P6 yt cover

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

◼️മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും മാസപ്പടി ഡയറിയിലെ പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

◼️ന്യൂസ് ക്ലിക്ക് ചൈനീസ് ബന്ധമുള്ള മൂന്നു സ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് എഫ്.ഐ.ആറില്‍ ഡല്‍ഹി പൊലീസിന്റെ ആരോപണം. രണ്ടു സ്ഥാപനങ്ങള്‍ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്റെയും മൂന്നാമത്തേത് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും ഗൗതം നവ് ലാഖ ഉള്‍പ്പെട്ട കേസുകള്‍ക്കായി ഈ പണം ചിലവാക്കിയെന്നും നക്സലുകള്‍ക്കു പണം നല്‍കിയെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.

◼️വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചന ഉണ്ടെങ്കില്‍ മൂന്നു മാസത്തിനകം കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു. ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് നടപടി.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

◼️വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കു ചൈനയില്‍ നിന്ന് ക്രെയിനുകളുമായി എത്തുന്ന ഷെന്‍ഹുവാ-15 എന്ന ചരക്ക് കപ്പലടക്കമുള്ളവയെ ബെര്‍ത്തിലേക്ക് അടുപ്പിക്കാനുള്ള മൂന്നാമത്തെ ടഗ്ഗും എത്തി. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 37 എന്ന ടഗ്ഗാണ് മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്. ചരക്കു കപ്പലുകളെ ബര്‍ത്തിലേക്ക് അടുപ്പിക്കാന്‍ ഇനി ഒരു ടഗ്ഗുകൂടി വിഴിഞ്ഞത്ത് എത്തിക്കും.

◼️മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് മേഖലാതല അവലോകനയോഗം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളുടെ അവലോകന യോഗമാണ് ചെറുവണ്ണൂര്‍ മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

◼️കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.കെ കണ്ണന്റെ സ്വത്തുവിവരങ്ങളുടെ രേഖകള്‍ കണ്ണന്റെ പ്രതിനിധികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചു. സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

◼️

കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആര്‍ രാജനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. അറസ്റ്റിലായ സിപിഎം നേതാവ് അരവിന്ദാക്ഷന് ഈ ബാങ്കില്‍ രണ്ട് അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടു സംബന്ധിച്ച് ആശയക്കുഴപ്പവുമുണ്ട്. ഇതു പരിശോധിക്കാനാണ് ബാങ്ക് സെക്രട്ടറിയെ വിളിപ്പിച്ചിരിക്കുന്നത്.

◼️ബലാത്സംഗ കേസില്‍ പ്രതിയായ റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കാസര്‍കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

◼️പരാതികളില്‍ കേസെടുക്കാന്‍ വൈകുന്നെന്ന് ആരോപിച്ച് പാലാരിവട്ടം പൊലീസ് എസ്.എച്ച്.ഒ ജോസഫ് സാജനെ സസ്പെന്‍ഡു ചെയ്തു. യൂസ്ഡ് കാര്‍ തട്ടിപ്പു പരാതിയില്‍ കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ജോസഫ് സാജനെതിരെ പരാതി ഉയര്‍ന്നിരുന്നു.

◼️മേലുദ്യോഗസ്ഥന്‍ മെമ്മോ നല്‍കിയ വിവരം പുറത്തു പറഞ്ഞതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. പത്തനംതിട്ട ഡിവൈഎസ്പി ആദ്യം കൊടുത്ത മെമ്മോ പ്രചരിപ്പിച്ചതിനാണ് വീണ്ടും മെമ്മോ നല്‍കിയത്. ഗ്രോ വാസുവിന് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് രണ്ടാഴ്ച മുന്‍പ് മെമ്മോ നല്‍കിയത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◼️യുവജോത്സ്യനെ ഹോട്ടല്‍ മുറിയിലേക്കു വിളിച്ചുവരുത്തി മയക്കിക്കിടത്തി പന്ത്രണ്ടര പവന്‍ സ്വര്‍ണവും പണവും ഫോണും കവര്‍ന്ന കേസില്‍ യുവതി പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയയാണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 26 ന് ഇടപ്പള്ളിയിലെ ലോഡ്ജിലായിരുന്നു കവര്‍ച്ച. ഫേസ്ബുക്ക് വഴിയാണ് അന്‍സി കൊല്ലം സ്വദേശിയായ ജോത്സ്യനെ പരിചയപ്പെട്ട് തട്ടിപ്പിനിരയാക്കിയത്.

◼️ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണംവച്ചു ചീട്ടുകളിക്കുന്ന 13 പേര്‍ പൊലീസിന്റെ പിടിയില്‍. 1,36,000 രൂപയും പിടിച്ചെടുത്തു. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലത്തുനിന്നാണ് സംഘം പിടിയിലായത്.

◼️മുതലപ്പൊഴിയിലെ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്.

◼️ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. സിപിഐയുടെ എന്‍എം ശ്രീകുമാറിന് ഏഴ് വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിനി ബേബിക്ക് ആറ് വോട്ടുകളുമാണ് ലഭിച്ചത്.

◼️കോഴിക്കോട് നടുവട്ടത്തുള്ള റിലയന്‍സ് ട്രെന്റ്സിന്റെ ഷോറൂമിന് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണു തീയണച്ചത്.

◼️സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 136 ആയി. 40 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 102 പേരെ കാണാതായതെന്നും 26 പേര്‍ക്ക് പരിക്കേറ്റെന്നും സിക്കിം സര്‍ക്കാര്‍ അറിയിച്ചു.

◼️തെലുഗു സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി പ്രസിഡന്റുമായ പവന്‍ കല്യാണ്‍ എന്‍ഡിഎ മുന്നണി വിട്ടു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ടിഡിപി – ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

◼️ഡല്‍ഹി മദ്യനയക്കേസിലെ എന്‍ഫോഴ്സ്മെന്റിന്റെ റിപ്പോര്‍ട്ടില്‍ സംശയങ്ങളുന്നയിച്ച് സുപ്രീംകോടതി. പാര്‍ട്ടിക്കു വേണ്ടിയാണ് പണമെങ്കില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

◼️ഡിഎംകെ എംപി എസ്. ജഗത് രക്ഷകന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും പരിശോധനയുണ്ട്. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എം പിയുമാണ് ജഗത് രക്ഷകന്‍.

◼️പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രതിന്‍ ഘോഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. 12 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ്.

◼️സുപ്രീം കോടതിയില്‍നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപില്‍ ജനാധിപത്യ സംവിധാനം പൂര്‍ണമായും ഇല്ല. ഒരു വര്‍ഷമായി പഞ്ചായത്ത് സംവിധാനമേ ഇല്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപില്‍ ഇല്ല. അദ്ദേഹം പറഞ്ഞു.

◼️ഇന്ത്യയുടെ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. പുണെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച മലേറിയ വാക്‌സീനാണ് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്.

◼️അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയായ കമാന്‍ഡറിനെ വൈറ്റ് ഹൗസില്‍നിന്ന് നീക്കി. രണ്ടു വയസുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ നായ സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 11 പേരെ കടിച്ചിരുന്നു.

◼️ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹമോചിതനായി. ഭാര്യാപീഡനം ആരോപിച്ചാണ് വിവാഹമോചനത്തിന് ഡല്‍ഹി പട്യാല ഹൗസ് കോംപ്ലെക്സിലെ കുടുംബ കോടതി ഉത്തരവിട്ടത്. ഭാര്യ അയേഷ മുഖര്‍ജിയുമായുള്ള ധവാന്റെ 11 വര്‍ഷം നീണ്ട ദാമ്പത്യം ഇതോടെ അവസാനിച്ചു. 2020 ഓഗസ്റ്റ് മുതല്‍ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.

◼️ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 20-ാം സ്വര്‍ണം. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ – ഹരീന്ദര്‍ പാല്‍ സിങ് സഖ്യമാണ് സ്വര്‍ണം നേടിയത്. നേരത്തേ അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമും സ്വര്‍ണം നേടിയിരുന്നു. ഇതോടെ 20 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ചേര്‍ത്ത് ഇന്ത്യയുടെ മെഡല്‍ നേട്ടം ആകെ 83 ആയി.

◼️ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

◼️സ്വര്‍ണ വില തുടര്‍ച്ചയായ ഇടിവില്‍. ഇക്കഴിഞ്ഞ വാരം 2,000 രൂപയ്ക്ക് മേല്‍ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെ മാറാതെ നിന്നെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,240 രൂപയും പവന് 160 രൂപ കുറഞ്ഞ് 41,920 രൂപയുമായി. സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവിലാണ് സ്വര്‍ണമുള്ളത്. ആഗോള വിപണിയില്‍ 1,826.45 ഡോളറിലാണ് നില്‍ക്കുന്നത്. 1,827 ഡോളറായിരുന്നു ഇന്നലെ. ആഭരണം വാങ്ങുന്നവര്‍ക്കും മികച്ച സമയമാണ് ഇത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകള്‍ (2022 സെപ്റ്റംബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 8,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ കുറവുണ്ടായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,333 രൂപയായി. കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുന്ന ഒരാള്‍ക്ക് ഇക്കഴിഞ്ഞ ആറു മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാം. പവന്‍ വിലയോടൊപ്പം അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 45,000 രൂപയോളമാണ് ആഭരണം വാങ്ങാന്‍ വേണ്ടി വരുന്നത്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.

◼️സാംസങ്ങ് എസ് 23 യുടെ ഫാന്‍ എഡിഷന്‍ പുറത്തിറങ്ങി. എസ്21 എഫ്ഇക്ക് ശേഷം ആദ്യമായാണ് സാംസങ്ങ് തങ്ങളുടെ ഹൈ എന്റ് മോഡലിന് ഒരു ഫാന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. നേരത്തെ എഫ്ഇ എഡിഷന്‍ പുറത്തിറക്കുന്നത് സാംസങ്ങ് അവസാനിപ്പിച്ചുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് സാംസങ്ങ് ഗ്യാലക്സി എസ് 23 പുറത്തിറങ്ങുന്നത്. ഈ സെഗ്മെന്റിലുള്ള മുന്‍നിര ഫോണുകളെപ്പോലെ സ്നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 പ്രൊസസ്സറാണ് പുതിയ എസ് 23 എഫ്ഇയില്‍ ഉള്ളത്. 120 ഹെര്‍ട്സ് റീഫ്രഷ് റൈറ്റോടെയുള്ള 6.4 ഇഞ്ച് ഡൈനാമിക് എഎംഒഎല്‍ഇഡി 2എക്സ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. വിഷന്‍ ബൂസ്റ്റര്‍ ടെക്നോളജിയോടെയാണ് ഈ സ്‌ക്രീന്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്. എസ് 23 എഫ്ഇയില്‍ 50 എംപി പ്രൈമറി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ 12 എംപി അള്‍ട്രവൈഡ് ക്യാമറ. 8 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഒപ്പമുണ്ട്. പിന്നില്‍ 3 ക്യാമറ സെറ്റപ്പ് ആണെങ്കില്‍ മുന്‍പില്‍ 10 എംപി ക്യാമറയാണ് ലഭ്യമാക്കിയിരിക്കുന്നത്. എസ് 23 എഫ്ഇയുടെ വില ആരംഭിക്കുന്നത് 599 ഡോളറിലാണ്. അതായത് 49,852 രൂപയ്ക്ക് അടുത്തുവരും. 8ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലാണ് ബേസിക് പതിപ്പ്. മിന്റ്, ക്രീം, ഗ്രാഫെറ്റ്, പര്‍പ്പിള്‍ ഇന്റിഗോ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

◼️‘ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന പുതിയ ചിത്രം ‘തലൈവര്‍ 170’ തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറില്‍ നര കയറിയ മുടിയും താടിയുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ കുറച്ചു ചെറുപ്പമായാണ് രജനി എത്തുന്നത്. ‘ജയ് ഭീം’ സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാകും രജനി പ്രത്യക്ഷപ്പെടുക. ഭാര്യയുടെ റോളിലാകും മഞ്ജു വാര്യര്‍ എത്തുക. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അടക്കം മൂന്നു നായികമാര്‍ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഷാര വിജയന്‍, റിതിക സിങ് എന്നിവരാണ് മറ്റ് രണ്ട് താരങ്ങള്‍. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് തലൈവര്‍ 170ന്റെ കേരളത്തിലുള്ള ചിത്രീകരണം. തമിഴിലെ പ്രശസ്ത നിര്‍മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

◼️സണ്ണി ഡിയോളിനെയും അമീഷ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനില്‍ ശര്‍മ സംവിധാനം ചെയ്ത ‘ഗദര്‍ 2’ ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നു. സീ 5 ല്‍ നാളെ മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ആഗസ്റ്റ് 11 ന് റിലീസ് ചെയ്ത ഗദര്‍ 2 വലിയ കളക്ഷന്‍ റെക്കോര്‍ഡുകളാണ് സൃഷ്ടിച്ചത്. ഇതുവരെ 690 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യഭാഗമായ ‘ഗദര്‍ എക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഗദര്‍ 2. 2001 ലാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗം സീ 5 തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉത്കര്‍ഷ് ശര്‍മ, ഗൗരവ് ചോപ്ര, സിമ്രാത്ത് കൗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 60 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്. സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളെ കീഴടക്കി ഷാരൂഖ്-അറ്റ്‌ലി ചിത്രം ജവാന്‍ എത്തിയെങ്കിലും, ഗദര്‍ 2 നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 1947ല്‍ ഇന്ത്യ-പാക് വിഭജന കാലത്ത് നടക്കുന്ന പ്രണയകഥയായിരുന്നു 2001ല്‍ ഇറങ്ങിയ ഗദര്‍. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണിത്. താര സിംഗ്, സക്കീന എന്നിവരുടെ അന്ന് വിജയിച്ച പ്രണയത്തിന് 22 വര്‍ഷത്തിനിപ്പുറം 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് എന്ത് സംഭവിച്ചു എന്നതാണ് ഗദര്‍ 2വിന്റെ കഥ.

◼️മെഴ്സിഡീസ് ബെന്‍സിന്റെ ആഡംബര എസ്യുവി ജിഎല്‍ഇ സ്വന്തമാക്കി നടി സോഹ അലി ഖാനും ഭര്‍ത്താവ് കുനാല്‍ കൈമുവും. മെഴ്സിഡീസിന്റെ മുംബൈ വിതരണക്കാരായ ഓട്ടോഹാങ്ങര്‍ ബെന്‍സില്‍ നിന്നാണ് പുതിയ ആഡംബര വാഹനം ഗാരിജിലെത്തിച്ചത്. സോഹ അലിഖാന്‍ ജിഎല്‍ഇയുടെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രങ്ങളും ഓട്ടോഹാങ്ങര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ജിഎല്‍ഇയുടെ ഏതു പതിപ്പാണ് താരം സ്വന്തമാക്കിയതെന്നു വ്യക്തമല്ല. ജിഎല്‍ഇയ്ക്ക് ഒരു പെട്രോള്‍ എന്‍ജിന്‍ വകഭേദവും രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളും നിലവിലുണ്ട്. രണ്ടു ലീറ്റര്‍ ഡീസല്‍ വകഭേദത്തിന് 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഡീസല്‍ വകഭേദത്തില്‍ 3 ലീറ്റര്‍ എന്‍ജിനാണ്. 326 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും നല്‍കും ഈ ആറു സിലിണ്ടര്‍ എന്‍ജിന്‍. പെട്രോള്‍ മോഡലില്‍ 3 ലീറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. 362 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. ഏകദേശം 92 ലക്ഷം രൂപ മുതല്‍ 1.08 കോടി രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

◼️മനുഷ്യനെന്നുപോലും പരിഗണിക്കപ്പെടാതെ, പറവകളുടെയും മൃഗങ്ങളുടെയുമെല്ലാം പേരുകളാല്‍ വിളിക്കപ്പെട്ട്, ദുരിതങ്ങളുടെ പര്യായമായി ജീവിച്ച കീഴാള മനുഷ്യാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍. സമൂഹത്തിന്റെ കാഴ്ചപ്പുറങ്ങള്‍ക്കപ്പുറത്ത് നിരന്തരം തഴയപ്പെട്ടുകൊണ്ടിരുന്ന അടിത്തട്ടുജീവിതങ്ങളുടെ ചെറിയ ചെറിയ അതിജീവനശ്രമങ്ങളും പ്രതിരോധങ്ങളും രതിയും പ്രണയവും മനുഷ്യകുലത്തിന്റെ ഒടുങ്ങാത്ത പ്രതീക്ഷയുടെ തീപ്പൊരികളായി ഇതില്‍ മാറുന്നു. പതനം മാത്രം കര്‍മ്മമായി വിധിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങും സുരക്ഷയുമായിത്തീരുന്ന തീവ്രരാഷ്ട്രീയമനസ്സുകളായ അജ്ഞാതവ്യക്തികള്‍ ഒരു ജനസമൂഹത്തെയെന്നപോലെ ഈ നോവലിനെയും ഒരു ഊര്‍ജ്ജപ്രവാഹമാക്കി മാറ്റുന്നു. താഹ മാടായിയുടെ ഏറ്റവും പുതിയ നോവല്‍. ‘വിശുദ്ധ റുകൂനിയ’. മാതൃഭൂമി. വില 204 രൂപ.

◼️മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍. പ്രോട്ടീനുകള്‍, കൊളസ്‌ട്രോള്‍, പിത്തരസം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമേ, ജീവകങ്ങളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും മറ്റ് സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭരിക്കുന്നു. കൂടാതെ, മദ്യം, മയക്കുമരുന്ന്, ഉപാപചയ മാലിന്യങ്ങള്‍ തുടങ്ങിയ വിഷങ്ങള്‍ സ്വാഭാവികമായി ഇല്ലാതാക്കുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. കരള്‍ രോഗം ജനിതകമാകാം അല്ലെങ്കില്‍ വൈറസുകള്‍, മദ്യപാനം, അമിതവണ്ണം തുടങ്ങിയ കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങള്‍ മൂലമാകാം. കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ താഴെപറയുന്നവയാണ്. ആരോഗ്യമുള്ള കരള്‍ പൊതുവെ പുറത്തുവിടുന്ന പിത്തരസം ലവണങ്ങളാണ് മലത്തിന് ഇരുണ്ട നിറം നല്‍കുന്നത്. അതിനാല്‍ അധിക കൊഴുപ്പ് മലം പൊങ്ങിക്കിടക്കുന്നതും ഇളം നിറമുള്ളതുമാക്കുന്നു. ഛര്‍ദ്ദി വളരെ സാധാരണമായ ഒരു ലക്ഷണമാണ്. കാരണം കരളിന് വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയില്ല. രക്തപ്രവാഹത്തില്‍ അടിഞ്ഞുകൂടുന്നത് ഓക്കാനം അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നു. ഭക്ഷണം കഴിച്ചയുടന്‍ തന്നെ മലമൂത്രവിസര്‍ജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. കാരണം, നിങ്ങള്‍ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയില്ല. ചര്‍മ്മവും കണ്ണും മഞ്ഞനിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ചില സന്ദര്‍ഭങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാകുന്നു. കരളിന് ശരിയായി വിഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അമിതമായ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നത് മൂത്രം ഇരുണ്ട നിറമാകുന്നതിന് കാരണമാകും. വയറ് വീര്‍ക്കുന്നതാണ് മറ്റൊരു ലക്ഷണം. ഈ അവസ്ഥയെ അസൈറ്റിസ് എന്നും വിളിക്കുന്നു. ഇത് അടിവയറ്റില്‍ ദ്രാവകം നിലനിര്‍ത്തുന്നതിലേക്ക് നയിക്കുന്നു. വീര്‍ത്ത കാലുകള്‍ ഈ അവസ്ഥയെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന ലക്ഷണമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.26, പൗണ്ട് – 101.01, യൂറോ – 87.53, സ്വിസ് ഫ്രാങ്ക് – 90.79, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.83, ബഹറിന്‍ ദിനാര്‍ – 220.83, കുവൈത്ത് ദിനാര്‍ -269.15, ഒമാനി റിയാല്‍ – 216.26, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 60.53.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *