yt cover 21

നവകേരള സദസിനു മഞ്ചേശ്വരം പൈവളിഗയില്‍ പ്രൗഡോജ്വലമായ തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ 57,000 കോടി രൂപയുടെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ആഡംബര ബസിലാണു തങ്ങള്‍ സഞ്ചരിക്കുന്നതെന്നു പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ബസിലെ ആഡംബരങ്ങള്‍ പരിശോധിക്കണം. പ്രതിപക്ഷ എംഎല്‍എമാരുടെ ബഹിഷ്‌കരണത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരേയും വാദ്യഘോഷങ്ങളോടെയും തലപ്പാവ് അണിയിച്ചുമാണു സ്വീകരിച്ചത്.

ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയുടെ ചുണ്ടിനരികെ. ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനല്‍ ഇന്നു രണ്ടിന് ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസും അടക്കം ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം കാണികളെ സാക്ഷിനിര്‍ത്തിയാണു മല്‍സരം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയെ തുരത്തുന്നതു കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണു ക്രിക്കറ്റ് ആരാധകര്‍.

നാഷണല്‍ പെര്‍മിറ്റുമായി അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തിയ റോബിന്‍ മോട്ടോഴ്സിന്റെ റോബിന്‍ ബസിനു വഴി നീളെ പിഴ ചുമത്തി കേരളവും തമിഴ്നാടും. കോയമ്പത്തൂരിലേക്കു സര്‍വീസ് നടത്തിയ ബസിനു കേരള മോട്ടോര്‍ വാഹന വകുപ്പു നാലിടത്തായി മുപ്പതിനായിരം രൂപയാണു പിഴ ചുമത്തിയത്. തമിഴ്നാട്ടിലേക്കു പ്രവേശിച്ചതോടെ അവര്‍ ചുമത്തിയത് 70,410 രൂപയുടെ പിഴ. ഉദ്യോഗസ്ഥ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ബസുടമ ഗിരീഷ്. ബസിനു യാത്രയിലുടനീളം ജനങ്ങള്‍ സ്വീകരണം നല്‍കി.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

റോബിന്‍ ബസിനെ തുരത്താന്‍ പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി പുതിയ ബസ് സര്‍വീസ് ആരംഭിക്കും. ഇന്നു മുതല്‍ നാലരക്ക് എസി ലോ ഫ്ളോര്‍ ബസ് ഓടിക്കാനാണു തീരുമാനം.

നവകേരള സദസിനു പണം പിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കോട്ടയം ജില്ലാ ഭരണകൂടം ടാര്‍ജറ്റ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊതുമരാമത്ത് വകുപ്പും എക്സൈസും നാലു ലക്ഷം രൂപ വീതവും സബ് രജിസ്ട്രാര്‍ ഓഫീസുകളും നഗരസഭകളും മൂന്നു ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപ വീതവും പഞ്ചായത്തുകള്‍ ലക്ഷം രൂപ വീതവും പിരിക്കണമെന്നാണ് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചതെന്നാണ് ആരോപണം.

നവകേരള ജനസദസിന്റെ ആഡംബര ബസിലെ ദൃശ്യങ്ങള്‍ പുറത്ത്. അത്യാഡംബരങ്ങളിലാത്ത ബസാണെന്നു ബോധ്യപ്പെടുത്താന്‍ മന്ത്രിമാര്‍ തന്നെ പകര്‍ത്തിയ വീഡിയോയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതും കാണാം.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളില്‍നിന്ന് പലിശരഹിത വായ്പ വാങ്ങാന്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പിന്‍വലിച്ചു. പ്രധാനധ്യാപകര്‍ക്ക് ജനങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് അധ്യാപക സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

നവകേരള യാത്ര ജനങ്ങള്‍ക്കു ബാധ്യതയാണെന്നും ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ജനപിന്തുണ നഷ്ടപ്പെട്ടെന്ന കയ്പേറിയ സത്യം ബോധ്യമായപ്പോഴാണ് മെഗാ പി.ആര്‍ പരിപാടിയുമായി ഇറങ്ങിയതെന്നും വിഎം സുധീരന്‍ ആരോപിച്ചു.

കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സ്വീകരിച്ചതിനെതിരേ എം.കെ മുനീറും. പിണറായിയുടെ ആലയില്‍ കെട്ടാനുള്ള പശുവല്ല ലീഗെന്ന് എം.കെ മുനീര്‍ പ്രതികരിച്ചു. ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല. മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം വടക്കന്‍ ത്രിപുരക്കു മുകളില്‍ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗില്‍ വൈകുന്നേരം അഞ്ചരയോടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ച്ചയായി കാറിലെ എസി പ്രവര്‍ത്തിപ്പിച്ചതുമൂലം വമിച്ച വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

ലോട്ടറി വില്‍പനകാരിയുടെ കൈ പിടിച്ച് തിരിച്ച് പണവും ലോട്ടറികളും തട്ടിയെടുത്തന്ന പരാതിയില്‍ ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി സുഗതകുമാറിനെതിരേയാണു കേസ്.

വ്യാജ വിസയില്‍ ഫ്രാന്‍സിലേക്കു കടക്കാന്‍ ശ്രമിച്ചയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. തൃശൂര്‍ സ്വദേശി പ്രിന്‍സനാണ് (51) അറസ്റ്റിലായത്.

ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം തീവച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന പി. സാബുവിനെ സിപിഎം തിരിച്ചെടുത്തു. തെളിവില്ലെന്നുകണ്ട് കോടതി കേസിലെ അഞ്ചു പ്രതികളെയും വെറുതെ വിട്ടിരുന്നു.

വായ്പാ ബാധ്യതമൂലം വയനാട്ടില്‍ ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ചു. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ് ആണ് മരിച്ചത്. മകന്റെ വിദ്യാഭ്യാസ വായ്പ, കുടുംബശ്രീ അംഗങ്ങളില്‍നിന്നുള്ള വായ്പ, എന്നിവയ്ക്കുപുറമേ, മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍നിന്നു നോട്ടീസും ലഭിച്ചിരുന്നു.

രാഷ്ട്രീയ കേസുകളുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗം കെ പി സി സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലുവയില്‍ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഗുഡ്‌വില്‍ സര്‍ട്ടിഫിക്കറ്റ്. ആലുവ ഡിവൈഎസ്പിയും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ 48 പേര്‍ക്കാണ് അംഗീകാരം.

കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. പ്രതി ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി തൂങ്ങിമരിച്ചു. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.

ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനുളള ദൗത്യം നീളുന്നു. തുരങ്കത്തിന്റെ മുകളില്‍നിന്ന് താഴേക്ക് കുഴിച്ചു വഴിയൊരുക്കാനാണ് പുതിയ നീക്കം. ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണു രക്ഷാദൗത്യം പ്രതിസന്ധിയിലായത്.

പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കുമെന്നതടക്കം തെലങ്കാനയില്‍ വന്‍ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടന പത്രിക കേന്ദ്രമന്ത്രി അമിത് ഷാ പുറത്തിറക്കി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും സ്ത്രീകള്‍ക്കു പത്തു ലക്ഷം തൊഴില്‍ അവസരം ഉണ്ടാക്കുമെന്നും ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളില്‍ 102 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ജബലിയില്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സി നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ 19 കുട്ടികളടക്കം അമ്പതു പേരാണു കൊല്ലപ്പെട്ടത്.

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ പലസ്തീന്‍ പൗരന്മാരുമായുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഒമ്പതു കുട്ടികള്‍, അവരുടെ കുടുംബം, ഗര്‍ഭിണിയായ സ്ത്രീ, മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ 52 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ചികില്‍സയ്ക്കായി ആശുപത്രികളിലേക്കു മാറ്റി.

മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികസാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യക്കെതിരേ പ്രചാരണം നടത്തിയാണ് മുഹമ്മദ് മുയിസു തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ചൈനീസ് തന്ത്രമാണെന്നാണു വിലയിരുത്തുന്നത്.

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ് ബഹിരാകാശത്ത് എത്തിയശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിലെ ഫ്ളൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിക്കുകയായിരുന്നു. പരീക്ഷണം 85 ശതമാനം വിജയമാണെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു.

ക്രിക്കറ്റ് ലോകം ആവേശതിമിര്‍പ്പില്‍. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ മികച്ച ഫോമിലുള്ളതാണ് ഈ പ്രതീക്ഷകള്‍ക്കു കാരണം. ഇന്ത്യ മൂന്നാം ഏകദിന ലോകകപ്പ് തേടുമ്പോള്‍ ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 ലേറെ സ്‌കോര്‍ ചെയ്യുന്ന പിച്ചാണ്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കും. കാത്തിരുന്നു കാണാം ആര് കപ്പടിക്കുമെന്ന്?

പോഷകങ്ങളുടെ സമ്പന്ന കലവറയായ ചെറു ധാന്യങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മില്ലെറ്റ് കഫെകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിക്കാന്‍ കാര്‍ഷിക വകുപ്പ്. ഇതിനായി സംരംഭകരില്‍ നിന്ന് കാര്‍ഷിക വകുപ്പ് അപേക്ഷയും ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നവംബര്‍ 20നകം അപേക്ഷിക്കണം. അര്‍ഹര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം ലഭിക്കും. ചെറുധാന്യങ്ങള്‍ കൊണ്ടുള്ള ബിസ്‌കറ്റ്, കേക്ക്, ദോശ തുടങ്ങി നിരവധി പോഷകനിബിഡമായ ഭക്ഷണങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അന്തര്‍ദേശീയ മില്ലെറ്റ് വര്‍ഷാചരണത്തോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ചെറുധാന്യ കഫെകള്‍ സ്ഥാപിക്കുന്നത്. കാര്‍ഷിക ഉത്പാദക സംഘടനകള്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ട് വരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കേരളത്തിലെ ആദ്യ മില്ലെറ്റ് കഫെ 2022ല്‍ കുടുംബശ്രീ സംരംഭമായി പാലക്കാട് അട്ടപ്പാടിയില്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആദ്യ മില്ലെറ്റ് കഫെ ആരംഭിച്ചത് 2023 ഏപ്രിലിലാണ്. കേരളത്തിലെ ചെറുധാന്യ ഉത്പാദനം 3,000 ടണ്ണായി ഉയര്‍ത്താന്‍ പോഷക സമൃദ്ധി മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുമുണ്ട്.

വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോദ്, മീനാക്ഷി, സുധീര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്ത ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. മലയാളികളെ സ്‌കൂള്‍ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഇരുപത്തിമൂന്ന് പ്രധാന കഥാപാത്രങ്ങളും നാനൂറിലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അപ്പാനി ശരത്, ജെഫ് സാബു, സുധീര്‍ സുകുമാരന്‍, ഇര്‍ഫാന്‍, ഹരീഷ് പേങ്ങന്‍, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ളാക്കാട്ടൂര്‍ എം ജി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനില്‍രാജാണ്.

മമ്മൂട്ടിയും ജ്യോതികയും മുഖ്യ വേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം കാതലിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘എന്നും എന്‍ കാവല്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് മാത്യൂസ് പുളിക്കന്‍ ഈണമൊരുക്കി. ജി.വേണുഗോപാലും കെ.എസ്.ചിത്രയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ‘എന്നും എന്‍ കാവല്‍’ എന്ന ഗാനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിച്ചു രംഗത്തെത്തുന്നത്. മിഥുന്‍.വി.ദേവ് ആണ് പാട്ടിന്റെ മിക്സിങ് നിര്‍വഹിച്ചത്. നിഖില്‍ റാം പുല്ലാങ്കുഴലിലും ആനന്ദ് തബലയിലും താളമിട്ടു. പാട്ട് ഇതിനകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് ‘കാതല്‍’. 12 വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. നവംബര്‍ 23 ന് ‘കാതല്‍’ തിയറ്റുകളിലെത്തും.

റോയല്‍ എന്‍ഫീല്‍ഡിനോട് നേരിട്ട് മത്സരിക്കാന്‍ സിബി 350 വിപണിയില്‍. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഡിഎല്‍എക്സ് മോഡലിന് 1.99 ലക്ഷം രൂപയും ഡിഎല്‍എക്സ് പ്രോയ്ക്ക് 2.17 ലക്ഷം രൂപയുമാണ് വില. ഹോണ്ട ഹൈനെസ് സിബി 350, സിബി 350ആര്‍എസ് എന്നീ ബൈക്കുകള്‍ നിര്‍മിച്ച പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ വാഹനവും. ഇതേ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന 348 സിസി, 21 എച്ച്പി എന്‍ജിന്‍ തന്നെയാണ് സിബി 350ല്‍ ഉള്ളത്. 29 എന്‍എം ആണ് ടോര്‍ക്. ഹോണ്ട സ്മാര്‍ട്ഫോണ്‍ വോയിസ് കണ്‍ട്രോള്‍ സിസ്റ്റം, ഓള്‍ എല്‍ഇഡി ലൈറ്റിങ്സ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ബൈക്കിലുണ്ട്. ടെലിസ്‌കോപ്പിങ് ഫോര്‍ക്കും മുന്‍ മഡ്ഗാര്‍ഡും ക്രോം എക്സ്ഹോസ്റ്റും ഫെന്‍ഡറും സീറ്റുകളുമെല്ലാം ബൈക്കിന് ക്ലാസിക് ലുക്ക് സമ്മാനിക്കുന്നു. എമര്‍ജെന്‍സി സ്റ്റോപ് സിഗ്നല്‍, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഇതിനുണ്ട്. മുന്നില്‍ 310 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 ഡിസ്‌ക് ബ്രേക്കുമാണ്. ഡ്യുവല്‍ ചാനല്‍ എബിഎസാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. പ്രഷ്യസ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌ന്യസ് ബ്ലാക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ തുടങ്ങിയ നിറങ്ങളില്‍ വാഹനം ലഭിക്കും.

സ്മിത ദാസിന്റെ കഥകളില്‍ പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശില്‍പതന്ത്രവുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് ‘ശംഖുപുഷ്പങ്ങള്‍’. അങ്ങേയറ്റം പാരായണക്ഷമമായ കഥകള്‍. ഈ കഥകളില്‍ ജീവിതമുണ്ട്. സ്മിത ദാസിന് കഥ പറയാനറിയാം. നല്ല ഭാഷ. നവീനമായ ആഖ്യാനശൈലി. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ഇരുപതു കഥകള്‍. ‘ശംഖുപുഷ്പങ്ങള്‍’. സ്മിത ദാസ്. ഗ്രീന്‍ ബുക്സ്. വില 145 രൂപ.

ആഗോള തലത്തില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് മൈഗ്രെയ്ന്‍ തലവേദന. സമ്മര്‍ദ്ധം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഭക്ഷണം, ഉറക്കം എന്നിങ്ങനെ മൈഗ്രെയ്‌നെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. എന്നാല്‍ ചിലരില്‍ കാലാവസ്ഥ മാറ്റങ്ങളും മൈഗ്രെയ്ന്‍ തലവേദനയ്ക്ക് തുടക്കമിടാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അന്തരീക്ഷ മര്‍ദ്ദം, താപനില, ഈര്‍പ്പം എന്നിവ പോലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചിലര്‍ക്ക് മൈഗ്രെയ്ന്‍ തലവേദന ഉണ്ടാക്കാം. അന്തരീക്ഷ മര്‍ദ്ദത്തില്‍ ഉണ്ടാകുന്ന കുറവ് തലച്ചോറിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നത് മൈഗ്രെയ്ന്‍ തലവേദനയ്ക്ക് കാരണമാകാം. എന്നാല്‍ എല്ലാ മൈഗ്രെയ്ന്‍ രോഗികളിലും കാലാവസ്ഥ മാറ്റങ്ങള്‍ സ്വാധീനം ചെലുത്തണമെന്നില്ല. ഇത്തരത്തില്‍ കാലാവസ്ഥ ബന്ധിത മൈഗ്രെയ്ന്‍ പ്രശ്‌നങ്ങളുള്ളവര്‍ അന്തരീക്ഷ മര്‍ദ്ദത്തിലും താപനിലയിലുമൊക്കെ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി തയ്യാറായിരിക്കണമെന്നും ഇതിനനുസരിച്ച ജീവിതശൈലി മാറ്റങ്ങള്‍ വരുത്തണമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ശരീരത്തിലെ ജലാംശം നിലനിര്‍ത്തല്‍, നല്ല ഉറക്കം, ശരീരത്തിനു വിശ്രമം നല്‍കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവ മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമാണ്. ഇതില്‍ തന്നെ നല്ല ഉറക്കം മൈഗ്രെയ്ന്‍ രൂക്ഷമാക്കുന്നതിനെ തടയും. കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെയെങ്കിലും നിലവാരമുള്ള ഉറക്കത്തിനായി ശ്രമിക്കേണ്ടതാണ്. എന്നാല്‍ അമിതമായ ഉറക്കവും ചിലര്‍ക്ക് മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യാമെന്നതിനാല്‍ അക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്. നിത്യവുമുള്ള വ്യായാമം ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തി മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ സഹായിക്കും. ധ്യാനം, പ്രാണായാമം, യോഗ എന്നിവ പോലെ ശരീരത്തിനു വിശ്രമം നല്‍കുന്ന മാര്‍ഗ്ഗങ്ങള്‍ സമ്മര്‍ദ്ദം കുറച്ച് മൈഗ്രെയ്‌നെ അകറ്റി നിര്‍ത്തുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

1920 ഒക്ടോബര്‍ 27 ന് ഉഴവൂര്‍ വില്ലേജിലാണ് അവന്‍ ജനിച്ചത്. കോച്ചേരി രാമന്‍ വൈദ്യരുടേയും പാപ്പിയമ്മയുടേയും ഏഴുമക്കളില്‍ നാലാമന്‍. കുട്ടന്‍ എന്നായിരുന്നു അവന്റെ വിളിപ്പേര്. കോട്ടയത്തെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലാണ് കുട്ടന്‍ പഠിച്ചത്. കൊടിയ ദാരിദ്ര്യത്തിലും അവന്‍ നന്നായി പഠിക്കുമായിരുന്നു. ലോവര്‍ പൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന് ബാബു എന്ന സമ്പന്നനായ ചങ്ങാതിയെ കിട്ടി. അക്കാലത്ത് ടെറസ് വീടുകള്‍ വളരെ വിരളമായിരുന്നു. ഒരു ദിവസം കുട്ടന്‍ ബാബുവിനോട് ടെറസ് വീട്ടില്‍ കയറാനുളള തന്റെ ആഗ്രഹം പങ്കുവെച്ചു. ബാബുവിനെ അവനെ തന്റെ വീട്ടില്‍ കൊണ്ടുപോകണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കുട്ടന്‍ ഹരിജനായതുകൊണ്ട് തന്റെ വീട്ടില്‍ കയറ്റാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലെന്ന് അവന് അറിയാമായിരുന്നു. എന്നിട്ടും അച്ഛനുമമ്മയും ഇല്ലാതിരുന്ന ഒരു ദിവസം കുട്ടനെ ബാബു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിന്റെ ഭംഗികണ്ട് അതിശയിച്ച കുട്ടനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് മുറ്റത്തെ പട്ടിക്കൂട്ടിലെ പട്ടിയെയായിരുന്നു. പിറ്റേ ദിവസം സ്‌കൂളില്‍ AEO വന്നപ്പോള്‍ കുട്ടികളോട് ആരാകണം എന്ന ആഗ്രഹത്തെക്കുറിച്ച് ചോദിച്ചg. കുട്ടന്‍ പറഞ്ഞു: തനിക്ക് ബാബുവിന്റെ വീട്ടിലെ പട്ടിയായാല്‍ മതിയെന്ന്. ക്ലാസ്സില്‍ ചിരി പടര്‍ന്നു. കാരണമന്വേഷിച്ച AEO യോട് കാരണവും കുട്ടി പറഞ്ഞു. ബാബുവിന്റെ വീട്ടിലെ പട്ടിയായാല്‍ ഒരു നേരമെങ്കിലും വയറു നിറയെ ഭക്ഷണം കഴിക്കാമല്ലോ.. ക്ലാസ്സിലെ ചിരി മാഞ്ഞു. AEO അവനെ പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചു. കാലങ്ങള്‍ കടന്നുപോയി. ദാരിദ്ര്യം അവന്റെ കൂടെയുണ്ടായിരുന്നവെങ്കിലും കുട്ടന്‍ ഒന്നാം റാങ്കോടെ ബിഎ പാസ്സായി. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ഒരു ഹരിജന്‍ യുവാവ് റാങ്കോടെ പാസ്സാകുന്നത്. തൊഴില്‍ തേടി ഡല്‍ഹിക്കുപോയ കുട്ടന്‍ ഒരു പത്രപ്രവര്‍ത്തകനായി. അവിടെവെച്ച് JRD Tata യെ പരിചയപ്പെടുകയും അദ്ദേഹം കുട്ടനെ ഉപരിപഠനത്തിന് അയക്കുകയും ചെയ്തു. വിഖ്യാത ചിന്തകന്‍ ഹാരോള്‍ഡ് ലാസ്‌കിയുടെ അരുമശിഷ്യനായി കുട്ടന്‍ മാറി. അധ്യാപകനായി നാട്ടില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടനെ തേടി പാര്‍ലിമെന്റില്‍ നിന്നും ഒരു കത്ത് വന്നു. ബര്‍മയിലെ സ്ഥാനപതിയായി ആദ്യ നിയമനം. 1978 ല്‍ വിദേശകാര്യ സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ JNU യിലെ വൈസ് ചാന്‍സലറായി പദവി ലഭിച്ചു. 1985 രാജീവ് ഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായി. 1997 ജൂലൈ 17 ന് ഇന്ത്യയില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളിലും ഒരു വലിയ ചിത്രം ഉണ്ടായിരുന്നു. കുട്ടന്റെ ചിത്രം… നമ്മുടെ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായ കെ. ആര്‍ നാരായണന്റെ ചിത്രം… സങ്കടങ്ങളാണ് നമ്മെ നമ്മളാക്കുന്നത്. തീയില്‍ കുരുത്താലേ വെയിലത്ത് വാടാതിരിക്കൂ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *