◾ജനപ്രീണന പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി ജൂലൈ മാസത്തില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പത്തു വര്‍ഷം മോദി സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിളംബരമാണ് 58 മിനിറ്റു നീണ്ട ബജറ്റ് പ്രസംഗത്തില്‍ ഏറേയും കണ്ടത്. നികുതി നിരക്കുകളില്‍ മാറ്റമില്ല. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍: ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി, റെയില്‍വേ നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും, മൂന്ന് റെയില്‍വെ ഇടനാഴിക്കു രൂപം നല്‍കും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും, ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.
◾സംസ്ഥാനങ്ങള്‍ക്കു പലിശരഹിത വായ്പ നല്‍കുമെന്നു കേന്ദ്ര ബജറ്റ്. ഇതര നിര്‍ദേശങ്ങള്‍: സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും, ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും, സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും, വടക്കു കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും, വിമാനത്താവള വികസനം തുടരും, വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും, വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി ദാരിദ്ര്യ നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കിയത് മോദി സര്‍ക്കാരിന്റെ നേട്ടമാണെന്നു കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.
◾ആശാവര്‍ക്കര്‍മാരേയും അങ്കണവാടി ജീവനക്കാരേയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്തുമെന്ന് കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. കേരളത്തിലെ 89,000 ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 14 രൂപ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.
◾വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി വിധിക്കെതിരെ മുസ്ലീം വിഭാഗം അടിയന്തര വാദം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് രജിസ്ട്രി നിര്‍ദേശിച്ചത്. ഇതേസമയം, ഹിന്ദു വിഭാഗം തടസ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം പൂജ ആരംഭിച്ചു. പ്രദേശത്ത് പോലീസും സൈന്യവും സുരക്ഷ വര്‍ധിപ്പിച്ചു.
◾ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. കെ.യു. ജനീഷ്‌കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
◾ഭിന്നശേഷി സംവരണം മറ്റു മതവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ആര്‍ ബിന്ദു. മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തില്‍ ഒരു കുറവും വരാത്ത രീതിയിലാണു ഭിന്നശേഷി സംവരണം നടപ്പാക്കുകയെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍
കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾കൊല്ലം പരവൂരില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയരായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ ജലീലിനേയും എ പി പി കെ ആര്‍. ശ്യാം കൃഷ്ണനേയും ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തു. 11 ദിവസമായിട്ടും ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.
◾ഭാര്യയുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് മകള്‍ കമ്പനി തുടങ്ങിയതെന്ന കോമഡി പറച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇനിയെങ്കിലും അന്വേഷണവുമായി മുഖ്യമന്ത്രി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ഭരണപക്ഷം തള്ളി. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ചയാണെന്നു അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ സണ്ണി ജോസഫ് ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു..
◾സംസ്ഥാന സര്‍ക്കാരിന് 1600 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുമെങ്കിലും വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് പിടിയിലായത്.
◾വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്കു സ്ഥലംമാറ്റം. വൈത്തിരി എസ്.എച്ച്.ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കു മാറ്റിയത്.
◾തൃശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് 25 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്‍.എം.വി.എച്ച്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഛര്‍ദിയും വയറിളക്കവുംമൂലം ആശുപത്രിയില്‍ ചികിത്സ തേടിയത്.
◾അട്ടപ്പാടിയില്‍ ഭാര്യയേയും സുഹൃത്തിനേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് നഞ്ചനെ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
◾ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് അഞ്ച് മാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.
◾കോഴിക്കോട് പയ്യാനക്കലില്‍ അഞ്ചു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. തെളിവുകളില്ലെന്ന് കോഴിക്കോട് പോക്സോ കോടതി വിധിച്ചു.
◾പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയിറങ്ങി. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു.
◾പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്. ഫെബ്രുവരി 29 നു ശേഷം അക്കൗണ്ടുകളിലും വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മറ്റു രീതികളിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് തടഞ്ഞിട്ടുണ്ട്.
◾കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് പ്രവര്‍ത്തിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഴിമതിയില്‍ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനു പിറകേയാണ് രാഹുലിന്റെ വിമര്‍ശനം.
◾2024ന്റെ ആദ്യ മാസമായ ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനം കൂടിയാണിത്. 2023 ജനുവരി മാസത്തെ വരുമാനക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി 10.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ പിന്നിടുന്നത്. കൂടാതെ, മൂന്ന് തവണ 1.70 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനാല്‍ ഒരു ദിവസം മുന്‍പാണ് ധനമന്ത്രാലയം ജിഎസ്ടി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കനുസരിച്ച് 1,72,129 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചിരിക്കുന്നത്. ഇന്നലത്തെ മുഴുവന്‍ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഈ വരുമാനം വീണ്ടും ഉയരുന്നതാണ്. 2023 ഡിസംബറില്‍ 1.64 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 10 മാസക്കാലയളവില്‍ 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 14.96 ലക്ഷം കോടിയേക്കാള്‍ ഇക്കുറി 11.6 ശതമാനത്തിന്റെ വരുമാന വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
◾വില്‍പ്പനയ്ക്ക് എത്തുന്നതിന് മുന്‍പേ വമ്പന്‍ നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24. ഇന്ത്യന്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ ഹാന്‍ഡ്സെറ്റിന് ലഭിച്ചിരിക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് ഏകദേശം രണ്ട് ലക്ഷത്തിലധികം ആളുകളാണ് സാംസങ് ഗാലക്സി എസ്24 പ്രീ ബുക്കിംഗ് നടത്തിയിട്ടുള്ളത്. എഐ പവര്‍ ഫീച്ചറുകളും അത്യുഗ്രന്‍ ക്യാമറയുമാണ് മറ്റ് ഹാന്‍ഡ്സെറ്റുകളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. ജനുവരി 31 വരെയാണ് സാംസങ് ഗാലക്സി എസ്24 പ്രീ ബുക്കിംഗ് ഉണ്ടായിരുന്നത്. പ്രീ ബുക്കിംഗ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ കിഴിവുകളും പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ പ്രീ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമായി തുടങ്ങി. ടെക്നോളജിയോടുള്ള ഇന്ത്യക്കാരുടെ അഭിനിവേശമാണ് പ്രീ ബുക്കിംഗിലൂടെ വ്യക്തമായിട്ടുള്ളതെന്ന് സാംസങ് അറിയിച്ചു. ഗൂഗിള്‍ ഉപയോഗിച്ചുള്ള സെര്‍ച്ച് ജെസ്ചര്‍ ഡ്രൈവ് സര്‍ക്കിള്‍ ആദ്യമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് സാംസങ് ഗാലക്സി എസ്24-ലാണ്. ഭാഷകള്‍ തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാക്കാന്‍ ഹിന്ദി അടക്കമുള്ള 13 ഭാഷകളിലേക്ക് ലൈവ് മെസേജ് വിവര്‍ത്തനം ചെയ്യാനുള്ള സവിശേഷതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് വര്‍ഷം വരെയാണ് സുരക്ഷ അപ്ഡേറ്റ് ലഭിക്കുക.
◾വര്‍ഷങ്ങളായി പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. പൃഥ്വിരാജിന്റെ വിസ്മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. പൃഥ്വിരാജ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2.52 മണിക്കൂറായിരിക്കും ദൈര്‍ഘ്യം. കഠിനമായ പരിശ്രമമാണ് പൃഥ്വിരാജ് ബ്ലസിയുടെ ചിത്രത്തിനായി നടത്തിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരെ മെലിഞ്ഞ ലുക്കിലും താരത്തെ ചിത്രത്തില്‍ കാണാനാകും എന്ന് മാത്രമല്ല പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒന്നാകും ആടുജീവിതം എന്നുമാണ് കരുതുന്നത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്. റിലീസ് ഏപ്രില്‍ 10ന് ആയിരിക്കും. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‌മാനാണ് ചിത്രത്തി്നറെ സംഗീതം നിര്‍വഹിക്കുന്നത്.
◾ധനുഷ് ആരാധകര്‍ ഏറെ കാത്തിരിപ്പോടെ ഇരുന്ന ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള ‘ക്യാപ്റ്റന്‍ മില്ലര്‍’. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിലും പറയാനുള്ളത് വിജയകഥ തന്നെയാണ്. എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ജനുവരി 12 ന് ആയിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 5 കോടിയിലേറെയാണ്. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില്‍ നിന്ന് 5 കോടി നേടുന്നത്. ഗള്‍ഫിലും ധനുഷിന്റെ ഹയസ്റ്റ് ഗ്രോസര്‍ ആയിട്ടുണ്ട് ചിത്രം. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 4.40 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഗള്‍ഫ് കളക്ഷന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. സംവിധായകനൊപ്പം മദന്‍ കാര്‍ക്കിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, പ്രിയങ്ക അരുള്‍ മോഹന്‍, അദിതി ബാലന്‍, എഡ്വാര്‍ഡ് സോണെന്‍ബ്ലിക്ക്, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ്, വിനോദ് കിഷന്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.
◾2023ല്‍ 1.12 കോടി വാഹനങ്ങളാണ് ടൊയോട്ട രാജ്യാന്തരതലത്തില്‍ വിറ്റഴിച്ചത്. ടൊയോട്ടയും ലെക്‌സസും ചേര്‍ന്ന് 1.03 കോടി വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. ബാറ്ററി വൈദ്യുത വാഹനങ്ങളുടെ കണക്കെടുത്താല്‍ ടൊയോട്ട 2023ല്‍ 1,04,018 എണ്ണം വിറ്റു. ഇവികളുടെ കാര്യത്തില്‍ ടൊയോട്ട നേടിയത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 325 ശതമാനത്തിന്റെ വില്‍പന വളര്‍ച്ച. 2022ല്‍ ആകെ 24,000 ഇവികള്‍ മാത്രമാണ് ടൊയോട്ട വിറ്റിരുന്നത്. 1.12 കോടി വാഹനങ്ങള്‍ വിറ്റ 2022ല്‍ ഇവി വിഹിതം 0.93 ശതമാനം മാത്രമായിരുന്നു. ഇവിയേക്കാള്‍ ടൊയോട്ടക്ക് പ്രിയം ഹൈബ്രിഡ് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം 34 ലക്ഷം ഹൈബ്രിഡ് വാഹനങ്ങളും 26,859 മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളും ടൊയോട്ട വിറ്റു. ഹൈബ്രിഡില്‍ 31 ശതമാനവും മൈല്‍ഡ് ഹൈബ്രിഡില്‍ 494 ശതമാനവുമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വില്‍പന വളര്‍ച്ച. അതേസമയം 2022നെ അപേക്ഷിച്ച് ഹൈഡ്രജന്‍ വാഹനങ്ങളുടെ വില്‍പന 0.1ശതമാനം കുറഞ്ഞ് 3,921ലെത്തി. ബാറ്ററി, ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ്, ഹൈഡ്രജന്‍ വാഹനങ്ങളുടെ കണക്കെടുത്താല്‍ ടൊയോട്ട കഴിഞ്ഞ വര്‍ഷം 37 ലക്ഷം വാഹനങ്ങള്‍ വിറ്റു. ആകെ വില്‍പനയുടെ മൂന്നിലൊന്നു വരും ഇത്. ടൊയോട്ടയുടെ പ്രധാന എതിരാളിയായ ഫോക്‌സ്വാഗണ്‍ കഴിഞ്ഞ വര്‍ഷം 3.94 ലക്ഷം ഇവികള്‍ വിറ്റിരുന്നു. എത്രയൊക്കെ കുതിപ്പുണ്ടായാലും വൈദ്യുത കാറുകള്‍ ആകെ കാര്‍ വിപണിയുടെ 30 ശതമാനത്തിലേറെ വരില്ലെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍.
◾പണം സമ്പാദിക്കാനായി നമ്മള്‍ അത്യധ്വാനം ചെയ്യുന്നു. എന്നാല്‍ എത്ര സമ്പാദിച്ചാലും പണത്തെ സംബന്ധിച്ചുള്ള ആശങ്ക അവസാനിക്കുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നമ്മെ കുഴക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതുപോലെ നമ്മുടെ പണം നമുക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ അത് അത്ഭുതകരമല്ലേ? നാളത്തേക്കുള്ള നമ്മുടെ പണത്തില്‍നിന്ന് കൂടുതല്‍ മൂല്യം നേടാനും ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കാനും ഉതകുന്ന ഒരു പദ്ധതി കണ്ടെത്താനായാല്‍ നമുക്ക് സമാധാനത്തോടെ മുന്നോട്ടുപോകാന്‍ സാധിക്കില്ലേ? ഇത്തരത്തില്‍ എങ്ങനെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം എന്നതിനെപ്പറ്റി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തില്‍. അതിവേഗം സമ്പന്നരാകാനുള്ള വഴികാട്ടിയല്ല ഈ പുസ്തകം, മറിച്ച് ശരിയായ നിക്ഷേപത്തെക്കുറിച്ചും ‘മികച്ച’ ഇന്‍ഷുറന്‍സിനെക്കുറിച്ചും വേവലാതിപ്പെടുന്നതിനുപകരം, നിങ്ങളുടെ സ്വപ്നജീവിതം നയിക്കാനുള്ള മികച്ച മാര്‍ഗം ഈ പുസ്തകം പ്രദാനം ചെയ്യുന്നു. ‘നമുക്ക് സംസാരിക്കാം പണം എന്നതിനെക്കുറിച്ച്’. മോനിക ഹാലന്‍. വിവര്‍ത്തനം: എം.ജി. സുരേഷ്. ഡിസി ബുക്സ്. വില 332 രൂപ.
◾സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം. കുട്ടികളുടെ എണ്ണം കൂടും തോറും ഓരോ കുട്ടിക്കും ലഭിക്കുന്ന മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും കുറയുമെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒഹിയോ സറ്റേറ്റ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രഫസര്‍ ഡഗ് ഡൗണിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെയും ചൈനയിലെയും സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളിലാണ് ഗവേഷണം നടത്തിയത്. അമേരിക്കയിലെ 9100 വിദ്യാര്‍ഥികളും ചൈനയിലെ 9400 വിദ്യാര്‍ഥികളും പഠനത്തില്‍ പങ്കെടുത്തു. 14 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. ചൈനയില്‍ സഹോദരങ്ങളില്ലാത്ത കുട്ടികളിലാണ് ഏറ്റവും മികച്ച മാനസികാരോഗ്യം നിരീക്ഷിക്കപ്പെട്ടത്. അമേരിക്കയില്‍ സഹോദരങ്ങളില്ലാത്ത കുട്ടികളും ഒരേയൊരു സഹോദരനോ സഹോദരിയോ ഉള്ള കുട്ടികളും സമാനമായ മാനസികാരോഗ്യം പ്രകടിപ്പിച്ചു. മൂത്ത സഹോദരങ്ങളുള്ള കൗമാരക്കാരിലും ഒരു വയസ്സിന്റെ ഇടവേളകളില്‍ സഹോദരങ്ങളുണ്ടായിരുന്ന കുട്ടികളിലുമാണ് ഏറ്റവും മോശം മാനസികാരോഗ്യം നിരീക്ഷിക്കപ്പെടതെന്നും ഗവേഷകര്‍ പറയുന്നു. അംഗങ്ങള്‍ അധികമുള്ള വലിയ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കു ചെറിയ കുടുംബങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മാനസികാരോഗ്യം അല്‍പം കുറവാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടാകാമെന്നു കരുതപ്പെടുന്നു. ഉദാഹരണത്തിന് ഉയര്‍ന്ന സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകളില്‍ നിന്ന് വരുന്ന കൗമാരക്കാരാണ് ഏറ്റവും മികച്ച മാനസികാരോഗ്യം പ്രകടിപ്പിച്ചത്. ചൈനയിലും അമേരിക്കയിലുമൊക്കെ ഇത്തരം കുടുംബങ്ങള്‍ പലതും ഒന്നോ പരമാവധി രണ്ടോ കുട്ടികള്‍ മാത്രമുള്ളവരായിരിക്കും. ജേണല്‍ ഓഫ് ഫാമിലി ഇഷ്യൂസിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.99, പൗണ്ട് – 104.96, യൂറോ – 89.47, സ്വിസ് ഫ്രാങ്ക് – 95.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.14, ബഹറിന്‍ ദിനാര്‍ – 220.15, കുവൈത്ത് ദിനാര്‍ -269.74, ഒമാനി റിയാല്‍ – 215.54, സൗദി റിയാല്‍ – 22.13, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.79, കനേഡിയന്‍ ഡോളര്‍ – 61.66.