◾https://dailynewslive.in/ കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്ന് ഹൈക്കോടതി. വയനാട് പുനരധിവാസത്തിന് എസ്.ഡി.ആര്.എഫില്‍ നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്. ഫണ്ടിലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കാന് കഴിഞ്ഞില്ല. കേന്ദ്രവും സംസ്ഥാവും തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
◾https://dailynewslive.in/ വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്നും വരവ് ചെലവ് കണക്ക് പോലും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തിയ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. ഈ പ്രശ്നത്തില്‍ വസ്തുത മനസിലാക്കാതെയോ മനസിലാക്കിയിട്ട് മോദി സര്‍ക്കാരിനെ കുറ്റം പറയാന്‍ ഉദ്ദേശിച്ചോ ആണ് സിപിഎമ്മിനൊപ്പം കോണ്‍ഗ്രസ് ചേര്‍ന്ന് നിന്നതെന്ന് പറഞ്ഞ സുരേന്ദ്രന് സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയില്‍ വന്ന പണം എന്തുകൊണ്ട് ചെലവഴിക്കുന്നില്ലെന്നും എന്തുകൊണ്ട് അന്തിമ മെമ്മോറാണ്ടം നല്കാന് കാലതാമസം ഉണ്ടായി എന്നും ചോദിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 6 ലെ വിജയി : അജോയ് ആന്റണി, ചെമ്മലമറ്റം പോസ്റ്റ്, ഈരാറ്റുപേട്ട, കോട്ടയം*
◾https://dailynewslive.in/ എസ്ഡിആര്‍എഫിലെ ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും എസ്ഡിആര്‍എഫ് പണം ചൂരല്‍ മലയിലെ ആവശ്യത്തിന് കഴിയുമോ എന്ന കാര്യം വിവാദങ്ങള്‍ ഉയര്‍ത്തുന്ന ആളുകള്‍ പറയുന്നില്ലെന്നും മന്ത്രി കെ.രാജന്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം അറിയില്ലെന്നും വ്യാഴാഴ്ച കോടതിയില്‍ സമയം അനുവദിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിവരാവകാശ കമ്മീഷന് മുമ്പില്‍ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീല്‍ നല്കിയ മാധ്യമപ്രവര്‍ത്തകനെ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചത്.
◾https://dailynewslive.in/ 2030 ഓടെ കെഎസ്ഇബി 10,000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേരളത്തില്‍ നിലവില്‍ ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി 70 ശതമാനം വൈദ്യുതി അധിക വില കൊടുത്ത് പുറത്ത് നിന്ന് വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുന്നയിച്ചുള്ള എതിര്‍പ്പ് മൂലം പല ജലവൈദ്യുത പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ജലവിഭവ ശേഷി വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു. പുതുതായി നിര്‍മ്മിച്ച കൊപ്പം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം വൈദ്യുതി നിരക്ക് കൂടുകയാണെന്നും അത് അനാസ്ഥകൊണ്ടും അഴിമതികൊണ്ടും ഉണ്ടാക്കിവെച്ചതാണെന്നും പ്രതിപക്ഷനേതാവ് വി. ഡി സതീശന്. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണെന്നും പ്രയാസപ്പെടുന്ന ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണമെന്നും നിരക്കുവര്‍ധനവിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും സമരമുഖത്തേക്ക് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കണ്ണൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തില്‍ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് പരിശോധന നടത്തും മുന്‍പ് തങ്ങളെ അറിയിച്ചില്ലെന്ന് നവീന്റെ കുടുംബം വ്യക്തമാക്കി.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്ന് രേഖകളിലുണ്ടെന്ന് റിപ്പോര്‍ട്ട്. പദ്ധതി എന്നാണ് പൂര്‍ത്തിയാക്കേണ്ടത് എന്നതില്‍ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയത്. 2007 ല്‍ ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല.
◾https://dailynewslive.in/ മാനദണ്ഡങ്ങള്‍ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്ന കാരണത്താല്‍ കോട്ടയത്തെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍ മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വരെ കെപിസിസി പ്രസിഡന്റിന് കത്തയച്ചു.
◾https://dailynewslive.in/ സന്ദീപ് വാര്യര്‍ക്ക് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്കുന്നതില് രൂക്ഷ വിമ4ശനവുമായി മുന്‍ എഐസിസി അംഗവും കെ.കരുണാകരന്റെ സന്തത സഹചാരിയുമായിരുന്ന വിജയന് പൂക്കാടന്‍. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. സന്ദീപ് കോണ്‍ഗ്രസിലേക്ക് വന്നതു കൊള്ളാമെങ്കിലും സന്ദീപ് വാര്യരുടെ ഉപദേശം കോണ്‍ഗ്രസിനോട് വേണ്ടെന്നാണ് വിജയന് പൂക്കാടന്റെ നിലപാട്.
◾https://dailynewslive.in/ ഹിന്ദു മല്ലു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് ഐഎഎസിന്റെ മൊബൈല്‍ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നല്കിയതും മുസ്ലീം ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമര്‍ശിക്കാതെ ഗോപാലകൃഷ്ണനെതിരായ ചാര്‍ജ്ജ് മെമ്മോ. ഗുരുതര കുറ്റങ്ങള്‍ നേര്‍പ്പിച്ച് നടപടി ലഘൂകരിക്കാന്‍ ആസൂത്രിത നീക്കമെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്. ഫോണ്‍ ആരോ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ പരാതി പൊലീസും മെറ്റയും ശാസ്ത്രീയ പരിശോധനയില്‍ തള്ളിയിരുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ സഭാ ചരിത്രത്തില്‍ ആദ്യമായി ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ ഇന്ന് വത്തിക്കാനില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടും.
◾https://dailynewslive.in/ അടിച്ചാല്‍ തിരിച്ച് അടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നില നില്പ്പില്ലെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന സിപിഎം നേതാവ് എം.എം മണി. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും താനും തിരിച്ചടിച്ചിട്ടുണ്ടെന്നും ആളുകളെ കൂടെ നിര്‍ത്താനാണ് പ്രതിഷേധിക്കുന്നതെന്നും തിരിച്ചടിക്കുന്നതെന്നും പ്രസംഗിക്കാന്‍ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ എംഎം മണി പറഞ്ഞു.
◾https://dailynewslive.in/ 29 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങള്‍ റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നല്കി വരുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഐഎഫ്എഫ്കെ മധു അമ്പാട്ടിനെ ആദരിക്കുന്നത്. സമകാലിക സിനിമ വിഭാഗത്തില്‍ 4 ദക്ഷിണ കൊറിയന്‍ സിനിമകളും പ്രദര്‍ശിപ്പിക്കും.
◾https://dailynewslive.in/ വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാന്‍ ക്ലോവര്‍ ലീഫ് മോഡല്‍ നിര്‍മ്മിതിക്ക് ദേശീയ പാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചേക്കും. സ്ഥലം ഏറ്റെടുക്കല്‍ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നല്‍കും. മോഹവിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
◾https://dailynewslive.in/ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി ആശയക്കുഴപ്പത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചു. ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതോടെ ലോട്ടറി വില്‍ക്കുന്ന ഏജന്റുമാര്‍ പ്രതിഷേധത്തിലായ സാഹചര്യത്തിലാണ് അച്ചടി നിര്‍ത്തിവെച്ചത് .സമ്മാന ഘടനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോര്‍ഡ് ചെയര്മാന് ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലോട്ടറി നറുക്കെടുപ്പില്‍ 5000, 2000 , 1000 അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം.
◾https://dailynewslive.in/ അഗസ്ത്യര്‍ കൂടത്തിലെ വനവാസികള്‍ ഇത്തവണയും അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ മുണ്ടണി മാടന് തമ്പുരാന് ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെകാണാന്‍ വന വിഭവങ്ങളുമായി എത്തിയത്. എല്ലാവര്‍ഷവും മണ്ഡലകാലത്ത് അയ്യപ്പന് സമര്‍പ്പിക്കാനായി തേന്‍, കാട്ടുപൂക്കള്‍ ,കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവര്‍ മല ചവിട്ടുന്നത്.
◾https://dailynewslive.in/ വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെ ജീവനക്കാര്‍ക്കു വൈദ്യുതാഘാതമേറ്റ് ജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്ന പരിഹാരമെന്ന നിലയില്‍ വൈദ്യുതി വകുപ്പ് പരിശീലന പരിപാടി തയ്യാറാക്കി. ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കും. മൂലമറ്റം പവര്‍ എന്‍ജിനീയേഴ്സ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, റീജിയണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പരിശീലനം നല്‍കുക.
◾https://dailynewslive.in/ കടലില്‍ കൃത്രിമ പാരുകള്‍ സൃഷ്ടിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് വള്ളങ്ങള്‍ അഴിക്കോട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റും മുനക്കയ്ക്കടവ് കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തു. തമിഴ്നാട് കുളച്ചല്‍ സ്വദേശികളുടെ ആറ് വള്ളങ്ങളും തിരുവനന്തപുരം സ്വദേശികളുടെ രണ്ടു വള്ളങ്ങളും അനുബന്ധ സാധന സാമഗ്രികളുമാണ് സംയുക്ത സംഘം പിടികൂടിയത്.
◾https://dailynewslive.in/ പാലോട് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടന്ന പരിശോധനയിലാണ് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛന് ശശിധരന് ആരോപിച്ചു.
◾https://dailynewslive.in/ മാന്നാര്‍ ജയന്തി വധക്കേസില്‍ ജയന്തിയുടെ ഭര്‍ത്താവ് കുട്ടിക്കൃഷ്ണന് കോടതി വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2004 ഏപ്രില്‍ രണ്ടിന് ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരില്‍ കുട്ടികൃഷ്ണന് ഒന്നര വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ എറണാകുളം കളമശ്ശേരിയില്‍ കരിങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മൂന്നേമുക്കാലോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
◾https://dailynewslive.in/ ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാ നദിയില്‍ കാണാതായ മലയാളി ആകാശിന്റെ മൃതദേഹം കിട്ടി. 9 ദിവസത്തിനുശേഷമാണ് മൃതദേഹം കിട്ടിയത്. വിനോദയാത്രയ്ക്കിടെയാണ് പത്തനംതിട്ട സ്വദേശി ആകാശ് അപകടത്തില്‍പ്പെട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.
◾https://dailynewslive.in/ തെലങ്കാനയിലെ യാദഗിരിഗുട്ടയില്‍ കാര്‍ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേര് മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. യാദാദ്രി ഭുവനഗിരിയിലെ ഭൂദാന്‍ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാല്‍പൂര്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
◾https://dailynewslive.in/ സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സിറിയയിലെ യുദ്ധ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സിറിയയിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടനെ നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്കി. സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമാകവേ ദാരാ നഗരത്തിന്റെ നിയന്ത്രണം സിറിയന്‍ സേനയ്ക്ക് നഷ്ടമായി. 2011ലെ ആഭ്യന്തര കലാപത്തിന്റെ തുടക്കവും ഈ നഗരത്തില്‍ നിന്നായിരുന്നു.
◾https://dailynewslive.in/ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി. ചെയര്‍പേഴ്സണുമായ മമതാ ബാനര്‍ജി. അവസരം നല്കുകയാണെങ്കില് താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യം രൂപവത്കരിച്ചത് താനാണെന്നും അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണെന്നും അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കില്‍ താന്‍ എന്തുചെയ്യാനാണെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നേ പറയാനുള്ളൂവെന്നും മമത വ്യക്തമാക്കി.
◾https://dailynewslive.in/ ബിനാമി ഇടപാടുകേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്. മൂന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടിയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയ കേസിലാണ് ട്രൈബ്യൂണലിന്റെ തീര്‍പ്പ്. അജിത്തിനെതിരായ ആദായനികുതി വകുപ്പിന്റെ ആരോപണങ്ങള്‍ ട്രൈബ്യൂണല്‍ തള്ളി.
◾https://dailynewslive.in/ ഫ്രാന്‍സില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ നേത്രേദാം പള്ളി ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, യുക്രെയ്ന് പ്രസിഡന്റ് സെലന്‍സ്കി, ബ്രിട്ടണിലെ വില്യം രാജകുമാരന് തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീപിടിത്തത്തില്‍ നശിച്ച ഭാഗങ്ങളെല്ലാം പുനര്‍ നിര്‍മിച്ച പള്ളി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.
◾https://dailynewslive.in/ സ്മാര്‍ട്ട്ഫോണ്‍ പായ്ക്ക് ചെയ്യുന്ന ബോക്സുകളില്‍ സിഗരറ്റ് പെട്ടികളില്‍ നല്‍കുന്നതിന് സമാനമായ മുന്നറിയിപ്പ് പതിപ്പിക്കാന്‍ ഒരുങ്ങി സ്പെയിന്. അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മുന്നോട്ടുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പ് സ്മാര്‍ട്ട്ഫോണ്‍ ബോക്സുകളില്‍ പതിപ്പിക്കുമെന്നാണ് സ്പാനിഷ് സര്‍ക്കാര്‍ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
◾https://dailynewslive.in/ അഡലെയ്ഡ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് 153 റണ്‍സിന്റെ ലീഡ്. 140 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെ മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 337 റണ്‍സെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും 4 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
◾https://dailynewslive.in/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്കാന് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്കുന്ന വായ്പാ സേവനങ്ങള്‍ ഇനി യു.പി.ഐ ആപ്പുകള്‍ വഴി ലഭിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്കാന് കൊമേഷ്യല്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു അനുമതി. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും അനുമതി ലഭിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വായ്പാ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന് റിസര്‍ബ് ബാങ്ക് നടപ്പിലാക്കിയ പ്രീ അപ്രൂവ്ഡ് വായ്പാ സേവനമാണ് ക്രെഡിറ്റ് ലൈന്‍. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ നിശ്ചിത തുകയ്ക്കുള്ള തത്സമയ വായ്പ ബാങ്കുകള്‍ മുന്‍കൂട്ടി അനുവദിച്ച് തരും. വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അതിവേഗത്തില്‍ വായ്പ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ബാങ്കുകള്‍ നല്കുന്ന ക്രെഡിറ്റ് ലൈനുമായി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യു.പി.ഐ ആപ്പുകളെ ബന്ധിപ്പിക്കുന്നതോടെ ഇത്തരം ആപ്പുകള്‍ ക്രെഡിറ്റ് കാര്‍ഡുകളെ പോലെയാകും. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും.
◾https://dailynewslive.in/ രാജ്യത്ത് ഏറ്റവും മികച്ച 4ജി അനുഭവം നല്‍കുന്നത് വോഡാഫോണ്‍ ഐഡിയ (വിഐ) ആണെന്ന് ഓപ്പണ്‍ സിഗ്നലിന്റെ പഠന റിപ്പോര്‍ട്ട്. ഓപ്പണ്‍ സിഗ്നല്‍ നവംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2024 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെയുള്ള 90 ദിവസത്തെ 4ജി നെറ്റ്വര്‍ക്ക് സേവനങ്ങള്‍ പരിശോധിച്ചാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡാഫോണ്‍ ഐഡിയ. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്നിലുള്ള റിലയന്‍സ് ജിയോയെയും ഭാരതി എയര്‍ടെല്ലിനേയും പിന്തള്ളി 4ജി വേഗത്തില്‍ വിഐ കുതിപ്പ് രേഖപ്പെടുത്തി. 4ജി ഡൗണ്‍ലോഡ് സ്പീഡ്, 4ജി അപ്ലോഡ് സ്പീഡ്, 4ജി വീഡിയോ അനുഭവം, 4ജി ലൈവ് വീഡിയോ എക്സ്പീരിയന്‍സ്, 4ജി ഗെയിം അനുഭവം, 4ജി വോയിസ് ആപ്പ് എക്സ്പീരിയന്‍സ് എന്നിങ്ങനെ പ്രകടന മികവ് അളക്കുന്ന ആറ് അളവുകോലുകളിലും വോഡാഫോണ്‍ ഐഡിയ മുന്നിലെത്തി. രാജ്യത്തെ ഏറ്റവും മികച്ച ശരാശരി 4ജി ഡൗണ്‍ലോഡ് വേഗത (17.4 എംബിപിഎസ്) വോഡാഫോണ്‍ ഐഡിയക്കാണ്. ഇത് എയര്‍ടെല്ലിനേക്കാള്‍ 8 ശതമാനവും ജിയോയേക്കാള്‍ 22 ശതമാനവും അധികമാണ്. 4ജി അപ്ലോഡ് വേഗത്തിലും വിഐക്കാണ് മുന്‍തൂക്കം. ഓണ്‍-ഡിമാന്റ് വീഡിയോ സ്ട്രീമിംഗില് 17 ടെലികോം സര്‍ക്കിളുകളിലാണ് വോഡാഫോണ്‍ ഐഡിയ കുതിപ്പ് രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ തെലുങ്ക് സിനിമകള്‍ നേടുന്ന പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് വിജയം ബോളിവുഡിനെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ തെളിവാണ് സണ്ണി ഡിയോള്‍ നായകനാവുന്ന ‘ജാട്ട്’. തെലുങ്ക് മാസ് മസാല സിനിമകളുടെ പാറ്റേണില്‍ എത്തുന്ന ചിത്രം ഒരുക്കുന്നതും ഒരു തെലുങ്ക് സംവിധായകനാണ്. നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന് ഗോപിചന്ദ് മലിനേനിയാണ് ജാട്ട് ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രങ്ങള്‍ തിയറ്ററുകളില്‍ ആഘോഷിക്കുന്ന ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ടീസറില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. 1.27 മിനിറ്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം. സണ്ണി ഡിയോളിനൊപ്പം രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, റെഗിന കസാന്‍ഡ്ര, സൈയാമി ഖേര്‍, സ്വരൂപ് ഘോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗോപിചന്ദിന്റേത് തന്നെയാണ്. റാം ലക്ഷ്മണ്, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്, അനല്‍ അരസ് എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍മാരുടെ പേരുകള്‍. 2025 ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
◾https://dailynewslive.in/ വിജയ്യുടേതായി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണിപ്പോള്‍. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. സംവിധായകന് വിനോദും വിജയ്യും ചേര്‍ന്ന് ചിത്രത്തിന്റെ പേര് പുറത്തുവിടാനൊരുങ്ങുന്നു. അടുത്തവര്‍ഷം ജനുവരിയില്‍ തന്നെ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടും. ചിത്രത്തില്‍ വിജയ് ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുകയെന്നാണ് വിവരം. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ബാലകൃഷ്ണ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാ മണി, ഗൗതം വാസുദേവ് മേനോന്, നരേന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
◾https://dailynewslive.in/ സല്മാന് ഖാന്റെ സഹോദരീ ഭര്‍ത്താവും ബോളഇവുഡ് താരവുമായ ആയുഷ് ശര്‍മയുടെ യാത്രകള്‍ക്ക് ഇനി കൂട്ടാകുന്നത് മസരാട്ടിയുടെ ഗ്രെക്കാലെയാണ്. മെയ്ബ ഇക്യൂഎസ് നു പുറകെയാണ് ഈ ആഡംബര എസ് യു വി കൂടി താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. കറുപ്പ് നിറമാണ് എസ് യു വിയുടെ അകത്തളങ്ങള്‍ക്കു മോടിക്കൂട്ടിയിരിക്കുന്നത്. ബ്ലാക്ക് ഷെയ്ഡ് തന്നെയാണ് വാഹനത്തിനായും താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഇറ്റാലിയന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മസെരാട്ടി ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ് ഗ്രെക്കാലെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മൂന്നു വേരിയന്റില്‍ ഈ വാഹനം ലഭ്യമാണ്. ജിടി, മോഡേണ, ട്രോഫിയോ എന്നിവയ്ക്ക് യഥാക്രമം വിലവരുന്നത് 1.31 കോടി, 1.53 കോടി, 2.05 കോടി എന്നിങ്ങനെയാണ്. ജി ടി വേരിയന്റില്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 300 ബി എച്ച് പി കരുത്തും 450 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുമിത്. അതേ എന്ജിന് തന്നെയാണ് മോഡേണ വേരിയന്റിലും. പരമാവധി പവര്‍ 330 ബി എച്ച് പി യാണ്. ട്രോഫിയോ വേരിയന്റിന് കരുത്ത് പകരുന്നത് 3.0 ലീറ്റര്‍ വി 6 ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. 530 ബി എച്ച് പി യാണ് പവര്‍, 620 എന്‍ എം ആണ് ടോര്‍ക്ക്.
◾https://dailynewslive.in/ മൈക്കും റേഡിയോയും ഇല്ലാതിരുന്ന കാലത്ത് ജോസ് ഗായകനായതിന്റെ വിചിത്ര വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന സംഗീതചരിത്ര ഗ്രന്ഥമാണു ‘സ്നേഹഗായകന്’. പ്രശസ്ത സംഗീതജ്ഞരും എഴുത്തുകാരും അടക്കം 94 പേരുടെ രചനകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മൈക്ക് ഇല്ലാതിരുന്ന കാലത്തെ ഗാനമേളാ സദസുകള്‍, തൃശൂരിലെ ആദ്യ ഗാനമേളാ ട്രൂപ്പ്, റേഡിയോ പോലും ഇല്ലാതിരുന്ന കാലത്തെ പാട്ടു പഠനം, തെരുവില്‍ പാടി വിശ്വഗായകനായ മുഹമ്മദ് റഫിയുടെ കഥ തുടങ്ങിയവയെല്ലാം ഈ പുസ്തകത്തില്‍ കാണാം. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഫ്രാങ്കോ ലൂയിസാണു പുസ്തകത്തിന്റെ എഡിറ്റര്‍. പ്രസാധകര് തൃശൂരിലെ ഈലിയ ബുക്സ്. ഡിസംബര്‍ എട്ടിനു ഞായറാഴ്ച വൈകുന്നേരം നാലിന് കേരള സാഹിത്യ അക്കാദമി ഹാളില്‍ റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് ആദ്യ കോപ്പി വീണവിദ്വാന്‍ എ. അനന്തപത്മനാഭനു നല്കി പുസ്തകം പ്രകാശനം ചെയ്യും.
◾https://dailynewslive.in/ മടി കാരണം വീടിനകം തൂക്കാനും തുടയ്ക്കാനും വിട്ടു പോകാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം, നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുറച്ചു പൊടിയല്ലേ… എന്ന് കരുതിയാല്‍ തെറ്റി, ഈ പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പല്‍, ബാക്ടീരിയ, മൈക്രോ ടോക്സിനുകള്‍ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരിക്കുകയാണെങ്കില് ഇതിന്റെ തോത് കൂടാനും രോഗങ്ങള്‍ പതിവാകാനും കാരണമാകും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 2.5 മൈക്രോണുകളോ അതില്‍ കുറവോ വ്യാസമുളള (പിഎം25)സൂക്ഷ്മ കണികകളുമായുളള സമ്പര്‍ക്കം വളരെ അപകടകരമാണ്. പിഎം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 40 മൈക്രോണ്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങള്‍ മാത്രമാണ് നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്. ഇതിന് താഴെയ്ക്കുള്ളവ ശ്വാസകോശങ്ങളിലൂടെ രക്തത്തില്‍ കലരാനും ചുമ, കണ്ണില്‍ നിന്ന് വെള്ളം വരിക, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലത്തേക്ക് ഇവ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം. കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകള്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദമായ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുകയാണെങ്കില്‍ 99.7 ശതമാനം പൊടിപടലങ്ങളെയും വൃത്തിയാക്കാന്‍ സാധിക്കും. വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വയ്ക്കുന്നത് ശുദ്ധമായ വായൂ ലഭിക്കാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.67, പൗണ്ട് – 107.92. യൂറോ – 89.48, സ്വിസ് ഫ്രാങ്ക് – 96.32, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.12, ബഹറിന്‍ ദിനാര്‍ – 224.64, കുവൈത്ത് ദിനാര്‍ -275.55, ഒമാനി റിയാല്‍ – 220.09, സൗദി റിയാല്‍ – 22.51, യു.എ.ഇ ദിര്‍ഹം – 23.05, ഖത്തര്‍ റിയാല്‍ – 23.22, കനേഡിയന്‍ ഡോളര്‍ – 59.85.