p6 yt cover

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി. അതേസമയം മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും, പി മോഹനനന്‍ അടക്കമുള്ള പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎല്‍എയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന് പ്രോസിക്യൂഷനും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4 നാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ രമ. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണെന്നും, ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കളാണ് ഇരുവരും എന്നും രമ ചൂണ്ടിക്കാട്ടി. അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊന്നതെന്നും, കേസില്‍ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും രമ വ്യക്തമാക്കി.

ടിപി വധക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കമുള്ളവരെ വേട്ടയാടാന്‍ ശ്രമം നടന്നു. കൊള്ളക്കാരനെ അറസ്റ്റ് ചെയ്യുന്നതു പോലെ പി മോഹനനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത് കേരളം മറന്നിട്ടില്ലെന്നും, പാര്‍ട്ടി നേതൃത്വത്തിനെതിരെ വലിയ കടന്നാക്രമണം നടത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നപ്പോഴാണ് പാര്‍ട്ടിക്ക് ആ കേസില്‍ ഇടപെടണ്ടി വന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹവും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സി.പി.എമ്മിന്റെ ഉന്നത നേതാക്കളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സതീശന്‍ വ്യക്തമാക്കി.

ടിപി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ പൊലീസിനെ പ്രശംസിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വളരെ ആസൂത്രിതമായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകമെന്നും ഒരുദൃക്സാക്ഷി പോലുമില്ലാത്ത കേസിലെ അന്വേഷണം അഭിമാനകരമെന്നും പി.മോഹനനെ വെറുതെവിട്ടതില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഡയറക്ടറുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ ചെന്നൈ ഓഫിസിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. മൊഴി നല്‍കാന്‍ എത്തിയതാണെന്നാണ് സൂചന.

തിരുവനന്തപുരം പേട്ട ഓള്‍സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നും 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ് – റബീന ദേവി ദമ്പതികളുടെ മകളായ മേരിയെ ഇന്നലെ രാത്രി 12 മണിയോടെ കാണാതായതെന്നാണ് മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. കറുപ്പില്‍ വെള്ളപ്പുള്ളിയുള്ള ടീ ഷര്‍ട്ടാണ് കാണാതായപ്പോള്‍ കുട്ടി ധരിച്ചിരുന്നതെന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ 9.30-ഓടെ അജീഷിന്റയും 10.15-ഓടെ പോളിന്റെയും വീടുകളില്‍ ഗവര്‍ണര്‍ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. വന്യമൃഗ ശല്യത്തില്‍നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് കൈമാറി. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് ഗവര്‍ണര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് തമിഴ്നാട്- കര്‍ണ്ണാട അധികൃതരുമായി ചര്‍ച്ച നടത്തിയതായി വയനാട് എം.പി രാഹുല്‍ ഗാന്ധി. വയനാട് ജില്ലയുമായി വനാതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

വന്യജീവി ആക്രമണങ്ങളുടെയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നാളെ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തും. അതോടൊപ്പം വയനാട് കലക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് നാളെ രാപ്പകല്‍ സമരത്തിന് ഒരുങ്ങുകയാണ്.

വയനാട്ടിലെ ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി ജെ പി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധു. ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷം ഉണ്ടായതെന്നും നാട്ടുകാര്‍ക്കെതിരെ കേസെടുത്ത പൊലീസ്, ളോഹയിട്ടവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമര്‍ശിച്ചു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ പുതിയ വിശദീകരണം.

നാട്ടില്‍ ജീവിക്കുന്ന ആന പ്രേമികള്‍ക്ക് കര്‍ഷകരുടെ ദുരിതം അറിയില്ലെന്ന് കെ.മുരളീധരന്‍ എംപി. കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടില്‍ ഇറങ്ങുന്ന ആനകളെ കൂട്ടിലടക്കണം. കൂടാതെ കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും, സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പത്താം ദിനത്തിലേക്ക് കടന്നു. ഇന്നലെ കര്‍ണാടകയിലെ നാഗര്‍ഹോള വനത്തില്‍ മൂന്ന് കിലോമീറ്റര്‍ ഉള്ളിലേക്ക് പോയ ആന വീണ്ടും കേരള വനത്തിലേക്ക് തിരികെയെത്തി. ആനയുടെ രാവിലെയുള്ള സിഗ്നല്‍ ലഭിച്ചത് ബാവലി മൈസൂരു അന്തര്‍ സംസ്ഥാന പാതയ്ക്ക് അരികിലെ കാടിനുള്ളില്‍ നിന്നാണ്.

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളില്‍ വി സി ഇന്ന് ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രോ ചാന്‍സലര്‍ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു യോഗത്തിന് അധ്യക്ഷം വഹിച്ചത് ചട്ട ലംഘനമാണെന്ന നിലയിലാകും റിപ്പോര്‍ട്ട് എന്നാണ് സൂചന.

കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രവര്‍ത്തകരെ മോചിപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഗവര്‍ണറെ കരിങ്കൊടി കാണിച്ചതിനു കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞുവച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

തൃശൂര്‍ മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഭാരത് അരി വില്‍പ്പന പൊലീസ് തടഞ്ഞു. ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്താണ് അടൂര്‍ പൊലീസ് സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഉടമ കെ.ഡി. പ്രതാപന്‍ ഇ.ഡി ഓഫിസില്‍ ഹാജരായി. ഇ.ഡി. റെയ്ഡിനു പിന്നാലെ പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ ഒളിവിലായിരുന്നു. നേരത്തെ ഇഡി രണ്ട് തവണ നോട്ടിസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല. ഒളിവില്‍ പോയ ഇരുവര്‍ക്കുമെതിരെ ഇഡി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

2018 ല്‍ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന പരാതിയിന്‍മേല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഹാജരാകും. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുല്‍ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട് ഉയര്‍ന്ന താപനില 37ഡിഗ്രി വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നും, പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പട്ടണക്കാട് സ്വദേശിനി ആരതിയെയാണ് ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് ശേഷം തീ കത്തിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പൊള്ളലേറ്റതിനെ തുടര്‍ന്ന് രണ്ട് പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറ്റിങ്ങല്‍ കല്ലമ്പലം ആഴംകോണത്ത് വന്‍കഞ്ചാവ് കഞ്ചാവ് വേട്ട. തമിഴ്നാട് രജിസ്ട്രേഷന്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 80 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ശങ്കറിനെ എക്സൈസ് സംഘം പിടികൂടി.

പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം കൂട്ടില്‍ പാര്‍പ്പിച്ചതിനെ എതിര്‍ത്ത് ബംഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം. സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്ത്. ന്യൂസീലന്‍ഡാണ് ഒന്നാമത്. മൂന്നാം ടെസ്റ്റിലെ റെക്കോര്‍ഡ് വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഈ മാസം 23-ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ്.

ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്റെ ജിഡിപിയേക്കാള്‍ മുകളിലെന്ന് റിപ്പോര്‍ട്ട്. 36500 കോടി ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം. അതേസമയം പാകിസ്ഥാന്റെ ജിഡിപി ഏകദേശം 34100 കോടി ഡോളര്‍ മാത്രമാണ്. ഒരു വര്‍ഷത്തിനിടെ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള നിരവധി കമ്പനികള്‍ വലിയ നേട്ടങ്ങള്‍ കൊയ്തതാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ പ്രതിഫലിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ പകുതിയോടടുത്ത് വരുന്ന ടിസിഎസിന്റെ മൂല്യം മാത്രം പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ പകുതി വരും. 17000 കോടി ഡോളറാണ് ടിസിഎസിന്റെ വിപണി മൂല്യം. ഏകദേശം 15 ലക്ഷം കോടി രൂപ. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടിസിഎസ്. 22-23 സാമ്പത്തിക വര്‍ഷത്തിലാണ് പാകിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട് തുടങ്ങിയത്. അതിന് മുന്‍പുള്ള രണ്ടുവര്‍ഷ കാലയളവില്‍ ശരാശരി ആറുശതമാനം സാമ്പത്തിക വളര്‍ച്ച പാകിസ്ഥാന്‍ രേഖപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്കം അടക്കമുള്ള കാരണങ്ങളാണ് പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയത്. ജൂലൈ മുതല്‍ 2500 കോടി ഡോളറിന്റെ വിദേശകടം എങ്ങനെ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് പാകിസ്ഥാന്‍. ടാറ്റ ഗ്രൂപ്പില്‍ പ്രധാനമായി എട്ടു കമ്പനികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ നേട്ടം ഉണ്ടാക്കിയത്. ടിസിഎസിന് പുറമേ ടാറ്റ മോട്ടേഴ്‌സ്, ടൈറ്റാന്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളാണ് ഓഹരി വിപണിയില്‍ അടക്കം വന്‍മുന്നേറ്റം കാഴ്ച വെച്ചത്. അടുത്തിടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത ടാറ്റ ടെക്‌നോളജീസ് അടക്കമുള്ള ഈ കമ്പനികളുടെ ആസ്തി ഒറ്റ വര്‍ഷകൊണ്ട് ഇരട്ടിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഒരിടത്ത് തന്നെ സ്റ്റാറ്റസ് പ്രിവ്യൂവും ചാനല്‍ ലിസ്റ്റും കാണാവുന്ന തരത്തില്‍ സ്റ്റാറ്റസ് ബാര്‍ ക്രമീകരിക്കുന്നതാണ് പുതിയ മാറ്റം. സ്റ്റാറ്റസ് ബാറിന്റെ പുതിയ പുനര്‍രൂപകല്‍പ്പന ഉപയോക്താക്കള്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് അപ്‌ഡേറ്റ് ലഭ്യമാണ്. എല്ലാ ഉപയോക്തക്കളിലേക്കുമായി അപ്‌ഡേറ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റാറ്റസ് അപ്ഡേറ്റ് ട്രേ ഉപയോഗിക്കാന്‍ കഴിയും. ഓരോ സ്റ്റാറ്റസ് അപ്ഡേറ്റും ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായി തുറക്കേണ്ടതില്ല, ആദ്യത്തെ സ്റ്റാറ്റസിന്റെ ലഘുചിത്രം കാണാന്‍ സാധിക്കും വിധമാണ് മാറ്റം. സ്റ്റാറ്റസ് അപ്ഡേറ്റ് ട്രേ നിലവില്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയാണ്, വരാനിരിക്കുന്ന ആപ്പ് അപ്ഡേറ്റില്‍ പുതിയ ഇന്റര്‍ഫേസ് ഉള്‍പ്പെടുത്തും. ആന്‍ഡ്രോയിഡ് (2.24.4.22), ഐഒഎസ് (24.4.10.70) എന്നിവയ്ക്കായുള്ള വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ചാനല്‍ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള പുതിയ അപ്‌ഡേറ്റും പരീക്ഷണ ഘട്ടത്തിലാണ്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ‘അമരന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ ‘മുകുന്ദ്’ ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത് തന്നെ റിലീസാകും. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ബയോപിക്കാണ് ചിത്രം എന്നാണ് ഇപ്പോള്‍ വെളിവാകുന്നത്. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച് മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് വികാരഭരിതമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്ചേര്‍സും ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. റങ്കൂണ്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടത്തിലെ നായകന്റെ അവസ്ഥ ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. അതില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി എത്തുന്ന ഭാഗം ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിനായി മെലിഞ്ഞ് കൗമരക്കാരന്റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു.

ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് നിരവധി പ്രണയചിത്രങ്ങളാണ് തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. മലയാളികളുടെയ പ്രിയ ചിത്രം പ്രേമവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ബോളിവുഡില്‍ നിന്നുള്ള ആ നിരയിലെ പ്രധാന എന്‍ട്രി ഷാഹിദ് കപൂര്‍- കരീന കപൂര്‍ ജോഡി ഒന്നിച്ച ‘ജബ് വീ മെറ്റ്’ എന്ന ചിത്രമായിരുന്നു. ഇംതിയാസ് അലിയുടെ രചനയിലും സംവിധാനത്തിലും 2007 ല്‍ റിലീസ് ചെയ്യപ്പെട്ട റൊമാന്റിക് കോമഡി ചിത്രം. 17 വര്‍ഷങ്ങള്‍ക്കിപ്പുറം വാലന്റൈന്‍ ദിനം പ്രമാണിച്ച് ഒരാഴ്ചത്തേക്കാണ് ചിത്രം തിയറ്ററുകളില്‍ വീണ്ടും എത്തിയത്. ഇപ്പോഴിതാ ചിത്രം ആ ഒരാഴ്ച കൊണ്ട് നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കനുസരിച്ച് ചിത്രം വാലന്റൈന്‍സ് വീക്കില്‍ വിറ്റത് 20,619 ടിക്കറ്റുകളാണ്. അതിലൂടെ നേടിയത് 27.83 ലക്ഷം രൂപയും. പരിമിതമായ തിയറ്ററുകളിലെത്തിയ ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. 17 വര്‍ഷം മുന്‍പ് റിലീസ് സമയത്ത് തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് ഇത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ഈ ചിത്രം.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കുറച്ചു. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്രസ് എന്നി മോഡലുകളുടെ വിലയില്‍ 25000 രൂപ വരെയാണ് കുറച്ചത്. എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും എസ്1 എക്‌സ് പ്ലസ് 1,09,999 രൂപയില്‍നിന്ന് 84,999 രൂപയായുമാണ് കുറയുക. ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. ടാറ്റ മോട്ടേഴ്‌സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒല ഇലക്ട്രിക് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. 4കിലോവാട്ട്അവര്‍ ബാറ്ററി പാക്കില്‍ എസ്1 എക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് പുറത്തിറക്കിയത്. ഒല എസ്1 എക്സ് ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ 2കിലോവാട്ട്അവര്‍, 3കിലോവാട്ട്അവര്‍, 4കിലോവാട്ട്അവര്‍ എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. പുതിയ മോഡലുകള്‍ ഉള്‍പ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്.

വിശ്വാസ് മേത്തയുടെ ജീവിതകഥയിലൂടെ നടന്നുനീങ്ങുമ്പോള്‍ ഒരു കാലിഡോസ്‌കോപ്പില്‍ എന്നപോലെ അദ്ദേഹം പിന്നിട്ട വഴികള്‍, നേടിയ അനുഭവങ്ങള്‍, തന്റെ മനസ്സിനെ സ്വാധീനിച്ച ചിന്താധാരകള്‍, വ്യക്തിത്വത്തെ രൂപപ്പെടുത്തിയ മാതാപിതാക്കള്‍ ഒക്കെ ഒളിഞ്ഞും തെളിഞ്ഞും, മിന്നിയും മറിഞ്ഞും നീങ്ങിനീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിലെ കഥാകഥനരീതിയും വ്യത്യസ്തമാണ്. കഥാകാരന്‍ തന്നെക്കുറിച്ചുള്ള കഥകള്‍ നേരിട്ട് അവതരിപ്പിക്കുകയല്ല ചെയ്യുന്നത്. തന്നില്‍നിന്നും അല്‍പ്പം അകന്നുനിന്ന് ഒരു കാഴ്ചക്കാരന്റെ കണ്‍കോണിലൂടെ തന്റെ ജീവിതത്തെ നോക്കിക്കാണുകയും നിസ്സംഗതയോടെ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു തനതുശൈലിയാണ് ഈ രചനയില്‍ മുഴുനീളെ കാണുന്നത്. അതുകൊണ്ടുതന്നെ ഒരു നിസ്സംഗനിരീക്ഷകന്റെ കാഴ്ചപ്പാടില്‍നിന്നും ഈ പുസ്തകത്തെ സമീപിക്കാനും, ഇതിന്റെ ഇതിവൃത്തത്തെ ഉള്‍ക്കൊള്ളാനും വായനക്കാരനു കഴിയുന്നു. ‘അതിജീവനം’. ഡോ. വിശ്വാസ് മേത്ത ഐഎഎസ്. മാതൃഭൂമി. വില 323 രൂപ.

ബ്രേക്ക് അപ്പ്, വിവാഹമോചനം, പങ്കാളിയുടെ വിയോഗം എന്നിവയെല്ലാം സ്ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കാറുള്ളത്. എന്നാല്‍ ഇവ മൂലം വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഉപയോഗിക്കാനുള്ള സാധ്യത സ്ത്രീകളില്‍ അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി. യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സിലും അക്കാദമി ഓഫ് ഫിന്‍ലന്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 50നും 70നും ഇടയില്‍ പ്രായമുള്ള 2,28,644 ഫിന്‍ലന്‍ഡുകാരാണ് പങ്കെടുത്തത്. ഇതില്‍ 33 ശതമാനം പേര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയവരും 30 ശതമാനം പേര്‍ പ്രണയബന്ധം പിരിഞ്ഞവരും 37 ശതമാനം പേര്‍ തങ്ങളുടെ പങ്കാളിയുടെ മരണം നേരിട്ടവരുമായിരുന്നു. ബ്രേക്ക് അപ്പിലേക്ക് നയിക്കുന്ന നാലു വര്‍ഷങ്ങളില്‍ സ്ത്രീകളുടെ ആന്റിഡിപ്രസന്റ് ഉപയോഗം ആറ് ശതമാനം വര്‍ധിച്ചപ്പോള്‍ പുരുഷന്മാരുടേത് 3.2 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് മുന്‍പുള്ള ആറ് മാസങ്ങളില്‍ ആന്റിഡിപ്രസന്റ് ഉപയോഗം സ്ത്രീകളില്‍ ഏഴ് ശതമാനവും പുരുഷന്മാരില്‍ അഞ്ച് ശതമാനവും കൂടിതായും പഠനറിപ്പോര്‍ട്ട് പറയുന്നു. ബ്രേക്അപ്പിനോടും ഡിവോഴ്‌സിനോടും പങ്കാളിയുടെ വിയോഗത്തോടും വൈകാരികമായി പൊരുത്തപ്പെടാന്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ബ്രേക്അപ്പിനോ പങ്കാളിയുടെ വിയോഗത്തിനോ ശേഷം വീണ്ടുമൊരു പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തില്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ മുന്നിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പുനര്‍വിവാഹവും വീണ്ടും ഏര്‍പ്പെടുന്ന പ്രണയ ബന്ധങ്ങളും പുരുഷന്മാരുടെ മാനസികാരോഗ്യത്തിന് ഗുണകരമാകുന്നതാകാം ഇവരിലെ ആന്റിഡിപ്രസന്റ് ഉപയോഗം കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 50 വയസ്സിന് മുകളിലുള്ളവരുടെ ഡിവോഴ്‌സ് നിരക്ക് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വര്‍ദ്ധിക്കുന്നതായും പഠനം കണ്ടെത്തി. ജേണല്‍ ഓഫ് എപ്പിഡമോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.00, പൗണ്ട് – 104.78, യൂറോ – 89.52, സ്വിസ് ഫ്രാങ്ക് – 94.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.31, ബഹറിന്‍ ദിനാര്‍ – 220.19, കുവൈത്ത് ദിനാര്‍ -269.57, ഒമാനി റിയാല്‍ – 215.60, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.60, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.60.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *