P14 yt cover

https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്നും ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണിതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി.

https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ്പിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനവേളയില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കരാര്‍ ഒപ്പിട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും, ഇടത് സര്‍ക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയില്‍ വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനടക്കം നന്ദിയറിയിച്ച മുഖ്യമന്ത്രി, മുന്‍ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലിനെയും കടന്നപ്പള്ളി രാമചന്ദ്രനെയും പ്രത്യേകം അഭിനന്ദിക്കുകയും പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു. അതേസമയം വി.എന്‍. വാസവനും കരണ്‍ അദാനിയും എ. വിന്‍സെന്റും പ്രസംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചു. വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കോവളം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എ. വിന്‍സെന്റ് ചടങ്ങില്‍ പറഞ്ഞത്.

https://dailynewslive.in/ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്തെന്ന് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തുവെന്ന് തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യമദര്‍ഷിപ്പിന് സ്വീകരണം നല്‍കുന്ന പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കവി പാലാ നാരായണന്‍ നായരുടെ കവിത ചൊല്ലി ആരംഭിച്ച പ്രസംഗത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ നാള്‍വഴികള്‍ അദ്ദേഹം വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ വിഴിഞ്ഞം തനിക്ക് ദു:ഖപുത്രിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അന്നും ഇന്നും ഉമ്മന്‍ചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മന്‍ ചൂണ്ടിക്കാട്ടി. അതേസമയം വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ലെന്നായിരുന്നു മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകമായി പേരിടണമെന്ന് ആഗ്രഹമില്ലെന്നും, ജനമനസ്സില്‍ വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടിയുടെ പേരിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പൂര്‍ത്തീകരിച്ച സര്‍ക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

https://dailynewslive.in/ ആദരണീയനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ലെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മദര്‍ഷിപ്പിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് സ്പീക്കറുടെ ഫേസ് ബുക്ക് കുറിപ്പ്. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ്പിന്റെ ട്രയല്‍ റണ്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണെന്നും ഷംസീര്‍ കുറിച്ചു.

https://dailynewslive.in/ കേരള പോലീസ് അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗില്‍ കയറി ചീത്തവിളിച്ച സൈബര്‍ സെല്‍ എസ്ഐമാരായ പ്രജീഷ്, സജി ഫിലിപ്പ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. പൊലീസുകാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാനായി യൂണിയന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു ചീത്തവിളി. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

https://dailynewslive.in/ ക്ഷേമപെന്‍ഷനും സിവില്‍ സപ്ലൈസിനും കാര്യുണ്യയ്ക്കുമാണ് ഇനി ആദ്യപരിഗണനകളെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് പണച്ചെലവ് പുനക്രമീകരീക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് മറികടക്കാനുള്ള പ്ലാന്‍ ബിയുടെ ഭാഗമാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍.

https://dailynewslive.in/ വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നല്‍കിയ വിആര്‍എസ് അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോകാനായി സര്‍വ്വീസ് കാലാവധി ഇനിയും ബാക്കി നില്‍ക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലീന സര്‍വ്വകലാശാലയിലെ പ്രൊഫസറായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ സ്വയം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചര്‍ച്ച് ബില്‍, സഭയെ സംബന്ധിച്ച് കാര്യമുള്ളതല്ലെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ. ഏതു മന്ത്രിസഭയോ, ഏത് സര്‍ക്കാരോ ബില്ല് കൊണ്ടുവന്നാലും സഭയ്ക്ക് യാതൊരുതരത്തിലുള്ള ഭയവുമില്ല. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്. ഓര്‍ത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ സഹായമല്ല ആവശ്യം, സഭയ്ക്ക് വേണ്ടത് സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ഭരണഘടനയും അത് അംഗീകരിച്ചുറപ്പിച്ച സുപ്രീംകോടതി വിധിയും അംഗീകരിക്കാനും നടപ്പാക്കാനും തയ്യാറുള്ള ആരോടും സംസാരിക്കാന്‍ തയ്യാറാണ്. അത് അംഗീകരിക്കാത്ത ആരോടും സംസാരിക്കാന്‍ സഭയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സമസ്തയില്‍ വീണ്ടും ചേരിപ്പോര്. ഇ കെ അബൂബക്കര്‍ മുസലിയാരുടെ ജീവിത സന്ദേശം അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നതിന്റ പേരിലാണ് ഇടത് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഇത് തടയിട്ട, സമസ്ത അധ്യക്ഷന്‍ രണ്ട് കൂട്ടരുടേയും സ്വാഗതസംഘങ്ങള്‍ പിരിച്ചുവിട്ടു.

https://dailynewslive.in/ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ കുട്ടികളുമായി നിരത്തിലിറക്കിയ സ്‌കൂള്‍ വാഹനം ആര്‍ടിഒ പിടികൂടി. കളമശേരി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആര്‍ടിഒ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലെന്ന് കണ്ടെത്തിയതോടെ വാഹനം ആര്‍ടിഒ പിടിച്ചെടുത്തതിനുടര്‍ന്ന് കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്‌കൂളില്‍ എത്തിച്ചു.

https://dailynewslive.in/ നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം പത്തനംതിട്ട കൊടുമണ്ണില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കി ആക്ഷന്‍ കമ്മിറ്റി. നാളെ വൈകീട്ട് ജനപ്രതിനിധികള്‍ അടക്കം പങ്കെടുക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ നടക്കും. കൊടുമണ്ണില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന് 1200 ഹെക്ടറിലധികം സ്ഥലമുണ്ട്. റബ്ബര്‍ വിലയിടിവ് കോര്‍പറേഷനെ നഷ്ടത്തിലാക്കിയ സാഹചര്യത്തില്‍ ഒരാളെ പോലും കുടിയൊഴിപ്പിക്കാതെ സാമ്പത്തിക ബാധ്യതയില്ലാതെ സര്‍ക്കാരിന് കൊടുമണ്ണില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് ആക്ഷന്‍ കമ്മിറ്റി പറയുന്നു.

https://dailynewslive.in/ ആലപ്പുഴയില്‍ രോഗിയുമായി പോകുമ്പോള്‍ ആംബുലന്‍സിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ആനയടിയില്‍ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. ആംബുലന്‍സിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാര്‍ ഓടിച്ച് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തി. ആംബുലന്‍സ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ നൂറനാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് യുവാക്കള്‍ ക്ഷമ ചോദിച്ചതോടെ പരാതി പിന്‍വലിച്ചു.

https://dailynewslive.in/ വയനാട്ടില്‍ പിഞ്ച് കുഞ്ഞ് പൊള്ളലേറ്റ് മരിച്ച കേസിലെ പ്രതികള്‍ക്കായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ച സംഭവത്തില്‍ നിയമവകുപ്പിന് പരാതി നല്‍കി കോണ്‍ഗ്രസ്. പിഞ്ച് കുഞ്ഞ് മതിയായ ചികിത്സ കിട്ടാതെ മരിച്ച കേസിലെ പ്രതികള്‍ക്കായാണ് പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടറായ ജോഷി മുണ്ടയ്ക്കല്‍ വാദിച്ച് ജാമ്യം വാങ്ങി നല്‍കിയത്. പ്രതികളുടെ വക്കാലത്ത് എടുത്തത് അഡ്വക്കേറ്റ് ഷിബിന്‍ മാത്യുവാണെങ്കിലും വാദിച്ചത് ജോഷി മുണ്ടയക്കലാണ്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയിരിക്കെ സര്‍ക്കാരിനെതിരെ ഹാജരായതില്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമ വകുപ്പ് മന്ത്രി പി രാജീവിനാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

https://dailynewslive.in/ തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ക്കെതിരെ പരാതി. ചാഴൂര്‍ സ്വദേശിയായ ബകുള്‍ ഗീത് എന്ന യുവതി പ്രസവിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞുമായി വാക്സിനെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കാര്‍ഡില്‍ നവജാത ശിശുവിന് നല്‍കുന്ന വാക്സിന് പകരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രേഖപ്പെടുത്തിയത് ഒന്നരമാസത്തില്‍ കൊടുക്കുന്ന പെന്റാവാലന്റ് വാക്സിനാണെന്ന് മനസിലായത്. തെറ്റ് ചൂണ്ടിക്കാട്ടിയ അമ്മയോട് ജോലി തടസ്സപ്പെടുത്തിയതിന് കേസെടുപ്പിക്കും എന്ന് പറഞ്ഞ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. അമ്മയുടെ പരാതിയില്‍ ഡിഎംഒ അന്വേഷണം തുടങ്ങി.

https://dailynewslive.in/ തിരൂരങ്ങാടിയില്‍ ഉടമകള്‍ അറിയാതെ ആര്‍സിയില്‍ പേര് മാറ്റിയ സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാര്‍, കരുവാങ്കല്ല് സ്വദേശി നഈം , ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് എന്നിവരാണ് അറസ്റ്റിലായത്. നിസാറാണ് രണ്ട് പേരുടെയും സഹായത്തോടെ ആര്‍സിയില്‍ കൃത്രിമം കാണിച്ചതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആര്‍സി നിര്‍മിക്കാന്‍ തിരൂരങ്ങാടി സബ്ബ് ആര്‍ടി ഓഫീസില്‍ നിന്ന് സഹായം ലഭിച്ചുവെന്നും നിസാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സബ് ആര്‍ടി ഓഫീസിലേക്കും നീങ്ങിയേക്കും.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ ടാക്സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് വാടക കുടിശികയുള്ളതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇരുപത് മണ്ഡലങ്ങളിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി കമ്മീഷന്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിരുന്നു. പണം കിട്ടാതായതിനെ തുടര്‍ന്ന് അതാത് മണ്ഡലങ്ങളിലെ വരണാധികാരികളെ ടാക്സി തൊഴിലാളികള്‍ ബന്ധപ്പെട്ടപ്പോള്‍ കമ്മീഷന്‍ നേരിട്ടാണ് നടപടി എടുക്കേണ്ടത് എന്നായിരുന്നു മറുപടി. എന്നാല്‍ ഫയല്‍ മാറാനുള്ള കാലതാമസമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

https://dailynewslive.in/ പൊലീസ് വാഹനം ഇടിച്ച് പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച പൊലീസ് പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. പാഞ്ഞാള്‍ പഞ്ചായത്തിലെ പൈങ്കുളം തേറുങ്ങാട്ടില്‍ വീട്ടില്‍ രജനിക്കും ഇരുപ്പലത്ത് സുജയ്ക്കും മെയ് 11 ന് രാവിലെ ഷൊര്‍ണൂര്‍ – കുളപ്പുള്ളി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും പൊലീസ് വാഹനത്തില്‍ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സ ചെലവ് മുഴുവന്‍ വഹിക്കാം എന്ന് പറഞ്ഞ് കുറച്ച് തുക മാത്രം നല്‍കി പൊലീസ് പോയിയെന്നും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമാണ് യുവതികളുടെ പരാതി.

https://dailynewslive.in/ സി-ഡിറ്റ് ഡയറക്ടര്‍ ജി.ജയരാജിന് വീണ്ടും കാലാവധി നീട്ടി നല്‍കി. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയരാജിന് കാലാവധി നീട്ടി നല്‍കുന്നത്. ജയരാജിന് വേണ്ടി ഡയറക്ടറുടെ യോഗ്യത മാറ്റിയെഴുതിയത് നേരത്തെ വലിയ വിവാദമായിരുന്നു. രജിസ്ട്രാര്‍ പദവിയില്‍ നിന്നും വിരമിച്ച ശേഷം വീണ്ടും ഡയറക്ടറായി നിയമനം നല്‍കുകയായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി എന്‍ സീമയുടെ ഭര്‍ത്താവാണ് ജയരാജ്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

https://dailynewslive.in/ കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതോടൊപ്പം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

https://dailynewslive.in/ വര്‍ക്കലയില്‍ മദ്രസയില്‍ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. നടയറ ചരുവിള വീട്ടില്‍ നജീബ് സജ്ന ദമ്പതികളുടെ മകന്‍ ആസിഫിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ശരീരമാസകലം മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും ഓടിത്തുടങ്ങി. ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട് ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിര്‍ത്തിയിരുന്നു. വെറും 8 റിസര്‍വേഷന്‍ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സര്‍വീസ് പുനരാരംഭിച്ചു. ബുക്കിംഗ് ഇല്ലാത്തതിനാല്‍ ഇന്നലെയും മിനിഞ്ഞാന്നും ബസ് ഓടിയിരുന്നില്ല.

https://dailynewslive.in/ ഇന്ത്യയില്‍ നിലവില്‍ 145 കോടിയാണ് ജനസംഖ്യയെന്നും, എന്നാല്‍ 2061ല്‍ ജനസംഖ്യ 160 കോടിയാകും എന്നും യുഎന്‍ റിപ്പോര്‍ട്ട്. 2085ല്‍ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 ലെ സെന്‍സസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് ആദ്യം സെന്‍സസ് മാറ്റിവയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. പിന്നീടും സെന്‍സസ് എന്തുകൊണ്ട് നടത്തുന്നില്ല എന്ന കാര്യത്തിലെ കാരണങ്ങള്‍ വ്യക്തമല്ല.

https://dailynewslive.in/ അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍ തേവര പാലം ഇന്ന് രാത്രി അടയ്ക്കും. രാത്രി 11 മണിമുതലാണ് പാലം അടയ്ക്കുന്നത് മേഖലയില്‍ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . പാലത്തിലേയ്ക്ക് വാഹനങ്ങള്‍ ഒന്നും കയറ്റിവിടില്ല .

https://dailynewslive.in/ കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്തരെ അന്തരിച്ചു. 57 വയസ്സുണ്ടായിരുന്ന അപര്‍ണ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

https://dailynewslive.in/ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാള്‍ ജയിലില്‍ തുടരും. സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയത് കൊണ്ട് ഇതില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ. അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.

https://dailynewslive.in/ സൗദി അറേബ്യയിലെ അല്‍കോബാറില്‍ ഡിഎച്ച്എല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബഹുനില കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

https://dailynewslive.in/ വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയില്‍. ഗോത്ര വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് വാത്മീകി കോര്‍പ്പറേഷന്‍ വഴി തിരിമറി നടത്തിയെന്നന്താണ് നാഗേന്ദ്രക്കെതിരായ കേസ്. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താന്‍ നിര്‍ദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതി വച്ച് വാല്‍മീകി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ബി നാഗേന്ദ്രയ്ക്ക് മന്ത്രിപദവി രാജി വെക്കേണ്ടി വന്നത്.

https://dailynewslive.in/ പാകിസ്താനിലെ പെഷവാര്‍ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ സൗദി വിമാനത്തിന്റെ ടയറിന് തീപിടിച്ചു. റിയാദില്‍ നിന്ന് പോയ സൗദി എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്താവളത്തില്‍ ഇറങ്ങി റണ്‍വേയിലൂടെ ഓടുന്നതിനിടെ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും നാക്കുപിഴ. നാറ്റോ സമ്മേളനത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയെ, പ്രസിഡന്റ് പുടിന്‍ എന്നാണ് ബൈഡന്‍ അഭിസംബോധന ചെയ്തത്. കമല ഹാരിസിനെയാകട്ടെ ട്രംപ് എന്നാണ് വിളിച്ചത്. തെറ്റ് മനസ്സിലാക്കി ഉടന്‍ തിരുത്തി എങ്കിലും ഇതു വലിയ വാര്‍ത്തയാവുകയായിരുന്നു.

https://dailynewslive.in/ പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള ഖത്തറിലും ഇനി യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രാജ്യാന്തര മുഖമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് ഖത്തര്‍ നാഷണല്‍ ബാങ്കുമായി കരാര്‍ ഒപ്പിട്ടു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ ധനകാര്യ സ്ഥാപനമാണ് ക്യൂഎന്‍ബി. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ്വര്‍ക്ക് വഴി ഖത്തറില്‍ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും. ഖത്തറില്‍ യുപിഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് രാജ്യം സന്ദര്‍ശിക്കുന്ന ധാരാളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പറഞ്ഞു. അവരുടെ ഇടപാടുകള്‍ ലഘൂകരിക്കാനും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെയുള്ള വിദേശ യാത്രാ അനുഭവം ഇത് പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

https://dailynewslive.in/ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ പുതിയ പിക്‌സല്‍ 9 സീരീസ് ഫോണുകള്‍ ഓഗസ്റ്റ് 13ന് ആണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ 9 സീരീസില്‍ വാനില പിക്‌സല്‍ 9, പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പിക്‌സല്‍ 9 നാല് വ്യത്യസ്ത നിറങ്ങളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒബ്‌സിഡിയന്‍ (കറുപ്പ്), പോര്‍സലൈന്‍ (വെളുപ്പ്), കോസ്‌മോ (പിങ്ക് കലര്‍ന്ന നിറം), മോജിറ്റോ (ഇളം പച്ച). പിക്‌സല്‍ 9ന് 80,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 128 ജിബി വേരിയന്റിന് ആണ് ഈ വില വരിക. 256 ജിബി വേരിയന്റിന് വീണ്ടും വില ഉയര്‍ന്നേക്കും. 88,700 രൂപയാണ് കണക്കുകൂട്ടുന്നത്. പിക്‌സല്‍ 9 പ്രോവിന് വീണ്ടും വില ഉയരും. 128 ജിബി വേരിയന്റിന് 97,500, 256 ജിബിക്ക് 1,06,400, 512 ജിബി വേരിയന്റിന് 1,18,000 എന്നിങ്ങനെ വില വരാനാണ് സാധ്യത. കൂടുതല്‍ വലിപ്പമേറിയ സ്‌ക്രീനോടെ വരുന്ന പിക്‌സല്‍ 9 പ്രോ എക്‌സ്എല്ലിന് വിവിധ സ്റ്റോറേജ് വേരിയന്റ് അനുസരിച്ച് 1,06,400 രൂപ മുതല്‍ 1,50000 രൂപ വരെയാണ് വില വരിക. ഒരു ടിബി സ്റ്റോറേജ് മോഡലിന് ആണ് ഒന്നരലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നത്. പ്രീമിയം മോഡല്‍ ആയ പിക്‌സല്‍ 9 പ്രോ ഫോള്‍ഡ് മോഡലിന് 1,68,900 രൂപ മുതല്‍ 1,80,500 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്ന ചിത്രമാണ് ‘മിസ്റ്റര്‍ എക്സ്’. എഫ്ഐആര്‍ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിലെ മഞ്ജു വാര്യരുടെ ഫോട്ടോകള്‍ പുറത്തുവിട്ടു. ശരത് കുമാറും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ആര്യക്കും ഗൗതം കാര്‍ത്തിക്കിനും ഒപ്പമുണ്ടാകും. അതുല്യ രവിയും റെയ്സ വില്‍സണും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിന്‍സെന്റാണ്. ധിബു നിനാന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ‘അസുരന്‍’ എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ മഞ്ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം ‘തുനിവാ’ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

https://dailynewslive.in/ ചിരിപടങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ സമ്മാനിച്ച റാഫിയുടെ പുതിയ ചിത്രം ‘താനാരാ’യുടെ ട്രെയിലര്‍ എത്തി. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആണ്. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ‘താനാരാ’ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. കെ.ആര്‍. ജയകുമാര്‍, ബിജു എം.പി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ ബജാജിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ലോകത്തെ ആദ്യ സിഎന്‍ജി സ്‌കൂട്ടര്‍ ഇറക്കാനുള്ള പണിപ്പുരയില്‍ എന്ന് റിപ്പോര്‍ട്ട്. സിഎന്‍ജിയില്‍ അധിഷ്ഠിതമായ ജുപിറ്റര്‍ 125 സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ ബദല്‍ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ്. സിഎന്‍ജി ഓപ്ഷന്‍ ഇതിനോടകം തന്നെ ടിവിഎസ് വികസിപ്പിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. യു740 എന്ന കോഡ് നെയിമിലാണ് പദ്ധതി പുരോഗമിക്കുന്നത്. 2024 അവസാനത്തോടെയോ 2025 പകുതിക്ക് മുന്‍പോ 125സിസി സിഎന്‍ജി സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിമാസം ആയിരം സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സ്‌കൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. പെട്രോള്‍, ഇലക്ട്രിക്, സിഎന്‍ജി എന്നിങ്ങനെ വ്യത്യസ്ത ഇന്ധന ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ സ്‌കൂട്ടര്‍ ഉല്‍പ്പാദകരാണ് ടിവിഎസ്. സിഎന്‍ജി ടാങ്ക് സ്‌കൂട്ടറില്‍ എവിടെ ഘടിപ്പിക്കും എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വില 95000 രൂപയ്ക്ക് 1.10 ലക്ഷം രൂപയ്ക്ക് ഇടയില്‍ വരാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് ബജാജ് ഫ്രീഡം 125 എന്ന പേരില്‍ സിഎന്‍ജി ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോകത്തെ ആദ്യ സിഎന്‍ജി ബൈക്കാണിത്.

https://dailynewslive.in/ അര്‍പ്പണബോധവും ആത്മവിശ്വാസവും സഹനശക്തിയും കൈവിടാതെ ദൈവവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടാനുള്ള സന്മനസ്സുണ്ടായാല്‍ എത്ര വലിയ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥാകൃത്ത് പ്രൊഫ. പി. സുകുമാരന്‍. സംഭവബഹുലമായ തന്റെ ജീവിതാനുഭവങ്ങള്‍ വിശദീകരിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്ലൊരുപദേശം നല്‍കിക്കൊണ്ട് ഉപസംഹരിക്കുന്ന ഈ പുസ്തകം യുവവായനക്കാര്‍ക്ക് പ്രചോദനമേകും. ‘ഇരുളില്‍ തെളിഞ്ഞ തിരിനാളം’. പി സുകുമാരന്‍. ഗ്രീന്‍ ബുക്സ്. വില 237 രൂപ.

https://dailynewslive.in/ നിലക്കടലയില്‍ അവശ്യ പോഷകങ്ങളായ മഗ്നീഷ്യം, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കുന്നു. ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകള്‍ നിലക്കടലയില്‍ അടങ്ങിയിരിക്കുന്നു. നിലക്കടലയിലെ ഉയര്‍ന്ന പ്രോട്ടീനും നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുമെന്ന് വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കുന്നത് ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിലക്കടലയില്‍ അടങ്ങിയിരിക്കുന്നു. ഇത് മിതമായ അളവില്‍ കഴിക്കുമ്പോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ കൊഴുപ്പുകള്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. കൂടാതെ, നിലക്കടലയില്‍ വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, ഡയറ്ററി ഫൈബര്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ നാഡികളുടെ പ്രവര്‍ത്തനം, പേശികളുടെ ആരോഗ്യം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍ എന്നിവയെ പിന്തുണയ്ക്കുന്നു. നിലക്കടലയില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, നിലക്കടലയിലെ ആര്‍ജിനൈന്‍ നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.53, പൗണ്ട് – 108.05, യൂറോ – 90.90, സ്വിസ് ഫ്രാങ്ക് – 93.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.58, ബഹറിന്‍ ദിനാര്‍ – 221.62, കുവൈത്ത് ദിനാര്‍ -273.18, ഒമാനി റിയാല്‍ – 216.99, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 61.34.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *