S8 yt cover 3

https://dailynewslive.in/ കനത്ത ചൂടിലും സംസ്ഥാനത്ത് മികച്ച പോളിംഗ്. 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചക്ക മൂന്ന് മണിയോടടുത്ത്് മണിക്ക് പോളിങ്ങ് ശതമാനം 50 കടന്നതായി റിപ്പോര്‍ട്ട്. വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി.

https://dailynewslive.in/ വിവിപാറ്റ് പൂര്‍ണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും, ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.

https://dailynewslive.in/ വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിങ് ബൂത്തിലേക്ക് എത്തിയത്. കുടുംബത്തോടൊപ്പം എത്തിയ പിണറായി വിജയന്‍ ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് നടന്നത്. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലായിരുന്നു പിണറായിക്കും കുടുബത്തിനും വോട്ട്. എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്നും ബിജെപിക്ക് പൂജ്യമല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഇന്ത്യ ജീവിക്കണം എന്നാണ് ഉത്തരം കൊടുക്കേണ്ടതെങ്കില്‍ ഈ വര്‍ഗീയ ഫാസിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ജനരോഷത്തില്‍ എല്‍ഡിഎഫും ബിജെപിയും തകരുമെന്നും കേരളത്തില്‍ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് നേടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തിരുവനന്തപുരത്ത് ജഗതി യുപി സ്‌കൂളില്‍ വോട്ട് ചെയ്ത് മടങ്ങവേയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

https://dailynewslive.in/ തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേര്‍ന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എന്നാല്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ഇപി സ്ഥിരീകരിച്ചു. തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദ്ക്കര്‍ കണ്ടുവെന്നും വീട്ടില്‍ വന്നയാളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയുമോ എന്നും ഇപി ചോദിച്ചു.

https://dailynewslive.in/ ഇപി ജയരാജന് ജാഗ്രത കുറവുണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദല്ലാള്‍ നന്ദകുമാറുമായുള്ള അടുപ്പത്തില്‍ ഇപി ജയരാജനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും ഇത്തരക്കാരുമായി പരിചയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

*

class="selectable-text copyable-text x117nqv4">ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാംപ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം ബിജെപി രഹസ്യബന്ധത്തെ കുറിച്ച് നേരത്തെ തന്നെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിണറായി വിജയന് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമേ പ്രശ്നമുള്ളൂ. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, പിന്നെ എന്ത് കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് ഇ പി ജയരാജനും പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത്. പ്രകാശ് ജാവദേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി പോലുമല്ലാത്ത ജാവദേക്കറെ പലതവണ കണ്ടത്? പിടിക്കപ്പെട്ടു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇ പിയെ കൈയൊഴിയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ ഇ.പി. ജയരാജന്റെ വാദത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജാവ്‌ദേക്കര്‍ ചായകുടിക്കാന്‍ വരാന്‍ ജയരാജന്റെ ഫ്ലാറ്റ് ചായപ്പീടികയാണോയെന്ന് സുധാകരന്‍ ചോദിച്ചു. പ്രകാശ് ജാവ്‌ദേക്കര്‍ വെറുതെ ജയരാജനെ കാണാന്‍ വന്നതല്ലെന്നും അതിന് ശേഷം കച്ചവടം നടന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ശത്രുതയാണ് പാര്‍ട്ടി വിടാനുള്ള ശ്രമത്തിലേക്കും മറ്റും എത്തിച്ചത്. ഇന്ന് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടത്തിയ പ്രസ്താവനയും ഇതിന്റെ ഭാഗമാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ ബിജെപി ബന്ധത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തില്‍ അദ്ദേഹം ഉടനടി കണ്‍വീനര്‍ സ്ഥാനം രാജി വെക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാരന്‍ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനില്‍ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തൂങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യമെന്നും ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം – ബിജെപി ഡീല്‍ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണെന്നും ഹസന്‍ പറഞ്ഞു.

https://dailynewslive.in/ സിപിഎം, ബിജെപി അന്തര്‍ധാരയുണ്ടെന്ന് ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായെന്നു രമേശ് ചെന്നിത്തല എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞാണ് സംഭാഷണങ്ങള്‍ നടക്കുന്നത്. കുറ്റക്കാരന്‍ ജയരാജനല്ല, പിണറായിയാണ്. ഇനി പാപി ആരാണെന്ന് അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇ പി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണെന്ന് എം വി ഗോവിന്ദന്‍. ഇന്ന് വരെ മാത്രം ആയുസ്സുള്ള ആരോപണം മാത്രമാണിത്. പലരും വരും, പലരെയും കാണും. അതിലൊന്നും കുഴപ്പമില്ല. നന്ദകുമാര്‍ ഫ്രോഡ് ആണെന്നും, തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകാന്‍ സാധ്യതയില്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

https://dailynewslive.in/ കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. പാര്‍ട്ടി മെഷിനറി ആവശ്യപ്പെട്ടതുപ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി താന്‍ മുന്നോട്ട് പോയതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. കടന്നുവരുമെന്ന് പറയുന്നത് ആ ചര്‍ച്ചയുടെയൊക്കെ വെളിച്ചത്തിലാണെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

https://dailynewslive.in/ ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അത് മന്ത്രിയായാലും നേതാക്കള്‍ ആയാലും ജാഗ്രത വേണം. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനം. യുഡിഎഫിനെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും റിയാസ് പറഞ്ഞു.

https://dailynewslive.in/ ആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പി തൃശൂര്‍ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് എല്‍.ഡി.എഫ്. നഗരത്തിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ബി.ജെ.പി. വ്യാപകമായി വോട്ട് ചേര്‍ത്തിട്ടുണ്ടെന്നും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒന്‍പതിനായിരത്തിലേറെ പേര്‍ ഇങ്ങനെ അനധികൃതമായി എത്തിയിട്ടുണ്ടെന്നും സി.പി.ഐ. നേതാവ് കെ.പി. രാജേന്ദ്രന്‍ ആരോപിച്ചു.

https://dailynewslive.in/ പത്തനംതിട്ടയിലും ഇരുട്ടിയിലും കള്ളവോട്ടും ഇരട്ട വോട്ടും പിടികൂടി. പത്തനംതിട്ടയില്‍ വോട്ടിംഗ് മെഷീനില്‍ താമര ചിഹ്നത്തിന് വലുപ്പം കൂടുതലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പറഞ്ഞു. താമര ചിഹ്നം വളരെ വലുതായും മറ്റുചിഹ്നങ്ങള്‍ മങ്ങിയാണെന്നുമായിരുന്നു പരാതി. എറണാകുളത്തും ഈ പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിന് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. അദ്ദേഹം കളക്ടര്‍ക്ക് പരാതി നല്‍കി.

https://dailynewslive.in/ കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സി.ആര്‍.മഹേഷ് എം എല്‍ എ ഉള്‍പ്പെടെ 150 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സി പി എം സംസ്ഥാന സമിതി അംഗം സൂസന്‍ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. യു ഡി എഫ് പ്രവര്‍ത്തകന്‍ കമ്പി വടി കൊണ്ട് തല ലക്ഷ്യമാക്കി സൂസനെ ആക്രമിച്ചെന്നും ഒഴിഞ്ഞു മാറിയതിനാല്‍ കൈക്ക് അടി കൊണ്ട് പരിക്കേറ്റെന്നുമാണ് മൊഴി.

https://dailynewslive.in/ കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സി.ആര്‍.മഹേഷ് എം എല്‍ എ ക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെതിരെ അച്ചു ഉമ്മന്‍. സിആര്‍ മഹേഷിനെതിരെ നടന്നത് കൊടും ക്രൂരതയാണെന്നും അദ്ദേഹത്തിന്റെ ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് കല്ലേറില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഇപ്പോള്‍ അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നത് കാട്ട് നീതിയാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ആദ്യം അവര്‍ ബോംബ് കൊണ്ടുവന്നു, അതു പൊളിഞ്ഞു, പിന്നെ ക്ലിപ്പ് കൊണ്ടുവന്നു അതും പൊളിഞ്ഞു. ഇതിലൊക്കെയുള്ള അസഹിഷ്ണുതയാണ് അവര്‍ അക്രമത്തിലൂടെ കാണിക്കുന്നതെന്നും അച്ചു ഉമ്മന്‍ വിമര്‍ശിച്ചു.

https://dailynewslive.in/ പോളിംഗ് ദിവസമുയര്‍ന്ന വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍. നോര്‍ത്ത് മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നുവെന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് ടെസ്റ്റ് വോട്ട് നടത്തിയത്. ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

https://dailynewslive.in/ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമ ചന്ദ്രന്‍ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ്. താനൊരു കലാകാരനാണെന്ന് പോലും ഓര്‍ത്തില്ല. വോട്ട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്തത്. തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രേമചന്ദ്രന്‍ തയ്യാറാകണമെന്നും മുകേഷ് പറഞ്ഞു.

https://dailynewslive.in/ പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണു മരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനും മലപ്പുറം തിരൂരില്‍ നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയുമാണ് മരിച്ചത്. ഇരുവരും വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

https://dailynewslive.in/ കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

https://dailynewslive.in/ ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴിലുടമകള്‍ നല്‍കിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും, കൂടാതെ കുവൈത്ത് ഇതര ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഓരോ തൊഴിലാളിക്കും ഇന്‍ഷുറന്‍സ് എടുപ്പിക്കാന്‍ ചില ഈജിപ്ഷ്യന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും തൊഴിലുടമകളുടെ പരാതികളിലുണ്ട്.

https://dailynewslive.in/ യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ നടത്തുന്ന ഷോപ്പിംഗ് പുതിയ ഉയരം കുറിച്ച് കുതിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഉത്പന്ന-സേവന വാങ്ങലുകളുടെ മൂല്യം 18.26 ലക്ഷം കോടി രൂപയിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തെ 14 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 4 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധന. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 1.64 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് വഴി ഇന്ത്യക്കാര്‍ ചെലവിട്ടത്. ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 10.07 ശതമാനം അധികം. സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായതും ഉത്സവാഘോഷങ്ങളും ചെലവ് കൂടാന്‍ ഇടവരുത്തി. മാര്‍ച്ചിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവായ 1.64 ലക്ഷം കോടി രൂപയില്‍ 1.05 ലക്ഷം കോടി രൂപയും ഇ-കൊമേഴ്‌സ് പര്‍ച്ചേസുകള്‍ക്കായുള്ളതായിരുന്നു. ഫെബ്രുവരിയില്‍ ഇത് 95,000 കോടി രൂപയായിരുന്നു. കടകളിലും മറ്റുമുള്ള പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ചെലവാക്കല്‍ 54,431.48 കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 60,378 കോടി രൂപയായി. മാര്‍ച്ചിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവില്‍ 43,471.29 കോടി രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച് 8.57 ശതമാനം അധികവുമാണിത്. 30,733.11 കോടി രൂപയുമായി ഐ.സി.ഐ.സി.ഐ ബാങ്കാണ് രണ്ടാമത്. ഫെബ്രുവരിയേക്കാള്‍ 14.49 ശതമാനം വളര്‍ച്ച. 24,949.17 കോടി രൂപയുമായി എസ്.ബി.ഐ കാര്‍ഡ്‌സാണ് മൂന്നാംസ്ഥാനത്ത്. 18,941.31 കോടി രൂപയുമായി ആക്‌സിസ് ബാങ്ക് നാലാമതുമാണ്.

https://dailynewslive.in/ രാജ്യത്തെ വിനോദ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ റിലയന്‍സ് ജിയോ സിനിമ. ഹോളിവുഡ് സിനിമകളും ടിവി ഷോകളും അടക്കം പ്രീമിയം ഉള്ളടക്കങ്ങള്‍ പ്രതിദിനം ഒരു രൂപയ്ക്ക് കാണാന്‍ കഴിയുന്ന പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്സ്, പ്രൈം വീഡിയോ ഉള്‍പ്പടെ ഉയര്‍ന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകള്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രതിമാസം 29 രൂപയില്‍ തുടങ്ങുന്ന പ്രീമിയം പ്ലാനുകള്‍ ജിയോ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഡിവൈസില്‍ കാണുന്നതിനാണ് 29 രൂപ. ഒരേസമയം നാലു ഡിവൈസുകളില്‍ കാണാന്‍ സാധിക്കുന്ന ഫാമിലി പ്ലാനിന് പ്രതിമാസം 89 രൂപയാണ് വരിക. മുമ്പ് പ്രീമിയം സേവനത്തിന് പ്രതിമാസം 99 രൂപയാണ് ഈടാക്കിയിരുന്നത്. 999 രൂപയുടെ പ്രതിവര്‍ഷ പ്ലാനും വാഗ്ദാനം ചെയ്തിരുന്നു. ഒരേസമയം നാല് ഉപകരണങ്ങളില്‍ പരസ്യങ്ങള്‍ക്കൊപ്പം കാണാനുള്ള ഓഫറാണ് നല്‍കിയിരുന്നത്. നിലവിലുള്ള പ്രീമിയം അംഗങ്ങള്‍ക്ക് ‘ഫാമിലി’ പ്ലാനിന്റെ എല്ലാ അധിക ആനുകൂല്യങ്ങളും അധിക ചിലവില്ലാതെ ലഭിക്കുമെന്ന് ജിയോ സിനിമയുടെ പ്രസ്താവനയില്‍ പറയുന്നു. 4കെ നിലവാരത്തില്‍ വീഡിയോകള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓഫ്ലൈന്‍ ആയും ഉള്ളടക്കം ആസ്വദിക്കാം. സിനിമകള്‍, ഹോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, അന്താരാഷ്ട്ര ടെലിവിഷന്‍ സീരീസുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ടിവി പരിപാടികള്‍ എന്നിവയെല്ലാം സ്മാര്‍ട് ടിവികള്‍ ഉള്‍പ്പടെ ഏത് ഉപകരണത്തിലും ആസ്വദിക്കാനാവും. അതേസമയം ഐപിഎല്‍ പോലുള്ള കായിക വിനോദങ്ങള്‍ പരസ്യങ്ങളോടുകൂടി സൗജന്യമായി ആസ്വദിക്കാനാവും.

https://dailynewslive.in/ നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി നിര്‍മിക്കുന്ന കുറ്റാന്വേഷണ ത്രില്ലര്‍ ‘ഗോള’ത്തിന്റെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം 2024 മെയ് 24 ന് തിയറ്ററുകളിലെത്തും. പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാര്‍. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിര്‍വഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോ. ഡയറക്ടറായും നിമേഷ് താനൂര്‍ കലാ സംവിധായകനായും പ്രവര്‍ത്തിച്ചു. ശ്രീ പ്രിയ കംമ്പൈന്‍സ് മുഖേന ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സാണ് ‘ഗോളം’ വിതരണം ചെയ്യുന്നത്.

https://dailynewslive.in/ ഫഹദിന്റെ ‘ആവേശം’ വമ്പന്‍ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 100 കോടി ക്ലബില്‍ ഇടംനേടിയിട്ടുണ്ട്. ഫഹദിന്റെ എക്കാലത്തെയും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ കേരള കളക്ഷന്‍ കണക്കുകളിലും ഒരു സുവര്‍ണ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകര്‍ഷണം. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകന്‍ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും. ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു.

https://dailynewslive.in/ 70,000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് ഡാംപ് ട്രക്ക് എസ്‌കെടി 105 ഇ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് സാനി ഇന്ത്യ. ആഗോള സാങ്കേതികവിദ്യക്കൊപ്പം പ്രാദേശിക നിര്‍മാണ മികവു കൂടി ഉപയോഗിച്ചാണ് സാനി ഇന്ത്യയുടെ ട്രക്ക് നിര്‍മാണം. ഉയര്‍ന്ന ഊര്‍ജ കാര്യക്ഷമതയും സാമ്പത്തിക ലാഭവും നല്‍കുന്ന ഈ വൈദ്യുത ട്രക്കിന് 70 ടണ്‍ വരെ ഭാരം വഹിക്കാനാവുമെന്ന് കമ്പനി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഇലക്ട്രിക് ഡാംപ് ട്രക്ക് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് സാനി ഇന്ത്യയുടെ തീരുമാനം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു ഖനനം നടത്തുന്ന ഓപ്പണ്‍ കാസ്റ്റ് മൈനിങിന് വലിയ തോതില്‍ ഉപയോഗിക്കാവുന്ന വാഹനമാണ് സാനി ഇന്ത്യയുടെ എസ്‌കെടി 105 ഇ വൈദ്യുത ട്രക്ക്. പരമാവധി പെര്‍ഫോമെന്‍സ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം കുറഞ്ഞ മലിനീകരണവും കാര്‍ബണ്‍ ഫൂട്ട്പ്രിന്റുമുള്ള ട്രക്കായിരിക്കും ഇത്. കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഭാഗമാവാന്‍ ഈ ട്രക്കുമുണ്ടാവുമെന്നും സാനി ഇന്ത്യ പറയുന്നു. ഭാരമേറിയ ജോലികള്‍ ചെയ്യുന്ന വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഖനികളിലുമെല്ലാം ഉപയോഗിക്കുന്ന വാഹനങ്ങളും യന്ത്രങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് സാനി ഇന്ത്യ. ചൈനീസ് കമ്പനിയായ സാനി ഗ്രൂപ്പിന്റെ ഇന്ത്യന്‍ വകഭേദമായ സാനി ഇന്ത്യ 2012ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ സാനി ഗ്രൂപ്പിന്റെ ചൈനക്കു പുറത്തുള്ള ഏറ്റവും വലിയ ഉപകമ്പനിയാണ് സാനി ഇന്ത്യ.

https://dailynewslive.in/ ഈ പുസ്തകത്തില്‍ ബാല്യമുണ്ട്, കുറുമ്പുണ്ട്, സ്‌കൂളുണ്ട്. കൗമാരമുണ്ട്, ഫുട്‌ബോളും ക്രിക്കറ്റും ഓടക്കുഴലും കച്ചേരിയും നാടും കുട്ടിയും മാഷുമുണ്ട്. അതിലൊക്കെ ഉപരി ഈ പുസ്തകത്തിലുടനീളം തളംകെട്ടിനില്‍ക്കുന്ന അമ്മ മണമുണ്ട്. അതിന്റെ തണുപ്പും ഇനിപ്പും നോവും ഉണ്ട്. സ്വതസിദ്ധമായ നര്‍മ്മത്തിന്റെ നനുത്ത നൂലുകൊണ്ട് തുന്നിവച്ചതാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും. ‘കുറേ വീമ്പടിയും കുറച്ച് വിനയവും’. രഘുനാഥന്‍ സാവിത്രി. ഗ്രീന്‍ ബുക്സ്. വില 264 രൂപ.

https://dailynewslive.in/ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. ശരീരത്തില്‍ ജലാംശം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്. വെള്ളം നന്നായി കുടിച്ചാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താമെന്ന് വൈദ്യശാസ്ത്രം വിധിക്കുന്നു .നിര്‍ജ്ജലീകരണം മൂലം ശരീരത്തിന് സ്വാഭാവിക ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ചിലപ്പോഴിത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ശരീരത്തിന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലം, ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജ്ജലീകരണം എന്നു പറയുന്നത്. ജലാംശവും മറ്റ് ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. ഇതിനുള്ള ശാശ്വത പരിഹാരം, ദിവസവും കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രമിക്കുക എന്നതാണ്. ചര്‍മ്മം നോക്കിയാല്‍, നിര്‍ജ്ജലീകരണം ബാധിച്ചിട്ടുണ്ടോ എന്നറിയാം. വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. മനുഷ്യന്റെ വിസര്‍ജ്യത്തില്‍ ജലാംശത്തിന്റെ അളവ് കൂടുതലായിരിക്കും. വിസര്‍ജ്യം വന്‍കുടലില്‍ ബാക്കിയാകുമ്പോള്‍ ജലാംശം തിരികെ വന്‍കുടലിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ആഗിരണം കൂടിയ അളവില്‍ സംഭവിക്കുന്നു. മലബന്ധമുണ്ടാകാന്‍ ഇത് കാരണമാകും. ഈ അവസ്ഥ തിരിച്ചറിയാത്ത പക്ഷം, ബാക്ടീരിയയുടെ സാന്നിധ്യം വന്‍കുടലില്‍ വന്‍തോതില്‍ കാണപ്പെടാം. ഈ അണുക്കളാണ് പിന്നീട് ശരീരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. കടുത്ത വ്യായാമവും വിയര്‍പ്പും വെള്ളം വേണ്ടത്ര കുടിക്കാത്ത സാഹചര്യവും അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കും. ഓരോ അവയവത്തിനും ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ജലം ആഗിരണം ചെയ്യപ്പെടും. ഇത് രക്തത്തെ കട്ടിയുള്ളതാക്കാന്‍ കാരണമാകും. ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാകാന്‍ ഇത് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.33, പൗണ്ട് – 104.32, യൂറോ – 89.48, സ്വിസ് ഫ്രാങ്ക് – 91.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.58, ബഹറിന്‍ ദിനാര്‍ – 221.08, കുവൈത്ത് ദിനാര്‍ -270.94, ഒമാനി റിയാല്‍ – 216.50, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.69, ഖത്തര്‍ റിയാല്‍ – 22.89, കനേഡിയന്‍ ഡോളര്‍ – 61.10.