p7 yt cover

പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കര്‍ഷക സംഘടനകള്‍. അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. ഇത് കരാര്‍ കൃഷിയുടെ മറ്റൊരു രൂപമെന്നും 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. ഇതോടെ ഒരു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് അടിയന്തരമായി താങ്ങുവില നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കര്‍ഷകര്‍.

വന്യജീവി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസംഘം ഇന്ന് വയനാട്ടില്‍. മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് മന്ത്രി സംഘത്തിലുള്ളത്. വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം കോണ്‍ഗ്രസ് സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് സന്ദര്‍ശിക്കണമെന്നും വനംമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യോഗം നടക്കുന്ന ഹാളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോയത്. യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകല്‍ സമരം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാനയാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ജനകീയ സമിതി രൂപീകരിക്കാനും വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്നും മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വനമേഖലയില്‍ കൂടുതല്‍ ഡ്രോണുകള്‍ വിന്യസിച്ച് നിരീക്ഷണം തുടരുമെന്നും വനമേഖലയില്‍ 250 പുതിയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇതിനോടകം നടപടി തുടങ്ങിയെന്നും അതിര്‍ത്തി മേഖലയില്‍ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചുവെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മന്ത്രി എത്തുന്നതിനേക്കാള്‍ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. വയനാട്ടില്‍ എത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്നും രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടില്‍ എത്തിയതെന്നും ശശീന്ദ്രന്‍ പറഞ്ഞു. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാല്‍ പല സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം വയനാട്ടിലെ പ്രതിഷേധത്തില്‍ കേസെടുത്തതില്‍ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലെ ജനവാസ മേഖലയിലെത്തിയ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും കര്‍ണാടകയിലേക്ക് മടങ്ങി. നേരത്തെ കബനി പുഴ കടന്ന് ആന തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. രാഹുല്‍ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ കര്‍ണാടകയിലെ നികുതിദായകരുടെ പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് അപമാനകരമാണെന്നും സഹായധനം അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും കര്‍ണാടക ബി.ജെ.പി. അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും എക്സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി?. എക്സാലോജിക് കമ്പനിക്ക് പണം നല്‍കിയ ഏജന്‍സികള്‍ക്ക് എന്തെങ്കിലും നികുതി ഇളവ് നല്‍കിയിട്ടുണ്ടോ ? എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്ന കമ്പനികള്‍ ഏതൊക്കെ? എക്സാലോജിക് കമ്പനിയെ പറ്റിയുള്ള അന്വേഷണം 3 വര്‍ഷം ഇ.ഡി നടത്താതിരുന്നത് എന്തുകൊണ്ട് ? ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക് കമ്പനിയുമായി ബസപ്പെട്ട് അന്വേഷണം നടത്തുന്നത് തുടങ്ങിയ അഞ്ച് ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്.

കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസകാണെന്ന് പി.സി ജോര്‍ജ്ജ്. നാലര ലക്ഷം കോടി കടം ഉണ്ടാക്കി വച്ച, കിഫ്ബിയിലൂടെ കള്ളക്കച്ചവടം നടത്തിയ ആളാണ് തോമസ് ഐസക്കെന്നും ഇവനെ നാട്ടുകാര്‍ അടിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള നേതാവാണ് തോമസ് ഐസക്ക്. ആലപ്പുഴക്കാരന്‍ പത്തനംതിട്ടയില്‍ വരുന്നത് എന്തിനാണെന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.

നിലവിലെ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമ്മദ് സമദാനിയും ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളാകുമെന്ന് തീരുമാനം. എന്നാല്‍, ഇരുവരും മണ്ഡലങ്ങള്‍ വെച്ച് മാറുമെന്നാണ് സൂചന.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മദനി.

എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. 5 മാസത്തെ ബില്‍ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയാണ് കുടിശിക.

ബെംഗളൂര്‍ കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25)എന്നിവരാണ് മരിച്ചത്.

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ ചാലിയാറില്‍ വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകളും ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയും സന ഫാത്തിമയെ (17) മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്നനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കില്ലെന്നും ഇത്തവണ അധികാരത്തില്‍നിന്ന് അവര്‍ പുറത്താക്കപ്പെടുമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപി നൂറ് സീറ്റ് പോലും കടക്കില്ലെന്നാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയില്‍ നടന്ന റാലിയില്‍ ഖാര്‍ഗെ പ്രവചിച്ചത്.

2018 ലെ നിയമസഭ തെരഞ്ഞെടുപ്പിനിടയില്‍ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം. ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ നല്‍കിയ പരാതിയില്‍ സുല്‍ത്താന്‍പൂര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. കോടതിയില്‍ ഹാജരായതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് 2 മണി വരെ നിര്‍ത്തിവെച്ചിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്റെ സമന്‍സ്. കെ സി വേണുഗോപാല്‍ , ഗൗരവ് ഗോഗോയ് ഉള്‍പ്പെടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നില്‍ വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.

നാരീശക്തിയെ കുറിച്ച് എപ്പോഴും പറഞ്ഞു നടന്നാല്‍ പോരാ അത് നടപ്പാക്കി കാണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഷോര്‍ട്ട് സര്‍വ്വീസ് അപ്പോയിന്‍മെന്റ് ഓഫീസറായി നിയമിക്കപ്പെട്ട പ്രിയങ്ക ത്യാഗി എന്ന ഉദ്യോഗസ്ഥ പെര്‍മനന്റ് കമീഷന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. മികച്ച പ്രവര്‍ത്തന പശ്ചാത്തലത്തില്‍ 14 വര്‍ഷം സേവനം ചെയ്ത ശേഷവും പെര്‍മനന്റ് കമ്മീഷന്‍ നിഷേധിച്ചതോടെയാണ് പ്രിയങ്ക ത്യാഗി കോടതിയെ സമീപിച്ചത്.

ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ത്യയുടെ പുതിയ കരസേനാ ഉപമേധാവിയായി. ലഫ്റ്റനന്റ് ജനറല്‍ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേല്‍ക്കുന്നത്. സൌത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ ഉപേന്ദ്ര ദ്വിവേദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

പാസ്പോര്‍ട്ട് റാങ്കിംഗില്‍ ഇന്ത്യ താഴോട്ടേക്കെന്ന് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ്. ഇന്ത്യയുടെ റാങ്ക് 84ല്‍ നിന്ന് 85ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യക്കാര്‍ക്ക് 62 രാജ്യങ്ങളിലേക്കാണ് നിലവില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുക. അതേസമയം ലോകത്ത് ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഫ്രാന്‍സിന്റേതാണ്. ഫ്രാന്‍സുകാര്‍ക്ക് നിലവില്‍ 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ഫ്രാന്‍സിന് പിന്നാലെ പട്ടികയിലുള്ളത് ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ്.

സ്വന്തം കറന്‍സികളില്‍ പണമിടപാട് നടത്താനായി ഇന്ത്യയും യു.എ.ഇയും ചേര്‍ന്ന് അവതരിപ്പിച്ച പേയ്മെന്റ് ഗേറ്റ്വേ സംവിധാനമാണ് ‘ജയ്വാന്‍’. ഇന്ത്യയിലെ റൂപേ കാര്‍ഡിന്റെ യു.എ.ഇ പതിപ്പാണ് ‘ജയ്വാന്‍’ കാര്‍ഡുകള്‍. ‘ജയ്വാന്‍’ കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇയിലും ഇന്ത്യയിലും സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്താം. യു.എ.ഇയില്‍ താമസ വിസയുള്ള ആര്‍ക്കും ‘ജയ്വാന്‍’ കാര്‍ഡ് സ്വന്തമാക്കാനാവും. ഇന്ത്യയിലെ റൂപേ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചാണ് ‘ജയ്വാന്‍’ കാര്‍ഡിന്റെ ഇടപാടുകള്‍ സാധ്യമാക്കുന്നത്. ഇതുവഴി യഥാര്‍ഥ വിനിമയ നിരക്ക് പണത്തിന് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ഉദാഹരണത്തിന് ഒരു ദിര്‍ഹമിന് വിനിമയ നിരക്ക് 22.55 രൂപയാണെങ്കില്‍ നിലവില്‍ ബാങ്കുവഴി എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 21.55 രൂപയായിരിക്കും ലഭിക്കുക. എന്നാല്‍, റൂപേ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ദിര്‍ഹമിന് യഥാര്‍ഥ മൂല്യമായ 22.55 രൂപ തന്നെ ലഭിക്കും. പ്രാദേശിക കറന്‍സികളിലായിരിക്കും പണത്തിന്റെ സെറ്റില്‍മെന്റ് നടക്കുകയെന്നര്‍ഥം. നിലവില്‍ ഇന്ത്യയില്‍ റൂപേ കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം ഏതാണ്ട് 750 ദശലക്ഷമാണ്. അതേസമയം, പുതിയ സംവിധാനത്തിലൂടെ ഡിജിറ്റല്‍ ഇടപാട് മാത്രമേ നിലവില്‍ സാധ്യമാകൂവെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന. കാര്‍ഡുകള്‍ ഉപയോഗിച്ച് കറന്‍സികള്‍ പിന്‍വലിക്കാന്‍ നിലവില്‍ സാധ്യമല്ല. ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ ‘ആനി’ പെയ്മെന്റ് സംവിധാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ഇതുവഴി സാധിക്കും.

വാട്‌സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി മെറ്റ. നിലവില്‍ ചാനല്‍ തുടങ്ങിയതാരാണോ അയാള്‍ക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ അയാളില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറാം. വാട്‌സ്ആപ്പിന്റെ ഏറ്റവും പതിയ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഓപ്ഷനുള്ളത്. ചാനല്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. വൈകാതെ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ വെബ് വേര്‍ഷന്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറാണ് രഹസ്യ കോഡ്. വാട്‌സ്ആപ്പ് ചാറ്റുകള്‍ മറ്റുള്ളവര്‍ ആക്‌സസ് ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ അപ്‌ഡേറ്റ്. ലാപ്പ്‌ടോപ്പോ, പേഴ്‌സണല്‍ കമ്പ്യൂട്ടറോ ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ഫീച്ചര്‍ വളരെയധികം പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് വെബില്‍ ചാറ്റുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നത് തുറക്കണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടി വരും. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ഫീച്ചറാണ് വാട്‌സ്ആപ്പ് വെബിലേക്കും നീട്ടുന്നത്.

അരുണ്‍ വിജയ്യെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാന്‍’ സിനിമയുടെ ടീസര്‍ എത്തി. നേരത്തെ സൂര്യയെ നായകനാക്കി ബാല ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. എന്നാല്‍ പിന്നീട് സൂര്യ ഈ സിനിമയില്‍ നിന്നും പിന്മാമാറിയിരുന്നു. അരുണ്‍ വിജയ്യുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൊന്നാകും ചിത്രത്തിലേത്. റോഷ്നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിന്‍, റിദ്ദ, ഛായാ ദേവി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംഗീതം ജി.വി. പ്രകാശ് കുമാര്‍. തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ ഈ സിനിമയില്‍ നിന്നും പിന്മാറാന്‍ കാരണം. സമൂഹമാധ്യമങ്ങളിലൂടെ ബാല തന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തുവരുകയും ചെയ്തു. 18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കേണ്ടിയിരുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്സ്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രമാണ് ‘ശെയ്ത്താന്‍’. മാധവനും ജ്യോതികയും വേഷമിടുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹൊറര്‍ ഴോണറിലുള്ള ശെയ്ത്താന്‍ എന്ന സിനിമയിലെ മാധവന്റെ മുഖമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘ഭോലാ’ ഹിറ്റായി മാറിയിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന്‍ അജയ് ദേവ്ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ എന്നീ ചിത്രങ്ങളാണ്.

ബൊലേറോ മാക്‌സ് പിക്കപ്പിന്റെ പുതിയ പതിപ്പുകള്‍ കേരള വിപണിയിലിറക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എ.സി കാബിന്‍, ഐമാക്‌സ് ആപ്പിലെ 14 ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള എസ്.എക്‌സ്.ഐ., വി.എക്‌സ്.ഐ പതിപ്പുകളാണ് അവതരിപ്പിച്ചത്. ആകര്‍ഷകമായ രൂപകല്‍പന, മികച്ച യാത്രാസുഖം നല്‍കുന്ന കാബിന്‍ എന്നിങ്ങനെ സവിശേഷതകളുമായാണ് പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് എത്തുന്നത്. ഡീസല്‍, സി.എന്‍.ജി പതിപ്പുകളുണ്ട്. മഹീന്ദ്രയുടെ എം2ഡി.ഐ എന്‍ജിനാണ് ഹൃദയം. 52.2/59.7 കെ.ഡബ്ല്യു കരുത്തും 200/220 എന്‍.എം ടോര്‍ക്കും മികച്ച ഡ്രൈവിംഗ് ആസ്വാദനവും പകരുമെന്ന് കമ്പനി പറയുന്നു. 1.3 ടണ്‍ മുതല്‍ രണ്ട് ടണ്‍ വരെ പേ ലോഡ് ശേഷിയും 3,050 എം.എം വരെ കാര്‍ഗോ ബെഡ് നീളവുമുണ്ട്. ഹീറ്ററും ഡിമസ്റ്ററുമുള്ള സംയോജിത എയര്‍ കണ്ടീഷനിംഗ് ആണുള്ളത്. ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ടേണ്‍ സേഫ് ലാമ്പുകള്‍ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 17.2 കിലോമീറ്ററാണ് മൈലേജ്. എക്‌സ്‌ഷോറൂം വില 8.49 ലക്ഷം മുതല്‍ 11.22 ലക്ഷം രൂപ വരെ. രണ്ട് മുതല്‍ 3.5 ടണ്‍ വരെയുള്ള സെഗ്മന്റുകളില്‍ രാജ്യത്തെ 60 ശതമാനം വിപണിയും കൈയടക്കിയിരിക്കുന്നത് മഹീന്ദ്രയാണ്.

”ഹൃദയത്തിനു നല്ല പങ്കുള്ള ആര്‍ദ്രമായ ഒരാവിഷ്‌കാരമായി കവിതയെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചില വരികളില്‍ കണ്ണുടക്കുമ്പോള്‍ ഉള്ളിലൊരുപറവ ചിറകു കുടയുന്നതുപോലെയോ ഹൃദയമേതോ വിരലുകള്‍ മീട്ടുന്നതുപോലെയോ എനിക്കു തോന്നാറുണ്ട്. എന്റെ കവിതകള്‍ ഒരേസമയം എന്റെ ഉടലിന്റെയും മനസ്സിന്റെയും ചിന്തയുടെയും ഭാവനയുടെയും ഭാഗമാണ്. അഞ്ചുസമാഹാരങ്ങളായി പിരിഞ്ഞ അവരെല്ലാവരും ഈ പുസ്തകത്തില്‍ ഒത്തുചേരുന്നു.” 1998 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട കെണിനിലങ്ങളില്‍, വെഷക്കായ, പച്ചക്കുപ്പി, കൊതിയന്‍, പറിച്ചുപുത എന്നീ സമാഹാരങ്ങളിലെ മുഴുവന്‍ കവിതകളും ഈ സമാഹാരത്തില്‍. ‘എം ആര്‍ രേണുകുമാറിന്റെ കവിതകള്‍’. എം ആര്‍ രേണുകുമാര്‍. ഡിസി ബുക്സ്. വില 427 രൂപ.

പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോഴി മുട്ടയാണോ താറാവ് മുട്ടയാണോ ആരോഗ്യ സംരക്ഷണത്തിനു ഏറെ ഗുണകരം എന്ന സംശയം ഉണ്ടാകാറുണ്ട്. എന്നാല്‍, സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയായ താറാവു മുട്ട കോഴിമുട്ടയെക്കാള്‍ ഗുണങ്ങളില്‍ ഏറെ മുന്നിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കോഴി മുട്ട അലര്‍ജിയുള്ളവര്‍ താറാവ് മുട്ട കഴിക്കാമെന്നും പഠനത്തില്‍ പറയുന്നു. ഒരു താറാവ് മുട്ടയുടെ വെള്ളയില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഒരു താറാവ് മുട്ടയില്‍ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയില്‍ 6 ഗ്രാം പ്രോട്ടീനിമാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീനും വൈറ്റമിന്‍ എയുടെ 9.4 ശതമാനവും ഒരു താറാവ് മുട്ടയില്‍ നിന്നും ലഭിക്കും. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. കണ്ണിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് താറാവുമുട്ട. കൂടാതെ, ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന താറാവ് മുട്ട ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാന്‍സറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.96, പൗണ്ട് – 104.44, യൂറോ – 89.38, സ്വിസ് ഫ്രാങ്ക് – 93.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.20, ബഹറിന്‍ ദിനാര്‍ – 220.09, കുവൈത്ത് ദിനാര്‍ -269.43, ഒമാനി റിയാല്‍ – 215.51, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.42.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *