◾തളിപ്പറമ്പില്‍ നവകേരള സദസ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നു മര്‍ദിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലാണ് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കരിങ്കൊടി കാട്ടിയവരെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പിറകേ സ്റ്റേഷനു മുന്നിലെത്തി ബഹളംവച്ചു.
◾നവകേരള സദസില്‍ എത്തുന്ന പരാതികള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാനാവില്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നില്‍ നിഗൂഢ അജണ്ടയുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
◾നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ വനിതകള്‍ ഉള്‍പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. ഇതു കേരളത്തിന് അപമാനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതു ദുരഭിമാനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് ട്രെയിന്‍ വന്നതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ നവ കേരള സദസ്സില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
◾ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരേ യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഞ്ചു മാസം മുമ്പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതികള്‍ പരിഹരിക്കാതെയാണ് നവകേരള സദസ് നടത്തുന്നത്. ജനങ്ങളുടെ ചെലവില്‍ നടത്തുന്ന നാടകമാണിത്. ഒമ്പതു ലക്ഷം പേര്‍ ലൈഫ് പദ്ധതിയില്‍ വീടിനായി കാത്തിരിക്കുകയാണ്. സതീശന്‍ കുറ്റപ്പെടുത്തി
◾കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാക്കി മാറ്റുന്നു. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിനെ നിയമിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് നിയമന കത്ത് രാഹുലിനു കൈമാറി. തെരഞ്ഞെടുപ്പില്‍ രാഹുലിന് 2.12 ലക്ഷം വോട്ടു ലഭിച്ചിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്കു മല്‍സരിച്ച അബിന്‍ വര്‍ക്കിയേയും അരിത ബാബുവിനേയും വൈസ് പ്രസിഡന്റുമാരാക്കും.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേ നരനായാട്ട് നടത്തിയ ശേഷം ആഡംബര ബസില്‍ സൈ്വര്യമായി സഞ്ചരിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
◾സമുദ്രാതിര്‍ത്തി കടന്ന് ബ്രിട്ടിഷ് നാവിക സേനയുടെ പിടിയിലായ 32 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മോചിതരായി. 43 ദിവസത്തെ കസ്റ്റഡി ജീവിതത്തിനൊടുവില്‍ അവരെ വിഴിഞ്ഞം തീരത്തു മോചിപ്പിക്കുകയായിരുന്നു. തമിഴ്നാട് കന്യാകുമാരി സ്വദേശികളാണു തിരിച്ചെത്തിയത്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തെന്നും മൊഴിയില്‍ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കി. സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.
◾യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നഹാസ് ഒളിവിലാണ്.
◾യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എം. ഹസ്സനുമുള്‍പ്പെടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തെകുറിച്ച് അറിയാമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
◾രണ്ടാഴ്ച മുമ്പു മരിച്ച അരീക്കോട് സ്വദേശി തോമസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഈ മാസം നാലിനാണ തോമസ് മരിച്ചത്. മര്‍ദ്ദനമേറ്റാണ് മരണമെന്നു മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അരീക്കോട് പൊലീസിന്റെ നടപടി.
◾ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം നല്‍കി. നെയ്യാറ്റിന്‍കര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിന്‍ ആണ് പ്രതി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെയാണ് സംഭവം.
◾കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഐസിയു പീഡന പരാതിയില്‍നിന്നു പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
◾കേരള ഫിഷറീസ് സര്‍വകലാശാലയുടെ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച പ്രതിയെ കണ്ടെത്താനായില്ല. കുറ്റവാളിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനൊരുങ്ങുകയാണ്.
◾നെടുമ്പാശേരിയില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍. ബഹറിനില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം കണ്ടെടുത്തത്. 3.285 കിലോ സ്വര്‍ണമിശ്രിതം മൂന്നു പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
◾കട്ടപ്പനയില്‍ പിക് അപ്പു വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ പൊലീസ് സംഘം. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ജീപ്പിലുണ്ടായിരുന്ന പോലീസുകാര്‍ പരിക്കേറ്റ ജൂബിന്‍ ബിജു(21), അഖില്‍ ആന്റണി (23) എന്നിവരോട് ഓട്ടോ പിടിച്ച് ആശുപത്രിയിലേക്കു പോകൂവെന്നു പറഞ്ഞു സ്ഥലംവിടുകയായിരുന്നു.
◾കായംകുളം താലൂക്ക് ആശുപത്രിക്കു സമീപത്തെ ഹോട്ടലില്‍നിന്നും ഷവായി കഴിച്ച 20 പേര്‍ക്കു ഭക്ഷ്യവിഷ ബാധ. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിച്ചു.
◾വിവാഹ സല്‍ക്കാരത്തിലെ ഗാനമേളക്കിടെ നൃത്തം ചെയ്തതിനെച്ചൊല്ലി വേേരന്റയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. പിടിച്ചുമാറ്റാന്‍ ചെന്ന നാട്ടുകാര്‍ക്കും അടികിട്ടി. ബാലരാമപുരം പെരിങ്ങമ്മലയിലെ സി.എസ്.ഐ പെരിങ്ങമ്മല സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരമാണ് അടി സല്‍ക്കാരമായത്.
◾ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹറിനില്‍ മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ കുട്ടനല്ലൂര്‍ പെരിഞ്ചേരിക്കാരന്‍ വീട്ടില്‍ ഔസേപ്പ് ഡേവിസ് (58) ആണ് മരിച്ചത്.
◾പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ സിപിഎം അംഗം കല്ലുവഴി താനായിക്കല്‍ ചെമ്മര്‍കുഴിപറമ്പില്‍ സിപി മോനിഷ് ജീവനൊടുക്കി. 29 വയസായിരുന്നു.
◾മൂന്നാര്‍ ദേവികുളത്ത് ജനവാസമേഖലയില്‍ പടയപ്പയുടെ വിളയാട്ടം. ലാക്കാട് എസ്‌റ്റേറ്റിലെ തോട്ടം തോഴിലാളികളുടെ പച്ചകറി കൃഷി ആന നശിപ്പിച്ചു.
◾ചുങ്കത്തറയില്‍ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. വണ്ടൂര്‍ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നില്‍ക്കവേയാണ് മര്‍ദ്ദിച്ചത്. മുഹമ്മദ് ബഷീര്‍, വിഷ്ണു, ജിനേഷ് എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റു ചെയ്തത്.
◾അഴിമതിക്കേസില്‍ എഐഎംഡിഎംകെ നേതാക്കള്‍ക്കെതിരെ വിചാരണ നടപടിക്ക് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. മുന്‍ മന്ത്രിമാരായ വിജയഭാസ്‌കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്കാണ് അനുമതി. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വഴങ്ങിയത്.
◾തെലങ്കാനയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ മോയിനാബാദില്‍ നിര്‍മ്മാണത്തിലുള്ള സ്റ്റേഡിയത്തിന്റെ ഒരു ഭാഗമാണു തകര്‍ന്നത്.
◾മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ക്യാംഗ്പോപ്പി ജില്ലയിലെ കൊബ്സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. മെയ്തെയ് വിഭാഗക്കാരാണു കൊലപ്പെടുത്തിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തു പ്രതിപക്ഷ സംഘടനകള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.
◾വിശാഖപട്ടണം തുറമുഖത്തെ തീപിടിത്തത്തിന് പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള വഴക്കാണെന്നു സംശയം. തീപിടുത്തത്തില്‍ 25 ബോട്ടുകള്‍ കത്തി നശിച്ചു. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പ്രശസ്തി നേടിയ ഒരു യുവ യൂട്യൂബര്‍ക്കെതിരെ മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള വൈരാഗ്യമാണ് ഹാര്‍ബറിലെ വന്‍ തീപിടിത്തത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു.
◾ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലുള്ള കാനറ ബാങ്കിന്റെ ശാഖയില്‍ തീപിടുത്തം. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിലെ നാല്‍പതോളം ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി തീയണച്ചു.
◾തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസില്‍. സെന്‍ട്രല്‍ മുംബൈയിലെ കുര്‍ളയിലാണ് സംഭവം. മെട്രോ പദ്ധതിയുടെ ജോലികള്‍ നടക്കുന്ന ശാന്തി നഗറിലെ സിഎസ്ടി റോഡിലാണ് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
◾ലോകകപ്പ് ഫൈനലിനിടെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മ അനും ആരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും സമ്മര്‍ദ്ദവുംമൂലം ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള പ്രാദേശിക ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയക്കെതിരെ ആറു വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ താരങ്ങളെ ഡ്രസിംഗ് റൂമിലെത്തിയാണ് മോദി ആശ്വസിപ്പിച്ചത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.
◾ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ടീമിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുക. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിട്ടില്ല. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നവരില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ് ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലുള്ളത്. ലോകകപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്കു പരിഗണിച്ചില്ല. പരുക്കേറ്റു ലോകകപ്പില്‍ നിന്ന് പുറത്തായ അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. പരമ്പരയിലെ രണ്ടാമത്തെ മത്സരം നവംബര്‍ 26 ഞായറാഴ്ച തിരുവനന്തപുരത്താണ്.
◾റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രകമ്പനിയായി ഓഹരി വിപണിയിലെത്തിച്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആദ്യ ബോണ്ട് വില്‍പ്പനയുമായി എത്തുന്നു. 5,000 മുതല്‍ 10,000 കോടി രൂപ വരെയാണ് ബോണ്ട് വില്‍പ്പന വഴി ജിയോ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാന പാദത്തോടെ ബോണ്ട് പുറത്തിറക്കുമെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ക്രെഡിറ്റ് റേറ്റിംഗും മറ്റ് അത്യാവശ്യ അനുമതികളും നേടി വരികയാണ്. അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയിലുള്ള ബോണ്ടുകളാകും ഇറക്കുകയെന്നാണ് സൂചന. വാഹന, ഭവന വായ്പകളടക്കം എല്ലാ സാമ്പത്തിക സേവനങ്ങളും നല്‍കുന്ന സ്ഥാപനമായി മാറാന്‍ ലക്ഷ്യമിട്ടാണ് ജിയോ ഫിനാന്‍ഷ്യലിനെ മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയത്. ബജാജ് ഫിനാന്‍സ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടാണ് ജിയോയുടെ മത്സരം. ഈ മാസമാദ്യം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 വര്‍ഷകാലാവധിയുള്ള ബോണ്ടുകളിലൂടെ 20,000 കോടി രൂപ സമാഹരിച്ചിരുന്നു. ഒരു ധനകാര്യ ഇതര സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ബോണ്ട് വില്‍പ്പനയായിരുന്നുവിത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തേക്കാള്‍ 101 ശതമാനം വര്‍ധനയോടെ 688 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തവരുമാനം ഇക്കാലയളവില്‍ 608 കോടിരൂപയാണ്.
◾രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അണിയറധപ്രവര്‍ത്തകര്‍. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.
◾സ്വന്തം സിനിമ സ്ട്രീം ചെയ്യാനായി സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാമസിംഹന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്തുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തന്റെ സിനിമ ‘പുഴ മുതല്‍ പുഴ വരെ’ ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് രാമസിംഹന്‍ വ്യക്തമാക്കി. പ്രമുഖ ഒ.ടി.ടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കും. ഇതില്‍ നിന്നാണ് സ്വന്തം ഒ.ടി.ടി ചാനല്‍ എന്ന ആശയം രൂപം കൊണ്ടത്. ബോളിവുഡ് ചിത്രം ‘ദ കേരള സ്റ്റോറി’ക്ക് പോലും ഇതുവരെ ഒ.ടി.ടി റിലീസ് ആയിട്ടില്ല. അതേസമയം, മലബാര്‍ ലഹള പശ്ചാത്തലമാക്കി രാമസിംഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയായെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പ്രധാന കഥാപാത്രമായി എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.
◾അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളില്‍ ഹ്യുണ്ടായിയുടെ എക്‌സെറ്ററിന് അതിവേഗതയിലാണ് ബുക്കിംഗ് ലഭിക്കുന്നത്. അഞ്ച് സീറ്റുള്ള സബ് കോംപാക്റ്റ് എസ്യുവിയായി ജൂലൈയിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതുവരെ ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചു. എസ്യുവിയില്‍ ലഭ്യമായ മികച്ച ഫീച്ചറുകള്‍, ആറ് എയര്‍ബാഗുകളുള്ള സുരക്ഷ, കുറഞ്ഞ വില എന്നിവയാണ് വിജയത്തിനു പിന്നിലെ പ്രധാന കാരണങ്ങള്‍. ഹ്യൂണ്ടായ് എക്‌സെറ്റര്‍ വില 6 ലക്ഷം രൂപയില്‍ തുടങ്ങി 10.15 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വരെ ഉയരുന്നു. ഈ ഹ്യുണ്ടായ് കാറിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഉള്ളത്, ഇത് 83 പിഎസ് പവറും 114 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ഇതോടെ, 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭ്യമാണ്. എക്‌സെറ്റര്‍ എസ്യുവിയിലെ 1.2 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ 69 പിഎസ് പവറും 95 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കില്‍, 1.2 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്റിന്റെ മൈലേജ് 19.4 കിലോമീറ്ററാണ്. ലിറ്ററിന്. ഇതുകൂടാതെ, 1.2 ലിറ്റര്‍ പെട്രോള്‍ എഎംടി വേരിയന്റ് 19.2 കി.മീ. ലിറ്ററിന് മൈലേജ് നല്‍കാന്‍ കഴിവുണ്ട്. അതേസമയം, 1.2 ലിറ്റര്‍ പെട്രോള്‍ സിഎന്‍ജി ഒരു കിലോയ്ക്ക് 27.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. 391 ലിറ്ററിന്റെ ബൂട്ട് സ്പേസാണ് എക്സെറ്റര്‍ കാറിനുള്ളത്.
◾പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളുടെ സമാഹാരം. പുതുതലമുറയുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന പഴമയുടെ കൈപ്പുണ്യവും പൊലിമയും. വയറും മനസ്സും ഒരുപോലെ നിറയ്ക്കുന്ന, ഗൃഹാതുരതയുണര്‍ത്തുന്ന ഈ രുചികള്‍ നഷ്ടപ്പെട്ടുപോകുന്ന ഒരു പൈതൃകത്തിലേക്ക് കൂടി നമ്മെ കൂട്ടിക്കൊണ്ട് പോവുന്നു. ഇവിടെ ഒരു യാത്ര ആരംഭിക്കുകയാണ്; നാട്ടുരുചികളുടെ തനിമയിലേക്ക്, വീട്ടകങ്ങളിലെ കലവറയിലേക്ക്, പ്രിയപ്പെട്ടവരുടെ ഹൃദയത്തിലേക്ക്. ‘വീട്ടുരുചികള്‍’. ഷെഫ് സുരേഷ് പിള്ള. ഡിസി ബുക്സ്. വില 899 രൂപ.
◾ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ പ്രധാനമാണ്. മിതമായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും എല്ലുകള്‍ക്കും മസിലുകള്‍ക്കും ശക്തി നല്‍കാനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും. അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. മുട്ടയില്‍ ധാരാളം അമിനോ ആസിഡുകള്‍ ഉണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടിനുകളാല്‍ സമ്പന്നമായ മുട്ട മസില്‍ പെരുപ്പിക്കാനും ദിവസവും കഴിക്കുന്നത് നല്ലതാണ്. ഒരു വലിയ മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങില്‍ പ്രധാനപ്പെട്ട ഒന്നാണ് പനീര്‍. പ്രോട്ടിനുകളാല്‍ സമ്പന്നമാണ് പനീര്‍. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിനുകള്‍ എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡും അടങ്ങിയ ഇവ സസ്യഭുക്കുകള്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. 40 ഗ്രാം പനീറില്‍ 7.54 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മുട്ടയിലും പനീറിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വളരെ ചെറിയ വ്യത്യാസത്തില്‍ പനീറിലാണ് ഒരല്‍പ്പം പ്രോട്ടീന്‍ കൂടുതല്‍ ഉള്ളത്. എന്നാല്‍ മറ്റ് പോഷകങ്ങള്‍ എല്ലാം ഇവ രണ്ടിലും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബ12, കാത്സ്യം എന്നിവയാല്‍ സമ്പന്നമാണ് മുട്ടയും പനീറും. അതിനാല്‍ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
രാജാവ് വര്‍ഷത്തിലൊരിക്കലാണ് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോവുക. ഓരോ ഗ്രാമത്തിലുമുളളവര്‍ രാജാവ് വരുമ്പോള്‍ അതിവിശിഷ്ടമായ വീഞ്ഞ് നല്‍കും. ഏറ്റവും നല്ലവീഞ്ഞ് നല്‍കുന്നവര്‍ക്ക് രാജാവ് ധാരാളം സമ്മാനങ്ങളും നല്‍കും. അങ്ങനെ രാജാവിന്റെ എഴുന്നിള്ളത്തിനുളള സമയമാകാറായി. ഗ്രാമത്തിലുള്ള ഓരോ കുടുംബവും വലിയ വീപ്പയിലേക്ക് തങ്ങളുടെ വീഞ്ഞ് ഒഴിച്ചു. പക്ഷേ, ഒരു കുടുംബം മാത്രം വീഞ്ഞിന് പകരം വെളളമാണ് ഒഴിച്ചത്. അതിനെ അവര്‍ ന്യായീകരിച്ചത് ഇങ്ങനെയാണ്: എല്ലാവരും വീഞ്ഞ് ഒഴിക്കുമ്പോള്‍ തങ്ങള്‍ കുറച്ച് വെള്ളം ഒഴിച്ചാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. വീഞ്ഞ് ഉണ്ടാക്കാന്‍ ധാരാളം പണവും സമയവും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തവണ വീഞ്ഞിന് പകരം വെള്ളം ഒഴിക്കാം. രാജാവ് വന്നെത്തി. വീപ്പയില്‍ നിന്നും അദ്ദേഹം വീഞ്ഞെടുത്തു രുചിച്ചു. വീഞ്ഞിന് വെള്ളത്തിന്റെ രുചി. അദ്ദേഹം ഇത് ചോദിച്ചപ്പോള്‍ എല്ലാവരുടേയും തല കുനിഞ്ഞു. കാരണം, ആ ഒരു കുടുംബം ചിന്തിച്ചതുപോലെ തന്നെയാണ് ഗ്രാമവാസികള്‍ ഒന്നടങ്കം ചിന്തിച്ചത്. എല്ലാവരും വീഞ്ഞിന് പകരം വെളളമായിരുന്നു നിറച്ചത്. എല്ലാവരുടേയും പങ്ക് നിസ്സാരമാണെന്ന് എല്ലാവരും കരുതി. ഒരുമിച്ച് നിന്ന് നേടിയെടുക്കേണ്ട ബഹുമാനത്തെ നിസ്സാരമാക്കി കളഞ്ഞു. ചില കാര്യങ്ങള്‍ കൂട്ടായി ചെയ്യുമ്പോള്‍, എല്ലാവരും മുമ്പിലുണ്ട് അതുകൊണ്ട് താനല്പം പുറകോട്ട് പോയാലും കുഴപ്പമില്ല എന്ന് കരുതുന്നവരുണ്ട്. പക്ഷേ, ആ കൂട്ടായ പ്രവര്‍ത്തനത്തില്‍ തനിക്ക് മാത്രം ചെയ്യാന്‍ സാധിക്കുന്ന ചില വിടവുകളുണ്ട്. ആ വിടവുകളെ പൂര്‍ത്തീകരിക്കുക തന്നെ വേണം… അപ്പോഴേ പൂര്‍ണ്ണത കൈവരൂ.. – ശുഭദിനം.