sunset 23

◾രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അഭിസംബോധനയോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ രാഷ്ട്രപതി രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും, ജമ്മു കാശ്മീര്‍ പുന:സംഘടനയും ശ്രദ്ധേയമായ നേട്ടങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമായിയെന്നും ദ്രൗപതി മുര്‍മു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളില്‍ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് ട്രെയിനുകള്‍ റയില്‍വേ വികസനത്തിന്റെ പുതിയ ഉദാഹരണമാണെന്നും, പത്ത് കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടുവെന്നും രാഷ്ട്രപതി പറഞ്ഞു.

◾ഇത്തവണത്തെ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്ന് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്നും, കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നെന്നും പ്രധാനമന്ത്രി. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണെന്നും മോദി പറഞ്ഞു. അതോടൊപ്പം കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങള്‍ എല്ലാവരും കണ്ടതാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ ബജറ്റുമായി അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ആത്മവിശ്വാസവും മോദി പ്രകടമാക്കി.

◾ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിനുനേരെ ആക്രമണം. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിര്‍ രഞ്ജന്‍ ചൗധരിയുമുണ്ടായിരുന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് സംഭവം.

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

◾തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്ക്. പളനി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ കൊടിമരത്തിനിപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും മധുര ബെഞ്ചിലെ ജഡ്ജി എസ് ശ്രീമതി അധികൃതരോട് നിര്‍ദേശിച്ചു.

◾ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണമായിരുന്നുവെന്നും, അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും പമ്പയില്‍ മാല ഊരി തിരികെ പോകേണ്ട അവസ്ഥ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടായെന്നും കോണ്‍ഗ്രസ് എംഎല്‍എ എം. വിന്‍സന്റ്. അതേസമയം ശബരിമലയില്‍ മാല ഊരി തിരികെ പോയത് കപട ഭക്തരാണെന്നും യഥാര്‍ഥ ഭക്തരാരും ദര്‍ശനം നടത്താതെ തിരികെ പോയിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ തിരിച്ചടിച്ചു.

◾ശബരിമലയില്‍ സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും സൈബര്‍ സെല്‍ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമലയെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

◾ഉത്പാദന ചെലവിന്റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍ റബര്‍ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്‍കി.

മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

◾നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മൂന്നാം ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണപക്ഷത്തിന്റെ വിമര്‍ശനം. ഗവര്‍ണര്‍ ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ് എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

◾മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനു പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫിസില്‍ കീഴടങ്ങി. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി മനുവിനോട് നിര്‍ദേശിച്ചിരുന്നു.

◾ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്‌സിലും സുരക്ഷ ഏര്‍പ്പെടുത്തിയത്.

◾അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

◾മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കിയ കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു കഴിഞ്ഞ 20 ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച സംഭവത്തില്‍ കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്റായ മകന്‍ എം എം സജി മോനെ കേരള ബാങ്ക് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മകള്‍ സിജിമോളെ കുമളി പഞ്ചായത്തിലെ താല്‍ക്കാലിക ജോലിയില്‍ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു.

◾റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. എഎംവിഐമാരായ രണ്ട് പേരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട് എസ് പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. പരാതി വ്യാജമാണെന്നും കോടതിയില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതിന്റെ പ്രതികാരമാണിതെന്നും ഗിരീഷ് പ്രതികരിച്ചു.

◾റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പെര്‍മിറ്റ് ചട്ടം ലംഘിച്ചാല്‍ സര്‍ക്കാരിന് അക്കാര്യം സിംഗിള്‍ ബെഞ്ചില്‍ അപേക്ഷ മുഖേന അറിയിക്കാമെന്നും കോടതി പറഞ്ഞു. ചട്ടലംഘനം കണ്ടെത്തിയാല്‍ സിംഗിള്‍ ബെഞ്ചിന് ഉചിതമായ ഉത്തരവിടാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ചട്ടലംഘനത്തിന് ബസ് പിടിച്ചെടുത്താലും വിട്ടുകൊടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

◾കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വര്‍ധനയില്‍ റീ ടെന്‍ഡര്‍ നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത്. യാത്രാനിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു.

◾വനത്തിലേക്ക് പോയി വഴിത്തെറ്റി കുടുങ്ങിയ അഗളി ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍, പുതൂര്‍ എസ്.ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം തിരിച്ചെത്തി. ആന്റി നക്സല്‍ സ്‌ക്വാഡ് ഉള്‍പ്പെടെ 15 പേരാണ് കഴിഞ്ഞദിവസം വനത്തിലേക്ക് പോയത്. മാവോയിസ്റ്റിനെ തെരയുന്നതിനിടെ മടങ്ങിയപ്പോള്‍ വഴിതെറ്റുകയായിരുന്നുവെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു.

◾പി സി ജോര്‍ജും, മകന്‍ ഷോണ്‍ ജോര്‍ജ് ഉള്‍പ്പടെയുള്ള ജനപക്ഷം പാര്‍ട്ടി നേതാക്കളും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. കേരളത്തില്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോര്‍ജ് വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

◾കോഴിക്കോട്ടെ കോറോണേഷന്‍, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയായ കെ.ഒ ജോസഫ് ചങ്ങരംകുളത്തുള്ള സുഹൃത്തിന്റെ കെട്ടിട സന്ദര്‍ശനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണു മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങിന് ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി. എന്‍ട്രി, എക്സിറ്റ് ഗേറ്റുകളില്‍ ക്രമീകരിച്ച ഫാസ്ടാഗ് സ്‌കാനറുകള്‍ വഴിയാണ് ഫീസ് സ്വീകരിക്കുക. എന്നാല്‍ നിലവിലെ പാര്‍ക്കിങ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

◾സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന തൃശൂരിലെ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിന് ഇഡിയുടെ ലുക്ക്ഔട്ട് നോട്ടീസ്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.

◾തിരുവനന്തപുരം ജില്ലയിലെ സിറ്റി നോര്‍ത്ത് റേഷനിങ് ഓഫീസറായിരുന്ന പ്രസന്ന കുമാര്‍ റേഷന്‍ കടക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസ്സില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നാല് വര്‍ഷം തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.

◾കോഴിക്കോട് വടകരയില്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ മരിച്ചു. ഛര്‍ദിച്ചശേഷം കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

◾കാസര്‍കോട് 59കാരനില്‍ നിന്ന് പണം തട്ടിയ ദമ്പതികള്‍ ഉള്‍പ്പടെ ഏഴ് പേരെ മേല്‍പ്പറമ്പ് പൊലീസ് പിടികൂടി. മംഗളൂരുവില്‍ എത്തിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ മാങ്ങാട് സ്വദേശി പരാതി നല്‍കുകയുമായിരുന്നു, അറസ്റ്റിലായ സംഘം റിമാന്റിലായി.

◾ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് സൂഖില്‍ വന്‍ തീപിടിത്തം. മലയാളികളുടേത് ഉള്‍പ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തോഷഖാന കേസില്‍ ഇസ്ലാമാബാദ് കോടതി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍ ഇന്നലെ 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

◾മാലദ്വീപിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിന് കുത്തേറ്റു. പാര്‍ലമെന്റംഗങ്ങള്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. മാലദ്വീപിലെ സമീപകാലത്തെ ക്രമസമാധാന തകര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

◾ഇന്‍ഡിഗോ വിമാനത്തില്‍ സഞ്ചരിക്കവെ വിമാനത്തില്‍ വെച്ച് വെള്ളമെന്ന് കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുത്തശേഷം ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ സഞ്ചരിക്കവെയാണ് സംഭവം. വായില്‍ പൊള്ളലും കുടലില്‍ നീര്‍ക്കെട്ടുമുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ മായങ്കിന്റെ മാനേജര്‍ നല്‍കിയ പരാതിയില്‍ ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

◾ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി അടുത്ത രണ്ടുവര്‍ഷക്കാലവും ഇന്ത്യ തന്നെ തുടരുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട്. 2023-24ല്‍ ഇന്ത്യ 6.7 ശതമാനം വളരുമെന്നാണ് ഐ.എം.എഫിന്റെ പുതിയ റിപ്പോര്‍ട്ടിലുള്ളത്. നേരത്തേ വിലയിരുത്തിയ 6.3 ശതമാനത്തില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഇക്കുറി ഐ.എം.എഫ് ഉയര്‍ത്തി. ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ ഐ.എം.എഫ് വിലയിരുത്തിയിട്ടുള്ളത്. 2024-25ലും 2025-26ലും ഇന്ത്യ 6.5 ശതമാനം വീതം വളരുമെന്നും ഐ.എം.എഫ് പറയുന്നു. കലണ്ടര്‍ വര്‍ഷം അടിസ്ഥാനമാക്കിയാല്‍ 2024ല്‍ ഇന്ത്യയുടെ വളര്‍ച്ചാപ്രതീക്ഷ 5.7 ശതമാനമാണെന്നും 2025ല്‍ ഇത് 6.8 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി ഇന്ത്യ തുടരുമെന്ന ഐ.എം.എഫിന്റെ റിപ്പോര്‍ട്ട് ബജറ്റിന് തൊട്ടുമുമ്പ് എത്തിയത് കേന്ദ്രത്തിന് ആശ്വാസമാണ്. എന്നാലും, കേന്ദ്രത്തിന്റെ വളര്‍ച്ചാപ്രതീക്ഷയേക്കാള്‍ ഏറെക്കുറവാണെന്ന തിരിച്ചടിയുമുണ്ട്. നടപ്പുവര്‍ഷം (2023-24) 7.3 ശതമാനവും അടുത്തവര്‍ഷം (2024-25) 7 ശതമാനവും വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡ് മെച്ചപ്പെടുന്നതും നിയന്ത്രണ പരിധിക്കുള്ളില്‍ നില്‍ക്കുന്ന പണപ്പെരുപ്പവും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ കരുത്താകുമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. ധനക്കമ്മി നിയന്ത്രണവും നേട്ടമാണ്.

◾ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ കമ്മ്യൂണിറ്റിക്കായി പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ ഇവന്റുകളും പരിപാടികളും പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന സെക്ഷന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. ആപ്പിന്റെ പുതിയ അപ്‌ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വരാനിരിക്കുന്ന ഇവന്റുകള്‍ ഓട്ടോമാറ്റിക്കായി പിന്‍ ചെയ്തു വെയ്ക്കുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഇന്‍ഫോ സ്‌ക്രീനില്‍ മുകളിലായാണ് ഇത് തെളിയുക. ഏത് സമയത്തും കമ്മ്യൂണിറ്റി മെമ്പര്‍ ക്രിയേറ്റ് ചെയ്യുന്ന പുതിയ ഇവന്റുകള്‍ ഓട്ടോ മാറ്റിക്കായി പുതിയ സെക്ഷനില്‍ വരുന്ന തരത്തിലാണ് ക്രമീകരണം. പുതിയ ഇവന്റുകളെ കുറിച്ച് മറ്റു മെമ്പര്‍മാര്‍ക്ക് എളുപ്പം അറിയാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണം. മെമ്പര്‍മാര്‍ മറന്നുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍. നിലവില്‍ ഇവന്റുകള്‍ നടക്കുന്ന സമയം അറിയണമെങ്കില്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ സെര്‍ച്ച് ചെയ്യണം. എന്നാല്‍ പുതിയ സെക്ഷന്‍ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. ഷെഡ്യൂള്‍ ചെയ്ത ഇവന്റുകള്‍ അടക്കം പിന്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.

◾അനീഷ് ഉദയ് സംവിധാനം നിര്‍വഹിക്കുന്ന ‘ജെറി’യിലെ പ്രൊമോ സോങ്ങ് റിലീസ് ചെയ്തു. ‘ടോം ആന്‍ഡ് ജെറി’ കണ്ട പ്രേക്ഷകര്‍ക്കെല്ലാം ജെറി എന്ന് കേള്‍ക്കുമ്പോള്‍ ഒരു എലി ആയിരിക്കും മനസ്സിലേക്ക് വരിക. അത്തരമൊരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് പ്രൊമോ സോങ്ങില്‍ ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്. നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയുമെല്ലാം ഉള്‍പ്പെടുത്തിയ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്‌സണും ജോയ്‌സണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് നൈജില്‍ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമയാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

◾ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘അനിമല്‍’. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ജനുവരി 26ന് ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോള്‍ ചിത്രം ഒടിടി കാഴ്ചയില്‍ നെറ്റ്ഫ്ലിക്സില്‍ കുതിച്ചു കയറുകയാണ് എന്നാണ് വിവരം. നെറ്റ്ഫ്ലിക്സ് പ്രധാന ചാര്‍ട്ടുകളില്‍ എല്ലാം അനിമല്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 22 മുതല്‍ ജനുവരി 28വരെയുള്ള കണക്കില്‍ അനിമല്‍ നെറ്റ്ഫ്ലിക്സിന്റെ നോണ്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ നാലാം സ്ഥാനത്താണ്. അനിമലിന് ഇതുവരെ 20,800,000 വാച്ച് അവര്‍ ലഭിച്ചെന്നും. 6,200,000 വ്യൂസ് ലഭിച്ചെന്നുമാണ് നെറ്റ്ഫ്ലിക്സ് ഔദ്യോഗിക കണക്ക് പറയുന്നത്. അതേ സമയം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം സലാര്‍ ഗ്ലോബല്‍ ലിസ്റ്റില്‍ ജനുവരി 15 മുതല്‍ ജനുവരി 21 വരെയുള്ള കാലയളവില്‍ ആദ്യപത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോഴും ചിത്രം ആറാം സ്ഥാനത്ത് തുടരുന്നുണ്ട്. ജനുവരി 22- 28 കാലത്ത് സലാറിന് 5,600,000 വാച്ച് അവറും, 1900000 വ്യൂസുമാണ് ലഭിച്ചത്.

◾ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുതിയ പഞ്ച് ഇവിയെ 10.99 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷാവസാനത്തിന് മുമ്പ് കര്‍വ്വ്, ഹാരിയര്‍ എന്നിവയുള്‍പ്പെടെ രണ്ട് പുതിയ ഇവികള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു. 2025-ല്‍ ടാറ്റ സിയറ നമ്മുടെ വിപണിയില്‍ തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ സിയറ ആദ്യം ഒരു ഇലക്ട്രിക് ലൈഫ്‌സ്‌റ്റൈല്‍ എസ്യുവിയായാണ് എത്തുന്നത്. എന്നിരുന്നാലും ഐസിഇ പതിപ്പും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ലൈഫ്‌സ്‌റ്റൈല്‍ എസ്യുവി. എഡിഎഎസ്, ഇലക്ട്രിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, ലോഞ്ച് വേരിയന്റില്‍ പിന്നിലെ യാത്രക്കാര്‍ക്കായി വ്യക്തിഗത സ്‌ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഹൈ-എന്‍ഡ് ഫീച്ചറുകളോടെയാണ് ടാറ്റ സിയറ ഇവി എത്തുന്നത്. കമ്പനി ഇവിയുടെ എഞ്ചിന്‍ സ്പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് 60കിലോവാട്ട്അവര്‍ ബാറ്ററി പാക്കിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. എഡബ്ളിയുഡി സിസ്റ്റം വാഗ്ദാനം ചെയ്യുന്നതിനായി പുതിയ സിയറ ഇവിക്ക് ഇരട്ട മോട്ടോര്‍ സജ്ജീകരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

◾പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതല്‍ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദന്‍ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡന്‍, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങള്‍ ഈ യാത്രികന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്. ‘പല ലോകം പല കാലം’. സച്ചിദാനന്ദന്‍. ഗ്രീന്‍ ബുക്സ്. വില 255 രൂപ.

◾ക്യാന്‍സര്‍ പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. എന്നാല്‍ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നതിനു മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. നഖത്തില്‍ വരെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പല കാരണങ്ങള്‍ കൊണ്ടും നഖം പൊട്ടിപ്പോവാം. എന്നാല്‍ നമ്മുടെ ഉള്ളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ നഖം വളരെ വരണ്ടതാവുകയും അഗ്രം പൊട്ടിപ്പോവുകയും ചെയ്യും. നഖത്തിന്റെ സാധാരണ നഖങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള നഖം കാണപ്പെടുകയാണെങ്കില്‍ അത് പല രോഗങ്ങളുടേയും ലക്ഷണമാകാം. എന്നാല്‍ മഞ്ഞ നിറം കൈകാലുകളിലെ നഖങ്ങളിലാകമാനം പരക്കുകയാണെങ്കില്‍ അല്‍പം സൂക്ഷിക്കണം. ഒരേ നഖം തന്നെ രണ്ടായി മാറി ഒരു ഭാഗം മുകളിലും ഒരു ഭാഗം താഴെയും ആയി മാറുന്നതിനെ അല്‍പം ശ്രദ്ധിയ്ക്കാം. ഇത് കരളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. നഖങ്ങളില്‍ വെളുത്തകുത്തുകള്‍ ഉണ്ടായാലും സൂക്ഷിക്കണം. ഇത് ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം. നഖത്തിന്റെ ഇരുണ്ട നിറം പലപ്പോഴും ആരും ശ്രദ്ധിയ്ക്കുകയില്ല. മരണകാരണമാകുന്ന സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ അവഗണിക്കപ്പെടാത്ത ഒന്നാണ് ഇത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.04, പൗണ്ട് – 105.28, യൂറോ – 89.79, സ്വിസ് ഫ്രാങ്ക് – 96.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.62, ബഹറിന്‍ ദിനാര്‍ – 220.27, കുവൈത്ത് ദിനാര്‍ -269.90, ഒമാനി റിയാല്‍ – 215.70, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.87

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *