yt cover 25

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നു നടന്നേക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അയച്ച സര്‍ക്കുലറിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയത്. തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആസൂത്രണത്തിനുള്ള റഫറന്‍സിനായാണ് ഏപ്രില്‍ 16 നു വോട്ടെടുപ്പു നടത്താമെന്നു നിര്‍ദേശിച്ചതെന്നാണു വിശദീകരണം.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് തീരുവ കൂട്ടിയത്. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്ന പേരിലാണ് അഞ്ചു ശതമാനം വര്‍ധിപ്പിച്ചത്. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനമാണ്. ജനുവരി 22 നു പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ സ്വര്‍ണം അടക്കമുള്ളവയ്ക്കു വില വര്‍ധിക്കും.

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്. പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. പണിമുടക്കുന്നവര്‍ക്കെതിരേ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ആസാമിലെ ഗോഹട്ടിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയെ തടഞ്ഞ പോലീസിനോട് യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആവശ്യപ്പെട്ടു. ഗോഹട്ടിയിലേക്കു പ്രവേശനം തടഞ്ഞ് പോലീസ് നിരത്തിയ ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറിച്ചിട്ടിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമങ്ങള്‍ നടത്തിയതിനും കേസെടുക്കണമെന്നാണ് മുഖ്യമന്ത്രി ഡിജിപിക്കു നിര്‍ദേശം നല്‍കിയത്. ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവാണെന്ന് ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.

തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പുതുക്കിയതില്‍ ക്രമക്കേടുണ്ടെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും കെപിസിസി. മിക്ക വാര്‍ഡുകളിലും ക്രമാതീതമായി കൂട്ടിചേര്‍ക്കലിനുള്ള അപേക്ഷകള്‍ വന്നിട്ടുണ്ട്. ഇതിന്റെ കാരണം കണ്ടെത്താന്‍ പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും മികച്ച കായിക സംസ്‌കാരമുള്ള കേരളത്തെ വെല്‍നെസ് ആന്‍ഡ് ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഥമ അന്തര്‍ദേശിയ സ്‌പോര്‍ട്സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക മേഖലയ്ക്ക് നാലു ദിവസത്തെ ചര്‍ച്ചകള്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യദിനം സ്പോര്‍ട്സ് മേഖലയില്‍ 1,900 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചെന്നു സംഘാടകര്‍ പറഞ്ഞു.

കൊച്ചിയിലെ നെടുമ്പാശേരിയില്‍ രാജ്യാന്തര നിലവാരമുള്ള പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനുള്ള നിര്‍ദേശം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. തിരുവനന്തപുരത്തു നടക്കുന്ന കായിക ഉച്ചകോടിയിലാണ് പദ്ധതി രേഖ കൈമാറിയത്. വിമാനത്താവളത്തിനു സമീപം 40 ഏക്കര്‍ സ്ഥലത്ത് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് വിഭാവനംചെയ്യുന്നത്. 40,000 ഇരിപ്പിടങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോര്‍ട്സ് അക്കാദമി തുടങ്ങിയവ ഉള്‍പ്പെടുന്നതാകും കൊച്ചിന്‍ സ്പോര്‍ട്സ് സിറ്റി.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

അഞ്ചു മാസമായി ക്ഷേമ പെന്‍ഷന്‍ കിട്ടാതെ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ ആണ് മരിച്ചത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കാണിച്ച് പാപ്പച്ചന്‍ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഹെഡ് ക്വാര്‍ട്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീബ അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്കു കാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവ് അടക്കം മൂന്നു പേര്‍ പിടിയില്‍. ഭര്‍ത്താവ് നൗഫല്‍, ഭര്‍ത്താവിന്റെ അച്ഛന്‍ സജിം, ഭര്‍തൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഷഹാനയെ ആശുപത്രിയിലും ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.

ബിജെപിക്ക് ശ്രീരാമനെ വിട്ടുകൊടുക്കില്ലെന്നു ശശി തരൂര്‍ എംപി. ‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്നായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാം ലല്ലയുടെ ചിത്രത്തിനൊപ്പം തരൂര്‍ കുറിച്ചത്. ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശശി തരൂര്‍.

എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ റെയ്ഡിന് എത്തുന്നതിനു തൊട്ടുമുമ്പ് ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് ഉടമകള്‍ മുങ്ങി. തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ എംഡി കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ ശരണ്‍ എന്നിവരാണു മുങ്ങിയത്. രാവിലെ പത്തരയോടെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോഴേക്കും കടന്നു കളയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വൈകുന്നേരവും പരിശോധനകള്‍ തുടര്‍ന്നു. നൂറു കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍. ഭാസുരാംഗന്റെ ഒരു കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടു നടന്നെന്ന കേസില്‍ ഭാസുരാംഗന്‍ ജാമ്യം കിട്ടാതെ ജയിലിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിന് കടമായി നല്‍കിയ 77.6 ലക്ഷം രൂപയെക്കുറിച്ചും അന്വേഷണം വേണമെന്ന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി. കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജാണ് പരാതി നല്‍കിയത്.

കോഴിക്കോട് അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അടക്കം കോണ്‍ഗ്രസുകാരായ 10 പ്രതികളെ റിമാന്‍ഡു ചെയ്തു. ഡിസംബര്‍ 20 ന് കെപിസിസി സംസ്ഥാന വ്യാപകമായി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ഭാഗമായായിരുന്നു അത്തോളിയിലെ സമരം.

വ്യാജ വിസ കേസില്‍ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുജീബ് ഡല്‍ഹിയില്‍ അറസ്റ്റില്‍. വ്യാജ വിസ നല്‍കുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ഷെങ്കന്‍ വിസയുമായി ഒരാളെ കഴിഞ്ഞ ദിവസം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുജീബിലേക്ക് പൊലീസ് എത്തിയത്.

ട്വന്റി 20 പാര്‍ട്ടി സമ്മേളനത്തില്‍ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ചെന്ന് ആരോപിച്ച് ട്വന്റി20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പരാതി നല്‍കി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളജ് ഇന്നു തുറക്കും. തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ തടയാനാണ് ഈ നടപടി.

തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍ വാര്‍ഡില്‍ വോട്ടര്‍ പട്ടികയില്‍ സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന് ആരോപിച്ച് തിരുവല്ലം സോണല്‍ ഓഫീസില്‍ ബി ജെ പി തിരുവല്ലം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ സംഘര്‍ഷത്തില്‍ കലാശിച്ചു. സമരത്തിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെ വാക്കേറ്റവും അടിപിടിയുമായി. സ്ഥലത്തെത്തിയ പൊലീസുമായും ഉന്തും തള്ളും നടന്നു.

മൂന്നാര്‍ ഗുണ്ടുമലയ്ക്കു സമീപം തെന്മലയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി പാല്‍രാജ് (73) ആണ് മരിച്ചത്.

പരവൂരിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യക്കു കാരണക്കാരായ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ കളക്ടറെ ഉപരോധിച്ചു. കളക്ടറുടെ ഓഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

തിരുവനന്തപുരം പാറശ്ശാലയില്‍ 12 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ അരവിന്ദ് മോഹന്‍ (24) ആണ് പിടിയിലായത്.

വയനാട്ടിലെ തരുവണ കരിങ്ങാരിയിലെ നെല്‍പ്പാടത്തെ ജനവാസ മേഖലയില്‍ കുറ്റിക്കാട്ടില്‍ ഒളിച്ച കരടിയെ പടക്കം പൊട്ടിച്ച് പുറത്തു ചാടിച്ചു. തോട്ടത്തിലേക്കു പോയ കരടിയെ മയക്കുവെടി വച്ചു പിടികൂടാനാണ് തീരുമാനം.

തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍പേഴ്‌സന്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ എസ്എഫ്ഐ വിജയിച്ചു.

ഒന്‍പത് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണന്‍ – വന്ദന ദമ്പതികളുടെ ആണ്‍കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരന്‍ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന ബിഹാറിലെ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിന് പോരാടിയ നേതാവായിരുന്നു കര്‍പ്പൂരി താക്കൂര്‍. ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു ഇദ്ദേഹം.

ആസാമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് മുഖ്യമന്ത്രി ഏര്‍പ്പെടുത്തിയ നിരോധവും നിയന്ത്രണങ്ങളും ബിജെപിയുടെ ആക്രമണങ്ങളും യാത്രയ്ക്കും തനിക്കും ഊര്‍ജമാണെന്ന് രാഹുല്‍ഗാന്ധി. ബിജെപി നടത്തിയ ഒരു പരിപാടികള്‍ക്കും ആസാമില്‍ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആദ്യദിനമായ ഇന്നലെ മൂന്ന് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയെന്ന് ക്ഷേത്ര ട്രസ്റ്റ്. ഇന്നലെ മുതലാണ് പൊതുജനങ്ങള്‍ക്കു ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നത്. സൈനികരും യുപി പോലീസും അടക്കം എണ്ണായിരത്തിലേറെ സായുധസേനയാണ് സുരക്ഷയ്ക്കും തിരക്കു നിയന്ത്രിക്കാനും രംഗത്തുള്ളത്.

അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പണി പൂര്‍ത്തിയാകാത്ത ഭാഗങ്ങള്‍ താത്കാലിക അലങ്കാരങ്ങള്‍ ഉപയോഗിച്ചു കെട്ടിമറച്ചുകൊണ്ടാണെന്നു റിപ്പോര്‍ട്ട്. മൂന്നു നിലയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ ഒരു നിലയുടെ പണി മാത്രമാണ് പൂര്‍ത്തിയായത്. മുകളിലേക്കുള്ള കോണിയുടെ ഭാഗം കെട്ടിമറച്ചെന്നാണു റിപ്പോര്‍ട്ട്.

ഹരിയാനയിലെ ഭിവാനിയില്‍ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ട നടന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഹരീഷ് മേത്ത എന്ന നടനാണ് കുഴഞ്ഞുവീണ് മരിച്ചത്. വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഇദ്ദേഹം.

മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. 1942 നു ശേഷം ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടന്നിട്ടില്ലെന്നാണ് രവി പ്രസംഗിച്ചത്. നിസഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. നേതാജി സുഭാഷ് ചന്ദ്രബോസ് കാരണമാണ് 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയത്. അദ്ദേഹം പറഞ്ഞു. അണ്ണാ സര്‍വകലാശാലയിലെ നേതാജി അനുസ്മരണ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്.

വിവാഹിതയായി മാസങ്ങള്‍ക്കകം വിധവയായ യുവതിക്ക് 29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ വിധി പിന്‍വലിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഫെബ്രുവരിയില്‍ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് മരിച്ചത്.

മധ്യഗാസയില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 24 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുകയായിരുന്ന സൈനികരാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് പറഞ്ഞു.

മൂന്നാം തോല്‍വിയോടെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ഓസ്‌ട്രേലിയയ്ക്കും ഉസ്‌ബെക്കിസ്താനും പിന്നാലെ സിറിയയോടും തോറ്റതോടെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

2021-2022 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പൂര്‍ണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. കമ്പനിയുടെ സംയോജിത വരുമാനം 2020-21 സാമ്പത്തിക വര്‍ഷത്തെ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചു. ഇതിനു മുമ്പ് 2023 നവംബറില്‍ ബൈജൂസ് ഭാഗികമായ പ്രവര്‍ത്തനഫലം പുറത്തു വിട്ടിരുന്നു. അതുപ്രകാരം പ്രധാന ബിസിനസിന്റെ ഏകീകൃത വരുമാനം 3,569 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള നഷ്ടം 2,253 കോടി രൂപയാണ്. വരുമാനം നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്നായിരുന്നു നേരത്തെ ബൈജൂസ് പറഞ്ഞിരുന്നത്. അതാണ് ഇപ്പോള്‍ 5,298 കോടി രൂപയെന്ന് തെളിഞ്ഞിരിക്കുന്നത്. നഷ്ടം കുമിഞ്ഞു കൂടിയതോടെ ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാണെന്നത് വ്യക്തമായി. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നുണ്ട്. കമ്പനിയുടെ മൂല്യം വെറും 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് അറിയുന്നത്. അതായത് 90 ശതമാനത്തോളം കുറവ്. 2022ന്റെ അവസാനം വരെ 2200 കോടി ഡോളര്‍ (ഏകദേശം 1.82ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.

മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുക. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിടുന്നു. സംവിധാനം എം എ നിഷാദാണ്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രം ഒരുങ്ങുന്നത് ഒരു ആക്ഷേപഹാസ്യമായിട്ടാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്. പ്രവാസി വ്യവസായിയായ വിഘ്നേശ് വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള ആദ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. ഗാനരചന പ്രഭാ വര്‍മ്മയ്ക്കും റഫീഖ് അഹമ്മദിനുമൊപ്പം ഹരിനാരായണന്‍, മനു മഞ്ജിത് എന്നിവരും നിര്‍വഹിക്കുന്നു.

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റേതായി തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രമായിരുന്നു ‘നേര്’. ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ കോര്‍ട്ട് റൂം ഡ്രാമയില്‍ വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി നേടിയതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാവും. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്.

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ വെസ്പ ചൈനീസ് പുതുവര്‍ഷം ആഘോഷിക്കാന്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ 946 ഡ്രാഗണ്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഹെഡ്‌ലാമ്പിനും സൈഡ് പ്രൊഫൈലിനും താഴെ പ്രത്യേക ഡ്രാഗണ്‍ ലിവറി സഹിതം എമറാള്‍ഡ് ഗ്രീന്‍ നിറത്തിലാണ് വെസ്പ സ്‌കൂട്ടറിന്റെ പ്രത്യേക പതിപ്പ് വരുന്നത്. സ്‌കൂട്ടറിന്റെ അതേ ഡ്രാഗണ്‍ പാറ്റേണിംഗ് ഉള്ള ഒരു കസ്റ്റമൈസ്ഡ് ജാക്കറ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടും പരിമിതമായ 1888 യൂണിറ്റുകള്‍ മാത്രമേ കമ്പനി വില്‍ക്കുകയുള്ളൂ. പുതിയ ലിമിറ്റഡ് എഡിഷന്‍ വെസ്പ 946 സ്‌കൂട്ടറിന് മുന്നിലും പിന്നിലും 12 ഇഞ്ച് ടയറുകള്‍ ഉണ്ട്. പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും മുന്‍വശത്ത് കോയില്‍ സ്പ്രിംഗും ഉണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിനായി, ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനമുള്ള സ്‌കൂട്ടറിന് മുന്നിലും പിന്നിലും 220 എംഎം ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നു. എട്ട് ലിറ്റര്‍ ഇന്ധന ടാങ്കാണ് സ്‌കൂട്ടറിന്റെ സവിശേഷത. സ്‌കൂട്ടറിനൊപ്പം രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 125 സിസി എഞ്ചിനും 150 സിസി എഞ്ചിനും. ഈ സ്‌കൂട്ടറിന്റെ വിലവിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കേരളീയര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന, കൃഷിക്കും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമായി ചിട്ടപ്പെടുത്തിയ കാര്‍ഷിക സംസ്‌കൃതിയുടെ ബാക്കിപത്രമായ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേലകള്‍. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഞാറ്റുവേലയെ നോക്കിക്കാണുന്നു ഞാറ്റുവേലയും നക്ഷത്രങ്ങളും എന്ന പുസ്തകം. ‘ഞാറ്റുവേലയും നക്ഷത്രങ്ങളും’. സുരേന്ദ്രന്‍ പുന്നശേരി. മാതൃഭൂമി ബുക്സ്. വില 144 രൂപ.

ധാരാളം പോഷകമൂല്യമുള്ള ഒന്നാണ് സൂര്യകാന്തി വിത്ത്. ഡയറ്റില്‍ സൂര്യകാന്തി വിത്ത് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇരുമ്പിന്റെ കലവറയായ സൂര്യകാന്തി വിത്തുകള്‍ ഹൃദയത്തിന് ഗുണങ്ങള്‍ നല്‍കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ കേന്ദ്രമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ മോശം കൊളസ്ട്രോള്‍ അടഞ്ഞുകൂടുന്നത് തടയുന്നു. മാനസിക പിരിമുറക്കം അനുഭവിക്കുന്നവരും ക്ഷീണം ഉള്ളവരും ഇത് കഴിക്കുന്ന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യത്തിന്റെ ഉറവിടമാണ് സൂര്യകാന്തി വിത്ത്. വിറ്റാമിന്‍ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനു സഹായകരമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിനും സൂര്യകാന്തി വിത്തുകള്‍ കഴിക്കാവുന്നതാണ്. ഇതിലെ ഉയര്‍ന്ന പോഷാകാംശവും കുറഞ്ഞ കലോറിയുമാണ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. തലമുടി കൊഴിയുന്നവര്‍ക്കും സൂര്യകാന്തി വിത്തുകള്‍ ഉത്തമ പരിഹാരമാണ്. ചര്‍മ സംരക്ഷണത്തിനും സൂര്യകാന്തി വിത്തുകള്‍ വലിയ പങ്ക് വഹിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ എന്നും തന്റെ ഭാണ്ഡവുമെടുത്ത് യാത്രകള്‍ ചെയ്യും. ആകെ ഭിക്ഷയായി ചോദിക്കുന്നത് അല്‍പം ഭക്ഷണം മാത്രമാണ്. ആരെങ്കിലും പൈസകൊടുത്താല്‍ അതുകൊണ്ട് മിഠായികളും കളിപ്പാട്ടങ്ങളും വാങ്ങും. ഈ മിഠായികളും കളിപ്പാട്ടങ്ങളുമെല്ലാം അയാള്‍ കണ്ടുമുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഒരിക്കല്‍ കുറച്ചു ചെറുപ്പക്കാര്‍ അയാളോട് ചോദിച്ചു: ഞങ്ങള്‍ക്കുളള എന്തെങ്കിലും ഈ ഭാണ്ഡത്തിലുണ്ടോ? അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഈ ഭാണ്ഡം ഒരു പ്രതീകമാണ്. ഇതുപോലെ പലരും അദൃശ്യമായ ഭാണ്ഡങ്ങളും പേറിയാണ് നടക്കുന്നത്. അനാവശ്യമായ ഒന്നാണ് ആ ഭാണ്ഡത്തിലെങ്കില്‍ അതിന്റെ ഭാരം നിങ്ങളെ ബുദ്ധിമുട്ടിക്കും. എന്റെ ഭാണ്ഡത്തില്‍ നിറയെ കളിപ്പാട്ടങ്ങളും മിഠായികളുമാണ്. അത് എന്റെ കുട്ടികള്‍ക്കുള്ളതാണ്. അതുകൊണ്ടുതന്നെ അവയെനിക്ക് ഭാരമേയല്ല. അയാള്‍ ചിരിച്ചുകൊണ്ട് ഭാണ്ഡവുമെടുത്ത് നടന്നകന്നു. എല്ലാ ചുമടുകളും ഭാരങ്ങളാകുന്നില്ല. ചുമടെടുക്കാതെയും ചുമലിലേറ്റാതെയുമുളള യാത്രകള്‍ അനായസരമാണെങ്കിലും ആത്മസംതൃപ്തി നല്‍കുന്നവയാകണമെന്നില്ല. ഒന്നും ഏറ്റെടുക്കാതെ ഒന്നിലും ഇടപെടാതെ, ആര്‍ക്കുവേണ്ടിയും നിലകൊള്ളാതെയുള്ള ദിനങ്ങള്‍ ആര്‍ക്കും ഉപകരിക്കാത്തവയാണ്. അവനവനോ അപരനോ സന്തോഷത്തിന്റെ ഒരു കണികപോലും നല്‍കാതെയുള്ള ജീവിതത്തിന് എന്തര്‍ത്ഥമാണ് ഉളളത്? പേറുന്ന ഭാണ്ഡത്തിന്റെ പ്രസക്തി ഇവിടെയാണ്. ചുമക്കേണ്ടവയെ മാത്രം ചുമലിലേറ്റുക. അല്ലാത്തവയെ മാലിന്യകൂമ്പാരത്തില്‍ തള്ളുക.. മറ്റുള്ളവര്‍ക്ക് സന്തോഷവും ഊര്‍ജ്ജവും നല്‍കുന്ന ഭാണ്ഡത്തിന്റെ ഉടമകളാകാന്‍ നമുക്കും ശ്രമിക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *