‍ പാദത്തില്‍ 24,476 കോടി രൂപയായിരുന്നത് 29,920 കോടിയായി. മാര്‍ച്ച് പാദത്തിലെ 29,719 കോടി രൂപയുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്. മൊത്തം നിക്ഷേപങ്ങളില്‍ 7,499 കോടി രൂപയും കാസാ നിക്ഷേപങ്ങളാണ്. 22,471 കോടി രൂപയാണ് ടേം നിക്ഷേപങ്ങള്‍. കാസാ നിക്ഷേപങ്ങളില്‍ പക്ഷേ കഴിഞ്ഞ വര്‍ഷവുമായി നോക്കുമ്പോള്‍ 1.32 ശതമാനത്തിന്റെ കുറവുണ്ടായി. ടേം നിക്ഷേപങ്ങള്‍ 32.75 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ജൂണിലെ 10,064 കോടി രൂപയില്‍ നിന്ന് 24.08 ശതമാനം വര്‍ധിച്ച് 12,487 കോടി രൂപയായി. മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ സ്വര്‍ണ വായ്പകള്‍ 11,817 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം വായ്പകളിലും 17.80 ശതമാനം വര്‍ധനയുണ്ട്. 21,307 കോടി രൂപയില്‍ നിന്ന് 25,099 കോടി രൂപയായി. മാര്‍ച്ച് പാദത്തിലിത് 24,572 കോടി രൂപയായിരുന്നു.
◾https://dailynewslive.in/ ഇന്ദ്രന്‍സിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ടീസര്‍ എത്തി. ഇന്ദ്രന്‍സിന്റെയും മുരളി ഗോപിയുടെയും ഹൃദയസ്പര്‍ശിയായ സംഭാഷണമാണ് ടീസറിലുള്ളത്. മുരളി ഗോപിയുടെ ഭാര്യയായി ലിയോണ ലിഷോയിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു. റിയലിസ്റ്റിക് ഫീല്‍ ഗുഡ് ചിത്രമായിരിക്കും കനകരാജ്യമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കനകരാജ്യം. സാഗറിന്റെ തന്നെയാണ് തിരക്കഥയും. അരുണ്‍ മുരളീധരന്റേതാണ് സംഗീതം. അഭിലാഷ് ഷങ്കര്‍ ക്യാമറയും അജീഷ് ആനന്ദ് എഡിറ്റും നിര്‍വഹിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പതിവു വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 5ന് ചിത്രം തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ കരീന കപൂര്‍ നായികയാകുന്ന ചിത്രമാണ് ‘ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ്’. സംവിധാനം ഹന്‍സാല്‍ മേഹ്തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ്. സെപ്റ്റംബര്‍ 13ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. കരീന കപൂര്‍ നായികയായി വേഷമിട്ടവയില്‍ ഒടുവില്‍ എത്തിയത് ക്രൂവാണ്. കൃതി സനോണും തബും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.
◾https://dailynewslive.in/ അച്ഛന്റെ പാതയിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച അഭിലാഷ് ജോഷിയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മാരുതി ജിംനി. കൊച്ചിയിലെ നെക്സ ഷോറൂമില്‍ നിന്നാണ് വാഹനം സ്വന്തമാക്കിയത്. കൈനറ്റിക് ഗ്രീന്‍ കളര്‍ ഓപ്ഷനാണ് വാഹനത്തിനായി സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 12.74 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് ജിംനിയുടെ എക്സ് ഷോറൂം വില. സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലമുണ്ട് ജിംനിയ്ക്ക്. കെ 15 ബി ഡ്യുവല്‍ജെറ്റ് എന്‍ജിനാണ്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന എന്‍ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീല്‍ബേസും. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ആറ് എയര്‍ബാഗുകള്‍, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രന്‍ഷ്യല്‍, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെല്‍റ്റ്, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്‍ഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈല്‍ഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ജിംനിക്കായി മാരുതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു നിഷ്‌കന്മഷമനസ്സുകൂടിയാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. അതാവട്ടെ, വായനയ്ക്കിടയില്‍ ഒരിളംതെന്നല്‍പോലെ നമ്മളെ തഴുകിക്കൊണ്ടിരിക്കുകയും ചെയ്യും. ആത്മകഥയുടെ പുറങ്ങള്‍ പോലെയോ ആത്മകഥയോളം അടുത്തുനില്‍ക്കുന്ന അനുഭവങ്ങളോ ആണ് നാരായണേട്ടന്റെ കഥകള്‍. ‘ഉത്തമപുരുഷന്‍’, ‘ഭൂതനാഥവിലാസം കാപ്പിക്ലബ്ബ്’, ‘പാപ്പന്‍’, ‘പിന്‍വിളികളുടെ അര്‍ത്ഥശാസ്ത്രം’, ‘സുഖ്‌ദേവ്’, ‘ബലി’ എന്നീ കഥകള്‍ ആര്‍ദ്രമാനസരെ നൊമ്പരപ്പെടുത്താതിരിക്കുകയില്ല. ‘പുഴയൊഴുകും വഴി’. ആര്‍. നാരായണന്‍. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
◾https://dailynewslive.in/ കുടലിലെ അര്‍ബുദത്തെ നേരിടാന്‍ കീമോതെറാപ്പിക്ക് പകരം അര്‍ബുദ മുഴകളെ അലിയിച്ചു കളയുന്ന മരുന്ന് കണ്ടെത്തി യുകെയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. പെംബ്രോലിസുമാബ് എന്ന ഈ ഇമ്മ്യൂണോതെറാപ്പി മരുന്ന് ഭാവിയില്‍ ഒരു പക്ഷേ അര്‍ബുദ ശസ്ത്രക്രിയയുടെ ആവശ്യം തന്നെ ഇല്ലാതാക്കിയേക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റല്‍, ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഗ്ലാസ്‌ഗോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. പ്രതിരോധ കോശങ്ങളുടെ പ്രതലത്തിലുള്ള ഒരു പ്രത്യേക തരം പ്രോട്ടീനെ ലക്ഷ്യം വയ്ക്കുന്ന പെംബ്രോലിസുമാബ് അര്‍ബുദകോശങ്ങളെ തേടിപ്പിടിച്ച് കണ്ടെത്തി നശിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ വര്‍ഷവും 19 ലക്ഷം പുതിയ അര്‍ബുദ കേസുകളും 9 ലക്ഷത്തോളം മരണങ്ങളും ഈ അര്‍ബുദം മൂലം ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടും മൂന്നും സ്റ്റേജുകളിലുള്ള 32 കുടല്‍ അര്‍ബുദ രോഗികളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ശസ്ത്രക്രിയക്ക് മുന്‍പ് കീമോതെറാപ്പിക്ക് പകരം 9 ആഴ്ച പെംബ്രോലിസുമാബ് നല്‍കി. 59 ശതമാനം രോഗികള്‍ക്ക് പെംബ്രോലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷം അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ അവശേഷിച്ചിരുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ശേഷിക്കുന്ന 41 ശതമാനം രോഗികള്‍ക്ക് ശസ്ത്രക്രിയയോട് കൂടി അര്‍ബുദം നിശേഷം തുടച്ച് നീക്കപ്പെട്ടു. ഇതേ ജനിതക പ്രൊഫൈലുള്ള രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കിയപ്പോള്‍ അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് ശസ്ത്രക്രിയക്ക് ശേഷം അര്‍ബുദ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായതെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഈ മരുന്ന് നല്‍കിയ രോഗികളുടെ അതിജീവനത്തിന്റെയും അര്‍ബുദം വീണ്ടും വരുന്നതിന്റെയും നിരക്കുകള്‍ അടുത്ത വര്‍ഷങ്ങളില്‍ പഠനവിധേയമാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ക്ക് ശേഷമേ പെംബ്രോലിസുമാബ് കുടല്‍ അര്‍ബുദത്തിനുള്ള സാധാരണ ചികിത്സ മാര്‍ഗ്ഗമായി അംഗീകരിക്കപ്പെടുകയുള്ളൂ.
*ശുഭദിനം*
*കവിത കണ്ണന്‍*
ദൈവം തന്റെ ശിഷ്യനോട് ഭൂമിയിലെ ഏറ്റവും മഹത്തരമായ ഒന്നിനെ കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ശിഷ്യന്‍ ഭൂമിയിലെത്തി. അവിടെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ച ഒരാളുടെ മരണം കണ്ടു. അയാളുടെ അവസാന ശ്വാസമെടുത്ത് ശിഷ്യന്‍ ദൈവത്തിനടുത്തെത്തി. ഇതിനേക്കാള്‍ മഹത്തരമായ ഒന്ന് ഭൂമിയിലുണ്ട്. ദൈവം പറഞ്ഞു. ശിഷ്യന്‍ വീണ്ടും ഭൂമിയിലെത്തി പലസാധനങ്ങളും കൊണ്ടുവന്നെങ്കിലും ദൈവം അതെല്ലാം നിരാകരിച്ചു. പിന്നെയും ഭൂമിയിലെത്തിയ ശിഷ്യന്‍ കുതിരപ്പുറത്ത് ഒരാള്‍ ധൃതിയില്‍ പോകുന്നത് കണ്ടത്. ഏങ്ങോട്ടാണ് യാത്രയെന്ന് അന്വേഷിച്ചപ്പോള്‍ അയാളെ ചതിച്ചവനെ കൊല്ലാനുളള യാത്രയാണ് അതെന്ന് മനസ്സിലായി. ശിഷ്യനും അയാളുടെ കൂടെ കൂടി. ഒരു വീട്ടുമുറ്റത്തത്തെത്തിയ അയാള്‍ ജനാലയ്ക്കുള്ളിലൂടെ നോക്കിയപ്പോള്‍ അയാള്‍ തന്റെ മകളെ ചുംബിച്ച് ചുമലിലിട്ടു ഉറക്കുന്നതാണ് കണ്ടത്. ഇത് കണ്ട് കണ്ണ് നിറഞ്ഞ് അയാള്‍ തിരിച്ചുപോയി. ശിഷ്യന്‍ ആ കണ്ണീരെടുത്ത് ദൈവത്തിനടുത്തെത്തി. ദൈവം പറഞ്ഞു: ഇതാണ് ഭൂമിയിലെ ഏറ്റവും മൂല്യമുള്ള വസ്തു. അനുതാപം. മടങ്ങിവരവിനേക്കാള്‍ മനോഹരമായ യാത്രയില്ല… അതിപ്പോള്‍ തെറ്റില്‍ നിന്നായാലും ദൂരയാത്രയ്ക്ക് ശേഷമാണെങ്കിലും… തിരിച്ചുവരാനൊരു സ്ഥലമുണ്ടെന്നതാണ് എല്ലായാത്രകളുടേയും മനോഹാരിത. തെറ്റില്‍ നിന്നും ഒരാള്‍ പിന്മാറാന്‍ തീരുമാനിച്ചാല്‍ അയാളോടൊപ്പം നില്‍ക്കുക എന്നതാണ് വീണ്ടും അയാളെ തെറ്റിലേക്ക് തിരിച്ചുവിടാതെയിരിക്കാനുള്ള മാര്‍ഗ്ഗം. മടങ്ങിവരവുകളെ ചേര്‍ത്തുനിര്‍ത്തുക… മടങ്ങിവരവുകളെ ആഘോഷമാക്കുക – ശുഭദിനം