S6 yt cover 1

https://dailynewslive.in/ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയായി. ഇന്ത്യന്‍ കായികപ്രേമികളെ വന്‍ നിരാശയിലാഴ്ത്തിയാണ് പാരീസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയോഗ്യയാക്കിയത്. ഇതോടെ വിനേഷിന് മത്സരത്തിലെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും.

https://dailynewslive.in/ ഇന്നലത്തെ മത്സരങ്ങള്‍ക്ക് മുമ്പ് രാവിലെ നടന്ന പതിവ് ഭാരപരിശോധനയില്‍ വിനേഷിന്റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വിനേഷിന്റെ ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു.. ഇന്നലെ സെമി ഫൈനല്‍ മത്സരങ്ങളില്‍ വിജയിച്ചശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്നു. രാത്രി ഉറങ്ങാതെ സൈക്ലിഗും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് പരാജയപ്പെടുകയായിരുന്നു. ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കിക്കൊണ്ടുള്ള രാജ്യാന്തര ഒളിംപിക്സ് അസോസിയേഷന്റെ തീരുമാനം വരുമ്പോള്‍ വിനേഷ് ഫോഗട്ട് ആശുപത്രിക്കിടയിലായിരുന്നുവെന്നാണ് വിവരം.

https://dailynewslive.in/ പാരിസ് ഒളിമ്പിക്സിലെ ഉറച്ച മെഡല്‍ പ്രതീക്ഷയില്‍ നിന്ന് രാജ്യത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. വിനേഷിന് സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ഭാരം 50 മുതല്‍ 100 ഗ്രാം വരെ കൂടിയാലും സാധാരണയായി താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാറുണ്ട് എന്നും അമ്മാവനും മുന്‍താരവുമായ മഹാവീര്‍ സിംഗ് ഫോഗട്ട് വിതുമ്പികൊണ്ട് പറഞ്ഞു. അതേസമയം ഒരൊറ്റ ദിവസം കൊണ്ട് വിനേഷിന്റെ ഭാരത്തില്‍ എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്നും തിരിമറി നടന്നിട്ടുണ്ടോ എന്ന ചോദ്യവുമുയര്‍ത്തി വിമര്‍ശനമുന്നയിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ കായികപ്രേമികള്‍.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താങ്കള്‍ ചാമ്പ്യന്‍മാരുടെ ഗണത്തിലെ ചാമ്പ്യനാണെന്നും ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണെന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും പ്രധാനമന്ത്രി ഫേയ്സ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ വയനാട്ടില്‍ തെരച്ചില്‍ തുടരുന്നതില്‍ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. ടൗണ്‍ഷിപ്പ് തന്നെ നിര്‍മിച്ച് ദുരന്തഭൂമിയിലെ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക വീടു കണ്ടെത്തുമെന്നും ദുരിത ബാധിതര്‍ക്ക് മൊറട്ടോറിയം ഏര്‍പെടുത്തണമെന്ന് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

https://dailynewslive.in/ റീ ബില്‍ഡ് വയനാടിനായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാം എന്ന സര്‍വീസ് സംഘടനകളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. കൂടുതല്‍ തുക നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അവസരമുണ്ട്. മേലധികാരിക്ക് സമ്മത പത്രം നല്‍കുന്നവരുടെ ശമ്പളം സ്പാര്‍ക്കില്‍ ക്രമീകരണം വരുത്തി ഈടാക്കും. ഒറ്റ തവണ ആയോ മൂന്ന് തവണ ആയോ നല്‍കാം എന്നും തീരുമാനമായി. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.

https://dailynewslive.in/ വയനാട് പുനരധിവാസത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

https://dailynewslive.in/ വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഒന്‍പതാം ദിവസവും തുടരുന്നു. വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 413 ആയി. തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതോടൊപ്പം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.

https://dailynewslive.in/ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തില്‍ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നും 50,000 രൂപയുടെ ചെക്ക് താനും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയുള്ള ഈ വിഷയം സഭാ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഉണ്ടാവില്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനം.

https://dailynewslive.in/ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനം രാഷ്ട്രീയ പ്രേരണ കൊണ്ടാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.എ. ഖാദര്‍. എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിട്ട് തുല്യത കൊണ്ടുവരണമെന്നും സ്‌കൂള്‍ സമയമാറ്റ ശുപാര്‍ശ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സിക്ക് വിട്ടാല്‍ ശക്തമായി എതിര്‍ക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി. നിയമ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ മുസ്ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായി വഖഫ് നിയമഭേദഗതി ബില്‍. വഖഫ് സ്വത്ത് രജിസ്ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുന്നടതക്കം നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്. ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തു. ഈയാഴ്ച തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

https://dailynewslive.in/ ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂര്‍ വൈകി. കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് തായ് എയര്‍ലൈന്‍സില്‍ തായ്ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് പ്രശാന്ത് ബോംബാണ് ബാഗിലെന്ന് പറഞ്ഞതെന്നാണ് വിവരം.

https://dailynewslive.in/ കണ്ണൂര്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് പോക്സോ കേസില്‍ അറസ്റ്റിലായി. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്. കൂടാതെ രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍ അബ്ദുല്‍ റസാഖ് സസ്പെന്‍ഷനിലാണ്.

https://dailynewslive.in/ തിരുവല്ലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിന്‍ അലക്സാണ്ടറാണ് ചാടിപ്പോയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാര്‍ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ കസ്റ്റഡിയില്‍ എടുത്തതായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിന്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേരും ചികിത്സയില്‍ തുടരുന്നു. രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കള്‍, ഒരു പേരൂര്‍ക്കട സ്വദേശി എന്നിങ്ങനെ ആകെ അഞ്ച് പേര്‍ക്കാണ് നിലവില്‍ ജില്ലയില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ തുമ്പ സ്വദേശി സെബാസ്റ്റ്യനെ കാണാതായി. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരുണ്ടായിരുന്ന വള്ളത്തില്‍ നാലുപേര്‍ നീന്തി കരകയറി. സെബാസ്റ്റ്യനെ തിരച്ചുഴിയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാന വ്യാപകമായി 21 പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 32.51 കോടിയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇന്റലിജന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളില്‍നിന്നുള്ളതും വിവാഹങ്ങളുടേയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനവും മറച്ചുവച്ചായിരുന്നു നികുതിവെട്ടിപ്പെന്നാണ് വിവരം.

https://dailynewslive.in/ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ അന്തരിച്ചു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേര്‍ണല്‍, സണ്‍ഡേ ഇന്ത്യന്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ദുബായില്‍ പരസ്യമെഴുത്തുകാരനായും ജോലിചെയ്തിട്ടുണ്ട്.

https://dailynewslive.in/ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്റെ അടിയേറ്റ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരന്‍ മരിച്ചു. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയിലില്‍ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

https://dailynewslive.in/ താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ക്ക് നിരോധനം. സന്ദര്‍ശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് തീരുമാനം.

https://dailynewslive.in/ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തല്‍ക്കാലം ഇന്ത്യ അഭയം നല്‍കിയേക്കുമെന്ന് സൂചന. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചര്‍ച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഷെയ്ഖ് ഹസീനയെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം.

https://dailynewslive.in/ ബംഗ്ലാദേശിലെ ധാക്കയില്‍ സ്റ്റാര്‍ ഹോട്ടലിന് പ്രതിഷേധക്കാര്‍ തീവെച്ചതിനെ തുടര്‍ന്ന് 24 പേര്‍ വെന്തുമരിച്ചു. 150ലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് ശേഷവും അക്രമം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിനും വൈകുന്നതിനും കാരണമായ ആഗോള ഐടി പ്രതിസന്ധിയില്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിനെതിരെ അമേരിക്കയിലെ വിമാന കമ്പനികള്‍ കോടതിയെ സമീപിച്ചു. അതേസമയം കേസിന് മെറിറ്റ് ഇല്ല എന്നാണ് ക്രൗഡ്‌സ്ട്രൈക്കിന്റെ വാദം. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്റെ അപ്‌ഡേറ്റിലുണ്ടായ പിഴവ് ജൂലൈയില്‍ ലോകമെമ്പാടുമുള്ള 85 ലക്ഷം മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളെ ബാധിച്ചിരുന്നു.

https://dailynewslive.in/ ഗാസ മുനമ്പ് മേധാവി യഹിയ സിന്‍വാറിനെ ഹമാസിന്റെ പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഇസ്മായില്‍ ഹനിയ കഴിഞ്ഞ ആഴ്ച ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിന്‍വാറിനെ തലവനായി തെരഞ്ഞെടുത്തത്. എന്നാല്‍ പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്ക് ശേഷം, ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീന്‍ അല്‍-ഖസ്സാം പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുറവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,350 രൂപയും പവന് 320 താഴ്ന്ന് 50,800 രൂപയിലുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ജൂലൈ 26ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഗ്രാമിന് 1,040 രൂപയുടെ കുറവാണുണ്ടായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ല് വച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 30 രൂപയുടെ കുറവുണ്ട്. ഇന്നലെ മൂന്ന് രൂപയുടെ കുറവുണ്ടായ വെള്ളിവില ഇന്നും ഗ്രാമിന് 87 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യാന്തര സ്വര്‍ണ വില ഇടിവിലാണ്. ഇന്ന് 0.19 ശതമാനം താഴ്ന്ന് ഔണ്‍സിന് 2,384 ഡോളറിലാണ് വ്യാപാരം. ഓഗസ്റ്റ് അഞ്ചിന് 1.46 ശതമാനവും ഇന്നലെ 0.76 ശതമാനവും ഇടിഞ്ഞിരുന്നു. അന്താരാഷ്ട വിപണികള്‍ വലിയ നേട്ടത്തിലായതോടെ കഴിഞ്ഞയാഴ്ച സ്വര്‍ണം, വെള്ളി വിലകളില്‍ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. യു.എസിലെ തൊഴില്‍ കണക്കുകള്‍ നിരാശപ്പെടുത്തിയതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ എക്കാലത്തെയും റെക്കോഡിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ നേട്ടം നിലനിറുത്താന്‍ സ്വര്‍ണത്തിനായില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണവില 50,800 രൂപയാണ്. ഇതിനോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ 54,993 രൂപ നല്‍കിയാലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.

https://dailynewslive.in/ യു.പി.ഐ ഇടപാടുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കമുള്ള നൂതനമാറ്റങ്ങള്‍ വരുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. നിലവില്‍ യു.പി.ഐ ഇടപാടുകള്‍ നടത്തുന്നതിന് ഓരോ തവണയും നാലോ ആറോ അക്കമുള്ള പിന്‍ നമ്പര്‍ ഉപയോഗിക്കണം. ഇതിന് പകരമായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിരലടയാളവും ആപ്പിള്‍ ഫോണുകളില്‍ ഫെയിസ് ഐഡിയും ഉപയോഗിക്കാനുള്ള സാധ്യതയാണ് എന്‍.പി.സി.ഐ പരിശോധിക്കുന്നത്. പിന്‍ നമ്പര്‍, ഒ.ടി.പി എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിറുത്താനാണ് ആലോചന. പിന്‍ നമ്പരോ ഒ.ടി.പിയോ ഇല്ലാതെ യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് അടുത്തിടെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബദല്‍ സംവിധാനം കണ്ടെത്താനായിരുന്നു എന്‍.പി.സി.ഐക്ക് ലഭിച്ച നിര്‍ദ്ദേശം. രണ്ട് തരത്തിലുള്ള യു.പി.ഐ ഇടപാടുകളാണ് നിലവിലുള്ളത്. ഉപയോക്താവിന് ഇടപാടിന് മുമ്പ് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചും നാലോ ആറോ അക്കമുള്ള രഹസ്യ യു.പി.ഐ പിന്‍ ഉപയോഗിച്ചും ഇടപാടുകള്‍ സാധ്യമാകും. ഇതിന് പകരമാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ ബയോമെട്രിക് ഓതന്റിഫിക്കേഷനൊപ്പം നിലവിലുള്ള രീതികളും തുടരും. ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളിലേക്ക് മാറുന്നത് യു.പി.ഐ ഇടപാടുകളുടെ വേഗത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. നെറ്റ്വര്‍ക്കിലെ പ്രശ്‌നങ്ങള്‍ കാരണം ഒ.ടി.പി ലഭിക്കാന്‍ വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങളും ഒഴിവാകും. പിന്‍ ഓര്‍ത്ത് വയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഒ.ടി.പി കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്കും ബയോമെട്രിക് സംവിധാനം ഉപയോഗിക്കാമെന്നത് യു.പി.ഐ ഇടപാടുകളെ കൂടുതല്‍ ജനകീയമാക്കും. ഫെയിസ് ഐഡിയും വിരലടയാളവും ഉപയോഗിക്കുന്നത് ഇടപാടുകളുടെ സുരക്ഷയും വര്‍ധിപ്പിക്കും. എസ്.എം.എസിലൂടെ നല്‍കുന്ന ഒ.ടി.പി ഇല്ലാതാകുന്നതോടെ ഈയിനത്തില്‍ ബാങ്കുകള്‍ക്കും ചെലവ് കുറയ്ക്കാനാകും.

https://dailynewslive.in/ ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഷൂട്ടിംഗ് തൃപ്രയാറില്‍ ആരംഭിച്ചു. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിലാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഭ്യന്തര കുറ്റവാളിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേം കുമാര്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകള്‍ മാത്രമാക്കി ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു.

https://dailynewslive.in/ കൊരട്ടല ശിവയുടെ എന്‍ടിആര്‍ ചിത്രം ‘ദേവര പാര്‍ട്ട് 1’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ മലയാളം പുറത്തിറങ്ങി. ‘കണ്ണിണതന്‍ കാമനോട്ടം’ എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് മെലഡി ആണ്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക. കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

https://dailynewslive.in/ മെഴ്‌സിഡീസ് മെയ്ബ എസ് 580 സ്വന്തമാക്കി ബോളിവുഡിന്റെ വിദ്യ ബാലന്‍. എമറാള്‍ഡ് ഗ്രീന്‍ നിറമാണ് ഈ ആഡംബര സെഡാനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. 2.70 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനം ഓണ്‍ റോഡെത്തുമ്പോള്‍ വില 3 കോടി രൂപയിലെത്തും. 19 ഇഞ്ച് മോണോ ബ്ലോക്ക് അലോയ് വീലുകള്‍, വെന്റിലേഷന്‍, ഹീറ്റിങ്, കൂളിങ് എന്നിവ പ്രദാനം ചെയ്യുന്ന നാപ്പ ലെതര്‍ റിയര്‍ സീറ്റുകള്‍, 12.8 ഇഞ്ച് പോര്‍ട്രൈറ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ ഈ ആഡംബര സെഡാന് മെഴ്‌സിഡീസ് നല്‍കിയിട്ടുണ്ട്. 4.0 ലീറ്റര്‍ ബൈ ടര്‍ബോ വി 8 മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. വാഹനത്തിന്റെ പരമാവധി കരുത്ത് 496 ബി എച്ച് പി യും 700 എന്‍ എം ടോര്‍ക്കുമാണ്. 9 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ്. വിദ്യ ബാലന്റെ ഗാരിജിലെത്തിയ ആദ്യത്തെ മെഴ്‌സിഡീസ് ബെന്‍സ് വാഹനമാണ് മെയ്ബ 580. 2019 ല്‍ ബെന്‍സ് ഇ – ക്ലാസ് സെഡാനും അതിനു മുന്‍പ് ജി എല്‍ സി എസ് യു വിയും താരസുന്ദരി സ്വന്തമാക്കിയിരുന്നു. വിദ്യ ബാലന് പുറമെ ബോളിവുഡില്‍ നിന്നും അനില്‍ കപൂര്‍, കങ്കണ റണൗത്ത്, ഷാഹിദ് കപൂര്‍, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മെയ്ബ 580 സ്വന്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍ ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍ ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…? വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്; അവരിലൂടെയും അവരിലേക്കും. പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവല്‍. ‘ഇന്നലെകള്‍ക്കപ്പുറം’. അന്‍വര്‍ അബ്ദുള്ള. മാതൃഭൂമി. വില 170 രൂപ.

https://dailynewslive.in/ തലച്ചോറിന്റെ ആരോ?ഗ്യം മെച്ചപ്പെടുത്താന്‍ ബെസ്റ്റാണ് മാതള നാരങ്ങ. മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ നീര്‍ക്കെട്ട്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, അള്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ നീര്‍ക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സുമാണ്. മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓര്‍മ്മക്കുറവുള്ളവരില്‍ ഓര്‍മ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്ക്കുന്നു ചെയ്യുന്നു. മാനസിക നില, ഓര്‍മ്മശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാന്‍സ്മിറ്ററുകളായ അസറ്റൈല്‍കോളിന്‍, ഡോപ്പമിന്‍, സെറോടോണിന്‍ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും. ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകള്‍ക്കും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. പ്രമേഹം, രക്തസമ്മര്‍ദ്ധം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയുള്ളവും, രക്തം നേര്‍പ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവൂ. മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. കൂടാതെ ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകള്‍ക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. ഇതിനാല്‍ മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും ചെറുതായി പല്ലു തേയ്ക്കുന്നതും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.95, പൗണ്ട് – 106.62, യൂറോ – 91.72, സ്വിസ് ഫ്രാങ്ക് – 98.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.98, ബഹറിന്‍ ദിനാര്‍ – 222.73, കുവൈത്ത് ദിനാര്‍ -274.79, ഒമാനി റിയാല്‍ – 218.09, സൗദി റിയാല്‍ – 22.36, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.00, കനേഡിയന്‍ ഡോളര്‍ – 60.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *