P16 yt cover

*1985ലെ മികച്ച ജനപ്രിയ ഗാനം?* : https://youtu.be/C9z09QDHHjU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

സോളാര്‍ തട്ടിപ്പുകാരിയുടെ കത്തു വേണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ശരണ്യ മനോജിനെ സമീപിച്ചു കത്തു തരപ്പെടുത്തിയതെന്ന് കത്തു പുറത്തുവിട്ട ദല്ലാള്‍ ടി ജി നന്ദകുമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി കത്തു കാണിച്ചു സംസാരിച്ചത് എകെജി സെന്ററിനരികിലെ ഫ്ളാറ്റിലാണ്. കത്ത് വി എസ് അച്യുതാനന്ദനും നല്‍കി. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ആഗ്രഹിച്ചിരുന്ന യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാരുടെ ആളുകള്‍ തന്നോട് കത്ത് വിഎസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പുകാരിക്ക് ഒന്നേകാല്‍ ലക്ഷം രൂപയാണു താന്‍ നല്‍കിയത്. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നു. രണ്ടു കത്തുകളുണ്ട്. തന്നെ കാണാന്‍ വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഗണേഷ്‌കുമാറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പുകാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണന്‍. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതിയ കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. തെളിവില്ലാത്തതിനാലാണ് കുന്നമംഗലം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചുകൊന്നതിനെതിരേ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കരികില്‍ പ്രതിഷേധിച്ചെന്നും വഴി തടഞ്ഞെന്നും ആരോപിച്ചു പോലീസ് രജിസ്റ്റര്‍ ചെയ്തതായിരുന്നു കേസ്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

സാമ്പത്തിക പ്രതിസന്ധിയും ധൂര്‍ത്തും ചര്‍ച്ചയാക്കി നിയമസഭ. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സര്‍ക്കാര്‍ അനുമതി നല്‍കി. അങ്കമാലി എംഎല്‍എ റോജി എം ജോണാണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.

കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രത. മാസ്‌ക് നിര്‍ബന്ധമാക്കി. ഏഴു പഞ്ചായത്തുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്കു തമിഴ്നാട്ടില്‍ പരിശോധന നിര്‍ബന്ധമാക്കി. നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിആര്‍ ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.

മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. കരളില്‍ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പന്തളത്ത് എംസി റോഡില്‍ കെ എസ് ആര്‍ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍ നിപ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമായിട്ടും എന്തുകൊണ്ട് അങ്ങോട്ട് അയക്കാതെ പൂനയിലേക്ക് അയച്ചെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ഐസിഎംആര്‍ മാനദണ്ഡപ്രകാരം പൂനെയിലെ ഫലപ്രഖ്യാപനത്തിനാണ് അംഗീകാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞതിനു പിറകേയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

നിപ വ്യാപനം തടയാന്‍ യാത്രാവിലക്കുള്ള പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിനു നിര്‍ദേശം നല്‍കി. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തുന്നതാണ്.

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനക്ക് നീതി ലഭിക്കുമോയെന്നു നിയമസഭയില്‍ കെകെ രമ. സര്‍ക്കാര്‍ ഹര്‍ഷിനക്കൊപ്പമാണെന്നു മന്ത്രി വീണ ജോര്‍ജ്ജിന്റെ മറുപടി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ നടപടികളിലൂടെ നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി കാന്‍സര്‍ സെന്ററിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 204 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പി രാജീവ്. കെട്ടിടനിര്‍മാണത്തിന് 2016 ല്‍ 230 കോടി രൂപ അനുവദിച്ചതടക്കം 434 കോടി രൂപയുടെ കിഫ്ബി സഹായമാണ് കാന്‍സര്‍ സെന്ററിനു ലഭിക്കുക. മൂന്നു ഘട്ടങ്ങളിലായി 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെയാകും തുക അനുവദിക്കുകയെന്ന് മന്ത്രി അറിയിച്ചു.

യുഡിഎഫിലെ മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടിയെ പുറത്താക്കാന്‍ ആഗ്രഹിച്ചെന്ന നന്ദകുമാറിന്റെ ആരോപണത്തോടു പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരേ എന്തിനാണു പിണറായി വിജയന്റെ പോലീസ് കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ ഇടതുപക്ഷം ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും വലതുപക്ഷമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെട്ടതിനാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത. മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂന മര്‍ദം. ഇതു ശക്തി പ്രാപിച്ചു തെക്കന്‍ ഒഡിഷ – വടക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങും.

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചു. മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47 കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. മരിച്ചയാള്‍ക്ക് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് ഓഗസ്റ്റ് 22 നാണ്.

ഇടുക്കി ഇരുമ്പുപാലത്തിനു സമീപത്തെ അമ്മാവന്‍കുത്ത് വെള്ളച്ചാട്ടത്തിലേക്കു വീണ രണ്ടു പേരില്‍ ഒരാളെ കാണാനില്ല. രക്ഷപെട്ട ചൂരകെട്ടാന്‍കുടി സ്വദേശി വത്സയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഡാമില്‍ ഇന്ത്യന്‍ നേവിയുടെ സാന്നിധ്യം ഉള്ളതിനാലാണ് അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയില്‍ തീവ്രവാദ സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകള്‍ പിടിയില്‍. ചൊവ്വൂര്‍ സ്വദേശികളായ ജിനു, മെജോ, അനീഷ് എന്നിവരാണ് പിടിയിലായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നന്തിക്കര ദേശീയപാതയിലാണ് ഇവരെ പിടികൂടിയത്. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ സുനിലിനാണ് വെട്ടേറ്റത്.

റോഡിനു കുറുകെ വലിച്ചുകെട്ടിയ കേബിള്‍ കഴുത്തില്‍ കുടുങ്ങി അപകടം. കൊച്ചിയില്‍ എറണാകുളം – കോമ്പാറ മാര്‍ക്കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് ഇരുപതുകാരനായ കലൂര്‍ കറുകപ്പിള്ളി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഇടുപ്പെല്ലിനു പരിക്കേറ്റു.

കണ്ണൂര്‍ പയ്യാവൂരില്‍ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ വില്ലേജ് ഒഫീസിനു മുന്നില്‍ തൂങ്ങി മരിച്ചു. കുന്നത്തൂര്‍ സ്വദേശി രാജേന്ദ്രന്‍ (55) ആണ് മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാള്‍ ടെണ്ടര്‍ ജോലികള്‍ക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസില്‍ വരാറുണ്ട്.

എംഡിഎംഎ കൈവശംവച്ചയാളേയും യുവതിയെയും പൊലീസ് പിടികൂടി. വൈപ്പിന്‍ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കല്‍ വീട്ടില്‍ പി സി. ഷാജി (51) തിരുവനന്തപുരം വെങ്ങാനൂര്‍ നക്കുളത്ത് വീട്ടില്‍ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

മയക്കുമരുന്നുമായി രണ്ടു നിയമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് പിടികൂടി. എംഡിഎംഎയുമായി കഠിനംകുളം എ.കെ ഹൗസില്‍ അന്‍സീര്‍ (25), അണ്ടൂര്‍ക്കോണം എസ്.ആര്‍ നിവാസില്‍ അജ്മല്‍ (28), കഠിനംകുളം ഷിയാസ് മന്‍സിലില്‍ മുഹമ്മദ് നിഷാന്‍ (27) എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

കൊച്ചി കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തതിന് കാരണം ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പാണെന്ന് പോലീസ്. മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിപ്പോള്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ അതിവേഗ കോടതി 63 വര്‍ഷം കഠിനതടവിനും ഏഴു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി സ്വദേശിയായ 48 കാരനെയാണ് ശിക്ഷിച്ചത്.

അഞ്ച് നഗരങ്ങളില്‍ റാലി നടത്താനുള്ള നീക്കവുമായി ഇന്ത്യ സഖ്യം. സഖ്യത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്നു മുംബൈയില്‍ ശരത് പവാറിന്റെ വസതിയില്‍ ചേരും. ചെന്നൈ, ഗോഹട്ടി, ഡല്‍ഹി, പാറ്റ്ന, നാഗ്പൂര്‍ എന്നിവിടങ്ങളിലാണു കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ റാലി സംഘടിപ്പിക്കുക. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പ്രസ്താവന അനവസരത്തിലായെന്നാണ് മുന്നണിയിലെ പൊതു വിലയിരുത്തല്‍.

ജി 20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘത്തിലെ ഒരാളുടെ അസാധാരണ വലുപ്പമുള്ള ബാഗ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തലവേദനയായി. ഡിപ്ലോമാറ്റിക് പരിരക്ഷയുള്ളതിനാല്‍ വിമാനത്താവളത്തിലും പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസിലും പരിശോധിച്ചില്ലെങ്കിലും അസാധാരണമായ ഉപകരണങ്ങള്‍ ബാഗിലുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു. ബാഗ് സ്‌കാന്‍ ചെയ്യണമെന്ന ആവശ്യം ചൈനീസ് സംഘാംഗം നിരസിച്ചു. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ബാഗിലെ ഉപകരണങ്ങള്‍ ചൈനീസ് എംബസിയിലേക്കു മാറ്റാന്‍ സമ്മതിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്.

ബീഹാറില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ഭക്ഷണത്തില്‍ ഓന്തിനെ കണ്ടെന്ന് ആരോപിച്ചു. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു.

ഹോങ്കോങില്‍ സൗത്ത് കൊറിയന്‍ സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യക്കാരനായ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അമിത്(46) എന്നയാളെയാണ് ഹോങ്കോങ് പൊലീസ് പിടികൂടിയത്.

കമ്പനികള്‍ വിറ്റ് 9800 കോടി രൂപയുടെ കടബാധ്യത തീര്‍ക്കാനുള്ള നീക്കവുമായി ബൈജൂസ്. രണ്ടു പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വില്‍ക്കാനാണ് നീക്കം.

റഷ്യന്‍ വിമാനം 170 യാത്രക്കാരുമായി പാടത്ത് അടിയന്തര ലാന്റിംഗ് നടത്തി. ഹൈഡ്രോളിക് തകരാറിനെത്തുടര്‍ന്നാണ് യുറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 സൈബീരിയയിലെ നോവോസിബിര്‍സ്‌ക് മേഖലയിലെ വനത്തിനരികിലെ അതിവിശാലമായ പാടത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

ജൂലൈയില്‍ 15-മാസത്തെ ഉയരമായ 7.44 ശതമാനത്തിലെത്തിയ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.83 ശതമാനമായി കുറഞ്ഞു. നിരീക്ഷകര്‍ പ്രവചിച്ചിരുന്നത് 7 ശതമാനത്തിന് മുകളില്‍ തുടരുമെന്നായിരുന്നു. അതേസമയം, റിസര്‍വ് ബാങ്കിന്റെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം തുടരുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവില്‍, തുടര്‍ച്ചയായ 47-ാം മാസമാണ് പണപ്പെരുപ്പം ഈ ലക്ഷ്മണരേഖയ്ക്ക് മുകളില്‍ തുടരുന്നത്. ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 11.51 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 9.94 ശതമാനമായി താഴ്ന്നത് നേരിയ ആശ്വാസം നല്‍കുന്നു. പച്ചക്കറികളുടെ വിലയില്‍ ജൂലൈയെ അപേക്ഷിച്ച് 5.9 ശതമാനത്തിന്റെ കുറവുണ്ടായി. കേരളത്തിലും റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം താഴ്ന്നു. ജൂലൈയിലെ 6.43 ശതമാനത്തില്‍ നിന്ന് 6.26 ശതമാനമായാണ് കുറഞ്ഞത്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ജൂലൈയിലെ 6.51 ശതമാനത്തില്‍ നിന്ന് 6.40 ശതമാനത്തിലേക്കും നഗരങ്ങളിലേത് 6.37ല്‍ നിന്ന് 6.08 ശതമാനത്തിലേക്കും താഴ്ന്നു. പണപ്പെരുപ്പം 6 ശതമാനത്തിനുമേല്‍ തുടരുകയാണെങ്കിലും രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡല്‍ഹി (3.09%), അസാം (4.01%), ബംഗാള്‍ (4.49%), ജമ്മു കശ്മീര്‍ (5.45%), ഛത്തീസ്ഗഢ് (5.52%), മദ്ധ്യപ്രദേശ് (6.07%), മഹാരാഷ്ട്ര (6.12 ശതമാനം) എന്നിവ മാത്രമാണ് കേരളത്തേക്കാള്‍ പണപ്പെരുപ്പം കുറഞ്ഞവ. 8.60 ശതമാനവുമായി രാജസ്ഥാനാണ് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം. ഹരിയാന (8.27%), തെലങ്കാന (8.27%), ഒഡീഷ (8.23%) എന്നിവിടങ്ങളിലും പണപ്പെരുപ്പം 8 ശതമാനത്തിന് മുകളിലാണുള്ളത്.

ടൈറ്റാനിയം ഡിസൈനുമായി ഐഫോണ്‍ 15 സീരീസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിച്ചു. പുതിയ ആക്ഷന്‍ ബട്ടണ്‍, ശക്തമായ ക്യാമറ അപ്‌ഗ്രേഡുകള്‍, അടുത്ത ലെവല്‍ പ്രകടനത്തിനും മൊബൈല്‍ ഗെയിമിങിനുമായി എ17ബയോണിക് ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്പ്ലേ വലുപ്പങ്ങളില്‍ ലഭ്യമാകും. കൂടാതെ ആദ്യത്തെ 3-നാനോമീറ്റര്‍ ചിപ്പായ എ17 പ്രോയാണ് ഇരുമോഡലുകളിലുമെത്തുന്നത്. ഐഫോണ്‍ 15 പ്രോ മാക്സില്‍ മാത്രമായി ഒരു പുതിയ 5എക്സ് ടെലിഫോട്ടോ ക്യാമറയാണ് മികച്ച ക്യാമറാ അനുഭവത്തിനായി എത്തുന്നത്. യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ട്. മെച്ചപ്പെട്ട സൂം പ്രകടനത്തിനായി ഒരു പെരിസ്‌കോപ്പ് ക്യാമറ സജ്ജീകരണവും ലഭ്യമാകും. ഐഫോണ്‍ 15ന്റെ 128 ജി.ബി മോഡലിന് 79,900 രൂപയിലും 256 ജി.ബിക്ക് 89,900 രൂപയിലും 512 ജി.ബിക്ക് 1,09,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്ലസ് 128 ജി.ബി മോഡലിന് 89,900 രൂപയിലും 256 ജി.ബിക്ക് 99,900 രൂപയിലും 512 ജി.ബിക്ക് 1,19,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 256 ജി.ബിക്ക് 1,44,900 രൂപയിലും 512 ജി.ബിക്ക് 1,64,900 രൂപയിലും 1 ടി.ബിക്ക് 1,84,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോ മാക്സ് 256 ജിബി മോഡലിന് 1,59,900 രൂപയിലും വില ആരംഭിക്കുന്നു. ഇതിന്റെ 512 ജി.ബിക്ക് 1,79,900 രൂപയിലും 1 ടി.ബിക്ക് 1,99,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. പ്രീ-ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 15-ന് ആരംഭിക്കും, ഫോണുകള്‍ സെപ്റ്റംബര്‍ 22-ന് വില്‍പ്പനയ്‌ക്കെത്തും.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ‘ഭീഷ്മ പര്‍വം’. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തില്‍ അണിനിരന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതമായിരുന്നു മറ്റൊരു ആകര്‍ഷണം.

ദ് കശ്മീര്‍ ഫയല്‍സിനു ശേഷം പുതിയ ചിത്രവുമായി വിവേക് രഞ്ജന്‍ അഗ്നിഹോത്രി. ‘ദ് വാക്‌സിന്‍ വാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ബയോ സയന്‍സ് സിനിമയാണെന്നാണ് അവകാശവാദം. സിനിമയുടെ ട്രെയിലര്‍ എത്തി. ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്റര്‍ റിലീസായി ചിത്രം എത്തും. നിര്‍മാതാവായ പല്ലവി ജോഷി ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞയുടെ വേഷത്തിലാണ് എത്തുന്നത്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡും അതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്റെ കണ്ടുപിടിത്തവും ഒക്കെയാണ് ദ് വാക്‌സിന്‍ വാര്‍ പ്രമേയമാക്കുന്നത്. ഒരു യഥാര്‍ഥ കഥയായിരിക്കും ചിത്രം പറയുന്നത് എന്നും ടീസറില്‍ നിന്നും വ്യക്തമാണ്. നാനാ പടേക്കര്‍, അനുപം ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്‌നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്കു പുറമെ ഇംഗ്ലിഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുങ്ക്, തമിഴ്, കന്നട എന്നിവ ഉള്‍പ്പടെ പത്തലധിധികം ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.

സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് മെഴ്സിഡീസിന്റെ ആഡംബര എസ്യുവി, മെയ്ബ ജിഎല്‍എസ് 600. 2021ല്‍ ഈ വിപണിയിലെത്തിയ ഈ ആഡംബര എസ്യുവിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, കൃതി സിനോണ്‍, നിധിന്‍ റെഡ്ഡി, റാം ചരണ്‍, ദീപിക പദ്കോണ്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ക്ക് പിന്നാലെ മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കിയിരിക്കുന്നു ബോളീവുഡ് താര സുന്ദരി രാകുല്‍ പ്രീത്. പുതിയ കാറിന്റെ മുന്നില്‍ പോസ് ചെയ്ത് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്ന നടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2021 ജൂണിലാണ് മയ്ബയുടെ ആദ്യ എസ്യുവി ഇന്ത്യന്‍ വിപണിയിലെത്തിയത്. ജിഎല്‍എസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിര്‍മിച്ച വാഹനമാണ് മയ്ബ ജിഎല്‍എസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎല്‍എസ്. നാലു ലീറ്റര്‍ ട്വീന്‍ ടര്‍ബൊ വി 8 എന്‍ജിനും 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എന്‍ജിനില്‍ നിന്ന് 557 എച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോര്‍ക്ക് 250 എന്‍എം എന്നിങ്ങനെയാണ്. വാഹനത്തില്‍ ഒമ്പത് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സാണുള്ളത്.

ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ‘ഗാന്ധി ഒരന്വേഷണം’ എന്ന രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഒറ്റ വാല്യത്തില്‍. സത്യവും അഹിംസയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കിയ ഒരാള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാന്‍ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ലോകസമൂഹത്തിന് അദ്ദേഹം മുന്നോട്ടുവച്ച ജീവിതോദാഹരണവും ഗാന്ധിസത്തിന്റെ പ്രസക്തിയും ചര്‍ച്ച ചെയ്യുകമാത്രമല്ല, വ്യക്തിജീവിത ത്തിലും സാമൂഹികനേതൃത്വത്തിലും അദ്ദേഹത്തിന്റെ മിഴിവുകള്‍ പാളി പോയ സന്ദര്‍ഭങ്ങളെയും ഈ കൃതിയില്‍ അന്വേഷണവിധേയമാക്കുന്നുണ്ട്. ഡോ. എം. ഗംഗാധരന്‍. ഡിസി ബുക്സ്. വില 522 രൂപ.

ഭക്ഷണശൈലിയും ജനിതക കാരണങ്ങളും വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കരളിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബ്രൊക്കോളിയാണ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുന്തിരി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കരളിന്റെ ആരോഗ്യത്തിന് മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. ‘പോളിഫെനോള്‍സ്’ എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. നട്സ് ധാരാളമായി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. നട്സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ കരളന് ആവശ്യമാണ്. അതിനാല്‍ അണ്ടിപ്പരിപ്പും ബദാമുമൊക്കെ ധാരാളമായി കഴിക്കാം. കോഫി ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനുകളാണ് ഇതിന് സഹായിക്കുന്നത്. ഒപ്പം കോഫിയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാല്‍ ഇവ പല കരള്‍ രോഗങ്ങളെയും തടയാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.93, പൗണ്ട് – 103.40, യൂറോ – 89.08, സ്വിസ് ഫ്രാങ്ക് – 92.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.20, ബഹറിന്‍ ദിനാര്‍ – 220.02, കുവൈത്ത് ദിനാര്‍ -268.60, ഒമാനി റിയാല്‍ – 215.43, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.58, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 61.15.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *