yt cover 29

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസെഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് സിആര്‍പിഎഫ് സേനാംഗങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി സുരക്ഷാ ചുമതല ഏറ്റെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ കൊല്ലം നിലമേലില്‍ രണ്ടു മണിക്കൂര്‍ റോഡരികില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതിന്റെ എഫ്ഐആര്‍ ഹാജരാക്കിയശേഷമാണ് റോഡരികിലെ സമരം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് സുരക്ഷ കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്കു മാത്രമായിരുന്നു. ഗവര്‍ണര്‍ക്കുകൂടി ഇസെഡ് പ്ലസ് സുരക്ഷയായി.

സുരക്ഷ വര്‍ധിപ്പിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കേരളാ പൊലീസ് മികച്ച സേനയാണ്. എന്നാല്‍ പോലീസിനെ മുഖ്യമന്ത്രി വഴിതെറ്റിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ ഇങ്ങനെ പ്രതിഷേധമുണ്ടാകാന്‍ പൊലീസ് അനുവദിക്കുമോ. കൊല്ലം നിലമേലില്‍ 22 പേര്‍ ബാനറുമായി എത്തിയെന്നാണ് എഫ്ഐആര്‍. 100 പൊലീസുകാര്‍ അവിടെ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിക്കു പോയി.

ഗവര്‍ണറുടെ സുരക്ഷക്കെത്തിയ സിആര്‍പിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവര്‍ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിആര്‍പിഎഫിന് പ്രവര്‍ത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ഇറങ്ങി നോക്കുമോ? പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്ഐആറിനുവേണ്ടി സമരം ഇരിക്കുന്നത് ശരിയാണോ. നിയമങ്ങളാണ് വലുത്. അധികാരം നിയമത്തിന് മുകളിലല്ല. എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ എന്നു സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തത് ജാമ്യം ലഭിക്കാത്ത 124 ാംവകുപ്പനുസരിച്ച്. ഭരണത്തലവനെ അവഹേളിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണു കേസ്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഗവര്‍ണര്‍ക്കെതിരേ തിരുവനന്തപുരത്തും കരിങ്കൊടി പ്രതിഷേധം. തൈക്കാട് ഗസ്റ്റ് ഹൗസിനു സമീപം വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കടുക്കാന്‍ ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഭാരവുമായാണ് പ്രതിഷേധിക്കാനെത്തിയത്. നിലമേലില്‍ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്കെന്ന പേരിലാണ് സംഭാര പാക്കറ്റുകള്‍ കൊണ്ടുവന്നത്. ഇവരെ വിരട്ടിയോടിച്ച പൊലീസ് ഏതാനും എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ഗവര്‍ണര്‍ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. തന്റെ കാര്‍ ആക്രമിച്ചെന്ന് ഗവര്‍ണര്‍ നുണ പറയുന്നു. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ 124 ചുമത്തിയതു ശരിയായ നടപടിയല്ലെന്നും ആര്‍ഷോ.

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോടു റിപ്പോര്‍ട്ടു തേടി. ഗവര്‍ണര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ, പ്രതിഷേധക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടി തുടങ്ങിയവയെക്കുറിച്ചും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയ നാടകമാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാല്‍ കേസുകളും കരുതല്‍ തടങ്കലും മര്‍ദനവുംകൊണ്ട് നേരിടുന്ന പൊലീസ് ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരെ സംരക്ഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച സമരം സമ്മേളനമാക്കി മാറ്റിയവരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും വിഡി സതീശന്‍ പരിഹസിച്ചു.

നിലമേലില്‍ റോഡരികില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഗവര്‍ണറുടെ നടപടി കേരളത്തിന് അപമാനമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ലക്കും ലഗാനും ഇല്ലാതെ ഏതെങ്കിലും ഗവര്‍ണര്‍ ഇതുപോലെ അഴിഞ്ഞാടിയിട്ടുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു.

കേന്ദ്ര നയങ്ങള്‍ നവകേരള സൃഷ്ടിക്കു തടസമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുമ്പോള്‍ പ്രതിപക്ഷം കേന്ദത്തിനു കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചു. ഈ വര്‍ഷം ആറായിരം കോടി രൂപയാണു കുറച്ചത്. ജനസംഖ്യക്ക് ആനുപാതികമായി നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ പേരിടണണെന്ന നിര്‍ദേശം നടപ്പാക്കാത്തതിനാല്‍ ആ ഇനത്തിലുള്ള പണവും കേന്ദ്രം തന്നിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക ഫെബ്രുവരി അഞ്ചുവരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിനാണ്. പത്രിക ഫെബ്രുവരി എട്ടുവരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ പത്തിനു നടത്തും.

ജനകീയ സംവാദങ്ങളും മുഖാമുഖ ചര്‍ച്ചകളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്ത മേഖലകളിലുള്ളവരുടെ യോഗങ്ങള്‍ വിവിധ ജില്ലകളിലായി നടത്തും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് വരെ പത്തു യോഗങ്ങളാണു നടത്തുക. ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്ത് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടു നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങള്‍ക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്.

128 സ്‌കൂളുകള്‍ക്കു പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിയാന്‍ 146 കോടി രൂപ അനുവദിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 കെട്ടിടങ്ങള്‍ പണിയാന്‍ 90 കോടി രൂപയാണ് നീക്കിവച്ചത്. 33 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 56 കോടി രൂപ ലഭിക്കും.

റിപ്പബ്ലിക് ദിനത്തിലെ നാടകത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച പരാമര്‍ശങ്ങളുണ്ടായതു സംബന്ധിച്ച് വിശദീകരണവുമായി ഹൈക്കോടതി. നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നാടകം നടന്നത്. ദേശീയ ഐക്യസന്ദേശമുള്ള നാടകം അവതരിപ്പിക്കാനാണ് അനുമതി നല്‍കിയത്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച രണ്ടു ജീവനക്കാരെ സസ്പെന്‍ഡു ചെയ്തെന്നും ഹൈക്കോടതി അറിയിച്ചു.

കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്കു കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. കുമ്പള എസ്ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.

തൊടുപുഴയില്‍ അധ്യപകന്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതി സവാദിനെ ഫെബ്രുവരി 16 വരെ റിമാന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ അറിയിച്ചു.

മണിപ്പൂരില്‍ സംഭവിച്ചതു കേരളത്തിലും സംഭവിച്ചേക്കാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പറകാല പ്രഭാകര്‍. കേരളത്തില്‍ നടക്കില്ലെന്ന തോന്നല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച കവി എസ്. രമേശന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പള്ളിപ്പെരുന്നാളിനു പടക്കംപൊട്ടിക്കവേ ബൈക്കിനു തീപിടിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ഓലപ്പടക്കം ബൈക്കിലേയ്ക്കു വീണ് പൊട്ടിയതോടെ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. പരിസരത്തെ കടയിലേയ്ക്കും തീ പടര്‍ന്നു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ കണ്ണന്‍ ചരിഞ്ഞു. 80 വയസായിരുന്നു. രോഗങ്ങള്‍ മൂലം മൂന്നു മാസത്തോളമായി ആന ചികിത്സയിലായിരുന്നു.

വര്‍ക്കലയില്‍ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസില്‍നിന്ന് എട്ടു കിലോ കഞ്ചാവ് പിടികൂടി. ബസ് ഡ്രൈവര്‍ ഷാജി, ആലപ്പുഴ സ്വദേശി അന്‍സാരി എന്നിവരെ കസ്റ്റഡിയിലെടുത്തു.

പോക്‌സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്ക് 13 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യപിച്ച് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.

മെച്ചപ്പെട്ട ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂമ്പാറ്റ എന്ന പേരില്‍ പാര്‍ക്ക് തുറന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കളിക്കാനുള്ള ഉപകരണങ്ങള്‍ക്കൊപ്പം കമ്പ്യൂട്ടര്‍ ഗെയിം കോര്‍ണറുമുണ്ട്. പുതിയ ഒപി രജിസ്ട്രേഷന്‍ കൗണ്ടര്‍, ലേബര്‍ റും സമുച്ചയം രണ്ടാമത്തെ മെഡിക്കല്‍ ഐസിയു, സ്പെഷ്യാലിറ്റി ഒ പി വിഭാഗം, ബേണ്‍സ് യൂണിറ്റ് എന്നിവയുമുണ്ട്.

ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്.

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ രാഷ്ട്രീയ നാടകം. രാജിവച്ച് ഇന്നുതന്നെ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചനകള്‍. രാവിലെ പത്തിനു നിയമസഭാകക്ഷിയോഗവും ഉച്ചയോടെ എന്‍ഡിഎ യോഗവുമുണ്ട്. നിതീഷിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. ഗവര്‍ണ്ണറെ കണ്ട് രാജിക്കത്തും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കത്തും കൈമാറും. വൈകുന്നേരം നാല് മണിക്ക് സത്യ പ്രതിജ്ഞ നടത്തുമെന്നാണു റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നിതീഷുമായി സംസാരിച്ചെന്നാണ് വിവരം.

കള്ളപ്പണം ഉണ്ടെന്ന് ആരോപിച്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തട്ടിപ്പു നടത്തിയ ഗുജറാത്തിലെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്. മരവിപ്പിച്ച അക്കൗണ്ടുകള്‍ തിരിച്ചു കിട്ടാന്‍ വന്‍ കൈക്കൂലി ആവശ്യപ്പെട്ടാണു തട്ടിപ്പ്. കേരളത്തില്‍ താമസമാക്കിയ ഒരാളുടെ പരാതിയിലാണു മൂന്നു പോലീസുകാര്‍ക്കെതിരെ കേസെടുത്തത്. വിവിധ ബാങ്കുകളിലായി മൂന്നൂറോളം അക്കൗണ്ടുകളാണ് പ്രതികള്‍ മരവിപ്പിച്ചത്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലും വെടിവയ്പുണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂര്‍ കലാപത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.

തന്റെ അച്ഛന്‍ രജനീകാന്ത് സംഘിയല്ലെന്ന് മകളും സംവിധായികയുമായ ഐശ്വര്യ. ലാല്‍സലാം എന്ന സിനിമയുടെ ലോഞ്ചിംഗിനിടെയാണ് ഈ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങള്‍ രജനീകാന്തിനെ സംഘിയായി വിശേഷിപ്പിക്കുന്നതു ശരിയല്ലെന്ന് നിറകണ്ണുകളോടെയാണ് ഐശ്വര്യ പറഞ്ഞത്. സ്പോര്‍ട്സ് ഡ്രാമയായ ലാല്‍സലാം ഫെബ്രുവരി ഒമ്പതിനു റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.

സീറ്റിനടിയില്‍ ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞ ഇരുപത്തേഴുകാരനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് സ്‌കാഡിന്റെ പരിശോധനമൂലം മണിക്കൂറോളം വൈകി.

ഗള്‍ഫ് ഓഫ് ഏദനില്‍ ചരക്കു കപ്പലിനു നേരെ മിസൈല്‍ ആക്രമണം. ഇന്ത്യന്‍ നാവിക സേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിന്‍ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരില്‍ 22 പേരും ഇന്ത്യക്കാരാണ്. മിസൈല്‍ നശീകരണ ശേഷിയുള്ള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണവുമായാണ് നാവിക സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ കരകയറ്റി ഒലി പോപ്പ്. 163 ന് 5 എന്ന നിലയില്‍ നിന്ന് 316 ന് 6 എന്ന മികച്ച നിലയിലേക്ക് ഇംഗ്ലണ്ടിനെ കരകയറ്റിയത് 148 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഒലി പോപ്പാണ്. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 126 റണ്‍സിന്റെ ലീഡാണുള്ളത്.

ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയ്ക്ക് 43-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം. ഇന്നലെ നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി – ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ബൊപ്പണ്ണയുടെയും പങ്കാളിയായ ഓസ്‌ട്രേലിയയുടെ മാത്യു എബ്ദെന്റെയും കിരീട നേട്ടം. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. നേരത്തെ 2017 ലെ ഫ്രഞ്ച് ഓപ്പണില്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്‌കിക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീട നേട്ടത്തോടെ ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ ഒന്നാം റാങ്കുകാരനെന്ന നേട്ടം ഈ 43-കാരനെ കാത്തിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലവിലെ ചാമ്പ്യനായ ബെലറൂസിന്റെ ആര്യന സബലെങ്കക്ക്. ഇന്നലെ നടന്ന ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ തോല്‍പിച്ചായിരുന്നു സബലെങ്കയുടെ കിരീട നേട്ടം.

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍.ഐ.സിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. പുതുതായി 4.8 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുന്നതോടെ എല്‍.ഐ.സിയുടെ മൊത്തം ഓഹരി പങ്കാളിത്തം 9.90 ശതമാനമായി ഉയരും. നിലവില്‍ എല്‍.ഐ.സിയ്ക്ക് 5.19 ശതമാനം ഓഹരിയുണ്ട്.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അധിക ഓഹരികള്‍ ഏറ്റെടുക്കാമെന്നാണ് ആര്‍.ബി.ഐ എല്‍.ഐ.സിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊത്തം ഓഹരി വിഹിതം പെയ്ഡ് മൂലധനത്തിന്റെ 9.99 ശതമാനത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യന്‍ ബാങ്കുകളില്‍ ഏതെങ്കിലുമൊരു കമ്പനിക്ക് അഞ്ച് ശതമാനത്തിലധികം ഓഹരി സ്വന്തമാക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റും ഇത്തരത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തത്തിന് അനുമതി നേടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഹരി ഇടിവിലായതിനെ തുടര്‍ന്ന് ആശങ്കയിലായ ഓഹരി ഉടമകള്‍ക്ക് ആശ്വാസം പകരാന്‍ എല്‍.ഐ.സിയുടെ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ജനുവരി 16ന് മൂന്നാം പാദഫല റിപ്പോര്‍ട്ടുകള്‍ വന്നതു മുതല്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില ഇടവിലാണ്.

‘ഭ്രമയുഗം’ ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. റിലീസ് അപ്ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. രാഹുല്‍ സദാശിവനാണ് ഭ്രമയുഗത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ആന്റോ ജോസഫിന്റെ ‘ആന്‍ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കും. ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. മമ്മൂട്ടിയോടൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ന്യൂട്ടണ്‍ സിനിമാസിന്റെ ബാനറില്‍ വിനയ് ഫോര്‍ട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ഫാമിലി കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അടക്കം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ റിലീസ് തിയ്യതിക്കൊപ്പം ട്രെയിലര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് കൊച്ചിയില്‍ വെച്ച് ചിത്രത്തിന്റെ ടെയിലര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. നില്‍ജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നതും ഡോണ്‍ തന്നെയാണ്. ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ചലച്ചിത്രമേളകളില്‍ മികച്ച നിരൂപക പ്രശംസകള്‍ നേടിയ ചിത്രം തിയേറ്റര്‍ റിലീസ് കൂടിയാവുമ്പോള്‍ ഫിലിം ഫെസ്റ്റിവലില്‍ കാണാന്‍ സാധിക്കാതെ പോയ സിനിമയെ ഗൌരവകരമായി കാണുന്ന പ്രേക്ഷകരിലേക്കും ചിത്രമെത്തുമെന്ന പ്രതീക്ഷയുണ്ട്.

2024-ല്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. ബജാജിന്റെ വരാനിരിക്കുന്ന പുതുക്കിയ ബജാജ് പള്‍സര്‍ എന്‍160 യും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൈക്കിന്റെ യൂണിറ്റുകള്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായും വില വിവരങ്ങള്‍ ചോര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബൈക്കിന്റെ ഏകദേശ എക്സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്കില്‍ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേ് ക്ലസ്റ്റര്‍ സജ്ജീകരിച്ചിരിക്കുന്നു. മുമ്പത്തെ എല്ലാ പള്‍സര്‍ എന്‍ റേഞ്ച് മോട്ടോര്‍സൈക്കിളുകളും സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി ലഭ്യമാണ്. ഇവയില്‍, ഉപഭോക്താക്കള്‍ക്ക് വലിയ അനലോഗ് ടാക്കോമീറ്റര്‍, ടെല്‍-ടെയില്‍ ലൈറ്റുകള്‍, എല്‍സിഡി സ്‌ക്രീന്‍ എന്നിവ ലഭിച്ചു. വരാനിരിക്കുന്ന ബജാജ് പള്‍സര്‍ ച160 ന് പൂര്‍ണ്ണമായും ഡിജിറ്റല്‍ എല്‍സിഡി യൂണിറ്റായ ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. ഇതുകൂടാതെ, ബൈക്കില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോര്‍സൈക്കിളാണ് ബജാജിന്റെ വരാനിരിക്കുന്ന ബൈക്ക്. അതേ സമയം, ഉപഭോക്താക്കള്‍ക്ക് 164.82 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ ലഭിക്കും.

അതിര്‍ത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്, മറിച്ച് പരിസ്ഥിതികാവല്‍സേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തില്‍ തൊട്ട് മനസ്സിലാക്കുവാന്‍ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയില്‍നിന്നും നാം അകന്നുപോകുന്നു. ഇതിനായി പാതിവഴിയില്‍ നാം നഷ്ടപ്പെടുത്തിയ ജൈവബന്ധം തിരിച്ചെടുക്കണം. കാവ് നല്‍കുന്ന ഒരിളംകുളിര്‍മ്മപോലെ ഈ കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ കൃതി വ്യാപകമായ ചര്‍ച്ചകള്‍ക്കും തിരിച്ചറിവുകള്‍ക്കുമെന്നപോലെ സഫലമാക്കാവുന്ന ഭാവികര്‍മ്മപരിപാടികളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനും ഇടവരുത്തും. ‘കാവുകള്‍’. എം. രാജേന്ദ്രപ്രസാദ്. ഡിസി ബുക്സ്. വില 198 രൂപ.

പല ഗുരുതരമായ രോഗങ്ങളും ലക്ഷണങ്ങളിലൂടെ നമ്മുടെ ശരീരം പ്രകടിപ്പിക്കും. അത്തരത്തില്‍ നമ്മളൊരിക്കലും ശ്രദ്ധിക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുര്‍ഗന്ധം. ദുര്‍ഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കില്‍ സൂക്ഷിക്കേണ്ടതാണ്. ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതൊരിയ്ക്കലും മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്ഥിരമായി നിശ്വാസവായുവിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഹൃദയം പണിമുടക്കിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. ക്യാന്‍സര്‍ പലപ്പോഴും ആരംഭഘട്ടങ്ങളില്‍ കണ്ടു പിടിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാക്കാം. അധികം കഷ്ടപ്പെടാതെ തന്നെ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി ശ്വാസകോശ ക്യാന്‍സറിനെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. പുകവലിയ്ക്കുന്നവരിലും അല്ലാത്തവരിലും ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണ്. ദുര്‍ഗന്ധത്തോടു കൂടിയ ശ്വാസവും അമിത കിതപ്പും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറെ സമീപിക്കേണ്ടതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ ശ്വാസദുര്‍ഗന്ധം മൂലം കഴിയും. കിഡ്‌നി സംബന്ധമായ പ്രശ്നനങ്ങളും നിശ്വാസ വായുവിലൂടെ അറിയാന്‍ സാധിക്കും. നിങ്ങളുടെ നിശ്വാസ വായുവിന് മീന്‍വിഭവങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങി എന്ന് മനസ്സിലാക്കേണ്ടതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് അയാള്‍ ഏറെ സങ്കടത്തോടെയാണ് തന്റെ ഗുരുവിനെ തേടിയെത്തിയത്. അയാള്‍ക്ക് നേരിടേണ്ടിവന്ന ആരോപണങ്ങള്‍ക്കെതിരെ സത്യസന്ധമായ തെളിവുകള്‍ നല്‍കിയെങ്കിലും അയാള്‍ക്ക് അനുകൂലമായ ഒരു വിധിയല്ല ഉണ്ടായത്. കാര്യങ്ങള്‍ കേട്ടശേഷം ഗുരുജി അയാളെ ആശ്വസിപ്പിച്ചു. സത്യം നിന്റെ ഭാഗത്തുണ്ടെന്ന് നിനക്ക് ഉത്തമബോധ്യമുണ്ടെങ്കില്‍ നീ കാത്തിരിക്കുക. എല്ലാ അപവാദങ്ങളും അതിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച് സത്യത്തിന്റെ പാതയിലേക്ക് കയറും. നീ കാത്തിരിക്കുക…. ദിവസങ്ങള്‍ കടന്നുപോയി. ഗുരുജിയുടെ വാക്ക് ഫലിച്ചു. അയാളിലെ സത്യം തെളിഞ്ഞു. അയാള്‍ കുറ്റവിമുക്തനായി. ആരോപണങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. തനിയെ എതിര്‍ത്തുതോല്‍പ്പിക്കാനാകില്ല. സ്വയം തെളിയുക എന്നതാണ് ഏക പോംവഴി. കുറ്റമാരോപിക്കുന്നവര്‍ ഏറെ തെളിവുകളോടെയാകും സമീപിക്കുക. ഒരാള്‍ക്ക് ഒറ്റക്കവയെ നേരിടാന്‍ പലപ്പോഴും സാധ്യമല്ലാതെവരും. തെളിയിക്കാനുള്ള പരിശ്രമത്തേക്കാള്‍, കാത്തിരിക്കാനുള്ള മനോധൈര്യമാണ് അവിടെ നമുക്ക് വേണ്ടത്. ആരെങ്കിലും ചുമത്തുന്ന കുറ്റത്തിനപ്പുറം സ്വയം വിലയിടാന്‍ ശേഷിയുള്ളവരെ ഒരു അപവാദത്തിനും തകര്‍ക്കാനാകില്ല. സത്യം അത് മൂടിവെക്കാം, വളച്ചൊടിക്കാം പക്ഷേ, ഒരുനാള്‍ അവ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *