◾ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രത്തലവന്മാര്‍ ഇന്നു ഡല്‍ഹിയില്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും എത്തും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിര്‍ദ്ദേശങ്ങളെ ചൈന എതിര്‍ത്തിട്ടുണ്ട്. ഇന്നു മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധിയാണ്. നാളെ ആരംഭിക്കുന്ന ഉച്ചകോടിയുടെ മുഖ്യ പരിപാടികള്‍ ശനിയാഴ്ചയും ഞായറാഴ്ചയുമാണ്.
◾തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താവുന്നതാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തിയാല്‍ ഭാരിച്ച പണച്ചലെവ് കുറയ്ക്കാം. ഉദ്യോഗസ്ഥരുടെ ജോലി ഭാരവും കുറയും. ഇതേസമയം, ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പു വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ യോഗത്തില്‍ എട്ടുപേരില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെ നാലു പേര്‍ മാത്രമാണ് പങ്കെടുത്തത്.
◾ആലുവായില്‍ അതിഥി തൊഴിലാളികളുടെ മകളായ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍. ചാത്തന്‍പുറത്ത് പുലര്‍ച്ചെ രണ്ടോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സമീപത്തെ പാടത്തുനിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്.
◾കള്ളുഷാപ്പ് വില്‍പ്പന ഇനി ഓണ്‍ലൈനിലൂടെ. 5,170 ഷാപ്പുകളാണ് വില്‍ക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വില്‍പന. കളക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ വില്‍പ്പന നടന്നിരുന്നത്. ഈ മാസം 13 വരെ അപേക്ഷ നല്‍കാം.
◾മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കുന്നതു നിയമവിരുദ്ധമാണെന്നും തടഞ്ഞില്ലെങ്കില്‍ പൊലീസിനെതിരേ നടപടിയെടുക്കുമെന്നും കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കോടതി വരാന്തയില്‍ മുദ്രാവാക്യം വിളിക്കാന്‍ ആരേയും അനുവദിക്കരുതെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി.
◾ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അടങ്ങുന്ന 2.4 ഏക്കറോളം ഭൂമി ഈടുവച്ചു വായ്പയെടുത്തയാള്‍ തിരിച്ചടയക്കാതെ ജപ്തി ഭീഷണിയില്‍. ജപ്തി ചെയ്ത് ലേലത്തിലൂടെ ഭൂമി ഏറ്റെടുത്തയാള്‍ അളന്ന് തിരിക്കാനുള്ള ഹര്‍ജി കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് സ്റ്റേഷനിലുള്ളവര്‍ ഞെട്ടിയത്. വെള്ളത്തൂവല്‍ സ്വദേശിയായ സി.ബി. രമേശന്‍ ഫെഡറല്‍ ബാങ്ക് അടിമാലി ശാഖയില്‍നിന്ന് വായ്പയെടുക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈട് നല്‍കിയ മൂന്നേക്കര്‍ ഭൂമിയിലാണ് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
◾സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നു മഞ്ഞ അലര്‍ട്ട്.
◾പ്രസവ ശസ്ത്രക്രിയക്കിടെ കെ.കെ. ഹര്‍ഷിനയുടെ വയറില്‍ കത്രിക മറുന്നുവച്ച സംഭവത്തില്‍ പ്രതികളായ ഒരു ഡോക്ടറും രണ്ടു നഴ്സുമാരും പോലീസില്‍ ഹാജരായി. ഇവരെ ചോദ്യം ചെയ്തശേഷം അറസ്റ്റു രേഖപ്പെടുത്തി വിട്ടയച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോ സി.കെ. രമേശന്‍, നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് അറസ്റ്റു ചെയ്തു വിട്ടയച്ചത്. ഡോ. എം. ഷഹന ഹാജരായിട്ടില്ല.
◾ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിര്‍മ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണെന്ന് എം എം മണി എംഎല്‍എ. ഇടുക്കിയില്‍ ജനവാസം നിരോധിക്കുകയാണെങ്കില്‍ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവിടണം. ആളുകള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾വയോധികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിനു നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. പോലീസിനോടു മനുഷ്യത്വപരമായി പെരുമാറാന്‍ നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
◾നെടുമ്പാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബം വീടിനകത്ത് തൂങ്ങി മരിച്ചു. അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്.
◾തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികള്‍ തൂങ്ങിമരിച്ചു. മലയിന്‍കീഴ് പ്രകൃതി ഗാര്‍ഡന്‍സില്‍ സുഗതന്‍, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സുഗതന്‍ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. ചെന്നൈയില്‍ സ്പെയര്‍പാര്‍ട്‌സ് വ്യാപാരം നടത്തിവരികയായിരുന്നു. മകളുടെ വിവാഹം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഈ ഹോട്ടലില്‍ നടത്തിയിരുന്നു.
◾കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ 44 കാരനായ ജയേഷ് കോറോത്തിനെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റു ചെയ്തത്.
◾കൊച്ചി എളമക്കര കറുകപ്പിള്ളിയില്‍നിന്ന് 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം (27) ആണ് പിടിയിലായത്.
◾വീട്ടിനകത്തു ചുമരില്‍ ചാരി വച്ച മെത്ത ദേഹത്തു വീണ് രണ്ടു വയസുകാരന്‍ മരിച്ചു. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്.
◾
◾അമ്പലമുക്കില്‍ പ്രവാസിയുടെ വീട്ടിലെത്തിയ ലഹരി മാഫിയ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
◾സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ വിരമിച്ച് രണ്ടു വര്‍ഷത്തേക്കു രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുന്നതു തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ജഡ്ജിമാര്‍ തന്നെയാണെന്നും നിയമ നിര്‍മാണം നടത്തേണ്ടത് സര്‍ക്കാറാണെന്നും കോടതി വിലയിരുത്തി.
◾ജി 20 ഉച്ചകോടിയിലെ അത്താഴ വിരുന്നില്‍ മുകേഷ് അംബാനി, ഗൗതം അദാനി, കുമാര്‍ മംഗളം ബിര്‍ള തുടങ്ങിയ രാജ്യത്തെ വന്‍കിട വ്യവസായികള്‍ പങ്കെടുക്കും. ജോ ബൈഡന്‍, റിഷി സുനക്, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങി 25 ലധികം രാജ്യങ്ങളുടെ നേതാക്കളും അവര്‍ക്കൊപ്പമുള്ള സംഘവും പങ്കെടുക്കുന്ന വിരുന്നിലാണ് ഇവര്‍ക്കും ക്ഷണം. ശനിയാഴ്ച നടക്കുന്ന അത്താഴവിരുന്ന് ഇന്ത്യന്‍ വ്യവസായികള്‍ക്കും നല്ല അവസരങ്ങള്‍ തുറന്നേക്കും.
◾ഇന്ത്യയുടെ സൂര്യ പര്യവേഷണം നടത്തുന്ന ആദിത്യ എല്‍ 1 യാത്രക്കിടെ എടുത്ത സെല്‍ഫി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങളും ആദിത്യ എല്‍ വണ്‍ പകര്‍ത്തി.
◾സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കു കത്തു നല്‍കി. ദേവസ്വം മന്ത്രി ശേഖര്‍ ബാബുവിനെ പുറത്താക്കണമെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
◾രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാനുള്ള നീക്കം ബാലിശമെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. പ്രതിപക്ഷ മുന്നണിയുടെ പേര് ഇന്ത്യാ എന്നായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾വിമാനം പറന്നുയരുമ്പോള്‍ പൈലറ്റിന്റെ നിര്‍ദേശം അനുസരിക്കാതെ ഫോണ്‍ സംഭാഷണം തുടര്‍ന്നയാളേയും പത്തു കൂട്ടാളികളേയും വിമാനത്തില്‍നിന്നു പുറത്താക്കി. റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരികെ ബേയില്‍ എത്തിച്ചാണ് 11 യാത്രക്കാരെയും പുറത്താക്കിയത്. ആസാമിലെ സില്‍ചര്‍ വിമാനത്താവളത്തില്‍ കൊല്‍ക്കത്തയിലേക്കുള്ള അലയന്‍സ് എയര്‍ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനായ സുരഞ്ജിത് ദാസ് ചൗധരി (45) യാണ് മൊബൈല്‍ ഫോണിലെ സംസാരം അവസാനിപ്പിക്കാതെ വഴക്കിട്ടത്. പുറത്താക്കുമെന്ന് മുന്നറിയിപ്പു നല്‍കിയപ്പോള്‍ കൂടെയുണ്ടായിരുന്ന പത്തു പേരും പ്രതിഷേധിച്ചു. ഇതോടെ എല്ലാവരേയും പുറത്താക്കുകയായിരുന്നു.
◾സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരേ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതിനേക്കാള്‍ വലിയ ക്രൂരതയില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ഭര്‍ത്താവില്‍നിന്നു പിരിഞ്ഞ് താമസിക്കുന്ന സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ചുള്ള ഉത്തരവിലാണ് ഈ പരാമര്‍ശങ്ങള്‍.
◾ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ സഹ- അധ്യക്ഷനാകുന്നത് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാര്‍ത്തയില്‍ ആരംഭിച്ച ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ന് പുലര്‍ച്ചെ ജക്കാര്‍ത്തയിലെത്തിയ നരേന്ദ്ര മോദി ആസിയാന്‍- ഇന്ത്യ ഉച്ചകോടിക്കുശേഷം ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.
◾ഐ.എസ്.എല്‍. ഫുട്ബോളിന്റെ പുതിയ സീസണിന്റെ കിക്കോഫ് സെപ്റ്റംബര്‍ 21-ന് കൊച്ചിയില്‍. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍.
◾വിവിധ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി അവിടെയുള്ള കാഴ്ചകളും മറ്റും ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള യാത്രാ പ്രേമികള്‍ക്ക് ഗംഭീര ഓഫറുമായി എത്തുകയാണ് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ എയര്‍ ഇന്ത്യ. വെറും ഒറ്റ ടിക്കറ്റ് കൊണ്ട് യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് എയര്‍ ഇന്ത്യ ഒരുക്കുന്നത്. ആക്സസ് റെയിലുമായി സഹകരിച്ചുള്ള ഇന്റര്‍മോഡല്‍-ഇന്റര്‍ലൈന്‍ കരാര്‍ വഴിയാണ് ഈ ഒറ്റ ടിക്കറ്റ് യാത്ര അവതരിപ്പിച്ചിട്ടുള്ളത്. ഏകദേശം 100-ലേറെ യൂറോപ്യന്‍ നഗരങ്ങളില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും. എയര്‍ ഇന്ത്യ ഇഷ്യു ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് ബസ്, ട്രെയിന്‍ തുടങ്ങിയ ഗതാഗത സംവിധാനവും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ, എയര്‍പോര്‍ട്ട് സൗകര്യമില്ലാത്ത നഗരങ്ങള്‍ പോലും കാണാനുള്ള അവസരമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. ഓസ്ട്രിയ, ബെല്‍ജിയം, ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ഇറ്റലി, യുകെ എന്നിവിടങ്ങളിലെ നഗരങ്ങളും ഗ്രാമങ്ങളും അനായാസമായി ബന്ധിപ്പിക്കുന്ന ഒരു ഇന്റര്‍മോഡല്‍ യാത്രാ സൗകര്യം കൂടിയാണിത്. യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ഈ ടിക്കറ്റുകള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റുമാര്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.
◾പതിവ് രീതിയിലുള്ള ലെതര്‍ കേയ്സുകളോട് ഇത്തവണ വിട പറയാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന് വേണ്ടി പുതിയതരം കേയ്സ് മെറ്റീരിയല്‍ നിര്‍മ്മിച്ചതോടെയാണ് ലെതര്‍ കേയ്സുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ആപ്പിള്‍ എത്തിയത്. ഇനി കമ്പനി പുറത്തിറക്കാനിരിക്കുന്ന മറ്റ് ഹാന്‍ഡ്സെറ്റുകളിലും ലെതര്‍ കേയ്സുകള്‍ നല്‍കിയേക്കില്ലെന്നാണ് സൂചന. സാധാരണയായി മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതര്‍ കേയ്സുകളാണ് ആപ്പിള്‍ പുറത്തിറക്കിയിരുന്നത്. ഇത്തവണ കാര്‍ബണ്‍ സാന്നിധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് കേയ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കേയ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, മജിന്‍ബു ഒഫീഷ്യല്‍, ഡ്യുവാന്‍ റുയി എന്നീ ടിപ്പ്സ്റ്റര്‍മാര്‍ കേയ്സുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 2013 മുതലാണ് ഐഫോണ്‍ സീരീസുകളില്‍ ലെതര്‍ കേയ്സുകള്‍ കമ്പനി പുറത്തിറക്കിയത്. 2013-ല്‍ പുറത്തിറക്കിയ ഐഫോണ്‍ 5എസ് ലെതര്‍ കേയ്സുകളോടെയാണ് വിപണിയില്‍ എത്തിയത്. പിന്നീട് ഓരോ ഘട്ടങ്ങളിലായി അലൂമിനിയം ബട്ടനുകള്‍, മാഗ്സേഫ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലെതര്‍ കേയ്സുകള്‍ കമ്പനി പുറത്തിറക്കുകയായിരുന്നു. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ലെതര്‍ കേയ്സുകളോട് ആപ്പിള്‍ വിട പറയുന്നത്.
◾മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഞെട്ടിക്കുന്ന പെര്‍ഫോമന്‍സിന് സാക്ഷിയാകാന്‍ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് പോസ്റ്റര്‍ ഉറപ്പു നല്‍കുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 17നാണ് ഭ്രമയുഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അടുത്തിടെ സിനിമാ തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്ത പുലര്‍ത്തുന്ന മമ്മൂട്ടി ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെയാണ്. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി എത്തുകയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നെഗറ്റീവ് റോള്‍ ആയിരിക്കുമെന്നും വിവരമുണ്ടായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം.
◾ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഹൗഡിനി – ദ കിങ് ഓഫ് മാജിക്കി’ന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി പ്രജേഷ് സെന്‍ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ നിര്‍മാണ കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ മീഡിയ ആന്‍ഡ് എന്റര്‍ടെയിന്റ്മെന്റ്സും ചേര്‍ന്നാണ് നിര്‍മാണം. ഷൈലേഷ് ആര്‍ സിങ്ങും പ്രജേഷ് സെന്‍ മൂവിക്ലബും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. മാജിക്കാണ് ചിത്രത്തിന്റെ ഇതിവൃഭത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ക്യാപ്റ്റന്‍ , വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗഡിനി -ദ കിങ് ഓഫ് മാജിക്. ബിജിപാല്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.
◾ടൊയോട്ടയുടെ സെഞ്ചുറി എസ്.യു.വി ആഗോളതലത്തില്‍ അവതരിപ്പിച്ചു. ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ടൊയോട്ടയുടെ വാഹനമാണ് ഈ എസ്.യു.വി. ജപ്പാന്‍ വിപണിയില്‍ 1967 മുതലുള്ള വാഹനമാണ് സെഞ്ചുറി. സെഞ്ചുറി സെഡാന്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ജാപ്പനീസ് റോള്‍സ് റോയ്‌സ് എന്നൊരു വിളിപേരുമുണ്ട് ടൊയോട്ട സെഞ്ച്വറിക്ക്. ആഗോള വിപണിയിലേക്കെത്തിയ സെഞ്ചുറി എസ്.യു.വിക്ക് ഏറെ പ്രത്യേകതകളുണ്ട്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയുമുള്ള വലിയ കാറാണ് ടൊയോട്ട സെഞ്ചുറി എസ്.യു.വി. നാല് സീറ്റുകളാണ് ഇതിനുള്ളത്. കറങ്ങുന്ന പിക്നിക് ടേബിളുകളും, 11.6 ഇഞ്ച് ടി.വി, റഫ്രിജറേറ്റര്‍ ഇതിനുണ്ട്. 18 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍ തുടങ്ങി നിരവധി സവിശേഷതകള്‍ ഇതിനുണ്ട്. ടൊയോട്ട സെഞ്ചുറി എസ്.യു.വി 3.5 ലിറ്റര്‍ വി6 പെട്രോള്‍ എഞ്ചിനുള്ള പ്ലഗ്-ഇന്‍ ഹൈബ്രിഡ് 406 എച്ച്പി കരുത്തു പകരും. സെഞ്ച്വറി എസ്.യു.വിക്ക് 69 കിലോമീറ്റര്‍ വരെ ഓള്‍-ഇലക്ട്രിക് റേഞ്ച് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. നോര്‍മല്‍, ഇക്കോ, സ്പോര്‍ട് എന്നിവ ഉള്‍പ്പെടുന്ന നിരവധി ഡ്രൈവ് മോഡുകള്‍ ഇതിനുണ്ട്.
◾അതിരുകള്‍ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില്‍ വീണ കറയാണ് ഈ നോവലിലൂടെ ആവഷ്‌ക്കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്‍ത്തുന്നു. മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് കറ. ‘കറ’. സാറാ ജോസഫ്. കറന്റ് ബുക്സ്. തൃശൂര്‍. വില 831 രൂപ.
◾കോവിഡ്19 ബാധിരായ രോഗികളില്‍ 17.1 ശതമാനത്തിനും ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹസംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ പലവിധ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളാണ് ഇവരില്‍ അനുഭവപ്പെടുന്നത്. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 6.5 ശതമാനം രോഗികള്‍ ഡിസ്ചാര്‍ജിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഐസിഎംആറിന്റെ ക്ലിനിക്കല്‍ സ്റ്റഡീസ് ആന്‍ഡ് ട്രയല്‍സ് യൂണിറ്റാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 31 ആശുപത്രികളിലെ 14,419 രോഗികളുടെ വിവരങ്ങള്‍ ഗവേഷണത്തിനായി ശേഖരിച്ചു. ഇവരെ നാലാഴ്ച മുതല്‍ ഒരു വര്‍ഷം വരെ നിരന്തരമായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരില്‍ 942 പേര്‍ ആശുപത്രി വിട്ട് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടു. കോവിഡ് ബാധിക്കപ്പെടും മുന്‍പ് വാക്‌സീന്‍ എടുത്തവരുടെ ഒരു വര്‍ഷത്തിനിടയിലുള്ള മരണ സാധ്യത കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമായവര്‍ക്ക് ഡിസ്ചാര്‍ജിന് ശേഷം മരണസാധ്യത അധികമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം 18 വയസ്സില്‍ താഴെയുള്ള കോവിഡ് രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യത 1.7 ശതമാനം അധികമായിരുന്നതായും കണ്ടെത്തി. കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ വൃക്കരോഗം പോലുള്ള സഹരോഗാവസ്ഥകളുടെ തോത് അധികമായിരുന്നതാകാം ഇതിനൊരു കാരണം. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.