◾ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തുരങ്കത്തിലേക്കു സ്ഥാപിച്ച പൈപ്പിലൂടെ എല്ലാവരേയും പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റും. തുരങ്കത്തില്‍ ആംബുലന്‍സ് കയറ്റി.
◾സംസ്ഥാനത്ത് മഴ ശക്തമായി. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും. സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. നാല് അണക്കെട്ടുകള്‍ തുറന്നു. തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ വീടുകളില്‍ വെള്ളം കയറി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിനു കൂടി സാധ്യത. ഉച്ചക്കുശേഷം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യത. നാളെത്തോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.
◾നവ കേരള സദസിനായി വിദ്യാര്‍ത്ഥികളെ വെയിലത്തു നിര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല തണലത്താണ് അവര്‍ നിന്നത്. കുട്ടികളെ ഇങ്ങനെ പുറത്തിറക്കി നിര്‍ത്തണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ പുറത്തിറക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റീസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റീസ് എം. ഫാത്തിമാ ബീവി കൊല്ലത്ത് അന്തരിച്ചു. 96 വയസായിരുന്നു. കബറടക്കം നാളെ പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദില്‍.
◾യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം തൈക്കാട് വച്ച് പ്രതികളായ ഫെനി, ബിനില്‍ ബിനു എന്നീ പ്രതികളെ പിടികൂടിയത് രാഹുലിന്റെ കാറില്‍ നിന്നാണെന്നാണു വിശദീകരണം.
◾യൂത്ത് കോണ്‍ഗ്രസ് സംഘടന തെരെഞ്ഞെടുപ്പിനു തമിഴ് നടന്‍ അജിത്തിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്നു പൊലീസ്. പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാര്‍ഡ് കണ്ടെത്തിയത്.
◾റോബിന്‍ ബസ് രാത്രി ഒരു മണിയോടെ തടഞ്ഞ് എംവിഡി 7500 രൂപ പിഴ അടപ്പിച്ചു. കോയമ്പത്തൂരില്‍നിന്നുള്ള മടക്ക യാത്രയില്‍ പത്തനംതിട്ട മൈലപ്രയിലാണ് റോബിന്‍ ബസ് തടഞ്ഞത്. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിനിടെ ഇന്നലെ രാത്രി പത്തോടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. വിജയാഹ്ലാദത്തിനിടെ സദസിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു.
◾നവകേരള സദസിനെ സ്വാഗതം ചെയ്യാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കണമെന്ന് കോഴിക്കോട്ടെ ചില തദ്ദേശ സ്ഥാപനങ്ങള്‍. എല്ലാ സ്ഥാപനങ്ങളും വൈകീട്ട് ദീപാലംകൃതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി നോട്ടീസയച്ചു. എല്ലാ വീടുകളിലും വൈകീട്ട് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്ത് പ്രചാരണസമിതിയുടെ ആഹ്വാനം.
◾നവകേരള സദസിന്റെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ സെക്രട്ടറിയുടെ നടപടിക്കെതിരേ തൊഴിലാളികള്‍ പ്രതിഷേധിച്ചു.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്നും സുരേന്ദ്രന്‍.
◾തിരുവനന്തപുരം കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍ ബെനാമി അക്കൗണ്ട് വഴി 51 കോടി രൂപ തട്ടിയെന്ന് എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്താണു തട്ടിപ്പെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾കേന്ദ്ര ചലച്ചിത്ര അവാര്‍ഡു നേടിയ ഇന്ദ്രന്‍സ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നു. ഇതിനായി തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്.
◾അറുപത്തൊന്നുകാരിയായ അമ്മയെ മര്‍ദ്ദിച്ച് അവശനിലയിലാക്കിയ 42 കാരനായ മകന്‍ അറസ്റ്റില്‍. എറണാകുളം പെരുമണ്ണൂര്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേപ്പുറം വീട്ടില്‍ സാബു (42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റു ചെയ്തത്.
◾
◾അമ്പതു രൂപയ്ക്കായി 18 കാരനെ കുത്തിക്കൊന്ന പതിനാറുകാരന്‍ മൃതദേഹത്തിനരികെ നൃത്തം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് സംഭവം. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
◾വ്യാജമായി വിരലടയാളങ്ങള്‍ നിര്‍മിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തി പണം കവര്‍ന്ന സംഭവങ്ങളില്‍ ആറു പേര്‍ ഹൈദരാബാദില്‍ അറസ്റ്റിലായി. 2500 ഓളം വ്യാജ ബാങ്ക് ഇടപാടുകള്‍ ഇവര്‍ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
◾തമിഴ്നാട്ടിലും അതിശക്തമായ മഴ. 35 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. എട്ടു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
◾സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്‍കില്ലെന്ന് ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഹര്‍ജിക്കാരുടെ അപേക്ഷ ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു. 28 നു വാദം കേള്‍ക്കും.
◾സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളെത്തുടര്‍ന്ന അറസ്റ്റിലായ പ്രധാനാധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. 142 വിദ്യാര്‍ത്ഥിനികളാണു പരാതി നല്‍കിയത്. ഹരിയാനയിലെ ജിന്‍ഡ് ജില്ലയിലാണ് അമ്പത്തഞ്ചുകാരനായ അധ്യാപകനെ അറസ്റ്റു ചെയ്തത്.
◾യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈനീകര്‍ക്ക് ഉല്ലാസമേകാന്‍ പാട്ടുപാടിക്കൊണ്ടിരിക്കവെ റഷ്യന്‍ ഗായികയും നടിയുമായ പോളിന മെന്‍ഷിഖ് യുക്രൈന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഷ്യയുടെ അധീനതയിലായിരുന്ന യുക്രൈന്റെ കിഴക്കന്‍ പ്രദേശമായ ഡൊനെറ്റ്‌സ്‌ക് മേഖലയിലെ കുമാചോവ് ഗ്രാമത്തിലാണ് സംഭവം.
◾ഇറ്റാലിയിലെ സലേര്‍നോ നഗരത്തില്‍ അമാല്‍ഫി തീരത്ത് പടുകൂറ്റന്‍ ജലസ്തംഭം. കടലില്‍ രൂപപ്പെട്ട ജലസ്തംഭം വളരെ പെട്ടെന്ന് കരയിലേക്ക് നീങ്ങിയെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
◾ചൈനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ന്യൂമോണിയ പടരുന്നു. ആശുപത്രികള്‍ നിറഞ്ഞ അവസ്ഥയാണ്. തലസ്ഥാനമായ ബെയ്ജിംഗിലും ലിയോണിംഗിലുമാണ് കൂടുതല്‍ രോഗവ്യാപനം.
◾ഇന്ത്യാ- ഓസ്‌ട്രേലിയ ടി20 മത്സരം ഇന്ന് വൈകീട്ട് ഏഴു മണിക്ക് വിശാഖപട്ടണത്ത്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കിരീടനഷ്ടത്തിന്റെ മുറിപ്പാടുണങ്ങും മുന്‍പേയാണ് ടീം ഇന്ത്യക്ക് മുന്നിലേക്ക് ഓസ്‌ട്രേലിയയെത്തുന്നത്.
◾ദീപാവലിക്ക് റെക്കോര്‍ഡ് വില്‍പനയുണ്ടായതിന് പിന്നാലെ കല്യാണ സീസണില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയിലെ കച്ചവടക്കാര്‍. നവംബര്‍ 23ന് തുടങ്ങുന്ന കല്യാണ സീസണ്‍ ഡിസംബര്‍ 15 വരെ നീളും. ഇക്കാലയളവില്‍ 38 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കുകൂട്ടല്‍. 4.74 ലക്ഷം കോടിയുടെ കച്ചവടം വിവാഹ സീസണില്‍ ഉണ്ടാവുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡഴ്സിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 32 ലക്ഷം വിവാഹങ്ങളാണ് നടന്നത്. പിന്നീട് ജനുവരിയില്‍ തുടങ്ങുന്ന വിവാഹ സീസണ്‍ ജൂലൈ വരെ നീളും. വിവാഹത്തിനുള്ള വിവിധ സാധനങ്ങളുടെ കച്ചവടവും അതിനൊപ്പം സേവനങ്ങളുടെ മൂല്യവും ചേര്‍ത്താണ് വന്‍ കച്ചവടമുണ്ടാകുമെന്ന പ്രതീക്ഷ വ്യാപാരികള്‍ വെച്ചുപുലര്‍ത്തുന്നത്. നടക്കുന്ന 38 ലക്ഷം വിവാഹങ്ങളില്‍ ഓരോ വിവാഹസംഘവും എത്രത്തോളം തുക ചെലവഴിക്കുമെന്നത് സംബന്ധിച്ച കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ ഏഴ് ലക്ഷം വിവാഹസംഘങ്ങളില്‍ ഓരോരുത്തരും ശരാശരി മൂന്ന് ലക്ഷം രൂപയായിരിക്കും ചെലവഴിക്കുക. എട്ട് ലക്ഷം വിവാഹസംഘങ്ങള്‍ ആറ് ലക്ഷം രൂപ ചെലവഴിക്കുമ്പോള്‍ പത്ത് ലക്ഷം വിവാഹ സംഘങ്ങള്‍ ശരാശരി 10 ലക്ഷം രൂപയാണ് ചെലവഴിക്കുക. ഏഴ് ലക്ഷം വിവാഹസംഘങ്ങള്‍ 15 ലക്ഷം രൂപ ചെലവഴിക്കുമ്പോള്‍ 5 ലക്ഷം സംഘങ്ങള്‍ 25 ലക്ഷത്തിന് മുകളിലാണ് ചെലവഴിക്കുക. 50,000 വിവാഹസംഘങ്ങള്‍ 50 ലക്ഷത്തിന് മുകളിലും മറ്റൊരു 50,000 വിവാഹസംഘങ്ങള്‍ ഒരു കോടിക്ക് മുകളിലും പണം ചെലവഴിക്കും. ഇതില്‍ 50 ശതമാനം പണം സാധനങ്ങള്‍ വാങ്ങാനും 50 ശതമാനം പണം സേവനങ്ങള്‍ക്കുമായാണ് ചെലവഴിക്കുക.
◾ഏറ്റവും പുതിയ എപിഎസ്-സി മിറര്‍ലെസ് ക്യാമറയായ ആല്‍ഫ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കി സോണി ഇന്ത്യ. എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍ സിഎംഒഎസ് ഇമേജ് സെന്‍സര്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈനാണുള്ളത്. 120എഫ്പിഎസ് വരെ ഉയര്‍ന്ന റെസല്യൂഷനുള്ള 4കെ വിഡിയോ റിക്കോര്‍ഡിങിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ക്യാമറ. കഠിനമായതോ പ്രകാശം കുറഞ്ഞതോ ആയ സാഹചര്യങ്ങളില്‍ വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യുന്നതിന് 14+2 സ്റ്റോപ്പുകളുണ്ട്, പരിഷ്‌ക്കരിച്ച മൂവി ഇമേജറികള്‍ക്കായി സോണിയുടെ പ്രൊഫഷണല്‍ സിനിമാ ലൈനില്‍ കാണുന്ന എസ് സിനിടോണ്‍ പിക്ചര്‍ പ്രൊഫൈലും ക്യാമറയിലുണ്ട്. ഈ ഫീച്ചറുള്ളതിനാല്‍ കളര്‍ ഗ്രേഡിങ് ആവശ്യമില്ല. ക്ലൗഡ് സര്‍വീസിലേക്ക് തടസമില്ലാതെ വിഡിയോകളും ഫോട്ടോസും അപ്ലോഡ് ചെയ്യുന്നതിന് ക്രിയേറ്റേഴ്‌സ് ആപ്പ് സേവനവും ക്യാമറ പിന്തുണയ്ക്കുന്നു. സോണി ക്യാമറ ലോഞ്ച്, സോണി സെന്റര്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ (ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്), ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍ എന്നിവയില്‍ 2023 നവംബര്‍ 20 മുതല്‍ ആല്‍ഫ6700 ക്യാമറ ലഭ്യമാണ്. ഐഎല്‍സിഇ-6700 (ബോഡി മാത്രം) മോഡലിന് 136,990 രൂപയും, ഐഎല്‍സിഇ-6700എല്‍ (ബോഡി+16-50 എംഎം പവര്‍സൂം ലെന്‍സ്) മോഡലിന് 147,490 രൂപയും, ഐഎല്‍സിഇ-6700എം (ബോഡി+18-135 എംഎം സൂം ലെന്‍സ്) മോഡലിന് 172,990 രൂപയുമാണ് വില.
◾സംവിധായകന്‍ അരുണ്‍രാജ കാമരാജിന്റെ പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും എന്ന് റിപ്പോര്‍ട്ട്. നയന്‍താരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രമേയം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണ നിര്‍വഹണം പ്രിന്‍സ് പിക്ചേഴ്സായിരിക്കും. നയന്‍താര നായികയായി വേഷമിട്ടവയില്‍ ഒടുവിലത്തിയ ചിത്രം ഇരൈവനാണ്. നയന്‍താരയുടെ നായികയായി വേഷമിട്ട ഇരൈവന്‍ സിനിമയില്‍ ജയം രവിയാണ് നായകനായത്. ഇരൈവന്‍ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. നയന്‍താരയുടെയും ജയം രവിയുടെയും ഇരൈവന്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നതിനാല്‍ ആരാധകരുടെ ശ്രദ്ധയില്‍ ഇപ്പോഴും ചിത്രമുണ്ട്. ഒക്ടോബര്‍ ഇരുപത്തിയാറിന് പ്രദര്‍ശനം തുടങ്ങിയത്. നയന്‍താര നായികയായ ഇരൈവന്‍ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത് നെറ്റ്ഫ്ലിക്സാണ്.
◾ലോകത്തിലെതന്നെ ഏറ്റവും ജനപ്രീതിയുള്ള ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ്. 2016 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കൊവിഡ് കാലത്താണ് മറ്റെല്ലാ ഒടിടി പ്ലാറ്റ്ഫോമുകളെയും പോലെ നെറ്റ്ഫ്ലിക്സും രാജ്യത്ത് വലിയ വളര്‍ച്ച നേടിയത്. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രം ഏതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാന്‍ ആണ് നെറ്റ്ഫ്ലിക്സിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ കണ്ട ചിത്രം. എല്ലാ ഭാഷകളിലെയും ചിത്രങ്ങള്‍ പരിഗണിച്ചാലും ജവാന്‍ തന്നെയാണ് ഒന്നാമത്. സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് നവംബര്‍ 2 ന് ആയിരുന്നു. ഷാരൂഖ് ഖാന്റെയും ഒപ്പം ബോളിവുഡിന്റെതന്നെയും തിരിച്ചുവരവിന് കാരണമായ പഠാന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയില്‍ സ്വാഭാവികമായും പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു ജവാന്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. വിജയ് സേതുപതി ആണ് പ്രതിനായകന്‍.
◾കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ ശ്രദ്ധ പിടിച്ചുപറ്റി അതിവേഗ ചാര്‍ജിങ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്. കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്‌സ് കേരളത്തില്‍ തന്നെ അസംബ്ലി ചെയ്യുന്ന ലാന്‍ഡി ഇ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്റെ വാണിജ്യ അവതരണത്തിന്റെ ഉദ്ഘാടനം സമ്മിറ്റില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് നിര്‍വഹിച്ചിരുന്നു. ഉടമ എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് മാത്യു ജോണിന് വാഹനം കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ ഡിസ്‌കിന്റെ സാങ്കേതിക സഹായത്തോടെയാണ് ബൈക്കിന്റെ ബാറ്ററി തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതയുള്ള അഞ്ചാം തലമുറ എല്‍ടിഒ പവര്‍ ബാങ്ക് ഉപയോഗിച്ചുകൊണ്ടുള്ള ബൈക്കുകളാണ് ഹിന്ദുസ്ഥാന്‍ ഇ വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ അവതരിപ്പിക്കുന്ന ലാന്‍ഡി ഈ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്ക്. ഇതിന് അഞ്ചു മുതല്‍ 10 മിനിറ്റ് കൊണ്ട് ഫ്‌ലാഷ് ചാര്‍ജിങ് എന്ന സംവിധാനത്തിലൂടെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല വീടുകളില്‍ നിന്നും 16 എഎംപി പവര്‍ ലഭ്യമായ എവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും.
◾ഇതൊരു സത്യസന്ധവും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു വിജയഗാഥയാണ്. വന്ന വഴി മറന്നുകൊണ്ടുള്ള വിജയാഘോഷമല്ല. ഒരു വ്യക്തിയുടെ കരണീയമായ വിജയത്തിന് പിന്നില്‍ ബാല്യ കൗമാരങ്ങളിലെ അനുഭവങ്ങളും മാതാപിതാക്കളില്‍ നിന്നാര്‍ജ്ജിക്കുന്ന മൂല്യബോധവും സാമൂഹ്യാവബോധവും എത്രകണ്ട് വിലപ്പെട്ടതാണെന്നു ഈ കൃതി സാക്ഷ്യപ്പെടുന്നു. വിജയങ്ങളെക്കുറിച്ചു മാത്രം വീമ്പു പറയാനല്ല ഹരികുമാര്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇച്ഛാ ശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിത വിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദര്‍ഭങ്ങളും സംഭവങ്ങളും ബോധ്യപെടുത്തിത്തരും. ‘ഹരികഥ’. ആര്‍ ഹരികുമാര്‍. ഡിസി ബുക്സ്. വില വില 585 രൂപ.
◾നിരന്തരമായ ഉറക്കമില്ലായ്മ സ്ത്രീകളില്‍, പ്രത്യേകിച്ച് ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്തി പ്രമേഹത്തിലേക്കു നയിക്കാമെന്നു പഠനം. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്, ലങ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ആന്‍ഡ് ഡൈജസ്റ്റീവ് കിഡ്‌നി ഡിസീസസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആറാഴ്ചത്തേക്ക് രാത്രി 6.2 മണിക്കൂറോ അതില്‍ കുറവോ ആയി ഉറക്കം ചുരുക്കുന്നത് സ്ത്രീകളിലെ ഇന്‍സുലിന്‍ പ്രതിരോധം 14.8 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നു പഠന റിപ്പോര്‍ട്ട് പറയുന്നു. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഇത് 20.1 ശതമാനം വരെ ഉയരാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 20 മുതല്‍ 75 വയസ്സ് വരെയുള്ള 40 സ്ത്രീകളിലാണ് ഗവേഷണം നടത്തിയത്. ഗവേഷണം ആരംഭിക്കുന്നതിന് മുന്‍പ് കുറഞ്ഞത് ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഓരോ രാത്രിയിലും ഉറങ്ങിയിരുന്ന ഈ സ്ത്രീകളുടെ രക്തത്തിലെ പഞ്ചസാരയുടെ തോതും സാധാരണമായിരുന്നു. തുടര്‍ന്ന് ആറാഴ്ച നീളുന്ന രണ്ട് ഘട്ടങ്ങളിലായി ഇവരില്‍ പരീക്ഷണം നടത്തി. ഒരു ഘട്ടത്തില്‍ അവര്‍ അവരുടെ സാധാരണ ഉറക്കക്രമം പിന്തുടര്‍ന്നപ്പോള്‍ അടുത്ത ഘട്ടത്തില്‍ ഉറക്കം നിയന്ത്രിക്കപ്പെട്ടു. ഈ രണ്ട് ഘട്ടത്തിനും ഇടയില്‍ ആറാഴ്ചത്തെ ഇടവേളയും ഇവരെടുത്തു. കയ്യില്‍ കെട്ടിയ സെന്‍സറിലൂടെയാണ് ഇവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം അളന്നത്. ആദ്യ ഘട്ടത്തില്‍ ശരാശരി ഏഴര മണിക്കൂര്‍ വച്ച് ഓരോ രാത്രിയും ഉറങ്ങിയ ഇവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ 6.2 മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിച്ചുള്ളൂ. പഠനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഈ സ്ത്രീകളുടെ രക്തത്തിലെ ഗ്ലൂക്കോസ് തോതും ശരീരത്തിലെ ഇന്‍സുലിന്‍ തോതും അളക്കപ്പെട്ടു. എംആര്‍ഐ സ്‌കാനിനും ഇവര്‍ വിധേയരായി. തുടര്‍ന്ന് നടത്തിയ അവലോകനത്തിലാണ് ഉറക്കം പരിമിതപ്പെടുത്തുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയരുന്നതിലേക്കും നയിക്കുമെന്നു കണ്ടെത്തിയത്. ഈ സ്ത്രീകള്‍ വീണ്ടും ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ ഉറങ്ങാന്‍ തുടങ്ങിയതോടെ അവരുടെ ഇന്‍സുലിന്‍, ഗ്ലൂക്കോസ് തോതുകള്‍ വീണ്ടും സാധാരണ നിലയിലായതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഡയബറ്റീസ് കെയര്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.