*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾നിയമനത്തിനു കോഴ വാങ്ങിയെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനെതിരെ ഓഗസ്റ്റ് 17 നു പരാതിപ്പെട്ടിട്ടും പലമുണ്ടായില്ലെന്ന് പരാതിക്കാന് മലപ്പുറം സ്വദേശി ഹരിദാസന്. മന്ത്രിയുടെ പിഎസിനെ നേരില്‍ കണ്ടാണു പരാതിപ്പെട്ടത്. നടപടി ഇല്ലെന്നു മനസിലായപ്പോള്‍ സെപ്റ്റംബര്‍ 13 നാണ് മന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി വീണ്ടും എത്തിയത്. ഈ പരാതിയിലും കേസെടുക്കാതെ തട്ടിപ്പിനിരയായ തനിക്കെതിരേ തട്ടിപ്പുകാരന് നല്കിയ പരാതിയിലാണു പോലീസ് കേസെടുത്തിരിക്കുന്നതെന്നും ഹരിദാസ് കുറ്റപ്പെടുത്തി. ഹരിദാസിന്റെ മരുമകളുടെ കൈവശമുള്ള നിയമന ഉത്തരവ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്.
◾ഹരിത വിപ്ലവത്തിന്റെ പിതാവ് പത്മഭൂഷണ്‍ ഡോ. എം എസ് സ്വാമിനാഥന് ചെന്നൈയില്‍ അന്തരിച്ചു. 98 വയസായിരുന്നു. ഇന്ത്യയെ കാര്‍ഷിക വിപ്ലവത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിച്ച പ്രതിഭയാണു സ്വാമിനാഥന്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മാങ്കൊമ്പ് എന്ന സ്ഥലത്താണു ജനനം. പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിരുന്നു.
◾വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ റോജി അഗസ്റ്റിനടക്കം 35 പേര്‍ക്കെതിരെ എട്ടു കോടി രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴത്തുകയായി ഈടാക്കുക. 35 കേസുകളിലായാണ് പിഴകണക്കാക്കിയത്. ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന് സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾നിയമനത്തിനു കോഴ വാങ്ങിയെന്ന് പരാതിപ്പെട്ട ഹരിദാസനെ അറിയില്ലെന്നും അഖില്‍ മാത്യുവിനോ തനിക്കോ കേസില്‍ ബന്ധമില്ലെന്നും ഇടനിലക്കാരനെന്നു പരാതിക്കാന് പറയുന്ന സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവന്. എഐഎസ്എഫ് നേതാവ് ബാസിതും കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് ലെനിനുമാണ് നിയമനത്തില്‍ ഇടപെട്ടതെന്നാണ് അഖില്‍ സജീവിന്റെ ആരോപണം. തന്റെ അക്കൗണ്ടിലേക്ക് ഹരിദാസന് അയച്ചെന്നു പറയുന്ന 25,000 രൂപ ലെനിന് പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് തിരിച്ചയച്ചെന്നും അഖില്‍ സജീവന് പറഞ്ഞു.
◾ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരായ നിയമന കോഴ ആരോപണത്തില്‍ കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ പത്തിന് മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. ആ ദിവസം അഖില്‍ മാത്യു പത്തനംതിട്ടയില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കുകയായിരുന്നെന്നാണ് തോമസ് ചാക്കോയുടെ അവകാശവാദം.
◾തട്ടിപ്പിനിരയായാളുടെ പരാതി വാങ്ങി മുക്കിയശേഷം ആരോപണ വിധേയനായ പേഴ്സണല്‍ സ്റ്റാഫിന്റെ പരാതി പൊലീസിന് നല്കി യഥാര്‍ത്ഥ പരാതിക്കാരനെ പ്രതിയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ആരോപണ വിധേയനായ സ്റ്റാഫിനെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും ചെന്നിത്തല.
◾ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍, ഇടനിലക്കാരനായിരുന്ന അഖില്‍ സജീവിനെതിരെ വേറേയും പരാതി. നോര്‍ക്ക റൂട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയതെന്നും അഭിഭാഷകന് പറഞ്ഞു. പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ട് പണം തിരികെ നല്‍കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സിപിഎം അയ്യായിരം കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്കില്‍നിന്ന് തൃശൂര്‍ സഹകരണ ബാങ്കിലേക്ക് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.
◾അട്ടപ്പാടി മധു വധക്കേസില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശന്. മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നല്കി. ഒരു സഹോദരിക്കു ജോലി നല്കി. 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഇതില്‍ ഒരു പൈസപോലും അവരുടെ കൈയിലില്ല. പണം എവിടെപ്പോയെന്ന് അന്വേഷിക്കേണ്ടതാണെന്ന് സതീശന് പറഞ്ഞു.
◾അഞ്ചു ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. വടക്കന്‍ കര്ണാടക്കു മുകളില്‍ ചക്രവാതചുഴിയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു മുകളില്‍ മറ്റൊരു ചക്രവാതചുഴിയും രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയും ഉണ്ട്.
◾പി വി അന്‍വറിന്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് വന്‍ അട്ടിമറി നടത്തിയെന്നു പരാതിക്കാരന്. അന്‍വറും കുടുംബവും 19.26 ഏക്കര്‍ മിച്ച ഭൂമി കൈവശം വച്ചെന്നു നേരത്തെ കണ്ടെത്തിയ ലാന്‍ഡ് ബോര്‍ഡ് പിന്നീട് ഉത്തരവിറക്കിയപ്പോള്‍ പിടിച്ചെടുക്കേണ്ട ഭൂമി ആറ് ഏക്കറായി കുറച്ചതിനു പിറകില്‍ ഉദ്യോഗസ്ഥ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എന്നാല്‍ അന്‍വര്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൂപരിധി നിയമത്തിലെ ഇളവുകള്‍ അനുവദിച്ചതിനാലാണ് ഈ വ്യത്യാസമെന്നാണ് ലാന്‍ഡ് ബോര്‍ഡിന്റെ വിശദീകരണം.
◾കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന് ഹാരിസ് (19) എന്നിവരാണ് മരിച്ചത്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ പാത്രത്തില്‍ നിറയെ കറുത്തവറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരില്‍ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. സതീശന് പറഞ്ഞു.
◾പഞ്ചാബിലെ മുക്ത്സര്‍ ജില്ലയില്‍ പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. കസ്റ്റഡിയിലെ പീഡനത്തിന് മുക്ത്സര്‍ എസ്പി രമണ്‍ദീപ് സിംഗ് ഭുള്ളര്‍, ഇന്‍സ്പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ് എന്നിവരടക്കം ആറു പേരാണ് അറസ്റ്റിലായത്.
◾പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ഛണ്ഡിഗഡിലെ വസതിയില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റു ചെയ്തത്.
◾മണിപ്പൂരില്‍ ബിജെപിയുടെ ഓഫീസ് മെയ്തെയ് വിഭാഗക്കാര്‍ കത്തിച്ചു. രണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ആക്രമണ സംഭവങ്ങളിലാണ് ബിജെപി ഓഫീസ് കത്തിച്ചത്. തൗബാല്‍ ജില്ലയിലെ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീവച്ചത്.
◾തമിഴ്നാട്ടിലെ കുംഭകോണം പാപനാശത്ത് ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.
◾ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കാഷ്മീരി ഗേറ്റ് ഫ്ളൈഓവറിലാണു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പൊലീസ് കേസെടുത്തു.
◾പാര്‍ലമെന്റില്‍ ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് രമേഷ് ബിധുരിക്ക് പാര്‍ട്ടി രാജസ്ഥാനില്‍ പുതിയ പദവി നല്കി. രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിനു ടോംഗ് മണ്ഡലത്തിന്റെ ചുമതലയാണ് ബിധുരിക്ക് നല്‍കിയത്.
◾ചൈനീസ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവര്‍ഗ്രാന്‍ഡേയുടെ ചെയര്മാന് പൊലീസ് കസ്റ്റഡിയിലെന്ന് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്. എവര്‍ഗ്രാന്‍ഡേ ചെയര്മാന് ഹുയി കാ യാന്‍ ഈ മാസം ആദ്യത്തോടെ ചൈനീസ് പൊലീസിന്റെ കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട്.
◾മധ്യ ഗ്രീസിലെ വോലോസില്‍ ഏലിയാസ് കൊടുങ്കാറ്റ്. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴയും പ്രളയവും ദുരിതം വിതച്ചത്.
◾ആറ് മാസത്തേക്കുള്ള ബഹിരാകാശ ദൗത്യവുമായി പുറപ്പെട്ട് ഒരു വര്‍ഷത്തിലധികം ബഹിരാകാശത്തു കഴിച്ചുകൂട്ടിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റൂബിയോ, റഷ്യന്‍ സഞ്ചാരികളായ സെര്‍ജി, പ്രോകോപീവ്, ദിമിത്രി പെറ്റ്ലിന്‍ എന്നിവരാണ് കസാഖിസ്ഥാനില്‍ സുരക്ഷിതമായി ഇറങ്ങിയത്. 371 ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് കഴിഞ്ഞത്. ഇതിനകം 5963 തവണ ഇവര്‍ ഭൂമിയെ വലംവച്ചു. 15 കോടിയിലേറെ മൈലുകളാണ് സഞ്ചരിച്ചത്. റഷ്യയുടെ സോയൂസ് എംഎസ് 23 എന്ന ബഹിരാകാശ പേടകത്തിലുണ്ടായ അപ്രതീക്ഷിത ചോര്‍ച്ചമൂലമാണ് ഗവേഷകരെ നിശ്ചിതസമയത്തു തിരിച്ചിറക്കാന്‍ കഴിയാതായത്.
◾ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം, വുഷുവില്‍ ഇന്ത്യയുടെ റോഷ്ബിനക്ക് വെള്ളി. 6 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലവുമായി ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ 24 ആയി.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി 7 വര്‍ഷത്തിനു ശേഷം പാക്കിസ്ഥാന് ടീം ഹൈദരാബാദിലെത്തി. നാളെ ന്യൂസീലന്‍ഡിനെതിരെ ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. സന്നാഹമത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 14ന് അഹമ്മദാബാദിലാണ് ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരം.
◾ഈ വര്‍ഷത്തെ രണ്ടാം ഘട്ട സോവറിന്‍ ഗോള്‍ഡ് ബോണ്ട് വില്‍പ്പനയ്ക്ക് വിപണിയില്‍ ഉയര്‍ന്ന പ്രതികരണം. 6,914 കോടി രൂപ മൂല്യം വരുന്ന 11.67 ടണ്‍ സ്വര്‍ണമാണ് ഇത്തവണ വില്‍പ്പന നടന്നത്. എക്കാലത്തെയും ഉയര്‍ന്നതാണിത്. സ്വര്‍ണ വില ഉയരത്തിലായിട്ടും വില്‍പ്പന കുതിച്ചുയരുകയായിരുന്നു. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍, ഉയര്‍ന്ന ചില്ലറവിലക്കയറ്റം, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവയൊക്കെയാണ് ഡിമാന്‍ഡ് ഉയരാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. റിട്ടെയ്ല്‍ നിക്ഷേപകരും ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരും കൂടുതല്‍ താല്പര്യം കാണിച്ചു. 2015ല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അവതരിപ്പിച്ചതിനു ശേഷം ആദ്യമായാണ് 10 ശതമാനത്തിലധികം ഡിമാന്‍ഡ് വര്‍ധിക്കുന്നത്. ഇതോടെ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനു വേണ്ടി കൈകാര്യം ചെയ്യുന്ന സോവറിന്‍ ബോണ്ട് വഴിയുള്ള സ്വര്‍ണത്തിന്റെ അളവ് 120.6 ടണ്‍ ആയി ഉയര്‍ന്നു. 56,342 കോടി രൂപയാണ് മൊത്തം ബോണ്ടുകളുടെ മൂല്യം. അതേ സമയം, ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഗോള്‍ഡ് ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്നത് 24,318 കോടി രൂപയുടെ ആസ്തിയാണ്. ആര്.ബി.ഐയുടെ ഏറ്റവും പുതിയ ഗോള്‍ഡ് ബോണ്ടിന്റെ വില ഗ്രാമിന് 5,923 രൂപയായിരുന്നു. വാങ്ങുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വില്‍പ്പനക്കാരായുണ്ടായാല്‍ വിപണി വില ഇതില്‍ കുറവായിരിക്കും. ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്റെ മൂന്ന് വ്യാപാര ദിനങ്ങളിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയെടുത്താണ് ഗോള്‍ഡ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.
◾ഗൂഗിളിലെ ഏറ്റവും പുതിയ സംവിധാനം വളരെയധികം ഉപയോഗപ്രദമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളെ ചെറിയ ഭൂകമ്പമാപിനികളാക്കി മാറ്റുന്ന ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിലെ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനം എന്‍ഡിഎംഎ (നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി), എന്എസ്സി (നാഷനല്‍ സീസ്മോളജി സെന്റര്‍) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ചത്. ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ പ്രാദേശിക ഭാഷകളില്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. റിക്ടര്‍ സ്കെയിലില്‍ 4.5നു മുകളില്‍ തീവ്രതയുള്ള ഭൂകമ്പസമയത്ത് ഫോണില്‍ ജാഗ്രതാ നിര്‍ദേശം ലഭിക്കും. സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവും ഫോണിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഫോണ്‍ സൈലന്റ് മോഡിലായാലും അതിനെ മറികടന്നു ഉച്ചത്തിലുള്ള അലാമും സുരക്ഷാ നടപടികള്‍ക്കായുള്ള നിര്‍ദ്ദേശവും ഫോണില്‍ പ്രത്യക്ഷപ്പെടും. സെറ്റിങ്സില്‍ സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി ഓപ്ഷനില്‍ നിന്ന് എര്‍ത്ത്ക്വെയ്ക് അലര്‍ട്സ് ഓണ്‍ ചെയ്താല്‍ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം. ഭൂകമ്പ തരംഗങ്ങള്‍ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സഞ്ചരിക്കും, അതിനാല്‍ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പ് അലേര്‍ട്ടുകള്‍ ഫോണുകളില്‍ എത്തുന്നുവെന്നു ഗൂഗിള്‍ വിശദീകരിക്കുന്നു.
◾2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘യാരിയാന്‍ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി. യഥാര്‍ഥ സിനിമയിലെ പ്രമേയത്തില്‍ നിന്നും ചില മാറ്റങ്ങള്‍ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. മനന്‍ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരുടെ സംഗീതം ടീസറിനെ കൂടുതല്‍ മനോഹരമാക്കുന്നു. ചിത്രത്തില്‍ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്ല കുമാര്‍, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന് എന്നിവരും അഭിനയിക്കുന്നു. അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. രാധിക റാവു, വിനയ് സപ്റു എന്നിവര്‍ ചേര്‍ന്ന് ആണ് സംവിധാനം. ടി സീരീസ് നിര്‍മിക്കുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളില്‍ എത്തും. 2014ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആയാണ് സിനിമ ഒരുങ്ങുക. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 2016ല്‍ ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ തമിഴില്‍ ചിത്രം റീമേക്ക് ചെയ്തിരുന്നു.
◾തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’. ‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോക്ക് വന്‍ ഹൈപ്പാണ് നിലവിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ബാഡ് ആസ്’ ന്റെ 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിക്കുന്നതാണ് ഗാനം എന്ന് ഇതിലൂടെ മനസിലാക്കാം. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം 12 ലക്ഷത്തിന് മുകളില്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. തമിഴ് സെന്സേഷന് അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ലിയോയുടെയും സംഗീത സംവിധായകന്. ഒക്ടോബര്‍ 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഉത്സവ സീസണിന് മുന്നോടിയായി പുതിയ ആക്ടിവ ലിമിറ്റഡ് എഡിഷന് പുറത്തിറക്കി. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന് ഡിഎല്‍എക്സ്, സ്മാര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 80,734 രൂപയും 82,734 രൂപയുമാണ് ഇവയുടെ വില. ബുക്കിംഗുകള്‍ ഇപ്പോള്‍ തുറന്നിരിക്കുന്നു. പുതിയ ലിമിറ്റഡ് എഡിഷന് രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പരിമിത കാലത്തേക്ക് ലഭ്യമാകും. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന് ഡിസൈന്‍ മെച്ചപ്പെടുത്തലുകളോടെയാണ് എത്തുന്നത്. ആക്ടിവ 3ഡി എംബ്ലത്തിന് പ്രീമിയം ബ്ലാക്ക് ക്രോം ഗാര്‍ണിഷ് ലഭിക്കുന്നു, പിന്നിലെ ഗ്രാബ് റെയിലിന് ബോഡി കളര്‍ ഡാര്‍ക്ക് ഫിനിഷ് ഉണ്ട്. പുതിയ ഹോണ്ട ആക്ടിവ ലിമിറ്റഡ് എഡിഷന് രണ്ട് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് – മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ. ഡിഎല്‍എക്സ് വേരിയന്റില്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു, അതേസമയം ടോപ്പ്-സ്പെക്ക് വേരിയന്റില്‍ ഹോണ്ടയുടെ സ്മാര്‍ട്ട് കീ ഉണ്ട്. 7.64ബിഎച്പി കരുത്തും 8.9എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്ന 109.51സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്.
◾ഡോ. കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ഏക മനുഷ്യനെയാണ്. ആസുരമായ ഇന്നത്തെ കാലത്ത് ഇത് വെറും പ്രതീക്ഷകളോ സ്വപ്നങ്ങളോ മാത്രമാകാം. എങ്കിലും ജലീലിന്റെ യാത്രകളെ നയിക്കുന്നത് ആ ശുഭ പ്രതീക്ഷകളാണ്. വംശീയത വേരുകള്‍ ആഴ്ത്തിപ്പടര്‍ന്ന സമകാലീന ഗുജറാത്ത് തന്നെയായിരുന്നു വംശീയ വിദ്വേഷത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും അതിന്റെ രക്തസാക്ഷിയാകുകയും ചെയ്ത മഹാത്മാഗാന്ധിയുടെ നാട് എന്നത് ഒരു വിരോധാഭാസമാണ്. ഗുജറാത്തിന്റെ മണ്ണിലൂടെയുള്ള ജലീലിന്റെ യാത്രകള്‍ ഈ വൈരുദ്ധ്യങ്ങളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കുന്നു. ‘ഉപ്പുപാടത്തെ ചന്ദ്രോദയം’. ചിന്ത പബ്ളിക്കേഷന്‍സ്. വില 199 രൂപ.
◾വ്യായാമം പതിവാക്കുന്നത് അസുഖങ്ങള്‍ കുറയ്ക്കാനും ആരോഗ്യകരമായ മാനസിക- ശാരീരികാവസ്ഥയോടെ തുടരാനുമെല്ലാം സഹായിക്കുന്നു. ഇത് മാത്രമല്ല വ്യായാമം പതിവാക്കുന്നത് കൊണ്ട് മറ്റൊരു വലിയ ഗുണം കൂടിയുണ്ട്. കരിയര്‍ വിജയം. മിക്കവര്‍ക്കും വ്യായാമം കൊണ്ട് നേടാന്‍ കഴിയുന്ന ഏറ്റവും വലിയ നേട്ടമാണ് കരിയര്‍ വിജയം. വ്യായാമം പല രീതിയില്‍ നിങ്ങളുടെ ജോലിയെ മെച്ചപ്പെടുത്തും. വ്യായാമം പതിവാക്കുന്നവരില്‍ ‘ഫോക്കസ്’ കൂടുതലായിരിക്കും. അത് തീര്‍ച്ചയായും ജോലിയില്‍ മെച്ചപ്പെടാന്‍ സഹായിക്കും. അതുപോലെ തന്നെ തലച്ചോറിന്റെ ആരോഗ്യം ആകെ നന്നാക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ട്. ഇതിലൂടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, ക്രിയാത്മകത എന്നിവയെല്ലാം കൂടുന്നു. ഇതെല്ലാം തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. പതിവായി വ്യായാമം ചെയ്യുന്നവരില്‍ എപ്പോഴും മറ്റുള്ളവരെ അപേക്ഷിച്ച് എനര്‍ജി കൂടുതലായിരിക്കും. ഇതും ജോലിയില്‍ പോസിറ്റീവായി പ്രതിഫലിക്കും. നല്ല ഉത്പാദനക്ഷമത കൈവരിക്കാന്‍ സാധിക്കും. വ്യായാമം പതിവാക്കുന്നവരില്‍ വലിയൊരു അളവ് വരെ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയുന്നു. ഇതോടെ ജോലി കൂടുതല്‍ എളുപ്പത്തിലും നല്ലരീതിയിലും ചെയ്യാന്‍ സാധിക്കുന്നു. എപ്പോഴും വ്യക്തിപരമായി സ്ട്രെസില്ലാതെ- ശാന്തമായി ഇരുന്നെങ്കില്‍ മാത്രമേ ജോലിയും ഭംഗിയായി ചെയ്യാന്‍ സാധിക്കൂ. വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഏറ്റവും നല്ലൊരു പ്രയോജനമാണ് സുഖകരമായ ഉറക്കം. രാത്രിയില്‍ 7-8 മണിക്കൂര്‍ ആഴത്തിലുള്ള സുഖകരമായ ഉറക്കം ഉറപ്പാക്കുമ്പോള്‍ അത് തലച്ചോറിന്റെ ആരോഗ്യത്തെയാണ് നല്ലരീതിയില്‍ സ്വാധീനിക്കുന്നത്. ഇതും ജോലിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.20, പൗണ്ട് – 101.11, യൂറോ – 87.44, സ്വിസ് ഫ്രാങ്ക് – 90.39, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.97, ബഹറിന്‍ ദിനാര്‍ – 220.67, കുവൈത്ത് ദിനാര്‍ -269.01, ഒമാനി റിയാല്‍ – 216.10, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.65, കനേഡിയന്‍ ഡോളര്‍ – 61.59.