◾ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍.
◾നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം ഉണ്ടെങ്കിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം മുഴുവന്‍ വായിക്കുമെന്നാണു സൂചന. ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. മാര്‍ച്ച് 27 വരെയാണു നിയമസഭാ സമ്മേളനം.
◾മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്മെന്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനില്‍ക്കില്ല. ഉയര്‍ന്ന പലിശ നല്‍കി ബോണ്ട് ഇറക്കുന്നതില്‍ ചീഫ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് 27 ന് അവധി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നായി 1,34,540 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
◾എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27 ന് കാസര്‍ഗോഡുനിന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. 29 ന് കണ്ണൂരിലും 30 ന് വയനാട്ടിലുമാണു പദയാത്ര. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് 24 നും തൃശ്ശൂരില്‍ 26 നും നടക്കുന്ന കേരളപദയാത്ര ഫെബ്രുവരി 27 ന് പാലക്കാട് സമാപിക്കും.
◾ആലപ്പുഴ എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സി ആര്‍ മഹേഷ് എം എല്‍ എയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.
◾തന്റെ കാറില്‍ ഇടിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു തന്നെ ഇടിക്കണമെന്നാണ് മോഹമെങ്കില്‍ താന്‍ കാറിനു പുറത്തിറങ്ങാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകള്‍. അവരോട് സഹതാപം മാത്രം. അദ്ദേഹം പറഞ്ഞു. കരിങ്കൊടി കാണിച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*
ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*
◾പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസ് സിറ്റി ക്രൈംബ്രാഞ്ച് അന്വഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
◾പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പരവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇന്നു കോണ്‍ഗ്രസ് മാര്‍ച്ച്. കുറ്റാരോപിതരെ പോലീസും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ആരോപിച്ചു.
◾പരവൂര്‍ കോടതിയിലെ എപിപി ആയിരുന്ന അനീഷ്യയുടെ ആത്മഹത്യക്കു കാരണക്കാരായവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി. എപിപിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
◾
◾വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതി അര്‍ജുന്റെ ബന്ധുവായ പാല്‍രാജിനെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ആറുവയസുകാരിയുടെ അച്ഛനെ മര്‍ദിച്ചെന്ന പരാതിയില്‍ നേരത്തെ പാല്‍രാജിനെ അറസ്റ്റു ചെയ്തിരുന്നു.
◾ദേശീയ പാതയിലെ രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള റോഡ് അടച്ചു. റോഡു പണി നടക്കുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്.
◾കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയിലെ പദവികളെല്ലാം രാജിവച്ചു. അവിണിശേരി മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നു കൊച്ചു മുഹമ്മദ്. ഡിസിസി പ്രസിഡന്റുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് രാജി.
◾‘ഓപ്പറേഷന്‍ ജാഗ്രത’ പരിശോധനയില്‍ കൊച്ചി പൊലീസ് 114 ക്രിമിനലുകളെ പിടികൂടി. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുള്ളവരാണ് പിടിയിലായത്. 194 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
◾മലപ്പുറം മങ്കടയില്‍ മദ്യപിച്ച് പൊലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരേയാണു നടപടി. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
◾വടകരയില്‍നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ ആണെന്നു പറഞ്ഞ് എക്സൈസ് കസ്റ്റഡിയിലെടുത്തത് ഇന്തുപ്പ് ആണെന്നു പരിശോധനയില്‍ തെളിഞ്ഞു. രഹസ്യ ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയാണ് കടയുടമയെ കസ്റ്റഡിയിലെടുത്തത്.
◾മാതാ അമൃതാനന്ദമയി മഠം ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഊട്ടോളി രാമന്‍ ആനയെ സംരക്ഷിക്കാന്‍ തൃശൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിക്ക് സുപ്രീം കോടതിയുടെ അനുമതി. കോടതി തീര്‍പ്പു കല്‍പിക്കുന്നതുവരെ ആനയെ കൈവശം വയ്ക്കാമെന്നാണ് ഉത്തരവ്. കേസില്‍ കേരള സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.
◾തിരുവനന്തപുരം ആമച്ചല്ലില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഏഴുവര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയും ശിക്ഷ. തിരുവനന്തപുരം കുളത്തുമ്മല്‍ ആമച്ചല്‍ അജിതഭവനില്‍ അജിത മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് വാഴിച്ചല്‍ കണ്ടംതിട്ട നെടുമ്പുലി തടത്തരികത്തുപുത്തന്‍വീട്ടില്‍ തങ്കച്ചനെയും അമ്മ ഫിലോമിനയെയും നെയ്യാറ്റിന്‍കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
◾നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസില്‍ പ്രതി പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.
◾ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവ്. നാട്ടിക സ്വദേശി ഉണ്ണിയാരംപുരയ്ക്കല്‍ വീട്ടില്‍ ബിജു (41) വിനെ ആണ് 25 വര്‍ഷം കഠിനതടവിനും 2,50,000 രൂപ പിഴയും ശിക്ഷിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ഉത്തരവിട്ടത്.
◾ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ സംഘര്‍ഷമുണ്ടാക്കിയതിന് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം അറസ്റ്റ് ചെയ്യുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. രാഹുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷവും നാശനഷ്ടവും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു.
◾അയോധ്യ രാമക്ഷേത്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിമാര്‍ മാര്‍ച്ചുവരെയെങ്കിലും രാമക്ഷേത്രം സന്ദര്‍ശിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ടു ദിവസവും മൂന്നു ലക്ഷത്തോളം പേര്‍ വീതമാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. സന്ദര്‍ശക ബാഹുല്യം നിയന്ത്രിക്കാന്‍ അയോധ്യയിലേക്കുള്ള വാഹനങ്ങളെ പോലീസ് തടയുന്നുണ്ട്.
◾ലോക്സഭാ തെരഞ്ഞെടുപ്പിന് പഞ്ചാബില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. 42 സീറ്റുകളിലും മല്‍സരിക്കുമെന്നാണു പ്രഖ്യാപനം. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി ഒറ്റയ്ക്കു മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യ മുന്നണിക്കു തിരിച്ചടിയാകുന്ന പ്രഖ്യാപനം.
◾കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്ത തമിഴ്‌നാട് പൊലീസിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. കേസിന്റെ രേഖകള്‍ പൊലീസ് നല്‍കുന്നില്ലെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാണ് ആവശ്യം. ഡിണ്ടിഗല്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പോഴാണ് അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്തത്. 31 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി അങ്കിത് തിവാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
◾എഴുപത്തഞ്ചാം റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സേനയും പ്രകടനം കാഴ്ചവയ്ക്കും. ഫ്രാന്‍സില്‍ നിന്ന് 130 അംഗ സൈനികസംഘമാണ് കര്‍ത്തവ്യപഥില്‍ പരേഡിനായി നിരക്കുക. നാരിശക്തിയുടെ വിളംബരമാണ് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനപരേഡ്. ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ യുദ്ധവിമാനവും ആകാശ വിരുന്നൊരുക്കും. ഇന്ത്യന്‍, നേപ്പാളി വംശജര്‍ അടങ്ങുന്നതാണ് ഫ്രഞ്ച് സംഘം.
◾പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഔദ്യോഗിക വാഹനം മറ്റൊരു വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന മമതയുടെ തലയിടിക്കുകയായിരുന്നു. നെറ്റിയിലും കൈയ്ക്കും പരിക്കുണ്ട്.
◾മുംബൈയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ പ്രദേശത്ത് ബുള്‍ഡോസറുകളുമായി സര്‍ക്കാരിന്റെ ഇടിച്ചുനിരത്തല്‍. മുംബൈയിലെ മീരാ റോഡ് പ്രാന്തപ്രദേശത്തെ കെട്ടിടങ്ങള്‍ നഗരസഭ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നല്‍കിയതിനു പിറകേയാണ് മീരാ ഭായിന്ദര്‍ നഗരസഭയുടെ ബുള്‍ഡോസര്‍ നടപടി.
◾പീഡനക്കൊലക്ക് ഇരയായ ബാലികയുടെ പേര് വെളിപെടുത്തിയ കുറിപ്പ് കൈയോടെ പിന്‍വലിച്ചിരുന്നെന്നു ഡല്‍ഹി ഹൈക്കോടതിക്കു രാഹുല്‍ഗാന്ധിയുടെ വിശദീകരണം. ഡല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ പേര് സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനു രാഹുല്‍ഗാന്ധിക്കെതിരായ കേസിലാണ് രാഹുല്‍ഗാന്ധി ഇങ്ങനെ സത്യവാങ്മൂലം നല്‍കിയത്.
◾കന്യാകുമാരിയില്‍ മുന്‍ പള്ളിക്കമ്മിറ്റി അംഗത്തെ പള്ളിമേടയില്‍ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പള്ളി വികാരി റോബിന്‍സണ്‍ കീഴടങ്ങി. സേവ്യര്‍കുമാറിനെ തേപ്പുപെട്ടികൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനു വികാരി അടക്കം 13 പേര്‍ക്കെതിരേയാണു കേസ്.
◾യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 74 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യ തടവുകാരാക്കിയ യുക്രൈന്‍ സൈനികരാണെന്നാണ് വിവരം.
◾സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
◾ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായിരുന്ന ഇന്ത്യയുടെ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെയുള്ളവര്‍ മാത്രമേ മത്സരിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് 40 വയസ് പൂര്‍ത്തിയാക്കിയ മേരികോം വിരമിച്ചത്.
◾ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 2023ല്‍ നേരിട്ടത് കടുത്ത ഫണ്ടിംഗ് ക്ഷാമം. 2022ലെ 1.80 ലക്ഷം കോടി രൂപയില്‍ നിന്ന് 2023ല്‍ 62 ശതമാനത്തിലധികം ഇടിഞ്ഞ് 66,908 കോടി രൂപയായി. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ലക്ഷം കോടി രൂപ സമാഹരിച്ച 2018ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഫണ്ടിംഗാണിതെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ച് പുറത്തിറക്കിയ ‘സ്റ്റാര്‍ട്ടപ്പ് ഡീല്‍സ് റിപ്പോര്‍ട്ട് 2023’ വ്യക്തമാക്കുന്നു. 2021ല്‍ സമാഹരിച്ച 2.41 ലക്ഷം കോടി രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്. 2022ലെ 5,114 ഡീലുകളെ അപേക്ഷിച്ച് 2023ല്‍ ഫണ്ടിംഗ് ഡീലുകള്‍ 72 ശതമാനം ഇടിഞ്ഞ് 1,444 എണ്ണമായി. ഇന്ത്യയില്‍ യൂണികോണുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇന്‍ക്രെഡ്, സെപ്റ്റോ എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് 2023ല്‍ ഇന്ത്യയില്‍ യൂണികോണ്‍ പദവി നേടിയത്. 2022ല്‍ ഇന്ത്യയില്‍ 23 പുതിയ യൂണികോണുകള്‍ പിറന്നിരുന്നു. ലെന്‍സ്‌കാര്‍ട്ട് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് സമാഹരിച്ച 500 മില്യണ്‍ ഡോളറാണ് 2023ലെ ഏറ്റവും വലിയ ഫണ്ടിംഗ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കിയ വെഞ്ച്വര്‍ ക്യാപിറ്റലുകളില്‍ 100എക്‌സ്.വി.സി ഒന്നാമതെത്തി. 2023ല്‍ ഇത് 50ല്‍ അധികം ഡീലുകള്‍ നടത്തി. ഇന്‍ഫ്ലെക്ഷന്‍ പോയിന്റ് വെഞ്ചേഴ്സും ബ്ലൂം വെഞ്ചേഴ്സും ലിസ്റ്റില്‍ 100എക്‌സ്.വി.സിയെ പിന്തുടര്‍ന്നു. നിലവിലുള്ള ഓഹരിയുടമ അവരുടെ ഓഹരികള്‍ മൂന്നാം കക്ഷിക്ക് വില്‍ക്കുന്ന സെക്കന്‍ഡറി ഡീലുകളുടെ കാര്യത്തില്‍ ഫിന്‍ടെക് വ്യവസായത്തിനാണ് കൂടുതല്‍ വിപണി വിഹിതം.
◾അക്ഷയ് കുമാര്‍-ടൈഗര്‍ ഷ്രോഫ് ചിത്രത്തില്‍ കൊടൂര വില്ലനായി പൃഥ്വിരാജ്. ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ‘പ്രളയം സര്‍വ്വ നാശം വിതയ്ക്കുന്ന പ്രളയം’, എന്ന പൃഥ്വിരാജിന്റെ സംഭാഷണങ്ങളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ ലുക്ക് ടീസറില്‍ വ്യക്തമാക്കുന്നില്ല. ഇന്ത്യന്‍ സൈനികരായാണ് അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും വേഷമിടുന്നത്. ഇരുവരുടെ വന്‍ ആക്ഷന്‍ രംഗങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രം അലി അബ്ബാസ് സഫര്‍ ആണ് സംവിധാനം ചെയ്യുന്നത്. മാനുഷി ചില്ലര്‍, സൊനാക്ഷി സിന്‍ഹ, അലയ എഫ് എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നിലവില്‍ ജോര്‍ദ്ദാനില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഏപ്രിലില്‍ ഈദ് റിലീസ് ആയാണ് ചിത്രം എത്തുക. പൃഥ്വിരാജിന്റെ മൂന്നാം ബോളിവുഡ് അങ്കമാണ് ‘ബഡേമിയാന്‍ ഛോട്ടേ മിയാന്‍’.
◾തമിഴിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ മലയാളി താരങ്ങള്‍ എത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. ആ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് കമല്‍ ഹാസന്‍ നായകനാവുന്ന ‘തഗ് ലൈഫ്’. മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് അവര്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കരിയറില്‍ രണ്ടാമത്തെ തവണയാണ് മണി രത്നവും കമലും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം നായകന്‍ ആണ് ഇരുവരും ഇതിനുമുന്‍പ് ഒന്നിച്ച ഒരേയൊരു ചിത്രം. ജയം രവി, തൃഷ, ഗൗതം കാര്‍ത്തിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പേര് പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കുമെന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
◾ജയിപൂരില്‍ നടന്ന ഹീറോ വേള്‍ഡ് 2024 ഇവന്റില്‍ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്ട്രീം 125ആര്‍ മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ഐബിഎസ്, എബിഎസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. എക്‌സ്ട്രീം 125ആര്‍ ഹോണ്ട എസ്പി 125 നെ അപേക്ഷിച്ച് വിലയില്‍ അല്‍പ്പം ഉയര്‍ന്നതാണ്. 2024 ഫെബ്രുവരി 20 മുതല്‍ എല്ലാ ഹീറോ ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. പുതിയ എക്‌സ്ട്രീം 125ആറിന് കരുത്തേകുന്നത് 125 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 11.5 ബിഎച്ച്പി കരുത്തും 10.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഹീറോ 66 കിമി എന്ന മികച്ച ഇന്ധനക്ഷമത അവകാശപ്പെടുന്നു. ബ്ലൂ വിത്ത് സില്‍വര്‍, റെഡ് വിത്ത് ബ്ലാക്ക്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്.
◾വിശ്വപ്രസിദ്ധ പുസ്തകങ്ങളെക്കുറിച്ച് ലോകത്തിലെ ഏറ്റവും മികച്ച വായനക്കാരന്റെ നിരീക്ഷണങ്ങള്‍. പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും ഓഷോയുടെ ആസ്വാദനപ്രഭാഷണങ്ങള്‍. ഏതൊരു പുസ്തകപ്രേമിയും സ്വന്തമാക്കേണ്ട പുസ്തകം. ‘ഞാന്‍ സ്‌നേഹിച്ച പുസ്തകങ്ങള്‍’. പരിഭാഷ: പി. മുരളീധരന്‍. മൂന്നാം പതിപ്പ്. മാതൃഭൂമി. വില 187 രൂപ.
◾കൊളസ്ട്രോളാണ് ഇന്ന് പലരുടെയും ജീവിതത്തിലെ പ്രധാന വില്ലന്‍. മോശം ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകളും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. പ്രഭാത ഭക്ഷണം മുടക്കുന്നത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ഒരാളുടെ ശരിയായ ആരോഗ്യത്തിന് പ്രഭാത ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യതയും കൂടാം. ഇത് മൂലം അമിത വണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പ്രഭാതത്തില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. സിറിയലുകള്‍, ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്, പ്രിസര്‍വേറ്റീവ് തുടങ്ങിയവയും മറ്റ് ജങ്ക് ഫുഡുകളും പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. പലരും രാവിലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാറില്ല. അതും കൊളസ്ട്രോള്‍ സാധ്യതയെ കൂട്ടാം. അതിനാല്‍ രാവിലെ ഫൈബര്‍ അടങ്ങിയ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക. ആരോഗ്യകരമായ കൊഴുപ്പും പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് ചിലപ്പോള്‍ കൊളസ്ട്രോള്‍ സാധ്യതയെ കൂട്ടാം. ആരോഗ്യകരമായ കൊഴുപ്പ് ചീത്ത കൊളസ്ട്രോളിനെ കുറച്ച്, നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ഇതിനായി രാവിലെ നട്സ്, അവക്കാഡോ, ഒലീവ് ഓയില്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ അച്ഛന് നന്നേ വയസ്സായിരുന്നു. യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിക്കാനായി അവര്‍ ഒരു ഹോട്ടലില്‍ കയറി. അച്ഛന്റെ കൈകള്‍ വിറയ്ക്കുന്നതുകൊണ്ട് ഭക്ഷണം ഇടക്കെല്ലാം വസ്ത്രത്തില്‍ വീഴുന്നുണ്ടായിരുന്നു. ചായ കുടിച്ചപ്പോള്‍ ചായയും വസ്ത്രത്തില്‍ വീണു. ഇതെല്ലാം വളരെ ശ്രദ്ധയോടെ അയാള്‍ വൃത്തിയാക്കികൊണ്ടിരുന്നു. വയസ്സായ ആളുടെ രീതികള്‍ മറ്റ് ആളുകള്‍ക്ക് അരോചകമായി തോന്നി. പക്ഷേ, അയാള്‍ ഇതൊന്നും ശ്രദ്ധിക്കാതെ അച്ഛനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. അച്ഛനെയും കൂട്ടി മൂത്രപ്പുരയില്‍ പോയി തിരിച്ചുവരുന്നവഴി അഴിഞ്ഞുപോകാറായ മുണ്ട് വൃത്തിയായി മാടിക്കുത്തിക്കൊടുത്തു. പൈസയും കൊടുത്ത് അവര്‍ ഇറങ്ങുമ്പോള്‍ ഹോട്ടലുടമ പറഞ്ഞു: നിങ്ങള്‍ ഇവിടെ എന്തൊക്കെയൊ മറന്നുവെച്ചിട്ടുണ്ട്. അയാള്‍ തന്നെ തന്നെ ഒന്ന് പരിശോധിച്ചിട്ട് പറഞ്ഞു: ഇല്ലല്ലോ, ഞാന്‍ എല്ലാം എടുത്തിട്ടുണ്ട്. ഹോട്ടലുടമ പറഞ്ഞു: അല്ല, മറന്നുവെച്ചിട്ടുണ്ട്… എല്ലാ മക്കള്‍ക്കും ഒരു പാഠവും, എല്ലാ അച്ഛനമ്മമാര്‍ക്ക് ഒരു പ്രതീക്ഷയും അവശേഷിപ്പിച്ചാണ് നിങ്ങള്‍ പോകുന്നത്… അയാള്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അച്ഛനെ ചേര്‍ത്ത് പിടിച്ച് യാത്രയായി.. എല്ലാവരും ദൗര്‍ബല്യങ്ങളോടെ തന്നെയാണ് ജനിച്ചുവീഴുന്നത്. ബലഹീനതകളെ ബാക്കിയാക്കിയാണ് കടന്നുപോകുന്നതും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരെങ്കിലുമൊക്കെ കൂടെയുണ്ടായിരുന്നു. തനിയെ വളര്‍ന്ന്, തനിയെ ഭക്ഷിച്ച് , തനിയെ രൂപാന്തരപ്പെട്ട ആരുമുണ്ടാകില്ല. ആരുടെയെങ്കിലുമൊക്കെ സാന്നിധ്യം അവരുടെ ജീവിതത്തിലുണ്ടാകും. അത് കാറ്റാകാം, കനലാകാം, കൈവിളക്കാകാം.. ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ടായിട്ടും, ചേര്‍ത്തുപിടിച്ച ചിലരെങ്കിലുമൊക്കെ നമ്മുടെ ജീവിതത്തിലുണ്ടാകും.. അവരാണ് നമ്മുടെ പ്രതീക്ഷയുടെ കൈത്താങ്ങ്.. അവരുടെ ഊര്‍ജ്ജം ചോര്‍ന്നുപോകാതെ എന്ത് വിലകൊടുത്തും നമുക്ക് സംരക്ഷിക്കാന്‍ ശ്രമിക്കാം – ശുഭദിനം.