S8 yt cover 2

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും അമേരിക്ക, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ എട്ടു മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കു കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി യഥാസമയം ലഭിക്കാത്തതിനാല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു.

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ രണ്ടു പൊലീസുകാര്‍ ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെട്ടു. സൈനിക നടപടി വിഘടനവാദത്തിനെതിരേയല്ലെന്നും, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒതുക്കുകയാണു ചെയ്യുന്നതെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. മണിപ്പൂരില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്കു നിവേദനം നല്‍കി.

കമ്പത്ത് ജനവാസ മേഖലയില്‍ അരികൊമ്പന്‍ ബൈക്കില്‍നിന്നു തട്ടിയിട്ടയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. അരിക്കൊമ്പന്‍ കമ്പത്തെ ജനവാസ മേഖലയ്ക്കടുത്തുനിന്നും ഉള്‍വനത്തിലേക്ക് നീങ്ങുന്നു. അരിക്കൊമ്പനെ പിടികൂടാന്‍ ആദിവാസി സംഘവും രംഗത്തെത്തി.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

തേക്കടിയില്‍ പ്രഭാതസവാരിക്കിറങ്ങിയ വനംവകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വര്‍ഗീസിനാണ് (54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാന്‍ഡിങ് പരിസരത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വയനാട്ടില്‍ കടബാധ്യതയെത്തുടര്‍ന്നു ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായര്‍ (57) ആണു ജീവനൊടുക്കിയത്. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായിരുന്നു. പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 35 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.

സര്‍വകലാശാലകളില്‍ കേന്ദ്രസര്‍ക്കാര്‍ കാവിവത്കരണം നടത്തുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് ചുവപ്പുവത്കരണം നടത്തുകയാണെന്നു വി.എം. സുധീരന്‍. സര്‍വകലാശാല വിസിമാര്‍ രാഷ്ട്രീയ നോമിനികളായി തരംതാഴ്ന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെഎസ്‌യുവിന്റെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി മൂലമറ്റത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ പരസ്യത്തിനായി പതിനയ്യായിരം രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കാടാമ്പുഴ ക്ഷേത്രത്തിന് കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടന സപ്ലിമെന്റിലേക്കു പരസ്യം നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. ഉത്തരവിട്ട ദേവസ്വം കമ്മീഷണര്‍ക്കെതിരെ നടപടി എടുക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യാനായത് ഫര്‍ഹാനയുടെ ഫോണ്‍വിളി. ചെന്നൈയിലേക്കു പോയപ്പോള്‍ മറ്റൊരാളുടെ ഫോണില്‍നിന്ന് ഫര്‍ഹാന ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചിരുന്നു. ഇതു പിന്തുടര്‍ന്നാണ് പൊലീസ് മൂവരെയും കുടുക്കിയത്. സിദ്ധിഖിന്റെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തില്‍ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മും മലിനീകരണമുണ്ടാകുന്ന ഫാക്ടറി ഉടമയില്‍നിന്ന് കണക്കില്ലാത്ത ഫണ്ടുകള്‍ കൈപ്പറ്റിയതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍കൂടിയായ റസാഖ് പയമ്പ്രോട്ടിന്റെ പരാതി ചെവിക്കൊള്ളാതിരുന്നതെന്ന് റസാഖിന്റെ സഹോദരന്‍ ജമാലുദീന്‍. പരാതികള്‍ ഉന്നയിച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് റസാഖിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. റസാഖ് മരിച്ചപ്പോള്‍ ഒരു കീടം പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റു പ്രതികരിച്ചതെന്നും ജമാലുദ്ദീന്‍ പറഞ്ഞു.

റെയില്‍വേ സിഗ്നല്‍ ബോക്സ് തകര്‍ത്ത റെയില്‍വേ കരാര്‍ ജീവനക്കാരനെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് നാമക്കല്‍ സ്വദേശി രമേഷി (34)നെയാണ് അറസ്റ്റുചെയ്തത്. ഫറോക്ക് റെയില്‍വേ സ്റ്റേഷന്റെ വടക്കുവശത്തുള്ള സിഗ്നല്‍ ബോക്സ് തകര്‍ത്ത ഇയാള്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.

കാസര്‍ഗോഡ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റീന്‍ സ്റ്റിക്കുകളും 500 ഡിറ്റണേറ്റേഴ്സും പിടികൂടി. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു പോവുകയായിരുന്ന മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ അറസ്റ്റു ചെയ്തു. ഇയാളുടെ വീട്ടില്‍നിന്നും ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.

തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസി അന്തരിച്ചു. 47 വയസായിരുന്നു. ഉദരസംബന്ധമായ രോഗത്തിനു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.

തൃശൂര്‍ മാപ്രാണം ലാല്‍ ആശുപത്രിയ്ക്ക് സമീപം ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. എ കെ സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം എസ് മേനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.

കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്തു മാസമുള്ള കുഞ്ഞ് മരിച്ചു. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും കുഞ്ഞ് ദുഹാ മന്‍ഹല്‍ ആണ് മരിച്ചത്.

ബ്രിജ് ഭൂഷണെതിരേ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളിലടക്കം ഇന്ത്യക്കുവേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നു പ്രഖ്യാപിച്ചു. തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയുടെ പരിശുദ്ധിയാണ്. ഇന്ന് വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും. അതിനുശേഷം ഇന്ത്യാ ഗേറ്റില്‍ സമരം തുടരുമെന്നാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ജമ്മു കാഷ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് പത്തു പേര്‍ മരിച്ചു. അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്.

പാക്കിസ്ഥാനിലേക്ക് അബദ്ധത്തില്‍ ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് തൊടുത്തുവിട്ട സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുകയും ചെയ്തു. മിസൈല്‍ തൊടുത്തുവിട്ടതിനു പിരിച്ചുവിട്ട വിംഗ് കമാന്‍ഡര്‍ അഭിനവ് ശര്‍മ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ഈ മാസം രണ്ടാം തവണയാണ് മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം നടക്കുന്നത്. രണ്ടു കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി.

ഐപിഎല്ലിന്റെ അടുത്ത സീസണിലും കളിക്കാന്‍ ശ്രമിക്കുമെന്നും ഉടന്‍ വിരമിക്കല്‍ തീരുമാനം ഇല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം.സ്.ധോണി. ആവേശം അവസാന പന്തിലേക്ക് നീണ്ട ഫൈനലില്‍ ഗുജറാത്തിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെയാണ് അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് ധോണി വ്യക്തമാക്കിയത്. എന്നാല്‍ അത് ശാരീരികക്ഷമത ഉള്‍പ്പെടെ മറ്റ് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ പതിനാറാം സീസണില്‍ റണ്‍ വേട്ടയില്‍ ഒന്നാമന്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍. 17 മത്സരങ്ങളില്‍ നിന്നായി 890 റണ്ണാണ് ഗില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഫാഫ് ഡുപ്ലെസി 730 റണ്‍സ് നേടിയത് 14 മത്സരങ്ങളില്‍ നിന്നാണ്. 17 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റെടുത്ത ഗുജറാത്തിന്റെ മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 14 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റെടുത്ത ഗുജറാത്തിന്റെ തന്നെ മോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. 44,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 5545 രൂപയായി. 24ന് ശേഷം സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്ന് 45,000 രൂപയായിരുന്നു സ്വര്‍ണവില. ദിവസങ്ങള്‍ക്കിടെ 640 രൂപയാണ് കുറഞ്ഞത്. അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. 24 മണിക്കൂറിന് ശേഷം സ്റ്റാറ്റസ് ആയി ഇട്ടിരിക്കുന്ന വീഡിയോകളും ഫോട്ടോകളും അടക്കം സ്റ്റാറ്റസ് ആര്‍ക്കൈവിലേക്ക് പോകുന്നവിധമാണ് സംവിധാനം. ഇത്തരത്തില്‍ 30 ദിവസം വരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് സൂക്ഷിക്കാന്‍ സാധിക്കും. സ്റ്റാറ്റസ് ടാബിലെ മെനുവില്‍ പോയി ആര്‍ക്കൈവ് നേരിട്ട് കാണാനും ക്രമീകരണം ഉണ്ട്.

‘താങ്ക് യു’ എല്ലാംകൊണ്ടും കുടുംബ ചിത്രം. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടേയും മകള്‍ രേവതി എസ്.കെ. സംവിധാനം ചെയ്യുന്ന താങ്ക് യു എന്ന ഹ്രസ്വ ചിത്രം തികഞ്ഞ കുടുംബ ചിത്രമാണ്. സുരേഷ് കുമാറും മേനകയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 22 മിനിറ്റാണ് ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. ബില്ലു ബാര്‍ബര്‍ മുതല്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായ രേവതി ബറോസില്‍ മോഹന്‍ലാലിന്റ സഹ സംവിധായികയായിരുന്നു. ആദ്യത്തെ ഹ്രസ്വ ചിത്രമാണിത്. ജി.സുരേഷ് കുമാറും നിതിന്‍ മോഹനുമാണ് നിര്‍മാണം. ഭാര്യ നഷ്ടപ്പെട്ട അറുപതുകാരനായ ഒരാളുടെ ആകുലതകളും ഒറ്റപ്പെടലുമാണ് സിനിമയുടെ പ്രധാനപ്രമേയം. ഫ്ലാറ്റില്‍ ഒറ്റപ്പെട്ടു കഴിയുന്ന മോഹന്‍ എന്ന കഥാപാത്രമായാണ് സുരേഷ് കുമാര്‍ അഭിനയിക്കുന്നത്. തൊട്ടടുത്തുള്ള ഫ്ലാറ്റിലെ വീട്ടുകാരായി മേനകയും സുരേഷ് കുമാറിന്റെ മരുമകന്‍ നിതിനും എത്തുന്നു. മേനകയുടെ അമ്മയും ചിത്രത്തിലഭിനയിക്കുന്നുണ്ട്. എ. സരോജ, ബിന്ദു പ്രദീപ്, അര്‍ജുന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഈ ചിത്രത്തിന്റെ തിരക്കഥ രേവതി എഴുതി പൂര്‍ത്തീകരിച്ച സമയത്ത് സുരേഷ് കുമാര്‍ അത് വായിക്കാനിടയാകുകയും കഥ ഇഷ്ടപ്പെട്ട ശേഷം നിര്‍മിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അഞ്ചാംതവണയും ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്റെ താരങ്ങള്‍ ഉള്‍പ്പെടുന്ന സെക്കന്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ‘ലെറ്റ്സ് ഗെറ്റ് മാരീയിഡ്’ (എല്‍ജിഎം) എന്നാണ് ചിത്രത്തിന്റെ പേര്. 2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ ലൌ ടുഡേയിലെ നായികയാണ് ഇവാന. ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) ഒരു ഫാമിലി ലൌ സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സംവിധായകന്‍ രമേഷ് തമിള്‍മണിയുടെ ആദ്യ ചിത്രമണിത്. നേരത്തെ ചിത്രത്തിന്റെ പ്രധാന താരങ്ങള്‍ ഐപിഎല്‍ മത്സരത്തില്‍ ധോണിയുടെ ടീം ആയ ചെന്നൈയുടെ ജേഴ്സി അണിഞ്ഞ് ചെക്പോക് സ്റ്റേഡിയത്തിലെ ധോണി ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറിനും ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് കുഞ്ഞ് പിറന്നത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ഒരു ഓഡി ക്യു 7 സ്വന്തമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. പിതാവ് കരണ്‍ സിംഗ് ഗ്രോവറിനൊപ്പം കാര്‍ യാത്ര ആസ്വദിക്കുന്ന മകളുടെ മനോഹരമായ വീഡിയോ ബിപാഷ പങ്കിട്ടു. ഇന്‍സ്റ്റാഗ്രാമില്‍, ബിപാഷ തന്റെ സ്റ്റോറികളിലെ വീഡിയോ പങ്കുവെക്കുകയും ‘ദേവിയും പപ്പയും’ എന്ന അടിക്കുറിപ്പ് നല്‍കുകയും ചെയ്തു. ഏകദേശം 1.09 കോടി രൂപയോളം ഓണ്‍റോഡ് വില വരുന്ന വാഹന മോഡലാണ് ഇവര്‍ കുഞ്ഞിനായി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 84.70 ലക്ഷം മുതല്‍ 92.30 ലക്ഷം വരെ എക്സ്-ഷോറൂം വിലയുള്ള ഇത് ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഇന്ത്യയിലെ മുന്‍നിര എസ്യുവിയായിരുന്നു. എസ്യുവിക്ക് 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ നിന്ന് പവര്‍ ലഭിക്കുന്നു, അതേസമയം 3.0 ലിറ്റര്‍ ഡീസല്‍ പവര്‍ മില്ലും ഓഫറിലുണ്ട്. എല്ലാ കാറുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും പേരില്‍ ദളിതര്‍ക്കെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും ഒതുക്കപ്പെടലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.തന്റെ മുമ്പില്‍ വിചാരണയ്ക്കു വന്ന കേസുകളെക്കുറിച്ചും താന്‍ പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ചിന്തകളും എഴുത്തും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിവരിക്കുകയാണ് ജസ്റ്റിസ് കെ. ചന്ദ്രു. നിലവിലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ആത്മാവിനെ എങ്ങനെ സംരക്ഷിക്കാമെന്നും, സാമൂഹികനീതിയുടെ കാഴ്ചപ്പാടില്‍ എങ്ങനെ വിധി പ്രസ്താവിക്കാമെന്നും, ദളിതരെയും പാവപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാമെന്നും ഈ പുസ്തകം നമ്മളെ വ്യക്തമായി ബോദ്ധ്യപ്പെടുത്തുന്നു. ‘അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍’. ജസ്റ്റിസ് കെ. ചന്ദ്രു. പരിഭാഷ – കെ.എസ് വെങ്കിടാചലം. മാതൃഭൂമി ബുക്സ്. വില 153 രൂപ.

നെഞ്ചെരിച്ചിലും വയറുവേദനയുമൊക്കെ വരുമ്പോള്‍ നിസാരമാണെന്ന് കരുതി തള്ളിക്കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ സൂചനയാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഗ്യാസിന്റേതായി തെറ്റിദ്ധരിച്ച് പലരും അന്റാസിഡ് കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ലക്ഷണങ്ങളെ കുറച്ചുസമയത്തേക്ക് ശമിപ്പിക്കുമെങ്കിലും യഥാര്‍ത്ഥ കാരണത്തെ ചികിത്സിക്കില്ല. ചെറിയൊരു ആശ്വാസം തോന്നുന്നതുകൊണ്ടുതന്നെ പലരും ആശുപത്രിയില്‍ പോകുന്നത് വൈകിപ്പിക്കുകയും ചെയ്യും. പക്ഷെ ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ സമയം വളരെയധികം വിലപ്പെട്ടതാണ്. സമയം നീളുന്തോറും കൂടുതല്‍ ഹൃദയ പേശികള്‍ സമ്മര്‍ദ്ദത്തിലാകും. ഗ്യാസ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹൃദയാഘാത ലക്ഷണങ്ങളും തമ്മില്‍ മനസ്സിലാകാതെ പോകുന്നത് അസാധാരണമല്ല. ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചെരിച്ചില്‍, നെഞ്ചുവേദന, വയറുവേദന, മനംമറിച്ചില്‍ എന്നിവ അനുഭവപ്പെടാറുണ്ട്. പക്ഷെ, പലപ്പോഴും ഇത് ഗ്യാസ് മൂലമുണ്ടാകുന്ന അസ്വസ്ഥതകളാണെന്നാണ് പലരും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ തോന്നിയാലും ആശുപത്രിയില്‍ പോകാതെ പലരും സ്വയം ചികിത്സയാണ് ചെയ്യുക. ഹൃദയാഘാതം മൂലമാണെങ്കില്‍ നെഞ്ചുവേദന സമ്മര്‍ദ്ദം പോലെയാണ് അനുഭവപ്പെടുക. കുറച്ചു മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ഞെരുക്കം നെഞ്ചില്‍ അനുഭവപ്പെടാം. ഹൃദയാഘാതത്തിന്റെ വേദന പിന്നീട് തോളിലേക്കും മുതുകിലേക്കും കഴുത്ത്, പല്ല്, താടിയെല്ല് എന്നിവയിലേക്കും വ്യാപിക്കും. ഇതിനുപുറമേ ഹൃദയാഘാതത്തിന്റെ പതിവ് ലക്ഷണങ്ങളായ ശ്വാസതടസ്സം, പാനിക്ക് അറ്റാക്ക്, തലകറക്കം എന്നുവയും അനുഭവപ്പെട്ടേക്കാം. ഹൃദയാഘാതം മൂലമുള്ള വേദനയാണെങ്കില്‍ അത് ഭക്ഷണവുമായി ബന്ധപ്പെട്ടതായിരിക്കില്ല, ചിലപ്പോള്‍ ഇടത്തുനിന്ന് വലത്തോട്ടോ അല്ലെങ്കില്‍ താടിയെല്ലുകളിലേക്കോ വികരണം ചെയ്‌തേക്കാം. ധാരാളം വിയര്‍ക്കുകയും എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും ചെയ്യും. അതേസമയം വിശ്രമിച്ചാല്‍ കുറവുണ്ടാകും. ഹൃദയാഘാതമാണോ എന്ന് സംശയമുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് ഇസിജിയോ എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളോ ചെയ്യുന്നതാണ് സുരക്ഷിതം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.74, പൗണ്ട് – 102.28, യൂറോ – 88.51, സ്വിസ് ഫ്രാങ്ക് – 91.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.08, ബഹറിന്‍ ദിനാര്‍ – 219.45, കുവൈത്ത് ദിനാര്‍ -268.96, ഒമാനി റിയാല്‍ – 214.89, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 60.91.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *