s5 yt cover

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍.

കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. താന്‍ നല്‍കിയ നെല്ലിന്റെ പണമാണ് സര്‍ക്കാര്‍ പിആര്‍എസ് വായ്പയായി നല്‍കിയത്. ഇത് കുടിശ്ശിക അടക്കം അടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ സര്‍ക്കാര്‍ തന്നെ ചതിച്ചുവെന്നും പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പാ കുടിശികയില്ലെന്നും കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പിആര്‍എസ് കുടിശികയല്ലെന്നും മന്ത്രി ജിആര്‍ അനില്‍. പിആര്‍എസ് വായ്പാ കുടിശിക കാരണം സിബില്‍ സ്‌കോര്‍ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ലെന്നും പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണെന്ന് പറഞ്ഞ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നതെന്നും പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടുവെന്ന് കുട്ടനാട്ടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.

കര്‍ഷകര്‍ ചോദിക്കുന്നത് ഔദാര്യമല്ല, കൂലിയാണെന്നും അത് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാന്‍ കോണ്‍ഗ്രസിന്റെ ശുപാര്‍ശ വേണോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയ കെ മുരളീധരന്‍ മരിച്ചുപോയ കമ്യൂണിസ്റ്റ് നേതാക്കള്‍ തിരിച്ചുവന്നാല്‍ ഇവരെ ചാട്ടവാറുകൊണ്ട് അടിക്കുമെന്നും പറഞ്ഞു.

കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും താന്‍ കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും വ്യക്തമാക്കി ഗവര്‍ണര്‍. ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്നും പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്ട്. സ്വപ്നനഗരിയിലെ യാസര്‍ അറാഫത്ത് നഗറില്‍ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. ഇടത് നേതാക്കള്‍ക്കൊപ്പം മുസ്ലീം സംഘടനാ നേതാക്കളും റാലിയില്‍ പങ്കെടുക്കും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സര്‍ക്കാരിന്റെ ധൂര്‍ത്തിനൊപ്പം നില്‍ക്കാനില്ലെന്നും നവകേരള സദസിന് പണം നല്‍കില്ലെന്നും അറിയിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍. സര്‍ക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നല്‍കില്ലെന്നും യുഡിഎഫ് സഹകരിക്കാന്‍ പറഞ്ഞാലും കോര്‍പ്പറേഷന്‍ പണം നല്‍കില്ലെന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു.

സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത് നവകേരള സദസിന് ശേഷമാകുമെന്ന് സൂചന. 7 വര്‍ഷത്തിന് ശേഷം വില കൂട്ടാന്‍ തീരുമാനിച്ച എല്‍ഡിഎഫ് യോഗം തീരുമാനം നടപ്പിലാക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. വില കൂട്ടിയാലും പൊതു വിപണിയില്‍ നിന്ന് 25 രൂപ എങ്കിലും കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ.

സഹകരണ മേഖലയെ തകര്‍ക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ജനങ്ങളിലൂടെ വളര്‍ന്ന് വന്നതാണെന്നും ഒരു ശക്തിയെയും അതിന് അനുവദിക്കില്ലെന്നും കോഴിക്കോട് ടൗണ്‍ കോപ്പറേറ്റീവ് സൊസൈറ്റി സില്‍വര്‍ ജൂബിലി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡണ്ടും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാമിനെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. എട്ടരക്കോടിയോളം രൂപയുടെ വായ്പതട്ടിപ്പില്‍ ഒന്നാം പ്രതിയായ കെകെ എബ്രഹാമിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്.

ആലപ്പുഴ നൂറനാട്ടെ പൊലീസ് അതിക്രമത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കെതിരെ പ്രതികരിച്ച് സിപിഎം എല്‍എല്‍എ എം എസ് അരുണ്‍കുമാര്‍. പൊലീസ് മേധാവി ധൃതിപിടിച്ച് ജനങ്ങള്‍ക്കെതിരെ നടപടി എടുത്തത് തെറ്റാണെന്നും നടപടിക്ക് മുമ്പ് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തണമായിരുന്നുവെന്നും മണല്‍ മാഫിയക്ക് കുടപിടിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്നും എല്‍എല്‍എ വിമര്‍ശിച്ചു.

വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍ക്ക് സര്‍ക്കാര്‍ നാലുമാസത്തെ കുടിശിക നല്‍കാത്തതിനാല്‍ ഇനി ആദിവാസി കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകാനാവില്ലെന്ന മുന്നറിയിപ്പുമായി കരാറുകാര്‍. വണ്ടി നിര്‍ത്തുന്നതോടെ അടിമാലി മേഖലയില്‍ മാത്രം എണ്ണൂറിലധികം കുട്ടികളുടെ പഠനമാണ് മുടങ്ങുക. പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും ഒരുമാസത്തെ തുക ഉടന്‍ നല്‍കുമെന്നുമാണ് പട്ടികവര്‍ഗ വകുപ്പിന്റെ വിശദീകരണം

ആലപ്പുഴയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മര്‍ദ്ദിച്ചു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പരാതി. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തിയത്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ ഡോ. ബി വസന്തകുമാരി അറിയിച്ചു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ വിചിത്ര ന്യായീകരണം.

പത്തനംതിട്ട ഓമല്ലൂരിലെ പള്ളത്ത് റോഡരികിലായി പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തെലുങ്ക് സിനിമയിലെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു.

അംബാസമുദ്രം കസ്റ്റഡി പീഡനകേസില്‍ ഒടുവില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എഎസ്പി ബല്‍വീര്‍ സിംഗിനെ പ്രോസിക്യൂട് ചെയാന്‍ അനുമതി നല്‍കി തമിഴ്നാട് സര്‍ക്കാര്‍. വായില്‍ കല്ലുകള്‍ കുത്തിനിറച്ച ശേഷം കവിളത്തടിക്കുകയും പ്രതികളുടെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുകയും കട്ടിംഗ് പ്ലയെര്‍ കൊണ്ട് പ്രതികളുടെ പല്ലുകള്‍ പറിച്ചെടുക്കുന്നതടക്കമുള്ള അതിക്രമങ്ങളാണ് ഏറെ വിവാദമായ കസ്റ്റഡി പീഡനത്തില്‍ നടന്നത്. ഐപിഎസ് ലോബിയുടെ സമ്മര്‍ദം കാരണമാണ് സര്‍ക്കാര്‍ തീരുമാനം വൈകിയതെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രേരണയാല്‍ എഴുതിയ, മോദി പ്രധാന വേഷത്തില്‍ എത്തുന്ന ‘അബന്‍ഡന്‍സ് ഇന്‍ മില്ലറ്റ്സ്’ എന്ന ഗാനം ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികളാണ് ഗാനത്തിന്റെ തീം. ഇന്ത്യന്‍-അമേരിക്കന്‍ ഗായിക ഫല്‍ഗുനി ഷായും അവരുടെ ഭര്‍ത്താവും ഗായകനുമായ ഗൗരവ് ഷായും ചേര്‍ന്ന് അവതരിപ്പിക്കുന്നതാണ് ഈ ഗാനം.

ദില്ലി ജയ്പൂര്‍ ദേശീയ പാതയില്‍ ഹരിയാനയിലെ ഗുരുഗ്രാമിന് സമീപത്ത് വെച്ച് ഇന്ധന ടാങ്കര്‍ കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇടിച്ച് കയറിയതിന് പിന്നാലെ തീപിടിച്ച് 4 പേര്‍ കൊല്ലപ്പെട്ടു. കാര്‍ യാത്രികരായ മൂന്നുപേരും പിക്കപ്പ് വാനിലെ ഡ്രൈവറുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

രാജസ്ഥാനില്‍ ദൌസയിലെ ലാല്‍സോട്ട് മേഖലയില്‍ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി ആരോപണം. ഭൂപേന്ദര്‍ സിംഗ് എന്ന സബ് ഇന്‍സ്പെക്ടറിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം. ഗാസയില്‍ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്ക് നേരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യുകയായിരുന്ന നിരവധി പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ജൂലൈ -സെപ്റ്റംബര്‍ പാദത്തില്‍ 23.16 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 15.89 കോടി രൂപയായിരുന്നു ലാഭം. 47.5% വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്ത വരുമാനം 285.26 കോടി രൂപയില്‍ നിന്ന് 327.43 കോടി രൂപയായി. ഇക്കാലയളവില്‍ അറ്റ പലിശ വരുമാനം 116.44 കോടി രൂപയില്‍ നിന്ന് 120.96 കോടി രൂപയായി. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.03 ശതമാനം വര്‍ധനയോടെ 24,127 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 6.04 ശതമാനത്തില്‍ നിന്ന് 5.36 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 2.32 ശതമാനത്തില്‍ നിന്ന് 1.29 ശതമാനമായി. 2023 സെപ്റ്റംബര്‍ വരെയുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് അനുപാതം 89.11 ശതമാനമാണ്. പാദാടിസ്ഥാനത്തില്‍ നോക്കിയാല്‍ ലാഭവും വരുമാനവും കുറഞ്ഞു. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം 28.30 കോടി രൂപയായിരുന്നു. വരുമാനം 341 കോടി രൂപയും. ജൂണ്‍ പാദത്തെ അപേക്ഷിച്ച് കിട്ടാക്കടവും കൂടുകയാണുണ്ടായത്. ജൂണ്‍ പാദത്തില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 5.21 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.09 ശതമാനവുമായിരുന്നു. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 8.39% ശതമാനം വര്‍ധനയോടെ 13,817 കോടി രൂപയായി. കാസാ നിക്ഷേപങ്ങള്‍ സെപ്റ്റംബര്‍ പാദത്തില്‍ 31.06 ശതമാനമായി.

മാതൃഭാഷയില്‍ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ്. ഗ്യാലക്‌സി എഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍. മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഓണ്‍-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്‌സി എഐ. എഐ ലൈവ് ട്രാന്‍സ്ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ടെക്സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാന്‍ നിലവില്‍ തേഡ് പാര്‍ട്ടി തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിക്കണം. പുതിയ ഫീച്ചര്‍ വരുന്നതോടെ അതിന് മാറ്റമുണ്ടാകും. ഫോണിന്റെ കോളിങ് ഫങ്ഷനിലേക്ക് ഈ ഫീച്ചര്‍ ആഡ് ചെയ്യുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോണ്‍ സംസാരത്തിന്റെ പ്രൈവസി നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയാകുമെന്ന് സാംസങ് പറയുന്നു. അടുത്ത വര്‍ഷം ആദ്യം ഗ്യാലക്‌സി എഐ ആക്ടീവാകുമെന്നാണ് സൂചന. ഗ്യാലക്‌സി എഐക്കു പുറമെ, സാംസങ് എഐ ഫോറം 2023 ല്‍ കമ്പനിയുടെ മറ്റൊരു എഐ ടെക്‌നോളജിയും പരിചയപ്പെടുത്തിയിരുന്നു. സാംസങ് ഗോസ് എന്ന പേരില്‍ ലാര്‍ജ് ലാംഗ്വെജ് മോഡലാണ് കമ്പനി അവതരിപ്പിച്ചത്. ഫോട്ടോകളും ടെക്സ്റ്റും ജനറേറ്റ് ചെയ്യുക, ദൈര്‍ഘ്യമേറിയ എഴുത്തിന്റെ രത്‌നച്ചുരുക്കം നല്‍കുക തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതിനുണ്ട്. കമ്പ്യൂട്ടര്‍ കോഡുകളും മറ്റും എഴുതുന്നവരെ സഹായിക്കാന്‍ കോഡ്.ഐ ഫീച്ചറും ഇതിലുണ്ട്.

ടെസ്ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നു. ഡാരന്‍ ആരോനോഫ്സ്‌കിയാണ് സംവിധായകന്‍. മസ്‌കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. വാള്‍ട്ടര്‍ ഐസക്സണിന്റെ രചനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മസ്‌കിന്റെ ജീവചരിത്രമായ ഇലോണ്‍ മസ്‌ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എ24 പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രത്തിന്റെ നിര്‍മാണം. ബ്ലാക്ക് സ്വാന്‍, ദി റെസ്ലര്‍, ദി വെയ്ല്‍, പൈ, മദര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഡാരന്‍. ബ്ലാക്ക് സ്വാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ആളാണ് അമേരിക്കന്‍ സംവിധായകനായ ഡാരന്‍.

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഭരതനാട്യത്തിന് ചുവടുവെക്കുന്ന ഷൈന്‍ ടോമാണ് ട്രെയ്ലറിലെ ഹൈലൈറ്റ്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കന്‍ സ്റ്റേജ് ഷോയ്ക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാന്‍സ് ടീമും അതിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേര്‍ന്നതാണ് ചിത്രം. ഡിസംബറില്‍ ഡാന്‍സ്പാര്‍ട്ടി തിയറ്ററുകളില്‍ എത്തും. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസ്, 2.55 കോടി രൂപ പ്രീമിയം വിലയുള്ള എലെട്രെ പ്യുവര്‍ ഇലക്ട്രിക് എസ്യുവി പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പ്രവേശിച്ചു. ഇന്ത്യയിലെ ബെന്റ്‌ലി വില്‍പ്പനയുമായുള്ള ബന്ധത്തിന് പേരുകേട്ട ന്യൂഡല്‍ഹിയിലെ എക്‌സ്‌ക്ലൂസീവ് മോട്ടോഴ്‌സുമായുള്ള എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ പങ്കാളിത്തം ശ്രദ്ധേയമാണ്. ഉദ്ഘാടന ഷോറൂം 2024 ന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ തുറക്കും. ലോട്ടസ് എലെട്രെ ലൈനപ്പില്‍ മൂന്ന് വകഭേദങ്ങള്‍ ഉള്‍പ്പെടുന്നു – എലെട്ര, എലെട്ര എസ്, എലെട്ര ആര്‍ എന്നിവ. യാഥാക്രമം 2.55 കോടി, 2.75 കോടി, 2.99 കോടി എന്നിങ്ങനെയാണ് ഇവയുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില. ലോട്ടസ് എവിജ ഹൈപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യന്‍ വിപണിയിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ഇലക്ട്രിക് എസ്യുവിയായി എലെട്രെ നിലകൊള്ളുന്നു. 2022-ന്റെ തുടക്കത്തില്‍ ലോട്ടസ് എലെറ്ററിന്റെ ആഗോള അരങ്ങേറ്റത്തോടെയാണ് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) വിഭാഗത്തിലേക്കുള്ള ഈ തകര്‍പ്പന്‍ മുന്നേറ്റം ആരംഭിച്ചത്.

നല്ല മണ്ണു കൃഷിചെയ്യാതെ തരിശിടുന്ന ദുഷ്ടന്മാരെ കാണാന്‍ അദ്ദേഹം എഴുന്നള്ളില്ല്യ, തീര്‍ച്ച! ഇനി മാവേലിയെ കാണണ്ടോര്‍ക്ക് പാതാളത്തിലേക്കു പോവ്വ്വന്നെ വേണം.” അച്ചുവിന്റെ മുത്തശ്ശി അവനോടു പറഞ്ഞു. എങ്കില്‍ മാവേലിയെ കാണാന്‍ പാതാളത്തിലേക്കു പോയാലോ? അങ്ങനെ മാവേലിയെ കാണാന്‍ ഒറ്റയ്ക്ക് ആരുമറിയാതെ പുറപ്പെട്ടുപോയ അച്ചുവിന്റെ സാഹസികയാത്രയാണ് ഈ കഥ. എന്നിട്ട് അച്ചു മാവേലിയെ കണ്ടോ? എന്തായിരുന്നു അച്ചു കണ്ട പാതാളം? കാണാതാകലും തട്ടിക്കൊണ്ടുപോകലും പോലീസ് അന്വേഷണവും എല്ലാം ചേര്‍ന്ന് സംഭവബഹുലമായ ഒരു കഥ. നഗരജീവിതത്തിരക്കിലും പ്രകൃതിസ്‌നേഹവും ഗ്രാമവും പൂക്കളും നിറഞ്ഞ ഒരോണക്കഥ. ‘പാതാളം’. പി.പി രാമചന്ദ്രന്‍. മാതൃഭൂമി. വില 93 രൂപ.

ശീതളപാനീയങ്ങള്‍ നിങ്ങളെ ഒരു നിത്യരോഗി ആക്കിയേക്കാമെന്ന് പഠനം. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നവര്‍ ഇത്തരം ശീതളപാനീയങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും നല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും. കൂടാതെ ഇത്തരം പാനീയങ്ങള്‍ വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമായേക്കും. ചില കോക്ടെയിലുകളില്‍ കാണപ്പെടുന്ന മദ്യത്തിന്റെയും ഫ്രക്ടോസ് സിറപ്പിന്റെയും അംശം കരളിന് ദോഷമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഐസ് ടീ, സോഡ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തെ പലരീതിയില്‍ ബാധിക്കാം. കൂടാതെ ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും കുടലന്റിയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.30, പൗണ്ട് – 101.82, യൂറോ – 89.26, സ്വിസ് ഫ്രാങ്ക് – 92.26, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.99, ബഹറിന്‍ ദിനാര്‍ – 221.99, കുവൈത്ത് ദിനാര്‍ -271.03, ഒമാനി റിയാല്‍ – 217.43, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.68, ഖത്തര്‍ റിയാല്‍ – 22.88, കനേഡിയന്‍ ഡോളര്‍ – 60.36.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *