p9 yt cover

◾നിയമസഭ സമ്മേളനം ഫെബ്രുവരി 15 വരെയാക്കി വെട്ടിച്ചുരുക്കി. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചര്‍ച്ച 12 മുതലാണ്. ബജറ്റ് രണ്ടാം തീയതിയിലേക്കു മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി.

◾നിയമസഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസിന്റെ പ്രചാരണയാത്ര നടക്കുന്നതിനാല്‍ നിയമസഭാ സമ്മേളന തീയതികളില്‍ മാറ്റം വരുത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. സര്‍ക്കാര്‍ ഒട്ടും സഹകരിക്കുന്നില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ് കാര്യോപദേശക സമിതി യോഗത്തില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

◾ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ നിയമസഭയില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം. നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി സമ്മേളിച്ച നിയമസഭയില്‍ അഞ്ചു മാസമായി ക്ഷേമപെന്‍ഷന്‍ മുടങ്ങിയതു സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ച വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. പെന്‍ഷന്‍ കിട്ടാതെ കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം പി.സി വിഷ്ണുനാഥാണ് ഉന്നയിച്ചത്. പെന്‍ഷന്‍ നല്‍കാനെന്ന പേരില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തി പിരിച്ചെടുത്ത പണം മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

◾ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും പെന്‍ഷന്‍ മുടങ്ങിയത് കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍മൂലമാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം തരാനുള്ള പണം നല്‍കിയാല്‍ എല്ലാ പെന്‍ഷന്‍ പ്രതിസന്ധിയും മാറും. പെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിക്കാമായിരുന്നു. ആത്മഹത്യ ചെയ്ത ജോസഫ് നവംബറിലും ഡിസംബറിലും പെന്‍ഷന്‍ വാങ്ങി. തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം 52,400 രൂപ ജോസഫ് കൈപ്പറ്റിയിട്ടുണ്ട്. മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

◾സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു കിട്ടാനില്ലെന്നു പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. അനൂപ് ജേക്കബാണു വിഷയം ഉന്നയിച്ചത്. പണം നല്‍കാത്തതിനാലാണു കരാറുകാര്‍ മരുന്നു തരാത്തതെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോര്‍ട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാണിച്ചു. ആശുപത്രിയില്‍ മരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.

◾രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനു കൈമാറി. ഇസ്ഡ് പ്ലസ് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി സിആര്‍പിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. കേരള പോലീസിന്റെ സേവനം ആവശ്യമില്ലെന്ന് കത്തില്‍ പറയാത്തതിനാല്‍ പോലീസിന്റെ സേവനവും തത്കാലം തുടരും.

◾കോണ്‍ഗ്രസ് നടത്തിയ ഡിജിപി മാര്‍ച്ചില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ വേദിയില്‍ അടക്കമുള്ളിടത്തു പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി. എംപിമാരായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കെ. മുരളീധരന്‍ എന്നിവര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച പരാതിയെത്തുടര്‍ന്നാണ് നടപടി.

മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

◾സംസ്ഥാനത്തിന്റെ സാംസ്‌കാരിക മികവ് വിളംബരം ചെയ്യാന്‍ ‘കേരളീയം’ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിനു കലാകാരന്മാര്‍ പങ്കെടുത്തു. അതു ധൂര്‍ത്തല്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം നേട്ടമുണ്ടാക്കുയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടേയും ആര്‍.സി.ബുക്കുകളുടേയും പ്രിന്റിംഗും വിതരണവും നിലച്ചു. പ്രിന്റ് ചെയ്യുന്ന കരാര്‍ കമ്പനിക്കു പണം നല്‍കാത്തതിനാല്‍ പ്രിന്റിംഗ് നിര്‍ത്തിവച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പാസായാലും വാഹനം രജിസ്റ്റര്‍ ചെയ്താലും മൂന്നു മാസം കഴിഞ്ഞാണ് ലൈസന്‍സും ആര്‍സി ബുക്കും ലഭിച്ചിരുന്നത്. പണം നല്‍കാത്തതുമൂലം തപാല്‍വകുപ്പ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇത്തരം ഇനങ്ങള്‍ തപാലില്‍ അയക്കാന്‍ സ്വീകരിക്കുന്നതും നിര്‍ത്തിവച്ചു.

◾ആലത്തൂരിലെ ബാറില്‍ വെടിവയ്പ്. കാവശ്ശേരിയില്‍ ആറ് മാസം മുമ്പ് ആരംഭിച്ച ബാറില്‍ ഇന്നലെ രാത്രിയാണു സംഭവം. മാനേജര്‍ രഘുനന്ദന് വെടിയേറ്റു. കഞ്ചിക്കോട് സ്വദേശികളായ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോശം സര്‍വീസെന്ന പേരില്‍ വഴക്കുണ്ടാക്കിയ സംഘം മദ്യലഹരിയില്‍ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

◾മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരേ ഭൂമികയ്യേറ്റത്തിന് റവന്യു വകുപ്പ് കേസെടുത്തു. ഹിയറിംഗിനു ഹാജരാകാന്‍ മാത്യുവിനു നോട്ടീസ് നല്‍കി. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. ആധാരത്തില്‍ വില കുറച്ചു കാണിച്ച് ഭൂമി രജിസ്ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടു വിവാദമായത്.

◾മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് സ്ഥലം വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റര്‍ ഓസ്റ്റിന്‍. ചിന്നക്കനാലിലെ റിസോര്‍ട്ടിനു കെട്ടിട നമ്പര്‍ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം രേഖകളില്‍ കാണിക്കാതിരുന്നതെന്നും പീറ്റര്‍ ഓസ്റ്റിന്‍ വ്യക്തമാക്കി.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിനിമാനടന്‍ മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം പോലെയാണെന്നു നിയമസഭയില്‍ പരിഹസിച്ച് കെ.കെ. ശൈലജ. ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമാണ്. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാര്‍ത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും കെകെ ശൈലജ നിയമസഭയില്‍ പറഞ്ഞു.

◾ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പി.ജി. മനു പത്തു ദിവസത്തിനകം കീഴടങ്ങണം. മനുവിനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. അന്നു തന്നെ ജാമ്യപേക്ഷ പരിഗണിക്കണം. കോടതി നിര്‍ദ്ദേശിച്ചു.

◾കോട്ടയം പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളെ വിധിക്കും.

◾അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. വാസുദേവനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെന്‍ഡ് ചെയ്തു.

◾കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രാനിരക്ക് ഇരട്ടിയോളമാക്കിയതിനെതിരേ മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ നടപടിയെടുത്തില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ തുകയിലേക്ക് നിരക്ക് കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്നും സലാം ആവശ്യപ്പെട്ടു.

◾കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചു ജില്ലകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്കിന്റെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഇടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണു പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതിനു സമാനമായ തട്ടിപ്പാണ് കണ്ണൂര്‍ അര്‍ബന്‍ ബാങ്കിലും നടന്നതെന്നാണ് എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നത്.

◾നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്. സന്ദീപും ചോദ്യം ചെയ്യലിന് ഹാജരായില്ല. രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ജോലിത്തിരക്കുണ്ടെന്ന് ഇവര്‍ ആലപ്പുഴ പൊലീസിനെ അറിയിച്ചു.

◾പത്മശ്രീ ലഭിക്കേണ്ട വ്യക്തിയല്ല താനെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എംഎന്‍ കാരശ്ശേരി. വൈക്കം മുഹമ്മദ് ബഷീറിനും എംടിക്കും ലീലാവതിക്കുമൊക്കെ ലഭിച്ച പുരസ്‌കാരമാണ് പത്മശ്രീ. അവരെപ്പോലെ വലിയ സംഭാവനയൊന്നും താന്‍ ചെയ്തിട്ടില്ല. താന്‍ അടക്കമുള്ളവര്‍ക്ക് പത്മശ്രീ നല്‍കേണ്ടതായിരുന്നെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം കേട്ടപ്പോള്‍ സന്തോഷമുണ്ടെന്നും കാരശ്ശേരി പറഞ്ഞു.

◾പെരിന്തല്‍മണ്ണയില്‍ മ്യൂസിക് ഫെസ്റ്റിനിടെ സംഘര്‍ഷം. എക്‌സ്പോ ഗ്രൗണ്ടില്‍ അമിത തിരക്ക് മൂലം പരിപാടി നിര്‍ത്തിവച്ചതോടെ ഒരു സംഘം ആളുകള്‍ ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകര്‍ത്തു. പണം തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ജനം അക്രമാസക്തരാകുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു.

◾പാലക്കാട് കൂട്ടുപാതയില്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിയെ ഏല്‍പിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. ആസാം സ്വദേശികളുടേതാണ് കുഞ്ഞ്. അച്ഛന്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ അമ്മ മറ്റൊരാള്‍ക്കു നല്‍കി കടന്നുകളഞ്ഞത്.

◾വിവാഹമോചന കേസുള്ള ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയില്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്.

◾ഇടുക്കി രാജാക്കാട് ഗ്യാസ് സിലിണ്ടറില്‍നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. ഇഞ്ചനാട്ട് ചാക്കോയുടെ വീടാണ് കത്തിനശിച്ചത്. വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവര്‍ക്കു പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ് മാതാപിതാക്കള്‍ വിസിറ്റിംഗ് കാര്‍ഡാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കുടുംബങ്ങള്‍ക്കകത്തും അധ്യാപകരുമായും ചര്‍ച്ചകള്‍ നടത്തണം. മാതാപിതാക്കള്‍ കുട്ടികളെ നിരന്തരം സമ്മര്‍ദത്തിലാക്കരുത്. അധ്യാപനം ഒരു തൊഴില്‍ മാത്രമായി അധ്യാപകര്‍ കാണരുതെന്നും മോദി നിര്‍ദേശിച്ചു.

◾ബിഹാറില്‍ ആര്‍ജെഡി നേതാവായ നിയമസഭാ സ്പീക്കര്‍ അവാധ് ബിഹാറി ചൗധരിക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ്. ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിജെപി പിന്തുണയോടെ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായതിനു പിറകേയാണ് ബിജെപി നേതാക്കള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

◾ബിഹാറില്‍ ഭരണമാറ്റത്തിനു പിറകേ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനേയും മകനും മുന്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനേയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ലാലു പ്രസാദ് യാദവിനെ ഇന്നു ചോദ്യം ചെയ്യുന്നുണ്ട്. തേജസ്വി നാളെ ഹാജരാകണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

◾രാജ്യത്ത് ഏഴു ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂര്‍. പശ്ചിമ ബംഗാളിലെ സൗത്ത് 24 പരഗാനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ജാതി സെന്‍സസ് നടത്തണമെന്ന് ബിഹാറില്‍ രാഹുല്‍ഗാന്ധി. സാമൂഹ്യനീതി നടപ്പാക്കേണ്ട കടമ ബിഹാറിനുണ്ടെന്നും രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണന്നും രാഹുല്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ വടക്കന്‍ മേഖലയിലൂടെ യാത്ര കടന്നുപോയെങ്കിലും രാഹുലിനെ കാണാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തിയില്ല.

◾ഫ്രാന്‍സിലും കര്‍ഷക സംഘടനകളുടെ സമരം. ട്രാക്ടറുകള്‍ ഉപയോഗിച്ച് റോഡുകള്‍ ഉപരോധിച്ചാണ് സമരം. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു ന്യായ വില ആവശ്യപ്പെട്ടാണ് സമരം. കര്‍ഷകരുടെ ഡീസല്‍ ഇന്ധനത്തിനുള്ള സബ്സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചുകൂടിയാണ് സമരം.

◾ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ മറികടന്ന് ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോ. ലൂയി വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍.വി.എം.എച്ചിന്റെ സി.ഇ.ഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്. കഴിഞ്ഞ വാരം ടെസ്ലയുടെ ഓഹരികളിലുണ്ടായ തകര്‍ച്ചയാണ് ബെര്‍ണാഡിന് ഗുണകരമായത്. നിലവില്‍ ബെര്‍ണാഡ് ആള്‍ട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 20,760 കോടി ഡോളറാണ്. ഇലോണ്‍ മസ്‌കിന്റേത് 20,470 കോടി ഡോളറും. കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തില്‍ എല്‍.വി.എം.എച്ച് വില്‍പ്പനയില്‍ 10 ശതമാനം കുതിപ്പ് നേടിയിരുന്നു. അതേസമയം, ടെസ്ലയുടെ വരുമാനം 2520 കോടി ഡോളറായിരുന്നു. ഒരു മാസത്തിനിടെ മൊത്തം 21,000 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. നിലവില്‍ ടെസ്ലയുടെ വിപണി മൂല്യം 58,614 കോടി ഡോളറാണ്. എല്‍.വി.എച്ച്.എമ്മിന്റെ വിപണി മൂല്യം 38,880 കോടി ഡോളറും. ഇന്ത്യന്‍ ശതകോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി ലോക അതിസമ്പന്ന പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 10,440 കോടി ഡോളറാണ് മുകേഷിന്റെ ആസ്തി. അദാനി ഗ്രൂപ്പ് ഉടമയായ ഗൗതം അദാനി 7,570 കോടി ഡോളറിന്റെ ആസ്തിയുമായി 16-ാം സ്ഥാനത്തുമുണ്ട്. ലാറി എല്ലിസണ്‍ (14,220 കോടി ഡോളര്‍), മാര്‍ക്ക് സക്കര്‍ബര്‍ഗ് (13,910 കോടി ഡോളര്‍), വാറന്‍ ബഫറ്റ് (12,720 കോടി ഡോളര്‍), ബില്‍ ഗേറ്റ്‌സ് (12,290 കോടി ഡോളര്‍), സെര്‍ജി ബ്രിന്‍ (12,170 കോടി ഡോളര്‍), സ്റ്റീവ് ബാല്‍മര്‍ (11,880 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ മസ്‌കിന് തൊട്ടു പിന്നിലുള്ളത്.

◾ഇനി വാട്‌സാപ്പില്‍ നിന്നും വാട്‌സാപ്പിലേക്ക് ഫയലുകള്‍ കൈമാറാന്‍ ഫോണുകള്‍ കുലുക്കിയാല്‍ മതി. വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റില്‍ ഈപുതിയ ഫയല്‍ ഷെയറിംഗ് ഫീച്ചര്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. അടുത്തുള്ള രണ്ട് ഫോണുകള്‍ തമ്മില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ ആപ്പിള്‍ ഐ-ഫോണിലുള്ള ഫീച്ചറാണ് എയര്‍ഡ്രോപ്പ്-എസ്‌ക്യു. ഇന്റര്‍നെറ്റില്ലാതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലാണെങ്കില്‍ വൈഫൈയുമായി കണക്റ്റാണെങ്കില്‍ ‘നിയര്‍ബൈ ഷെയര്‍’ എന്ന ആപ്പുപയോഗിച്ച് ഫോണുകള്‍ തമ്മിലുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ സാധ്യമാണ്. ഇത്തരത്തിലുള്ള ഫീച്ചറാണ് വാട്‌സാപ്പും അവതരിപ്പിക്കുന്നത്. വാബീറ്റാഇന്‍ഫോ അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റ (അപ്ഡേറ്റ് 2.24.2.20) പതിപ്പുള്ളവരില്‍ ഇത് തുടക്കത്തില്‍ ലഭ്യമായേക്കുമെന്നാണ് വിവരം. അടുത്തടുത്തുള്ള രണ്ട് ഫോണുകളില്‍ ഫയലുകള്‍ കൈമാറാന്‍ അയയ്‌ക്കേണ്ട ഫയലുകള്‍ ഉള്ള ഫോണും സ്വീകരിക്കേണ്ട ഫോണും കുലുക്കിയാല്‍ മതി. പങ്കുവച്ചിട്ടുള്ള സ്‌ക്രീന്‍ഷോട്ടില്‍ നിന്ന് മനസ്സിലാകുന്നത് അയയ്ക്കുന്ന ഫയലുകള്‍ വാട്‌സാപ്പ് മെസേജുകള്‍ പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് (ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലെത്തുന്നവ സുരക്ഷിതമായിരിക്കും) ആയിരിക്കും എന്നാണ്. ബ്ലൂടൂത്ത് പോലെ അടുത്തുള്ള ഡിവൈസുകള്‍ക്കെല്ലാം നിങ്ങളുടെ ഫോണ്‍ ലഭ്യമായിരിക്കില്ല. അടുത്തുള്ള ഫോണ്‍ ആണെങ്കിലും കോണ്‍ടാക്റ്റ് സേവ് ചെയ്താല്‍ മാത്രമാണ് ഫയര്‍ അയയ്ക്കല്‍ സാധ്യമാകുക.

◾ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തെന്നിന്ത്യന്‍ സെന്‍സേഷന്‍ സന്തോഷ് നാരായണന്‍ സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. തീയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിന് വി എബ്രഹാം ആണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രോജക്റ്റുകളിലൊന്നാണ്. ഫെബ്രുവരി 9 നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.

◾രാഹുല്‍ മാധവ്, അപ്പാനി ശരത്, നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ റിലീസ് ആയി. സുധീര്‍ കരമന, ബിജുക്കുട്ടന്‍, കിടിലം ഫിറോസ്, നോബി മാര്‍ക്കോസ്, ജോമോന്‍ ജോഷി, നെല്‍സണ്‍, റിയാസ്, കുട്ടി അഖില്‍, മനു വര്‍മ, സാബു, നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. എല്‍ ത്രി എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിര്‍വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍, സന്തോഷ് പേരാളി, കെ സി അഭിലാഷ്, രാഹുല്‍ കൃഷ്ണ എന്നിവരുടെ വരികള്‍ക്ക് ജോസ് ബാപ്പയ്യാ സംഗീതം പകരുന്നു. ഗായകര്‍ ജാസി ഗിഫ്റ്റ്, സുനിത സാരഥി, അരവിന്ദ് വേണുഗോപാല്‍, ഇഷാന്‍ ദേവ്, ജോസ് സാഗര്‍, അന്‍വര്‍ സാദിഖ് എന്നിവര്‍. ലിജു രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒമ്പത് ആക്ഷന്‍ രംഗങ്ങളും നാല് ഗാനങ്ങളുമുണ്ട്.

◾ടാറ്റ കര്‍വ് കണ്‍സെപ്റ്റിന് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലും. ഈ വര്‍ഷം അവസാനം ഇലക്ട്രിക് പതിപ്പും അടുത്ത വര്‍ഷം ആദ്യം ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പും വിപണിയിലെത്തും. നെക്സോണില്‍ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും കര്‍വിന്. ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത. ഈ വര്‍ഷം രണ്ടാം പാതിയില്‍ കര്‍വിന്റെ ഇവി റോഡിലെത്തും. നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി.ഇവി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്.

◾കഥയുടെ രസനീയതയ്‌ക്കൊപ്പം സ്‌നേഹത്തിന്റെ ഔഷധവീര്യവും കുട്ടികളിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ പര്യാപ്തമായ രചന. മനുഷ്യര്‍ക്കിടയിലാകട്ടെ, ചരാചരങ്ങള്‍ക്കിടയിലാകട്ടെ ആനന്ദകരമായ സഹജീവിതം എങ്ങനെയൊക്കെയാണ് സാധ്യമാക്കാന്‍ കഴിയുക എന്ന ചോദ്യവും അതിനുള്ള ചില ഉത്തരങ്ങളുംകൂടി ഉള്‍പ്പെട്ടതാണ് പ്രസാദാത്മകമായ ശൈലിയില്‍ എഴുതപ്പെട്ടിട്ടുള്ള ഈ ബാലനോവലിന്റെ പ്രമേയപരിസരം. ‘മാച്ചുപിച്ചു’. മിനി പി സി. ഡിസി ബുക്സ്. വില 170 രൂപ.

◾പല്ലുകളുടെ ആരോഗ്യം, നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ചീസ് ചവയ്ക്കുമ്പോള്‍ വായില്‍ ഉമിനീര്‍ ഉണ്ടാകും. മാത്രമല്ല അതില്‍ പ്രോട്ടീന്‍, കാത്സ്യം, മറ്റ് പോഷകങ്ങള്‍ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും.ചീസ് പോലെ യോഗര്‍ട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗര്‍ട്ട് പോലുള്ള പ്രോബയോട്ടിക്സില്‍ നല്ല ബാക്ടീരിയകള്‍ ഉണ്ട് ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു. കെയ്ല്‍, ചീര പോലുള്ള ഇലക്കറികള്‍ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളില്‍ വിറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇവയില്‍ കാത്സ്യവും ഉണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ മധുരമുള്ള ഫലം ആണെങ്കിലും ഇതില്‍ നാരുകളും ജലാംശവും ധാരാളം ഉണ്ട്. ആപ്പിള്‍ കഴിക്കുമ്പോള്‍ വായില്‍ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകള്‍ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. കാരറ്റിലും നാരുകള്‍ ധാരാളമുണ്ട്. കാരറ്റ് പച്ചയ്ക്ക് ചവച്ചു കഴിക്കുന്നത് വായില്‍ ഉമിനീരിന്റെ ഉല്‍പാദനം കൂട്ടും. ഇത് പല്ലില്‍ പോതുകള്‍ ധാരാളം ഉള്ളതുപോലെ കാരറ്റില്‍ വിറ്റമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.14, പൗണ്ട് – 105.69, യൂറോ – 90.10, സ്വിസ് ഫ്രാങ്ക് – 96.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.86, ബഹറിന്‍ ദിനാര്‍ – 220.57, കുവൈത്ത് ദിനാര്‍ -270.26, ഒമാനി റിയാല്‍ – 215.99, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *