S5 yt cover

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ജനരോഷം ആളിക്കത്തുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി ആയിരങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചര്‍ച്ചയ്ക്കുമെത്തിയ എംഎല്‍എമാര്‍ക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. കൂട്ടം ചേര്‍ന്നെത്തിയ ജനം വനംവകുപ്പിന്റെ ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേണിച്ചിറയില്‍ കണ്ടെത്തിയ പാതി തിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ വനംവകുപ്പ് ജീപ്പിന് മുകളില്‍ കയറ്റിവെച്ച് പ്രതിഷേധിച്ചു.

വയനാട്ടില്‍ വന്യജീവി ആക്രണത്ത വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 20ന് രാവിലെ വയനാട്ടില്‍ ഉന്നതല യോഗം ചേരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതല യോഗത്തില്‍ വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കും.

വയനാട് പുല്‍പ്പളളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പുല്‍പ്പളളി പഞ്ചായത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടന്‍ നല്‍കാനും ഭാര്യക്ക് ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. പോളിന് ചികിത്സ നല്‍കുന്ന കാര്യത്തില്‍ പിഴവുണ്ടായെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംസംരക്ഷണസമിതി ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍ വാക്കാല്‍ അറിയിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യൂണിവേഴ്‌സിറ്റി നടപടികളില്‍ പ്രൊ ചാന്‍സലര്‍ ഇടപെടരുതെന്ന് കോടതി വിധിയുണ്ടെന്നും കോടതിയോട് അവര്‍ക്ക് ബഹുമാനമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ കൂടുതല്‍ ആരോപണങ്ങളുന്നയിച്ച് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരില്‍ തോട്ടപ്പള്ളിയിലെ മണല്‍ നീക്കം ചെയ്തതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും ഇതിന്റെ ലാഭം കൊയ്തത് സിഎംആര്‍എല്‍ ആണെന്നും അതിന്റെ പ്രതിഫലമാണ് എക്‌സാലോജിക്കിന് ലഭിച്ചതെന്നും കുഴല്‍നാടന്‍ ആരോപിച്ചു. ഇല്‍മനൈറ്റ് ലഭ്യമാക്കാന്‍ 2017ല്‍ മുഖ്യമന്ത്രിക്ക് സിഎംആര്‍എല്‍ നിവേദനം സമര്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഇടപെടലില്‍ 4 വര്‍ഷത്തിനിടെ സിഎംആര്‍എല്‍ 56 കോടിയുടെ ലാഭത്തില്‍ എത്തിയെന്നും കുഴല്‍നാടന്‍ തുറന്നടിച്ചു.

*

class="selectable-text copyable-text nbipi2bn">മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കും. സിറ്റിങ് എംപി തോമസ് ചാഴികാടനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

സമസ്തയുമായി ഒരിക്കലും ഉപേക്ഷിക്കാനാകാത്ത രക്തബന്ധമാണുള്ളതെന്ന് ഖാസി ഫൗണ്ടേഷന്‍ നേതൃസംഗമത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയെ ശക്തിപ്പെടുത്താനാണ് ഖാസി ഫൗണ്ടേഷനെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ആഗോള സമ്മേളനങ്ങള്‍ക്കുള്ള അനുയോജ്യ ഇടമായി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇറ്റലിയുടെ മുന്‍ ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ്‌കോ റുട്ടെല്ലിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ആഗോള സംഘടനയായ സോഫ്റ്റ് പവര്‍ ക്ലബ്ബിന്റെ രണ്ട് ദിവസത്തെ വാര്‍ഷിക സമ്മേളനം ടെക്നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് സംസാരിച്ചു.

തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍. വര്‍ഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ വീതം ബാര്‍ ഒന്നിന് നല്‍കേണ്ടി വന്നെന്ന പരാതിയിലാണ് സംഘടനയുടെ ഈ തീരുമാനം.

കാഞ്ഞങ്ങാട് ആവിക്കരയില്‍ സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നീ മൂന്നു പേരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസബ പോലീസ് കുറ്റപത്രം നല്‍കി. നാല് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം.

തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന കൊല്ലം പന്മന പുതുവിളയില്‍ നിസാര്‍ (45) മരിച്ചു. കൊല്ലം ചവറയില്‍ ഈ മാസം ഒന്‍പതിനാണ് അപകടം നടന്നത്.

രാജസ്ഥാനിലെ ബിക്കാനീറിലെ ഭാരത്മാല എക്‌സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഡോക്ടര്‍മാരും 18 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ട്രക്കും എസ്യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അധിക വായ്പ നേടാന്‍ സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്. 355 മില്യണ്‍ ഡോളര്‍ പിഴയാണ് പ്രധാന ശിക്ഷ. ഇതിന് പുറമെ ന്യൂയോര്‍ക്കില്‍ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതില്‍ നിന്നും ന്യൂയോര്‍ക്കിലെ ബാങ്കുകളില്‍ നിന്ന് അടക്കം വായ്പകള്‍ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് ട്രംപിനെ കോടതി വിലക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ പിന്‍മാറി. അമ്മയുടെ അസുഖം കാരണമാണ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂര്‍ത്തിയായതിന് പിന്നാലെ അശ്വിന്‍ നാട്ടിലേക്ക് മടങ്ങിയത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടിന് 207 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ട് 319 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തു. തുടര്‍ന്ന് രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെടുത്തി 44 ന് 1 എന്ന നിലയിലാണ്.

ചെങ്കടലിലെ ആക്രമണഭീഷണിയ്ക്കും ആഗോള സാമ്പത്തിക മാന്ദ്യസൂചനകള്‍ക്കും ഇടയില്‍ ജനുവരിയില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ 3.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ഈ കാലയളവില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 36.92 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ വകുപ്പ് അറിയിച്ചു. ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിംഗ് ഗുഡ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളാണ് കയറ്റുമതിയില്‍ മുന്നിട്ടു നിന്നത്. ജനുവരിയില്‍ ഇറക്കുമതി 2.99 ശതമാനം വര്‍ധിച്ച് 54.41 ബില്യണ്‍ ഡോളറിലെത്തി. വ്യാപാര കമ്മി 17.49 ബില്യണ്‍ ഡോളറാണ്.2023-24 ഏപ്രില്‍-ജനുവരി കാലയളവില്‍ കയറ്റുമതി 4.89 ശതമാനം ഇടിഞ്ഞ് 353.92 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 6.71 ശതമാനം കുറഞ്ഞ് 561.12 ബില്യണ്‍ ഡോളറിലും. ഈ കാലയളവിലെ വ്യാപാര കമ്മി 207.20 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാരെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് പറയുന്നു. യൂറോപ്പിലേക്കും യു.എസിലേക്കും കിഴക്കന്‍ തീരത്തേക്കും കയറ്റുമതിക്കായി ചെങ്കടല്‍ ഒഴിവാക്കിയുള്ള മാര്‍ഗം കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണുള്ളത്. എന്നാല്‍ ഇത് ഏറെ സമയനഷ്ടമുണ്ടാക്കുന്നതും ചെലവേറിയതുമാണ്. രാജ്യം പുതിയ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കെനിയയും ദക്ഷിണാഫ്രിക്കയും പോലുള്ള പ്രതിസന്ധി ബാധിക്കാത്ത ചില രാജ്യങ്ങളുമായി കരാറുണ്ടാക്കുന്നതും നല്ലതാണെന്ന് അഭിപ്രായങ്ങളുണ്ട്.

വാക്കുകളില്‍നിന്ന് വീഡിയോ നിര്‍മിക്കുന്ന പുതിയ എ.ഐ സാങ്കേതിക വിദ്യയുമായി ശാസ്ത്രലോകം. സോറ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ വീഡിയോയും ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍ നിന്ന് നിര്‍മ്മിക്കാനാകും. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ ആണ് കമ്പനിയുടെ വീഡിയോ അവതരിപ്പിച്ചത്. ഇപ്രകാരം ചെറുതും വളരെ ലളിതവുമായ ടെക്സ്റ്റുകളില്‍ നിന്ന് വീഡിയോകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ അവകാശപ്പെടുന്നത്. വിഡിയോകളിലെ തെറ്റുകള്‍ ശരിയാക്കാനും കൂടുതല്‍ മിഴിവുറ്റതാക്കാനും ഇമേജുകള്‍ വീണ്ടും മൂര്‍ച്ച കൂട്ടാനും ഈ സാങ്കേതിക വിദ്യക്കു കഴിയും. അടിസ്ഥാന ടെക്സ്റ്റ് ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് പുതിയ വീഡിയോകള്‍ സൃഷ്ടിക്കാം. വീഡിയോ എല്ലാ രീതിയിലും യാഥാര്‍ഥമാണെന്നു തോന്നിപ്പിക്കുമെന്നതാണ് പ്രത്യേകത. ട്രാന്‍സ്ഫോര്‍മര്‍ ആര്‍ക്കിടെക്ചര്‍ ഉപയോഗിച്ച് ശബ്ദം ക്രമേണ നീക്കം ചെയ്യാനും വീഡിയോ നിര്‍മിക്കാനും ഉപയോഗിക്കുന്ന പ്രത്യേക പ്രോഗ്രാമാണിത്. സിനിമ, പരസ്യ ചിത്രീകരണത്തിലടക്കം പുതിയ സാങ്കേതിക വിദ്യ വന്‍ കുതിച്ചു ചാട്ടമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏത് തരത്തിലുള്ള ഡാറ്റയിലാണ് മോഡല്‍ പരിശീലിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും കമ്പനി നല്‍കിയിട്ടില്ല. പുതിയ എ.ഐ മോഡലിന്റെ കാര്യക്ഷമതയും വിഷ്വല്‍ കഴിവുകളും പ്രകടിപ്പിക്കുന്നതിനായി സാം ആള്‍ട്ട്മാന്‍ വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തു. നിലവില്‍ സോറയുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളോ അപകടസാധ്യതകളോ പരിശോധിക്കാന്‍ റെഡ് ടീമംഗങ്ങള്‍ക്ക് മാത്രമേ സോറ ലഭ്യമാകൂ.

കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി ‘ യുടെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും, പ്രതികാരവും, ഗുണ്ടാ മാഫിയയും, അന്വേഷണവും തുടങ്ങി ഒരു എന്റര്‍ടെയ്നറിന് വേണ്ട എല്ലാവിധ ചേരുവകകളോടും കൂടിയാണ് ചിത്രം ഒരുക്കിയതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നു. ചിത്രം ഫെബ്രുവരി 23ന് വേള്‍ഡ് വൈഡ് റിലീസായി തിയേറ്ററുകളില്‍ എത്തും. ഈ ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായകനിരയിലേക്ക് എത്തുന്നു. നാദിര്‍ഷാ – റാഫി കൂട്ടുകെട്ടും ആദ്യമായിട്ടാണ്. റാഫിയുടെ മകന്‍ മുബിന്‍ ചിത്രത്തിലെ നായകനായി. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി, റാഫി, ജാഫര്‍ ഇടുക്കി, ശിവജിത്, മാളവിക മേനോന്‍, നേഹ സക്സേന, അശ്വത് ലാല്‍, സ്മിനു സിജോ, റിയാസ് ഖാന്‍, സുധീര്‍ കരമന, സമദ്, കലാഭവന്‍ റഹ്‌മാന്‍, സാജു നവോദയ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

തെന്നിന്ത്യന്‍ നടി മീന പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മുടങ്ങി പോയ പഠനം പൂര്‍ത്തിയാക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ് മീന സിനിമയില്‍ അവതരിപ്പിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ‘ഇടം’ എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി കെ എസ് ചിത്ര ആലപിച്ച ‘ആര് നീ കണ്‍മണി…’ എന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു. ‘ഇന്നീ ജീവിതം…’, ‘സത്യമേവ ജയതേ…’, ‘കണ്ണിലൂറുമൊരു…’ തുടങ്ങിയ ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെ ലിറക്കല്‍ വീഡിയോയും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാന്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍, ജാക്‌സണ്‍ വിജയന്‍ എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സണ്‍ വിജയന്‍, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിന്‍ വിജയ്, ശ്രീജിത്ത് സുബ്രഹ്‌മണ്യന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ മാരുതി സുസുക്കിയുടെ മിക്കവാറും എല്ലാ മോഡലുകളും കാന്റീന്‍ സ്റ്റോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അഥവാ സിഎസ്ഡികളില്‍ ലഭ്യമാണ്. രാജ്യത്തെ സൈനികര്‍ക്ക് ഇവിടെ നിന്ന് കാര്‍ വാങ്ങാം. ഈ കാന്റീനില്‍ നിന്ന് കാറുകള്‍ വാങ്ങുന്നതിന് സൈനികരില്‍ നിന്ന് ജിഎസ്ടി നികുതി ഈടാക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഏത് കാറിനും ലക്ഷക്കണക്കിന് രൂപയുടെ നികുതി ലാഭിക്കാനാകും. ഇക്കാരണത്താല്‍, കാര്‍ വളരെ വിലകുറഞ്ഞതായിത്തീരുന്നു. മാരുതിയുടെ ആഡംബര സെഡാന്‍ സിയാസും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ സിയാസിന്റെ വകഭേദങ്ങളാണ് കമ്പനി വില്‍ക്കുന്നത്. 12.29 ലക്ഷം രൂപയാണ് ഈ കാറിന്റെ ഉയര്‍ന്ന ആല്‍ഫ വേരിയന്റിന്റെ എക്സ് ഷോറൂം വില. അതേസമയം സിഎസ്ഡിയില്‍ നിന്നും വാങ്ങിയാല്‍ ഈ കാറില്‍ 112,913 രൂപയുടെ ലാഭമുണ്ടാകും. 11.16 ലക്ഷം രൂപയാണ് സിഎസ്ഡിയില്‍ ഈ കാറിന്റെ വില. മാരുതി സുസുക്കി ഫെബ്രുവരിയില്‍ തങ്ങളുടെ ആഡംബര സെഡാന്‍ സിയാസിന് പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കി. നിലവില്‍ മാരുതി സിയാസ് സെഡാന്‍ ഏഴ് കളര്‍ ഓപ്ഷനുകളും പേള്‍ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേള്‍ മെറ്റാലിക് ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്നിറ്റി ബ്രൗണ്‍ എന്നിങ്ങനെ മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്.

പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതല്‍ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദന്‍ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡന്‍, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങള്‍ ഈ യാത്രികന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്. ‘പല ലോകം പല കാലം’. സച്ചിദാനന്ദന്‍. ഗ്രീന്‍ ബുക്സ്. വില 255 രൂപ.

രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഐസോമെട്രിക് വ്യായാമം ചെയ്യുന്നത് ഫലപ്രദമെന്ന് പുതിയ പഠനം. ഐസോമെട്രിക് വ്യായാമങ്ങള്‍ എന്നറിയപ്പെടുന്ന വാള്‍ സിറ്റ്, വാള്‍ സ്‌ക്വാട്ട് തുടങ്ങിയ ലളിതമായ എക്സര്‍സൈസുകള്‍ രക്തസമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീക്കരിച്ച പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടനിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. തീവ്രമായ ചലനങ്ങളില്ലാത്ത വ്യായാമമുറകളാണ് ഐസോമെട്രിക് വ്യായാമങ്ങള്‍. ആഴ്ചയില്‍ മൂന്ന് തവണ എട്ടു മിനിറ്റ് വീതം ഐസോമെട്രിക് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഐസോമെട്രിക് വ്യായാമം ചെയ്യുമ്പോള്‍, സങ്കോചിച്ച പേശികളിലേക്കുള്ള രക്തചംക്രമണത്തിന്റെ തോത് താല്‍ക്കാലികമായി പരിമിതപ്പെടുകയും രക്തധമനികള്‍ക്ക് വിശ്രമിക്കാനുള്ള അവസരം ലഭിക്കുകയും വഴി രക്തസമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാനാവും. കൂടാതെ പേശികളുടെ ദൃഢതയ്ക്കും ഇത്തരം വ്യായാമങ്ങള്‍ ഫലപ്രദമാണ്. പ്ലാങ്ക്സ്, ഡെഡ് ഹാങ്സ്, ഐസോമെട്രിക് ബൈസെപ് കേള്‍സ്, ഗ്ലൂട്ട് ബ്രിഡ്ജസ്, വാള്‍ സ്‌ക്വാട്ട്സ് തുടങ്ങിയവ ഐസോമെട്രിക് വ്യായാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പ്ലാങ്ക്സ് – നിലത്ത് കൈകളിലും കാലുകളിലും ഭാരം നല്‍കി നിവര്‍ന്നുകിടക്കുക. തലമുതല്‍ പാദംവരെ നേര്‍രേഖ പോലെയായിരിക്കണം. മുപ്പതുസെക്കന്റോളം ഈ പൊസിഷനില്‍ കിടക്കുക. ശേഷം വീണ്ടും ആവര്‍ത്തിക്കുക. വാള്‍ സിറ്റ് – ചുമരിന് രണ്ടടി മുന്നില്‍ നില്‍ക്കുക, തുടര്‍ന്ന് പാദങ്ങള്‍ തോളിനൊപ്പം വീതിയില്‍ അകറ്റിവെക്കുക. പുറംഭാഗം ചുമരില്‍ ചേര്‍ന്നുകിടക്കുന്ന രീതിയില്‍ പതുക്കെ ശരീരം ഇരിക്കുന്ന പൊസിഷനിലേക്ക് ആക്കുക. കസേരയില്‍ ഇരിക്കുന്നതുപോലെ 90 ഡിഗ്രിയില്‍ മുട്ടുകള്‍ വളയ്ക്കുക. പറ്റുന്നത്ര സമയം ഇതേ പൊസിഷനില്‍ ഇരിക്കുക. ഗ്ലൂട്ട് ബ്രിഡ്ജ് – നിലത്തു നിവര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ ഉയര്‍ത്തിവെക്കുക. ഇനി കൈപ്പത്തി കുത്തി അരക്കെട്ടിന്റെ ഭാഗം മാത്രം പൊക്കുക. ഇത് ഇടയ്ക്കിടെ ചെയ്യുക. ഐസോമെട്രിക് സ്‌ക്വാട്ട് – ഷോള്‍ഡറിന്റെ അകലത്തില്‍ കാലുകള്‍ വെക്കുക. പതിയെ മുട്ടുവളച്ച് അരക്കെട്ട് പുറകിലേക്ക് ആക്കി ഇരിക്കുന്ന പൊസിഷനിലേക്ക് വരാം. ബാലന്‍സിനായി കൈകള്‍ മുന്നിലേക്ക് പിടിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.99, പൗണ്ട് – 104.58, യൂറോ – 89.43, സ്വിസ് ഫ്രാങ്ക് – 94.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.24, ബഹറിന്‍ ദിനാര്‍ – 221.03, കുവൈത്ത് ദിനാര്‍ -270.48, ഒമാനി റിയാല്‍ – 216.39, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.51.