yt cover 20

ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍. കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി. ഹൈപവര്‍ ഓഗര്‍ ഡ്രില്ലിങ് യന്ത്രം സ്തംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. 24 മീറ്റര്‍ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ച് പ്രവര്‍ത്തനം നിലച്ചത്. അതേസമയം മറ്റൊരു ഡ്രില്ലിങ് യന്ത്രം ഇന്‍ഡോറില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ പാത ഒരുക്കുന്നതിന് 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിന് ഇന്ന് മഞ്ചേശ്വരത്ത് തുടക്കം. വൈകീട്ട് 3.30 നാണ് ഉദ്ഘാടനം. നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരള സദസ് നടത്തുന്നത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. ഡിസംബര്‍ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നവകേരള സദസിനുള്ള യാത്രക്കായി സഞ്ചരിക്കാനുള്ള ആഡംബര ബസ് ഇന്ന് രാവിലെയോടെ മഞ്ചേശ്വരത്ത് എത്തും. ഇന്നലെ വൈകിട്ട് 6.30 നാണ് ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് നിര്‍മാണ യാര്‍ഡില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനുള്ള ബസ് ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മിച്ചത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഢംബര ബസ്സിന് കെഎസ്ആര്‍ടി.സി എംഡിയുടെ ശുപാര്‍ശയില്‍ പ്രത്യേക ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം. മുന്‍നിരയിലെ കസേര 180 ഡിഗ്രി കറക്കാനും ബസ് നിര്‍ത്തിയിടുമ്പോള്‍ സ്പ്ലിറ്റ് എസി പ്രവര്‍ത്തിപ്പിക്കാനായി പുറത്തുനിന്നുള്ള വൈദ്യുതി കണക്ഷന്‍ നല്‍കാനും അനുമതി നല്‍കിയതിനൊപ്പം കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കു നിര്‍ദേശിച്ചിരിക്കുന്ന വെള്ളനിറത്തിനു പകരം ചോക്ലേറ്റ് ബ്രൗണ്‍ നിറം നല്‍കാനുള്ള അനുമതിയും വിജ്ഞാപനത്തിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അന്വേഷണം വേണമെന്നു ഡിജിപിയോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്‍ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ലെന്നും വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ തങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കാണണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിര്‍ണ്ണയിക്കാന്‍ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി, പ്ലാനിങ് ബോര്‍ഡ് അംഗം എന്നിവരടങ്ങുന്നതാണ് സമിതി.

സിപിഎമ്മും കോണ്‍ഗ്രസും പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്ന കോഴിക്കോട്ട് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെയും ക്ഷണിക്കും. ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നെല്ലുസംഭരണത്തിനു 200 കോടി രൂപ കൊടുത്തു. ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുത്തു തുടങ്ങി. ജനകീയ ഹോട്ടലുകള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ധനസഹായം കൊടുത്തു. അപേക്ഷയില്‍ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞുവരെ കേരളത്തിന് അര്‍ഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്നുനല്‍കുമെന്നതില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനുമുന്നില്‍ ഉറപ്പുനല്‍കാനാവാതെ സര്‍ക്കാര്‍. ഈ വര്‍ഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 13,000 കോടിയാണ് കുടിശ്ശികയെന്നാണ് ധനവകുപ്പിന്റെ കണക്ക്. കുടിശ്ശിക എന്നുനല്‍കുമെന്ന് ഡിസംബര്‍ 11-നകം സര്‍ക്കാര്‍ അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി ഒഴിവുകഴിവായി സ്വീകരിക്കാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും നിലവിലുള്ള വേതനത്തില്‍ നിന്ന് 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 88,977 പേര്‍ക്ക് നേട്ടം ലഭിക്കും. മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ടെന്നും മന്ത്രി പറഞ്ഞു.

2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റുവരെയുള്ള ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ജനക്ഷേമ പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരംഭിച്ചവയാണ് ജനകീയ ഹോട്ടലുകള്‍.

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വ വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടക്കാത്തതിനാല്‍ അതിന് മുമ്പ് പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്ന ടീമിന്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി. 12 പേരടങ്ങുന്ന സംഘത്തിനു പ്രതിവര്‍ഷം 80 ലക്ഷം രൂപയാണ് ശമ്പളം.

നവകേരള സദസിന് ഒരു ലക്ഷം രൂപ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കില്ലെന്ന് ചാലക്കുടി നഗരസഭ. സെക്രട്ടറി പണം നല്‍കിയാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എബി ജോര്‍ജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാര്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മുടക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.

ആക്‌സിസ് ബാങ്കിനും മണപ്പുറം ഫിനാന്‍സിനും പിഴ ചുമത്തി റിസര്‍വ് ബാങ്ക്. സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ആക്സിസ് ബാങ്കിന് 90.92 ലക്ഷം രൂപയും മണപ്പുറം ഫിനാന്‍സിന് 42.78 ലക്ഷം രൂപയും റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. കെവൈസി ചട്ടങ്ങള്‍, ലോണുകളും അഡ്വാന്‍സുകളും, റിസ്‌ക് കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും മദ്യപിച്ച് നടക്കുന്നവരാണെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. തനിക്കെതിരെ ഉയര്‍ന്ന അമൃത് പദ്ധതിയിലെ 20 കോടിയുടെ ക്രമക്കേട് ആരോപണം തള്ളി കൊണ്ടാണ് മേയറുടെ പ്രസ്താവന. ആരോപണം അടിസ്ഥാന രഹിതമാണെന്നും മുന്‍ സെക്രട്ടറി രാഹേഷ് കുമാര്‍ ചെയ്ത കുറ്റം മറയ്ക്കാന്‍ എഴുതി തയ്യാറാക്കിയതാണ് ആരോപണങ്ങളെന്നും എം.കെ. വര്‍ഗീസ് പറഞ്ഞു.

ശാന്തി നിയമനം നേടുന്നതിനായി ദേവസ്വം ബോര്‍ഡില്‍ വ്യാജ രേഖകള്‍ ഹാജരാക്കി നിയമനം നേടിയ നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ്. സുമോദ്, വിപിന്‍ ദാസ്, ബിജു മോന്‍, ദിലീപ് എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടി.

ജയിലിലെ ഭക്ഷണത്തില്‍ മുടി കണ്ടതു ചോദ്യം ചെയ്ത തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെതിരേയാണു പരാതി.

വാഹന പരിശോധനയുടെ പേരില്‍ പാലാ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിയും 17 കാരനുമായ പാര്‍ത്ഥിപനെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. എഎസ്‌ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്‌ഐ പ്രേംസണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വയനാട് പുല്‍പ്പള്ളിയില്‍ ഭാര്യ മരിച്ചതിനു ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു . മുള്ളന്‍കൊല്ലി ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബാബു (60) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡ്രൈവറെ ട്രാവലറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്ന് വിനോദസഞ്ചാരികളുമായി വയനാട് മേപ്പാടി 900കണ്ടിയില്‍ എത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്.

തങ്ങള്‍ക്ക് സ്വയംഭരണാധികാരം ആവശ്യമാണെന്ന വലിയ സന്ദേശം ആഗോള ദക്ഷിണ രാജ്യങ്ങളുടെ രണ്ട് സമ്മേളനങ്ങള്‍ ലോകത്തിന് നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി20 പോലെ പ്രധാനപ്പെട്ട വേദിയില്‍ ഈ രാജ്യങ്ങളുടെ ശബ്ദം അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ ഇന്ത്യക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ സമാപന നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലുങ്കാന സാക്ഷിയാകാന്‍ പോകുന്നത് ‘കോണ്‍ഗ്രസ് കൊടുങ്കാറ്റി’നെന്നും ഭരണകക്ഷിയായ ബി.ആര്‍.എസ്. തോറ്റുതുന്നംപാടുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഖമ്മം ജില്ലയിലെ പിനപാകയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസത്തിനുശേഷം കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ബിജെപി. മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന വൊക്കലിഗ വിഭാഗക്കാരനുമായ ബിജെപി നേതാവ് ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്.

നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഢില്‍ അഞ്ചുമണിവരെ 68.15 ശതമാനവും മധ്യപ്രദേശില്‍ 71.16 ശതമാനവും പേര്‍ വോട്ടുരേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തില്‍ രണ്ടു സംസ്ഥാനങ്ങളിലും പലയിടത്തായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢിലെ ഗരിയാബന്ധില്‍ മാവോവാദി ആക്രമണത്തില്‍ ഐ.ടി.ബി.പി. ജവാന്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഛത്തര്‍പുരിലെ രാജ്‌നഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

യുഎഇയില്‍ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴമൂലം റോഡുകളില്‍ വെള്ളം കയറി. വാഹന ഗതാഗതവും വിമാന സര്‍വീസുകളും തടസപ്പെട്ടു.

ഗാസയിലെ അല്‍ ശിഫ ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ 24 രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 27 മുതിര്‍ന്നവരും ഏഴ് കുഞ്ഞുങ്ങളും മരിച്ചതായി തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ജനറേറ്ററുകളില്‍ ഇന്ധനം തീര്‍ന്നതിനാല്‍ ജീവന്‍ രക്ഷാ ഉപാധികള്‍ പ്രവര്‍ത്തിക്കാതെയായതോടെയാണ് രോഗികള്‍ കൂട്ടത്തോടെ മരിക്കുന്നത്.

അഹമദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിന് എയര്‍ ഷോ. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്ന എയര്‍ ഷോ നടത്തുക. എയര്‍ ഷോക്കുള്ള റിഹേഴ്‌സല്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതേസമയം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം മത്സരം കാണാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ 22ന് ആരംഭിച്ച് 24ന് അവസാനിക്കും. 133-140 രൂപയാണ് ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വില പ്രകാരം 1,092.6 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പുതു ഓഹരികള്‍ കൂടാതെ ഫെഡറല്‍ ബാങ്കിന്റെയും മറ്റൊരു നിക്ഷേപകരായ ട്രൂ നോര്‍ത്ത് ഫണ്ടിന്റേയും ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലുമുണ്ടാകും. പുതു ഓഹരികള്‍ വഴി 600 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുക. ഒ.എഫ്.എസ് വഴി 3.5 കോടി ഓഹരികളും വിറ്റഴിക്കും. ഒ.എഫ്.എസില്‍ ഫെഡറല്‍ ബാങ്ക് 54.74 ലക്ഷം ഓഹരികളാണ് വിറ്റഴിക്കുക. ബാക്കി ഓഹരികള്‍ ട്രൂ നോര്‍ത്തും. ഫെഡറല്‍ ബാങ്കിന് നിലവില്‍ 73 ശതമാനം ഓഹരി പങ്കാളിത്തം ഫെഡ്ഫിനയിലുണ്ട്. ട്രൂനോര്‍ത്തിന് 25.76 ശതമാനവും. ഐ.പി.ഒയ്ക്ക് ശേഷവും ഫെഡ്ഫിനയുടെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി ഫെഡറല്‍ ബാങ്ക് തുടരും. ഏറ്റവും കുറഞ്ഞത് 107 ഓഹരികള്‍ വാങ്ങുന്നവര്‍ക്കാണ് ഐ.പി.ഒയില്‍ പങ്കൈടുക്കാനാകുക. തുടര്‍ന്ന് 107 ഓഹരികളുടെ ഗുണിതങ്ങളായി വാങ്ങാം. അതായത് ചെറുകിട നിക്ഷേപകര്‍ കുറഞ്ഞത് 14,980 രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപിക്കാവുന്ന തുക 1,94,740 രൂപ (1,391 ഓഹരികള്‍). ജീവനക്കാര്‍ക്കായി 10 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ ഫെഡ്ഫിന നീക്കിവച്ചിട്ടുണ്ട്. ഐ.പി.ഒ കാലയളവില്‍ ജീവനക്കാര്‍ക്ക് ഓഹരിവിലയില്‍ 10 ശതമാനം കിഴിവ് ലഭിക്കും. ഡിസംബര്‍ 4ന് യോഗ്യരായ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികള്‍ വരവ് വയ്ക്കും. ഡിസംബര്‍ 5ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റൊരു തകര്‍പ്പന്‍ പാട്ടുമായി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ‘ഡാന്‍സ് പാര്‍ട്ടി’ ടീം വീണ്ടും. ഇത്തവണ രാഹുല്‍ രാജ് ഈണം പകര്‍ന്ന് മല്ലു റാപ്പര്‍ ഫെജോ എഴുതി പാടിയ ‘വിട്ടുപിടി’ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ശ്രീനാഥ് ഭാസിയാണ് ഈ ഗാനരംഗത്തില്‍ ഉള്ളത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബറില്‍ തീയ്യേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസിയെക്കൂടാതെ മല്ലു റാപ്പര്‍ ഫെജോ, ഫുക്രു, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയവരും ഗാനരംഗത്തിലുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, ലെന തുടങ്ങിയവര്‍ ഡാന്‍സ് പാര്‍ട്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്നു. മഹാറാണി എന്ന രസകരമായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാര്‍, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മഹാറാണിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മഹാറാണിയുടെ ഛായാഗ്രാഹണം ലോകനാഥന്‍ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകന്‍ കാട്ടാക്കടയും അന്‍വര്‍ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു. സുജിത് ബാലനാണ് മഹാറാണി നിര്‍മിക്കുന്നത്. മഹാറാണി എസ് ബി ഫിലിംസിന്റെ ബാനറിലാണ് മഹാറാണിയുടെ നിര്‍മാണം.

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട പുതിയ 2024 ഡാക്സ് യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ മിനി-മോപ്പഡിന്റെ മെക്കാനിക്കല്‍, ഡിസൈന്‍, ഹാര്‍ഡ്വെയര്‍ എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്, എന്നാല്‍ കമ്പനി ചില കോസ്മെറ്റിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പേള്‍ ഗ്ലിറ്ററിംഗ് ബ്ലൂയുടെ പുതിയ പെയിന്റ് നിറങ്ങളില്‍ ഹോണ്ട ഡാക്‌സ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കളര്‍ ഓപ്ഷന്‍ ഉപയോഗിച്ച്, ടാങ്ക് ഏരിയയ്ക്ക് സമീപം കറുപ്പും വെളുപ്പും വരയുള്ള നീല നിറത്തില്‍ പൊതിഞ്ഞിരിക്കുന്നു. നിലവിലുള്ള പേള്‍ നെബുല റെഡ്, പേള്‍ കേഡറ്റ് ഗ്രേ എന്നിവയ്‌ക്കൊപ്പം ഏറ്റവും പുതിയ പെയിന്റ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. 2024 ഡിഎക്‌സിന് 124 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണുള്ളത്. ഇത് 9.25 ബിഎച്ച്പി കരുത്തും 10.8 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ബാക്ക്ബോണ്‍ ഷാസിയിലെ ഇന്ധന ടാങ്കുമായി എഞ്ചിന്‍ സംയോജിപ്പിച്ചിരിക്കുന്നു. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ മാത്രമാണ് ഹോണ്ട ഡാക്‌സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയില്ല. യുകെയിലെ ഹോണ്ട ഡാക്‌സിന്റെ വില ജിബിപി 3,799 ആണ് (നികുതി കൂടാതെ ഏകദേശം 3.93 ലക്ഷം രൂപ).

സജീവേട്ടന്‍ മനുഷ്യരെ കാണുന്നത് സ്നേഹത്തിന്റെ ചില്ലിട്ട ഒരു കണ്ണടയിലൂടെയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. താന്‍ കാണുന്നവരിലെ നല്ലതു മാത്രം എടുത്ത്, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അത് തമാശയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് അവനോന്റെ കുടുമ്മത്ത് ഹാപ്പിയായി ഇരിക്കുന്ന സ്വഭാവമായിരിക്കും കീ ബോര്‍ഡില്‍ കൈവെച്ചാല്‍ ഒഴുകുന്ന നര്‍മ്മത്തിന്റെ രഹസ്യം. ചിരികള്‍ക്കിടയില്‍ ഉള്ളുലയ്ക്കുന്ന ചില കുറിപ്പുകളെഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ ആ സ്നേഹക്കണ്ണടതന്നെയായിരിക്കും അതിനു പുറകിലും – അഖില്‍ സത്യന്‍. ‘വിശാല മനസ്‌കന്‍ സ്റ്റോറീസ്’. സജീവ് എടത്താടന്‍. ഗ്രീന്‍ ബുക്സ്. വില 237 രൂപ.

ഇരുമ്പ് നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു രാസ മൂലകമാണ്. ശരീരത്തിലുടനീളം ഓക്സിജന്‍ വഹിക്കുന്ന ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിന്റെ ഒരു പ്രധാന ഘടകമാണിത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇരുമ്പിന്റെ കുറവ് വളരെ സാധാരണയായി കാണപ്പെടുന്നത്. പ്രത്യേകിച്ച് ഗര്‍ഭകാലത്താണ് സ്ത്രീകള്‍ ഇരുമ്പിന്റെ കുറവ് വളരെ കൂടുതലായി നേരിടേണ്ടി വരുന്നത്. ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുകയും, അതിലൂടെ അവരുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ട ഇരുമ്പിന്റെ അളവ് തിരികെ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയുന്നതിന് തെറ്റായ ഭക്ഷണക്രമം, അമിതമായ രക്തനഷ്ടം, ഗര്‍ഭധാരണം ഇവയെല്ലാം പ്രധാന കാരണങ്ങളാണ്. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനായി ചില പൊടികൈകള്‍ നോക്കാം. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിന്, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീന്‍, സീഫുഡ്, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു, ചീര, കാലെ, ബ്രോക്കോളി തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കുന്നത് ശീലമാക്കുക. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍, അത് ശരീരത്തില്‍ ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ചായ, കാപ്പി മുതലായവയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. ഇവ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്നു. ഇതുകൂടാതെ, ഇവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ വസ്തുക്കളും കഴിക്കരുത്. ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുക. ഇരുമ്പ് പാത്രങ്ങളില്‍ പുളിയുള്ള വസ്തുക്കള്‍ പാകം ചെയ്യുന്നത് നിങ്ങളുടെ ഭക്ഷണത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചില സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ച് ഗര്‍ഭകാലത്തോ അല്ലെങ്കില്‍ കടുത്ത അപര്യാപ്തത ഉള്ള സന്ദര്‍ഭങ്ങളിലോ, സ്ത്രീകള്‍ ഇരുമ്പ് സപ്ലിമെന്റുകള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും സപ്ലിമെന്റുകള്‍ എടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ യുവാവ് ആശ്രമാധിപനോട് പറഞ്ഞു: എനിക്കീ ആശ്രമത്തില്‍ ചേരണമെന്നുണ്ട്. പക്ഷേ, അതിനുചേരുന്ന പാഠങ്ങളൊന്നും തന്നെ ഞാന്‍ പഠിച്ചിട്ടില്ല. എനിക്കാകെ അറിയുന്നത് ചെസ്സ് കളിക്കാനാണ്. അത് ജ്ഞാനത്തിലേക്ക് നയിക്കില്ലെന്നറിയാം. മാത്രമല്ല, മത്സരങ്ങള്‍ പാപങ്ങളിലേക്ക് നയിക്കും എന്നും ഞാന്‍ കേട്ടിട്ടുണ്ട്. ആശ്രമാധിപന്‍ തന്റെ ശിഷ്യരെ വിളിച്ചുപറഞ്ഞു: ഒരു ചെസ് ബോര്‍ഡ് കൊണ്ടുവരിക. ഇയാളുമായി ആര്‍ക്കും മത്സരിക്കാം. തോല്‍ക്കുന്നയാള്‍ പിന്നെ ആശ്രമത്തിലുണ്ടാകില്ല. വെല്ലുവിളി ഏറ്റെടുത്ത ശിഷ്യനുമായി യുവാവ് മത്സരം ആരംഭിച്ചു. തനിക്ക് വളരെവേഗം ജയിക്കാനാകുമെന്ന് അയാള്‍ക്ക് മനസ്സിലായി. അപ്പോഴാണ് അയാള്‍ എതിരാളിയുടെ കണ്ണിലേക്ക് നോക്കിയത്. ആ മുഖത്തെ നിസ്സഹായത കണ്ട യുവാവ് സ്വയം തോറ്റുകൊടുക്കാന്‍ തുടങ്ങി. എല്ലാം കണ്ടുനിന്ന ഗുരു ചെസ് ബോര്‍ഡ് മറിച്ച് കളഞ്ഞിട്ട് പറഞ്ഞു: നിനക്ക് മത്സരവീര്യം മാത്രമല്ല, മഹാമനസ്‌കതയുമുണ്ട്. നിനക്ക് ആശ്രമത്തിലേക്ക് സ്വാഗതം! തോറ്റുകൊടുത്താല്‍ മാത്രം ജയിക്കുന്ന ചില മത്സരങ്ങളുണ്ട് ജീവിതത്തില്‍. കിരീടങ്ങള്‍ക്കോ വെന്നിക്കൊടികള്‍ക്കോ യാതൊരു പ്രധാന്യവുമില്ലാത്ത കളികളാണവ. തോല്‍വിയും ജയവും മത്സരത്തിന്റെ പരിണതഫലം മാത്രമല്ല, പങ്കെടുക്കുന്നവരുടെ മാനസികാവസ്ഥ കൂടിയാണ്. ജയിക്കുമെന്നുറപ്പുളള ഒരു മത്സരം തോറ്റുകൊടുക്കണം. അപ്പോള്‍ തോല്‍ക്കുമെന്നുറപ്പിച്ച ഒരാള്‍ ജയിച്ചുകയറും. തകര്‍ന്നുവെന്നു തീര്‍ച്ചപ്പെടുത്തിയിടത്തുനിന്നു തിരിച്ചുകയറിയ ആളോടൊപ്പം കുറച്ച് നിമിഷം ചെലവഴിക്കണം.. ആത്മവിശ്വാസത്തിന്റെയും നന്ദിയുടേയും തിളക്കങ്ങള്‍ ഒരേ സമയം ആ കണ്ണുകളില്‍ കാണാം. രണ്ടുതരം എതിരാളികളുണ്ട്. തോല്‍പിക്കുന്നവരും, തോല്‍വിയിലും ആത്മവിശ്വാസം സംരക്ഷിക്കുന്നവരും. ആദ്യത്തെ കൂട്ടര്‍ക്ക് എതിരാളികള്‍ മാത്രമേയുണ്ടാകൂ.. എന്നാല്‍ ഒരിക്കലെങ്കിലും തോറ്റു കൊടുത്തവര്‍ക്ക് സഹചാരികളും ഉണ്ടാകും.. അതെ ചിലപ്പോഴൊക്കെ തോല്‍വിയും ജയമാണ് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *