◾മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരണ്‍ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 3 ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്കും, കര്‍പ്പൂരി താക്കൂറിനും ഭാരതരത്ന ബഹുമതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കും. സാധാരണയായി വര്‍ഷത്തില്‍ പരമാവധി മൂന്നു പേര്‍ക്കാണു ഭാരതരത്ന നല്‍കാറുള്ളത്.
◾ഭരണഘടനയില്‍ അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളര്‍ത്തുകയെന്നത് പൗരന്റെ കടമയാണെന്നും, ആ കാഴ്ചപ്പാടിനെ കാറ്റില്‍ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും, ഭരണഘടന പദവിയിലുള്ളവര്‍ വരെ അതിന് നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾കേരളത്തില്‍ ഐ എസിന്റെ ഘടകം ഉണ്ടാക്കി ചാവേര്‍ സ്ഫോടങ്ങള്‍ക്ക് പദ്ധതി ഇട്ടെന്ന കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബുബക്കറിന് 10 വര്‍ഷം കഠിനതടവിന് കൊച്ചി എന്‍ഐഎ കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകള്‍ പ്രകാരം 25 വര്‍ഷം കഠിന തടവുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്. നാലു വര്‍ഷം പ്രതി ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും. 2018 ലാണ് റിയാസ് എന്‍ഐഎയുടെ പിടിയിലായത്. ഇയാള്‍ക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയില്‍ തെളിഞ്ഞിട്ടുള്ളത്.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾മുഖ്യമന്ത്രിക്ക് വിടുപണിയെടുക്കുന്ന പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. മാസപ്പടി ആരോപണത്തിലെ എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള മുഖ്യമന്ത്രിയുടെ മകളുടെ തീരുമാനം വിഡി സതീശന്റെ ബുദ്ധിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഏതന്വേഷണവും വരട്ടെ എന്ന് പാര്‍ട്ടി പറയുമ്പോള്‍ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണം അവസാനിക്കേണ്ടത് കോണ്‍ഗ്രസിന്റേയും ആവശ്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
◾വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാല്‍ ലോകാവസാനം വരെ അതു തുടരണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികള്‍ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് നിലവില്‍ കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടു വരാന്‍ ഇതു പ്രധാന കാരണമാണെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
◾വിദേശ സര്‍വ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് സി പി എം നേതൃത്വത്തിന്റ നിര്‍ദേശം. ബജറ്റിലെ നിര്‍ദേശം തങ്ങള്‍ അറിയാതെ എന്ന് മന്ത്രി ആര്‍ ബിന്ദുവും, കൗണ്‍സില്‍ അല്ല ആശയം മുന്നോട്ടു വെച്ചതെന്ന് വൈസ് ചെയര്‍മാന്‍ ഡോ രാജന്‍ ഗുരുക്കളും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
◾
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ നല്കിയെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അവകാശവാദം തെറ്റാണെന്നും കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്നും കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
◾കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്നു വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും പങ്കെടുക്കും. തിരുവനന്തപുരത്ത് 29 നാണ് സമരാഗ്നിയുടെ സമാപനം.
◾ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിച്ച 1000 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുവാനുള്ള നോട്ടീസ് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.
◾മുന്‍ എം പി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ചുവരെഴുതി. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ സുരേഷ് ഗോപി ആദ്യം താമരയുടെ ചെറിയൊരു ഭാഗം മതിലില്‍ വരക്കുകയും തുടര്‍ന്ന് താമര പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു. സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സി.പി റഷീദിന്റെ സഹോദരന്‍ ഇസ്മയിലിന്റെ യാക്കരയിലെ ഫ്ലാറ്റില്‍ എന്‍ഐഎ സംഘത്തിന്റെ റെയിഡ്. ഇസ്മായിലിന്റെ ഫോണ്‍ എന്‍.ഐ.എ സംഘം പിടിച്ചെടുത്തു.ഹൈദരാബാദില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
◾ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എക്സാലോജിക് വിവാദം വിശദീകരിക്കാന്‍ പാര്‍ട്ടി കേഡറുകളെ സജ്ജമാക്കി സിപിഎം. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും കണക്കില്‍ മാത്രമാണ് തര്‍ക്കം എന്നുമാണ് ചര്‍ച്ചകളില്‍ നേതാക്കള്‍ പറയുന്നത്.
◾സപ്ലൈക്കോയിലെ സബ്സിഡി ഉത്പന്നങ്ങള്‍ അടക്കം 40 ഇനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കഴിഞ്ഞ 29 ാം തിയതി നടന്ന ടെന്‍ഡറില്‍ വിതരണക്കാര്‍ ആരും പങ്കെടുത്തില്ല. 500 കോടി രൂപ കുടിശ്ശികയുണ്ടെന്നും, ഇനിയും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും വിതരണക്കാര്‍ വ്യക്തമാക്കി. അടുത്തയാഴ്ച വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ സപ്ലൈക്കോ തീരുമാനിച്ചിട്ടുണ്ട്.
◾ബിജെപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്നും, കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്നു പുറപ്പെടും. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടിയായിരിക്കും ഒരുക്കുക. ടിക്കറ്റ് നിരക്ക് 3300 രൂപയാണ്, ആസ്താ സ്പെഷ്യല്‍ ട്രെയിനുകളാണ് അയോധ്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
◾കണ്ണൂര്‍ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റിയും കോലധാരിയും. ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും കൈതച്ചാമുണ്ഡി തെയ്യത്തിനിടെ ഇത് പതിവെന്നും തെയ്യം കെട്ടിയ മുകേഷ് പണിക്കര്‍ പറഞ്ഞു. തെയ്യത്തെ കണ്ട് ഭയന്നോടിയവര്‍ക്ക് പരിക്കേറ്റതോടെയാണ് കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ പ്രശ്നങ്ങളുണ്ടായത്.
◾തിരുവനന്തപുരം അയിരൂപ്പാറ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ മാസം 13ന് നടന്ന മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത്. പോത്തന്‍കോട് പൊലീസ് കേസെടുത്തു.
◾ഇടുക്കി നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ സി വിനോദിനെ സസ്പെന്‍ഡ് ചെയ്തു. നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിത ജീവനക്കാരെ മാനസികമായും ജോലി പരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. കൂടാതെ പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫ് ഡോ പി പുകഴേന്തി വിനോദിനെ സസ്പെന്റ് ചെയ്തത്.
◾മലപ്പുറത്ത് കൊണ്ടോട്ടി പുളിക്കലില്‍ പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു മരിച്ചു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു.
◾ഉത്തരാഖണ്ഡില്‍ നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കൈയേറി മദ്രസ നിര്‍മിച്ചുവെന്നാരോപിച്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ കെട്ടിടം തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും, നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പടര്‍ന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബന്‍ഭൂല്‍പുരയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍ അടച്ചിടാനും നിര്‍ദ്ദേശം നല്‍കി.
◾അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധനിപൂരില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ അടിസ്ഥാന ശില മക്കയില്‍ നിന്ന് പ്രാര്‍ഥനകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം തിരിച്ചെത്തുന്നു. മുംബൈയിലെ ചൂളയില്‍ ചുട്ടെടുത്ത ഇഷ്ടിക റംസാന് ശേഷം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്. മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദ് എന്നാണ് പള്ളി അറിയപ്പെടുക.
◾ഇന്‍ഡോറിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി.
◾മോദി 3.0 സംഭവിക്കുമെന്ന് ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. എന്‍ഡിഎ സഖ്യം 335 സീറ്റുകളും ഇന്ത്യ മുന്നണി 166 സീറ്റുകളും നേടുമെന്നുമാണ് പ്രവചനം. ബിജെപി 304 സീറ്റുകളും കോണ്‍ഗ്രസ് 71 സീറ്റുകളും നേടുമെന്നാണ് സര്‍വേ പറയുന്നത്.
◾ഉത്തര്‍പ്രദേശിലും ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി. ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി എന്‍ഡിഎ യിലേക്ക്. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ സീറ്റുകള്‍ക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാര്‍ ഗര്‍ഭിണികളാകുന്നുവെന്നും, ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും കാണിച്ച് കല്‍ക്കട്ട ഹൈക്കോടതിക്ക് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്.
◾പാക്കിസ്ഥാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും നാലു സീറ്റുകളില്‍ മാത്രമാണ് ഇതുവരെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്. ആദ്യ സൂചനകളില്‍ ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയാണ് മുന്നില്‍. ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന നാല് സീറ്റുകളില്‍ മൂന്നിലും ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് (പിടിഐ) പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് വിജയം.
◾രാജ്യാന്തര ക്രൂഡോയില്‍ വില നിര്‍ണയത്തെ സ്വാധീനിക്കും വിധം ലോകത്ത് എണ്ണയ്ക്ക് ഏറ്റവുമധികം ഡിമാന്‍ഡുള്ള രാജ്യമാകാന്‍ ഇന്ത്യ കുതിക്കുന്നു. നിലവില്‍ ക്രൂഡോയില്‍ ഡിമാന്‍ഡിലെ വളര്‍ച്ചയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തും ചൈന ഒന്നാംസ്ഥാനത്തുമാണ്.ഏറ്റവുമധികം ക്രൂഡോയില്‍ ഡിമാന്‍ഡ് വളര്‍ച്ചയുള്ള രാജ്യമെന്ന നിലയില്‍ ചൈന വലിയ സ്വാധീനം വിലയില്‍ ചെലുത്തുന്നുമുണ്ട്. 2027ഓടെ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് പാരീസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വ്യക്തമാക്കി. 2023ല്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഡിമാന്‍ഡ് പ്രതിദിനം 5.48 ദശലക്ഷം ബാരലായിരുന്നു. 2030ല്‍ ഇത് 6.64 ലക്ഷം ബാരലിലേക്ക് ഉയരുമെന്നും ഐ.ഇ.എയുടെ ‘ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റ് ഔട്ട്‌ലുക്ക്’ റിപ്പോര്‍ട്ട് പറയുന്നു. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തില്‍ നിലവില്‍ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതുമാണ്. ഉപഭോഗ വളര്‍ച്ചയിലാണ് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമുള്ളത്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ വന്‍തോതില്‍ കൂടിയിട്ടും ക്രൂഡോയിലിന് ഡിമാന്‍ഡ് ഏറുകയാണെന്ന് ഐ.ഇ.എ ചൂണ്ടിക്കാട്ടുന്നു. മൊത്തം 66 ദിവസത്തേക്കുള്ള ക്രൂഡോയിലാണ് ഇന്ത്യ കരുതിവയ്ക്കാറുള്ളത്. ഇത് 7 ദിവസത്തേക്കുള്ളത് കരുതല്‍ എണ്ണസംഭരണികളിലാണുള്ളത്. ബാക്കി പെട്രോള്‍ സ്റ്റേഷനുകളിലും റിഫൈനറികളിലുമാണ്. ഐ.ഇ.എയിലെ അംഗങ്ങള്‍ 90 ദിവസത്തേക്കുള്ള ഇന്ധനം കരുതിവയ്ക്കാറുണ്ട്. ഇന്ത്യ ഐ.ഇ.എ അംഗമാണെങ്കിലും 66 ദിവസത്തേക്കുള്ള കരുതല്‍ ശേഖരമേ പാലിക്കുന്നുള്ളൂ.
◾എ.ഐ നിര്‍മിത ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ലൈക്ക് തേടുന്നവര്‍ക്ക് തിരിച്ചടിയാകാന്‍ മെറ്റയുടെ പുതിയ തീരുമാനം. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്ന എ.ഐ നിര്‍മിത ഇമേജുകളെ തിരിച്ചറിയാന്‍ പ്രത്യേകം ലേബല്‍ ചെയ്യുമെന്നാണ് മാതൃകമ്പനിയായ മെറ്റ അറിയിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള തെറ്റിദ്ധരിപ്പിക്കലും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. നിര്‍മിതബുദ്ധിയുടെ ഇടപെടല്‍ സാങ്കേതിക മേഖലയില്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യാഥാര്‍ഥ്യവും നിര്‍മിതവും വേര്‍തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എ.ഐ ചിത്രങ്ങളെ ലേബല്‍ ചെയ്യാനുള്ള തീരുമാനമെന്ന് മെറ്റ പറഞ്ഞു. ടെക് മേഖലയിലെ മറ്റ് പങ്കാളികളുമായും ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ് ഫേക് ചിത്രങ്ങളും വിഡിയോകളും പ്രചരിക്കുന്നത് സ്വകാര്യതക്ക് തന്നെ ഭീഷണിയാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. നടി രശ്മിക മന്ദാനയുടെ ദൃശ്യമെന്ന പേരില്‍ ഡീപ് ഫേക് വിഡിയോ നിര്‍മിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, ഡീപ് ഫേകിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഡീപ് ഫേക് വിഡിയോ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈയടുത്ത് സചിന്‍ തെണ്ടുല്‍കറുടെ ഡീപ് ഫേക് വിഡിയോ നിര്‍മിച്ച് പരസ്യം തയാറാക്കിയ ഗെയിമിങ് സൈറ്റിനെതിരെ കേസെടുത്തിരുന്നു.
◾ബാലു വര്‍ഗീസ്, ആന്‍ ശീതള്‍, അര്‍ച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോണ്‍ സംവിധാനം ചെയ്യുന്ന വണ്‍ പ്രിന്‍സസ് സ്ട്രീറ്റ് എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജ് സംഗീതം പകര്‍ന്ന് ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് രണ്ടും എന്നാരംഭിക്കുന്ന ഗാനമാണ് റീലിസായത്. ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, ഭഗത് മാനുവല്‍, സിനില്‍ സൈനുദ്ദീന്‍, കലാഭവന്‍ ഹനീഫ്, റെജു ശിവദാസ്, കണ്ണന്‍, റോഷന്‍ ചന്ദ്ര, വനിത കൃഷ്ണചന്ദ്രന്‍, ജോളി ചിറയത്ത് എന്നിവരാണ് മറ്റു താരങ്ങള്‍. മാക്ട്രോ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ലജു മാത്യു ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജുന്‍ അക്കോട്ട് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍ യുബിഎ ഫിലിംസ്, റെയ്ന്‍ എന്‍ ഷൈന്‍ എന്റര്‍ടെയ്ന്‍മെന്റസ്. സിമയോണ്‍, പ്രവീണ്‍ ഭാരതി, ടുട്ടു ടോണി ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ് സംഗീതം പകരുന്നു.
◾കൈലാഷ്, ജെസന്‍ ജോസഫ്, ജാനകി ജീത്തു, ജിപ്സ ബീഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ, തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാസ. ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മിഥുന്‍ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍, അരുണ്‍ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകീദേവി, സുമ ദേവി, ദിവ്യ നായര്‍, ഹര്‍ഷ, ഇന്ദു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വ്വഹിക്കുന്നു. ജെസന്‍ ജോസഫ്, അനസ് സൈനുദ്ദീന്‍ എന്നിവരുടെ വരികള്‍ക്ക് അനസ് സൈനുദ്ദീന്‍, ജാനകി ജീത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം പകരുന്നു. ഫെബ്രുവരി 14-ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.
◾ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ, 2024 മോഡല്‍ ലൈനപ്പിനായി ഒരു പുതിയ വിലകള്‍ പ്രഖ്യാപിച്ചു. രണ്ട് ഡോര്‍ ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇവിയുടെ വിലയില്‍ ഒരു ലക്ഷം രൂപയുടെ കുറഞ്ഞു. ഈ കാര്‍ മുന്‍ വിലയായ 7.98 ലക്ഷം രൂപയില്‍ നിന്ന് ഇപ്പോള്‍ 6.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. മറ്റ് മോഡലുകളായ എംജി ഹെക്ടര്‍, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ എസ്യുവികള്‍ക്ക് ഇപ്പോള്‍ യഥാക്രമം 14.94 ലക്ഷം, 9.98 ലക്ഷം, 37.49 ലക്ഷം എന്നിങ്ങനെയാണ് വില. വില ക്രമീകരണങ്ങള്‍ക്ക് പുറമേ, എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസഡ്എസ് ഇവി മോഡല്‍ ലൈനപ്പിലേക്ക് എക്സിക്യൂട്ടീവ് ട്രിം അവതരിപ്പിച്ചു. 18.98 ലക്ഷം രൂപയാണ് വില. എംജി മോട്ടോര്‍ ഇന്ത്യയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. എംജി വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് എംജി ഷീല്‍ഡ് 360-ല്‍ നിന്ന് തുടര്‍ന്നും പ്രയോജനം ലഭിക്കും. അഞ്ച് വര്‍ഷത്തെ വാറന്റി, അഞ്ച് വര്‍ഷത്തെ ലേബര്‍ ഫ്രീ ആനുകാലിക സേവനങ്ങള്‍, അഞ്ച് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, അഞ്ച് വര്‍ഷത്തെ ശേഷിക്കുന്ന മൂല്യം ഉറപ്പ് എന്നിവ ഉള്‍പ്പെടുന്ന ഒരു സമഗ്ര പാക്കേജ് വാഗ്ദാനം ചെയ്യുന്നു. എംജി മോട്ടോര്‍ ഇന്ത്യയ്ക്ക് രാജ്യത്തുടനീളം 300ല്‍ അധികം ഔട്ട്‌ലെറ്റുകളുടെ ശൃംഖലയുണ്ട്.
◾വിനോദയാത്രയ്ക്കു പോകുന്ന അമ്മുവും അപ്പുവും അഭിരാമും വഴിതെറ്റി ചെന്നെത്തുന്നത് ഒരു വിചിത്രലോകത്തേക്കാണ്. കാലിയയും കാര്‍കോദാറും നിയന്ത്രിക്കുന്ന മാന്ത്രികവിദ്യകളുടെ ലോകത്തേക്ക്. കുട്ടികളെ തേടി കമാന്‍ഡോകളുമെത്തുന്നതോടെ ആകാംക്ഷാഭരിതമായ സംഭവവികാസങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ‘മാന്ത്രിക മാണിക്യം’. ജിജി ചിലമ്പില്‍. മാതൃഭൂമി. വില 144 രൂപ.
◾അമിതമായ ബിയര്‍ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല, കേരളത്തിലെ പ്രമേഹരോഗികളുടെ എണ്ണത്തില്‍ വരും വര്‍ഷങ്ങളില്‍ കടുത്ത വര്‍ധനയുണ്ടാകുമെന്ന പഠനത്തിനു പിന്നാലെയാണ് അതില്‍ ബിയറിന്റ സ്വാധീനം നിര്‍ണായകമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പലരും ലഹരികിട്ടാന്‍ അമിതമായ അളവില്‍ ബിയര്‍ കുടിക്കാന്‍ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരില്‍ വ്യാപകമാകാന്‍ തുടങ്ങിയതും അമിതവണ്ണം മുതല്‍ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി (സെന്‍സിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തെ വരുത്താന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം, പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും ബിയറിന്റെ അമിത ഉപയോഗവും മദ്യപാനവും കാരണമാകും. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് ബിയറിന്റെ കാലറി അളവ് വളരെ കൂടുതലാണ്. ഈ ഉയര്‍ന്ന ഊര്‍ജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.03, പൗണ്ട് – 104.84, യൂറോ – 89.47, സ്വിസ് ഫ്രാങ്ക് – 94.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.98, ബഹറിന്‍ ദിനാര്‍ – 220.30, കുവൈത്ത് ദിനാര്‍ -269.66, ഒമാനി റിയാല്‍ – 215.71, സൗദി റിയാല്‍ – 22.14, യു.എ.ഇ ദിര്‍ഹം – 22.61, ഖത്തര്‍ റിയാല്‍ – 22.81, കനേഡിയന്‍ ഡോളര്‍ – 61.69.