◾തന്റെ നേതൃത്വത്തിലുള്ള മൂന്നാംഘട്ട സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയാണെന്നും അത് സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 41,000 കോടി രൂപയുടെ രണ്ടായിരത്തോളം റെയില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
◾ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടി രൂപയില്‍ 100 കോടിയോളം രൂപ വാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാസപ്പടിയില്‍ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മകളെ പൊതുസമക്ഷത്ത് വലിച്ചുകീറാന്‍ ഇട്ടുകൊടുക്കാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാവണമെന്നും വീണ വിജയനാണ് ഇതിന് ഉത്തരവാദിയെങ്കില്‍ അതും തുറന്നുപറയാന്‍ തയാറാവണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്നും ജില്ലാ സമിതിക്ക് മുന്നില്‍ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
◾സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസി ഹര്‍ജി പരിഗണിക്കവെ മാസപ്പടിക്കേസിലെ കേന്ദ്ര അന്വേഷണത്തെ എതിര്‍ക്കുന്നതെന്തിനാണെന്ന് പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡിസിയോട് ഹൈക്കോടതി ചോദിച്ചു. പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെ കെഎസ്‌ഐഡിസിയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികക്ക് സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനം. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാര്‍ എന്നിവര്‍ മത്സരിക്കും.
◾ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ മത്സരിച്ചേക്കും. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സിപിഎം എംവി ജയരാജനെ തീരുമാനിച്ച സാഹഹചര്യത്തില്‍ അതിനെ നേരിടാന്‍ സുധാകരന്‍ തന്നെ വേണമെന്ന നിലപാടാണ് നേതൃത്വത്തിന്.
◾ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായി പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ച് വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. നിരപരാധിയാണെന്നും, ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും, വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും മിക്ക പ്രതികളും പറഞ്ഞു. കേസില്‍ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. ഡയാലിസിസ് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയില്‍ ഹാജരാകാതിരുന്നത്.
◾ഭിന്നശേഷിക്കാരുടെ സമഗ്രവികസനം പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമെന്ന് മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സൃഷ്ടിയില്‍ ഭിന്നശേഷി ഉള്ളവരെ കൂടി ഉള്‍പ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കെപിസിസി നടത്തുന്ന സമരാഗ്‌നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് നടത്തുമെന്ന് പറഞ്ഞിരുന്ന വാര്‍ത്താ സമ്മേളനം ഒഴിവാക്കി. സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്ന്് ആദ്യം പത്തനംതിട്ട ഡിസിസി അറിയിച്ചിരുന്നു. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് എത്താന്‍ വൈകുമെന്നും അതിനാല്‍ സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതായും ഡിസിസി നേതൃത്വം അറിയിച്ചു.
◾ആര്‍ജെഡിയുടെ പ്രശ്‌നം എല്‍ഡിഎഫ് ആദ്യം പരിഹരിക്കട്ടെയെന്നും മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ കണ്ണീരൊഴുക്കേണ്ടെന്നും കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍. 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണെന്നും, മുസ്ലിം ലീഗുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നാണ് തന്റെ അറിവെന്നും മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് വഴിയില്‍ സിമന്റ് കയറ്റി വന്ന ലോറി പടയപ്പ എന്ന കാട്ടാന തടഞ്ഞു. ഇതേ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഈ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയില്‍ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നില്‍ റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ ബഹളം വച്ചതോടെയാണ് പടയപ്പ ജനവാസ മേഖലയില്‍ നിന്നും മാറിയത്.
◾വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി. വടാനകവലയ്ക്ക് സമീപം വനമൂലികയില്‍ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകള്‍ സ്ഥാപിച്ചിരുന്നു. മൂന്നാമത് സ്ഥാപിച്ച കൂടിനോട് ചേര്‍ന്ന കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ ആദ്യം കുപ്പാടിയിലേക്ക് മാറ്റാനാണ് തീരുമാനം.
◾ഹൗസിങ് ബോര്‍ഡ് അഴിമതി കേസില്‍ തമിഴ്‌നാട് ഗ്രാമ വികസന വകുപ്പ് മന്ത്രി ഐ.പെരിയസാമിയെ കുറ്റ വിമുക്തനാക്കിയ പ്രത്യേക കോടതിവിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വിചാരണ നടത്തി ജൂലൈയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെ പ്രത്യേക കോടതിക്ക് നിര്‍ദ്ദേശം നല്‍കി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ തിരുവനന്തപുരത്തെത്തും. ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മോദി ഉദ്ഘാടനം ചെയ്യും.
◾ആലപ്പുഴയിലെ കാട്ടൂരുള്ള ഏഴാം ക്ലാസുകാരന്‍ പ്രജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വടികൊണ്ട് തല്ലിയതിനാണ് കേസ്. അധ്യാപകരുടെ ശിക്ഷാനടപടിയില്‍ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി.
◾കൊയിലാണ്ടിയില്‍ മാരാമുറ്റം തെരുവിന് സമീപത്തുവെച്ച് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനിയായ ദിയ ഫാത്തിമയാണ് മരിച്ചത്. റെയില്‍വേ ഇന്‍സ്‌പെഷന്‍ കോച്ച് തട്ടിയാണ് അപകടം.
◾കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദ വേദിയില്‍ പങ്കെടുക്കാനെത്തിയ പ്രൊഫ. നിതാഷ കൗളിനെ ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ അധികൃതര്‍ തിരിച്ചയച്ചു. യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പ്രൊഫസറായ നിതാഷയ്ക്ക് കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണമുണ്ടായിട്ടും, എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തിരിച്ചയച്ചെന്നാണ് നിതാഷ കൗള്‍ പറയുന്നത്. ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് തന്നെ തടഞ്ഞതെന്നും, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് പേനയെ ഭയമാണോ എന്നും നിതാഷ കൗള്‍ ചോദിച്ചു.
◾സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിഎച്ച് പിയുടെ ഹര്‍ജിയില്‍ വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സസ്‌പെന്‍ഡ് ചെയ്തു. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്ന് സിംഹങ്ങളെ പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലേക്ക് എത്തിച്ചത്. ആരാധനമൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും പേര് മാറ്റാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമായിരുന്നു വിഎച്ച്പി യുടെ ഹര്‍ജിയിലെ വാദം.
◾വാരണാസി ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്തെ നിലവറകളില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. 30 വര്‍ഷത്തിന് ശേഷമാണ് നിലവറകളില്‍ പൂജ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
◾അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ഏകദേശം 10 കിലോഗ്രാം സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും ഇതിന് പുറമെ പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയും ലഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രസ്റ്റിന്റെ ബാക്ക് അക്കൗണ്ടുകള്‍ വഴി നേരിട്ട് ലഭിക്കുന്ന തുകയുടെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാല്‍ ഇതു വഴിയുള്ള തുക ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇന്‍ ചാര്‍ജ് വ്യക്തമാക്കി. ക്ഷേത്രത്തില്‍ ലഭിച്ച സ്വര്‍ണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സര്‍ക്കാറിന്റെ നാണയ നിര്‍മാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.
◾ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ ഹരിയാന യൂണിറ്റ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫേ സിങ് റാഠിയെ കാറിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന നഫേ സിങിനെ മറ്റൊരു വാഹനത്തിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു.
◾ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 5 വിക്കറ്റിന്റെ വിജയം. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ജയിക്കാനാവശ്യമായ 192 റണ്‍സ് നേടിയത്. 120 ന് 5 എന്ന നിലയില്‍ പരാജയം മണത്ത ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് 52 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റേയും 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിന്റേയും 72 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഈ ജയത്തോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ 90 ഉം രണ്ടാമിന്നിംഗ്‌സില്‍ 39 ഉം റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
◾വീടുകളിലും ഓഫീസുകളിലും ഇരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാല്‍, ട്രെയിന്‍ യാത്രക്കിടയിലും ഇത്തരത്തില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിഞ്ഞാലോ? അങ്ങനെയൊരു സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഐആര്‍സിടിസിയുമായി കൈകോര്‍ത്താണ് സ്വിഗ്ഗിയുടെ പുതിയ നീക്കം. പ്രാരംഭ ഘട്ടത്തില്‍ ഐആര്‍സിടിസി ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി 4 റെയില്‍വേ സ്റ്റേഷനുകള്‍ പോയിന്റ് ഓഫ് കണ്‍സെപ്റ്റ്ആയി ഐആര്‍സിടിസി അംഗീകരിച്ചിട്ടുണ്ട്. ബെംഗളൂരു, ഭുവനേശ്വര്‍, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ നാല് സ്റ്റേഷനുകള്‍. യാത്രക്കാര്‍ ഐആര്‍സിടിസി ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവരുടെ പിഎന്‍ആര്‍ നല്‍കണം. തുടര്‍ന്ന് ഒരു റസ്റ്റോറന്റ് തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ പൂര്‍ത്തിയാക്കുക, തുടര്‍ന്ന് ഓണ്‍ലൈനായി പണമടയ്ക്കുക അല്ലെങ്കില്‍ ഡെലിവറി ഓര്‍ഡറില്‍ പണം ഷെഡ്യൂള്‍ ചെയ്യുക. ഭക്ഷണം യാത്രക്കാരുടെ സീറ്റില്‍ എത്തിക്കുന്നതാണ്.
◾ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. സുഹൃത്തുക്കള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ലൊക്കേഷന്‍ മറച്ചുപിടിക്കണമെങ്കില്‍ ഗോസ്റ്റ് മോഡിലേക്ക് പോകാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. സുരക്ഷയുടെ ഭാഗമായി ഈ ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന് വിധേയമായിരിക്കും. ടിമു ടിമു മാപ്പിന് സമാനമായാണ് പുതിയ ഫീച്ചര്‍ വരുന്നത്. മാപ്പില്‍ തന്നെ കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾നിഗൂഢതകള്‍ നിറച്ച് ക്രൈം ഡ്രാമ ത്രില്ലര്‍ ‘സീക്രട്ട് ഹോം’ ടീസര്‍. യഥാര്‍ഥ സംഭവ കഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാര്‍ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിന്റെ നിര്‍മാണം. ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം എത്തുന്നത്. അനില്‍ കുര്യന്‍ ആണ് തിരക്കഥ. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.
◾ഞെട്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം ‘രായനി’ല്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വന്‍ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്ഡേറ്റ്. അപര്‍ണ ബാലമുരളി രായന്‍ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തില്‍ നിന്ന് അപര്‍ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കൃഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനും. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
◾വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി കുറച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കള്‍. ഇലക്ട്രിക് ബാറ്ററിയുടെ ചെലവ് കുറഞ്ഞതും വില കുറയ്ക്കാന്‍ ഒരു പ്രധാന കാരണമാണ്. ഒല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ബജാജ് ഓട്ടോ, ഒകായ ഇവി എന്നി പ്രമുഖ കമ്പനികളാണ് പ്രധാനമായി വിവിധ മോഡലുകളുടെ വില കുറച്ചത്. ഒലയുടെ വിവിധ മോഡലുകള്‍ക്ക് 25000 രൂപ വരെയാണ് വില കുറച്ചത്. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്ലസ് എന്നി മോഡലുകളുടെ വിലയാണ് കുറച്ചത്. ഏഥര്‍ എനര്‍ജി 20000 രൂപയാണ് കുറച്ചത്. 450എസ് മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയാണ് കുറച്ചത്. ബജാജ് ഓട്ടോയുടെ ചേതക് സ്‌കൂട്ടറും ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ ലഭ്യമാക്കിയത്. വില കുറച്ചതോടെ പെട്രോള്‍ സ്‌കൂട്ടറുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും തമ്മിലുള്ള വ്യത്യാസം 60 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 80 ശതമാനമായിരുന്നു. നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് തന്നെയാണ് ആധിപത്യം. ഹോണ്ട ആക്ടീവ, സുസുക്കി ആക്‌സസ്, ടിവിഎസ് ജുപീറ്റര്‍ എന്നിവയാണ് വില്‍പ്പനയില്‍ മുന്‍പന്തിയില്‍.
◾വാക്കുകളുടെ മാന്ത്രികനാണ് ശശി തരൂര്‍. തരൂരോസോറസില്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരം വെച്ച് അസാധാരണങ്ങളായ 53 വാക്കുകള്‍ തന്റെ പദകോശത്തില്‍ നിന്നും അദ്ദേഹം അവതരിപ്പിക്കുന്നു. ഈ വാക്കുകളില്‍ ഉള്ളടങ്ങിയിട്ടുള്ള നര്‍മ്മം പുരണ്ട വാസ്തവങ്ങളും രസകരമായ ഉദാഹരണങ്ങളും ആസ്വദിക്കാന്‍ നിങ്ങള്‍ ഭാഷാവിദഗ്ദ്ധനാവേണ്ട ആവശ്യമില്ല. വാക്കുകളെടുത്ത് അമ്മാനമാടാന്‍ തയ്യാറെടുക്കൂ. ‘തരൂരോസോറസ്’. ശശി തരൂര്‍. മാതൃഭൂമി ബുക്സ്. വില 237 രൂപ.
◾ഒച്ചുകളില്‍ നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോഎന്‍സോഫലൈറ്റിസ് എന്ന ഗുരുതര രോഗം ദക്ഷിണേന്ത്യയില്‍ കുട്ടികളില്‍ വ്യാപകമാകുന്നുവെന്ന് പഠനം. കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ കെപി വിനയന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2008 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നടത്തിയ പഠനത്തില്‍ എറണാകുളത്തെയും സമീപ ജില്ലയിലെയും കുട്ടികളെയാണ് ഉള്‍പ്പെടുത്തിയത്. പഠനത്തില്‍ മരണത്തിന് വരെ കാരണമാകാവുന്ന ഈ രോഗം കുട്ടികളില്‍ വ്യാപിക്കുന്നതായി കണ്ടെത്തി. കുട്ടികളുടെ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കാനും ഈ രോഗത്തിന് കഴിയും. ഒച്ചുകളില്‍ കാണപ്പെടുന്ന ആന്റിയോസ്ട്രോങ്ങ്ല്സ് കാന്റൊനെന്‍സിസ് (റാറ്റ് ലങ് വേം) എന്ന അണുക്കളാണ് ഇതിന് കാരണം. ഒച്ചുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലോ ഒച്ചിന്റെ ലാര്‍വ വസ്തുളിലൂടെയോ അണുബാധയേല്‍ക്കാം.സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്ത പനി, അലസത, ഛര്‍ദി തുടങ്ങിയവയാണ് ഇവയുടെയും ലക്ഷണങ്ങള്‍. എന്നാല്‍ മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ഈ രോഗലക്ഷണങ്ങള്‍ കുറയില്ല. സെറിബ്രോസപൈനല്‍ ദ്രാവകത്തില്‍ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.87, പൗണ്ട് – 104.99, യൂറോ – 89.73, സ്വിസ് ഫ്രാങ്ക് – 94.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.28, ബഹറിന്‍ ദിനാര്‍ – 219.94, കുവൈത്ത് ദിനാര്‍ -269.31, ഒമാനി റിയാല്‍ – 215.29, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 61.28.