P6 yt cover

സംസ്ഥാനത്തു കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. എരുമേലിയില്‍ രണ്ടു പേരും കൊല്ലത്ത് ഒരാളുമാണു മരിച്ചത്. എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. പുറത്തേല്‍ ചാക്കോച്ചന്‍ (70) , പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണു മരിച്ചത്. കണമല അട്ടിവളവില്‍ ഇന്ന് രാവിലെയാണ് ആക്രമണം. വനപാലകര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൊല്ലത്ത് പ്രവാസിയായ ആയുര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്. റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിറകില്‍നിന്ന് പാഞ്ഞത്തി ആക്രമിക്കുകയായിരുന്നു.

അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിക്ക് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ക്ലീന്‍ ചിറ്റ്. സെബിക്ക് വീഴ്ച്ച വന്നിട്ടില്ലെന്നാണു സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിലയിലെ കൃത്രിമം നിയന്ത്രിക്കാന്‍ സെബി പരാജയപ്പെട്ടെന്ന് പറയാനാകില്ല. ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പുതിയ കണ്ടെത്തലുകളില്ല. നേരത്തെ നിലവിലുള്ള കണ്ടെത്തലുകള്‍ ക്രോഡീകരിക്കുകയാണു ചെയത്തെന്നും സമിതി.

തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നെന്ന് ആരോപിച്ച് ഐജി പി. വിജയനെ സസ്പെന്‍ഡു ചെയ്തതിനു പിറകില്‍ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതയുദ്ധം. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഫോണില്‍ വിളച്ചെന്നതിന്റെ പേരിലാണു നടപടിയെടുത്തത്. സേനയെ പല മേഖലയില്‍ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെ സസ്പെന്‍ഡു ചെയ്ത നടപടി പോലീസിലെ വലിയൊരു വിഭാഗത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:

https://youtu.be/4-sqhUbTNeU

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു.

പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോട്ടയം മണര്‍കാട്ടെ മാലത്ത് വീട്ടിലെത്തിയാണ് കാഞ്ഞിരത്തുംമൂട്ടില്‍ ജൂബി എന്ന ഇരുപത്താറുകാരിയെ വെട്ടിക്കൊന്നത്. വെട്ടിക്കൊന്ന ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടെന്ന് ജൂബിയുടെ പിതാവ് പോലീസിനു മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന ഏഴംഗ സംഘം പിടിയിലായത്. മറ്റൊരാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

ട്രെയിന്‍ തീവയ്പു കേസില്‍ മൊഴി നല്‍കാനെത്തിയ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയായ യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. മുഹമ്മദ് ഷാഫിക്ക് എന്നയാളാണ് മരിച്ചത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു വീണ്ടും എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കെയാണ് മരണം.

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവ് സരുണ്‍ സജിക്കെതിരെ വനംവകുപ്പ് കള്ളക്കേസെടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. ഉപ്പുതറ പൊലീസെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ സെര്‍വര്‍ തകരാറിലായതാണ് കാരണം. കഴിഞ്ഞ മാസം ഒരാഴ്ചയിലേറെയാണ് റേഷന്‍ വിതരണം തടസപ്പെട്ടത്.

കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്കു മുഖ്യമന്ത്രിമാരെയല്ല, പാര്‍ട്ടി അധ്യക്ഷരെയാണു ക്ഷണിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ അസ്വാഭാവികതയില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം. സങ്കുചിതമായ നിലപാട് കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്ന് പ്രകാശ് കാരാട്ടും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ജനങ്ങളില്‍ വലിയ എതിര്‍പ്പ് ഉണ്ടായതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഇ കെ നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

അമൃത ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നു വീണ് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) വനിതാ ഡോക്ടര്‍ മരിച്ചു. ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്.

സ്വകാര്യ റിസോര്‍ട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീനാ ട്രോഫി മെന്‍കോ എന്ന 40 കാരിയാണ് മരിച്ചത്. ചൊവ്വരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആയൂര്‍വേദ ചികിത്സക്ക് 19 അംഗ വിദേശ സംഘം കഴിഞ്ഞ ആറിനാണ് എത്തിയത്.

കൊച്ചിയില്‍ ഫ്ളാറ്റില്‍ കൈഞരമ്പു മുറിച്ച യുവതി മരിച്ചു. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് അലക്സിനെ കൈഞരമ്പു മുറിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശിയാണ് അലക്സ്.

മലപ്പുറം മാറഞ്ചേരിയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. തുറുവാണം ദ്വീപിലുളളവരാണ് ചികില്‍സയിലുള്ളത്.

തൃശൂരില്‍ ചേലക്കര പൈങ്കുളത്ത് കാട്ടുപന്നി ആക്രമണവും മലപ്പുറം നിലമ്പൂരില്‍ കരടി ആക്രമണവും. പൈങ്കുളത്ത് സ്‌കൂട്ടര്‍ യാത്രികരെയാണു കാട്ടുപന്നി ആക്രമിച്ചത്. പാഞ്ഞാള്‍ കാരപ്പറമ്പില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂരില്‍ തേന്‍ എടുക്കുന്നതിനിടെയാണ് ആദിവാസി യുവാവിനെ കരടിയുടെ ആക്രമിച്ചത്. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് പരിക്കേറ്റത്.

കോഴിക്കോട് വാഹനാപകടത്തില്‍ ഒഞ്ചിയം നെല്ലാച്ചേരി താഴക്കുനി സുബിന്‍ ബാബു (30) മരിച്ചു. വടകര കണ്ണൂക്കര ദേശീയപാതയില്‍മടപ്പളളിക്കും കേളുബസാറിനുമിടയിലായിരുന്നു അപകടം.

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടില്‍ ലീല (65)യെ കൊലപ്പെടുത്തിയ മകന്‍ ബിജുവിനെ (40) അറസ്റ്റു ചെയ്തു.

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. തിരുവനന്തപുരത്ത് മാരായമുട്ടം പുറകോട്ടുകോണം ചെമ്മണ്ണുവിള റോഡരികത്ത് വീട്ടില്‍ സാബുവി(46)നെയാണ് മാരായമുട്ടം പൊലീസ് പിടികൂടിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്നു മുതല്‍. ജപ്പാന്‍, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളിലാണു സന്ദര്‍ശനം. ജപ്പാനിലെ ഹിറോഷിമയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലും ക്വാഡ് രാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തിലും പാപ്പുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോറസ്ബിയില്‍ ഇന്ത്യ പസിഫിക് ഐലന്റ്സ് ഉച്ചകോടിയിലും ഓസ്ട്രേലിയയിലെ സിഡ്നിയില്‍ പ്രവാസികളുടെ സ്വീകരണത്തിലും മോദി പങ്കെടുക്കും.

ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമാണെന്നു പരിഹസിച്ച് കോണ്‍ഗ്രസ്. പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫ് ചെയ്തുവയ്ക്കുന്ന പാര്‍ലമന്റ് മന്ദിരംകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ഐപിഎല്ലില്‍ ഇന്ന് ആറാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം. ഇന്നത്തെ മത്സരം വിജയിച്ചാലും അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തൂ.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ 45,000 ത്തിന് താഴെ എത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 30 രൂപ കുറഞ്ഞു. വിപണി വില 5600 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 25 രൂപ കുറഞ്ഞു. വിപണി വില 4625 രൂപയാണ്. ഇന്നലെ യുഎസ് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സ്പോട് ഗോള്‍ഡിന്റെ (31.1 ഗ്രാം സ്വര്‍ണം) വില 30 ഡോളറോളം ഇടിഞ്ഞ് 1960 ഡോളറിനു താഴെയെത്തി. ഡോളര്‍ ശക്തമായി തുടര്‍ന്നാല്‍ 100 ഡോളര്‍ കൂടി കുറഞ്ഞേക്കും. അങ്ങനെയെങ്കില്‍ സംസ്ഥാന വിപണിയിലും വില കുറയും. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്

കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഡിസംബര്‍ മുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഇത്തരം അക്കൗണ്ടുകള്‍ ഇല്ലാതാകുന്നതോടെ ജിമെയില്‍ ആക്സസ് മാത്രമല്ല ഗൂഗിള്‍ ഡോക്സ്, ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ്, ഗൂഗിള്‍ ഫോട്ടോസ്, മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നഷ്ടപ്പെടും. കുറച്ചുകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് കമ്പനി അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ഇത്തരം അക്കൗണ്ടുകള്‍ക്ക് സജീവമായ അക്കൗണ്ടുകളെ അപേക്ഷിച്ച് ടൂ-ഫാക്ടര്‍ വെരിഫിക്കേഷന്‍ ഉണ്ടാകാറില്ല. ഇത് സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത്തരം അക്കൗണ്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ജിമെയില്‍ വഴിയും നല്‍കിയിട്ടുള്ള ഏതെങ്കിലും ബാക്കപ്പ് ഇമെയില്‍ വഴിയും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ പറഞ്ഞു. നിഷ്‌ക്രിയമായ വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമേ ഇത്തരത്തില്‍ നീക്കം ചെയ്യുകയുള്ളൂ. കുറഞ്ഞത് രണ്ട് വര്‍ഷമായി അക്കൗണ്ട് ഉപയോഗിക്കാത്ത, അക്കൗണ്ട് നീക്കം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യൂട്യൂബ്, ഗൂഗിള്‍ സേര്‍ച്ച് പോലുള്ള ഏതെങ്കിലും ഗൂഗിള്‍ സേവനത്തിലേക്ക് സൈന്‍ ഇന്‍ ചെയ്ത് അത് സജീവമായി നിലനിര്‍ത്താന്‍ കഴിയും.

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന ‘പുഷ്പ 2’വില്‍ നിന്നുള്ള ഫഹദ് ഫാസിലിന്റെ ലൊക്കേഷന്‍ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. പുഷ്പ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാവുമോ എന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പുറത്തുവിട്ടത്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പന്‍ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്നു.

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷത്തിലെത്തുന്ന ‘ഖുഷി’യിലെ ഗാനം 20 മില്യന്‍ കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമാകുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് പാട്ടിന് ഈണം പകര്‍ന്നത്. ‘എന്‍ റോജ നീയേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ മലയാളം പതിപ്പിന് അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ചിരിക്കുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളിലും പാട്ട് പുറത്തിറക്കിയിട്ടുണ്ട്. വിജയ് ദേവരക്കൊണ്ടയുടെ പിറന്നാള്‍ ദിനത്തിലാണ് പാട്ട് റിലീസ് ചെയ്തത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.

രാജ്യത്തെ പ്രമുഖ ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്സ്പള്‍സ് 200 4വിയുടെ പുതിയ പതിപ്പിനെ രാജ്യത്ത് അവതരിപ്പിച്ചു. ഇത് ബേസ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഇവയ്ക്ക് യഥാക്രമം 1.43 ലക്ഷം രൂപ, 1.51 ലക്ഷം രൂപ എന്നിങ്ങനെയാണ് ദില്ലി എക്സ്-ഷോറൂം വില. 19.1പിഎസ് പവറും 17.35എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 200സിസി 4വാല്‍വ് ഓയില്‍ കൂള്‍ഡ് ബിഎസ്4 കംപ്ലയിന്റ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ ബൈക്ക് മൂന്ന് എബിഎസ് മോഡുകളുമായാണ് വരുന്നത്. റോഡ്, ഓഫ് റോഡ്, റാലി എന്നിവയാണ് ഈ മോഡുകള്‍. റോഡ് മോഡില്‍, വരണ്ട റോഡുകളില്‍ ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് നല്‍കാന്‍ സിംഗിള്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു. ഓഫ്-റോഡ് മോഡില്‍, കുറഞ്ഞ എബിഎസ് ഇടപെടല്‍, അയഞ്ഞ മണല്‍, ചരല്‍, പാറക്കെട്ടുകള്‍ എന്നിവ പോലുള്ള ഓഫ്-റോഡ് സാഹചര്യങ്ങളില്‍ പരമാവധി വേഗത കുറയ്ക്കുന്നു. റാലി മോഡില്‍, മോട്ടോര്‍സൈക്കിള്‍ അതിന്റെ മികച്ച വശത്ത് നിന്ന് ഓഫ്-റോഡ് റൈഡിംഗ് കാണിക്കുന്നു.

സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്‌കാരങ്ങളുടെ, വിവിധ ഭാവങ്ങളുടെ കഥകൂടിയാണ്. ഇതിലുപരി, പുരാതനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയംകൊണ്ടതുമായ നിരവധി സംസ്‌കാരങ്ങളും ഇന്ത്യയെ സ്വാധീനിച്ചിട്ടുള്ളതായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു. പതിനേഴാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം വരെയുള്ള ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ‘ആധുനിക ദക്ഷിണേന്ത്യ’. രാജ്മോഹന്‍ഗാന്ധി. പരിഭാഷ-സിസിലി. മാതൃഭൂമി ബുക്സ്. വില 637 രൂപ.

കൊതുക് ചിലരെ മാത്രം വട്ടമിട്ട് ശല്യപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്തിയിരിക്കുകയാണ് വിര്‍ജീനിയ ബയോകെമിസ്ട്രി വകുപ്പിലെ ഒരു കൂട്ടം ഗവേഷകര്‍. ചിലതരം സോപ്പുകളും ബോഡി ലോഷനുകളും ഉപയോഗിക്കുന്നത് കൊതുകുകള്‍ ചിലരിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഓരോരുത്തര്‍ക്കും ഒരു പ്രത്യേക തരം മണം ഉണ്ടെന്നും സോപ്പിന്റെ ഉപയോഗം ഇതില്‍ മാറ്റം വരുത്തുമെന്നും ഐസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പൂക്കളുടെ മണമുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നവരിലേക്ക് കൊതുകുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണമുണ്ടാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രക്തത്തിന് പുറമേ ചെടികളുടെയും പൂക്കളുടെയും സത്തും തേനും കൊതുകുകള്‍ കുടിക്കാറുണ്ട്. ഇതിന് സമാനമായ മണം സോപ്പ് ഉപയോഗിക്കുന്ന മനുഷ്യശരീരത്തില്‍ നിന്നും വരുമ്പോള്‍ കൊതുകുകള്‍ സ്വാഭാവികമായി അതിലേക്കും ആകര്‍ഷിക്കപ്പെടും. അതേ സമയം നാരങ്ങ, യൂക്കാലിപ്റ്റസ്, വേപ്പെണ്ണ, വെളിച്ചെണ്ണ എന്നിവ ചേര്‍ന്ന സോപ്പുകളുടെ വാസന കൊതുകുകളെ അകറ്റി നിര്‍ത്തിയേക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യശരീരത്തിലെ കാര്‍ബോക്‌സിലിക് ആസിഡിലേക്കും ലാക്ടിക് ആസിഡിലേക്കും കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. ഇതിനാല്‍ ഇവയുടെ ഗന്ധത്തെ നിര്‍വീര്യമാക്കാനുള്ള സോപ്പുകളോ ലോഷനുകളോ നിര്‍മിക്കുന്നത് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.75, പൗണ്ട് – 102.65, യൂറോ – 89.21, സ്വിസ് ഫ്രാങ്ക് – 91.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 219.53, കുവൈത്ത് ദിനാര്‍ -269.33, ഒമാനി റിയാല്‍ – 214.95, സൗദി റിയാല്‍ – 22.07, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 61.36.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *