s2 yt cover 1

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയോഗിച്ചു. നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തുക.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഇന്ത്യ മുന്നണിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു. വെര്‍ച്വല്‍ യോഗത്തിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. സീറ്റു വിഭജനം, ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍തന്നെ ചെയര്‍മാനാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണു നിര്‍ദേശിച്ചത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ നാളെ മണിപ്പൂരില്‍നിന്ന് ആരംഭിക്കും. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും. മഹാരാഷ്ട്രയിലാണു സമാപനം. 66 ദിവസം കൊണ്ട് 6713 കിലോമീറ്റര്‍ നീളുന്ന യാത്ര ബസിലാണ്. പലയിടങ്ങളില്‍ നടന്നും മറ്റ് വാഹനങ്ങളിലും രാഹുല്‍ സഞ്ചരിക്കും.

സംസ്ഥാനത്ത് നാലര ലക്ഷം ഡ്രൈവിംഗ് ലൈസന്‍സും ആര്‍സി ബുക്കും വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ഒരു ആര്‍ടി ഓഫീസില്‍നിന്ന് ഒരു ദിവസം ഇരുപതിലേറെ പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലേണേഴ്സ് പരീക്ഷയ്ക്കു 30 ചോദ്യങ്ങള്‍ ഉള്‍പെടുത്തുമെന്നും 25 എണ്ണത്തിനു ശരിയുത്തരം നല്‍കുന്നവരെ മാത്രമേ പാസാക്കൂവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 20 ചോദ്യങ്ങളില്‍ 12 ശരിയുത്തരം നല്‍കിയാല്‍ പാസാകും.

റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതാണു കാരണം. നൂറുകോടി രൂപ കുടിശികയുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

എക്സാലോജിക് സേവനം നല്‍കാതെ നിരവധി കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ചെലവുകള്‍ പെരുപ്പിച്ചു കാണിച്ച് തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കേന്ദ്ര അന്വേഷണത്തെക്കുറിച്ച് സിപിഎം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും

*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേന്ദ്ര അന്വേഷണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തുതീര്‍പ്പിനുള്ള കളമൊരുക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. സ്വര്‍ണ്ണകടത്തു കേസ് അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ശക്തമാക്കാനാണ് അന്വേഷണമെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

കേന്ദ്ര അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഎം ബിജെപി ബന്ധം ശക്തമാക്കാനുള്ള കുറുക്കുവഴയാണെന്നു സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി എംപി. സമര പോരാട്ടങ്ങളിലൂടെ പാര്‍ട്ടിയെ സജീവമാക്കുന്നതില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ മാതൃകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്ന് ഭക്തരുടെ ശരണംവിളികളോടെ പുറപ്പെട്ടു. ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ 15 ന് വൈകുന്നേരം സന്നിധാനത്ത് എത്തും.

ജനുവരി 20 ന് ഡിവൈഎഫ്ഐ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരുക്കുന്ന മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകാന്‍ പ്രമുഖരെ ക്ഷണിച്ച് ഡിവൈഎഫ്ഐ നേതാക്കള്‍. നടി നിഖിലാ വിമലിനെ വീട്ടിലെത്തി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മനുഷ്യച്ചങ്ങലയില്‍ കണ്ണിയാകാന്‍ ക്ഷണിച്ചു. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരേയാണ് മനുഷ്യച്ചങ്ങല ഒരുക്കുന്നത്.

കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ടിപി ശ്രീജിത്തിനെ സസ്പെന്‍ഡു ചെയ്തു. ഹൈദരാബാദിലെ കറന്‍സി ചെസ്റ്റിലേക്ക് പണംകൊണ്ടു പോകാന്‍ മതിയായ സുരക്ഷ നല്‍കിയില്ലെന്ന് ആരോപിച്ചാണു സസ്പെന്‍ഷന്‍. കറന്‍സിയുമായി പോയ വാഹനത്തിന് അകമ്പടി പോകാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല, സര്‍വീസ് പിസ്റ്റള്‍ കൈവശം വച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രാത്രിയില്‍ യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും ഫോണും അപഹരിച്ച സംഭവത്തില്‍ രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയത്. ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ജലീല്‍(32), ജലാലുദ്ദീന്‍(35), മുഹമ്മദ് റംഷാദ്(25), ഫൈസല്‍(32), അല്‍ത്താഫ്(20), കൊല്ലം കരുനാഗപള്ളി ശിവഭവനം വീട്ടില്‍ കല്ല്യാണി(20), പാലക്കാട് വാണിയംകുളം കുന്നുംപറമ്പ് വീട്ടില്‍ മഞ്ജു(25)എന്നിവരാണ് പിടിയിലായത്.

വടകര കുഞ്ഞിപ്പള്ളിയില്‍ കടമുറിയില്‍ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്നു സംശയം. മുറിയില്‍നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.

ദമ്പതികള്‍ തമ്മിലുള്ള വഴക്കു തീര്‍ക്കാനുള്ള മധ്യസ്ഥ ചര്‍ച്ചക്കിടെ മര്‍ദ്ദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേല്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. യുവതിയുടെ ബന്ധുക്കളായ തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം(25) അന്തരിച്ചു. കാനഡയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സാന്ദ്ര സലീമിന് കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നാട്ടിലെത്തി ചികില്‍സ നടത്തിവരികയായിരുന്നു.

ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ ഒന്നര കോടി രൂപ കൈക്കലാക്കിയെന്ന കേസില്‍ കല്ലേപ്പുള്ളി സ്വദേശി മിഥുന്‍ ദാസിനെ പാലക്കാട് സൗത്ത് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. മെറ്റഫോഴ്സ് ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി എന്ന പേരില്‍ പൊതുജനങ്ങളില്‍നിന്നു ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കോഴിക്കോട് കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവിലാണു ഡ്രൈവിംഗ് സീറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്.

തുണിക്കടയുടെ മുന്നില്‍ ഇരുന്നതിനാണ് കഴിഞ്ഞ ദിവസം എറണാകുളം ഇരുമ്പനത്ത് കടയുടമ അറുപതുകാരനെ വെട്ടിക്കൊന്നതെന്നു പോലീസ്. തുതിയൂര്‍ സ്വദേശിയായ ശശി (60)യാണ് കൊല്ലപ്പെട്ടത്. കടയുടമ ഹരിദാസനെ പൊലീസ് അറസ്റ്റു ചെയ്തു. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റു പോകാന്‍ ആവശ്യപ്പെട്ടിട്ടും പോകാതിരുന്നതിന്റെ പേരിലുണ്ടായ വഴക്കിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

വിലക്കയറ്റം നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡിസംബറില്‍ 5.69 ശതമാനമാണു വിലക്കയറ്റം. ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം നവംബറില്‍ 5.5 ശതമാനമാണ്.

സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ പാര്‍ട്ടിയില്‍ പലപ്പോഴും തന്നെ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതല്‍ 1985 വരെയുള്ള അനുഭവക്കുറിപ്പുകള്‍ രേഖപ്പെടുത്തിയ പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങള്‍. ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്നാണ് പുസ്തകത്തിന്റെ പേര്.

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ പൂനെയില്‍ അന്തരിച്ചു. 92 വയസായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് മദ്യനയ അഴിമതി കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നാലാം തവണയും നോട്ടീസ് നല്‍കി. 18 നു ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതോ ഫോണിലുണ്ടാകുന്നതോ പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാല്‍ ഇത്തരം ദൃശ്യങ്ങള്‍ ധാര്‍മ്മിക ശോഷണത്തിനുള്ള തെളിവായാണ് കാണാനാവുകയെന്നും കോടതി വ്യക്തമാക്കി. അതേസമയം അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതും പ്രചരിപ്പിക്കലും പോക്സോ വകുപ്പിനു കീഴിലുള്ള കുറ്റകൃത്യമാകുമെന്നുമാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ഉത്തരവ്. രണ്ട് അശ്ലീല വിഡിയോകള്‍ മൊബൈലില്‍ കണ്ടതിന് യുവാവിനെ അറസ്റ്റു ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ബോളിവുഡ് താരം രാഖി സാവന്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി മുംബൈ കോടതി തള്ളി. സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയാണ് രാഖി സാവന്തിനെതിരേ കേസ് നല്‍കിയത്. ജാമ്യ ഹര്‍ജി തള്ളിയതോടെ രാഖിയെ അറസ്റ്റു ചെയ്തേക്കും.

മൃതദേഹവുമായുള്ള ആംബുലന്‍സ് കുഴിയില്‍ ചാടിയതോടെ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ എണ്‍പതുകാരന്‍ ചാടിയെണീറ്റു. ഹരിയാനയിലാണ് സംഭവം. ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി ജീവന്‍ തിരിച്ചു നല്‍കിയത്. പട്യാലയിലെ ആശുപത്രിയില്‍ നിന്ന് കര്‍ണലിനടുത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു ‘പുനര്‍ജന്മം’.

അമേരിക്കയില്‍ അതിശൈത്യം. 12 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം വിമാന സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കി. 5846 വിമാനങ്ങളാണ് വൈകിയെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ നിക്ഷേപമുള്ളത് ഇന്ത്യന്‍ കുടുംബങ്ങളിലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-21 വര്‍ഷത്തില്‍ 13,000 ടണ്‍ വരെയായിരുന്നു ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണനിക്ഷേപം. 2023ല്‍ ഇത് 25,000 ടണ്ണായി വര്‍ധിച്ചു. ഇന്ത്യയിലെ സ്വര്‍ണനിക്ഷേപത്തിന്റെ മൂല്യം കണക്കാക്കിയാല്‍ ജി.ഡി.പിയുടെ 40 ശതമാനം വരുമത്. സ്വര്‍ണം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹങ്ങളിലും ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം കൂടിയേ തീരു. രാജ്യത്തെ സ്ത്രീകളും വ്യാപകമായി സ്വര്‍ണം ഉപയോഗിക്കുന്നുണ്ട്. ഇതിനുമെല്ലാം അപ്പുറം ഇന്ത്യക്കാരന്റെ സുരക്ഷിത നിക്ഷേപം കൂടിയാണ് സ്വര്‍ണം. ലോകത്തിലെ സ്വര്‍ണത്തിന്റെ 11 ശതമാനവും ഇന്ത്യന്‍ കുടുംബങ്ങളിലാണ്. യു.എസ്, സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളേക്കാളും കൂടുതല്‍ സ്വര്‍ണനിക്ഷേപം ഇന്ത്യയിലെ കുടുംബങ്ങളിലുണ്ട്. അതേസമയം, കരുതല്‍ സ്വര്‍ണ ശേഖരത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയല്ല ഒന്നാമത്. 8133.5 മെട്രിക് ടണ്‍ ശേഖരവുമായി യു.എസാണ് ഒന്നാമത്. ജര്‍മനിയാണ് പട്ടികയില്‍ രണ്ടാമത്. 3359.1 മെട്രിക് ടണ്ണാണ് ജര്‍മനിയുടെ സ്വര്‍ണ കരുതല്‍ ശേഖരം. 2451.8 മെട്രിക് ടണ്‍ സ്വര്‍ണ കരുതല്‍ ശേഖരമുള്ള ഇറ്റലിയാണ് പട്ടികയില്‍ മൂന്നാമത്.

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്സാപ്പിന്റെ ഐഒഎസ് വേര്‍ഷനില്‍ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്നതാണ് ഫീച്ചര്‍. ചാറ്റുകളെ കുടുതല്‍ രസകരമാക്കി മാറ്റാന്‍ സഹായിക്കുന്ന ഫീച്ചറുകളിലൊന്നാണ് സ്റ്റിക്കറുകള്‍. പുതിയ ഫീച്ചറിലൂടെ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും. ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും പങ്കുവെക്കാം. ഈ സ്റഅറിക്കര്‍ നിര്‍മിക്കാനായി ചാറ്റ് തുറന്ന് താഴെ ടെക്സ്റ്റ് ബോക്സിന് വലത് വശത്തുള്ള സ്റ്റിക്കര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക. ‘ക്രിയേറ്റീവ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക. ശേഷം തുറന്നുവരുന്ന എഡിറ്റിങ് ടൂളില്‍ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ചേര്‍ക്കാം. ശഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാം.

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ നായകന്മാരാക്കി എഎം സിദ്ധിഖ് ഒരുക്കുന്ന എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) ചിത്രത്തിന്റെ ടീസര്‍ പുറത്ത്. യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി ആണ് നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഎം സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലി ആണ് ഛായാഗ്രഹണം. ബിജി ബാല്‍, കൈലാസ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സിബി, സല്‍മാന്‍ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളജ് പ്രവേശനവും അവര്‍ക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത് സഞ്ജുവിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രം ജനുവരി 19ന് തിയറ്ററുകളില്‍ എത്തും.

ബിജു മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘തുണ്ട്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചിച്ച്, ഗോപി സുന്ദര്‍ സംഗീതം നല്‍കി പ്രണവം ശശി ആലപിച്ച ‘വാനില്‍ നിന്നും’ എന്ന ആദ്യ ഗാനമാണ് പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ – ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ – സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന ‘തുണ്ടില്‍’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ സിമ്പിള്‍ ഡോട്ട് വണ്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. 99,999 രൂപ പ്രാരംഭ വിലയിലാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്, പ്രീ-ബുക്കിംഗ് യൂണിറ്റുകള്‍ക്കും ഈ വില ബാധകമായിരിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. പുതിയ ഉപഭോക്താക്കള്‍ക്കുള്ള ഇതിന്റെ വില ജനുവരി മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. കമ്പനിയുടെ ആദ്യ സ്‌കൂട്ടറില്‍ ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയ സംവിധാനമായിരുന്നു സ്ഥിരമായ ബാറ്ററി ബാക്ക്അപ്പ്. പ്രസ്തുത സംവിധാനം ഈ സ്‌കൂട്ടറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിമ്പിള്‍ ഡോട്ട് വണ്‍ സ്‌കൂട്ടറില്‍ 3.7 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്കാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. റെഡ്, ബ്രേസന്‍ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂര്‍ ബ്ലൂ എന്നിങ്ങനെ നാലു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 750വാട്ട് ചാര്‍ജറാണ് ഉപയോഗിക്കുന്നത്. 72 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ആപ്പ് കണക്റ്റിവിറ്റി സൗകര്യവും ടി ഇലക്ട്രിക് സ്‌കൂട്ടറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പര്‍ ജയാനന്ദന്‍ അതീവ സുരക്ഷാ ജയില്‍ മുറിയിലിരുന്ന് എഴുതിയ നോവല്‍. വായനയിലൂടെ മാനസാന്തരം സംഭവിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് നോവല്‍ അനാവരണം ചെയ്യുന്നത്. അഞ്ചു കൊലക്കേസുള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ ജയാനന്ദന്‍ 17 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. മൂന്ന് കൊലക്കേസുകളില്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കി. ഇതിനിടെ രണ്ടു തവണ ജയില്‍ ചാടിയും റിപ്പര്‍ ജയാനന്ദന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ‘പുലരി വിരിയും മുമ്പേ’. ലോഗോസ് ബുക്സ്. വില 152 രൂപ.

ഒരു ദിവസത്തെ മുഴുവന്‍ ആരോഗ്യം നിര്‍ത്തുന്നതില്‍ പ്രഭാത ഭക്ഷണത്തിന്റെ പങ്ക് വലുതാണ്. എന്നാല്‍ കഴിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കുക എന്നത്. രാവിലെ പോഷകഗുണങ്ങളുള്ള ഭക്ഷണ പ്രഭാത ഭക്ഷണമാക്കാന്‍ ശ്രമിക്കുക. എന്നാല്‍ വെറും വയറ്റില്‍ കഴിക്കരുതാത്ത ചില ഭക്ഷണങ്ങളുമുണ്ട്. ശരീരത്തിലെ കൊഴുപ്പ് കളയാല്‍ നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്ന പതിവുണ്ട് പലര്‍ക്കും എന്നാല്‍ ഇത് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതല്ലെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. തേനിന് പഞ്ചസാരയെക്കാള്‍ കൂടുതല്‍ കലോറിയും ഗ്ലൈസെമിക് ഇന്‍ഡക്‌സും കൂടുതലാണ്. ഇന്ന് വിപണയില്‍ കിട്ടുന്ന പല തേനുകളും വ്യാജനാണ്. പഞ്ചസാര സിറപ്പുകളാണ് ഭൂരിഭാഗം തേനുകളിലും അടങ്ങിയിരിക്കുന്നത്. ദിവസവും തേനും നാരങ്ങവെള്ളവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. ഒഴിഞ്ഞ വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കുറവിനും വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കൂടാതെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കഫീന് അകത്ത് ചെല്ലുന്നത് വഴി ഹോര്‍മോണ്‍ അളവ് കൂട്ടും. രാവിലെ ചായ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഭക്ഷണം കഴിച്ചതിന് ശേഷം കുടിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് പഴങ്ങള്‍. എന്നാല്‍ മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പഴങ്ങള്‍ വളരെ വേഗത്തില്‍ ദഹിക്കും. രാവിലെ ഭക്ഷണമായി പഴങ്ങള്‍ കഴിച്ചാല്‍ പെട്ടന്ന് തന്നെ വിശക്കാനും കാരണമാകും. ഇതിന് പുറമെ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു. വെറും വയറ്റില്‍ മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദോഷം ചെയ്യും. മധുരമുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. കൂടാതെ പെട്ടന്ന് തന്നെ വിശക്കാനും ഇത് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.87, പൗണ്ട് – 105.63, യൂറോ – 90.87, സ്വിസ് ഫ്രാങ്ക് – 97.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.40, ബഹറിന്‍ ദിനാര്‍ – 220.36, കുവൈത്ത് ദിനാര്‍ -270.26, ഒമാനി റിയാല്‍ – 215.83, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 61.81.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *