ഇന്ത്യാ മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ തെരഞ്ഞെടുത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പങ്കെടുത്തില്ല. അതേസമയം ഇന്ത്യ സഖ്യ യോഗത്തില്‍ നിന്ന് മമത വിട്ടു നില്‍ക്കുന്നത് ആയുധമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.അഴിമതി സഖ്യത്തിലെ ഓരോ പാര്‍ട്ടിയും തമ്മില്‍ പരസ്പരം ഐക്യമില്ലെന്നും ഓരോ പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ബിജെപി ദേശീയ ജന സെക്രട്ടറി തരുണ്‍ ചുഗ് പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങള്‍ വിലക്കിയെന്ന വാര്‍ത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹം. അന്നേ ദിവസം ഗുരുവായൂരില്‍ വിവാഹം നിശ്ചയിച്ച 40ഓളം വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. 17ന് മറ്റു വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്നും എന്നാല്‍ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ അറിയിച്ചു.
നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് ഗുരുവായൂരിലെ മറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്ന് ദേവസ്വം ബോര്‍ഡും പൊലീസും വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വക്കീല്‍ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമര്‍ശം എഴു ദിവസത്തിനകം പിന്‍വലിക്കണമെന്നും, ഒരു കോടി രൂപ മാനനഷ്ടം വേണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഉദയനിധി സ്റ്റാലിന്‍ ഈ മാസം ഉപമുഖ്യമന്ത്രിയാകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് എതിരാളികള്‍ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയിലേക്ക് തിരിഞ്ഞത്. എതിരാളികളുടെ ഇത്തരം നീക്കങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ പ്രതി ആയ ക്ലര്‍ക്ക് അരവിന്ദ് പണം ചെലവിട്ടത് ഓണ്‍ലൈന്‍ റമ്മി കളിക്ക് എന്നാണ് പൊലീസ് കണ്ടെത്തല്‍. അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. അക്കൗണ്ടുകളില്‍ ബാക്കിയുളളത് 22.5 ലക്ഷം മാത്രമാണ്.
തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഹോക്കോടതിയുടെ ഉപദേശം. വിദ്യാര്‍ഥികള്‍ കൃത്യമായി ക്ലാസില്‍ കയറണമെന്നും മാതാപിതാക്കളെ അനുസരിക്കണമെന്നും ഹൈക്കോടതി ജഡ്ജി സി എസ് ഡയസ് ഉപദേശിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ അല്ലേയെന്നും, കുറെ കണ്ടതല്ലേയെന്നും, ലോക് സഭ തെരഞ്ഞെടുപ്പ് വരുകയല്ലേയെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
പയ്യന്നൂരില്‍ കാറിലില്ലാത്ത സ്ത്രീയുടെ ചിത്രം റോഡ് ക്യാമറയില്‍ പതിഞ്ഞതില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കി. കാറിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ ചിത്രം രാത്രിയായതിനാല്‍ സ്ത്രീയായി തോന്നിയതെന്നാണ് മറുപടി. സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയടയ്ക്കാന്‍ വന്ന നോട്ടീസിലായിരുന്നു ദുരൂഹ ചിത്രം.
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ കൂടികാഴ്ച നടത്തി. ബിജെപി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും ബിഡിജെഎസ് അറിയിച്ചു.
എഐഎഡിഎംകെ നേതാവായ ട്രാന്‍സ്‌ജെന്‍ഡര്‍ അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍, യൂട്യൂബര്‍ ജോ മൈക്കല്‍ പ്രവീണിനോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലെ വീഡിയോകള്‍ ജോ അപ്ലോഡ് ചെയ്തതിന് പിന്നാലെ, പരിപാടികളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും, ഇത് കാരണം കടുത്ത മാനസിക സംഘര്‍ഷം നേരിട്ടതായും പരാതിയില്‍ പറഞ്ഞിരുന്നു.
കാനഡയിലെ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറക്കുന്നതിന് തൊട്ട് മുമ്പ് വിമാനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍. യാത്രക്കാരന്‍ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും പൊലീസ് പറഞ്ഞു.